🇶🇦ഖത്തർ: റെസിഡൻസി നിയമങ്ങളുടെ ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനുള്ള പൊതുമാപ്പ് കാലാവധി ഡിസംബർ 31-ന് അവസാനിക്കും.
✒️രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും അനുവദിച്ച പൊതുമാപ്പ് കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും. ഇത്തരം പ്രവാസി തൊഴിലാളികൾക്ക് ഈ ആനുകൂല്യം നേടുന്നതിനുള്ള അവസരം നിലവിൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള യൂണിഫൈഡ് സർവീസസ് ഡിപ്പാർട്മെന്റ് സേവന കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണ്.
പ്രവാസികളുടെ എൻട്രി ആൻഡ് എക്സിറ്റ്, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട ‘2015/ 21’ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ട് ഖത്തറിലെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ തിരുത്തി നേടുന്നതിന് 2021 ഒക്ടോബർ 10 മുതൽ 2021 ഡിസംബർ 31 വരെയുള്ള സമയപരിധിയാണ് അധികൃതർ അനുവദിച്ചിരിക്കുന്നത്. തങ്ങളുടെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാത്തവരും, റെസിഡൻസി പെർമിറ്റുകൾ പുതുക്കാത്തവരുമായ തൊഴിലുടമകൾക്ക് ഒത്തുതീര്‍പ്പ് നടപടികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തുകകളിൽ ഈ പൊതുമാപ്പ് കാലയളവിൽ അമ്പത് ശതമാനം കിഴിവ് അനുവദിക്കുന്നതിനും യൂണിഫൈഡ് സർവീസസ് ഡിപ്പാർട്മെന്റ് തീരുമാനിച്ചിട്ടുണ്ട്.
യൂണിഫൈഡ് സർവീസസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല അൽ അൻസാരിയെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരം രേഖകൾ തിരുത്തി നേടുന്നതിനുള്ള അപേക്ഷകൾ പ്രവാസികൾക്കോ, തൊഴിലുടമകൾക്കോ ഈ കാലയളവിൽ സെർച്ച് ആൻഡ് ഫോളോഅപ്പ് ഡിപ്പാർമെന്റിൽ സമർപ്പിക്കാവുന്നതാണ്. ഉം സുലാൽ സർവീസ് സെന്റർ, ഉം സുനൈമ് സർവീസ് സെന്റർ, അൽ വക്ര സർവീസ് സെന്റർ, അൽ റയ്യാൻ സർവീസ് സെന്റർ തുടങ്ങിയ സേവനകേന്ദ്രങ്ങളിലും ഇത്തരം അപേക്ഷകൾ നൽകാവുന്നതാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾ, വർക്ക് വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ള പ്രവാസികൾ, ഫാമിലി വിസ സ്റ്റാറ്റസ് സംബന്ധമായ ലംഘനങ്ങൾ വരുത്തിയിട്ടുള്ള പ്രവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് മേല്പറഞ്ഞ കേന്ദ്രങ്ങളിൽ പൊതുമാപ്പ് കാലയളവിൽ പ്രവർത്തിദിനങ്ങളിൽ ഉച്ചയ്ക്ക് 1 മണിമുതൽ വൈകീട്ട് 6 മണിവരെ ഇത്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു.
✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 നവംബർ 25 മുതൽ ഡിസംബർ 1 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 14519 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2021 ഡിസംബർ 4-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 7413 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1708 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 5398 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് എൺപതിനായിരത്തിലധികം പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 381 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 40 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 70 ശതമാനം പേർ യെമൻ പൗരന്മാരും, 3 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
2021 നവംബർ 18 മുതൽ നവംബർ 24 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14780 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
🇴🇲ഒമാൻ: 2022 ജനുവരി മുതൽ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുന്നു.
✒️2022 ജനുവരി മുതൽ രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ (MoCIIP) അറിയിച്ചു. ഈ തീരുമാനം നിർബന്ധമാക്കുന്ന രാജ്യത്തെ നിലവിലുള്ള വാണിജ്യ മേഖലകളുടെ പട്ടികയും MoCIIP പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം 2022-ന്റെ തുടക്കം മുതൽ ഒമാനിൽ താഴെ പറയുന്ന വാണിജ്യ മേഖകളിലെത്തുന്ന ഉപഭോക്താക്കൾക്കായി ഇത്തരം സ്ഥാപനങ്ങൾ ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങൾ നിർബന്ധമായും ഒരുക്കേണ്ടതാണ്:
വ്യാവസായിക മേഖലകൾ.
