Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇰🇼കുവൈറ്റ്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് നിലനിർത്തുന്നതിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതായി സൂചന.

✒️രാജ്യത്തെ പ്രവാസികൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ നിലനിർത്തുന്നതിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വകുപ്പിന് നിർദ്ദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച നിർദ്ദേശം രാജ്യത്തെ ട്രാഫിക് വകുപ്പുകൾക്ക് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് നൽകിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രവാസികൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകളിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, മന്ത്രിസഭാ തലത്തിലെടുത്തിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം നിലനിർത്താൻ അർഹതയുള്ള ലൈസൻസുകൾ ഇവയിൽ നിന്ന് കണ്ട് പിടിക്കുന്നതിനുമാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. സർക്കാർ തീരുമാനപ്രകാരം പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത, ശമ്പളം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.

നിലവിൽ ലഭ്യമായിട്ടുള്ള വിവരങ്ങൾ പ്രകാരം പ്രവാസികൾക്ക് കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് നിലനിർത്തുന്നതിന് 600 ദിനാർ ശമ്പളം നിർബന്ധമാണ്. പരിശോധനകളിൽ ഈ ശമ്പളം ഇല്ലാത്ത പ്രവാസികളുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്ന നടപടികളും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും.

🇦🇪യു എ ഇ അമ്പതാം വാർഷികാഘോഷം: പ്രത്യേക 50 ദിർഹം ബാങ്ക് നോട്ട് പുറത്തിറക്കി.

✒️യു എ ഇയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ 50 ദിർഹത്തിന്റെ ബാങ്ക് നോട്ട് പുറത്തിറക്കി. ഡിസംബർ 7, ചൊവ്വാഴ്ച്ച യു എ ഇ ഭരണാധികാരികളുടെയും, കിരീടാവകാശികളുടെയും സാന്നിധ്യത്തിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഈ പുതിയ ബാങ്ക് നോട്ട് പ്രകാശനം ചെയ്തത്.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ H.H. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവൈൻ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, ഷാർജ കിരീടാവകാശിയും, ഉപ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, അജ്മാൻ കിരീടാവകാശി H.H. ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.

അമ്പത് ദിർഹം കറൻസി നോട്ടിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഈ ബാങ്ക് നോട്ട് യു എ ഇയിൽ വിതരണം ചെയ്യുന്ന ഇത്തരത്തിലെ ആദ്യത്തെ ബാങ്ക് നോട്ടാണ്.

സ്ഥാപക പിതാവായ പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, എമിറേറ്റ്‌സിന്റെ ആദ്യ തലമുറ ഭരണാധികാരികൾ എന്നിവരോടും, രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ ഇവരുടെ സമർപ്പണത്തിന്റെയും ചരിത്രപരമായ പങ്കിനോടുമുള്ള ബഹുമാനാർത്ഥമാണ് ഈ പുതിയ പതിപ്പ് ബാങ്ക് നോട്ട് പുറത്തിറക്കിയിരിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഡയറക്ടർ ബോർഡ് ചെയർമാനും, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഈ ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് അഭിപ്രയാപ്പെട്ടു.

“രാജ്യം പ്രവേശിക്കാനിരിക്കുന്ന പുതിയ ഘട്ടവും അതിന്റെ വളർച്ചയുടെ പാത തുടരാനുള്ള പുതുക്കിയ പ്രതിജ്ഞയും ഈ ബാങ്ക് നോട്ടിന്റെ പുതിയ പതിപ്പിൽ ഞങ്ങൾ കാണുന്നു. രാജ്യത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നതിനായി ഒരു പുതിയ ബാങ്ക് നോട്ട് പുറത്തിറക്കിക്കൊണ്ട് ഞങ്ങളുടെ സ്ഥാപക പിതാക്കന്മാരോട് ഞങ്ങളുടെ അഭിനന്ദനവും നന്ദിയും പ്രകടിപ്പിക്കാൻ ഈ അവസരം ഞങ്ങൾ ഉപയോഗിക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പുതിയ അമ്പത് ദിർഹം നോട്ടിന്റെ മുൻഭാഗത്ത് വലതുവശത്തായി അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാചിത്രവും, മധ്യഭാഗത്ത് യൂണിയൻ രേഖയിൽ ഒപ്പ് വെച്ച ശേഷമുള്ള സ്ഥാപക പിതാക്കന്മാരുടെ സ്മാരക ചിത്രവും, ഇടതുവശത്ത് എമിറേറ്റ്സിലെ രക്തസാക്ഷികളുടെ സ്മാരകമായ വഹാത് അൽ കരാമയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

നോട്ടിന്റെ മറുവശത്ത് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ യൂണിയൻ കരാറിൽ ഒപ്പുവെക്കുന്ന ചിത്രവും, യൂണിയൻ സ്ഥാപിക്കുന്നതിനും ആദ്യമായി യുഎഇ പതാക ഉയർത്തുന്നതിനും സാക്ഷ്യം വഹിച്ച എത്തിഹാദ് മ്യൂസിയത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു.

