🇸🇦സൗദിയിൽ കുടുംബാംഗങ്ങൾക്കുള്ള ലെവിയും മൂന്ന് മാസം വീതം അടക്കാൻ അനുമതി.
✒️സൗദിയിൽ കുടുംബാംഗങ്ങൾക്കുള്ള ലെവിയും മൂന്ന് മാസം വീതം അടക്കാൻ പാസ്‌പോർട്ട് വിഭാഗം അനുമതി നൽകി. വിദേശ തൊഴിലാളികളുടെ ലെവിയും സമാന രീതിയിൽ അടയ്ക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. സൗദിയിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ അഥവാ താമസ രേഖ ഒരു വർഷത്തേക്കാണ് പുതുക്കാറുള്ളത്. ഇതിനുള്ള ഇഖാമ ഫീസും ലെവിയും അടക്കം പതിനായിരത്തിലേറെ റിയാൽ ഒന്നിച്ചടക്കണം. ഇതാണിപ്പോൾ മൂന്ന് മാസം വീതം പുതുക്കാനുള്ള സൗകര്യം. 3,6,9,12 എന്നിങ്ങിനെ സൗകര്യ പൂർവം ഇഖാമ പുതുക്കാം. ഇത് കുടുംബങ്ങൾക്കും ബാധകമാണ്.
വർക്ക് പെർമിറ്റ്, ഇഖാമ ഫീസ്, തൊഴിൽ മന്ത്രാലയ ഫീസ് എന്നിവയെല്ലാം മൂന്ന് മാസത്തേക്ക് അടക്കാമെന്ന് ജവാസാത്ത് വിഭാഗം ഇന്നും ആവർത്തിച്ചു. അബ്ഷീറോ മുഖീമോ ഇതിനായി ഉപയോഗപ്പെടുത്താം. ബാങ്കുകളുമായി സഹകരിച്ച് ഇതിനുള്ള സൗകര്യം ഒരുക്കിയതായും ജവാസാത്ത് വിഭാഗം ആവർത്തിച്ചു. ഭാര്യ, മക്കൾ, മാതാവ്, പിതാവ്, ഭാര്യയുടെ മാതാപിതാക്കൾ, ഗാർഹിക തൊഴിലാളികൾ തുടങ്ങി വിദേശ തൊഴിലാളിയുടെ സ്പോൺസർഷിപ്പിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവരെയും ആശ്രിതരായാണ് പരിഗണിക്കുക. നിലവിൽ സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളിക്ക് മാസം വീതം 800 റിയാലാണ് ലെവി തുക. ആശ്രിതരിൽ ഒരാൾക്ക് പ്രതിമാസം 400 റിയാൽ തോതിലാണ് ലെവി.
🇸🇦സൗദിയിൽ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച റിഷാദ് അലിയുടെ മൃതദേഹം മക്കയിൽ മറവു ചെയ്തു.
✒️സൗദിയിൽ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച റിഷാദ് അലിയുടെ മൃതദേഹം മക്കയിൽ മറവു ചെയ്തു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേർ അത്യാസന്ന നിലയിൽ തുടരുകയാണ്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട റിഷാദിന്റെ മൂന്നരവയസ്സുള്ള മകൾ ഇന്ന് ആശുപത്രിവിട്ടു. ഞായറാഴ്ച വൈകുന്നേരം യാമ്പു ജിദ്ദ ഹൈവേയിൽ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം തുവ്വൂർ സ്വദേശി റിഷാദ് അലി മരിച്ചത്. മക്കയിലെ ഹറം പള്ളിയിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിന് ശേഷം ജന്നത്തുൽ മുഅല്ല മഖ്ബറയിൽ ഖബറടക്കി. റിഷാദ് അലിയുടെ ഭാര്യ ഫർസീന ഗുരുതരമായ പരിക്കുകളോടെ ജിദ്ദയിൽ ചികിത്സയിലാണ്. ഇവരുടെ മൂന്നു വയസ്സുകാരിയായ മകൾ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