വാണിജ്യ കേന്ദ്രങ്ങൾ.
ഗിഫ്റ്റ് മാർക്കറ്റുകൾ.
ഭക്ഷണ വില്പനശാലകൾ.
സ്വർണ്ണം, വെള്ളി വില്പനശാലകൾ.
റെസ്റ്ററന്റുകൾ, കഫെ.
പഴം, പച്ചക്കറി വില്പനശാലകൾ.
ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില്പനശാലകൾ.
കെട്ടിടനിർമ്മാണത്തിനായുള്ള ഉത്പന്നങ്ങളുടെ വില്പനശാലകൾ.
പുകയില കച്ചവടം.
ഈ തീരുമാനം വിവിധ വകുപ്പുകളുമായി ചേർന്നാണ് അടുത്ത ജനുവരി മുതൽ രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് MoCIIP വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മേഖലകളിലും ഈ സേവനം നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം എന്ന രീതിയിലാണ് രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഈ തീരുമാനം നടപ്പിലാക്കുന്നത്. ഡിജിറ്റൽ മാർഗങ്ങൾ അവലംബിക്കുന്നത് ലക്ഷ്യമിടുന്ന ഒമാൻ 2040 നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
🎙️രണ്ടു കോടി വരെ വായ്പ്പ; പ്രവാസി ഭദ്രതാ പദ്ധതിക്ക് വന്‍ പ്രതികരണം.
✒️സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) പ്രവാസി ഭദ്രതാ പദ്ധതിക്ക് മികച്ച പ്രതികരണം. നാട്ടില്‍ തിരിച്ചെത്തി ബിസിനസ് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രണ്ടുകോടി രൂപവരെ വായ്പാസഹായം നല്‍കുന്ന പദ്ധതിയാണിത്. പദ്ധതി അവതരിപ്പിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും നിരവധി അന്വേഷണങ്ങളുണ്ടായെന്നും മികച്ച അഞ്ച് അപേക്ഷകള്‍ ലഭിച്ചുവെന്നും കെഎസ്‌ഐഡിസി വ്യക്തമാക്കി.
നിരവധി പേര്‍ക്ക് തൊഴിലുറപ്പാക്കുന്ന മികച്ച സംരംഭക ആശയങ്ങള്‍ക്കാണ് വായ്പ. നാലുദിവസത്തിനകം വായ്പ നേടാം. 25 ലക്ഷം മുതല്‍ രണ്ടുകോടി രൂപവരെ ലഭിക്കും. കോവിഡ് പ്രതിസന്ധിമൂലം നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളെ തൊഴിലന്വേഷകരല്ല, തൊഴില്‍ദാതാക്കളാക്കുക ലക്ഷ്യമിടുന്നതാണ് പദ്ധതി.
പലിശനിരക്ക് 8.25 ശതമാനം മുതല്‍
പ്രവാസി ഭദ്രതാ പദ്ധതിപ്രകാരമുള്ള വായ്പയ്ക്ക് 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെയാണ് പലിശനിരക്ക്. 3.25 ശതമാനം മുതല്‍ 3.75 ശതമാനം വരെ പലിശ സബ്‌സിഡി നോര്‍ക്ക റൂട്ട്സ് നല്‍കും.
– പലിശനിരക്ക്: ആദ്യ നാലുവര്‍ഷത്തേക്ക് 5 ശതമാനം; നോര്‍ക്ക റൂട്ട്സിന്റെ പലിശ സബ്‌സിഡി കിഴിച്ചുള്ള നിരക്കാണിത്. തുടര്‍ന്ന് 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ.
– കാലാവധി: വായ്പാത്തിരിച്ചടവ് കാലാവധി അഞ്ചരവര്‍ഷം. മുതല്‍തിരിച്ചടവിന് ആറുമാസം വരെ മൊറട്ടോറിയം; ഇക്കാലയളവിലും പലിശയടയ്ക്കണം.