സുസ്ഥിരതാ നയത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഈ ബാങ്ക് നോട്ട് പോളിമർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത കോട്ടൺ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈട് നിൽക്കുന്നതും, സുസ്ഥിരവുമാണ് പോളിമർ ബാങ്ക് നോട്ടുകൾ. ഇവ പ്രചാരത്തിൽ പരമ്പരാഗത നോട്ടുകളേക്കാൾ രണ്ടോ അതിലധികമോ മടങ്ങ് നീണ്ടുനിൽക്കുന്നതാണ്. പോളിമർ പൂർണ്ണമായും റീസൈക്കിൾ ചെയ്യാൻ കഴിയുന്നതിനാൽ, ഇവ പരിസ്ഥിക്ക് ഇണങ്ങുന്നതുമാണ്.

വ്യത്യസ്തമായ വയലറ്റ് ഷേഡുകൾ, ഫ്ലൂറസെന്റ് നീല നിറത്തിൽ മധ്യഭാഗത്ത് അടയാളപ്പെടുത്തിയിട്ടുള്ള യു എ ഇ നാഷൻ ബ്രാൻഡ്, നൂതന ഇന്റാഗ്ലിയോ പ്രിന്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ഡ്രോയിംഗുകൾ, ലിഖിതങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഈ പുതിയ ബാങ്ക് നോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാഴ്ചാ വൈകല്യമുള്ള ഉപഭോക്താക്കൾക്കായി ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന ബ്രെയിൽ ചിഹ്നങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും കള്ളപ്പണത്തെ ചെറുക്കുന്നതിനുമായി വിപുലമായ സുരക്ഷാ ഫീച്ചറുകളും പുതിയ 50 ദിർഹം ബാങ്ക് നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ നോട്ട് വരും ദിവസങ്ങളിൽ സെൻട്രൽ ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും ലഭ്യമാക്കുന്നതാണ്. നിലവിലെ 50 ദിർഹം ബാങ്ക് നോട്ട്, നിയമപ്രകാരം മൂല്യം ഉറപ്പുനൽകുന്ന ഒരു ബാങ്ക് നോട്ടായി പ്രചാരത്തിൽ തുടരുമെന്നും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ അറിയിച്ചിട്ടുണ്ട്.

🇦🇪യു എ ഇ: 2022 ജനുവരി 1 മുതൽ പള്ളികളിലെ വെള്ളിയാഴ്ച്ച പ്രാർത്ഥനകളുടെ സമയക്രമത്തിൽ മാറ്റം വരുത്തും.

✒️2022 ജനുവരി 1 മുതൽ രാജ്യത്തെ പള്ളികളിലെ വെള്ളിയാഴ്ച്ച പ്രാർത്ഥനകളുടെയും, പ്രഭാഷണങ്ങളുടെയും സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു. അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്തുടനീളമുള്ള പള്ളികളിലെ വെള്ളിയാഴ്ച്ച പ്രാർത്ഥനകളും, പ്രഭാഷണങ്ങളും ഉച്ചയ്ക്ക് 1.15-ന് ശേഷം നടത്തുന്നതിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഈ പുതുക്കിയ സമയക്രമം വർഷം മുഴുവൻ ബാധകമാകുന്ന രീതിയിലാണ് നടപ്പിലാക്കുന്നത്. രാജ്യത്തെ പൊതു മേഖലയിലെ പ്രവർത്തനരീതി ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതിയിലേക്ക് മാറ്റാനുള്ള തീരുമാനത്തോടൊപ്പമാണ് യു എ ഇ സർക്കാർ ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ഫെഡറൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ നടപ്പിലാക്കുന്നതിനും, വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷവും, ശനി, ഞായർ എന്നീ ദിവസങ്ങളും അവധി നൽകുന്നതിനും തീരുമാനിച്ചതായി യു എ ഇ സർക്കാർ ഡിസംബർ 7-ന് അറിയിച്ചിരുന്നു.

