🇦🇪വിസ്മയക്കാഴ്ച്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍.
✒️മനംകുളിര്‍പ്പിക്കുന്ന കാഴ്ച്ചകളും കൈനിറയെ സമ്മാനങ്ങളുമായി 27ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) തുടങ്ങി. വലിയ വിലക്കുറവില്‍ ഷോപ്പിങ്, ലോകത്തിലെ സകല രുചിക്കൂട്ടുകളും നിരന്ന ഭക്ഷ്യമേളകള്‍, വിനോദ-സാഹസിക പരിപാടികള്‍, ഉല്ലാസ യാത്രകള്‍ എന്നിങ്ങനെ അടുത്തമാസം 30 വരെയാണ് ആഘോഷം.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബുര്‍ജ് പാര്‍ക്കില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. ബുര്‍ജ് ഖലീഫയില്‍ ലൈറ്റ്-ലേസര്‍ ഷോ, ഡൗണ്‍ടൗണില്‍ സ്വദേശി-രാജ്യാന്തര കലാകാരന്മാര്‍ പങ്കെടുത്ത സംഗീത-നൃത്തപരിപാടികള്‍, ഘോഷയാത്ര എന്നിവ സന്ദര്‍ശകര്‍ക്ക് അപൂര്‍വ വിരുന്നായി. ഗ്ലോബല്‍ വില്ലേജ്, ഫെസ്റ്റിവല്‍ സിറ്റി തുടങ്ങിയ പ്രധാന മേഖലകളില്‍ കരിമരുന്നു പ്രയോഗം ഉണ്ടായിരുന്നു.
ആഘോഷം ഏതാനും വേദികളിലൊതുങ്ങുന്നില്ലെന്നാണ് ഡിഎസ്എഫിന്റെ പ്രത്യേകത. ഗ്ലോബല്‍ വില്ലേജ്, പാര്‍ക്കുകള്‍, ക്രീക്, മാളുകള്‍, ഫെസ്റ്റിവല്‍ സിറ്റി, ദ് ബീച്ച്, ബ്ലൂ വാട്ടേഴ്‌സ് ഐലന്‍ഡ് എന്നിവിടങ്ങളിലെല്ലാം ദിവസവും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടാകും.
ഇന്ത്യയില്‍ നിന്നടക്കമുള്ള വിഖ്യാത കലാകാരന്മാരും വിവിധ ദിവസങ്ങളില്‍ എത്തും. ദുബായ് ഓപ്പറ, ക്യുഇ2 തിയറ്റര്‍, കോക്കകോള അരീന എന്നിവിടങ്ങളില്‍ നാടകങ്ങള്‍, സംഗീത-നൃത്തപരിപാടികള്‍ എന്നിവ അരങ്ങേറും. ഐഎംജി വേള്‍ഡ് അഡ്വഞ്ചേഴ്‌സ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍ എന്നിവിടങ്ങളില്‍ ഫാഷന്‍ മേളയും ഉല്ലാസ പരിപാടികളും ആസ്വദിക്കാം.
അല്‍ ഷിന്ദഗ മ്യൂസിയം, പെര്‍ഫ്യൂം ഹൗസ്, ഹിസ്റ്റോറിക്കല്‍ ഡോക്യുമെന്റ് സെന്റര്‍, ഷറൂഖ് അല്‍ ഹദീദ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, വാട്ടര്‍ ഫ്രണ്ട് മേഖല എന്നിവിടങ്ങളില്‍ സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളകളുമുണ്ടാകും. പെര്‍ഫ്യൂം ഹൗസില്‍ ഊദ് ഉള്‍പ്പെടെയുള്ള അറേബ്യന്‍ സുഗന്ധലേപനങ്ങള്‍ വാങ്ങാം.
വെടിക്കെട്ടിന്റെ പൂരം
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പുതുമകള്‍ പെയ്യുന്ന കരിമരുന്നു പ്രയോഗം ആസ്വദിക്കാം. ദുബൈ ഫെസ്റ്റിവല്‍ സിറ്റി, അല്‍ സീഫ്, ദുബൈ ക്രീക്, ദുബൈ ഫെയിം, ലാമെര്‍ എന്നിവിടങ്ങളില്‍ ഇന്നു രാത്രി 8.30നും ഫെസ്റ്റിവല്‍ സിറ്റിയില്‍ 22 വരെ ദിവസവും ഉണ്ടാകും.