അപകടത്തിന്റെ ഞെട്ടൽ മാറാതെ ജിദ്ദയിൽ ബന്ധുക്കൾക്കൊപ്പം കഴിയുകയാണ് ഈ മൂന്നു വയസ്സുകാരി. റിഷാദലിയുടെ നാട്ടുകാരനായ നൗഫലിന്റെ ഭാര്യയും ഭാര്യാമാതാവും സഹോദരനും മദീനയിലേക്കുള്ള യാത്രയിൽ ഇവരോടൊപ്പം ഉണ്ടായിരുന്നു. നൗഫലിന്റെ ഭാര്യാമാതാവായ റംലയും, കാർ ഡ്രൈവർ മലപ്പുറം പുകയൂർ സ്വദേശി അബ്ദുൽ റഊഫും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. റാബഗ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള നൗഫലിന്റെ ഭാര്യ റിൻസിലയും ഇന്ന് ആശുപത്രിവിടും. ഇവരുടെ തുടർ ചികിത്സ ജിദ്ദയിലായിരിക്കും. റിൻസിലയുടെ 16 വയസ്സുള്ള സഹോദരനും സുഖംപ്രാപിച്ച് വരുന്നതായി ബന്ധുക്കൾ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് റിഷാദലിയും കുടുംബവും ജിസാനിൽ നിന്നും ജിദ്ദയിലെത്തിയത്. ഇവിടെ നിന്നും നൗഫലിന്റെ കുടുംബത്തോടൊപ്പം മദീനയിൽ പോയി തിരിച്ച് വരുമ്പോഴായിരുന്നു ദാരുണമായ അപകടം.
🇦🇪യു എ ഇ: ഇതുവരെ 3 ദശലക്ഷം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചു.
✒️എക്സ്പോ 2020 ദുബായ് ആരംഭിച്ച ഒക്ടോബർ 1 മുതൽ നവംബർ 8 വരെ ഏതാണ്ട് 2942388 പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. ഇതിൽ ഒരു ലക്ഷത്തിൽ പരം സ്‌കൂൾ കുട്ടികളും ഉൾപ്പെടുന്നു.
2021 ഡിസംബർ 12 മുതൽ 18 വരെ എക്സ്പോ 2020 ദുബായ് വേദിയിൽ നടക്കാനിരിക്കുന്ന വിജ്ഞാന-പഠന വാരത്തിൽ കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. യുവമനസ്സുകളെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനായി എക്സ്പോ വേദിയെ സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് വിജ്ഞാന-പഠന വാരം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ആഴ്‌ച എക്‌സ്‌പോ 2020 ദുബായ് വേദി യു എ ഇ പതാക ദിനത്തിന് സാക്ഷിയായി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പതാക ദിനത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തി. ഇതിന് പുറമെ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ ഓണർ ഡേ, ആന്റിഗ്വ, ബാർബുഡ, ഇന്തോനേഷ്യ, കൊളംബിയ, നെതർലാൻഡ്‌സ് എന്നിവയുടെ ദേശീയ ദിനങ്ങൾ തുടങ്ങിയ പ്രത്യേക ദിനങ്ങളും എക്സ്പോ വേദിയിൽ ആചരിക്കപ്പെട്ടു. നെതർലാൻഡ്‌സിന്റെ ദേശീയ ദിനാഘോഷങ്ങളിൽ ഡച്ച് രാജാവ് വില്ലെം-അലക്‌സാണ്ടർ, മാക്‌സിമ രാജ്ഞി എന്നിവർ പങ്കെടുത്തിരുന്നു.
ലോകപ്രശസ്ത ഐറിഷ് ഡാൻസ് സെൻസേഷനായ റിവർഡാൻസ് നവംബർ മുഴുവൻ എക്സ്പോ വേദിയിൽ തങ്ങളുടെ നൃത്തപരിപാടികൾ അവതരിപ്പിക്കുന്നതാണ്. എക്സ്പോ വേദിയിലെ ദീപാവലി ആഘോഷങ്ങൾ വിവിധ വിനോദ പരിപാടികളാൽ ഏറെ ശ്രദ്ധ ആകർഷിച്ചു. സലിം, സുലൈമാൻ മർച്ചന്റ്, ബോളിവുഡ് പിന്നണി ഗായകൻ വിപുൽ മേത്ത, ഇന്ത്യൻ റാപ്പർ ബാദ്‌ഷാ തുടങ്ങിയവർ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പരിപാടികൾ അവതരിപ്പിച്ചു.