ഈ തീരുമാന പ്രകാരം പൊതുമേഖലയിൽ നടപ്പിലാക്കുന്ന പ്രവർത്തിദിനങ്ങൾക്കനുസൃതമായി തങ്ങളുടെ ആഭ്യന്തര പ്രവർത്തിസമയങ്ങൾ പുനഃക്രമീകരിക്കാൻ ശ്രമിക്കാൻ യു എ ഇയിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റയിസേഷൻ വകുപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്.

🇶🇦ഫിഫ അറബ് കപ്പില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി; ഖത്തര്‍ യുഎഇക്ക് എതിരേ.

✒️ആദ്യ ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങള്‍ പൂര്‍ത്തിയായി. എട്ട് ടീമുകള്‍ കാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നതോടെ ഇനി ആവേശം കത്തും.

ആതിഥേയരായ ഖത്തറിന് പുറമേ തുണീസ്യ, ഒമാന്‍, യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, അല്‍ജീരിയ എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ ഇടം നേടിയത്.

വെള്ളിയാഴ്ച്ച രാത്രി 10ന് നടക്കുന്ന ഖത്തര്‍ യുഎഇ മല്‍സരമാണ് ക്വാര്‍ട്ടറില്‍ ശ്രദ്ധേയമായ പോരാട്ടം. ഏഷ്യന്‍ കപ്പില്‍ യുഎഇയെ ഏക പക്ഷീയമായ നാല് ഗോളിന് തകര്‍ത്ത ഖത്തര്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും മാറ്റുരക്കുന്നത്. അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞത് ഒന്നും ഖത്തര്‍ പ്രതീക്ഷിക്കുന്നില്ല.

ഗ്രൂപ്പ് എയില്‍ ബഹ്‌റൈന്‍, ഒമാന്‍, ഇറാഖ് എന്നിവയെ തകര്‍ത്ത് പരാജയം അറിയാതെയാണ് ഖത്തറിന്റെ വരവ്. അതേ സമയം, ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് യുഎഇ. സിറിയയെയും മൗറിത്താനിയയെയും തോല്‍പ്പിച്ച യുഎഇ തൂണിസ്യയോട് ഒരു ഗോളിന്റെ പരാജയം രുചിച്ചു.

ക്വാര്‍ട്ടര്‍ ഫൈനലിലെ മറ്റു മല്‍സരങ്ങളില്‍ തൂണീസ്യ ഒമാനെയും(ഡിസംബര്‍ 10- എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം), ഈജിപ്ത് ജോര്‍ദാനെയും(ഡിസംബര്‍ 11- അല്‍ ജനൂബ് സ്‌റ്റേഡിയം), മൊറോക്കോ അല്‍ജീരിയയെയും(ഡിസംബര്‍ 12- അല്‍ തുമാമ സ്‌റ്റേഡിയം) നേരിടും.

🇰🇼കുവൈത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

✒️കോവിഡ് വകഭേദമായ ഒമിക്രോണ്‍ കുവൈത്തലും സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ രാജ്യത്ത് പോയിട്ടുണ്ടായിരുന്ന യൂറോപ്യന്‍ പൗരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

കുവൈത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ അംഗീകൃത വാക്‌സിന്റെ രണ്ടു ഡോസുകളും ഇദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നതായും രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് സാധ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ സ്വീകരിക്കാന്‍ കുവൈത്തികളും വിദേശികളും മുന്നോട്ടുവരണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

🇶🇦ഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ മാറുന്നതിനുള്ള കാലാവധി തീരാന്‍ ദിവസങ്ങള്‍; ഓര്‍മപ്പെടുത്തി ബാങ്കുകള്‍.

✒️ഖത്തറില്‍ പഴയ നോട്ടുകള്‍ മാറുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് ഓര്‍മപ്പെടുത്തി ബാങ്കുകള്‍. പഴയ നോട്ടുകള്‍ ബാങ്കില്‍ നല്‍കി പുതിയത് സ്വീകരിക്കുന്നതിനുള്ള കാലാവധി 2021 ഡിസംബര്‍ 31 വരെയാണ്.

ബാങ്കുകളുടെ മുഴുവന്‍ ബ്രാഞ്ചുകളിലും എടിഎമ്മികളിലും ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് അല്‍ അഹ്‌ലി ബാങ്ക്, ദോഹ ബാങ്ക്, ക്യുഐബി, അല്‍ ഖലീജി തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് സന്ദേശമയച്ചു.

