🇦🇪യു എ ഇ: സ്വകാര്യ മേഖലയിലെ പുതിയ തൊഴിൽ നിയമം; പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാം?
✒️യു എ ഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് നടപ്പിലാക്കുന്ന പുതിയ നടപടികളുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ ഉത്തരവ് 2021-ലെ നമ്പർ 33 നിയമം ഔദ്യോഗികമായി പുറത്തിറക്കി. ഈ ഉത്തരവ് അനുസരിച്ച് യു എ ഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ 2022 ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
രാജ്യവ്യാപകമായി തൊഴിൽ വിപണിയുടെ വഴക്കം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ ഉത്തരവ്-നിയമം പുറത്തിറക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമവും നന്മയും അതിന്റെ കാതലായി സ്ഥാപിക്കുന്ന ഈ നിയമത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും സുരക്ഷിതവും ആരോഗ്യകരവും ബിസിനസ്സ് അനുകൂലവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് നിരവധി നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുഴുവൻ സമയ, പാർട്ട് ടൈം, താൽക്കാലിക, ഫ്ലെക്സി ജോലികൾ ഉൾപ്പെടെയുള്ള വിവിധ തൊഴിൽ വിഭാഗങ്ങൾക്ക് ബാധകമാക്കുന്ന ഈ നിയമം, ഓരോ വിഭാഗത്തിലെയും രണ്ട് കക്ഷികളുടെയും ഉത്തരവാദിത്തങ്ങൾ പ്രതിപാദിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ നിയമപ്രകാരം യു എ ഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ 2022 ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ രേഖപ്പെടുത്തിയിരിക്കുന്നു:
തൊഴിലിടങ്ങളിലെ വിവേചനങ്ങൾ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകൾ:
തൊഴിൽ ദാതാവ് തൊഴിലാളിയെ ഏതെങ്കിലും രീതിയിൽ നിർബന്ധിക്കുന്നതോ ശിക്ഷിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ ഒരു മാർഗവും ഉപയോഗിക്കരുതെന്ന് ഈ നിയമത്തിലെ ആർട്ടിക്കിൾ 74 വ്യവസ്ഥ ചെയ്യുന്നു.
തൊഴിൽ ദാതാവ്, ജോലിസ്ഥലത്തെ അവന്റെ/അവളുടെ മേലുദ്യോഗസ്ഥർ അല്ലെങ്കിൽ സഹപ്രവർത്തകർ എന്നിവരാൽ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വാക്കാലുള്ളതോ ശാരീരികമോ മാനസികമോ ആയ അക്രമം എന്നിവ വിലക്കിക്കൊണ്ടുള്ള വ്യവസ്ഥകൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വംശം, നിറം, ലിംഗം, മതം, ദേശീയ അല്ലെങ്കിൽ സാമൂഹിക ഉത്ഭവം അല്ലെങ്കിൽ വൈകല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിവേചനങ്ങളെയും ഈ നിയമം നിരോധിക്കുന്നു.
സ്ത്രീകളുടെ നിശ്ചിത അവകാശങ്ങൾ ലംഘിക്കാതെ തന്നെ തൊഴിലാളികളെ തൊഴിൽ വിവേചനമില്ലാതെ നിയന്ത്രിക്കുന്ന എല്ലാ വ്യവസ്ഥകളും സ്ത്രീകൾക്ക് ബാധകമാകുമെന്ന് ഈ നിയമ ഭേദഗതികൾ ഊന്നിപ്പറയുന്നു.
ഒരേ ജോലികൾ ചെയ്യുന്ന സ്ത്രീ, പുരുഷ ജീവനക്കാർക്ക് ഒരേ ശമ്പളം നൽകുന്നതിനുള്ള വ്യവസ്ഥകളും ഈ നിയമം അനുശാസിക്കുന്നു.
