🇸🇦ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞതോടെ സൗദിയിലെ ബാങ്കുകളിൽ വൻ തിരക്ക്.
✒️ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞതോടെ സൗദിയിലെ ബാങ്കുകളിൽ തിരക്ക് വർധിച്ചു. ഇന്ന് പണമയച്ച പലർക്കും ഒരു സൗദി റിയാലിന് 20 രൂപക്ക് മുകളിലാണ് ലഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ടാണ്. കഴിഞ്ഞ നാല് ദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ട് പോയികൊണ്ടിരിക്കുകയാണ്. സൗദി റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യത്തകർച്ച തുടരുന്ന സാഹചര്യത്തിൽ സൗദിയിലെ മണി ട്രാൻസ്ഫർ കേന്ദ്രങ്ങളിൽ ഇന്ത്യൻ പ്രവാസികളുടെ വൻ തിരിക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒരു സൗദി റിയാലിന് 19 രൂപ 93 പൈസ വരെയാണ് ലഭിച്ചിരുന്നതെങ്കിൽ ഇന്ന് 20 രൂപക്ക് മുകളിൽ വരെ ലഭിച്ചു. വാരാന്ത്യ അവധി ദിവസം കൂടി ആയതിനാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പണമയക്കാൻ വരുന്നവരെ വൻ തിരക്കാണ് ഇന്ന് കാണപ്പെട്ടത്. ഓൺലൈൻ സൈറ്റുകളിൽ രേഖപ്പെടുത്തിയത് പ്രകാരം, സൈബ് ഫ്‌ലക്‌സിലാണ് ഇന്ന് 20 രൂപക്ക് മുകളിൽ നൽകിയത്. തൊട്ടുപിറകിലായി എ.എൻ.ബി ടെലി മണിയും, വെസ്റ്റേൺ യൂണിയനും 19 രൂപ 95 പൈസ വരെ നൽകി. ഇൻഞ്ചാസിൽ 19 രൂപ 94 പൈസയും, ബിൻയാലയിൽ 19 രൂപ 92 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചതും, ഓഹരി വിപണിയിലെ തകർച്ചയും ഡോളർ കരുത്താർജ്ജിച്ചതുമാണ് രൂപയുടെ മൂല്യത്തകർച്ചക്ക് കാരണം.
🇧🇭ബഹ്‌റൈനില്‍ ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
✒️കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് ബഹ്‌റൈനിലും സ്ഥിരീകരിച്ചു. ശനിയാഴ്ച്ചയാണ് രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയത്. വിദേശ രാജ്യത്ത് നിന്ന് യാത്ര കഴിഞ്ഞെത്തിയ ആള്‍ക്കാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഏത് രാജ്യത്ത് നിന്നാണ് ഇയാള്‍ എത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഇതുവരെ ആര്‍ക്കും രോഗലക്ഷണമില്ല.
🇶🇦ഖത്തറില്‍ സ്‌റ്റേഡിയങ്ങള്‍ക്കു സമീപം ഡ്രോണ്‍ പറത്തരുതെന്ന് മുന്നറിയിപ്പ്.
✒️കായിക കേന്ദ്രങ്ങള്‍ക്കും ലോക കപ്പ് സ്റ്റേഡിയങ്ങള്‍ക്കും സമീപം ഡ്രോണ്‍ പറത്തരുതെന്ന മുന്നറിയിപ്പുമായി ഖത്തര്‍ അധികൃതര്‍. ഫിഫ ലോക കപ്പ് സുരക്ഷാ കമ്മിറ്റിയുടെതാണ് അറിയിപ്പ്.
ഡ്രോണുകള്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയുകയും നിയമലംഘകര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.
🇦🇪ലോകത്തെ ആദ്യ കടലാസ് രഹിത സർക്കാറായി ദുബൈ.