എക്സ്പോ വേദിയിൽ അരങ്ങേറുന്ന ആദ്യത്തെ ഔദ്യോഗിക കായിക ഇനമായ ‘ജിറോ ഡി ഇറ്റാലിയ ക്രൈറ്റീരിയം’ സൈക്ലിംഗ് മത്സരത്തിനും എക്സ്പോ 2020 ദുബായ് സാക്ഷ്യം വഹിച്ചു. എക്സ്പോ വേദിയിലെ താൽക്കാലിക സർക്യൂട്ടിൽ ലോകത്തിലെ ഏറ്റവും മികച്ച സൈക്ലിസ്റ്റുകൾ മത്സരിച്ചതിനാൽ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആവേശകരമായ മത്സരത്തിൽ സ്ലോവാക്യയുടെ പീറ്റർ സാഗൻ കൊളംബിയയുടെ ഈഗൻ ബെർണലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി.
എക്സ്പോ 2020 ദുബായ് വേദിയിൽ ഒക്ടോബർ 31 മുതൽ നവംബർ 6 വരെ നഗര-ഗ്രാമവികസന വാരം സംഘടിപ്പിക്കപ്പെട്ടു. സ്ത്രീകൾ രൂപകൽപ്പന ചെയ്‌തിരുന്നെങ്കിൽ നഗരങ്ങളും ഗ്രാമങ്ങളും എങ്ങനെയായിരിക്കുമെന്ന് പുനരാവിഷ്‌ക്കരിക്കുന്ന ഒരു പ്രത്യേക വിമൻസ് വേൾഡ് മജ്‌ലിസും, അനൗപചാരിക സെറ്റിൽമെന്റുകൾ സുരക്ഷിതവും സുസ്ഥിരവുമാക്കുന്നതിനുള്ള ബ്ലൂപ്രിന്റായ ലാസ്റ്റ് മൈൽ ഡെലിവറി റോഡ്‌മാപ്പിന്റെ സമാരംഭവും നഗര-ഗ്രാമവികസന വാരത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു.
വരാനിരിക്കുന്ന നാളുകളിലും എക്സ്പോ 2020 ദുബായ് വേദി നിരവധി കലാപരിപാടികൾക്കും, വിനോദപരിപാടികൾക്കും, പ്രദർശനങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതാണ്. സംഗീതത്തിന്റെ ശക്തിയിലൂടെ ലോകത്തെ ഒന്നിപ്പിക്കുന്നതിനായി നാൻസി അജ്‌റാമും രഘേബ് അലാമയും നവംബർ 12ന് അൽ വാസൽ പ്ലാസയിൽ അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ ലോകമെമ്പാടും പ്രക്ഷേപണം ചെയ്യുന്നതാണ്. നവംബർ 17 വരെ യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ യുവ വിദ്യാർത്ഥികളെ പ്രദർശിപ്പിക്കുന്ന എക്സ്പോ യംഗ് സ്റ്റാർസ് പ്രോഗ്രാമിന് അൽ വാസൽ ആതിഥേയത്വം വഹിക്കുന്നതാണ്.
നവംബർ 13-ന്, എക്സ്പോ വേദിയിലെത്തുന്ന സന്ദർശകർക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളായ ഉസൈൻ ബോൾട്ടിനെ – 11 തവണ ലോക ചാമ്പ്യൻ, എട്ട് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ്, ഒന്നിലധികം ലോക റെക്കോർഡുകളുടെ ഉടമ – നേരിൽ കാണുന്നതിന് അവസരം ലഭിക്കുന്നതാണ്. അദ്ദേഹം എക്സ്പോ വേദിയിൽ ഒരു ഫാമിലി റണ്ണിന് നേതൃത്വം നൽകുന്നതാണ്.
🇴🇲ഒമാൻ ദേശീയ ദിനം: വാഹനങ്ങൾ മോടി പിടിപ്പിക്കുന്നത് സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി.