പുതിയ തൊഴിൽ രീതികൾ അവലംബിക്കുന്നതിനുള്ള നിയമങ്ങൾ:
തൊഴിലുടമകൾക്ക് തങ്ങളുടെ സ്ഥാപനങ്ങളിലെ തൊഴിൽ ആവശ്യങ്ങൾക്ക് അനുസൃതമായി പുതിയ തൊഴിൽ രീതികൾ അവലംബിക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ പ്രവർത്തന ചെലവിൽ ജീവനക്കാരുടെ ഊർജ്ജത്തിൽ നിന്നും, ഉൽപ്പാദനക്ഷമതയിൽ നിന്നും തൊഴിൽ ആവശ്യകതകൾ നിറവേറ്റുന്നതിന് സഹായിക്കുന്ന പാർട്ട് ടൈം ജോലി, താൽക്കാലിക ജോലി, ഫ്ലെക്സി ജോലികൾ തുടങ്ങിയ തൊഴിൽ രീതികൾ ഇതിന്റെ ഭാഗമായി അനുവദിക്കുന്നതാണ്.
തൊഴിൽ കരാറുകൾ കാലഹരണപ്പെട്ട, എന്നാൽ ഇപ്പോഴും രാജ്യത്ത് തുടരുന്നവരെ, എളുപ്പവും വഴക്കമുള്ളതുമായ നടപടിക്രമങ്ങളിലൂടെ നിയമിക്കാൻ തൊഴിലുടമകളെ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിന്റെ ഭാഗമാണ്.
തൊഴിലാളികൾക്ക് പാർട്ട് ടൈം ജോലിയിലൂടെ ഒരു തൊഴിലുടമയ്ക്ക് കീഴിൽ നിശ്ചിത എണ്ണം മണിക്കൂറുകളോ ദിവസങ്ങളോ ജോലി ചെയ്യാൻ അനുവാദം ലഭിക്കുന്നതാണ്.
ഒരു നിശ്ചിത കാലയളവ് ആവശ്യമുള്ള ജോലികൾ, അല്ലെങ്കിൽ ഒരു നിർദ്ദിഷ്ട ജോലിയുടെ പൂർത്തീകരണത്തോടെ അവസാനിക്കുന്ന ജോലികൾ എന്നിവയെ താൽക്കാലിക ജോലി എന്ന രീതിയിൽ കണക്കാക്കുന്നതാണ്.
ജോലിയുടെ അളവും തൊഴിലുടമയുടെ സാമ്പത്തികവും പ്രവർത്തനപരവുമായ ഘടകങ്ങൾക്കനുസരിച്ച് ജോലി സമയമോ പ്രവൃത്തി ദിവസങ്ങളോ മാറുന്ന ജോലികളെ ഫ്ലെക്സിബിൾ വർക്ക് എന്ന രീതിയിൽ കണക്കാക്കുന്നതാണ്.
തൊഴിൽ കരാറിലെ ഇരു കക്ഷികളും തമ്മിലുള്ള വ്യവസ്ഥകൾ പ്രകാരം യു എ ഇ ദിർഹത്തിലോ മറ്റേതെങ്കിലും കറൻസിയിലോ വേതനം നൽകാനുള്ള സൗകര്യം ഈ നിയമം കമ്പനികൾക്ക് നൽകുന്നു.
തൊഴിലുടമയുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ, തൊഴിലുടമയുടെ വ്യാപാര രഹസ്യങ്ങൾ എന്നിവ അറിയാൻ ഇടയുള്ള തൊഴിലുകളിലുള്ള തൊഴിലാളികളെ തൊഴിലുടമയുമായി മത്സരിക്കുന്നതിൽ നിന്നും, തൊഴിലുടമ ചെയ്യുന്ന അതേ ബിസിനസ്സിലെ തന്നെ മത്സര സ്വഭാവമുള്ള മറ്റു സമാനമായ പ്രോജക്ടുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വ്യവസ്ഥകൾ തൊഴിൽ കരാർ അവസാനിച്ച് രണ്ട് വർഷത്തേക്ക് വരെ ബാധകമാകുന്നതാണ്.
തൊഴിൽ കരാർ, അവധി, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവ സംബന്ധിച്ച പുതിയ വ്യവസ്ഥകൾ:
മൂന്ന് വർഷത്തിൽ കവിയാത്തതും, രണ്ട് കക്ഷികളുടെയും ധാരണ പ്രകാരം ഒന്നോ അതിലധികമോ സമയത്തേക്ക് നീട്ടുകയോ പുതുക്കുകയോ ചെയ്യുന്നത് അനുവദിക്കുകയും ചെയ്യുന്ന രീതിയിലായിരിക്കും പുതിയ നിയമ പ്രകാരം തൊഴിലുടമയും, തൊഴിലാളിയും തമ്മിലുള്ള നിശ്ചിത-കാല കരാറുകൾ.
