🇴🇲Omicron : ഒമാനില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
✒️കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍(Omicron) ഒമാനില്‍ (Oman)സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
🇴🇲ഒമിക്രോണ്‍: കരുതലോടെ ഒമാന്‍; മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് സുപ്രിം കമ്മറ്റി.
✒️18 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് മൂന്നാം ഡോസ്(third dose) കൊവിഡ്-19(covid 19) വാക്സിന്‍(vaccine) നല്‍കാന്‍ അനുവദിക്കുന്നതുള്‍പ്പെടെ ഒമാനിലെ സുപ്രീം കമ്മിറ്റി(Supreme Committee) പുതിയ തീരുമാനങ്ങള്‍ ഇന്ന് പുറപ്പെടുവിച്ചു. വാക്‌സിനേഷനായുള്ള ടാര്‍ഗെറ്റ് ഗ്രൂപ്പുകളും പദ്ധതികളും ആരോഗ്യ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും.
കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ പാര്‍ട്ടികള്‍ , എന്നിവയുള്‍പ്പെടെയുള്ള പരിപാടികളില്‍ ശേഷിയുടെ 50% വരെ കര്‍ശനമായും പരിമിതപ്പെടുത്തുവാന്‍ സുപ്രിം കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ നിര്‍ബന്ധിത ശാരീരിക അകലം പാലിക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും വേണം. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിക്കും.
🇴🇲ഒമാന്‍ ഭരണാധികാരി നാളെ യുകെയിലേക്ക്.
✒️ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് (Sultan Haitham bin Tariq)നാളെ യുകെയിലേക്ക്(England). ഡിസംബര്‍ 14ന് സുല്‍ത്താന്റെ യുകെ സന്ദര്‍ശനം ആരംഭിക്കുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി, സാംസ്‌കാരിക- കായിക-യുവജന മന്ത്രി, റോയല്‍ ഓഫീസ് മന്ത്രി, വിദേശകാര്യ മന്ത്രി, യുകെയിലെ ഒമാന്‍ അംബാസഡര്‍ എന്നിവരുള്‍പ്പെടുന്ന പ്രതിനിധി സംഘം സുല്‍ത്താനെ അനുഗമിക്കും. ഒമാനും യുകെയും തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നതിനും മറ്റും സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നു. പ്രാദേശിക, അന്തര്‍ദേശീയ രംഗങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും സംയുക്ത താല്‍പ്പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയാകും.
🇦🇪യുഎഇയില്‍ 92 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല.
✒️യുഎഇയില്‍(UAE) ഇന്ന് 92 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 71 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 2,45,149 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.49 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,42,894 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,37,967 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,776 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇧🇭ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു.
✒️ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 16, വ്യാഴാഴ്ച്ച, ഡിസംബർ 17, വെള്ളിയാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് പുറത്തിറക്കി. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ ഉത്തരവ് പ്രകാരം, ഡിസംബർ 16, 17 തീയതികളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. 2021 ഡിസംബർ 17, വെള്ളിയാഴ്ച്ചത്തെ പൊതു അവധി ദിനവുമായി ഒരുമിച്ച് വരുന്നതിനാൽ, ഡിസംബർ 19, ഞായറാഴ്ച്ച ബദല്‍ പൊതു അവധിദിനം എന്ന രീതിയിൽ നൽകുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കുന്നു.
🇴🇲ഒമാൻ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനം.
✒️രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2021 ഡിസംബർ 12-നാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ പുതിയ തീരുമാനപ്രകാരമുള്ള വാക്സിനേഷൻ നടപടികൾ, മുൻഗണനാ വിഭാഗങ്ങൾ എന്നിവ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകുമെന്നും കമ്മിറ്റി വ്യക്തമാക്കി. ആഗോള തലത്തിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കമ്മിറ്റി ഈ പുതിയ തീരുമാനം അറിയിച്ചത്.
