🇸🇦സൗദി അറേബ്യയില്‍ ഹൈ-ടെക് രീതിയില്‍ കടത്തുകയായിരുന്ന 3600 കുപ്പി മദ്യം പിടിച്ചെടുത്തു.
✒️സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച 3612 കുപ്പി മദ്യം സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി (Zakat, Tax and Customs Authority) പിടിച്ചെടുത്തു. ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് (Jeddah Islamic Port) വഴി എത്തിയ ഒരു കണ്ടെയ്‍നറില്‍ ഒളിപ്പിച്ചായിരുന്നു ഇവ കൊണ്ടുവന്നത്. ഹൈ-ടെക് രീതിയില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലാണ് മദ്യം കൊണ്ടുവന്നതെന്ന് കസ്റ്റംസ് അറിയിച്ചു.
തുറമുഖത്തെ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ തന്നെ അധികൃതര്‍ മദ്യം കണ്ടെത്തുകയായിരുന്നു. ഇറക്കുമതി ചെയ്‍ത സാധനങ്ങള്‍ സൗദി അറേബ്യയില്‍ ഏറ്റുവാങ്ങാനെത്തിയ രണ്ട് പേരെ അധികൃതര്‍ അറസ്റ്റ് ചെയ്‍തിട്ടുണ്ട്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ കര്‍ശന പരിശോധനയ്‍ക്ക് വിധേയമാക്കുന്നുണ്ടെന്ന് സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കള്ളക്കടത്തുകള്‍ തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യക്കുപ്പികള്‍ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്...
🇸🇦സൗദി അറേബ്യയിൽ 35 പേർക്ക് കൂടി കൊവിഡ്, ഒരു മരണം.
✒️സൗദി അറേബ്യയിൽ (Saudi Arabia) 35 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി (New covid cases) ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം (Covid death) കൊവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. 42 പേർ പുതുതായി രോഗമുക്തി നേടി. രാജ്യത്ത് 24 മണിക്കൂറിനിടെ 32,490 പി.സി.ആർ പരിശോധനകൾ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ റിപ്പോർട്ട് ചെയ്‍ത രോഗ ബാധിതരുടെ എണ്ണം 5,49,412 ആയി. ഇതിൽ 5,38,505 പേരും സുഖം പ്രാപിച്ചു. ആകെ 8,822 പേർ മരിച്ചു. കൊവിഡ് ബാധിതരിൽ 44 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്താകെ ഇതുവരെ 46,968,545 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,480,461 എണ്ണം ആദ്യ ഡോസ് ആണ്. 22,163,751 എണ്ണം സെക്കൻഡ് ഡോസും. 1,713,663 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 324,333 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 13, ജിദ്ദ - 7, മക്ക - 3, ഖോബാർ - 2, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.
🎙️പ്രവാസി സാഹിത്യോത്സവ് ഡിസംബര്‍ മൂന്നിന്; സംഘാടക സമിതി രൂപീകരിച്ചു.
✒️പ്രവാസി സാഹിത്യോത്സവിന്റെ ഗ്രാന്റ് ഫിനാലെ ഡിസംബര്‍ മൂന്നിന് നടക്കും. ഇതോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന ഇത്തവണത്തെ പ്രവാസി സാഹിത്യോത്സവിന്റെ സമാപനമാവും. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 445 പ്രതിഭകളാണ് ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കുക. യൂനിറ്റ്, സെക്ടര്‍, സെന്‍ട്രല്‍, നാഷനല്‍ മത്സരങ്ങളിലൂടെ ഒന്നാം സ്ഥാനം നേടിയവരാണ് ഗള്‍ഫ് തല മത്സരത്തില്‍ യോഗ്യത നേടുക.