പരിധിയില്ലാത്ത തൊഴിൽ കരാറുകൾ നിശ്ചിതകാല തൊഴിൽ കരാറുകളായി പരിവർത്തനം ചെയ്യണമെന്നും നിയമം അനുശാസിക്കുന്നു.
ഈ നിയമം തൊഴിലാളികൾക്ക് ആഴ്ച്ച തോറും ശമ്പളത്തോട് കൂടിയ ഒരു വിശ്രമദിനം ലഭിക്കുന്നതിന് അവകാശം നൽകുന്നു. തൊഴിലുടമയുടെ വിവേചനാധികാരത്തിൽ ആഴ്ചതോറുമുള്ള വിശ്രമദിനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
തൊളിലാളികളുടെ വെക്കേഷന് പുറമെ കുടുംബാംഗങ്ങളുടെ മരണം, മാനുഷിക പരിഗണന ആവശ്യമുള്ള മറ്റു സാഹചര്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മൂന്ന് മുതൽ അഞ്ച് ദിവസം വരെ ലീവ് അനുവദിക്കേണ്ടതാണ്.
ജീവനക്കാരുടെ പ്രസവാവധി അറുപത് ദിവസം വരെയാക്കിയിട്ടുണ്ട്. ഇതിൽ 45 ദിവസം പൂർണ്ണ വേതനത്തോടെയും, 15 ദിവസം പകുതി വേതനത്തോടെയുമാണ് ഈ അവധി അനുവദിച്ചിരിക്കുന്നത്.
കുഞ്ഞിന്റെ ജനനത്തെ തുടർന്ന് എന്തെങ്കിലും സങ്കീർണ്ണതകളോ, കുട്ടിയ്ക്ക് എന്തെങ്കിലും അസുഖങ്ങളോ ഉണ്ടെങ്കിൽ വേതനമില്ലാതെ 45 ദിവസത്തേക്ക് കൂടി അധിക അവധിയ്ക്ക് അപേക്ഷിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഇതിനായി മെഡിക്കൽ രേഖകൾ ഹാജരാക്കേണ്ടതാണ്.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അഞ്ച് ദിവസത്തെ പാറ്റേണിറ്റി അവധി അനുവദിക്കുന്നതാണ്.
ഒരു തൊഴിലുടമയ്ക്ക് കീഴിൽ രണ്ട് വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക്, അവർ യു എ ഇയിലെ ഏതെങ്കിലും അംഗീകൃത പഠന സ്ഥാപനങ്ങളിൽ ചേർന്നിട്ടുണ്ടെങ്കിൽ പത്ത് ദിവസത്തെ വരെ സ്റ്റഡി ലീവിന് അർഹതയുണ്ടായിരിക്കുന്നതാണ്.
തൊഴിലാളിയെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റിന്റെ ഫീസും ചെലവും അടയ്ക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമയിലായിരിക്കുമെന്ന് ഈ നിയമം അനുശാസിക്കുന്നു. ഈ തുക തൊഴിലാളിയിൽ നിന്ന് നേരിട്ടോ അല്ലാതെയോ ഈടാക്കരുതെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
അഞ്ച് മണിക്കൂർ തുടച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു മണിക്കൂർ ഇടവേള അനുവദിക്കേണ്ടതാണ്.
