Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദി: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് 30 ദിവസം വരെ രാജ്യത്ത് തുടരാൻ അനുമതി നൽകി.

✒️ഉംറ തീർത്ഥാടനത്തിനായി വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കെത്തുന്ന തീർത്ഥാടകർക്ക് 30 ദിവസം വരെ രാജ്യത്ത് തുടരാൻ അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉംറ തീർത്ഥാടനം, മറ്റു തീർത്ഥാടനങ്ങൾ എന്നിവയ്ക്കായി വിദേശത്ത് സൗദിയിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് COVID-19 മഹാമാരിയ്ക്ക് മുൻപ് അനുവദിച്ചിരുന്ന രീതിയിൽ 30 ദിവസം വരെ സൗദിയിൽ തുടരാനുള്ള അനുമതികൾ വീണ്ടും നൽകിത്തുടങ്ങിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്ക് 10 ദിവസത്തേക്ക് മാത്രമാണ് സൗദിയിൽ തുടരുന്നതിന് അനുമതി നൽകി വന്നിരുന്നത്. രാജ്യത്തെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ 30 ദിവസം വരെ സൗദിയിൽ തുടരുന്നതിന് തീർത്ഥാടകർക്ക് അനുമതി നൽകിയിരിക്കുന്നത്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് വിദേശത്ത് നിന്ന് ഉംറ തീർത്ഥാടനത്തിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നത്. സൗദി അറേബ്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുള്ള തീർത്ഥാടകർക്ക് സൗദിയിലെത്തിയ ശേഷം ക്വാറന്റീൻ കൂടാതെ തന്നെ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള മറ്റു വാക്സിനുകൾ സ്വീകരിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുള്ള തീർത്ഥാടകർക്ക് സൗദിയിലെത്തിയ ശേഷം 3 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്.

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന പരമാവധി പ്രായപരിധി നിബന്ധനകൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പിൻവലിച്ചതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

🇸🇦സൗദി: 2022 ഫെബ്രുവരി 1 മുതൽ ബൂസ്റ്റർ ഡോസുകൾ നിർബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.

✒️2022 ഫെബ്രുവരി 1 മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2022 ഫെബ്രുവരി 1 മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

2021 ഡിസംബർ 3-ന് വൈകീട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നിബന്ധനകളാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്:

പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് തങ്ങളുടെ ‘Tawakkalna’ ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിലനിർത്തുന്നതിന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചതായുള്ള നിബന്ധന 2022 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
ഈ പ്രായവിഭാഗത്തിൽപ്പെടുന്ന, രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്കാണ് ഈ തീരുമാനം ബാധകമാക്കുന്നത്.
സൗദിയിലെ COVID-19 സുരക്ഷാ നിയമങ്ങൾ പ്രകാരം വ്യക്തികൾക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും, പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഉൾപ്പടെ വിവിധ കാര്യങ്ങൾക്ക് തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിർബന്ധമാണ്. സൗദിയിൽ താഴെ പറയുന്ന കാര്യങ്ങൾക്ക് തവക്കൽന ആപ്പിൽ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിർബന്ധമാക്കിയിട്ടുണ്ട്:

വാണിജ്യ, വ്യാവസായിക, സാംസ്‌കാരിക, കായിക, വിനോദസഞ്ചാര പരിപാടികളിൽ പങ്കെടുക്കുന്നതിന്.
സാമൂഹിക, സാംസ്‌കാരിക ചടങ്ങുകൾ, വിനോദ പരിപാടികൾ, ശാസ്ത്രീയ പ്രദർശനങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിന്.
പൊതു, സർക്കാർ, സ്വകാര്യ മേഖലകളിലെ സ്‌ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന്.
വിമാനയാത്രയ്ക്ക്.
പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന്.
ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് നേടിയിട്ടുള്ളതായി തവക്കൽന ആപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് ഒഴിവാക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

🇸🇦സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 7-ന് ആരംഭിക്കും.

✒️ഈ വർഷത്തെ സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ ജിദ്ദയിൽ 2021 ഡിസംബർ 7 മുതൽ ആരംഭിക്കുമെന്ന് സൗദി കളിനറി ആർട്ട്സ് കമ്മിഷൻ അറിയിച്ചു. 2021 ഡിസംബർ 7 മുതൽ 15 വരെയാണ് ഈ വർഷത്തെ സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

സൗദിയുടെ ദേശീയ പാചക പാരമ്പര്യം, പരമ്പരാഗത ഭക്ഷണശീലങ്ങൾ എന്നിവയുടെ ആഘോഷമാണ് ഈ മേള. സമൂഹത്തിലെ എല്ലാ പ്രായവിഭാഗങ്ങളിൽപ്പെടുന്നവർക്കും സൗദി ഭക്ഷണരീതികളെക്കുറിച്ചുള്ള അനുഭവങ്ങളും, അറിവുകളും നൽകുന്നതിന് ഈ മേള ലക്ഷ്യമിടുന്നു.