ഭാഗ്യവാന്മാരേ ഇതിലേ
ഭാഗ്യശാലികള്‍ക്ക് ആഡംബര വാഹനങ്ങളും സ്വര്‍ണാഭരണങ്ങളും സ്വന്തമാക്കാം. നിസാന്‍ ഗ്രാന്‍ഡ് നറുക്കെടുപ്പില്‍ നിസാന്‍ ക്രിക്‌സ്, നിസാന്‍ പട്രോള്‍, എക്‌സ് ടെറ, എക്‌സ് ട്രെയില്‍ എന്നിവ നേടാന്‍ അവസരമുണ്ട്. തത്സമയ നറുക്കെടുപ്പിലൂടെ 2 ലക്ഷം സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പില്‍ ഇന്‍ഫിനിറ്റി ക്യുഎക്‌സ്80 ആഡംബര വാഹനമാണു ലഭിക്കുക.
ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പില്‍ സ്വര്‍ണനാണയങ്ങളടക്കം കാത്തിരിക്കുന്നു. 500 ദിര്‍ഹത്തിന്റെ ആഭരണം വാങ്ങിയാല്‍ ഭാഗ്യശാലികള്‍ക്ക് കാല്‍ കിലോ സ്വര്‍ണം ലഭിക്കും. ദുബൈ ഷോപ്പിങ് മാള്‍സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നറുക്കെടുപ്പില്‍ ഓരോ ആഴ്ചയും 10 ലക്ഷം ദിര്‍ഹം ലഭിക്കും.
ബ്ലൂ വാട്ടേഴ്‌സ്, ദ് ബീച്ച്, ലോകത്തിലെ ഏറ്റവും വലിയ വിസ്മയചക്രം ഐന്‍ ദുബായ് എന്നിവിടങ്ങളില്‍ ദിവസവും വൈകിട്ട് 7 മുതല്‍ 9.30 വരെ ഡ്രോണ്‍ ലൈറ്റ് ഷോ കാണാം.
🎙️വിലയിടിച്ചിലില്‍ റെക്കോഡിട്ട് രൂപ; പ്രവാസികള്‍ക്ക് നേട്ടം.
✒️രൂപയുടെ മൂല്യം റെക്കോഡ തകര്‍ച്ച നേരിടുമ്പോള്‍ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് നേട്ടം. ഒരു യുഎഇ ദിര്‍ഹത്തിനു 20 രൂപ 77 പൈസയായിരുന്നു ഇന്നലെ ലഭിച്ച മികച്ച നിരക്ക്. ഖത്തര്‍ റിയാലിന് അല്‍സമാന്‍ എക്‌സ്‌ചേഞ്ചില്‍ 20 രൂപ 70 പൈസയാണ് നിരക്ക്. ഒമിക്രോണ്‍ വ്യാപന ഭീതിയും യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയുമാണ് രൂപയ്ക്കു തിരിച്ചടിയായത്.
രാവിലെ ഡോളറിന് 76.05 രൂപയില്‍ വ്യാപാരം ആരംഭിച്ച ഇന്നലെ വൈകിട്ട് ആകുമ്പോഴേക്കും 76.33 രൂപയില്‍ എത്തുകയായിരുന്നു. ഈ വ്യത്യാസം ദിര്‍ഹം, റിയാല്‍, ദിനാര്‍ ഉള്‍പ്പെടെ ഇതര ഗള്‍ഫ് കറന്‍സികളിലും പ്രതിഫലിച്ചു. ഇതോടെ പണം അയയ്ക്കാനെത്തിയ പ്രവാസികളുടെ എണ്ണവും വര്‍ധിച്ചു. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും എണ്ണ വില വര്‍ധിച്ചതും രൂപയ്ക്കു തിരിച്ചടിയായി.