ഒരു ദിവസം ഓവർ ടൈം എന്ന രീതിയിൽ പരമാവധി 2 മണിക്കൂർ മാത്രമാണ് അനുവദിക്കുന്നത്. ഇതിൽ കൂടുതൽ ഓവർ ടൈം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് ഓരോ മണിക്കൂറിനും നിശ്ചയിച്ചിട്ടുള്ള വേതനത്തിന് പുറമെ 25 ശതമാനം അധിക വേതനം ഉറപ്പാക്കേണ്ടതാണ്. രാത്രി പത്ത് മണിമുതൽ പുലർച്ചെ നാല് മണിവരെ ഓവർ ടൈം ജോലി ചെയ്യുന്നവർക്ക് ഓരോ മണിക്കൂറിനും നിശ്ചയിച്ചിട്ടുള്ള വേതനത്തിന് പുറമെ 50 ശതമാനം അധിക വേതനം ഉറപ്പാക്കേണ്ടതാണ്. ഷിഫ്റ്റുകളിൽ തൊഴിലെടുക്കുന്നവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
തൊഴിലാളികളുടെ പാസ്‌പോർട്ട് പോലുള്ള ഔദ്യോഗിക രേഖകൾ തടഞ്ഞുവയ്ക്കുന്നതും, തൊഴിൽ കരാറിന്റെ അവസാനം രാജ്യം വിടാൻ നിർബന്ധിക്കുന്നതും ഈ നിയമം നിരോധിച്ചിട്ടുണ്ട്. തൊഴിൽ വിപണിയിലെ മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിലാളിയെ മാറാൻ അനുവദിക്കുന്നതിനാണ് ഇത് ചെയ്തിരിക്കുന്നത്.
മന്ത്രാലയം അംഗീകരിച്ച ചട്ടങ്ങൾക്കനുസൃതമായും, ഈ ഉത്തരവ്-നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് വ്യക്തമാക്കിയ വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായും നിശ്ചിത തീയതിയിൽ തന്റെ വേതനം നേടാൻ
തൊഴിലാളിക്ക് അവകാശം നൽകിയിട്ടുണ്ട്.
തൊഴിൽ കരാർ കാലഹരണപ്പെടുന്ന സാഹചര്യത്തിൽ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് ഈ ഉത്തരവ്-നിയമം അനുവാദം നൽകിയിട്ടുണ്ട്.
തൊഴിലാളിയുടെ പ്രൊബേഷണറി കാലയളവ് പരമാവധി ആറ് മാസമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കനുസൃതമായും, പെൻഷനുകൾ നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തിന് അനുസൃതമായും, ഒരു തൊഴിലാളിക്ക് സേവനാനന്തര ഗ്രാറ്റുവിറ്റിക്ക് അർഹത നൽകിയിട്ടുണ്ട്.
ഈ നിയമമനുസരിച്ച്, ഒരു സ്ഥാപനത്തിൽ തുടർച്ചയായി ഒന്നോ അതിലധികമോ വർഷം മുഴുവൻ സമയ ജീവനക്കാരനായി ജോലി ചെയ്യുകയും സേവനം പൂർത്തിയാക്കുകയും ചെയ്ത വിദേശ തൊഴിലാളിക്ക് അടിസ്ഥാന വേതനം അനുസരിച്ച് കണക്കാക്കിയ സേവനാനന്തര ആനുകൂല്യങ്ങൾ നൽകേണ്ടതാണ്.
തൊഴിലാളികൾ, അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ എന്നിവർ നൽകുന്ന നിയമ വ്യവഹാരങ്ങൾ, നിവേദനങ്ങൾ തുടങ്ങിയവയ്ക്ക് 100000 ദിർഹം വരെ മൂല്യമുള്ള ജുഡീഷ്യൽ ഫീസ് ഒഴിവാക്കി നൽകുന്നതാണ്.
🇴🇲ഒമാൻ: ബൂസ്റ്റർ ഡോസ് ഇടവേള ആറ് മാസമാക്കി കുറച്ചു.
✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകളുടെ ഇടവേള ആറ് മാസമാക്കി കുറച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബർ 17-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
നേരത്തെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസത്തിന് ശേഷമാണ് ഒമാനിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകിയിരുന്നത്. എന്നാൽ ഈ പുതിയ തീരുമാനത്തോടെ COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് നേടാവുന്നതാണ്.
രാജ്യത്ത് ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുള്ള വിഭാഗങ്ങൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിനാണ് നൽകുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം നവംബർ 10-ന് സ്ഥിരീകരിച്ചിരുന്നു. ഒമാനിൽ മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് 2021 നവംബർ 7, ഞായറാഴ്ച്ച മുതൽ COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്.
