🇸🇦വേര്‍പെടുത്തല്‍ ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളായ സല്‍മയും സാറയും റിയാദിലെത്തും.
✒️ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായ(Egyptian conjoined twins) സല്‍മയും സാറയും വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി റിയാദിലെത്തും(Riyadh). ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. തലകള്‍ ഒട്ടിച്ചേര്‍ന്ന ഇവരുടെ ആരോഗ്യനില പഠിക്കാനും നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലെ കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് കുട്ടികളുടെ ആശുപത്രിയില്‍ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കാനുമാണ് സയാമീസ് ഇരട്ടകളെ ഈജിപ്തില്‍ നിന്ന് റിയാദിലെത്തിക്കുന്നത്.
സയാമീസ് ഇരട്ടകളെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി റിയാദിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സല്‍മാന്‍ രാജാവിന് കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം ജനറല്‍ സൂപ്പര്‍വൈസറും സയാമീസ് ശസ്ത്രക്രിയ മെഡിക്കല്‍ സംഘം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ നന്ദി അറിയിച്ചു. ലോകത്ത് സൗദി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ റിയാദിലെത്തിക്കാനുള്ള തീരുമാനം. ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ കൂടി എത്തിക്കുന്നതോടെ ആകെ റിയാദിലെത്തിച്ച് പരിശോധിച്ച സയാമീസ് ഇരട്ടകളുടെ എണ്ണം 118 ആകും. 22 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.
🇸🇦വിശിഷ്ട വ്യക്തികള്‍ക്കും വിദഗ്ധര്‍ക്കും സൗദി പൗരത്വം നല്‍കാന്‍ അനുമതി.
✒️വിശിഷ്ട വൈദഗ്ധ്യവും സ്‌പെഷ്യലൈസേഷനുകളും ഉള്ള പ്രതിഭകള്‍ക്ക് (distinguished talents) സൗദി പൗരത്വം (Saudi citizenship) അനുവദിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ്(King Salman) അനുമതി നല്‍കി. മതപരം, മെഡിക്കല്‍, ശാസ്ത്രം, സാംസ്‌കാരികം, കായികം, സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളിലെ വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കുമാണ് സൗദി പൗരത്വം അനുവദിക്കുക.
സൗദിയില്‍ വികസനം ശക്തമാക്കാന്‍ സഹായിക്കുന്നതിനായി വിഷന്‍ 2030 പദ്ധതിക്ക് അനുസൃതമായി മെഡിക്കല്‍, ശാസ്ത്ര, സാംസ്‌കാരിക, സ്പോര്‍ട്സ്, സാങ്കേതിക, നിയമ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി പൗരത്വം നല്‍കാന്‍ മുമ്പ് രാജാവ് ഉത്തരവ് ഇട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും അപൂര്‍വ സ്പെഷ്യലൈസേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സൗദി പൗരത്വം അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയത്.
എണ്ണ വരുമാനം ആശ്രയിക്കുന്നത് കുറക്കാന്‍ ശ്രമിച്ച് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന സാമ്പത്തിക, സാമൂഹിക പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും സൗദി പൗരത്വം അനുവദിക്കാനുള്ള തീരുമാനം. നിക്ഷേപകരിലും ഡോക്ടര്‍മാരിലും എന്‍ജിനീയര്‍മാരിലും പെട്ടവര്‍ക്ക് സമീപ കാലത്ത് സൗദി അറേബ്യ പ്രീമിയം ഇഖാമകള്‍ അനുവദിക്കാന്‍ തുടങ്ങിയിരുന്നു. മുമ്പ് വിദേശികള്‍ക്ക് ലഭ്യമല്ലാതിരുന്ന നിരവധി ആനുകൂല്യങ്ങള്‍ പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് ലഭിക്കും.
🇸🇦സൗദിയില്‍ ഗുരുതര കൊവിഡ് രോഗികളുടെ എണ്ണം 46 ആയി കുറഞ്ഞു.
✒️സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 46 ആയി കുറഞ്ഞു. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. അതെസമയം ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ടുപേര്‍ കൂടി ഇന്ന് മരിച്ചു. 43 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 51 പേര്‍ സുഖം പ്രാപിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിവിധ ഭാഗങ്ങളിലായി 42,741 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,103 ആയി. ഇതില്‍ 5,37,100 പേരും സുഖം പ്രാപിച്ചു. ആകെ 8,809 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,585,754 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,365,565 എണ്ണം ആദ്യ ഡോസ് ആണ്. 21,919,593 എണ്ണം സെക്കന്‍ഡ് ഡോസും. 1,708,588 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 300,596 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 13, റിയാദ് 10, മക്ക 4, ദമ്മാം 3, മറ്റ് 13 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🇧🇭വാക്‌സിനെടുക്കാത്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി ബഹ്‌റൈന്‍.