കുവൈത്ത് ദിനാറിന് ഇന്നലെ ലഭിച്ചത് 251.93 രൂപയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ദിനാറിന് പകരം ഇത്രയുമേറെ രൂപ ലഭിക്കുന്നത്. ഇതിന് മുന്‍പ് 2020 ഏപ്രില്‍ 21ന് ലഭിച്ച 249.30 രൂപയാണ് കുവൈത്ത് ദിനാറിന് പകരം ലഭിച്ച ഏറ്റവും കൂടിയ ഇന്ത്യന്‍ രൂപ.
🎙️കാലിലെ വ്രണം പഴുത്ത് ദുര്‍ഗന്ധം വമിച്ചതോടെ ഒപ്പം താമസിക്കുന്നവര്‍ മുറിക്ക് പുറത്താക്കി; തുണയായി കെഎംസിസി.
✒️കടുത്ത പ്രമേഹത്തെ തുടര്‍ന്ന് കാലിലെ വ്രണം പഴുത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഒപ്പം താമസിക്കുന്നവര്‍ മുറിക്ക് പുറത്താക്കിയ യുപി സ്വദേശിക്ക് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. റിയാദില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍ പ്രദേശ് മഹാരാജ്ഖണ്ഡ് സ്വദേശി ജാഹിര്‍ അലി (59)ക്ക് ആണ് കെഎംസിസി പ്രവര്‍ത്തകര്‍ തുണയായത്. മുറിയില്‍ നിന്ന് പുറത്താക്കപ്പെ ജാഹിര്‍ അലി താമസ കെട്ടിടത്തിന്റെ ടെറസില്‍ ആണ് കഴിഞ്ഞിരുന്നത്.
കാലിലെ മുറിവ് പഴുത്ത് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ റൂമിലുള്ളവര്‍ കെട്ടിടത്തിന്റെ മുകളിലേക്ക് മാറ്റുകയായിരുന്നു. സന്ദര്‍ശക വിസയില്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ എത്തിയ മകന്‍ പിതാവിനെ തന്റെ അടുത്ത് എത്തിക്കാന്‍ റിയാദിലുള്ള ടാക്‌സി ഡ്രൈവര്‍ സാദിഖ് വല്ലപ്പുഴയെ ഏല്‍പിക്കുകയായിരുന്നു. കൊണ്ടുപോകാന്‍ വേണ്ടി റിയാദിലെ താമസസ്ഥലത്ത് ചെന്നപ്പോഴാണ് ടെറസില്‍ കഴിയുന്ന രോഗിയെ കണ്ടത്.
ജാഹിര്‍ അലിയുടെ ദയനീയാവസ്ഥ കണ്ട സാദിഖ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ട് സഹായം തേടി. കണ്‍വീനര്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ജുബൈലില്‍ നിന്നെത്തിയ ജാഹിര്‍ അലിയുടെ മകനും ചേര്‍ന്ന് അടിയന്തര ചികിത്സക്കായി റിയാദ് ശുമൈസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലില്‍ ശക്തമായ അണുബാധയുണ്ടെന്നും ഇത് ജീവന് അപകടമാണെന്നും പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ സമ്മതത്തോടെ കാല്‍ മുറിച്ചു. അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് റൂമില്‍ തിരിച്ചെത്തി. എന്നാല്‍ വീണ്ടും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അമീര്‍ മുഹമ്മദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത ജാഹിര്‍ അലിയെ നാട്ടിലെത്തിക്കാനുള്ള സഹായങ്ങളും കെഎംസിസി പ്രവര്‍ത്തകര്‍ നല്‍കി. വ്യാഴാഴ്ച ലഖ്‌നോയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നാട്ടുകാരനായ ജാവേദിന്റെ കൂടെ യാത്രയാക്കി. വെല്‍ഫെയര്‍ വിങ്ങ് മെഡിക്കല്‍ ടീം സുഫ്യാന്‍ ചൂരപ്പുലാന്‍, ഹബീബ്, ഷബീര്‍, അബ്ദുല്‍ സമദ്, ഇര്‍ഷാദ് തുവ്വൂര്‍, നേവല്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ ആഷിഖ്, ഷറഫ് എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സഹായത്തിനുണ്ടായിരുന്നു.