ഇതിന് പുറമെ താഴെ പറയുന്ന തീരുമാനങ്ങളും ഒമാൻ സുപ്രീം കമ്മിറ്റി ഇതോടൊപ്പം അറിയിച്ചിട്ടുണ്ട്:
രാജ്യത്തെ പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും ഇതുവരെ വാക്സിനെടുക്കാത്ത ജീവനക്കാർക്കെതിരെയും, വിദ്യാർത്ഥികൾക്കെതിരെയും നടപടികൾ കൈക്കൊള്ളുന്നതിനായി ഒരു ഏകീകൃത സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ പള്ളികൾ, പൊതു ചടങ്ങുകൾ, വിവാഹ ഹാളുകളിൽ നടക്കുന്ന പരിപാടികൾ, മറ്റു വാണിജ്യ, സാംസ്‌കാരിക പരിപാടികൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, കായിക മത്സരങ്ങൾ മുതലായവയിൽ അവ നടക്കുന്ന വേദികളുടെ അമ്പത് ശതമാനം ശേഷിയിൽ മാത്രമാണ് പ്രവേശനം അനുവദിക്കുന്നതെന്ന് കമ്മിറ്റി പ്രത്യേകം ചൂണ്ടിക്കാട്ടി.
മേൽപ്പറഞ്ഞ ചടങ്ങുകളിൽ 18 വയസിന് മുകളിൽ പ്രായമുള്ള, ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവർ ശരിയായ രീതിയിലുള്ള മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം എന്നിവ കർശനമായി പാലിക്കേണ്ടതാണ്.
🇸🇦എംറ്റി ക്വാർട്ടർ ഹൈവേ: സൗദി അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മുഴുവൻ ഭാഗങ്ങളിലും ടെലികോം സേവനം ലഭ്യമാക്കുമെന്ന് CITC.
✒️ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയുടെ സൗദി അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മുഴുവൻ ഭാഗങ്ങളിലും ടെലികോം സേവനം ലഭ്യമാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (CITC) അറിയിച്ചു. എംറ്റി ക്വാർട്ടർ മരുഭൂമിയിലൂടെയുള്ള ഈ ഹൈവേയുടെ സൗദി അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന 564 കിലോമീറ്റർ മേഖലയിൽ 100 ശതമാനം ടെലികോം സേവനം ഉറപ്പാക്കുമെന്നാണ് CITC അറിയിച്ചിരിക്കുന്നത്.
ഈ പാത ഉപയോഗിക്കുന്ന യാത്രികർക്ക് ടെലികോം സേവനങ്ങൾ നൽകുന്നതിനായി സൗദിയിൽ സ്ഥിതിചെയ്യുന്ന എംറ്റി ക്വാർട്ടർ ഹൈവേയുടെ 564 കിലോമീറ്റർ മേഖലയിൽ പുതിയതായി മുപ്പത്തിനാല് ടെലികോം ടവറുകൾ സ്ഥാപിച്ചതായി CITC വ്യക്തമാക്കി.
സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് 021 ഡിസംബർ 7, ചൊവ്വാഴ്ച്ച സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഈ ഹൈവേ സൗദി കിരീടാവകാശി H.R.H. മുഹമ്മദ് ബിൻ സൽമാന്റെ ഒമാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് തുറന്ന് കൊടുത്തത്.
ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിരുന്നു.
ഏതാണ്ട് 740 കിലോമീറ്റർ നീളമുള്ള ഈ പാത ഒമാനിലെ ദഹിറ ഗവർണറേറ്റിലെ ഇബ്രി റൌണ്ട് എബൗട്ടിൽ നിന്ന് ആരംഭിച്ച് സൗദിയിലെ അൽ അഹ്‌സ പട്ടണത്തിൽ അവസാനിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി ചെലവുകൾ കുറയ്ക്കുന്നതിനും, കടത്ത്‌കൂലി കുറയ്ക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും സഹായകമാണ്.
🇦🇪യു എ ഇ: മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ.
✒️ഉപഭോക്താക്കൾക്കായി ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തേഴാമത് സീസൺ 2021 ഡിസംബർ 15 മുതൽ ആരംഭിക്കും. സന്ദർശകർക്കായി ഷോപ്പിങ്ങിന്റെയും, വിനോദത്തിന്റെയും, കലാവിരുന്നുകളുടെയും, രുചിവിസ്മയങ്ങളുടെയും മാസ്മരിക ലോകം തീർക്കുന്ന DSF-ന്റെ ഇരുപത്തേഴാമത് സീസൺ 2021 ഡിസംബർ 15 മുതൽ 2022 ജനുവരി 30 വരെയാണ് സംഘടിപ്പിക്കുന്നത്.
അവിശ്വസനീയമായ വിലക്കുറവും, അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും ഒരുക്കുന്ന DSF ഉപഭോക്താക്കളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള സമ്മാനങ്ങളുടെയും, സാധ്യതകളുടെയും കലവറ കൂടിയാണ്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) സംഘടിപ്പിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മുഴുവൻ കുടുംബാംഗങ്ങൾക്കും ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങളും സമ്മാനിക്കുന്നു.