🇶🇦ഖത്തറില്‍ കോവിഡ് ആക്ടീവ് കേസുകള്‍ 2300 ആയി; ഇന്ന് 163 പേര്‍ക്ക് പോസിറ്റീവ്.

✒️ഖത്തറില്‍(Qatar) ഇന്ന് 163 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 21 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 118 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 241,797 ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 2,300 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 12 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 6 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 7,216 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. 148,742
ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 50,35,470
ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇰🇼ഒരാഴ്‍ചയ്‍ക്കിടെ 474 പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് അയച്ചു.

✒️കുവൈത്തില്‍ (Kuwait) കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടെ 474 താമസ നിയമലംഘകരെ (residence law violators) അറസ്റ്റ് ചെയ്‍തു. ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം (Ministry of Interior) പുറത്തുവിട്ടത്. പിടികൂടിയ പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് (deportation centre) മാറ്റി.

താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലാവുന്നവരുടെ പേരിലുള്ള തുടര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അവരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കണമെന്നും പരമാവധിപ്പേരുടെ നടപടികള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ നടന്നുവരികയാണ്. കൊവിഡ് സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെയ്‍ക്കുകയും നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കുകയും ചെയ്‍തിരുന്നു. ഒന്നിലേറെ തവണ ഇതിനുള്ള സമയം നീട്ടി നല്‍കിയിട്ടും നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വിമാന സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെ ശക്തമായ പരിശോധനയും ആരംഭിക്കുകയായിരുന്നു.

അതേസമയം നിയമ ലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വമേധയാ പിഴയടച്ച് രാജ്യം വിടാനാവും. ഇവര്‍ക്ക് മറ്റൊരു വിസയില്‍ തിരികെ വരികയും ചെയ്യാം. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുവൈത്തില്‍ പിന്നീട് വിലക്കേര്‍പ്പെടുത്തും. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാനും ഇവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വിലക്കുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.

🇰🇼ശമ്പളം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുന്നു.

✒️കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ (Kuwait driving licence) സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ (Expats) മാനദണ്ഡങ്ങള്‍ (Conditions) പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫാണ് ട്രാഫിക് വിഭാഗത്തിന് (Traffic Department) ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രാജ്യത്ത് പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി നിജപ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ ഇവര്‍ പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. 

പ്രവാസികളുടെ ശമ്പളം, വിദ്യാഭ്യാസ യോഗ്യത, ശമ്പളം സംബന്ധിച്ച നിബന്ധനകളില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരിശോധനയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 600 ദിനാര്‍ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്നതാണ് പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള പൊതു നിബന്ധന. ശമ്പളം, ജോലി, വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള മാനദണ്ഡങ്ങള്‍ നിലവില്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്ന പ്രവാസികളുടെ ലൈസന്‍സ് റദ്ദാക്കും.

നേരത്തെ ശമ്പള നിബന്ധന പാലിച്ചിരുന്നവര്‍ പുതിയ ജോലിയിലേക്ക് മാറിയ ശേഷം ശമ്പളത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും അവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ഡ്രൈവര്‍മാരായി ജോലി ചെയ്‍തിരുന്നവര്‍ ജോലി മാറിയിട്ടുണ്ടെങ്കിലും ലൈസന്‍സ് നഷ്‍ടമാവും. മീഡിയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവര്‍ ഉള്‍പ്പെടെ ശമ്പള നിബന്ധനയില്‍ ഇളവ് അനുവദിക്കപ്പെട്ടിരുന്നവര്‍ ആ ജോലിയില്‍ നിന്ന് മാറിയിട്ടുണ്ടെങ്കിലും ലൈസന്‍സ് റദ്ദാക്കുമെന്നാണ് അറിയിപ്പ്. ലൈസന്‍സ് പുതുക്കുമ്പോഴും ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തിയ ശേഷമായിരിക്കും പുതുക്കി നല്‍കുക.

🇸🇦കോവിഡ്; സൗദിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,989 ആയി കുറഞ്ഞു.

✒️സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,989 ആയി കുറഞ്ഞു. ഇന്ന് 46 പുതിയ രോഗികളും 64 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 550,043 ഉം രോഗമുക്തരുടെ എണ്ണം 539,205 ഉം ആയി. പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ചികിത്സയിൽ കഴിയുന്നവരിൽ 29 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 16, ജിദ്ദ 10, മക്ക: 2, തബൂക്ക് 2, ദഹ്‌റാൻ 2, മറ്റ് 14 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 47,865,478 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതി 24,728,429 ആദ്യ ഡോസും 22,701,446 രണ്ടാം ഡോസും 435,603 ബൂസ്റ്റർ ഡോസുമാണ്.

