🇸🇦റെസിഡൻസി വിസാ കാലാവധി നീട്ടാനുള്ള സൗദി അറേബ്യയുടെ തീരുമാനം: ഇന്ത്യ ഉൾപ്പടെ 17 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രയോജനം ലഭിക്കും.
✒️യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി കാലാവധി 2022 ജനുവരി 31 വരെ നീട്ടി നൽകുന്നതിനുള്ള സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സിന്റെ (ജവാസത്) തീരുമാനം 17 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് പ്രയോജനപ്പെടുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജവാസത് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് (ഇഖാമ), എക്സിറ്റ്, റീ-എൻട്രി വിസ, വിസിറ്റ് വിസകൾ തുടങ്ങിയവയുടെ കാലാവധി 2022 ജനുവരി 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി നവംബർ 28-ന് ജവാസത് അറിയിച്ചിരുന്നു. ഈ പദ്ധതിയുടെ പ്രയോജനം ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത് , ഇൻഡോനേഷ്യ, തുർക്കി, ബ്രസീൽ, ലെബനൻ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വെ, നമീബിയ, മൊസാമ്പിക്, ബോട്സ്വാന, ലെസോതോ, എസ്‌വതിനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ബാധകമാക്കിയിട്ടുള്ളത്.
നിലവിൽ സൗദിയ്ക്ക് പുറത്തുള്ള, ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ മൂലം തടസം നേരിട്ടിട്ടുള്ള ഇത്തരം വിസകളിലുള്ളവർക്ക് വിസകളുടെ കാലാവധി പ്രത്യേക ഫീസുകൾ കൂടാതെ അടുത്ത വർഷം ജനുവരി 31 വരെ നീട്ടി നൽകുമെന്നാണ് ജവാസത് അറിയിച്ചിട്ടുള്ളത്. എന്നാൽ സൗദിയിൽ നിന്ന് എക്സിറ്റ്, റീ-എൻട്രി വിസകളിൽ തിരികെ മടങ്ങുന്നതിന് മുൻപായി, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് ഈ ഇളവ് ലഭിക്കുന്നതല്ല.
യാത്രാവിലക്കുകൾ മൂലം സൗദിയിലേക്ക് പ്രവേശിക്കാനാകാതെ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസം നൽകുന്നതിനായാണ് ജവാസത് ഇത്തരം ഒരു നടപടി കൈകൊണ്ടിട്ടുള്ളത്. നാഷണൽ ഇൻഫോർമേഷൻ സെന്ററുമായി ചേർന്നാണ് ജവാസത് ഇത്തരം രേഖകളുടെ കാലാവധി നീട്ടിനൽകുന്ന നടപടി സ്വയമേവ നടപ്പിലാക്കുന്നത്.
അതേസമയം, ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ഡിസംബർ 1 മുതൽ ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
🇶🇦ഖത്തർ: 2021 ഡിസംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.
✒️2021 ഡിസംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2021 നവംബർ 30-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഈ അറിയിപ്പ് പ്രകാരം, രാജ്യത്ത് പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.
2021 ഡിസംബർ മാസത്തിലെ ഖത്തറിലെ ഇന്ധന വില:
പ്രീമിയം പെട്രോൾ – ലിറ്ററിന് 2.00 റിയാൽ. (നവംബർ മാസത്തിൽ ലിറ്ററിന് 2.00 റിയാൽ)
സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (നവംബർ മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (നവംബർ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)
🇴🇲ഒമാൻ: 2021 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില സംബന്ധിച്ച അറിയിപ്പ്.
✒️രാജ്യത്ത് 2021 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില സംബന്ധിച്ച് ഒമാനിലെ നാഷണൽ സബ്‌സിഡി സിസ്റ്റം അറിയിപ്പ് നൽകി. രാജ്യത്തെ പരമാവധി ഇന്ധന വില 2022 വരെ സ്ഥിരപ്പെടുത്താൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നവംബർ 9-ന് ക്യാബിനറ്റിന് നിർദ്ദേശം നൽകിയിരുന്നു.