ഇത്തവണ എക്സ്പോ 2020 ദുബായ്ക്കൊപ്പമാണ് DSF സംഘടിപ്പിക്കപ്പെടുന്നതെന്ന പ്രത്യേക കൂടിയുണ്ട്. പ്രാദേശിക, അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ അവിശ്വസനീയമായ വിലക്കുറവിൽ വാങ്ങുന്നതിന് അവസരം ലഭിക്കുന്നതിനൊപ്പം തത്സമയ സംഗീതമേളകൾ, കുടുംബത്തിന് ഒത്തൊരുമിച്ച് പങ്കെടുക്കാവുന്ന കലാപ്രദർശനങ്ങൾ, ഔട്ട്ഡോർ മാർക്കറ്റുകൾ, ഓപ്പൺ എയർ ഡൈനിങ്ങ് തുടങ്ങിയ നിരവധി അനുഭവങ്ങൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കുന്നതിനും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ അവസരമൊരുക്കുന്നു.
ഇരുപത്തേഴാമത് സീസൺ ആഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 27 മുതൽ ദിനം തോറും മുൻകൂട്ടി അറിയിക്കാതെയുള്ള പ്രത്യേക വിസ്‌മയകരമായ പരിപാടികൾ ഉൾപ്പെടുത്തുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. DSF ഉദ്ഘാടനത്തിന്റെ ഭാഗമായി ഡിസംബർ 15-ന് എമിറാത്തി ഗായിക ബൾക്കീസ് ഫാതി, ഈജിപ്ഷ്യൻ കലാകാരൻ മുഹമ്മദ് ഹമാക്കി എന്നിവർ പങ്കെടുക്കുന്ന ഒരു തത്സമയ സംഗീതനിശ സംഘടിപ്പിക്കുന്നതാണ്. ഉദ്ഘാടന പരിപാടികൾ നടക്കുന്ന സ്റ്റേജിൽ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് ബുർജ് ഖലീഫ ലൈറ്റ് ഷോ, നൃത്തം ചെയ്യുന്ന ഫൗണ്ടനുകൾ, കലാകാരൻമാർ എന്നിവ സൃഷ്ടിക്കുന്ന പ്രത്യേക പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
DSF-ന്റെ ആദ്യ ആഴ്ച്ചയിൽ മാൾ ഓഫ് എമിറേറ്റ്സിലെ തീയറ്ററിൽ ‘സ്നോ വൈറ്റ് ആൻഡ് ദി സെവൻ ഡ്വാർഫ്സ്’, QE2 തീയറ്ററിൽ ‘അല്ലാദ്ദിൻ’ തുടങ്ങിയ പ്രദർശനങ്ങളും ദുബായ് ഓപ്പറയിൽ ഓപ്പറ അൽ വാസിൽ, ജോസഫ് തവഡ്രോസ് എന്നിവരുടെ തത്സമയ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൊക്കോകോള അരീനയിൽ ഡോൺ മോൺ അവതരിപ്പിക്കുന്ന തത്സമയ പരിപാടി, ഐ എം ജി വേൾഡ് ഓഫ് അഡ്വെൻച്ചേർസിൽ ‘2021 ഫാഷൻ വീക്ക്’ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നതാണ്.
ജുമേയ്‌റ ബീച്ച് റെസിഡൻസിലെ ബ്ലൂ വാട്ടേഴ്സിൽ രണ്ടാമത് DSF ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ദിനവും വൈകീട്ട് 7.15 മുതൽ രാത്രി 9.30 വരെയാണ് ഈ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്.
🇰🇼കുവൈറ്റ്: വിദേശത്ത് നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്ന നടപടികൾ ത്വരിതപ്പെടുത്തിയതായി അധികൃതർ.
✒️തിരികെ മടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്ന നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട ചെയ്തിരിക്കുന്നത്.