ഗള്‍ഫ് തല സാഹിത്യോത്സവ് വിജയിപ്പിക്കുന്നതിന് വേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ചെമ്പ്രശ്ശേരി അബ്ദുല്‍ റഹ്‌മാന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ ജന:സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിംജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി പ്രഖ്യാപനം നടത്തി. ഹബീബ് കോയ തങ്ങള്‍, മുസ്തഫ ദാരിമി കടാങ്കോട്, പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാര്‍, അബ്ദുല്‍ ഹക്കീം ദാരിമി, വി.പി.കെ അബൂബക്കര്‍ ഹാജി (രക്ഷാധികാരികള്‍) സ്റ്റിയറിംഗ് കമ്മിറ്റി: അബ്ദുറഹ്‌മാന്‍ ആറ്റക്കോയ തങ്ങള്‍ (ചെയര്‍മാന്‍) അശ്‌റഫ് മന്ന (കണ്‍വീനര്‍) ഓര്‍ഗനൈസിംഗ് കമ്മിറ്റി: അബ്ദുല്‍ അസീസ് സഖാഫി മമ്പാട് (ചെയര്‍മാന്‍), അബൂബക്കര്‍ അസ്ഹരി (കണ്‍വീനര്‍), ഫിനാന്‍സ് & മാര്‍ക്കറ്റിംഗ്: അബ്ദുല്‍ ലത്വീഫ് കുവൈത്ത് (ചെയര്‍മാന്‍), അബ്ദുറസാഖ് മാറഞ്ചേരി (കണ്‍വീനര്‍) മീഡിയ: അബ്ദുല്‍ ജബ്ബാര്‍ പി.സി.കെ (ചെയര്‍മാന്‍), ജാബിര്‍ ജലാലി (കണ്‍വീനര്‍) പബ്ലിസിറ്റി : അബ്ദുല്‍ ശുക്കൂര്‍ ചെട്ടിപ്പടി (ചെയര്‍മാന്‍), ഹാരിസ് മൂടാടി (കണ്‍വീനര്‍) ഗസ്റ്റ് ഇന്‍വിറ്റേഷന്‍: ഫിറോസ് മാസ്റ്റര്‍ (ചെയര്‍മാന്‍), ശമീം തിരൂര്‍ (കണ്‍വീനര്‍) പ്രോഗ്രാം സമിതി: റഷീദ് പന്തല്ലൂര്‍, വി.പി.കെ മുഹമ്മദ്.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, സൂഫീഗീതം, സാഹിത്യരചനാ മത്സരങ്ങള്‍, പ്രസംഗം, ഫാമിലി മാഗസിന്‍ തുടങ്ങി 49 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 917 യൂനിറ്റ് മത്സരങ്ങള്‍, 192 സെക്ടര്‍ മത്സരങ്ങള്‍, 64 സെന്‍ട്രല്‍ മത്സരങ്ങള്‍, ഏഴ് നാഷനല്‍ മത്സരങ്ങള്‍ എന്നിവ പൂര്‍ത്തീകരിച്ചാണ് ഫൈനല്‍ മത്സരത്തിന് പ്രതിഭകള്‍ എത്തുക.
പ്രവാസ യുവതയുടെ സര്‍ഗശേഷി പരിപോഷിപ്പിക്കാനും കലയുടെ രംഗഭാഷ്യങ്ങള്‍ക്കപ്പുറത്ത് ബദലൊരുക്കിയും, പുതിയ പ്രതിഭകള്‍ക്ക് അവസരം നല്‍കലുമാണ് സാഹിത്യോത്സവ് ലക്ഷ്യം. സാംസ്‌കാരികോത്സവം, സെമിനാര്‍, കലാലയം പുരസ്‌കാരം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. കലാ - സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
🇦🇪യുഎഇയില്‍ 77 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.
✒️യുഎഇയില്‍ (United Arab Emirates) ഇന്ന് 77 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 93 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 3,39,318 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.78 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,41,291 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,35,992 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,144 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,155 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
💵കഴിഞ്ഞ വര്‍ഷം വിദേശികള്‍ ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യയിലേക്ക്.
✒️കഴിഞ്ഞ വര്‍ഷം കുവൈത്തില്‍(Kuwait) നിന്ന് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യയിലേക്കെന്ന്(India) റിപ്പോര്‍ട്ട്. സാമ്പത്തിക വിഭാഗത്തിന്റെ സ്ഥിതി വിവര കണക്ക് അനുസരിച്ച് കുവൈത്തില്‍ നിന്ന് പ്രവാസികള്‍ പണമയച്ചതില്‍(remittance of expats) 29.5 ശതമാനവും ഇന്ത്യയിലേക്ക് ആയിരുന്നു.
ഈജിപ്ത് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 24.2 ശതമാനം പണമാണ് പ്രവാസികള്‍ ഈജിപ്തിലേക്ക് അയച്ചത്. ബംഗ്ലാദേശിലേക്ക് 9 ശതമാനവും ഫിലിപ്പീന്‍സിലേക്ക് 4.9 ശതമാനവും പാകിസ്ഥാനിലേക്ക് 4.3 ശതമാനവും പണമിടപാട് നടന്നതായാണ് കണക്കുകള്‍. എന്നാല്‍ വിദേശികളുടെ പണമിടപാടിന് നികുതി ഏര്‍പ്പെടുത്തുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശ പഠിക്കാന്‍ വിനിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചു.
🇦🇪രാത്രിസഞ്ചാരത്തിന് ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി യുഎഇ.
✒️രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യുഎഇ(UAE). ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ (Gallup’s Global Law and Order)സൂചികയിലാണ് യുഎഇ(UAE) ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും യുഎഇയെ തെരഞ്ഞെടുത്തു.