🇸🇦‘റിസ്ക് ‘ രാജ്യങ്ങൾ സന്ദർശിച്ചവർക്ക് ഇനി പിഴ അഞ്ചു ലക്ഷം റിയാൽ മുന്നറിയിപ്പുമായി സൗദി.
✒️‘റിസ്ക് ‘ രാജ്യങ്ങൾ സന്ദർശിച്ചവർക്ക് കനത്ത പിഴ ഈടാക്കാനൊരുങ്ങി സൗദി. കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാത്ത രാജ്യങ്ങൾ സന്ദർശിച്ചവർ ആ വിവരം വെളിപ്പെടുത്താതെ സൗദിയിലേക്ക് കടന്നാൽ കനത്ത പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒമൈക്രോൺ വകഭേദം വ്യാപകമായ്ക്കുന്ന പശ്ചാത്തലത്തിലാണ് സൗദി പുതിയ നിർദേശം വച്ചിരിക്കുന്നത്.
റിസ്ക് പട്ടികയില്പെട്ട രാജ്യങ്ങളിൽ നിന്ന് രാജ്യാന്തര വിമാനങ്ങൾ വഴിയോ അല്ലാതെയോ സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ എയർലൈൻ കമ്പനികളും വാഹന ഉടമകളും വെളിപ്പെടുത്തണമെന്നാണ് നിർദേശം.
ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ സന്ദർശനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താത്ത പക്ഷം കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞു. ആരോഗ്യ നിരീക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 21, 25, 26 എന്നിവ അടിസ്ഥാനമാക്കിയാകും നടപടി സ്വീകരിക്കുക.
രാജ്യാന്തര യാത്രക്കാർ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളോ അത്തരം പകർച്ച വ്യാധികളോ പടരാതിരിക്കാനുള്ള മുൻകരുതൽ പാലിക്കണമെന്നതാണ് നിയമം. ഇത് ലംഘിക്കുന്ന പക്ഷം നിയമം ലംഘിക്കുന്നവരും ഗതാഗത സംവിധാനത്തിന്റെ ഉടമയ്ക്കും ശിക്ഷ ബാധകമാകും. കൂടാതെ ഇങ്ങനെ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇരുകൂട്ടരും ഉത്തരവാദികളാണെന്ന് അധികൃതർ വ്യക്തമാക്കി.
🇸🇦ബൂസ്റ്റർ ഡോസ് വാക്സിൻ സൗദി നൽകും.
✒️ഇന്ത്യയിൽനിന്ന് ബൂസ്റ്റർ ഡോസ് വാക്സിൻ ലഭിക്കാത്തവർക്ക് സൗദിയിൽനിന്ന് സൗജന്യമായി ലഭിക്കും. നാട്ടിൽനിന്ന് രണ്ട് ഡോസ് സ്വീകരിച്ച് ആറു മാസം പൂർത്തിയായവർക്കാണ് സൗദിയിൽനിന്ന് ബൂസ്റ്റർ ഡോസ് വാക്സിൻ ലഭിക്കുക. ആദ്യ ഡോസ് എടുക്കാത്തവർക്കും സൗദിയിലേക്ക് വരുന്നതിന് തടസ്സങ്ങളില്ല.
തവക്കൽനാ സ്റ്റാറ്റസ് പരിഗണിക്കുന്നത് സൗദിയിൽനിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ്. നേരത്തെ ഇന്ത്യയിൽനിന്ന് സൗദി അംഗീകരിച്ച വാക്സിനുകളെടുത്ത് അത് തവക്കൽനായിൽ അപ്ഡേറ്റ് ചെയ്ത ശേഷം വരുന്നവർക്ക് സൗദിയിൽ എത്തിയാലുള്ള 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവനുവദിച്ചിരുന്നു. എന്നാൽ, ആ ചട്ടം ഇപ്പോൾ നിലവിലില്ല.