2021 ഒക്ടോബറിലെ ഇന്ധന വില തന്നെ 2022 അവസാനം വരെ ഇന്ധനത്തിന്റെ പരമാവധി വിലയായി സ്ഥിരപ്പെടുത്തുന്നതിനാണ് ഒമാൻ ഭരണാധികാരി ക്യാബിനറ്റിന് നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശ പ്രകാരം 2021 ഡിസംബർ 1 മുതൽ 2022 അവസാനം വരെ 2021 ഒക്ടോബർ മാസത്തിലെ ഇന്ധന വില രാജ്യത്തെ പരമാവധി ഇന്ധന വിലയായി പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
2021 ഡിസംബർ 1 മുതൽ ഒമാനിലെ ഇന്ധന വില:
M95 പെട്രോൾ – ലിറ്ററിന് 239 ബൈസ.
M91 പെട്രോൾ – ലിറ്ററിന് 229 ബൈസ.
ഡീസൽ – ലിറ്ററിന് 258 ബൈസ.
🇦🇪ദുബായ്: ബൂസ്റ്റർ വാക്സിനുകൾ സംബന്ധിച്ച് DHA അറിയിപ്പ് നൽകി; സിനോഫാം വാക്സിനെടുത്തവർക്ക് രണ്ട് ഡോസ് ബൂസ്റ്റർ നൽകും.
✒️എമിറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വിവിധ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവരുടെ ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പുകൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ഒരു അറിയിപ്പ് പുറത്തിറക്കി. വിവിധ COVID-19 വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ദുബായിൽ ലഭ്യമാക്കിയിട്ടുള്ള ബൂസ്റ്റർ വാക്സിൻ, അവയുടെ കാലാവധി തുടങ്ങിയ വിവരങ്ങൾ ഈ അറിയിപ്പിൽ DHA വ്യക്തമാക്കിയിട്ടുണ്ട്.
വ്യക്തികൾ ആദ്യ ഘട്ടത്തിൽ സ്വീകരിച്ചിട്ടുള്ള വാക്സിനുകൾ അടിസ്ഥാനമാക്കി അവർക്ക് നൽകുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ഈ അറിയിപ്പിലൂടെ DHA ലഭ്യമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രീതിയിലാണ് DHA ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ നൽകുന്നത്:
ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ:
ആദ്യ ഘട്ടത്തിൽ 2 ഡോസ് ഫൈസർ ബയോഎൻടെക് വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഒരു ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
ആദ്യ ഘട്ടത്തിൽ 2 ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഒരു ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
ആദ്യ ഘട്ടത്തിൽ 2 ഡോസ് മോഡർന വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഒരു ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
ആദ്യ ഘട്ടത്തിൽ 2 ഡോസ് സ്പുട്നിക് വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഒരു ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
ആദ്യ ഘട്ടത്തിൽ ഒരു ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക, പിന്നീട് ഒരു ഡോസ് ഫൈസർ ബയോഎൻടെക് വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഒരു ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
ആദ്യ ഘട്ടത്തിൽ ഒരു ഡോസ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി ഒരു ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
ആദ്യ ഘട്ടത്തിൽ 2 ഡോസ് സിനോഫാം, അല്ലെങ്കിൽ രണ്ട് ഡോസ് സിനോവാക് വാക്സിനെടുത്തവർ – ഇവർക്ക് ബൂസ്റ്റർ കുത്തിവെപ്പായി രണ്ട് ഡോസ് ഫൈസർ ബയോഎൻടെക് നൽകുന്നതാണ്. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഈ ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. ഇവർക്ക് 21 ദിവസത്തെ ഇടവേളയിലാണ് ഈ രണ്ട് ഡോസ് ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത്. പതിനാറ് വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും ഈ ബൂസ്റ്റർ ലഭ്യമാണ്.
ദുബായിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാക്കിയിട്ടുള്ള DHA വാക്സിനേഷൻ കേന്ദ്രങ്ങൾ:
One Central COVID-19 Vaccination Centre (2021 ഡിസംബർ 16 വരെ മാത്രം.)
Al Garhoud Medical Fitness Centre.
Al Karama Medical Fitness Centre.
Za’abeel Health Centre.
Al Mizhar Health Centre.
Al Barsha Health Centre.
Nad Al Hamar Health Centre.
Albiet Metwahid Hall in Al Warqa.
DHA കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുന്നതിന് മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്. ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനായുള്ള ബുക്കിംഗ് DHA-യുടെ ആപ്പ് ഉപയോഗിച്ചോ, അല്ലെങ്കിൽ 800342 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.