93 ശതമാനം പേര്‍ തെരഞ്ഞെടുത്ത നോര്‍വേയാണ് രണ്ടാം സ്ഥാനത്തുള്ളത്. ക്രമസമാധാന സൂചികയില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ യുഎഇ രണ്ടാം സ്ഥാനത്തെത്തി. 93 പോയിന്റാണ് യുഎഇയ്ക്ക് ലഭിച്ചത്. 94 പോയിന്റ് നേടി നോര്‍വേ ഒന്നാം സ്ഥാനത്തെത്തി. ജനങ്ങള്‍ക്ക് സ്വന്തം സുരക്ഷയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസം അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്.
ഒക്ടോബറില്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ വിമന്‍, പീസ്, സെക്യൂരിറ്റി സൂചികയിലും യുഎഇ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 98.5 ശതമാനം പേരാണ് യുഎഇയെ അനുകൂലിച്ചത്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന രാജ്യമായാണ് യുഎഇ തെരഞ്ഞെടുക്കപ്പെട്ടത്. 96.9 ശതമാനം ആളുകള്‍ അനുകൂലിച്ച സിംഗപ്പൂരാണ് രണ്ടാമതെത്തിയത്.
🇦🇪ദുബൈ ആകാശത്ത് പറന്ന് ഇന്ത്യയുടെ 'സൂര്യകിരണ്‍'; ശതകോടികളുടെ കരാറുകള്‍, എയര്‍ഷോയ്ക്ക് പരിസമാപ്തി.
✒️ദുബൈ എയര്‍ഷോയ്ക്ക്(Dubai Airshow) പരിസമാപ്തി. എയര്‍ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക്‌സ് ടീമും( Suryakiran Aerobatics Team) യുഎഇയുടെ അല്‍ ഫുര്‍സാന്‍ ഡിസ്‌പ്ലേ സംഘവും(Al Fursan Display Team) ദുബൈ ആകാശത്ത് ഫ്‌ലൈപാസ്റ്റ്(flypast) നടത്തി. ബുധനാഴ്ചയാണ് സൂര്യകിരണും അല്‍ ഫുര്‍സാന്‍ സംഘവും ചേര്‍ന്ന് ഫ്‌ലൈപാസ്റ്റ് നടത്തിയത്. ബുര്‍ജ് ഖലീഫ, പാം ജുമൈറ, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലാണ് വ്യോമാഭ്യാസപ്രകടനം കാഴ്ചവെച്ചത്.
ഇന്ത്യയുടെ തേജസ് വിമാനവും പ്രദര്‍ശന പറക്കലില്‍ പങ്കെടുത്തു. വ്യോമാഭ്യാസ പ്രകടനങ്ങളില്‍ സൗദി അറേബ്യയുടെ സൗദി ഹോക്സ്, റഷ്യയുടെ റഷ്യന്‍ നൈറ്റ്സ്, ഇന്ത്യയുടെ സൂര്യകിരണും വ്യോമസേനയുടെ സാരംഗും പങ്കാളികളായി. സൂര്യകിരണ്‍, തേജസ് വിമാനങ്ങളുടെ യുഎഇയിലെ ആദ്യത്തെ അഭ്യാസ പ്രകടനം കൂടിയാണിത്. അടുത്ത തലമുറയിലെ സുഖോയ് യുദ്ധവിമാനങ്ങളുടെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റവും ദുബൈയില്‍ എയര്‍ഷോയില്‍ നടന്നു. ലോകത്തെ മികച്ച പോര്‍വിമാനങ്ങളും ആഢംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനിക വിമാനങ്ങളും അടുത്ത് കാണാനും പ്രകടനങ്ങള്‍ ആസ്വദിക്കാനും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 83,000 പേരാണ് എത്തിയത്.
വ്യോമമേഖലയ്ക്കും പ്രതിരോധ രംഗത്തും ഉണര്‍വേകി 286.5 ബില്യന്‍ ദിര്‍ഹത്തിന്റെ കരാറുകളാണ് അഞ്ചു ദിവസത്തെ എയര്‍ഷോയില്‍ ഒപ്പുവെച്ചത്. കൊവിഡിന് മുമ്പ് 2019ല്‍ നടന്ന എയര്‍ഷോയിലേക്കാള്‍ 10,000 കോടിയിലധികം രൂപയുടെ കരാറുകളാണ് ഇത്തവണ ഒപ്പിട്ടത്. കരാറുകള്‍ നേടിയതില്‍ ഏറ്റവും മുന്നില്‍ എയര്‍ബസാണ്. 408 വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് കരാര്‍ ലഭിച്ചു. 72 ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയുടെ ബജറ്റ് വിമാനം അക്‌സ എയര്‍ 900 കോടി ഡോളറിന്റെ കരാര്‍ നല്‍കി. 737 മാക്‌സി വിമാനങ്ങള്‍ വാങ്ങാനാണ് ബോയിങ് കമ്പനിയുമായി കരാറിലേര്‍പ്പെട്ടത്. 148 രാജ്യങ്ങളില്‍ നിന്നായി 1200ലേറെ പ്രദര്‍ശകര്‍ എത്തിയ മേളയില്‍ 160ലേറെ പുത്തന്‍ വിമാനങ്ങളും എത്തിയിരുന്നു. 1989ലാണ് ദുബൈ എയര്‍ഷോയുടെ ആദ്യ എഡിഷന്‍ നടന്നത്.