നിലവിൽ സൗദിക്ക് പുറത്തുനിന്ന് വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരും സൗദിയിലേക്ക് നേരിട്ടെത്തിയാൽ അഞ്ച് ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണമെന്ന് മാത്രമാണ് പുതിയ വ്യവസ്ഥ. നാട്ടിൽവെച്ച് എടുക്കുന്ന വാക്സിൻ ഡോസുകളുടെ എണ്ണം സൗദിയിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ മാനദണ്ഡമാക്കുന്നില്ല.
സൗദിയിൽനിന്ന് വാക്സിൻ സ്വീകരിച്ച് നാട്ടിൽ പോയി വരുന്നവർക്ക് മാത്രമാണ് തവക്കൽനായും സൗദി വാക്സിനേഷൻ സർട്ടിഫിക്കറ്റുകളും വിമാനത്താവളങ്ങളിൽ കാണിക്കേണ്ടി വരുക. മറ്റുള്ളവർക്കെല്ലാം ഹോട്ടൽ ക്വാറൻറീൻ ബുക്കിങ് രേഖയാണ് പ്രധാനം. നാട്ടിൽനിന്ന് വാക്സിനെടുക്കാത്തവർക്കും സൗദിയിൽനിന്ന് സൗജന്യമായി വാക്സിൻ ലഭിക്കും.
🇸🇦സൗദിയിൽ 85 പുതിയ കോവിഡ് കേസുകൾ; 81 പേർക്ക് രോഗമുക്തി.
✒️സൗദിയിൽ പുതുതായി സ്ഥിരീകരിച്ചത് 85 കോവിഡ് കേസുകളാണ്. 81 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 550,542 ഉം രോഗമുക്തരുടെ എണ്ണം 539,793 ഉം ആയി.
പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,858 ആയി. 1,891 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 30 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 34, ജിദ്ദ 14, മക്ക 6, ഖോബാർ 5, ദമ്മാം 4, മദീന 3, ഹുഫൂഫ് 3, തബൂക്ക്, ത്വാഇഫ്, അൽഖർജ്, മുബറസ് എന്നിവിടങ്ങളിൽ രണ്ട് വീതവും മറ്റ് 10 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
സൗദി അറേബ്യയിൽ ഇതുവരെ 48,256,920 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,836,617 ആദ്യ ഡോസും 22,879,086 രണ്ടാം ഡോസും 5,41,217 ബൂസ്റ്റർ ഡോസുമാണ്.
🇰🇼കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിന് താത്കാലിക വിലക്ക്.
✒️കുവൈത്തില്‍ (Kuwait) പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ (Expats driving licence) പുതുക്കുന്നതിന് താത്കാലിക വിലക്കേര്‍പ്പെടുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ആവശ്യമായ നിബന്ധനകള്‍ പാലിക്കാതെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ പ്രവാസികളുടെ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ (Cancelling licences) പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ നിബന്ധനകള്‍ പാലിക്കുന്നവര്‍ ഉള്‍പ്പെടെ പ്രവാസികളില്‍ ആര്‍ക്കും ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധിക്കുന്നില്ല. ലൈസന്‍സ് പുതുക്കലിനുള്ള ഓട്ടോമേറ്റഡ് സംവിധാനത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലൈസന്‍സുകള്‍ പുതുക്കാന്‍ സാധിക്കില്ലെന്ന് പ്രവാസികളില്‍ പലരും ചൂണ്ടിക്കാട്ടി. പ്രവാസികളുടെ കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുകയോ, നഷ്‍ടപ്പെട്ട് പോയ ലൈസന്‍സുകള്‍ പകരം അനുവദിക്കാനുള്ള അപേക്ഷ സ്വീകരിക്കുകയോ ചെയ്യരുതെന്ന് കാണിച്ച് പ്രത്യേക നിര്‍ദേശവും നല്‍കിയതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ലൈസന്‍സുകള്‍ പുതുക്കാനോ മറ്റ് ഇടപാടുകള്‍ക്കോ ഉള്ള അപേക്ഷകള്‍ ഇപ്പോള്‍ ട്രാഫിക് വകുപ്പ് സ്വീകരിക്കുന്നില്ല. കാലാവധി കഴിഞ്ഞ ലൈസന്‍സുമായി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അപകടങ്ങളിലോ മറ്റോ പെടുകയാണെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും. ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരുടെയും മറ്റ് ജീവനക്കാരുടെയും ലൈസന്‍സുകള്‍ പുതുക്കാന്‍ സാധിക്കാത്തതിനാല്‍ സ്വദേശികളെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ ലൈസന്‍സുകളുമായി വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശവും ട്രാഫിക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്‍കി.