ബൂസ്റ്റർ ഡോസ് വാക്സിനെടുക്കുന്നതിനായി DHA കേന്ദ്രങ്ങളിൽ എത്തുന്നവർ താഴെ പറയുന്ന രേഖകൾ കൈവശം കരുതേണ്ടതാണ്:
ദുബായ് വിസകളിലുള്ളവർ – എമിറേറ്റ്സ് ഐഡി, പാസ്സ്‌പോർട്ട്, ദുബായ് വിസയുടെ കോപ്പി.
മറ്റു എമിറേറ്റുകളിൽ നിന്നുള്ള വിസകളിലുള്ള, ദുബായിലെ താമസക്കാർ – ദുബായിലെ താമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖ, എമിറേറ്റ്സ് ഐഡി, പാസ്സ്‌പോർട്ട് കോപ്പി.
🇦🇪യു എ ഇയുടെ അമ്പതാം ദേശീയ ദിനം: ഡിസംബർ 2-ന് എക്സ്പോ 2020 ദുബായ് വേദിയിലേക്ക് പ്രവേശനം സൗജന്യം.
✒️യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2021 ഡിസംബർ 2, വ്യാഴാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 1-നാണ് എക്സ്പോ 2020 ദുബായ് സംഘാടകർ ഇക്കാര്യം അറിയിച്ചത്.
സന്ദർശകർക്ക് സൗജന്യ ടിക്കറ്റുകൾ എക്സ്പോ 2020 ദുബായ് വേദിയിലേക്കുള്ള ഗേറ്റുകളിൽ നിന്ന് ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എക്സ്പോ സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ കൈവശമുള്ളവർ ഡിസംബർ 2-ന് എക്സ്പോ വേദിയിലെത്തുന്നുണ്ടെങ്കിൽ, ഇത്തരം ടിക്കറ്റുകൾ സന്ദർശന വേളയിൽ കൈവശം കരുതുന്നത് വേദിയിലേക്ക് വേഗത്തിൽ പ്രവേശിക്കുന്നതിന് സഹായകമാകുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
യു എ ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 1 മുതൽ 4 വരെയുള്ള തീയതികളിൽ എക്സ്പോ വേദിയിലുടനീളം എമിറാത്തി സംസ്കാരത്തെ അടുത്തറിയുന്നതിന് സഹായിക്കുന്ന കലാരൂപങ്ങൾ, പ്രദർശനങ്ങൾ, സംഗീതമേളകൾ എന്നിവ ഉൾപ്പടെ നിരവധി പ്രത്യേക പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്.
ഡിസംബർ 1-ന് വൈകീട്ട് യു എ ഇ സമയം 7:25-ന് അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എക്സ്പോ വേദിയിൽ പ്രത്യേക വെടിക്കെട്ട് പ്രദർശനം ഒരുക്കുന്നതാണ്. ഇതോടൊപ്പം ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള മാർച്ച്, കുട്ടികളുടെ പരേഡ് തുടങ്ങിയവയും പ്രത്യേകമായി അവതരിപ്പിക്കുന്നതാണ്. ഡിസംബർ 2-ന് രാത്രി 7.30-നും, 10.15-നും അൽ വാസൽ ഡോമിലെ വേദിയിൽ രണ്ട് പ്രത്യേക പ്രദർശനങ്ങൾ അരങ്ങേറുന്നതാണ്.
🇶🇦ഫിഫ അറബ് കപ്പ് ഖത്തർ 2021: സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച അറിയിപ്പ്.
✒️ഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി (SSOC) അറിയിപ്പ് നൽകി. നവംബർ 30-ന് വൈകീട്ടാണ് SSOC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മത്സരങ്ങൾക്കെത്തുന്നവർ ഈ പട്ടികയിലുൾപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ കൈവശം കരുതരുതെന്നും SSOC അറിയിച്ചിട്ടുണ്ട്.
ഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ താഴെ പറയുന്ന വസ്തുക്കൾ നിരോധിച്ചിട്ടുണ്ട്:
സെൽഫി സ്റ്റിക്കുകൾ.
ഡ്രോണുകൾ.
പ്രൊഫഷണൽ ക്യാമറകൾ.
2×1.5 മീറ്ററിലും കൂടുതൽ വലിപ്പമുള്ള കൊടികൾ, ബാനറുകൾ, മറ്റു തോരണങ്ങൾ എന്നിവ.
പെർഫ്യൂം ബോട്ടിലുകൾ.
മഗ്, ക്യാൻ, കുപ്പികൾ.
ലേസർ പോയിന്ററുകൾ.
വളര്‍ത്തുമൃഗങ്ങൾ.