✒️ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാരെന്ന പകിട്ട് സ്വന്തമാക്കി ദുബൈ. 2021 ഡിസംബർ 12ന് ശേഷം ദുബൈയിലെ സർക്കാർ ഓഫിസുകളിൽ പേപ്പർ ഉപയോഗിക്കില്ല എന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മൂന്ന് വർഷം മുമ്പ് നൽകിയ ഉറപ്പാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ഇനിമുതൽ സർക്കാർ ഓഫിസുകളിലെ എല്ലാ പ്രവർത്തനവും ഓൺലൈൻ വഴി മാത്രമായിരിക്കും. 2018ലാണ് ശൈഖ് ഹംദാൻ പദ്ധതി പ്രഖ്യാപിച്ചത്. അന്ന് മുതൽ സർക്കാർ ഓഫിസുകളിലെ പേപ്പർ ഉപയോഗം ക്രമേണ കുറച്ചുവരികയായിരുന്നു. അഞ്ച് ഘട്ടങ്ങളായാണ് നടപ്പാക്കിയത്. ദുബൈയെ ഡിജിറ്റൽ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗം കൂടിയാണിത്.
അഞ്ചാംഘട്ടം പൂർത്തിയായപ്പോൾ ദുബൈയിലെ 45 സർക്കാർ വകുപ്പുകളും പേപ്പർരഹിതമായി. ഇതോടെ ഈ വകുപ്പുകൾ 1800 ഡിജിറ്റൽ സർവിസുകൾ നടപ്പാക്കി. ഇതുവഴി 336 ദശലക്ഷം പേപ്പറുകൾ ലാഭിക്കാൻ കഴിഞ്ഞു. 130 കോടി ദിർഹമാണ് ലാഭമുണ്ടായത്. 140 ലക്ഷം മണിക്കൂർ ജോലിയും ലാഭിക്കാൻ കഴിഞ്ഞു.
🎙️കൊവിഡ് കാലത്ത് നാട്ടിലെത്തി തിരിച്ചു പോകാന്‍ കഴിയാതിരുന്ന പ്രവാസി മരിച്ചു.
✒️കൊവിഡ് (Covid 19)കാലത്ത് നാട്ടില്‍ എത്തി തിരികെ സൗദിയിലേക്ക്(Saudi Arabia) പോകാന്‍ കഴിയാതെയായ പ്രവാസി യുവാവ് ഹൃദയഘാതം മൂലം മരിച്ചു. സൗദി വടക്ക് പടിഞ്ഞാറന്‍ പ്രാവിശ്യാ പട്ടണമായ താബുക്കില്‍ ഫാല്‍ക്കണ്‍ സ്വീറ്റ്സ് കമ്പനിയില്‍ സെയില്‍സ്മാനായ പാലക്കാട് സ്വദേശി യൂനുസ് തരൂര്‍ (44) ആണ് മരിച്ചത്.
18 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ഏഴു വര്‍ഷമായി തബൂക്കില്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പ് കൊവിഡിന്റെ തുടക്ക കാലത്താണ് നാട്ടില്‍ അവധിക്ക് പോയത്. കൊവിഡ് പ്രതിസന്ധികാരണം തിരികെ വരാന്‍ കഴിഞ്ഞിരുന്നില്ല. പാലക്കാട് പുതുക്കോട് തേക്കെപ്പൊറ്റയിലാണ് താമസിച്ചിരുന്നത്. തബൂക്കിലെ സാംസകാരിക ജീവകരുണ്യ സംഘടനയായ മാസ്സ് തബൂക്കിന്റെ സജീവ പ്രവര്‍ത്തകനും ഷാരലാം യൂണിറ്റ് അംഗവുമായിരുന്നു. യൂനുസിന്റെ ആകസ്മിക വേര്‍പാടില്‍ മാസ്സ് തബൂക്ക് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് റഹീം ഭരതന്നൂര്‍, സെക്രട്ടറി ഉബൈസ് മുസ്തഫ, രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലില്‍, ട്രഷറര്‍ പ്രവീണ്‍ പുതിയാണ്ടി തുടങ്ങിയര്‍ സംസാരിച്ചു. പരേതനായ അബ്ദുല്‍ റഹ്മാന്‍ ആണ് പിതാവ്. ഉമ്മ: ജമീല, ഭാര്യ ഖദീജ. മക്കള്‍ സ്വലിഹ് (14), സക്കറിയ (13), സഹോദരങ്ങള്‍: ഇസ്ഹാഖ് , റയ്ഹാനത്ത്.
🎙️തൊഴിലുടമ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ പ്രവാസി വനിതയ്‍ക്ക് സാമൂഹിക പ്രവർത്തകർ തുണയായി.
✒️അഞ്ച് വര്‍ഷമായി നാട്ടില്‍ പോകാത്ത മലയാളി സൗദിയില്‍(Saudi Arabia) ഹൃദയാഘാതം(heart attack) മൂലം മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയില്‍ മലപ്പുറം പൊന്നാനി സ്വദേശി പുല്‍പ്പാറയില്‍ ബാബു (51) ആണ് മരിച്ചത്. ഇവിടെ ഒരു പെട്രോള്‍ പമ്പില്‍ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞുമോന്‍, മാതാവ്: സരോജിനി, ഭാര്യ: ശൈന, മക്കള്‍: അഭിഷേക്, അലന്‍. മരണാന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അസീര്‍ പ്രവാസിസംഘം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
🇸🇦സൗദിയില്‍ 53 പുതിയ കൊവിഡ് കേസ്, ഒരു മരണം.
✒️സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 53 പേര്‍ക്ക് കൂടി കൊവിഡ്(covid 19). 24 മണിക്കൂറിനിടയില്‍ ഒരു മരണം കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. 71 പേര്‍ സുഖം പ്രാപിച്ചെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 31,942,358 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 550,189 ആയി. ഇതില്‍ 539,409 പേരും സുഖം പ്രാപിച്ചു. ആകെ 8,852 പേര്‍ മരിച്ചു.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,928 പേരില്‍ 27 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,004,040 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,762,099 എണ്ണം ആദ്യ ഡോസ് ആണ്. 22,763,207 എണ്ണം സെക്കന്‍ഡ് ഡോസും. 1,725,545 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 478,734 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 15, ജിദ്ദ 12, അറാര്‍ 3, മദീന 3, ദഹ്‌റാന്‍ 3, ബുറൈദ 2, മക്ക 2, ദമ്മാം 2, മറ്റ് 11 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🎙️ഗുജറാത്തില്‍ ലുലു മാള്‍; 2,000 കോടി നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ്.
✒️ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് (LuLu Group)ഗുജറാത്തില്‍Gujarat) മുതല്‍ മുടക്കുന്നു. വാണിജ്യ നഗരമായ അഹമ്മദാബാദില്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കുവാനാണ് ലുലു ഗ്രൂപ്പ് തീരുമാനം. ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇ. യിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.
2,000 കോടി രൂപ നിക്ഷേപത്തില്‍ അഹമ്മദാബാദിനും ഗാന്ധിനഗറിനുമടുത്ത് ലുലു മാള്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണ പത്രത്തില്‍ ലുലു ഗ്രൂപ്പും ഗുജറാത്ത് സര്‍ക്കാരും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പ് വെച്ചു. ഗുജറാത്ത് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്തയും ലുലു ഗ്രൂപ്പിനെ പ്രതിനിധികരിച്ച് എം.എ.യൂസഫലിയുമാണ് ധാരണയില്‍ ഒപ്പ് വെച്ചത്.
ഇത് പ്രകാരം അടുത്ത വര്‍ഷാരംഭത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനായുള്ള 30 ഏക്കര്‍ സ്ഥലം ഗുജറാത്ത് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് അനുവദിക്കും. 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. മാള്‍ പ്രവര്‍ത്തിക്കുന്നതോടെ 5,000 ആളുകള്‍ക്ക് നേരിട്ടും 10,000 അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി യൂസഫലിക്ക് ഉറപ്പ് നല്‍കി. ഇതിനായുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സീനിയര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനിച്ചു.
പദ്ധതിയുടെ തുടര്‍ ചര്‍ച്ചകള്‍ക്കായി ലുലു ഗ്രൂപ്പിന്റെ ഉന്നതതല സംഘം അടുത്തു തന്നെ ഗുജറാത്ത് സന്ദര്‍ശിക്കും. ഷോപ്പിംഗ് മാള്‍ കൂടാതെ ബറോഡ, സൂറത്ത് എന്നിവിടങ്ങിളില്‍ ഭക്ഷ സംസ്‌കരണ - സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുവാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിനായി ഗുജറാത്ത് മുഖ്യമന്ത്രിയെ യൂസഫലി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. കേരളം സന്ദര്‍ശിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വെച്ച് ഉറപ്പ് നല്‍കുകയും ചെയ്തു.
എഴുപതുകളുടെ തുടക്കത്തില്‍ തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും ഒരു വൈകാരിക ബന്ധമാണ് തനിക്കുള്ളതെന്ന് യോഗത്തിനിടെ യൂസഫലി ഗുജറാത്ത് മുഖ്യന്ത്രിയോട് പറഞ്ഞു. തന്റെ പിതാവും മറ്റ് കുടുംബാംഗങ്ങളും വര്‍ഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയത്. ഗുജറാത്തിന്റെ വാണിജ്യ രംഗത്ത് പുതിയ ഒരു അനുഭവമായിരിക്കും ലുലു മാള്‍ നല്‍കുകയെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം ജനുവരിയില്‍ ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി യൂസഫലിയെ യോഗത്തില്‍ ക്ഷണിച്ചു. മലയാളിയും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ. കൈലാസനാഥന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി രജീവ് കുമാര്‍ ഗുപ്ത, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, സി.ഒ.ഒ. വി.ഐ. സലീം ഗ്രൂപ്പ് ഡയറക്ടര്‍മാരായ എ.വി. ആനന്ദ് റാം, എം.എ. സലീം, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
🇸🇦സൗദിയില്‍ തിങ്കളാഴ്ച മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം.
✒️സൗദി അറേബ്യയില്‍(Saudi Arabia) തിങ്കളാഴ്ച മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന(rain seeking prayer) നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ (King Salman)ആഹ്വാനം. സൗദി റോയല്‍ കോര്‍ട്ടാണ് രാജാവിന്റെ ആഹ്വാനം പുറത്തുവിട്ടത്. തിങ്കളാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്നാണ് ആഹ്വാനം.
🇦🇪യുഎഇയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: ഇന്ന് രോഗമുക്തരായത് 72 പേര്‍.
✒️യുഎഇയില്‍(UAE) ഇന്ന് 78 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 72 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 2,42,454 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.41 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,42,719 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,37,821 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,747 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇶🇦ഖത്തര്‍ എയര്‍വേയ്‍സ് നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കുന്നു.
✒️കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഭാഗിമായി പുനഃസ്ഥാപിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‍സ് (Qatar Airways). ദക്ഷിണാഫ്രിക്കയിലെ (South Africa) രണ്ട് നഗരങ്ങളില്‍ നിന്ന് ഡിസംബര്‍ 12 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാനക്കമ്പനി അറിയിച്ചു. പുതിയ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ (World Health organisation) മാര്‍ഗനിര്‍ദേശം അനുസരിച്ച് മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് അറിയിപ്പ്.
ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‍ബര്‍ഗ്, കേപ്‍ടൌണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് 12 മുതല്‍ തുടങ്ങുന്നത്. ജൊഹന്നാസ്‍ബര്‍ഗില്‍ നിന്ന് ദിവസേന രണ്ട് സര്‍വീസുകളും കേപ്‍ടൌണില്‍ നിന്ന് ഒരു സര്‍വീസുമായിരിക്കും ദോഹയിലേക്ക് ഉണ്ടാവുക. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് ഖത്തര്‍ എയര്‍വേയ്‍സ് നവംബര്‍ 27 മുതല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ദക്ഷിണാഫ്രിക്കക്ക് പുറമെ അംഗോള, സാംബിയ, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു അന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
🇦🇪യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‍ച ഉള്‍പ്പെടെ ആഴ്‍ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും.
✒️യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‍ച ഉള്‍പ്പെടെ ആഴ്‍ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളും പ്രവൃത്തി ദിവസങ്ങളില്‍ അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറക്കണമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു. 2022 ജനുവരി രണ്ട് മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക.
യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളും പുനര്‍നിശ്ചയിച്ചുകൊണ്ട് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രവൃത്തി സമയം എങ്ങനെയായിരിക്കണമെന്ന് അതത് ബാങ്കുകള്‍ക്ക് തന്നെ തീരുമാനിക്കാം. രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ബാങ്കുകളുടെ അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗത്തിന്റെയും ബാക്ക് ഓഫീസിന്റെയും പ്രവര്‍ത്തനം ക്രമീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ പുതിയ അറിയിപ്പ് റമദാന്‍ മാസത്തില്‍ ബാധകമാവില്ല. റമദാനിലെ പ്രവൃത്തി സമയം സംബന്ധിച്ച് സെന്‍ട്രല്‍ ബാങ്ക് പ്രത്യേക നിര്‍ദേശം നല്‍കും. രാജ്യത്തെ കൊമേഴ്‍സ്യല്‍ സെന്ററുകളിലെ ബാങ്ക് ശാഖകളുടെ പ്രവൃത്തി സമയം സംബന്ധിച്ച 2003ലെ നോട്ടീസും ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിക്കുന്ന 1992ലെ സര്‍ക്കുലറും റദ്ദാക്കിയതായും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്.
🇸🇦നൈജീരിയയില്‍ നിന്നുള്ളവര്‍ക്ക് കൂടി യാത്രാ വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ.
✒️ഒമിക്രോൺ (Omicron) വ്യാപനത്തെ തുടർന്ന് നൈജീരിയക്കും (Nigeria) സൗദി അറേബ്യ യാത്രാവിലക്ക് (Saudi travel ban) ഏർപ്പെടുത്തി. സൗദിയിൽ നിന്ന് നൈജീരിയയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി സിവിൽ ഏവിയേഷൻ (Saudi civil avaition) അറിയിച്ചു. നൈജീരിയയിൽ കഴിഞ്ഞ ദിവസം ആറ് പേർക്ക് ഒമിക്രോൺ വൈറസ് കണ്ടെത്തിയതിനെത്തുടർന്നാണ് യാത്രാ വിലക്ക്.
ഇതോടെ ഈ വിഭാഗത്തിൽ സൗദി അറേബ്യ വിലക്കേർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 15 ആയി. യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിലവിൽ വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ 14 ദിവസം താമസിക്കേണ്ടത് നിർബന്ധമാണ്. ഇവർ സൗദിയിലെത്തിയതിനു ശേഷം അഞ്ച് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണം. രാജ്യത്തെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും ഇവർ പി.സി.ആർ കൊവിഡ് പരിശോധന നടത്തുകയും വേണം.
🇰🇼60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസം; വിസ താത്കാലികമായി നീട്ടി നല്‍കിയേക്കും.
✒️കുവൈത്തില്‍ 60 വയസിന് മുകളില്‍ (Expats above 60 years of age) പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമാവാത്ത സാഹചര്യത്തില്‍ താത്കാലികമായി വിസാ കാലാവധി നീട്ടി (Temperoray extension) നല്‍കിയേക്കും. ഇത് സംബന്ധിച്ച നടപടികള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ (MInistry of Interior) പുരോഗമിക്കുകയാണെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൈസ്‍കൂള്‍ വിദ്യാഭ്യാസമില്ലാത്തവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ ഇത് സംബന്ധിച്ച തീരുമാനം എടുക്കാത്തതിനാല്‍ നിലവില്‍ ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് വിസ പുതുക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിസാ കാലാവധി താത്കാലികമായി പുതുക്കി നല്‍കാനുള്ള തീരുമാനമായിരിക്കും കൈക്കൊള്ളുകയെന്നാണ് സൂചന. മാനുഷിക പരിഗണ മുന്‍നിര്‍ത്തി ഒരു മാസം മുതല്‍ മൂന്ന് മാസം വരെയുള്ള കാലയളവിലേക്ക് വിസാ കാലാവധി ഇങ്ങനെ ദീര്‍ഘിപ്പിച്ച് നല്‍കിയേക്കും. അതേസമയം താത്കാലിക വിസയിലുള്ളവര്‍ രാജ്യം വിട്ട് പോകരുതെന്നും അങ്ങനെ ചെയ്‍താല്‍ അത് വിസ റദ്ദാവുന്നതിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇങ്ങനെ രാജ്യത്തു നിന്ന് പുറത്തുപോകുന്നവര്‍ക്ക് പിന്നീട് അതേ വിസയില്‍ തിരികെ വരാന്‍ സാധിച്ചേക്കില്ല.
🇸🇦സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് പുതിയ ലോഗോ ഡിസൈന്‍ ചെയ്യാം; 10 ലക്ഷം രൂപ സമ്മാനം.
✒️സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് (Saudi Ministry of Hajj and Umrah)പുതിയ ലോഗോ(logo) ഡിസൈന്‍ ചെയ്യാം. സൗദിയിലുള്ള ഡിസൈനര്‍മാര്‍ക്കാണ് മത്സരം. പത്ത് ലക്ഷം രൂപയാണ് (50,000 റിയാല്‍) സമ്മാനമെന്ന് മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയുടെ രാജ്യമുദ്രയിലെ രണ്ടു വാളുകളും ഈത്തപ്പനയും ലോഗോയില്‍ ഉണ്ടായിരിക്കണം.
ഹജ്ജിന്റെയും ഉംറയുടെയും പ്രതീകങ്ങള്‍ ഉണ്ടാവണം. ലോഗോയില്‍ പ്രധാന ഭാഗങ്ങള്‍ അറബിയും ഇംഗ്ലീഷും സൂചിപ്പിക്കണം. ലോഗോ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടും ദൗത്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലോഗോ ലളിതമായിരിക്കണം. സങ്കീര്‍ണ ഘടകങ്ങള്‍ ഉണ്ടാവരുത്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ലക്ഷ്യവും കൃത്യമായ സന്ദേശവും ലോഗോ പ്രതിഫലിപ്പിക്കണം. ഇസ്ലാമിക ലോകത്ത് ഹജ്ജിനും ഉംറക്കുമുള്ള സ്ഥാനത്തെ പുതിയ ലോഗോ പ്രതിനിധീകരിക്കണം. ലോഗോയുടെ ഘടന സമതുല്യമായ ജ്യാമിതീയ അളവുകളായിരിക്കണം. ഡിസൈനുകള്‍ ഡിസംബര്‍ 21ന് മുമ്പായി icd@haj.gov.sa എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.
🇸🇦സൗദിയില്‍ കര്‍ശന പരിശോധന; നിയമലംഘകരായ 10,424 പേര്‍ക്ക് ശിക്ഷ.
✒️സൗദി അറേബ്യയില്‍(Saudi Arabia) തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ കഴിഞ്ഞ മാസം 10,424 പേരെ പിടികൂടി. വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസാത്ത്) (Jawazat)നടത്തിയ സംയുക്ത റെയ്ഡില്‍ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകള്‍ അറസ്റ്റിലായത്.
ജവാസാത്ത് ഡയറക്ടറേറ്റിന് കീഴില്‍ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റികള്‍ 10,424 പേരെ ശിക്ഷിച്ചതായി ജവാസാത്ത് അറിയിച്ചു. നിയമലംഘകര്‍ക്ക് തടവും പിഴയും നാടുകടത്തലുമാണ് ശിക്ഷ. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പരിലും മറ്റ് പ്രവിശ്യകളില്‍ 999 എന്ന നമ്പരിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
🇴🇲എംറ്റി ക്വാർട്ടർ ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റ്: പ്രവർത്തന സമയം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് പുറത്തിറക്കി.