🇸🇦സൗദി: കറൻസി നോട്ടുകൾ കേടുവരുത്തുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
✒️രാജ്യത്തെ കറൻസി നോട്ടുകൾ കേടുവരുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുന്നവർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദിയിൽ പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകൾ മനപ്പൂർവം വികലമാക്കുന്നതിനായി അവയെ വികൃതമാക്കുക, കീറുക, മറ്റു രീതിയിൽ കേടുപാടുകൾ വരുത്തുക തുടങ്ങിയ പ്രവർത്തികൾക്കെല്ലാം ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്. നാണയങ്ങളുടെ അരിക്, വശങ്ങൾ എന്നിവ ചുരണ്ടി അവയെ കേടുവരുത്തുന്നതും, അവയുടെ തൂക്കം കുറയാനിടവരുന്ന പ്രവർത്തികൾ ചെയ്യുന്നതും ശിക്ഷാർഹമാണ്.
ഇത്തരം പ്രവർത്തികൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും മൂവായിരം മുതൽ പതിനായിരം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ പ്രചാരത്തിലുള്ള കറൻസി നോട്ടുകൾ വികലമാക്കുന്നതും ഇതേ നിയമമനുസരിച്ച് സൗദിയിൽ ശിക്ഷാർഹമായ പ്രവർത്തിയാണ്. വ്യാജ കറൻസി നോട്ടുകൾ, വ്യാജ നാണയങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതും, നിർമ്മിക്കുന്നതും സൗദി അറേബ്യയിൽ ഒരു ലക്ഷം റിയാൽ പിഴയും, 15 വർഷം വരെ നീണ്ട് നിൽക്കാവുന്ന കഠിന തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
🇴🇲അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
✒️രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ള ഈ സ്റ്റാമ്പ് നവംബർ 17-നാണ് പുറത്തിറക്കിയത്.
നവോത്ഥാനത്തിന്റെ അഞ്ച് പതിറ്റാണ്ടുകളിൽ ഒമാൻ കൈവരിച്ച നേട്ടങ്ങളുടെ പ്രതീകമാണ് ഈ സ്റ്റാമ്പെന്ന് അധികൃതർ വ്യക്തമാക്കി. ഈ സ്റ്റാമ്പിന്റെ കലാപരവും, മനോഹരവുമായ സവിശേഷതകൾ ഒമാൻ എന്ന രാജ്യം കഴിഞ്ഞ അമ്പത് വർഷങ്ങളിൽ കടന്ന് വന്ന പുരോഗതിയുടെ പാതയിലെ വിവിധ നാഴികക്കല്ലുകളെ പ്രതിനിധാനം ചെയ്യുന്നു.
ഈ സ്റ്റമ്പിന് പുറമെ, ഒരു സോവനീർ ഷീറ്റ്, ഫസ്റ്റ് ഡേ കവർ എന്നിവയും ഒമാൻ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.
അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താന്റെ ഛായാചിത്രം ആലേഖനം ചെയ്ത ഒരു കാൻവാസ് ഷീറ്റ്, ഈ സ്റ്റാമ്പിന്റെ രൂപം മുദ്രണം ചെയ്ത ഒരു മെഡൽ തുടങ്ങിയവയും ഒമാൻ പോസ്റ്റ് വരും ദിനങ്ങളിൽ പുറത്തിറക്കുന്നതാണ്. ഇവയെല്ലാം മസ്‌കറ്റിലെ ഓപ്പറ ഗാലറിയയിൽ സ്ഥിതി ചെയ്യുന്ന സ്റ്റാമ്പ്സ് ആൻഡ് കളക്ഷൻസ് ഷോപ്പിൽ ലഭ്യമാണെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനം 2021 നവംബർ 18, വ്യാഴാഴ്ച്ച കർശനമായ COVID-19 പ്രതിരോധ മാനദണ്ഡങ്ങളോടെ ആചരിക്കുമെന്നും, ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും ഒമാൻ ജനറൽ സെക്രട്ടേറിയറ്റ് ഫോർ നാഷണൽ സെലിബ്രേഷൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
🇸🇦സൗദി: വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ നിബന്ധനകൾ അറിയുന്നതിനുള്ള സേവനം തവക്കൽന ആപ്പിൽ ഉൾപ്പെടുത്തി.
