സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
മറ്റന്നാൾ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും. നിയന്ത്രണങ്ങൾ കൂടുതൽ ദിവസത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ആലോചനയും മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വരുമെന്നാണ് സൂചന. കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കാര്യവും മന്ത്രിസഭ പരിഗണിക്കും.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നലെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക.
കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല എന്നും നിർദ്ദേശമുണ്ട്. ഇന്നലെ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ ഏർപ്പെടുത്തേണ്ടെന്നും അവലോകന യോഗത്തിൽ തീരുമാനമായിരുന്നു.
ഒമിക്രോൺ കുതിക്കുന്നു; രോഗികൾ 578, കടുത്തനിയന്ത്രണം വേണമെന്ന് കേന്ദ്രം
രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് വ്യാപനം വർധിക്കുന്നു. തിങ്കളാഴ്ചമാത്രം 156 പേർക്കുകൂടി സ്ഥിരീകരിച്ചതോടെ 19 സംസ്ഥാനങ്ങളിലായി ആകെ ഒമിക്രോൺ ബാധിതർ 578-ലെത്തി. 151 പേർ രോഗമുക്തിനേടി.
ഡൽഹി (142), മഹാരാഷ്ട്ര (141), കേരളം (57), ഗുജറാത്ത് (49), രാജസ്ഥാൻ (43), തെലങ്കാന (41) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. അതിനിടെ, കോവിഡ് സ്ഥിരീകരിച്ചശേഷം ഒമിക്രോൺ ഫലം കാത്തിരിക്കുന്നവരുടെ എണ്ണം 700 കടന്നു.
ഡെൽറ്റയെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയാണ് ഒമിക്രോണിനെന്ന് ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ പത്തിലൊന്ന് ഒമിക്രോൺ രോഗികൾ കേരളത്തിൽ. രാജ്യത്ത് തിങ്കളാഴ്ചവരെ 578 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 57 എണ്ണവും കേരളത്തിലാണ്.
സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത് ഈ മാസം 12-നാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ കേസുകൾ 57-ലേക്ക് ഉയർന്നു. ഇതിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത മൂന്നു കേസുകൾ സമ്പർക്കത്തിലൂടെ പടർന്നതാണെന്നതും ഗൗരവമുള്ളതാണ്.
ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണമുള്ള വിദഗ്ധസംഘം തിരുവനന്തപുരത്തെത്തി.
0 Comments