നാല് പ്രധാന വിഭാഗങ്ങളിലായാണ് സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ചെങ്കടലിന്റെ തീരമേഖലയിലെ തബുക്, മദിന, മക്ക, ജസാൻ, അസിർ എന്നീ പ്രദേശങ്ങളിലെ പാചക പാരമ്പര്യത്തെ അടുത്തറിയാൻ മേളയിലെ ആദ്യ വിഭാഗത്തിൽ നിന്ന് അവസരം ലഭിക്കുന്നതാണ്. സന്ദർശകർക്ക് ഈ പ്രദേശങ്ങളിലെ തനത് ഭക്ഷണവിഭവങ്ങൾ ആസ്വദിക്കുന്നതിനുള്ള അവസരം മേളയിൽ ഒരുക്കിയിട്ടുണ്ട്.

മേളയുടെ രണ്ടാമത്തെ വിഭാഗത്തിൽ പാചകവിദ്യകളുടെ പ്രദർശനം, പാചകവിദഗ്ധരുമായുള്ള സംവാദങ്ങൾ, ഭക്ഷണം, സംഗീതം എന്നിവയെ സംയോജിപ്പിച്ചുള്ള പ്രത്യേക പരിപാടികൾ എന്നിവ അരങ്ങേറുന്നതാണ്. മേളയുടെ മൂന്നാമത്തെ വിഭാഗത്തിൽ നിന്ന് സന്ദർശകർക്ക് പാചകപുസ്തകങ്ങൾ, മറ്റു വസ്തുക്കൾ തുടങ്ങിയവ വാങ്ങാവുന്നതാണ്. മേളയുടെ നാലാമത്തെ വിഭാഗത്തിൽ 35-ൽ പരം തനത് സൗദി രുചി അനുഭവങ്ങൾ അടുത്തറിയാൻ സന്ദർശകർക്ക് അവസരം ലഭിക്കുന്ന ഫുഡ് സ്റ്റാളുകൾ, റെസ്റ്ററന്റുകൾ എന്നിവയെ ഉൾപ്പെടുത്തിയിരിക്കുന്നു.

🇸🇦സൗദിയില്‍ 29 പേര്‍ക്ക് കൊവിഡ്, രണ്ട് മരണം.

✒️സൗദി അറേബ്യയില്‍(Saudi Arabia) 29 പേര്‍ക്ക് കൂടി കൊവിഡ് (covid 19)ബാധ സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 21 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,654,455 പി.സി.ആര്‍ പരിശോധന നടന്നു. 

ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 549,877 ആയി. ഇതില്‍ 539,011 പേരും സുഖം പ്രാപിച്ചു. ആകെ 8,840 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,024 പേരില്‍ 39 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 47,606,556 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു.

ഇതില്‍ 24,660,103 എണ്ണം ആദ്യ ഡോസ് ആണ്. 22,569,708 എണ്ണം സെക്കന്‍ഡ് ഡോസും. 1,721,581 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 376,745 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 9, ജിദ്ദ 7, മക്ക 3, ത്വാഇഫ് 2, ദഹ്‌റാന്‍ 2, മറ്റ് ആറ് സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. 

🇸🇦സൗദിയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു.

✒️സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ മരിച്ചു. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സൗദികുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

ബേപ്പൂർ പാണ്ടികശാലക്കണ്ടി ആലിക്കോയയുടെ മകനാണ് മുഹമ്മദ് ജാബിർ. ഇദ്ദേഹവും ഭാര്യ ഷബ്‌ന, മക്കളായ ലുത്തുഫി (12) , ലൈബ (7), സന (4) എന്നിവരുമാണ് മരിച്ചത്. 15 വർഷത്തിലേറെയായി സൗദിയിൽ ടൊയോട്ട കമ്പനിയിൽ ജീവനക്കാരനാണ് ജാബിർ. ജോലി ആവശ്യാർഥം മറ്റൊരിടത്തേക്ക് താമസം മാറുകയായിരുന്നു ഇവർ. കുടുംബം ഒരുമിച്ച് പോകുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.

🇶🇦ഖത്തറില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനുള്ള ഒത്തൂതീര്‍പ്പ് തുക കുറച്ചു.