🇶🇦ശമ്പളം നല്‍കാന്‍ വൈകിയ 314 കമ്പനികള്‍ക്കെതിരെ ഖത്തറില്‍ നടപടി.
✒️ഖത്തറില്‍(Qatar) തൊഴില്‍ നിയമങ്ങള്‍(labour laws) ലംഘിച്ച 314 കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെയുളള കാലയളവിലാണിത്. കരാര്‍, പബ്ലിക് സര്‍വീസ് മേഖലകളിലാണ് നിയമ ലംഘനം നടത്തിയ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തൊഴില്‍ മന്ത്രാലയം(Ministry of Labour) വ്യക്തമാക്കി.
പ്രവാസി തൊഴിലാളികളുടെ ശമ്പളമോ വേതനമോ നല്‍കുന്നതില്‍ കാലതാമസം വരുത്തുകയോ ഇവ നല്‍കാതിരിക്കുകയോ ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള 2004ലെ തൊഴില്‍ നിയമം നമ്പര്‍ 14 അടിസ്ഥാനമാക്കിയാണ് 314 കമ്പനികള്‍ക്കെതിരെയുള്ള നടപടി. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ മന്ത്രാലയം വളരെയധികം ജാഗ്രത പുലര്‍ത്താറുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നത് തുടരുകയാണ്.
🇧🇭കൊവിഡ്: ബഹ്‌റൈനില്‍ ആറ് പ്രവാസി തൊഴിലാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
✒️ബഹ്‌റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 22 പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 16 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി(recovered). കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,77,304 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,75,698 പേര്‍ രോഗമുക്തരായി. ആകെ 7,206,695 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. 1,393 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 213 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ രണ്ടു പേര്‍ ചികിത്സയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
🛫യാത്രികർക്കായി സൗദി അറേബ്യയും, ബഹ്‌റൈനും ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കി.
✒️ഇരു രാജ്യങ്ങൾക്കിടയിലുമുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി സൗദി അറേബ്യയും, ബഹ്‌റൈനും പ്രത്യേക ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കി. നവംബർ 18, വ്യാഴാഴ്ച്ച റിയാദിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും അധികൃതർ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പ് വെച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയിലെ ‘Tawakkalna’ ആപ്പ്, ബഹ്‌റൈനിലെ ‘BeAware Bahrain’ ആപ്പ് എന്നിവയെ സംയോജിപ്പിച്ച് കൊണ്ടാണ് ഇരുരാജ്യങ്ങളും ഈ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത്. കിംഗ് ഫഹദ് കോസ് വേയിലൂടെ ഇരു രാജ്യങ്ങൾക്കിടയിലും സഞ്ചരിക്കുന്ന പൗരന്മാർ, പ്രവാസികൾ തുടങ്ങി മുഴുവൻ യാത്രികരുടെയും യാത്രകൾ കൂടുതൽ സുഗമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.
ഈ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനത്തിലൂടെ, ഇത്തരം യാത്രികർ, മുഴുവൻ യാത്രാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് അധികൃതർക്ക് എളുപ്പത്തിൽ പരിശോധിച്ച് ഉറപ്പ് വരുത്താൻ സാധിക്കുന്നതാണ്. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) പ്രസിഡണ്ട് ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽ ഗാമിദി, ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി സി ഇ ഓ മുഹമ്മദ് അലി അൽ ഖായീദ് എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.
🇸🇦സൗദി അറേബ്യ: നവംബർ 22 വരെ രാജ്യവ്യാപകമായി മഴയ്ക്ക് സാധ്യത.