✒️സൗദി അറേബ്യയുടെ ഔദ്യോഗിക COVID-19 ട്രേസിങ്ങ് ആപ്പ് ആയ തവക്കൽനയിൽ മുഴുവൻ ലോക രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിബന്ധനകൾ അറിയുന്നതിനുള്ള സേവനം പുതിയതായി ഉൾപ്പെടുത്തി. ഓരോ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ, ആരോഗ്യ നിർദ്ദേശങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ ‘Tawakkalna’ ആപ്പിൽ ലഭ്യമാണ്.
ഈ സംവിധാനം ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാക്സിനേഷൻ നിബന്ധനകൾ, COVID-19 PCR ടെസ്റ്റ് നിബന്ധനകൾ, വിവിധ പ്രായവിഭാഗങ്ങൾക്കുള്ള നിബന്ധനകൾ, ഓരോ രാജ്യവും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ തുടങ്ങിയ വിവരങ്ങൾ അറിയാവുന്നതാണ്. തവക്കൽന ആപ്പിലെ ഹെൽത്ത് സർവീസ് വിഭാഗത്തിൽ നിന്ന് ‘”Health Travel Requirements’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് കൊണ്ട് ഈ സേവനം പ്രവർത്തിപ്പിക്കാവുന്നതാണ്.
തുടർന്ന് വരുന്ന സ്‌ക്രീനിൽ നിന്ന് യാത്ര ചെയ്യുന്ന രാജ്യം, യാത്ര പുറപ്പെടുന്ന തീയതി തുടങ്ങിയ വിവരങ്ങൾ നൽകി കൊണ്ട് യാത്രാ നിബന്ധനകൾ സംബന്ധിച്ച വിവരങ്ങൾ നേടാവുന്നതാണ്. അംഗീകൃത PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
🇸🇦സൗദിയില്‍ കൊവിഡ് മൂലം ഇന്ന് ഒരു മരണം മാത്രം.
✒️സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ്(covid ) ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് ഒരാള്‍ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 38 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 43 പേര്‍ പുതുതായി രോഗമുക്തി(recovered) നേടി. രാജ്യത്ത് 24 മണിക്കൂറിനിടെ 33,584 പി.സി.ആര്‍ പരിശോധനകള്‍(RT PCR tests) ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,377 ആയി. ഇതില്‍ 5,38,463 പേരും സുഖം പ്രാപിച്ചു. ആകെ 8,821 പേര്‍ മരിച്ചു. കൊവിഡ് ബാധിതരില്‍ 43 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,939,182 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,472,744 എണ്ണം ആദ്യ ഡോസ് ആണ്. 22,144,525 എണ്ണം സെക്കന്‍ഡ് ഡോസും. 1,713,369 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 321,913 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 12, ജിദ്ദ 10, മക്ക 3, ഖോബാര്‍ 2, മറ്റ് 10 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🇸🇦സൗദിയില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം രാജ്യത്തിരുന്ന് കമ്പനി രജിസ്റ്റര്‍ ചെയ്യാം.
✒️സൗദി അറേബ്യയില്‍(Saudi Arabia) നിക്ഷേപം(investment) നടത്താനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. സ്വന്തം രാജ്യത്തിരുന്ന് സൗദിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാം. രാജ്യത്ത് ബിസിനസ് ലൈസന്‍സുകള്‍(business licenses) നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി.
വിദേശത്ത് നിന്ന് ഓണ്‍ലൈന്‍ വഴി ലൈസന്‍സുകള്‍ നേടാം. സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ സേവനം ആരംഭിച്ചത്. ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയില്‍, തുടങ്ങാന്‍ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്റ്റേഷന്‍ നടത്തണം. ഇതിനുള്ള സൗകര്യം ഓണ്‍ലൈന്‍ ലിങ്കായി വിദേശകാര്യ മന്ത്രാലത്തിന്റെ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ നടപടി പൂര്‍ത്തിയാക്കിയാല്‍ സൗദിയില്‍ ബിസിനസിനുള്ള ലൈസന്‍സ് കരസ്ഥമാക്കലാണ് അടുത്ത ഘട്ടം.