🇸🇦സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് ഉദ്‌ഘാടനം ചെയ്തു.

✒️സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. എംറ്റി ക്വാർട്ടർ മരുഭൂമിയിലൂടെയുള്ള ഈ ഹൈവേ 2021 ഡിസംബർ 7, ചൊവ്വാഴ്ച്ചയാണ് ഉദ്‌ഘാടനം ചെയ്തത്.

സൗദി കിരീടാവകാശി H.R.H. മുഹമ്മദ് ബിൻ സൽമാന്റെ ഒമാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ റോഡ് തുറന്ന് കൊടുത്തത്. സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി ചെലവുകൾ കുറയ്ക്കുന്നതിനും, കടത്ത്‌കൂലി കുറയ്ക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും സഹായകമാണ്.

ലോകത്ത് തന്നെ ഏറ്റവും ദുഷ്കരമായ ഏതാനം ഭൂപ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്ന് പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നായ റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) മരുഭൂമിയിലൂടെ കടന്ന് പോകുന്ന ഈ ഹൈവേ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള കരമാർഗ്ഗമുള്ള യാത്രാ സമയത്തിൽ 16 മണിക്കൂർ കുറവ് വരുത്തുന്നതാണ്.

ഒമാനിലെ ഇബ്രി പട്ടണത്തിൽ നിന്ന് ആരംഭിച്ച് സൗദിയിലെ അൽ അഹ്‌സ പട്ടണത്തിൽ അവസാനിക്കുന്ന രീതിയിലാണ് ഈ പാത നിർമ്മിക്കുന്നത്. ഏതാണ്ട് 740 കിലോമീറ്റർ നീളത്തിലാണ് ഈ ഹൈവേ പണിതിരിക്കുന്നത്. ഈ ഹൈവേയുടെ 580 കിലോമീറ്റർ സൗദി അറേബ്യയിലും, 160 കിലോമീറ്റർ ഒമാനിലും സ്ഥിതി ചെയ്യുന്നു.

2014-ൽ പണിതീർക്കുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ച ഈ പദ്ധതി നിരവധി സാങ്കേതിക പ്രശ്നങ്ങളാൽ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിടുകയായിരുന്നു. ഈ റോഡ് താമസിയാതെ യാത്രികർക്കായി തുറന്ന് കൊടുക്കുമെന്ന് 2021 ജൂലൈ മാസത്തിൽ ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

🇸🇦ഒമാന്‍ - സൗദി പാതയില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി.

✒️ഒമാന്‍ - സൗദി റോഡ് (Oman-Sa ഔദ്യോഗികമായി യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തതിന് പിന്നാലെ 'റബിഅ് അൽ ഖാലി'യിൽ റോയല്‍ ഒമാന്‍ പൊലീസിന്റെ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് 'റബിഅ് അൽ ഖാലിയിൽ' റോയൽ ഒമാൻ പോലീസ് പരിശോധന കേന്ദ്രം സ്ഥാപിച്ചത്. 

ഇതുവഴി കടന്നു പോകുന്ന ചരക്ക് വാഹനങ്ങളുടെയും രാജ്യത്തേക്ക് വരുന്നതും സൗദിയിലേക്ക് പോകുന്നതുമായ യാത്രക്കാരുടെ രേഖകൾ പരിശോധിക്കാനും ഇവിടെ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു. കയറ്റുമതി, ഇറക്കുമതി എന്നിവയുടെ ഡിജിറ്റൈസ്ഡ് പരിശോധന ഉൾപ്പെടെയുള്ള കസ്റ്റംസ് ക്ലിയറൻസ് സേവനങ്ങളും പരിശോധനാ കേന്ദ്രത്തിൽ ഉണ്ടാകും. ട്രാൻസിറ്റ് യാത്രക്കാർക്ക് പെട്ടെന്ന് വിസ ലഭിക്കുവാനുമുള്ള സംവിധാനവും 'റബിഅ് അൽ ഖാലി' അതിർത്തി പരിശോധനാ കേന്ദ്രത്തിൽ ഉണ്ടാകുമെന്നും റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

Post a Comment

0 Comments