കുട.
നവംബർ 30, ചൊവ്വാഴ്ച്ച അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റ് ഉദ്ഘാടനം ചെയ്തിരുന്നു.
🇶🇦ഫിഫ അറബ് കപ്പ് ഖത്തർ 2021 ആരംഭിച്ചു.
✒️ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റ് നവംബർ 30, ചൊവ്വാഴ്ച്ച ആരംഭിച്ചു. അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ, ജി സി സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് മുബാറക് അൽ ഹാജറാഫ്, പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ രാജ്യങ്ങളിലെ തലവന്മാർ, കായിക ഫെഡറേഷനുകളുടെ തലവന്മാർ, ഖത്തറിലെ വിവിധ വകുപ്പ് മന്ത്രിമാർ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ടുണീഷ്യ 5-1-ന് മൗറിത്താനിയയെ തോൽപ്പിച്ചു.
അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയത്തിൽ ഇറാഖും, ഒമാനും തമ്മിൽ നടന്ന രണ്ടാം മത്സരം 1-1-ന് സമനിലയിൽ കലാശിച്ചു. ഉദ്‌ഘാടന ദിവസം നടന്ന മറ്റു രണ്ട് മത്സരങ്ങളിൽ ഖത്തർ, ബഹ്‌റൈനെയും (1-0), യു എ ഇ, സിറിയയെയും (2-1) പരാജയപ്പെടുത്തി.
🇦🇪യു എ ഇ: 2021 ഡിസംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.
✒️2021 ഡിസംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഈ അറിയിപ്പ് പ്രകാരം സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2021 ഡിസംബർ മാസത്തെ യു എ ഇയിലെ ഇന്ധന വില:
സൂപ്പർ 98 – ലിറ്ററിന് 2.77 ദിർഹം. (നവംബർ മാസത്തിൽ ലിറ്ററിന് 2.80 ദിർഹം ആയിരുന്നു)
സ്പെഷ്യൽ 95 – ലിറ്ററിന് 2.66 ദിർഹം. (നവംബർ മാസത്തിൽ ലിറ്ററിന് 2.69 ദിർഹം ആയിരുന്നു)
ഇ-പ്ലസ് 91 – ലിറ്ററിന് 2.58 ദിർഹം. (നവംബർ മാസത്തിൽ ലിറ്ററിന് 2.61 ദിർഹം ആയിരുന്നു)
ഡീസൽ – ലിറ്ററിന് 2.77 ദിർഹം. (നവംബർ മാസത്തിൽ ലിറ്ററിന് 2.81 ദിർഹം ആയിരുന്നു)
2021 ഡിസംബർ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.
🇸🇦സൗദിയില്‍ 26 പേര്‍ക്ക് കൊവിഡ്, 34 പേര്‍ക്ക് രോഗമുക്തി.
✒️സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 34 പേര്‍ക്ക് കൊവിഡ് (Covid 19)സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 26 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,538,438 പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,786 ആയി. ഇതില്‍ 538,939 പേരും സുഖം പ്രാപിച്ചു. ആകെ 8,837 പേര്‍ മരിച്ചു.
2,010 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 39 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 47,449,878 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,620,971 എണ്ണം ആദ്യ ഡോസ് ആണ്. 22,470,514 എണ്ണം സെക്കന്‍ഡ് ഡോസും. 1,719,892 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 358,393 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 8, മക്ക 2, തബൂക്ക് 2, അല്‍ഖോബാര്‍: 2, മറ്റ് 6 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
🩺മലയാളി നഴ്‌സുമാര്‍ക്ക് അവസരം; നോര്‍ക്കയും ജര്‍മന്‍ ഏജന്‍സിയും ധാരണാപത്രം ഒപ്പിടും.
✒️കേരളത്തില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ അനന്തസാധ്യകള്‍ക്ക് വഴിതുറന്ന് നോര്‍ക്ക റൂട്ട്‌സും(Norka roots) ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വിദേശ റിക്രൂട്‌മെന്റ് നടത്താന്‍ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും(German Federal Employment Agency) മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ രണ്ട് വ്യാഴാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ആഗോളതൊഴില്‍ മേഖലയിലെ മാറ്റങ്ങളെ തുടര്‍ന്ന് മലയാളികളുടെ പരമ്പരാഗത കുടിയേറ്റ കേന്ദ്രങ്ങള്‍ക്കു പുറമെയുള്ള സാധ്യതകള്‍ കണ്ടെത്താനുള്ള നോര്‍ക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവത്കൃത രാജ്യമായ ജര്‍മനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ടുമെന്റിന് വഴി തുറന്നിരിക്കുന്നത്. ട്രിപ്പിള്‍ വിന്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന ജര്‍മന്‍ റിക്രൂട്ട്മെന്റ് പദ്ധതി ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ജര്‍മനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലടക്കമുള്ള വിപുലമായ കുടിയേറ്റ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിള്‍ വിന്‍ കണക്കാപ്പെടുന്നത്.