ഇതുവരെ അഞ്ച് ലക്ഷത്തിലധികം പ്രവാസികൾ വിദേശത്ത് നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്തതായും, ഇതിൽ മൂന്ന് ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകൾ ആധികാരികത പരിശോധിക്കുന്ന നടപടികൾക്ക് ശേഷം അംഗീകരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതാണ്ട് രണ്ട് ലക്ഷത്തോളം സർട്ടിഫിക്കറ്റുകൾ പരിശോധനകൾക്ക് ശേഷം വിവിധ കാരണങ്ങളാൽ മന്ത്രാലയം തള്ളിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇത്തരത്തിൽ മന്ത്രാലയം തള്ളിക്കളഞ്ഞ സർട്ടിഫിക്കറ്റുകളിൽ നാല്പത്തൊന്ന് ശതമാനത്തോളം സർട്ടിഫിക്കറ്റുകൾ അവയിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതിനാലാണ് അംഗീകരിക്കപ്പെടാതിരുന്നത്. ഇരുപത്തൊമ്പത് ശതമാനത്തോളം സർട്ടിഫിക്കറ്റുകളിലെ QR കോഡുകൾ സ്കാൻ ചെയ്യാൻ സാധിക്കാത്തതിനാലും, ഇരുപത്തേഴ് ശതമാനത്തോളം സർട്ടിഫിക്കറ്റുകൾ അനുബന്ധ രേഖകളിലെ തെറ്റായ വിവരങ്ങളാലുമാണ് മന്ത്രാലയം തള്ളിക്കളഞ്ഞത്. കുവൈറ്റ് അംഗീകാരം നൽകാത്ത വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ മൂന്ന് ശതമാനം സർട്ടിഫിക്കറ്റുകളും മന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്.
🇴🇲ഒമാൻ: VAT നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പ്.
✒️രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഒമാൻ ധനകാര്യ വകുപ്പ് അറിയിച്ചു. നിലവിലെ 5 ശതമാനം VAT തുടരുമെന്നും, ഇപ്പോൾ ഇത് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോച്ചിട്ടില്ലെന്നും ഒമാൻ ധനകാര്യ വകുപ്പ് മന്ത്രി H.E. സുൽത്താൻ ബിൻ സലിം അൽ ഹബ്സി വ്യക്തമാക്കി.
2021 ഡിസംബർ 12-ന് നടന്ന അടുത്ത വർഷത്തെ ദേശീയ ബഡ്ജറ്റിനെക്കുറിച്ചുള്ള ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് അടുത്തിടെ അംഗീകാരം നൽകിയ സാഹചര്യത്തിലാണ് ഒമാൻ ധനകാര്യ വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
“ഏതാനം രാജ്യങ്ങൾ VAT നിരക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, ഒമാനിലെ അഞ്ച് ശതമാനം VAT നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് സർക്കാർ നിലവിൽ ആലോചിക്കുന്നില്ല.”, അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. അടുത്ത വർഷം മുതൽ ഉയർന്ന വരുമാനക്കാർക്ക് ഇൻകം ടാക്സ് ഏർപ്പെടുത്തുന്നതിന് ഒമാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
🇶🇦ഖത്തര്‍: 999 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വരുന്ന 85 ശതമാനം കോളുകളും അനാവശ്യം.
✒️ഖത്തര്‍ നാഷനല്‍ കമാന്‍ഡ് സെന്ററിലെ 999 എന്ന എമര്‍ജന്‍സി സര്‍വീസിലേക്ക് വരുന്ന കോളുകളില്‍ 80-85 ശതമാനം അനാവശ്യമെന്ന് അധികൃതര്‍. ഭൂരിഭാഗവും ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ടതോ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളോ ആണ്.
അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങളില്‍ മാത്രമേ ഈ നമ്പറിലേക്ക് വിളിക്കാവൂ എന്ന് നാഷനല്‍ കമാന്‍ഡ് സെന്ററിലെ സെക്കന്റ് ലഫ്റ്റനന്റ് അഹ്‌മദ് അല്‍ മുതവ പറഞ്ഞു. പരിക്ക്, തീപ്പിടിത്തം, വെള്ളത്തില്‍ മുങ്ങല്‍ തുടങ്ങിയവ ഉള്‍പ്പെട്ട അപകടങ്ങള്‍, കുട്ടികള്‍ അടച്ചിട്ട മുറിക്കകത്ത് കുടുങ്ങുക തുടങ്ങി ഉടന്‍ ഇടപെടല്‍ ആവശ്യമായ സംഭവങ്ങളിലാണ് ഈ നമ്പര്‍ ഉപയോഗപ്പെടുത്തേണ്ടത്. ഖത്തര്‍ റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമര്‍ജന്‍സി സര്‍വീസിലേക്ക് ആണ് കോളുകള്‍ ആദ്യം എത്തുന്നത്. അവരാണ് ബന്ധപ്പെട്ട അധികൃതര്‍ക്ക് തുടര്‍ നടപടിക്ക് വേണ്ടി കോള്‍ കൈമാറുന്നത്. മിലിറ്ററി, സിവില്‍ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ കമാന്‍ഡ് സെന്ററില്‍ ഉണ്ടാവും. ഫ്രഞ്ച്, ഇംഗ്ലീഷ്, ചൈനീസ്, ഫിലിപ്പീനോ, പേര്‍ഷ്യന്‍, പഷ്തു, തുര്‍ക്കിഷ് തുടങ്ങി വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ സെന്ററില്‍ ഉണ്ട്.