✒️രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. നവംബർ 8-നാണ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വാഹനങ്ങളിൽ സ്റ്റിക്കർ ഉൾപ്പടെയുള്ള അലങ്കാരങ്ങൾ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്:
2021 നവംബർ 8 മുതൽ 30 വരെയുള്ള കാലയളവിൽ വാഹനങ്ങളിൽ സ്റ്റിക്കർ ഉൾപ്പടെയുള്ള അലങ്കാരങ്ങൾ പതിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ഇത്തരം സ്റ്റിക്കറുകൾ വാഹനങ്ങളുടെ മുൻവശത്തും, വശങ്ങളിലുമുള്ള ചില്ലുകളിൽ പതിക്കുന്നതിന് അനുമതിയില്ല. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ, ലൈറ്റുകൾ എന്നിവ ഒഴിവാക്കി കൊണ്ട് വേണം ഇവ പതിക്കാൻ. വാഹനങ്ങൾ ഓടിക്കുന്നവർക്ക് കാഴ്ച്ച മറയുന്ന രീതിയിൽ പുറക് വശത്തെ ചില്ലിൽ സ്റ്റിക്കർ പതിക്കരുത്.
തുണികൾ കൊണ്ടുള്ള അലങ്കാരങ്ങൾക്ക് അനുമതിയില്ല. ഇത്തരം അലങ്കാരങ്ങൾ എൻജിൻ ഹുഡിൽ പ്രദർശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്.
ഇത്തരം സ്റ്റിക്കറുകളിൽ അപകീര്‍ത്തികരമായതും, വെറുപ്പുളവാക്കുന്നതുമായ സന്ദേശങ്ങൾ അനുവദിക്കുന്നതല്ല.
വാഹനങ്ങളുടെ നിറത്തിന് മാറ്റം വരുത്തുന്നതിന് അനുമതിയില്ല.
ദേശീയ ദിനത്തിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലുള്ള സ്റ്റിക്കറുകൾക്ക് മാത്രമാണ് അനുമതി.
ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 28, ഞായറാഴ്ച്ച, നവംബർ 29, തിങ്കളാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
🇶🇦രണ്ട് ലോക കപ്പ് സ്റ്റേഡിയങ്ങള്‍ കൂടി നവംബര്‍ 30ന് ഉദ്ഘാടനം ചെയ്യും.
✒️ഫിഫ അറബ് കപ്പിനോടനുബന്ധിച്ച്(fifa arab cup) ഖത്തറില്‍(qatar) രണ്ട് സ്‌റ്റേഡിയങ്ങള്‍ കൂടി ഉദ്ഘാടനം ചെയ്യും. അല്‍ ബൈത്ത്(Al Bayt Stadium), റാസ് അബൂ അബൂദ്(Ras Abu Aboud Stadium) സ്‌റ്റേഡിയങ്ങളാണ് നവംബര്‍ 30ന് തുറക്കുന്നത്.
ആറ് സ്‌റ്റേഡിയങ്ങളിലായാണ് ഫിഫ അറബ് കപ്പ് നടക്കുന്നത്. ഫിഫയ്ക്ക് കീഴില്‍ നടക്കുന്ന ആദ്യ അറബ് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ മേഖലയിലെ 16 രാജ്യങ്ങളാണ് ഏറ്റുമുട്ടുന്നത്. ഫിഫ ലോക കപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ചിട്ടുള്ള ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ലോക കപ്പ് നടക്കുന്ന അതേ കാലയളവിലാണ് ഈ വര്‍ഷം സംഘടിപ്പിക്കുന്നത്.
നവംബര്‍ 30ന് തുടങ്ങി ഡിസംബര്‍ 18 വരെയാണ് 19 ദിവസം നീളുന്ന ഫിഫ അറബ് കപ്പ്. 32 കളികളുള്ള ടൂര്‍ണമെന്റില്‍ ഒരേ ദിവസം ഒന്നിലധികം മല്‍സരങ്ങള്‍ കാണാന്‍ കാണികള്‍ക്ക് അവസരമുണ്ടാവും.