കൊവിഡാനന്തരം ആഗോള തൊഴില്‍ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്‌സിംഗ് ഒഴിവുകളാണ് ഉണ്ടാകുമെന്ന് കരുതുന്നത്. അടുത്ത പതിറ്റാണ്ടില്‍ ആരോഗ്യ മേഖലയില്‍ ലോകമെങ്ങും 25 ലക്ഷത്തില്‍ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവര്‍ഷം കേരളത്തില്‍ 8500ലധികം നഴ്‌സിംഗ് ബിരുദധാരികള്‍ പുറത്തിറങ്ങൂന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളെ റിക്രൂട്ടുചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നോര്‍ക്ക റൂട്ട്‌സ്.
ജര്‍മനിയില്‍ നഴ്‌സിംഗ് ലൈസന്‍സ് ലഭിച്ച് ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷാ വൈദഗ്ദ്യവും ഗവണ്‍മെന്റ് അംഗീകരിച്ച നഴ്‌സിംഗ് ബിരുദവും ആവശ്യമാണ്. ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യതയാണ് ജര്‍മനിയില്‍ നഴ്സ് ആയി ജോലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാല്‍ നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ബി1 ലെവല്‍ യോഗ്യത നേടി ജര്‍മനിയില്‍ എത്തിയതിനു ശേഷം ബി2 ലെവല്‍ യോഗ്യത കൈവരിച്ചാല്‍ മതിയാകും.
ജര്‍മനിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ഥികളെ കേരളത്തില്‍ തന്നെ ഇന്റര്‍വ്യു നടത്തി, സെലക്ട് ചെയ്യപ്പെട്ടുന്നവര്‍ക്ക് ഗൊയ്‌തെ സെന്‍ട്രം (Goethe Centram) മുഖേന ജര്‍മന്‍ ഭാഷാ പ്രാവീണ്യം നേടുന്നതിന് സൗജന്യമായി അവസരം ഒരുക്കും. പരിശീലനം നല്‍കുന്ന അവസരത്തില്‍ തന്നെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ലീഗലൈസേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജര്‍മന്‍ ഭാഷയില്‍ ബി2, ബി1 ലെവല്‍ പാസ്സാകുന്ന മുറയ്ക്ക് 250 യൂറോ വീതം ക്യാഷ് അവാര്‍ഡും പഠിതാക്കള്‍ക്ക് ലഭിക്കും. ബി1 ലെവല്‍ പാസ്സായാല്‍ ഉടന്‍ തന്നെ വിസ നടപടികള്‍ ആരംഭിക്കുകയും എത്രയും വേഗം ജര്‍മനിയിലേക്ക് പോകാനും കഴിയും. തുടര്‍ന്ന് ബി2 ലെവല്‍ ഭാഷാ പരിശീലനവും ജര്‍മനിയിലെ ലൈസെന്‍സിങ് പരീക്ഷക്കുള്ള പരീശീലനവും ജര്‍മനിയിലെ തൊഴില്‍ ദാതാവ് നല്കും. ജര്‍മനിയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ ഈ പരീക്ഷകള്‍ പാസ്സായി ലൈസന്‍സ് നേടേണ്ടതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പാസാകാത്ത പക്ഷം ശരിയായ കാരണം ബോധിപ്പിച്ചാല്‍ മൂന്നു വര്‍ഷം വരെ സമയം ലഭിക്കും. ജര്‍മനിയില്‍ എത്തി പരീക്ഷ പാസ്സാകുന്ന വരെയുള്ള കാലയളവില്‍ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നതിനും ജര്‍മന്‍ പൗരന്‍മാര്‍ക്ക് തുല്ല്യമായ ശമ്പളം ലഭിക്കുന്നതിനും അവസരമുണ്ട്.
കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ആവിര്‍ഭാവത്തെത്തുടര്‍ന്ന് രാജ്യങ്ങള്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ ജര്‍മന്‍ ഫെഡറല്‍ ഫോറിന്‍ ഓഫീസിലെ കോണ്‍സുലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ട്, ജര്‍മന്‍ എംബസിയിലെ സോഷ്യല്‍ ആന്റ് ലേബര്‍ അഫേയഴ്‌സ് വകുപ്പിലെ കോണ്‍സുലര്‍ തിമോത്തി ഫെല്‍ഡര്‍ റൗസറ്റി എന്നിവരാണ് ധാരണാ പത്രം ഒപ്പുവയ്ക്കാന്‍ കേരളത്തില്‍ എത്തുന്നത്. രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും കോണ്‍സിലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ടും ധാരണപത്രം കൈമാറും. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ജര്‍മന്‍ ഹോണററി കോണ്‍സല്‍ സയ്ദ് ഇബ്രാഹിം എന്നിവര്‍ പങ്കെടുക്കും.
🇸🇦സൗദിയില്‍ നിയമ ലംഘകരായ വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ 20 ലക്ഷം രൂപ പിഴ.
✒️സൗദി അറേബ്യയില്‍(Saudi Arabia) നിയമ ലംഘകരായ(law violators) വിദേശികളെ ജോലിക്കു നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ (20 ലക്ഷം രൂപ) വരെ പിഴ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് (Jawazat). നിയമ ലംഘകരെ ജോലിക്കു വെക്കുന്നവര്‍ക്കും സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ സ്വന്തം നിലക്ക് ജോലി ചെയ്യാനോ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാനോ പുറത്തേക്ക് വിടുന്നവര്‍ക്കും മറ്റു സ്പോണ്‍സര്‍മാര്‍ക്കു കീഴിലെ തൊഴിലാളികളെ ഉപയോഗിക്കുന്നവര്‍ക്കുമെല്ലാം ഒരു ലക്ഷം റിയാല്‍ തോതില്‍ പിഴ ലഭിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ പുതിയ തൊഴില്‍ വിസകള്‍ നിഷേധിക്കും.
നിയമ ലംഘകരെ ജോലിക്കു വെച്ചതിന്റെ ഉത്തരവാദിത്തമുള്ള മാനേജര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വിദേശികളായ മാനേജര്‍മാരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. ജോലിക്കു വെക്കുന്ന നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
🇸🇦സൗദിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗം ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരന്.
✒️സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് ( Omicron virus ) സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ (Africa) നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ ഇതാദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് സൗദിയിൽ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് അവസ്ഥയെയും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും അധികൃതർ അറിയിച്ചു. എല്ലാവരും വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും മന്ത്രലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമിക്രോൺ വകഭേദത്തിനെതിരെ വാക്സീൻ ഫലപ്രദമാകുമെന്നാണ് ആദ്യ ഗവേഷണ ഫലങ്ങൾ നൽകുന്ന സൂചനയെന്ന് ഇസ്രായേൽ അറിയിച്ചു. ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്‌താൽ ഇരട്ടിയോളം പകർച്ചാശേഷി ഒമിക്രോണിന് ഉണ്ടെന്നും ഇസ്രായേൽ ഗവേഷകർ വെളിപ്പെടുത്തി. ഇപ്പോഴുള്ള വാക്‌സീനുകൾ ഒമിക്രോണിനെതിരെ ഫലിക്കില്ലെന്ന് ഇന്നലെ മോഡേണ കമ്പനിയുടെ മേധാവി അഭിപ്രായപ്പെട്ടിരുന്നു. ഈ വാദം തള്ളിയാണ് ഇസ്രായേൽ വെളിപ്പെടുത്തൽ. ഒമിക്രോൺ ഭീഷണിയിൽ ആഗോള വിപണിയിൽ തകർച്ച തുടരുകയാണ്. അമേരിക്കയിലും
യൂറോപ്പിലും ഓഹരി വിപണിയിൽ വൻ തകർച്ച ഉണ്ടായി. ക്രൂഡ് വിലയിൽ സമീപ കാലത്തെ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായത്.
