തിരുവനന്തപുരം:സംസ്ഥാനത്തെ ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചന നൽകി ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് വർധന ന്യായമായ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വർധന എങ്ങനെയായിരിക്കണമെന്ന് പഠിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയേയും മന്ത്രി ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളിൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.
ഇന്ധനവില വർധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്സി നിരക്ക് പുതുക്കുക,പഴയ വാഹനങ്ങളിൽ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമായി നീട്ടുക, ഇഓട്ടോ റിക്ഷയ്ക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
മന്ത്രി ആന്റണി രാജുവുമായുള്ള ചർച്ചയ്ക്ക് പിന്നാലെ പണിമുടക്ക് പിൻവലിക്കുന്നതായി ഓട്ടോ-ടാക്സി തൊഴിലാളി സംഘടനകൾ അറിയിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങുമെന്ന് അറിയിച്ചിരുന്ന പണിമുടക്കാണ് പിൻവലിച്ചത്.
കള്ള ടാക്സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ധനവിലയും അനുബന്ധ ചെലവുകളും ഉയർന്ന സാഹചര്യത്തിൽ ആനുപാതികമായ നിരക്ക് വർധനവ് വേണമെന്നായിരുന്നു ഓട്ടോ-ടാക്സി തൊഴിലാളികളുടെ ആവശ്യം. 2018-ലാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിച്ചത്.
0 Comments