ഫിഫ അറബ് കപ്പ് നടക്കുന്ന സ്റ്റേഡിയങ്ങള്‍
1. അല്‍ ബൈത്ത് സ്റ്റേഡിയം
ശേഷി: 60,000
ഉദ്ഘാടന തിയ്യതി: 2021 നവംബര്‍ 30
നാടോടി ടെന്റുകളുടെ മാതൃകയിലുള്ള രൂപകല്‍പ്പന. ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന മല്‍സരവും ഫൈനല്‍ മല്‍സരവും ഈ സ്റ്റേഡിയത്തിലാണ്.
2. റാസ് അബൂ അബൂദ് സ്റ്റേഡിയം
ശേഷി: 40,000
ഉദ്ഘാടന തിയ്യതി: 2021 നവംബര്‍ 30
ഷിപ്പിങ് കണ്ടെയ്‌നറുകളും മോഡുലാര്‍ ബ്ലോക്കുകളും ഉപയോഗിച്ച് നിര്‍മാണം. ടൂര്‍ണമെന്റിന്റെ ആദ്യ മല്‍സരങ്ങളിലൊന്ന് ഉള്‍പ്പെടെ ആറ് കളികളാണ് ഇവിടെ നടക്കുക. ഫിഫ അറബ് കപ്പിന്റെ ചരിത്രത്തിലെ പൂര്‍ണമായും ഇളക്കി മാറ്റാവുന്ന ആദ്യ സ്റ്റേഡിയമാണിത്. 2022ന് ശേഷം സ്റ്റേഡിയത്തിന്റെ ഭാഗങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കായിക കേന്ദ്രങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കും
3. അല്‍ തുമാമ സ്‌റ്റേഡിയം
ശേഷി: 40,000
ഉദ്ഘാടന തിയ്യതി: 2021 ഒക്ടോബര്‍ 22
ഈ വര്‍ഷം അമീര്‍ കപ്പ് ഫൈനലിനോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത ഈ സ്‌റ്റേഡിയത്തില്‍ ഫിഫ അറബ് കപ്പിലെ സെമിഫൈനല്‍ വരെയുള്ള മല്‍സരങ്ങള്‍ നടക്കും. അറബികള്‍ ധരിക്കുന്ന ശിരോവസ്ത്രമായ ഗഫിയയുടെ മാതൃകയിലാണ് സ്റ്റേഡിയം നിര്‍മാണം.
4. അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം
ശേഷി: 40,000
ഉദ്ഘാടന തിയ്യതി: 2020 ജൂണ്‍ 15
അല്‍ റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ അഹ്‌മദ് ബിന്‍ അലി സ്‌റ്റേഡിയം മാള്‍ ഓഫ് ഖത്തറിന് സമീപത്താണ്. 2020 അമീര്‍ കപ്പ് ഫൈനല്‍ വേളയിലായിരുന്നു ഉദ്ഘാടനം. ഫിഫ അറബ് കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങള്‍ ഇവിടെ നടക്കും.
5. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം
ശേഷി: 40,000
ഉദ്ഘാടന തിയ്യതി: 2020 ജൂണ്‍ 15
മേഖലയിലെ പ്രധാന യൂനിവേഴ്‌സിറ്റികള്‍ക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയം ലോക കപ്പിന് ശേഷം വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രയോജനകരമാവും. ക്വാര്‍ട്ടര്‍ വരെയുള്ള മല്‍സരങ്ങള്‍ നടക്കും. ഈ വര്‍ഷം ആദ്യത്തില്‍ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനല്‍ ഇവിടെയാണ് നടന്നത്.
6. അല്‍ ജനൂബ് സ്റ്റേഡിയം
ശേഷി: 40,000
ഉദ്ഘാടന തിയ്യതി: 2020 മെയ് 16
പരമ്പരാഗത പായ്ക്കപ്പല്‍ മാതൃകയില്‍ അന്തരിച്ച സഹ ഹദീദ് രൂപകല്‍പ്പന ചെയ്തതാണ് ഈ സ്റ്റേഡിയം. അല്‍ വക്‌റയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡേയത്തില്‍ ഫിഫ അറബ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മല്‍സരങ്ങള്‍ നടക്കും.
🇦🇪വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാം; പുതിയ വിസ സംവിധാനവുമായി യുഎഇ.