✒️തൊഴിലാളികളുടെ റെസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതോ നിശ്ചിത സമയത്ത് പുതുക്കാത്തതോ ആയ കമ്പനികള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ യൂനിഫൈഡ് സര്‍വീസസ് ഡിപാര്‍ട്ടമെന്റ്. ഖത്തര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവില്‍ 50 ശതമാനം ഫീസ് ഇളവോട് കൂടി തൊഴിലാളികളുടെ റെസിഡന്‍സ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയോ പുതുക്കുകയോ ചെയ്യാം. ഒക്ടോബര്‍ 10ന് ആരംഭിച്ച ഗ്രേസ് പിരീഡ് ഡിസംബര്‍ 31ന് ആണ് അവസാനിക്കുന്നത്.

നിയമം ലംഘിച്ച പ്രവാസിയോ തൊഴിലുടമയോ നിശ്ചിത തിയ്യതിക്കകം സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്‌മെന്റിലോ അല്ലെങ്കില്‍ ഏതെങ്കിലും സര്‍വീസ് സെന്ററുകളിലോ അപേക്ഷ നല്‍കണം. റെസിഡന്‍സി പെര്‍മിറ്റ്, വര്‍ക്ക് വിസ, ഫാമിലി വിസിറ്റ് വിസാ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം.

ഉച്ചയ്ക്ക് 1 മണിക്കും വൈകീട്ട് 6 മണിക്കും ഇടയിലാണ് ബന്ധപ്പെട്ട ഓഫിസുകളെ സമീപിക്കേണ്ടത്. ഇതുവരെ ഇത്തരത്തിലുള്ള 20,000 അപേക്ഷകള്‍ കമ്പനി തൊഴിലാളികളില്‍ നിന്ന് ലഭിച്ചതായി യൂനിഫൈഡ് സര്‍വീസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അന്‍സാരി പറഞ്ഞു.

🇶🇦ഖത്തറില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ്; 140 സമ്പര്‍ക്കം വഴി.

✒️ഖത്തറില്‍(Qatar) ഇന്ന് 159 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 142 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 244,071
ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 2120 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചില്ല. 7 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 77 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 3,338 ഡോസ് വാക്സിന്‍ കൂടി നല്‍കി. 127,211
ബൂസ്റ്റര്‍ ഡോസ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 50,07,988
ഡോസ് വാക്സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇰🇼ഒമിക്രോണ്‍ വ്യാപനം; വിസിറ്റ് വിസയ്ക്ക് നിയന്ത്രണം.

✒️ഒമിക്രോണ്‍ സാന്നിധ്യം ഗള്‍ഫ് മേഖലയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കുവൈത്ത്. ടൂറിസ്റ്റ് വിസ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളോടെ അനുവദിക്കാനാണ് നിര്‍ദേശം.

വാക്സിന്‍ എടുത്ത സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരാകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. മാസ്‌ക് ധരിക്കുന്ന കാര്യത്തിലും എല്ലാവരും ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം പറഞ്ഞു.

അതേസമയം ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസ നല്‍കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു.
ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ദിവസം 600 ലേറെ അപേക്ഷ ലഭിക്കുന്നുണ്ട്. 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണു കുവൈത്ത് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്.

🔴പ്രവാസി ക്ഷേമനിധിയുടെ പേരില്‍ വ്യാജ പ്രചാരണം; പ്രവാസികള്‍ ജാഗ്രത പാലിക്കുക.

✒️കേരള പ്രവാസി ക്ഷേമ നിധിയില്‍ അംഗത്വമുള്ള, നാട്ടില്‍ സ്ഥിരതാമസമാക്കിയവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് നല്‍കുന്നു എന്ന പ്രചാരണം വ്യാജമെന്ന് അധികൃതര്‍. സ്‌കോളര്‍ഷിപ്പിന് സെക്രട്ടറി, കേരള പ്രവാസി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍, പ്രവാസി ഭവന്‍, കൊല്ലം1 എന്ന വിലാസത്തില്‍ 15ന് മുമ്പ് അപേക്ഷിക്കാം’ എന്ന രീതിയില്‍ വന്ന പത്രവാര്‍ത്തക്ക് കേരള പ്രാവാസി കേരളീയ ക്ഷേമ ബോര്‍ഡുമായി യാതൊരു ബന്ധവുമില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ക്ഷേമ നിധി ആനുകൂല്യങ്ങള്‍ക്ക് ബോര്‍ഡിലേക്ക് നേരിട്ടാണ് അപേക്ഷിക്കേണ്ടത്. ഇതിന് ഓണ്‍ലൈനായി www.pravasikerala.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള നിര്‍ദ്ദിഷ്ട അപേക്ഷ ഫാറം ഡൗണ്‍ലോഡ് ചെയ്ത് ഓഫ്ലൈനായും അപേക്ഷിക്കാം.

വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകാതെ പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ക്ഷേമനിധി ഓഫീസുമായി ഫോണ്‍ മുഖേനയോ ഇമെയില്‍ വഴിയോ ബന്ധപ്പെടുകയോ വേണമെന്നും അറിയിപ്പില്‍ പറയുന്നു.

🇰🇼കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു; നിരവധി പ്രവാസികള്‍ക്ക് ജോലി പോവും.

✒️കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി. പൊതുമേഖലയുമായി ബന്ധപ്പെട്ട കരാര്‍ ജോലികളില്‍ ഉള്‍പ്പെടെ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കുവൈത്ത് വ്യവസായ യൂണിയനുമായി കൂടിക്കാഴ്ച നടത്തിയ മാന്‍ പവര്‍ അതോറിറ്റിയിലെ ദേശീയ തൊഴില്‍ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുതൈത പറഞ്ഞു.

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും സ്വദേശികള്‍ക്ക് തൊഴില്‍ സംവരണത്തിന് നിശ്ചിത തോത് നിര്‍ണയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളിലും നിശ്ചിത ശതമാനം സ്വദേശികളായിരിക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരും. ബാങ്കിങ് മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് വാര്‍ഷിക പദ്ധതി ഫെബ്രുവരിയില്‍ നടപ്പാക്കും.

🛫ഇന്ത്യയിലെ ഒമിക്രോൺ ബാധ; ആശങ്കയോടെ പ്രവാസികൾ.

✒️ഇന്ത്യയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയപ്പെട്ടതോടെ ആശങ്ക ഉയരുന്നത് പ്രവാസലോകത്താണ്. നാട്ടിൽ വൈറസ് വ്യാപനം രൂക്ഷമായാൽ മുമ്പത്തേത് പോലെ ഗൾഫ് നാടുകൾ യാത്രാ വിലക്കേർപ്പെടുത്തുമോ എന്നാണ് ആശങ്ക. കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോകാനിരുന്ന നിരവധിപ്പേർ യാത്ര റദ്ദാക്കി. രണ്ടു വർഷത്തോളമായി നാട്ടിൽ പോകാതിരുന്ന ആരോഗ്യപ്രവർത്തകരും മറ്റും അവധി തരപ്പെടുത്തി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന നേരത്താണ് ഒമിക്രോൺ വീണ്ടും ആശങ്ക പടർത്തുന്നത്. ആഗോളതലത്തിലെ ഒമിക്രോൺ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും വൈറസ് രാജ്യത്തെത്താതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വിവിധ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലും കര അതിർത്തികളിലും പരിശോധനയും കർശനമാക്കിയിട്ടുമുണ്ട് പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കു കുവൈത്ത് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോൺ കേസുകൾ കണ്ടെത്തിയതോടെ ഇന്ത്യയിൽ നിന്നുള്ളവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തുമോ എന്നതാണു പലരുടെയും പ്രധാന ആശങ്ക.

🇦🇪യുഎഇയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️യുഎഇയില്‍(UAE) ഇന്ന് 51 പേര്‍ക്ക് കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 69 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ 185,406 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.18 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 742,278 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 737,255 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,148 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,875 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇦🇪ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് അടുത്തിടെ; പ്രവാസി മലയാളി നേടിയത് 20 കോടി.

✒️മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍(Abu Dhabi Big Ticket) ഇത്തവണ ഒന്നാം സമ്മാനം നേടിയത് പ്രവാസി മലയാളി(Keralite expat). രജ്ഞിത്ത് വേണുഗോപാലന്‍ ആണ് ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ 234-ാമത് സീരീസ് നറുക്കെടുപ്പില്‍(raffle) ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കിയത്. ഒമാനില്‍ താമസിക്കുന്ന 42കാരനായ രജ്ഞിത്ത് നവംബര്‍ 27ന് വാങ്ങിയ 052706 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ആറ് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് രജ്ഞിത്ത് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

തനിക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നാണ് ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാനവിവരം അറിയിക്കാന്‍ രജ്ഞിത്തിനെ ഫോണ്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. അടുത്തിടെയാണ് രജ്ഞിത്ത് ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഇത് രണ്ടാം തവണയാണ് ടിക്കറ്റ് വാങ്ങുന്നത്. രജ്ഞിത്ത്, തത്സമയ നറുക്കെടുപ്പ് കണ്ടിരുന്നില്ല. കഴിഞ്ഞ 12 വര്‍ഷമായി ഒമാനില്‍ താമസിക്കുന്ന അദ്ദേഹം ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ അക്കൗണ്ടന്റാണ്.

രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം(രണ്ട് കോടി ഇന്ത്യന്‍ രൂപ) നേടിയത് ഇന്ത്യക്കാരനായ നമ്പൂരി മഠത്തില്‍ അബ്ദുല്‍ മജീദ് സിദ്ദിഖ് ആണ്. 153520 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം നേടിയത് ഫിലിപ്പീന്‍സ് സ്വദേശിയായ റാഷിയ നവില മുഹമ്മദ് ഈസയാണ്. 021681 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 90,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് 254527 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരി പ്രിയങ്ക ആന്റോയാണ്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ഗ്രിഗറി സാങ് വാങ്ങിയ 166271 നമ്പര്‍ ടിക്കറ്റ് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹത്തിന് അര്‍ഹമായി.

70,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയത് ഇന്ത്യയില്‍ നിന്നുള്ള ഹിഷാം കോവ്വപുറത്ത് മേനവില്‍ ആണ്. ഇദ്ദേഹം വാങ്ങിയ 152329 എന്ന നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഏഴാം സമ്മാനമായ 60,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ രജ്ഞിത്ത് കോശി വൈജ്യനാണ്. 047748 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിന് അര്‍ഹമായത്. പാകിസ്ഥാനില്‍ നിന്നുള്ള സുനൈല്‍ ജേക്കബ് ഹക്കീം ദിന്‍ വാങ്ങിയ 030270 എന്ന നമ്പരിലുള്ള ടിക്കറ്റ് എട്ടാം സമ്മാനമായ 50,000 ദിര്‍ഹം നേടി. 

ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിയായത് ഇന്ത്യക്കാരനായ ബാലസുബ്രഹ്മണ്യം ശങ്കരവടിവ് അനന്തപദ്മനാഭനാണ്. 010409 എന്ന ടിക്കറ്റ് നമ്പരിലൂടെ റേഞ്ച് റോവര്‍ കാറാണ് അദ്ദേഹം സ്വന്തമാക്കിയത്. 

ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസ് ഉള്‍പ്പെടെ ആറു പേര്‍ക്ക് കോടികള്‍ നേടാനുള്ള അവസരമാണ് ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് ഒരുക്കുന്നത്. ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹമാണ്(50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ്. മറ്റ് അഞ്ച് ക്യാഷ് പ്രൈസുകളും സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം 20 ലക്ഷം ദിര്‍ഹമാണ്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 10 ലക്ഷം ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി ഇത്തവണ പുതിയതായി അവതരിപ്പിക്കുന്നു.ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്കുള്ള എന്‍ട്രി ലഭിക്കുന്നതിനോടൊപ്പം തന്നെ ഈ ടിക്കറ്റുകളിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ മത്സരിക്കാനുള്ള അവസരവും ലഭിക്കുന്നു.ഉപഭോക്താക്കള്‍ക്ക് ഒരു ടിക്കറ്റ് വാങ്ങുന്നതിലൂടെ രണ്ട് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 

പ്രതിവാര നറുക്കെടുപ്പ് വിവരങ്ങള്‍

10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 1 ഡിസംബര്‍ 1-8 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ ഒമ്പത്(വ്യാഴാഴ്ച)
10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 2 ഡിസംബര്‍ 9-16 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 17 (വെള്ളിയാഴ്ച)
10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 3 ഡിസംബര്‍ 17 -23 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 24(വെള്ളിയാഴ്ച)
10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 4- ഡിസംബര്‍ 24 -31 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ജനുവരി ഒന്ന്(ശനിയാഴ്ച) 
ബിഗ് ടിക്കറ്റിന്റെ 234-ാമത് ലൈവ് നറുക്കെടുപ്പിനെ കുറിച്ച് കൂടുതല്‍ അറിയാല്‍ ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.  

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റോ ഡ്രീം കാര്‍ ടിക്കറ്റോ സ്വന്തമാക്കാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ സന്ദര്‍ശിക്കാം.

അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായും ടിക്കറ്റുകളെടുക്കാം.ബൈ ടു ഗെറ്റ് വണ്‍ ഫ്രീ പ്രമോഷന്‍ ഡ്രീം കാര്‍ ടിക്കറ്റുകള്‍ക്കും നല്‍കുന്നുണ്ട്.

Post a Comment

0 Comments