🇶🇦ഖത്തറില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ്; 147 രോഗമുക്തി.
✒️ഖത്തറില്‍(Qatar) ഇന്ന് 169 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 21 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 147 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,45,523
ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 613. രാജ്യത്ത് നിലവില്‍ 2,427 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 10 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ മൂന്നുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 12 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 79 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 7,583 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. 1,72,345 ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 50,66,606
ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇴🇲ആരോഗ്യ വിവരങ്ങൾ ഇനി ‘ഷിഫ’ ആപ്പിലൂടെ; പുതിയ ആപ്ലിക്കേഷനുമായി ഒമാൻ.
✒️ആരോഗ്യ വിവരങ്ങൾ ഇനി ‘ഷിഫ’ ആപ്പിലൂടെ അറിയാം. വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ചികിത്സിച്ച വിവരങ്ങള്‍ ലളിതവും സുഗമവുമായ രീതിയില്‍ അറിയാനുള്ള ആപ്ലികേഷനാണ് ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ വിവരങ്ങളായിരിക്കും ഷിഫ ആപ്ലിക്കേഷനിലൂടെ ലഭ്യമാകുക. ആരോഗ്യ സേവന ദാതാക്കളുമായി കൂടിയാലോചനകളും മറ്റും കൈമാറുന്നതിനുള്ള പ്ലാറ്റ്ഫോമായും ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താനാകും. ആപ് സ്റ്റോര്‍, ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍, ഹുവായ് ആപ് ഗാലറി എന്നിവയുള്‍പ്പെടെ ഒട്ടുമിക്ക സ്റ്റോറുകളില്‍നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
🛫യുഎഇ-ഇന്ത്യ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും നിര്‍ബന്ധമായും നല്‍കണമെന്ന് എയര്‍ ഇന്ത്യ.
✒️യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്രക്കാര്‍ ലോക്കല്‍ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും പിഎന്‍ആര്‍ നമ്പറിനൊപ്പം നല്‍കണമെന്ന് എയര്‍ ഇന്ത്യ. യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കു മടക്ക യാത്രാ ടിക്കറ്റില്‍ പോകുന്നവര്‍ ഇന്ത്യയില്‍ വിളിച്ചാല്‍ കിട്ടുന്ന നമ്പര്‍ നല്‍കാത്തതു പ്രയാസമുണ്ടാക്കുന്നതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
യുഎഇയിലേക്കു വരുന്നവര്‍ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ യുഎഇയിലുള്ള ഏറ്റവും അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പര്‍കൂടി നല്‍കണം. അപ്രതീക്ഷിത യാത്രാ നിബന്ധനകളോ വിമാനം വൈകലോ സംബന്ധിച്ച് യാത്രക്കാരെ അറിയിക്കുന്നതിന് വേണ്ടിയാണ് ഈ നിര്‍ദേശം.
നിയമം നിലവിലുണ്ടെങ്കിലും രണ്ടിടങ്ങളിലെയും ഫോണ്‍ നമ്പര്‍ പിഎന്‍ആര്‍ നമ്പറില്‍ പലരും അപ്‌ഡേറ്റ് ചെയ്തിരുന്നില്ല. ട്രാവല്‍ ഏജന്‍സികള്‍ മുഖേന ടിക്കറ്റ് എടുക്കുന്നവര്‍ ഇവിടത്തെയും നാട്ടിലെയും ഫോണ്‍ നമ്പറും മെയില്‍ ഐഡിയും നിര്‍ബന്ധമായും പിഎന്‍ആര്‍ നമ്പറില്‍ റജിസ്റ്റര്‍ ചെയ്‌തെന്ന് ഉറപ്പാക്കണമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഏജന്‍സികള്‍ പലപ്പോഴും നാട്ടിലെ നമ്പര്‍ കൊടുക്കാറില്ല.