✒️രാജ്യത്തിന്റെ എല്ലാ മേഖലകളിലും നവംബർ 19, വെള്ളിയാഴ്ച്ച മുതൽ നവംബർ 22, തിങ്കളാഴ്ച്ച വരെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദിയിൽ ശിശിരകാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മഴയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ തീരദേശ മേഖലകളിലും, മക്ക, മദീന മേഖലകളിലും കഴിഞ്ഞ ഒരാഴ്ച്ചയായി മഴ സാധ്യത തുടരുന്നുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. കഴിഞ്ഞ വാരാന്ത്യത്തിൽ ജിദ്ദ ഉൾപ്പടെയുള്ള ഏതാനം നഗരങ്ങളിൽ ലഭിച്ച ഇടിയോട് കൂടിയ കനത്ത മഴയുടെ തുടർച്ചയാണിതെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
ഈ മഴ വെള്ളിയാഴ്ച്ച മുതൽ രാജ്യവ്യാപകമായി ലഭിക്കുമെന്നും, രാജ്യത്തിന്റെ വടക്കന്‍ മേഖലയിലും, കിഴക്കന്‍ മേഖലയിലും, ഖാസിം, റിയാദ് തുടങ്ങിയ ഇടങ്ങളിലും മഴ പെയ്യുന്നതിന് കൂടുതൽ സാധ്യത നിലനിൽക്കുന്നതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. മഴയെത്തുടർന്ന് രാജ്യത്തെ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
🇰🇼കുവൈറ്റ്: വിദ്യാലയങ്ങളിൽ സാംസ്‌കാരിക പരിപാടികൾ പുനരാരംഭിക്കാൻ അനുമതി നൽകി.
✒️രാജ്യത്തെ വിദ്യാലയങ്ങളിൽ സാംസ്‌കാരിക പരിപാടികൾ പുനരാരംഭിക്കാൻ അനുമതി നൽകിയതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അലി അൽ യാകൂബിനെ ഉദ്ധരിച്ച് കൊണ്ടാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ റിപ്പോർട്ട് പ്രകാരം, സ്വകാര്യ വിദ്യാലയങ്ങൾ ഉൾപ്പടെ മുഴുവൻ വിദ്യാലയങ്ങളിലും സാംസ്‌കാരിക പരിപാടികൾ പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഡോ. അലി അൽ യാകൂബ് പുറത്തിറക്കിയ ഒരു ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കുട്ടികളുടെ വിവിധ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും, അവരുടെ പ്രതിഭാവൈശിഷ്ട്യം കണ്ടെത്തുന്നതിനും സാംസ്‌കാരിക പരിപാടികൾ പോലുള്ള പഠ്യേതര ചടങ്ങുകൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ COVID-19 സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് ഇത്തരം പരിപാടികൾ, സെമിനാറുകൾ, കായിക മത്സരങ്ങൾ തുടങ്ങിയവ ഈ അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്നതിന് കുവൈറ്റ് വിലക്കേർപ്പെടുത്തിയിരുന്നു.
🇶🇦ഖത്തർ: കാലതാമസം കൂടാതെ COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തു.
✒️രാജ്യത്ത് COVID-19 ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ കാലതാമസം കൂടാതെ ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമായിട്ടുണ്ട്.
ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വാക്സിനേഷൻ വകുപ്പ് തലവൻ ഡോ. സോഹ അൽ ബയാതാണ് ഒരു വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. COVID-19-നെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും, ഈ പോരാട്ടത്തിൽ ബൂസ്റ്റർ ഡോസ് വളരെ പ്രധാനമാണെന്നും അവർ വ്യക്തമാക്കി.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിയുന്നതോടെ രോഗപ്രതിരോധ ശേഷി കുറയുന്നതായി പഠനങ്ങൾ ചൂണ്ടികാട്ടുന്നതായി അവർ അറിയിച്ചു. ഇതിനാലാണ് ഏതാനം ദിവസങ്ങൾക്ക് മുൻപ് ഖത്തർ ആരോഗ്യ മന്ത്രാലയം ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ കാലാവധി എട്ട് മാസത്തിൽ നിന്ന് ആറ് മാസമാക്കി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഖത്തറിൽ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (PHCC) കീഴിലുള്ള ഹെൽത്ത് സെന്ററുകളിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ലഭ്യമാണ്. ബൂസ്റ്റർ വാക്സിന് അർഹതയുള്ളവരെ PHCC-യിൽ നിന്ന് ബന്ധപ്പെടുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ PHCC-യിൽ നിന്ന് ബന്ധപ്പെടാത്തവർക്ക് 40277077 എന്ന ഹോട്ട് ലൈൻ നമ്പർ ഉപയോഗിച്ച് കൊണ്ട് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.
🇦🇪അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ആരംഭിച്ചു.
✒️അബുദാബിയിലെ അൽ വത്ബയിൽ വെച്ച് സംഘടിപ്പിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2021 നവംബർ 18, വ്യാഴാഴ്ച്ച പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. യു എ ഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വർഷാവർഷം നടത്തിവരുന്ന ഈ മേള ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക ഉത്സവമാണ്.
