Ticker

6/recent/ticker-posts

Header Ads Widget

Omicron : ഒമിക്രോൺ ജാഗ്രതയിൽ രാജ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശം


ഒമിക്രോൺ വൈറസ് (omicron coronavirus) ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് (international travellers) ഇന്ത്യയിലെത്തുന്നവർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി. രാജ്യത്തെത്തുന്നവർ, എയർ സുവിധ പോർട്ടലിൽ കഴിഞ്ഞ രണ്ടാഴ്ചത്തെ യാത്രാവിവരം നൽകണം. 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് ഫലം ഉൾപ്പെടുത്തണം. നൽകിയ വിവരങ്ങൾ ശരിയാണെന്ന് സ്വയം സാക്ഷൃപ്പെടുത്തണം. വിവരങ്ങളിൽ തെറ്റുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകും. 

കൊവിഡിന്റെ ഒമിക്രോൺ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാകണം. ഫലം കിട്ടിയ ശേഷമേ വിമാനത്താവളത്തിൽ നിന്നും പോകാൻ പാടുള്ളു. നെഗറ്റീവായാലും ഒരാഴ്ച വീട്ടിൽ നിരീക്ഷണം നിർബന്ധമാണ്. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. പോസിറ്റീവാകുന്നവരുടെ സാമ്പിൾ ജീനോം സീക്വൻ സിംഗിന് വിധേയമാക്കും. ഇവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റും. കപ്പൽ മാർഗം എത്തുന്നവർക്കും നിബന്ധനകൾ ബാധകമാണ്. നിബന്ധനകൾ ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. 

അതേ സമയം ഒമിക്രോണ്‍ ഇതിനോടകം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ബ്രിട്ടണ്‍, ജർമ്മനി, ഓസ്ട്രിയ, ഹോങ്കോങ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ശക്തമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം സാഹചര്യം പരിശോധിച്ച് മാത്രമേ 15ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമാകൂ.

ഒമിക്രോണിന്‍റെ തീവവ്യാപന ശേഷി സംബന്ധിച്ച് വ്യക്തമായ തെളിവില്ലാത്ത പശ്ചാത്തലത്തില്‍ പരിഭ്രാന്തി വേണ്ടെന്നാണ് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നതെങ്കിലും സര്‍ക്കാര്‍ ജാഗ്രത കൂട്ടുകയാണ്. കൊവിഡ് കേസുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. ആര്‍ടിപിസിആര്‍ പരിശോധന കാര്യക്ഷമമാക്കണം. കൊവിഡ് സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജീനോം സീക്വന്‍സിംഗിന് വിധേയമാക്കണം. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ നിലനിര്‍ത്തണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശം. വാക്സീന്‍ എടുത്തവര്‍ക്ക് രോഗബാധ ഗുരുതരമാകില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കുമ്പോള്‍ ഒരു ഡോസ് വാക്സീന്‍ പോലും സ്വീകരിക്കാത്ത പതിനാറ് കോടിയോളം പേര്‍ ഇനിയും രാജ്യത്തുണ്ട്.

അന്താരാഷ്ട്ര വിമാനസർവീസ് ഉപാധികളോടെ ഡിസംബർ 15-ന് പുനരാരംഭിക്കുമെന്ന് വെള്ളിയാഴ്ചയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ കേന്ദ്രം പുനരാലോചന നടത്തുന്നത്.

ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ 'അറ്റ് റിസ്ക്' പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ചൈന, ബോട്സ്വാന, യുകെ, ബ്രസീൽ, ഇസ്രായേൽ, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്വെ, സിംഗപ്പൂർ, ഇസ്രായേൽ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെയാണ് 'അറ്റ് റിസ്ക്' പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടർനടപടികൾക്കു വേണ്ടിയാണിത്.

അന്താരാഷ്ട്ര വിമാനങ്ങളിൽ എത്തുന്നവരുടെ യാത്രാവിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തിൽ അവലോകനം ചെയ്യാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന വിമാനയാത്രക്കാരുടെ, പ്രത്യേകിച്ച് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ പരിശോധനയും നിരീക്ഷണവും എങ്ങനെ വേണമെന്ന കാര്യവും സർക്കാർ അവലോകനം ചെയ്യും. കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.

ഒമിക്രോൺ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഊർജിത നടപടികൾ സ്വീകരിക്കാനും കർശന നിരീക്ഷണം ഏർപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. വാക്സിനേഷൻ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments