Ticker

6/recent/ticker-posts

Header Ads Widget

വിദേശ വാർത്തകൾ

🇴🇲ഒമാനില്‍ പള്ളികളിലും പൊതുസ്ഥലങ്ങളിലും വിവാഹ, മരണാനന്തര ചടങ്ങുകള്‍ വിലക്ക്.

✒️പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍(Omicron) റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍(Oman). പള്ളികള്‍, ഹാളുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിവാഹ(marriage), മരണാനന്തര ചടങ്ങുകള്‍(mourning events) നടത്തുന്നത് വിലക്കിയതായി കൊവിഡ് പ്രതിരോധം സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മറ്റി അറിയിച്ചു.  

ഇന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും. പൊതുസ്ഥലങ്ങളിലെ എല്ലാ ഒത്തുചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

🇶🇦ഖത്തര്‍ ദേശീയ ദിനാഘോഷം; പൊതു അവധി പ്രഖ്യാപിച്ചു.

✒️ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള(Qatar National Day) ഔദ്യോഗിക അവധി(official holiday) പ്രഖ്യാപിച്ചു. ഡിസംബര്‍ 19 ഞായറാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. 

ഡിസംബര്‍ 18 ശനിയാഴ്ചയാണ് ഖത്തര്‍ ദേശീയ ദിനാഘോഷം. ഫിഫ അറബ് കപ്പ് ഫൈനല്‍ ദിനം കൂടി ആയതിനാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ കൂടി ആകര്‍ഷിക്കുന്ന പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. സൈനിക പരേഡ് അടക്കം വിവിധ ചടങ്ങുകള്‍ കോര്‍ണിഷില്‍ നടത്തും.

🇦🇪യുഎഇയില്‍ 148 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️യുഎഇയില്‍(UAE) ഇന്ന് 148 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ 3,40,100 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.52 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,43,152 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,38,141 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,860 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇦🇪പ്രവാസികളായ അമുസ്ലിംകള്‍ക്കായി അബുദാബിയില്‍ പ്രത്യേക കോടതി.

✒️പ്രവാസികളായ(Expatriates) അമുസ്ലിംകളുടെ (non-Muslims)വ്യക്തിപരമായ കേസുകള്‍ പരിഗണിക്കാന്‍ അബുദാബിയില്‍ (Abu Dhabi)പ്രത്യേക കോടതി പ്രവര്‍ത്തനമാരംഭിച്ചു. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്(എഡിജെഡി)അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ അബ്രി ഉദ്ഘാടനം നിര്‍വഹിച്ചു. 

അബുദാബി എമിറേറ്റിന്റെ ഭരണാധികാരിയായ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് കോടതി പ്രഖ്യാപിച്ചത്. പ്രവാസികളായ അമുസ്ലിംകളുടെ കുടുംബപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ജുഡീഷ്യല്‍ സംവിധാനം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. അമുസ്ലിംകളുടെ കുടുംബകാര്യങ്ങള്‍ക്കായി ആദ്യത്തെ പ്രത്യേക കോടതി സ്ഥാപിക്കുന്നത് നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്ന് യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, പിതൃത്വം, പാരമ്പര്യ സ്വത്ത്, വ്യക്തി പദവി എന്നീ വിഷയങ്ങളാണ് ഈ കോടതിയില്‍ പരിഗണിക്കുക. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് കോടതി കേസുകള്‍ കേള്‍ക്കുക. 

🇴🇲ഒമാൻ: COVID-19 വാക്സിൻ മൂന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

✒️COVID-19 വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പിന് അർഹതയുള്ള രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാരും, പ്രവാസികളും കാലതാമസം കൂടാതെ ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്മദ് അൽ സൈദി ആഹ്വാനം ചെയ്തു. രാജ്യത്ത് COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമൂഹ സുരക്ഷ മുൻനിർത്തി ഇക്കാര്യം വളരെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം പൂർത്തിയാക്കിയ, പതിനെട്ട് വയസ്സും, അതിനുമുകളിലും പ്രായമുള്ള, മുഴുവൻ പേർക്കും മൂന്നാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഡിസംബർ 13, തിങ്കളാഴ്ച്ച മുതൽ ആരംഭിച്ചിരുന്നു.

വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ 86 ശതമാനം പേർക്കും രണ്ട് ഡോസ് കുത്തിവെപ്പ് നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കരുതെന്നും, ആരോഗ്യ സുരക്ഷയ്ക്ക് വാക്സിൻ സ്വീകരിക്കുന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചു.

ഒമാനിൽ 12 പേർക്ക് COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം സംശയിക്കുന്നതായി ഡിസംബർ 14-ന് ഒമാൻ ടിവിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രണ്ട് ഒമാൻ പൗരന്മാരിൽ COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഡിസംബർ 13-ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

രാജ്യത്ത് 12 പേരിൽ ഈ വകഭേദത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി അറിയിച്ച അദ്ദേഹം സമൂഹത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും, ഈ വകഭേദം കൂടുതൽ അപകടകാരിയാണെന്നതിന് നിലവിൽ സ്ഥിരീകരണം ഇല്ലെന്നും വ്യക്തമാക്കി. നിലവിൽ രാജ്യത്ത് COVID-19 രോഗബാധിതരുടെ എണ്ണം കൂടുന്നത് ഒമിക്രോൺ വകഭേദം മൂലമല്ലെന്നും, ജനങ്ങൾ മുൻകരുതൽ നിർദ്ദേശങ്ങളിൽ വരുത്തുന്ന വീഴ്ച്ചകൾ മൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാനും, വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

🇴🇲ഒമാൻ: പൊതുഗതാഗത സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നതിനായുള്ള സ്മാർട്ട് ട്രാൻസ്‌പോർട്ട് സിസ്റ്റവുമായി മുവാസലാത്ത്.

✒️രാജ്യത്തെ പൊതുഗതാഗത സേവന ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് ഒരു സ്മാർട്ട് ട്രാൻസ്‌പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കി. ഡിസംബർ 14-നാണ് മുവാസലാത്ത് ഇക്കാര്യം അറിയിച്ചത്.

“ഒമാനിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി ഒരു പുതിയ സ്മാർട്ട് ട്രാൻസ്‌പോർട്ട് സിസ്റ്റം മുവാസലാത്ത് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. നൂതന സാങ്കേതിവിദ്യകളുടെ ഉപയോഗത്തിലൂടെ പൊതുഗതാഗത സംവിധാനങ്ങളുടെ വികസനവും, സമൂഹത്തിലെ മുഴുവൻ പേർക്കും സ്മാർട്ട് സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ഇതിലൂടെ മുവാസലാത്ത് ലക്ഷ്യമിടുന്നത്.”, ഒമാൻ ന്യൂസ് ഏജൻസി ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തു.
നിർമ്മിതബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ പുതിയ സ്മാർട്ട് ട്രാൻസ്‌പോർട്ട് സിസ്റ്റം ഒമാനിലെ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് മുവാസലാത്ത് വ്യക്തമാക്കി. മേഖലയിൽ തന്നെ ഇത്തരം ഒരു സംവിധാനം ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഒമാനിലെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ യാത്രകൾ സംബന്ധിച്ചുള്ള ദൈനംദിന വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും, ഇതിലൂടെ യാത്രികർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുന്നതിനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒമാനിലെ പൊതുസമൂഹത്തിൽ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അധികൃതർ ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് യാത്രാ ടിക്കറ്റുകൾ വാങ്ങുന്നതിനും, പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കുന്നതിനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നതാണെന്ന് മുവാസലാത്ത് വ്യക്തമാക്കി.

🇧🇭ബഹ്‌റൈൻ: 2021 ഡിസംബർ 19 മുതൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം.

✒️2021 ഡിസംബർ 19 മുതൽ രാജ്യത്ത് യെല്ലോ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 14-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 31 വരെ ബഹ്‌റൈനിൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 31 വരെ താഴെ പറയുന്ന ഇടങ്ങളിലേക്കുള്ള പ്രവേശനം BeAware ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് പ്രകാരം, രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്കും, COVID-19 രോഗമുക്തി നേടിയവർക്കും മാത്രമായി നിയന്ത്രിക്കുന്നതാണ്.

