Ticker

6/recent/ticker-posts

Header Ads Widget

ഒമിക്രോൺ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തും

രാജ്യത്ത് ഒമിക്രോൺ ആശങ്ക വർധിക്കുന്നു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം വർധിച്ച കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം വരുംദിവസങ്ങളിൽ സന്ദർശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാൾ, മിസോറം, കർണാടക, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കായിരിക്കും കേന്ദ്രസംഘം എത്തുക.

17 സംസ്ഥാനങ്ങളിലായി രാജ്യത്ത് നിലവിൽ 415 ഒമിക്രോൺ രോഗികളുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 108 പേരാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ ചികിത്സയിലുള്ളത്. 79 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയാണ് പിന്നിൽ. കേരളത്തിൽ 37 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ചാം സ്ഥാനത്താണ് കേരളം.

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചു തുടങ്ങി. കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിക്കുന്നവരിൽ രോഗലക്ഷണങ്ങൾ കുറവാണെങ്കിലും വ്യാപനത്തിൽ വില്ലനായതിനാൽ ജാഗ്രത മുഖ്യമാണെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. ഇന്ത്യയിൽ റിപ്പോർട്ട്ചെയ്ത കേസുകളെല്ലാം ലക്ഷണമില്ലാത്തവയോ നേരിയ ലക്ഷണങ്ങളുള്ളവയോ ആണ്. എന്നാൽ, ഇതുവരെയുള്ള വകഭേദങ്ങളിൽ ഒമിക്രോൺ ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ളതാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് 183 ഒമിക്രോൺ കേസുകൾ പരിശോധിച്ചതിൽ 121 എണ്ണവും ഒമിക്രോൺ ബാധിതമേഖലകളിൽനിന്ന് എത്തിയവരാണ്. 44 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 18 പേരുടെ വ്യാപന ഉറവിടം വ്യക്തമല്ല. 87 പേർ പൂർണമായും വാക്സിനെടുത്തവരാണ്. മൂന്നുപേരാകട്ടെ മറ്റുരാജ്യങ്ങളിൽനിന്ന് ബൂസ്റ്റർ ഡോസ് വാക്സിനേഷനും വിധേയരായവരാണ്. ബാക്കിയുള്ളവരിൽ 20 പേരൊഴികെയുള്ളവർ ഒറ്റഡോസ് വാക്സിനെടുത്തിട്ടുണ്ട്.

ഇന്ത്യയിൽ കേസുകൾ ഉയരുകയാണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാർ സുസജ്ജമാണ്. ഡെൽറ്റ വകഭേദത്തിൽ അവലംബിച്ച ചികിത്സാരീതിതന്നെയാണ് ഒമിക്രോൺ ബാധിതരിലും തുടരുക.

മുൻതരംഗങ്ങളിലെപ്പോലെ കിടക്കകൾക്കും ഓക്സിജനും ക്ഷാമമുണ്ടാകില്ല. 18 ലക്ഷം ഐസൊലേഷൻ വാർഡുകൾ, അഞ്ചുലക്ഷം ഓക്സിജൻ കിടക്കകൾ, 1.5 ലക്ഷം ഐ.സി.യു., 25,000 പീഡിയാട്രിക് ഐ.സി.യു., 65,000 പീഡിയാട്രിക് കിടക്കകൾ തുടങ്ങിയ സംവിധാനങ്ങളുണ്ട്. രാജ്യത്ത് 89 ശതമാനം പേർ (83.29 കോടി ആളുകൾ) ഒറ്റ വാക്സിനും 61 ശതമാനം പേർ (57.02 കോടി ജനങ്ങൾ) രണ്ടുവാക്സിനും എടുത്തെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

Post a Comment

0 Comments