ഗംഭീരമായ ഒരു സൈനിക പൈതൃക പരേഡോടെയാണ് ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ആരംഭിച്ചത്. 2021 നവംബർ 18 മുതൽ 2022 ഏപ്രിൽ 1 വരെ നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ആയിരകണക്കിന് വിനോദ, പഠന, സാംസ്കാരിക പരിപാടികൾ അരങ്ങേറുമെന്ന് സംഘാടക കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നാടോടിക്കഥകളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സാംസ്‌കാരിക അനുഭവക്കാഴ്ച്ചകൾ, പരമ്പരാഗത ഉത്പന്നങ്ങളെ അടുത്തറിയുന്നതിനുള്ള അവസരം തുടങ്ങി മുഴുവൻ കുടുംബത്തിനും ഒരുമിച്ച് ആസ്വദിക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.
മേളയുടെ ഭാഗമായി പരമ്പരാഗതമായ 21 അന്താരാഷ്ട്ര പ്രദർശനങ്ങൾ, തിയേറ്റർ പ്രദർശനങ്ങൾ, നാടൻ കലാ പ്രദർശനങ്ങൾ, മറ്റു സ്റ്റേജ് പടിപടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22500-ൽ പരം കലാകാരൻമാർ, പ്രദർശകർ തുടങ്ങിയവർ 2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതാണ്. അന്താരാഷ്ട്ര തലത്തിലുള്ള 4500-ൽ പരം സാംസ്‌കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള 130 വർക്ക്ഷോപ്പുകൾ തുടങ്ങിയവയും മേളയിൽ അവതരിപ്പിക്കുന്നതാണ്.
യു എ ഇയുടെ അമ്പതാം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ അമ്പത് വർഷത്തെ പ്രയാണം എടുത്ത് കാട്ടുന്ന ഒരു പ്രത്യേക ‘ഇയർ ഓഫ് ദി 50’ മേഖല ഈ വർഷത്തെ മേളയുടെ പ്രത്യേകതയാണ്. എമിറാത്തി സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മുന്നോട്ട് വെച്ച ദർശനങ്ങൾ, അഭിലാഷങ്ങൾ എന്നിവ സന്ദർശകർക്ക് ഈ പ്രത്യേക പ്രദർശനത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.
യു എ ഇ നാഗരികത, രാജ്യത്തിന്റെ സംസ്കാരം, പൈതൃകം മുതലായവ ചൂണ്ടിക്കാട്ടുന്ന നിരവധി പവലിയനുകൾ, പ്രദർശനങ്ങൾ എന്നിവയും 2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത എമിറാത്തി കരകൗശലത്തനിമ വെളിപ്പെടുത്തുന്ന പ്രദർശനങ്ങൾ, പരമ്പരാഗത മാർക്കറ്റുകൾ, യു എ ഇയിലെ കന്നുകാലി വളർത്തൽ സംബന്ധിച്ചും, കൃഷി സംബന്ധമായ രീതികൾ സംബന്ധിച്ചും അറിവ് പകരുന്ന പ്രത്യേക പ്രദർശനങ്ങൾ, രാജ്യത്തിന്റെ കാർഷിക മേഖല നിലവിൽ കൈവരിച്ചിട്ടുള്ള പുരോഗതിയിൽ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചെലുത്തിയ സ്വാധീനം വെളിവാക്കുന്ന പ്രദർശനങ്ങൾ എന്നിവ മേളയുടെ ഭാഗമാണ്.
ലേസർ പ്രദർശനങ്ങൾ, 3-ഡി ഹോളോഗ്രാം, വാട്ടർ ഷോ എന്നിവ ഉൾപ്പെടുന്ന എമിറേറ്റ്സ് ഫൗണ്ടൻ, കുടുംബങ്ങൾക്കായി കാർട്ടിങ്ങ്, ഷൂട്ടിംഗ്, ഡ്രൈവിംഗ് സിമുലേഷൻ തുടങ്ങിയ സ്പോർട്ട്സ് പരിപാടികൾ അവതരിപ്പിക്കുന്ന അൽ ഫോർസാൻ ഇന്റർനാഷണൽ സ്പോർട്സ് റിസോർട്സിന്റെ പ്രത്യേക പ്രദർശനം, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ തുടങ്ങിയവ ഈ വർഷത്തെ മേളയുടെ പ്രത്യേകതകളാണ്.