ഇതിനുള്ള സൗകര്യം നിക്ഷേപ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലുണ്ട്. മൂന്നാമത്തെ ഘട്ടം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (സി.ആര്‍) നടപടി പൂര്‍ത്തിയാക്കലാണ്. ഇത് വാണിജ്യമന്ത്രായത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതൊടെ സ്ഥാപനം തുടങ്ങാനുള്ള നടപടികള്‍ അവസാനിക്കും. ഇത് സംബന്ധിച്ച് വിവിധ ഭാഷകളില്‍ വ്യാപകമായ മാര്‍ക്കറ്റിങ് കാമ്പയിന്‍ നടത്തും.
🇸🇦സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റമില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ.
✒️സൗദി അറേബ്യയിലെ(Saudi Arabia) വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് ( electronic billing )സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അയ്യായിരം റിയാല്‍ (ഒരു ലക്ഷത്തോളം രൂപ) പിഴ. ഡിസംബര്‍ നാലിന് ശേഷമാണ് നടപടി. ബില്ലില്‍ കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് പതിനായിരം റിയാലും (രണ്ട് ലക്ഷത്തേളം രൂപ) പിഴ ചുമത്തും.
ഡിസംബര്‍ നാലിന് ശേഷം കടകളില്‍ വ്യാപക പരിശോധനയുണ്ടാകും. സൗദിയിലെ സകാത്ത്-ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. നേരത്തെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച് ഡിസംബര്‍ നാലിനകം ഇലക്ട്രോണിക്സ് ബില്ലിങ് രീതി നടപ്പാക്കണം. ഈ തീയതിക്ക് ശേഷം പേന കൊണ്ടെഴുതിയ കടലാസ് ബില്ലുകള്‍ക്ക് നിയമ സാധുതയുണ്ടാകില്ല. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ബില്ലുകളില്‍ ക്യു.ആര്‍ കോഡ്, നികുതി വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.
🇸🇦യുഎഇയില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല.
✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 66 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 83 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 291,977 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.75 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 741,214 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 735,899 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,144 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,171 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇦🇪യുഎഇയിലെ പുതിയ തൊഴില്‍ നിയമം; പ്രവാസികള്‍ക്ക് ശമ്പളത്തോടെയുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ.
✒️യുഎഇയില്‍ നവംബര്‍ 15നാണ് സ്വകാര്യ മേഖലയ്‍ക്ക് ബാധകമായ പുതിയ തൊഴില്‍ നിയമം പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ പരിഷ്‍കാരങ്ങള്‍ പുതിയ നിയമത്തില്‍ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ചട്ടങ്ങള്‍ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.
2022 ഫെബ്രുവരി രണ്ട് മുതലാണ് പുതിയ തൊഴില്‍ നിയമം യുഎഇയില്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ ലഭിക്കുന്ന ചില അവധികള്‍ ഇവയാണ്.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വാരന്ത്യ വിശ്രമ ദിനങ്ങള്‍ ദീര്‍ഘിപ്പിക്കുന്നതിന് വേണ്ടി കമ്പനിയുടെ തീരുമാനമനുസരിച്ച് ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അര്‍ഹതയുണ്ടാവും.
അടുത്ത ബന്ധുക്കളുടെ മരണത്തോടനുബന്ധിച്ച് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ശമ്പളത്തോടെ അവധി ലഭിക്കും. മരണപ്പെട്ടയാളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവധികളുടെ എണ്ണം നിജപ്പെടുത്തുക
ഒരു തൊഴിലുടമയുടെ കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ 10 ദിവസത്തെ സ്റ്റഡി ലീവിന് അര്‍ഹതയുണ്ടാവും. എന്നാല്‍ യുഎഇയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ന്നിരിക്കണമെന്ന് നിബന്ധനയുണ്ട്.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ പേരന്റല്‍ ലീവ് ലഭിക്കും. കുഞ്ഞ് ജനിച്ച ദിവസം മുതല്‍ ആറ് മാസം വരെയുള്ള കാലയളവിനുള്ളില്‍ ഈ ലീവെടുക്കാം. കുട്ടിയുടെ അച്ഛനും അമ്മയ്‍ക്കും ഈ അവധി ലഭിക്കും.