നിയമ വിരുദ്ധമായും ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവാസികള്‍ സ്വന്തമാക്കിയ ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിസംബര്‍ 26 മുതല്‍ റദ്ദാക്കി തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ താമസകാര്യ, തൊഴില്‍ വിഭാഗങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള സംവിധാനവുമായി ബന്ധിപ്പിച്ചായിരിക്കും പരിശോധന. കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ശമ്പളവും തൊഴിലും ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
🇦🇪യുഎഇയില്‍ ഇന്ന് 200 പേര്‍ക്ക് കൊവിഡ്; രോഗമുക്തരായത് 119 പേര്‍.
✒️അബുദാബി: യുഎഇയില്‍(UAE) ഇന്ന് 200 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 119 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 3,37,670 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.59 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,43,352 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,38,260 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,941 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇰🇼കുവൈത്തിൽ കോവിഡ് കേസുകളിൽ വർധന.
✒️കുവൈത്തിൽ കോവിഡ് കേസുകളിൽ നേരിയ വർധന. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്ത് പൗരന്മാരിൽ ആണ് കൂടുതൽ കോവിഡ് കേസുകൾ കണ്ടെത്തുന്നതെന്നു ആരോഗ്യമന്ത്രി ശൈഖ് ബാസിൽ അസ്വബാഹ് പറഞ്ഞു. കഴിഞ്ഞ ദിവസം അദാൻ ആശുപത്രി സന്ദർശിക്കവെ ആണ് ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്വബാഹ് രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതായി അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ വർധനയുണ്ടെന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്തികളിലാണ് കൂടുതൽ കോവിഡ് കേസുകൾ കാണുന്നതെന്നും മന്ത്രി പറഞ്ഞു. അതെ സമയം ഒന്നിൽ കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നേരത്തെ രോഗം സ്ഥിരീകരിച്ച യൂറോപ്യൻ പൗരൻ ക്വാറന്‍റൈനില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്ത് കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാണ്. മേഖലയിലെയും ആഗോള തലത്തിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ എല്ലാവരും കണിശത പാലിക്കണമെന്നും ഡോ. ബാസിൽ അസ്സബാഹ് അഭ്യർത്ഥിച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദയും മന്ത്രിയെ അനുഗമിച്ചു. അദാൻ ആശുപത്രി വികസന പദ്ധതി സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി.
🇧🇭ബഹ്‌റൈൻ: ഡിസംബർ 19 മുതൽ വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു.
✒️2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദേശത്തെത്തുടർന്നാണ് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഡിസംബർ 15-ന് രാത്രിയാണ് ബഹ്‌റൈൻ അധികൃതർ ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം 2021 ഡിസംബർ 19 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിബന്ധനകളാണ് അധികൃതർ അറിയിച്ചിരിക്കുന്നത്:
2021 ഡിസംബർ 19 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ നടപടിക്രമങ്ങൾക്ക് പകരമായി യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതാണ്. ഇത്തരം സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനുള്ള QR കോഡ് ഈ രേഖകളിൽ നിർബന്ധമാണ്.
ഈ നിബന്ധന ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന ആറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും ബാധകമാണ്.
എല്ലാ യാത്രികർക്കും നിലവിൽ പ്രാബല്യത്തിലുള്ള രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിലും, ബഹ്‌റൈനിലെത്തിയ ശേഷം അഞ്ചാമത്തേയും, പത്താമത്തേയും ദിനങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള PCR ടെസ്റ്റുകൾ തുടരാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
0 Comments