✒️കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ ബഹ്‌റൈനിലെത്തുന്നവര്‍ക്കുള്ള(Unvaccinated passengers to Bahrain) നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍(Institutional quarantine) ഒഴിവാക്കി. നവംബര്‍ 14 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.
റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും തീരുമാനമായി. ഇനി മുതല്‍ ഈ പട്ടിക ഉണ്ടാകില്ല. എന്നാല്‍ മറ്റ് കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാക്സിനെടുക്കാതെ ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സുള്ള നിര്‍ദ്ദിഷ്ട ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ക്ക് പകരം സ്വന്തം താമസസ്ഥലത്ത് 10 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാകും.
🇦🇪യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളില്ല.
✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 97 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 2,46,170 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.59 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,729 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,35,270 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,142 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,317 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇦🇪യുഎഇയിലെ പള്ളികളില്‍ നാളെ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും.
✒️യുഎഇയിലെ (UAE) പള്ളികളില്‍ വെള്ളിയാഴ്‍ച മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന (rain seeking prayer) നടക്കും. യുഎഇ പ്രസിഡന്റ് (UAE President) ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് മഴ തേടിയുള്ള നമസ്‍കാരമായ 'സലാത്തുല്‍ ഇസ്‍തിസ്‍ഖാ' നിര്‍വഹിക്കാന്‍ രാജ്യത്തെ ജനങ്ങളോട് കഴിഞ്ഞയാഴ്‍ച ആഹ്വാനം ചെയ്‍ത്.
വിവിധ എമിറേറ്റുകളില്‍ പ്രത്യേക നമസ്‍കാരം നടക്കുന്ന സമയം യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്‍തിട്ടുണ്ട്. അബുദാബി - ഉച്ചയ്‍ക്ക് 12 മണി, ദുബൈ - രാവിലെ 11.56, ഷാര്‍ജ - രാവിലെ 11.55, അജ്‍മാന്‍ - രാവിലെ 11.54, ഉമ്മുല്‍ഖുവൈന്‍ - രാവിലെ 11.54, റാസല്‍ഖൈമ - രാവിലെ 11.53, ഫുജൈറ - രാവിലെ 11.51, ഖോര്‍ഫുകാന്‍ - രാവിലെ 11.51, അല്‍ ഐന്‍ - രാവിലെ 11.54, അല്‍ ദഫ്‍റ - ഉച്ചയ്‍ക്ക് ശേഷം 12.02 എന്നിങ്ങനെയാണ് പ്രത്യേക പ്രാര്‍ത്ഥനയുടെ സമയം.
മഴയ്‍ക്കും ദൈവാനുഗ്രഹത്തിനും വേണ്ടി രാജ്യത്തെ എല്ലാ മുസ്‍ലിംകളും പ്രവാചകചര്യ അനുസരിച്ച് പ്രാര്‍ത്ഥിക്കണമെന്നാണ് പ്രസിഡന്റിന്റെ നിര്‍ദേശം. യുഎഇയില്‍ ഇതാദ്യമായല്ല മഴയ്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടക്കുന്നത്. 2020, 2017, 2014, 2011, 2010 വര്‍ഷങ്ങളിലും ഇത്തരത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. കഴിഞ്ഞ ആഴ്‍ചകളില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഖത്തര്‍ അമീര്‍ ശൈഖ് ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും അതത് രാജ്യങ്ങളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
🇸🇦സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം; തൊഴില്‍ കരാര്‍ നിര്‍ബന്ധം.
✒️സൗദിയില്‍(Saudi Arabia) തൊഴില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം വരുന്നു. മുന്‍കൂര്‍ തൊഴില്‍ കരാര്‍(employment agreement ) നിര്‍ബന്ധമാക്കും. ഇത് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു.
നിലവില്‍ സൗദിയിലേക്ക് തൊഴിലാളികള്‍ എത്തിയ ശേഷമാണ് സേവന വേതന കരാറുകള്‍ തയാറാക്കുന്നത്. ഈ രീതിക്കാണ് മാറ്റം വരുന്നത്. തൊഴിലുടമ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയുമായി തൊഴില്‍ കരാര്‍ മുന്‍കൂട്ടി തയാറാക്കി ഒപ്പുവെക്കണം. വിസ അനുവദിക്കുന്ന വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദേശം. ഫലത്തില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് മാത്രമേ തൊഴില്‍ വിസ ലഭിക്കൂ.
🇦🇪അബുദാബി: ഡെലിവറി മേഖലയിൽ മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടി.
✒️എമിറേറ്റിലെ റോഡുകളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ഡെലിവറി മേഖലയിൽ മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവർക്കിടയിൽ റോഡ് സുരക്ഷ സംബന്ധിച്ച അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പ്രചാരണ പരിപാടിയ്ക്ക് അബുദാബി ട്രാഫിക് സേഫ്റ്റി ജോയിന്റ് കമ്മിറ്റി രൂപം നൽകി. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്സ് നേതൃത്വം നൽകുന്ന ഈ മോട്ടോർ സൈക്കിൾ സുരക്ഷാ ബോധവത്‌കരണ പ്രചാരണ പരിപാടി അബുദാബി പോലീസ് ജനറൽ കമാൻഡ്, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ എന്നിവർ ചേർന്ന് സംയുക്തമായാണ് നടപ്പിലാക്കുന്നത്.
എമിറേറ്റിലെ റസ്റ്ററന്റുകൾ, ചില്ലറവില്പന വാണിജ്യശാലകൾ, കൊറിയർ കമ്പനികൾ തുടങ്ങിയ മേഖലകളിൽ തൊഴിലെടുക്കുന്ന ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. എമിറേറ്റിലെ റോഡപകടങ്ങൾ തീർത്തും ഇല്ലാതാക്കുന്നത് ലക്ഷ്യമിട്ടുള്ള വിഷൻ സീറോ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രചാരണ പരിപാടി നടപ്പിലാക്കുന്നത്.
എമിറേറ്റിലെ റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി ട്രാഫിക് സേഫ്റ്റി ജോയിന്റ് കമ്മിറ്റി നടപ്പിലാക്കുന്ന നിരവധി പരിപാടികളിലൊന്നാണ് ഈ പ്രചാരണ പരിപാടി. ഇതിന്റെ ഭാഗമായി, ഡെലിവറി മേഖലയിൽ മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവർക്കിടയിൽ താഴെ പറയുന്ന സുരക്ഷാ മുൻകരുതൽ ശീലങ്ങൾ നടപ്പിലാക്കുന്നതിനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്:
ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ, സ്ഥാപനങ്ങൾ എന്നിവരോട് എമിറേറ്റിലെ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ, ട്രാഫിക് നിയമങ്ങൾ എന്നിവ കൃത്യമായി പാലിക്കാൻ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
വാഹനങ്ങൾ ഉപയോഗിക്കുന്നവർ, റോഡിലെ മറ്റു യാത്രികർ എന്നിവർക്ക് അപകടത്തിനിടയാക്കുന്ന നിയമവിരുദ്ധമായ പ്രവർത്തികൾ ഒഴിവാക്കേണ്ടതാണ്.
അമിത വേഗം, റോഡിലെ വരികൾ അശ്രദ്ധമായി മാറുന്നത്, തെറ്റായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നത്, കൃത്യമായ സിഗ്നലുകൾ ഉപയോഗിക്കാതിരിക്കുന്നത് മുതലായ ശീലങ്ങളാണ് മിക്ക മോട്ടോർ സൈക്കിൾ അപകടങ്ങൾക്കും ഇടയാക്കുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
റോഡ് ഉപയോഗിക്കുന്ന മുഴുവൻ സമയവും ശ്രദ്ധ, ജാഗ്രത മുതലായ ശീലങ്ങൾ പാലിക്കേണ്ടതാണ്.
ഇത്തരം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ ഡെലിവറി ജീവനക്കാർക്ക് ആവശ്യമായ ഹെൽമറ്റ്, മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക സുരക്ഷാ വസ്ത്രങ്ങൾ മുതലായ സുരക്ഷാ ഉപകരണങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.
ഡെലിവറി ജീവനക്കാർ ഇത്തരം സുരക്ഷാ ഉപകരണങ്ങൾ മുഴുവൻ സമയവും ധരിക്കേണ്ടതാണ്.