🇸🇦സൗദിയിൽ വീണ്ടും ലുലുവിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു.
✒️സൗദിയിൽ ലുലു ഗ്രൂപ്പിന്റെ ഇരുപത്തി നാലാമത്തെ ഹൈപ്പർ മാർക്കറ്റ് റിയാദിലെ മലസിൽ ഉദ്ഘാടനം ചെയ്തു. സൗദിയിൽ എല്ലാ മേഖലയിലും പ്രതീക്ഷ നൽകുന്നതാണ് സ്ഥിതിയെന്ന് ലുലു ഗ്രൂപ് ചെയർമാൻ എംഎ യൂസുഫലി പറഞ്ഞു. പത്തൊൻപത് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി സൗദിയിൽ ലുലു തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ മാൾ തുറന്നതിന്റെ ഭാഗമായി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മലസിലെ അലി ഇബ്ൻ അബി താലിബ് ബ്രാഞ്ച് റോഡിലാണ് ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള പുതിയ ഹൈപർമാർക്കറ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലി, ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ് എന്നിവരുടെ സാന്നിധ്യത്തിൽ സൗദി നിക്ഷേപ മന്ത്രാലയ ഉപ മന്ത്രി അദ്‌നാൻ എം അൽ ശർഖി പുതിയ ഹൈപർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
വിശാലമായ ഹൈപർ മാർക്കറ്റാണ് അൽ മലസിൽ തുറന്നത്. സൗദിയിലെ 24 ആമത്തെ ഹൈപ്പർമാർക്കറ്റ്. ഇതിനു പുറമെ 20 സൂപ്പർമാർക്കറ്റുകളുമടക്കം 44 വാണിജ്യ കേന്ദ്രങ്ങളടങ്ങുന്ന ശൃംഖലയായി ലുലുവിന് സൗദിയിൽ. ഇനി ഒന്നിനു പിറകെ ഒന്നായി തുറക്കാനിരിക്കുന്നത് 19 ഹൈപ്പർ മാർക്കറ്റുകളാണ്. നാലെണ്ണം വീതം റിയാദിലും ജിദ്ദയിലും. മൂന്നെണ്ണം ദമ്മാമിൽ. മദീന, ഹഫർഅൽബാതിൻ, ഖസീം, മക്ക, താഇഫ്, ഖമീസ്, നിയോം എന്നിവിടങ്ങളിൽ ഓരോന്ന് വീതവും. ആയിരക്കണക്കിന് പ്രവാസികൾക്കും സൗദി പൗരന്മാർക്കും ജോലിയവസരങ്ങൾ തുടരും. ഭക്ഷണം, ഫാഷൻ, ലൈഫ്സ്റ്റൈൽ അവശ്യവസ്തുക്കൾ, ഇലക്ട്‌ട്രോണിക്‌സ് എന്നിവയുടെ ആഗോളതലത്തിലെ വിപുലമായ ശേഖരം മലസിലെ മാളിലുണ്ട്. മാൾ തുറന്നതിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും ലഭ്യം.വിഷൻ 2030 എന്ന സൗദിയുടെ സ്വപ്ന പദ്ധതിക്കൊപ്പം ലുലുവും പങ്കു ചേരുകയാണ്. മാറുന്ന സൗദിയിലെ സാഹചര്യം പ്രതീക്ഷയുള്ളതാണെന്നും എംഎ യൂസുഫലി പറഞ്ഞു.മാജിദ് അൽ ഗനീം, ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് എന്നിവരും സാമൂഹ്യ രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
🇸🇦സൗദിയിൽ പുതിയ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 64 പുതിയ രോഗികൾ.
✒️സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 64 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. 77 പേർ രോഗമുക്തരായി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 550,304 ഉം രോഗമുക്തരുടെ എണ്ണം 539,554 ഉം ആയി. പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,855 ആയി.
ചികിത്സയിലുള്ളവരിൽ 31 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 21, ജിദ്ദ 11, അറാർ 5, മക്ക 3, ദമ്മാം 3, മദീന 2, അൽഖോബാർ 2, ഹഫർ അൽബാത്തിൻ 2, മറ്റ് 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 48,104,418 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,791,173 ആദ്യ ഡോസും 22,809,730 രണ്ടാം ഡോസും 503,515 ബൂസ്റ്റർ ഡോസുമാണ്.
0 Comments