സിനിമാശാലകൾ (പ്രവർത്തനം പരമാവധി അമ്പത് ശതമാനം ശേഷിയിൽ).
ഷോപ്പിംഗ് മാൾ.
റെസ്റ്ററന്റുകൾ, കഫെ എന്നിവിടങ്ങളിലെ ഇൻഡോർ സേവനം.
ഇൻഡോർ സ്വിമ്മിങ്ങ് പൂളുകൾ.
ബാർബർ ഷോപ്പ്, സലൂൺ, സ്പാ.
വിനോദകേന്ദ്രങ്ങൾ, കളിയിടങ്ങൾ (ഇത്തരം ഇൻഡോർ ഇടങ്ങളുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനം പേർക്ക് പ്രവേശനം).
പരിപാടികൾ, സമ്മേളനങ്ങൾ തുടങ്ങിയവ (ഇൻഡോർ ഇടങ്ങളിൽ നടത്തുന്ന ഇത്തരം പരിപാടികൾ വേദിയുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനം പേർക്ക് പ്രവേശനം).
കായിക മത്സരങ്ങളുടെ വേദികൾ (ഇൻഡോർ ഇടങ്ങളിൽ നടത്തുന്ന ഇത്തരം മത്സരങ്ങളുടെ വേദിയുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനം പേർക്ക് പ്രവേശനം).
ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ സർക്കാർ ഓഫീസുകളിൽ 30 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പിലാക്കുന്നതാണ്. ഒറ്റപ്പെട്ട് നിൽക്കുന്ന സർക്കാർ ഓഫീസുകൾ, ചില്ലറവില്പനശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വാക്സിനെടുത്തവർക്കും, അല്ലാത്തവർക്കും പ്രവേശനം അനുവദിക്കുന്നതാണ്. വീടുകളിൽ വെച്ച് സംഘടിപ്പിക്കുന്ന പരമാവധി 30 പേർ പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകളിലും വാക്സിനെടുത്തവർക്കും, അല്ലാത്തവർക്കും പ്രവേശനം അനുവദിക്കുന്നതാണ്.

രാജ്യത്ത് ഏഴ് ദിവസത്തെ കാലയളവിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 51 മുതൽ 100 കേസുകൾ വരെയാകുന്ന സാഹചര്യത്തിലാണ് യെല്ലോ ലെവൽ അലേർട്ട് ഏർപ്പെടുത്തുന്നത്. എന്നാൽ ഡിസംബർ 19 മുതൽ യെല്ലോ ലെവൽ അലേർട്ട് ഏർപ്പെടുത്താനുള്ള തീരുമാനം മുൻകരുതൽ നടപടി എന്ന രീതിയിലാണെന്നും, ഒമിക്രോൺ വകഭേദം രാജ്യത്ത് വ്യാപിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആഗോള സാഹചര്യങ്ങൾ ഉൾപ്പടെയുള്ള സ്ഥിതിഗതികൾ മന്ത്രാലയം നിരീക്ഷിച്ച് വരുന്നതായും, ആവശ്യമെങ്കിൽ യെല്ലോ ലെവൽ അലേർട്ട് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ മാറ്റം വരുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ എത്രയും വേഗം വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി അവ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ലഭിക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

2021 ജൂലൈ മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ രേഖപ്പെടുത്തുന്നതിനും, COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനുമായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനമാണ് നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഉപയോഗിക്കുന്നത്. ഈ ട്രാഫിക് ലൈറ്റ് അലേർട്ട് ലെവൽ സംവിധാനത്തിൽ 2021 ഒക്ടോബർ 31 മുതൽ മാറ്റം വരുത്തിയിരുന്നു.

🇶🇦ഖത്തറില്‍ വീണ്ടും കോവിഡ് മരണം; 165 പേര്‍ക്ക് കൂടി രോഗബാധ.

✒️ഖത്തറില്‍(Qatar) ഇന്ന് 165 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 125 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,45,855
ആയി.

രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 84 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 614 ആയി. രാജ്യത്ത് നിലവില്‍ 2,482 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 9 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 9 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 80 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 11,546 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. 1,84,973 ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 50,88,710 ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇸🇦സൗദിയില്‍ 16 തൊഴിലുകള്‍ കൂടി സ്വദേശിവല്‍ക്കരിക്കുന്നു.

✒️സൗദിയില്‍ അടുത്ത വര്‍ഷം 16 തൊഴിലുകളും പ്രവര്‍ത്തന മേഖലകളും സൗദിവല്‍ക്കരിക്കാന്‍ പദ്ധതി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫ്രീലാന്‍സ്, വിദൂര തൊഴില്‍ പദ്ധതികളിലൂടെ അടുത്ത വര്‍ഷം ആയിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.

ഫ്രീലാന്‍സ് രീതിയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 30,000 ആയും സൗദി തൊഴില്‍ നിയമം ഉറപ്പുനല്‍കുന്ന മുഴുവന്‍ പരിരക്ഷകളും ആനുകൂല്യങ്ങളും ലഭ്യമാക്കി വിദൂര തൊഴില്‍ രീതിയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 60,000 ആയും അടുത്ത വര്‍ഷം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

ഫ്‌ളക്സിബിള്‍ തൊഴില്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് ഫ്‌ളക്‌സിബിള്‍ രീതിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 50,000 ആയി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളില്‍ തൊഴില്‍ ശേഷിയുള്ളവരില്‍ പെട്ട 26 ശതമാനം പേരെ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് പ്രാപ്തരാക്കി മാറ്റാനും സുസ്ഥിരതാ, ആരോഗ്യ തൊഴില്‍ മേഖലയില്‍ 3,000 ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നു.

ഭിന്നശേഷിക്കാര്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സേവനങ്ങള്‍ സംയോജിത രീതിയില്‍ നല്‍കാനും മുഴുവന്‍ അവകാശങ്ങളും നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കാനും ഉന്നമിട്ട് ദേശീയ രജിസ്റ്റര്‍ സ്ഥാപിക്കും.

🇸🇦ജിസിസി ഉച്ചകോടിക്ക് റിയാദിൽ കൊടിയിറങ്ങി: അംഗ രാജ്യങ്ങളുടെ ഐക്യത്തിന് ആഹ്വാനം.

✒️ജിസിസി അംഗ രാജ്യങ്ങളുടെ ഐക്യം വിളംബരം ചെയ്ത് നാൽപത്തി രണ്ടാമത് ജിസിസി ഉച്ചകോടിക്ക് റിയാദിൽ കൊടിയിറങ്ങി. എല്ലാ വെല്ലുവിളികളെയും നേരിടാൻ ഒട്ടക്കെട്ടായി പ്രവർത്തിക്കുമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ജിസിസി രാജ്യങ്ങളിലെ സംയുക്ത നിക്ഷേപങ്ങൾ ഇരട്ടിയാക്കാനും ഉച്ചകോടിയിൽ ധാരണയായി. റിയാദിലെ ദർഇയ കൊട്ടാരത്തിലായിരുന്നു ജിസിസി ഉച്ചകോടി നടന്നത്. ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് അൽഹജ്റഫാണ്ഉച്ചകോടിയുടെ അന്തിമ പ്രഖ്യാപനങ്ങൾ അറിയിച്ചത്. ഗൾഫ് രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയിൽ പരസ്പരം ഭിന്നിപ്പിക്കാൻ ആർക്കും കഴിയില്ല. അംഗരാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണവും അതിലെ എല്ലാ അംഗങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കും. ജി.സി.സി രാജ്യങ്ങളിൽ ഡിജിറ്റൽ പരിവർത്തനവും സൈബർ സുരക്ഷയും സ്ത്രീകളുടെയും യുവാക്കളുടെയും മുന്നേറ്റവും ലക്ഷ്യം വെച്ചുള്ള പദ്ധതിയുണ്ടാകും.

രാജ്യങ്ങളുടെ ഐക്യദാർഢ്യവും സ്ഥിരതയും വർധിപ്പിക്കുന്ന തരത്തിൽ നിലപാടുകൾ ഏകോപിപ്പിക്കണം. രാജ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും പ്രാദേശികവും അന്തർദേശീയവുമായ സംഘർഷങ്ങൾ ഒഴിവാക്കും. അംഗരാജ്യങ്ങളുടെ വിദേശനയങ്ങൾ ഒന്നിപ്പിക്കാൻ യോജിച്ച ശ്രമങ്ങൾ വേണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. അംഗരാജ്യങ്ങൾ പ്രാദേശികവും അന്തർദേശീയവുമായ സംഘർഷങ്ങളോ അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതോ ഒഴിവാക്കണം. സംയുക്ത നിക്ഷേപം ഇരട്ടിയാക്കും. ഇതിനായി രാജ്യങ്ങൾക്കിടയിൽ റോഡ്, റെയിൽ, ആശയവിനിമയ ശൃംഖലകൾ വികസിപ്പിക്കണം. പരസ്പരം സഹകരിക്കാതെ വളരാനാകില്ലെന്നും ഉച്ചകോടി ഉണർത്തി. ഖത്തറുമായുള്ള ഉപരോധം അവസാനിച്ച ശേഷമുള്ള ആദ്യ ജിസിസി ഉച്ചകോടിയാണ് ഇന്നലെ രാത്രി നടന്നത്. യുഎഇ വൈസ് പ്രസിഡണ്ട്, ഖത്തർ അമീർ, ബഹ്റൈൻ രാജാവ്, ഒമാൻ ഭരണാധികാരി എന്നിവർ ഉച്ചകോടിയിലെത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനായിരുന്നു അധ്യക്ഷൻ.

🇸🇦സൗദിയിൽ പ്രവേശിക്കുന്ന ചിലർക്ക് പി.സി.ആർ പരിശോധനയിൽ നിന്നും ഇളവ് നൽകിയതായി ആഭ്യന്തര മന്ത്രാലയം.

✒️സൗദിയിലേക്ക്​ വരുന്നതിനു മുമ്പ്​ പി.സി.ആർ പരിശോധന നടത്തണമെന്ന നിബന്ധനയിൽ നിന്ന്​ ചിലരെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സ്വദേശി സ്​ത്രീയുടെ വിദേശിയായ ഭർത്താവ്​, സ്വദേശി പൗരന്റെ വിദേശിയായ ഭാര്യ, അവരുടെ കുട്ടികൾ, മാതാപിതാക്കൾ, വീട്ടു ജോലിക്കാർ എന്നിവരെയാണ്​ പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയത്​.

കോവിഡ്​ സംഭവവികാസങ്ങൾ വിലയിരുത്തി ആരോഗ്യ വകുപ്പ്​ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ്​ തീരുമാനം.​ ആഗോളതലത്തിൽ കോവിഡ്​ സാഹചര്യമനുസരിച്ച്​ എല്ലാ നടപടികളും ആരോഗ്യ വകുപ്പിന്റെ തുടർച്ചയായ വിലയിരുത്തലിന്​ വിധേയമാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

🇰🇼വിദേശികൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നത്​ നിർത്തിവെച്ചു.

✒️കുവൈത്തിൽ വിദേശികൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നത്​ താൽക്കാലികമായി നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്​ വരെ ലൈസൻസ്​ വിതരണം നിർത്താൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്​റ്റനൻറ്​ ജനറൽ ഫൈസൽ അൽ നവാഫ്​ ആണ്​ ഉത്തരവിട്ടത്​. നിലവിൽ ഏഴ്​ ലക്ഷത്തിലധികം വിദേശികൾക്ക്​ കുവൈത്ത്​ ഡ്രൈവിങ്​ ലൈസൻസുണ്ട്​.

ഇതിൽ രണ്ടര ലക്ഷത്തോളം പേർ​ ലൈസൻസിനുള്ള നിശ്ചിത അർഹത മാനദണ്ഡങ്ങൾ പുലർത്തുന്നില്ല എന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്താനത്തിൽ സമഗ്ര പരിശോനക്ക്​ മുന്നോടിയായാണ്​ ലൈസൻസ്​ നടപടികൾ നിർത്തിവെച്ചത്​. സമഗ്ര പരിശോധന ഇൗ മാസം തന്നെ ആരംഭിക്കും. എല്ലാ ലൈസൻസുകളും പരിശോധിച്ച്​ അർഹതയുള്ളവരുടേത്​ മാത്രം നിലനിർത്താൻ നടപടിക്രമങ്ങൾക്ക്​ മൂന്നുമാസം വേണ്ടി വരുമെന്നാണ്​ വിലയിരുത്തൽ.

🇸🇦സൗദിയിൽ കോവിഡ് ഉയരുന്നു; 88 പുതിയ രോഗികൾ.