✒️ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് (retired expats)യുഎഇയില്‍(UAE) തുടരാന്‍ അനുവദിക്കുന്ന പുതിയ വിസ പദ്ധതിക്ക് അംഗീകാരം. വിരമിച്ചവര്‍ക്കായി പ്രത്യേക താമസ വിസയ്ക്ക് അംഗീകാരം നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid Al Maktoum)അറിയിച്ചു. ചൊവ്വാഴ്ച എക്‌സ്‌പോ നഗരിയിലെ(Expo 2020) യുഎഇ പവലിയനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്.
വിരമിച്ച പ്രവാസികള്‍ക്ക് റെസിഡന്‍സി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കിയെന്നും എല്ലാവരെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. 55 വയസ്സ് കഴിഞ്ഞവര്‍ക്ക് അഞ്ചുവര്‍ഷ റിട്ടയര്‍മെന്റ് വിസ അനുവദിക്കുമെന്ന് 2018ല്‍ പ്രഖ്യാപിച്ചിരുന്നു. ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസന പരിപാടികള്‍ക്കായി ധനസഹായം അനുവദിക്കാന്‍ കഴിയുന്ന ഫെഡറല്‍ ഗവണ്‍മെന്റ് ഫണ്ട് നയവും മന്ത്രിസഭ അംഗീകരിച്ചു.
🇦🇪മുസ്‍ലിം ഇതര വിഭാഗങ്ങള്‍ക്കുവേണ്ടി പുതിയ വ്യക്തി നിയമവുമായി അബുദാബി.
✒️മുസ്‍ലിം ഇതര വിഭാഗങ്ങള്‍ക്ക് വേണ്ടി പുതിയ വ്യക്തിനിയമം രൂപീകരിച്ച് അബുദാബി. ഇസ്‍ലാമിക നിയമം അനുസരിച്ചല്ലാത്ത വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ ഇനി മുതല്‍ പുതിയ നിയമത്തിന് കീഴില്‍ വരും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാനാണ് പുതിയ വ്യക്തി നിയമം സംബന്ധിച്ച ഉത്തരവിട്ടത്.
വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, അനന്തരാവകാശം എന്നിവ ഉൾക്കൊള്ളുന്ന 20 വകുപ്പുകളാണ് പുതിയ വ്യക്തി നിയമത്തിലുള്ളത്. വിദേശികളായ സ്‍ത്രീയുടെയും പുരുഷന്റെയും സമ്മതത്തോടെ നടക്കുന്ന വിവാഹം സംബന്ധിച്ചുള്ളതാണ് നിയമത്തിലെ ആദ്യ അധ്യായം. മുസ്‍ലിം ഇതര വിഭാഗങ്ങളുടെ വിവാഹമോചന നടപടിക്രമങ്ങൾ, വിവാഹമോചനത്തിനു ശേഷമുള്ള സ്‍ത്രീയുടെയും പുരുഷന്റെയും അവകാശങ്ങൾ എന്നിവയാണ് നിയമത്തിന്റെ രണ്ടാം ഭാഗത്തിലുള്ളത്. വിവാഹിതരായി ജീവിച്ച കാലയളവ്, ഭാര്യയുടെ പ്രായം, സാമ്പത്തിക നില തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക അവകാശങ്ങൾ വിലയിരുത്തുന്നതിനുള്ള ജഡ്ജിയുടെ വിവേചനാധികാരം എന്നിവയും ഈ രണ്ടാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.
മൂന്നാമത്തെ അദ്ധ്യായം വിവാഹമോചനത്തിനു ശേഷമുള്ള കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ളതും നാലാം ഭാഗം അനന്തരാവകാശത്തെക്കുറിച്ചുള്ളതുമാണ്. മുസ്‍ലിംകളല്ലാത്തവരുടെ കുടുംബ സംബന്ധമായ കേസുകള്‍ പരിഗണിക്കുന്നതിനായി അബുദാബിയില്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇംഗീഷിലും അറബിയിലും ഈ കോടതിയില്‍ നടപടിക്രമങ്ങള്‍ നടക്കും.
0 Comments