എല്ലാ പ്രായത്തിലുള്ള സന്ദർശകരെയും ആകർഷിക്കുന്ന ഫൺ ഫെയർ സിറ്റി എന്ന ഒരു വലിയ അമ്യൂസ്മെന്റ് പാർക്ക് 2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്കായുള്ള നിരവധി റൈഡുകൾ, ഒരു വലിയ റോളർകോസ്റ്റർ എന്നിവ ഫൺ ഫെയർ സിറ്റിയുടെ ഭാഗമാണ്.
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നടക്കുന്ന കാലയളവിൽ എല്ലാ വെള്ളിയാഴ്ച്ചകളിലും അൽ വത്ബയിലെത്തുന്നവർക്ക് ആസ്വദിക്കുന്നതിനായി ഗംഭീര കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുന്നതാണ്. ഇതിന് പുറമെ, യു എ ഇ നാഷണൽ ഡേ, പുതുവത്സര ദിനം തുടങ്ങിയ സന്ദർഭങ്ങളിലും പ്രത്യേക കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുന്നതാണ്. ഭക്ഷണപ്രിയർക്കായി അറബിക്, ഇന്റർനാഷണൽ രുചി വൈവിധ്യങ്ങൾ ഒരുക്കുന്ന അമ്പതിലധികം റെസ്റ്ററന്റുകൾ, ഫുഡ് ട്രക്കുകൾ എന്നവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ദിനവും വൈകീട്ട് നാല് മണി മുതലാണ് ഈ പ്രദർശനത്തിലേക്ക് പ്രവേശനം നൽകുന്നത്.
🇸🇦സൗദി: വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ നിബന്ധനകൾ അറിയുന്നതിനുള്ള സേവനം തവക്കൽന ആപ്പിൽ ഉൾപ്പെടുത്തി.
✒️സൗദി അറേബ്യയുടെ ഔദ്യോഗിക COVID-19 ട്രേസിങ്ങ് ആപ്പ് ആയ തവക്കൽനയിൽ മുഴുവൻ ലോക രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിബന്ധനകൾ അറിയുന്നതിനുള്ള സേവനം പുതിയതായി ഉൾപ്പെടുത്തി. ഓരോ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ, ആരോഗ്യ നിർദ്ദേശങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ ‘Tawakkalna’ ആപ്പിൽ ലഭ്യമാണ്.
ഈ സംവിധാനം ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാക്സിനേഷൻ നിബന്ധനകൾ, COVID-19 PCR ടെസ്റ്റ് നിബന്ധനകൾ, വിവിധ പ്രായവിഭാഗങ്ങൾക്കുള്ള നിബന്ധനകൾ, ഓരോ രാജ്യവും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ തുടങ്ങിയ വിവരങ്ങൾ അറിയാവുന്നതാണ്. തവക്കൽന ആപ്പിലെ ഹെൽത്ത് സർവീസ് വിഭാഗത്തിൽ നിന്ന് ‘”Health Travel Requirements’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് കൊണ്ട് ഈ സേവനം പ്രവർത്തിപ്പിക്കാവുന്നതാണ്.
തുടർന്ന് വരുന്ന സ്‌ക്രീനിൽ നിന്ന് യാത്ര ചെയ്യുന്ന രാജ്യം, യാത്ര പുറപ്പെടുന്ന തീയതി തുടങ്ങിയ വിവരങ്ങൾ നൽകി കൊണ്ട് യാത്രാ നിബന്ധനകൾ സംബന്ധിച്ച വിവരങ്ങൾ നേടാവുന്നതാണ്. അംഗീകൃത PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
🇧🇭ബഹ്‌റൈനിൽ പുതുതായി 6 പ്രവാസികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
✒️ബഹ്‌റൈനിൽ പുതുതായി 6 പ്രവാസികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 16 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,77,304 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,75,698 പേര്‍ രോഗമുക്തരായി. ആകെ 7,206,695 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. 1,393 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 213 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ രണ്ടു പേര്‍ ചികിത്സയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
🛫ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് പോകുന്ന യാത്രക്കാർ ഇനി വിമാനത്താവളത്തില്‍ താമസരേഖ കാണിക്കേണ്ട.