അതേസമയം ഒമിക്രോണ്‍ ജാഗ്രതയില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കര്‍ശന പരിശോധന നടക്കുകയാണ്. പുതിയ വകഭേദ വ്യാപനത്തിന് ഏറ്റവും സാധ്യത അന്താരാഷ്ട്ര യാത്രകളാണെന്നതിനാല്‍ പഴുതടച്ചുള്ള പരിശോധനയാണ് രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നടക്കുന്നത്. രാവിലെ 10 മണിവരെ 1013 യാത്രക്കാരെ പരിശോധിച്ചതായി ദില്ലി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഒമിക്രോണ്‍ ഇതിനോടകം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ന്യൂസിലന്‍ഡ്, സിംബാബ്വേയടക്കം 11 രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെയാണ് അറ്റ് റിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന അഞ്ച് ശതമാനം പേരെയെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. കൊവിഡ് പൊസിറ്റീവാകുന്നവരുടെ സ്രവം ജനിതക ശ്രേണീകരണം നടത്തുന്നതിനൊപ്പം നെഗറ്റീവാകുന്നവരെ 14 ദിവസം വരെ നിരീക്ഷിക്കുകയും ചെയ്യും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുെട സ്രവം മാത്രമല്ല കൊവിഡ് വ്യാപനം തീവ്രമാകുന്ന പ്രദേശങ്ങളിലെ പൊസിറ്റീവ് സാമ്പികളുകളുടെയും ജനിതക ശ്രേണീകരണം നടത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുക്കുയാണ്.
കര്‍ണ്ണാടകയിലും മുംബൈയിലും പരിശോധിച്ച സാമ്പിളുകളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുമ്പോള്‍ രണ്ടിടങ്ങളിലെയും ഒരോ ക്ലസ്റ്ററുകളിലെ മുഴുവന്‍ പൊസിറ്റീവ് കേസുകളും ജനിതക ശ്രേണീകരണം നടത്താനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഇതിനിടെ വാക്സീന്‍ മൂന്നാംഡോസ് നല്‍കുന്നതില്‍ വിശദമായ നയം അടുത്ത ആഴ്ചയോടെ പുറത്തിറക്കുമെന്നാണ് അറിയുന്നത്. മറ്റ് രോഗങ്ങളുള്ളവര്‍ക്കും പ്രായമായവര്‍ക്കും ആദ്യ പരിഗണന നല്‍കാനാണ് തീരുമാനമെന്നറിയുന്നു. കുട്ടികളുടെ വാക്സിനേഷനിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന് വ്യക്തമാക്കുന്ന ആരോഗ്യമന്ത്രാലയം പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും രോഗങ്ങളലട്ടുന്നവര്‍ക്കും മുന്‍ഗണന നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
🇶🇦ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടി; ഇന്ന് 160 പേര്‍ക്ക് രോഗബാധ.
✒️ഖത്തറില്‍(Qatar) ഇന്ന് 160 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 141 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 240791
ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 2,064 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചില്ല. 9 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 95 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 9722 ഡോസ് വാക്സിന്‍ കൂടി നല്‍കി. 1,12,428
ബൂസ്റ്റര്‍ ഡോസ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 49,89,421 ഡോസ് വാക്സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇦🇪മലയാളികളടക്കം നിരവധി കുറ്റവാളികളെ യുഎഇ വിട്ടയക്കും.
✒️50ാം ദേശീയ ദിനം പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 1875 തടവുകാരെ വിട്ടയക്കും. 7 എമിറേറ്റുകളിലും തടവുകാരെ വിട്ടയക്കുന്നുണ്ട്. അബൂദബി 870, ദുബൈ 142, ഷാര്‍ജ 237, അജ്മാന്‍ 43, ഉമ്മുല്‍ഖുവൈന്‍ 34, റാസല്‍ഖൈമ 442, ഫുജൈറ 107 തടവുകാരെയുമാണ് വിട്ടയക്കുക.
വിട്ടയക്കുന്നവരില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരുണ്ടെന്നാണ് വിവരം. ചെറിയ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടവരും തടവുകാലത്ത് നല്ല നടപ്പിന് വിധേയരായവരെയുമാണ് മോചനത്തിനു പരിഗണിക്കുക.
മോചിപ്പിക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതയും എഴുതിത്തള്ളും. തെറ്റുകുറ്റങ്ങളില്‍ പശ്ചാത്തപിച്ച് കുടുംബത്തോടൊപ്പം പുതിയൊരു ജീവിതം തുടങ്ങാന്‍ അവസരമൊരുക്കിയ ഭരണാധികാരികളെ എമിറേറ്റ് പോലിസ് മേധാവികള്‍ അഭിനന്ദിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഇവരെ വിട്ടയയ്ക്കുമെന്നും അറിയിച്ചു.
0 Comments