✒️ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി. റുബഉൽ ഖാലി ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി ROP ഡിസംബർ 8-ന് അറിയിച്ചിരുന്നു.
ROP-യുടെ കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് പുറത്തിറക്കിയ അറിയിപ്പിലാണ് ഈ കസ്റ്റംസ് ചെക്ക്പോസ്റ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഈ അറിയിപ്പ് പ്രകാരം, ഈ ഹൈവേയിലൂടെ സഞ്ചരിക്കുന്ന യാത്രികർ, സന്ദർശകർ എന്നിവർക്ക് ദിനംതോറും മുഴുവൻ സമയവും ഈ ചെക്ക്പോസ്റ്റിലൂടെ കടന്ന് പോകുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ട്രക്കുകൾ, മറ്റു ചരക്ക് ഗതാഗതം എന്നിവ നിലവിൽ ദിനവും രാവിലെ 8 മണിമുതൽ വൈകീട്ട് 5 മണിവരെ മാത്രമാണ് അനുവദിക്കുന്നത്.
“നിലവിൽ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നേരിട്ടുള്ള കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്ക് മാത്രമാണ് ഈ ചെക്ക്പോസ്റ്റിലൂടെ അനുമതി നൽകുന്നത്. COVID-19 പ്രതിരോധ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഈ ചെക്ക്പോയിന്റിലൂടെ ചരക്ക് ഗതാഗതം അനുവദിക്കുന്നത്.”, ചരക്ക് ഗതാഗതം സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകിക്കൊണ്ട് ROP അറിയിച്ചു.
സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് 021 ഡിസംബർ 7, ചൊവ്വാഴ്ച്ച സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. എംറ്റി ക്വാർട്ടർ മരുഭൂമിയിലൂടെയുള്ള ഈ ഹൈവേ സൗദി കിരീടാവകാശി H.R.H. മുഹമ്മദ് ബിൻ സൽമാന്റെ ഒമാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് തുറന്ന് കൊടുത്തത്.
🇶🇦ഖത്തർ: ദോഹ മെട്രോയിലെ സാങ്കേതിക തകരാർ പരിഹരിച്ചു; മുഴുവൻ മെട്രോ ലൈനുകളുടെയും പ്രവർത്തനം പുനരാരംഭിച്ചു.
✒️2021 ഡിസംബർ 10, വെള്ളിയാഴ്ച്ച വൈകീട്ട് ദോഹ മെട്രോ ശൃംഖലയിൽ നേരിട്ട സാങ്കേതിക തകരാർ പരിഹരിച്ചതായി ഖത്തർ റെയിൽ അറിയിച്ചു. ദോഹ മെട്രോ ശൃംഖലയിലെ മുഴുവൻ ലൈനുകളുടെയും പ്രവർത്തനം ഡിസംബർ 10-ന് രാത്രി 8 മണിയോടെ പുനരാരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച വൈകീട്ട് നാലരയോടെയാണ് ദോഹ മെട്രോ സേവനങ്ങളിൽ തടസം നേരിട്ടത്. അടിയന്തിരമായ ചില സാങ്കേതിക തകരാറുകൾ മൂലം മെട്രോ സേവനങ്ങൾ തടസപ്പെട്ടതായി വെള്ളിയാഴ്ച്ച വൈകീട്ട് 4.40-ന് ദോഹ മെട്രോ പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരുന്നു.
ദോഹ മെട്രോ ഗ്രീൻ ലൈനിലെ തകരാറുകൾ വൈകീട്ട് 6 മണിയോടെ പരിഹരിച്ചിരുന്നു.
വെള്ളിയാഴ്ച്ച വൈകീട്ട് 6.12-ഓടെ ദോഹ മെട്രോ ഗോൾഡ് ലൈനിലെ തകരാറുകൾ പരിഹരിച്ചതായി ഖത്തർ റെയിൽ അറിയിപ്പ് നൽകി.
0 Comments