✒️പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതു ബാധകമാണ്. വാക്സിൻ സ്വീകരിക്കാത്തവർക്കും ബഹ്റൈനിലെത്തുമ്പോൾ ക്വാറൻ്റീൻ ആവശ്യമില്ലെന്ന അറിയിപ്പിനു പിന്നാലെയാണു യാത്രക്കാർ താമസരേഖയും ഹാജരാക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയോ ബഹ്റൈനോ അംഗീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർ യാത്ര പുറപ്പെടും മുമ്പുള്ള കോവിഡ് പി.സി.ആർ ടെസ്റ്റ് നടത്തേണ്ടതില്ല. ബഹ്റൈനിൽ 10 ദിവസത്തെ ക്വാറൻറീനും ഇവർക്ക് ആവശ്യമില്ല. വാക്സിൻ സർട്ടിഫിക്കറ്റിൽ സ്കാൻ ചെയ്യാൻ കഴിയുന്ന ക്യു.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം
എന്നാല്‍ വാക്സിൻ സ്വീകരിക്കാത്ത ആറു വയസിന് മുകളിലുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് യാത്ര പുറപ്പെടുമ്പോൾ ഹാജരാക്കണം. ഈ സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ് ഉണ്ടായിരിക്കണം. സ്കാൻ ചെയ്യുേമ്പാൾ ലഭിക്കുന്ന ഓൺലൈൻ പി.ഡി.എഫ് സർട്ടിഫിക്കറ്റും കൈവശമുള്ള പ്രിൻറൗട്ടും തുല്യമായിരിക്കണം. ബഹ്റൈൻ വിമാനത്താവളത്തിൽ അധികൃതർ കർശന പരിശോധന നടത്തുന്നതിനാൽ യാത്രക്കാർ ഇക്കാര്യത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് എയർ ഇന്ത്യ ഓർമിപ്പിച്ചു. ആറു വയസിൽ താഴെയുള്ളവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. വാക്സിൻ സ്വീകരിക്കാത്ത യാത്രക്കാർ (12 വയസ്സിന് മുകളിലുള്ളവർ) താമസ സ്ഥലത്ത് 10 ദിവസത്തെ ക്വാറൻറീനിൽ കഴിയണം. വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരുമായ യാത്രക്കാർ ബഹ്റൈനിൽ എത്തിയാൽ മൂന്ന് പി.സി.ആർ ടെസ്റ്റുകൾ നടത്തണം. ആദ്യത്തേത് വിമാനത്താവളത്തിൽവെച്ചും രണ്ടാം ടെസ്റ്റ് അഞ്ചാം ദിവസവും മൂന്നാം ടെസ്റ്റ് 10ാം ദിവസവുമാണ് നടത്തേണ്ടത്. ഇതിന് 36 ദീനാറാണ് ഫീസ് അടക്കേണ്ടത്
🇸🇦സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഡിസംബർ നാലു മുതൽ ക്യു.ആർ കോഡുള്ള ബില്ലുകൾ നിർബന്ധം.
✒️സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഡിസംബർ നാലു മുതൽ ക്യു.ആർ കോഡുള്ള ബില്ലുകൾ നിർബന്ധമെന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ഇനി മുന്നറിയിപ്പുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു. നികുതി വെട്ടിപ്പ് തടയാനും ഇടപാടുകൾ സുതാര്യമാക്കാനുമാണ് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഡിസംബർ നാലു മുതൽ വ്യാപാര സ്ഥാപനങ്ങളിൽ പുതിയ രീതി പ്രാബല്യത്തിലാകും. ബില്ലുകളിൽ വാങ്ങുന്ന വസ്തുവിന്റെ വിശദാംശം, ടാക്‌സ് വിവരങ്ങൾ, ക്യു.ആർ കോഡ് എന്നിവ വേണം. വാനുകളിലും ലോറികളിലും വസ്തുക്കൾക്കും നിയമം ബാധകമാണ്. അനധികൃതവും കണക്കിൽ പെടാത്തതുമായ വസ്തുക്കൾക്ക് ഇതോടെ തടയിടാനാകുമെന്നാണ് അതോറിറ്റിയുടെ കണക്ക് കൂട്ടൽ. അനധികൃത മാർഗങ്ങളിലൂടെ നികുതി വെട്ടിച്ച് കടത്തുന്ന വസ്തുക്കളിൽ ക്യു.ആർ കോഡ് ചേർക്കുന്നതോടെ പിടിക്കപ്പെടുകയും ചെയ്യും. ഡിസംബർ നാലിന് ശേഷം ഇത് പരിശോധിക്കാൻ പ്രത്യേക സംഘമിറങ്ങും. അന്ന് മുതൽ പിഴയീടാക്കും. പേന കൊണ്ടെഴുതുന്ന ബില്ലുകൾക്ക് ഈ തിയ്യതിക്ക് ശേഷം നിയമ സാധുതയുണ്ടാകില്ല. ഇങ്ങനെ കണ്ടെത്തിയാൽ 10,000 റിയാലാണ് പിഴ. ക്യു.ആർ കോഡില്ലാത്ത ബില്ലിന് ആദ്യം അയ്യായിരം റിയാൽ പിഴ ചുമത്തും. നിയമാനുസൃത രീതിയിലേക്ക് മാറുന്നതിനുള്ള മാറ്റത്തിന് വ്യാപാരികൾ സജ്ജമാകണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
0 Comments