സ്വകാര്യ മേഖലയിലെ മാതൃത്വ അവധി 60 ദിവസമാക്കി വര്‍ദ്ധിപ്പിച്ചു. 45 ദിവസം മുഴുവന്‍ ശമ്പളത്തോടെയും പിന്നീടുള്ള 15 ദിവസം പകുതി ശമ്പളത്തോടെയും ആയിരിക്കും ഇത്.
മാതൃത്വ അവധി അവസാനിച്ചതിന് ശേഷവും അമ്മയ്‍ക്ക് പ്രസവാനന്തര ആരോഗ്യ പ്രശ്‍നങ്ങളോ കുഞ്ഞിന് മറ്റ് അസുഖങ്ങളോ ഉണ്ടെങ്കില്‍ പിന്നീട് 45 ദിവസം കൂടി ശമ്പളമില്ലാത്ത അവധിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് മാതൃത്വ അവധി അവസാനിച്ച ശേഷം 30 ദിവസം കൂടി ശമ്പളത്തോടെയുള്ള അധിക അവധി ലഭിക്കും. ഇതിനും ശേഷം പിന്നീട് ആവശ്യമെങ്കില്‍ 30 ദിവസം കൂടി ശമ്പളമില്ലാത്ത അവധിയും ലഭ്യമാവും.
🇸🇦താമസ, തൊഴില്‍ നിയമ ലംഘനം; സൗദിയില്‍ 11,086 വിദേശികള്‍ക്ക് ശിക്ഷ.
✒️സൗദിയില്‍(Saudi Arabia) താമസ (ഇഖാമ)(Iqama), തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 11,086 വിദേശികളെ കൂടി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) (Jawazat) ഒക്ടോബറില്‍ ശിക്ഷിച്ചു. ഇഖാമ, തൊഴില്‍ നിയമ ലംഘകരായ വിദേശികളും നുഴഞ്ഞുകയറ്റക്കാരും ഇവര്‍ക്ക് ജോലിയും അഭയവും യാത്രാ സൗകര്യങ്ങളും നല്‍കിയ സ്വദേശികളും ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. തടവും പിഴയും (fine)നാടുകടത്തലുമാണ് (deportation)നിയമ ലംഘകര്‍ക്ക് വിധിച്ചത്.
ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസ, യാത്രാ സൗകര്യങ്ങളും നല്‍കരുതെന്ന് സൗദി പൗരന്മാരോടും വിദേശികളോടും സ്ഥാപന ഉടമകളോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെട്ടും റിപ്പോര്‍ട്ട് ചെയ്യണമെന്നും സൗദി പൗരന്മാരോടും വിദേശികളോടും ജവാസാത്ത് ആവശ്യപ്പെട്ടു.
🇦🇪കുറഞ്ഞ നിരക്കില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കാം; പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
✒️അബുദാബിയിലെ(Abu Dhabi) ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി(Air Arabia Abu Dhabi) ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ദില്ലിയിലേക്ക് (Delhi)നവംബര്‍ 24മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.
ആഴ്ചയില്‍ നാല് സര്‍വീസുകളാണ് യുഎഇയില്‍ നിന്ന് ദില്ലിയിലേക്ക് നേരിട്ടുള്ളത്. അബുദാബിയില്‍ നിന്ന് എല്ലാ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 10:35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3:20ന് ദില്ലിയിലെത്തും. തിരികെ ദില്ലിയില്‍ നിന്ന് ഇതേ ദിവസങ്ങളില്‍ വൈകിട്ട് നാല് മണിക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 6:40ന് അബുദാബിയിലെത്തും.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും എയര്‍ അറേബ്യ അബുദാബി സര്‍വീസുകള്‍ നടത്തുന്നുണ്ട്. അബുദാബി-ദില്ലി സര്‍വീസുകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് എയര്‍ അറേബ്യ അബുദാബിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയെ കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെടുകയോ ചെയ്യുക.
🇶🇦ഖത്തറില്‍ ഇന്ന് 145 പേര്‍ക്ക് കോവിഡ്; രോഗമുക്തി 88 മാത്രം.
✒️ഖത്തറില്‍(Qatar) ഇന്ന് 145 പേര്‍ക്ക് കോവിഡ്(covid) സ്ഥിരീകരിച്ചു. 118 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 88 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,39,235 ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 1,826 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 14 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 10 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 102 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 6,192 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 4,901,128 ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
0 Comments