✒️സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക. ബുധനാഴ്ച പുതുതായി 88 പേർക്ക് രോഗം സ്ഥിരീകരിച്ചു. 76 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 550,457 ഉം രോഗമുക്തരുടെ എണ്ണം 539,712 ഉം ആയി.

പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,857 ആയി. 1888 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 34 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 39, ജിദ്ദ 13, മക്ക 7, ദമ്മാം 5, മദീന 4, തബൂക്ക്, ത്വാഇഫ്, അൽഖോബാർ, ഹുഫൂഫ്, അൽറാസ്‌, അൽഖർജ് എന്നിവിടങ്ങളിൽ 2 വീതവും മറ്റ് 8 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 48,211,291 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,823,506 ആദ്യ ഡോസും 22,858,919 രണ്ടാം ഡോസും 528,866 ബൂസ്റ്റർ ഡോസുമാണ്.

🇸🇦വിദേശ തീർഥാടകരിൽ 12 വയസായ കുട്ടികൾക്കും ഉംറക്ക് അനുമതി.

✒️സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്ന 12 വയസും അതിൽ കൂടുതലുമുള്ള തീർഥാടകർക്ക് ഉംറക്ക് അനുമതി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ 18 വയസ് മുതലുള്ളവർക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്. ഉംറ തീർത്ഥാടകർക്ക് നിലവിലുണ്ടായിരുന്ന പരമാവധി 50 വയസ്സ് എന്ന പ്രായ പരിധി ഈയിടെയായി മന്ത്രാലയം എടുത്തുകളഞ്ഞിരുന്നു. ഇനിമുതൽ 12 വയസിന് മുകളിലുള്ള എല്ലാവർക്കും വിദേശത്തു നിന്നും ഉംറ തീർത്ഥാടനത്തിനും ഇരു ഹറമുകളിലെയും നമസ്കാരങ്ങൾക്കും റൗദ സന്ദർശനത്തിനും അനുമതിയുണ്ട്. സൗദിക്കകത്തു നിന്നുള്ള ആഭ്യന്തര തീർത്ഥാടകരിൽ 12 വയസ് മുതൽ പ്രായമുള്ളവർക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.

ആഭ്യന്തര, വിദേശ തീർത്ഥാടകരെല്ലാവരും ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി അനുമതി നേടിയിരിക്കണം. 'തവക്കൽന' ആപ്പിൽ ആരോഗ്യ നില 'രോഗപ്രതിരോധശേഷി' ഉള്ളതാണെങ്കിൽ മാത്രമേ അനുമതി ലഭിക്കൂ. വിദേശത്ത് നിന്ന് വരുന്നവർ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഖുദൂം പ്ലാറ്റ്‌ഫോമിൽ വാക്‌സിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം, കൂടാതെ രാജ്യത്ത് എത്തിയതിന് ശേഷം തവക്കൽന, ഇഅ്തമർനാ ആപ്ലിക്കേഷനുകളിലും രജിസ്റ്റർ ചെയ്യണം.

കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കലും നിർബന്ധമാണ്. സാമൂഹിക അകലം പാലിക്കൽ നടപടികൾ എടുത്തുകളഞ്ഞെങ്കിലും തീർത്ഥാടകർ പള്ളിക്കകത്ത് മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഇരു ഹറമുകളിലെയും മുഴുവൻ സ്ഥലവും തീർഥാടകർക്കും നമസ്കരിക്കാൻ എത്തുന്നവർക്കും ഉപയോഗിക്കാനുള്ള അനുമതി നേരത്തെ നൽകിയിട്ടുണ്ട്. അതിനിടെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഉംറ സംഘം കഴിഞ്ഞ ദിവസം വിശുദ്ധ ഭൂമിയിലെത്തി. കേരളത്തിൽ നിന്നുള്ള തീർഥാടകരാണ് വിലക്കിന് ശേഷം ആദ്യമായി മക്കയിലെത്തിയത്. മൗലവി ട്രാവൽസ് മുഖേനയുള്ള സംഘമാണ് ബാംഗ്ലൂരിൽ നിന്നും ദുബായി വഴി മക്കയിലെത്തിയത്. കോവിഡിനെത്തുടർന്നുണ്ടായ യാത്രാവിലക്ക് കാരണം ഒന്നര വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള ഉംറ സംഘം സൗദിയിലെത്തിയത്.

Post a Comment

0 Comments