മോട്ടോർ സൈക്കിളുകളുടെ മുന്നിലെയും, പുറക് വശത്തേയും ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
മോട്ടോർ സൈക്കിളുകളിൽ തേയ്മാനം വരാത്ത ടയറുകൾ ഉറപ്പാക്കേണ്ടതാണ്.
ഇത്തരം മോട്ടോർ സൈക്കിളുകളിൽ ആവശ്യമായ റിഫ്ലക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിക്കേണ്ടതാണ്.
പ്രതികൂല കാലാവസ്ഥയിൽ ബൈക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
കാൽനടയാത്രികർക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള ഇടങ്ങൾ, കെട്ടിടങ്ങളുടെയും, വീടുകളുടെയും പ്രവേശനകവാടങ്ങൾ മുതലായ ഇടങ്ങളിൽ മോട്ടോർ സൈക്കിളുകൾ പാർക്ക് ചെയ്യരുത്.
🇶🇦ഖത്തറില്‍ ഇന്ന് 148 പേര്‍ക്ക് കോവിഡ്; 108 രോഗമുക്തി.
✒️ഖത്തറില്‍(Qatar) ഇന്ന് 148 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 23 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 108 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,38,500 ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,594 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 12 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 7 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 82 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 3,983 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 4,870,836 ഡോസ് വാകിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇦🇪അബൂദബിയില്‍ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് തിയ്യതി നീട്ടി.
✒️അബൂദബിയില്‍ വ്യക്തിഗത ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാനുള്ള സാവകാശം 2022 ജനുവരി 2 വരെ നീട്ടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
നിശ്ചിത കാലാവധിക്കകം ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ക്ക് പ്രതിമാസം 300 ദിര്‍ഹം പിഴ മുന്‍കാല പ്രാബല്യത്തോടെ അടയ്‌ക്കേണ്ടിവരുമെന്നും ഓര്‍മിപ്പിച്ചു.
ആശ്രിതവിസയിലുള്ളവര്‍, വീട്ടുജോലിക്കാര്‍ എന്നിവരാണ് വ്യക്തിഗത ഇന്‍ഷൂറന്‍സ് പരിധിയില്‍ വരിക. ജോലിക്കാര്‍ക്ക് കമ്പനിയാണ് ഇന്‍ഷൂറന്‍സ് നല്‍കേണ്ടത്.
🇰🇼ലെബനൻ പൗരന്മാർക്ക് പിറകെ സുഡാനികൾക്കും വിസ വിലക്ക് ഏർപ്പെടുത്തി കുവൈത്ത്.
✒️ലെബനൻ പൗരന്മാർക്ക് പിറകെ സുഡാനികൾക്കും വിസ വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളാണ് വിലക്കിനു കാരണം. ഇതോടെ കുവൈത്തിൽ വിസ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം എട്ടായി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുഡാൻ പൗരന്മാർക്കുള്ള എല്ലാ വിസ ഇടപാടുകളും നിർത്തി വെക്കാനാണു താമസകാര്യ വിഭാഗം ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദേശം നൽകിയത്. കുടുംബ-സന്ദർശന വിസ, വാണിജ്യ വിസ, തൊഴിൽ വിസ എന്നിവക്കെല്ലാം വിലക്ക് ബാധകമാണ്. സുഡാനിലെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പുതിയ വിസയിലെത്തുന്നവരെ മാത്രമാണ് തീരുമാനം ബാധിക്കുക. നിലവിൽ കുവൈത്തിൽ താമസാനുമതിയുള്ള സുഡാൻ പ്രവാസികൾക്ക് തിരികെയെത്തുന്നതിനും ഇഖാമ പുതുക്കുന്നതിനും തടസ്സമുണ്ടാകില്ല. കഴിഞ്ഞ ദിവസം ലെബനൻ പൗരന്മർക്കും കുവൈത്ത് വിസ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ലെബനൻ ഇൻഫർമേഷൻ മന്ത്രിയുടെ വിവാദ പരാമർശങ്ങളെ തുടർന്നായിരുന്നു ഈ നടപടി. ഇതോടെ കുവൈത്തിൽ വിസ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം എട്ടായി. സിറിയ, ഇറാഖ്, പാകിസ്ഥാൻ, ഇറാൻ, അഫ്ഗാൻ, യെമൻ, ലെബനൻ, സുഡാൻ എന്നിവയാണ് എട്ടു രാജ്യങ്ങൾ.
0 Comments