– യോഗ്യത: രണ്ടുവര്‍ഷത്തെ വിദേശ തൊഴില്‍പരിചയം. പ്രമോട്ടര്‍മാര്‍ക്ക് 650നുമേല്‍ സിബില്‍ സ്‌കോര്‍ വേണം.
– വായ്പ നല്‍കുന്നത്: മൂലധന വായ്പയല്ല. കെട്ടിടനിര്‍മ്മാണം, യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ എന്നിങ്ങനെ ആവശ്യങ്ങള്‍ക്കാണ് വായ്പ. വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവയ്ക്ക് വായ്പ കിട്ടില്ല.
– ആനുകൂല്യം: വായ്പയുടെ പ്രൊസസിംഗ് ചാര്‍ജായ ഒരുലക്ഷം രൂപയും ജി.എസ്.ടിയും ഒഴിവാക്കും. 0.75 ശതമാനം മുന്‍കൂര്‍ ഫീസില്‍ 0.25 ശതമാനം അടച്ചാല്‍മതി.
– www.ksidc.orgല്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് വായ്പയ്ക്കായി ഡിസംബര്‍ 31നകം അപേക്ഷിക്കണം.
🇶🇦ഖത്തറില്‍ ഇന്നും 150ന് മുകളില്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
✒️ഖത്തറില്‍(Qatar) ഇന്ന് 152 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 119 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 244,223
ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 2,153 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 10 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 8 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 79 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 3,459 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. 1,30,038
ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 50,11,447
ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇧🇭ബഹ്റൈനില്‍ നികുതി ഇരട്ടിയാക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍.
✒️ബഹ്റൈനില്‍ (Bahrain) മൂല്യ വര്‍ദ്ധിത നികുതി (Value added tax) ഇരട്ടിയാക്കാനുള്ള കരട് ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‍ക്ക് വന്നു. നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് വാറ്റ് 10 ശതമാനമാക്കി ഉയര്‍ത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ബിnd കൊണ്ടുവന്നത്.
നികുതി വര്‍ദ്ധനവ് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‍ക്കായി ലഭിച്ചുവെന്ന് സെക്കന്റ് വൈസ് ചെയര്‍മാന്‍ അലി അല്‍ സായിദ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സ്‍പീക്കര്‍ ഫൌസിയ സൈനാലിന് സര്‍ക്കാര്‍ ബില്‍ കൈമാറിയെന്നും തുടര്‍ന്ന് അത് പരിശോധനയ്‍ക്കായി ഇക്കണോമിക് അഫയേഴ്‍സ് കമ്മിറ്റിയുടെ പരിഗണനയ്‍ക്ക് അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പരിശോധനയ്‍ക്ക് ആവശ്യമായ സമയമുണ്ടെന്നും അടിയന്തിരമായി പരിഗണിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ബഹ്റൈന്‍ പാര്‍ലമെന്റിലെ നടപടിക്രമം അനുസരിച്ച് അടിയന്തിരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ബില്ലുകളിന്മേലാണ് 14 ദിവസത്തിനകം വോട്ടെടുപ്പ് നടത്തേണ്ടത്. നിലവില്‍ ഇക്കണോമിക് അഫയേഴ്‍സ് കമ്മിറ്റി വിഷയം പരിശോധിച്ച ശേഷം ഇക്കാര്യത്തിലെ സര്‍ക്കാറിന്റെ നിര്‍ദേശങ്ങളും സ്വീകരിക്കും. തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച വിശദമായി വിവരങ്ങള്‍ ലഭ്യമാക്കിയ ശേഷമായിരിക്കും വോട്ടെടുപ്പ് നടത്തുക.
🇴🇲ഒമാനില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത് ഒരു രോഗി മാത്രം.
✒️ഒമാനില്‍ (Oman) കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 22 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ കണക്കുകള്‍ ആരോഗ്യ മന്ത്രാലയം (Ministry of Health) പുറത്തുവിട്ടത്. വ്യഴാഴ്‍ചയും വെള്ളിയാഴ്‍ചയും ഒന്‍പത് പേര്‍ക്ക് വീതവും ശനിയാഴ്‍ച നാല് പേര്‍ക്കുമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 18 പേര്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗമുക്തരായി. ഈ ദിവസങ്ങളില്‍ കൊവിഡ് മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 3,04,603 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,039 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4113 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ 429 പോസിറ്റീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.
നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് രോഗിയെപ്പോലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആകെ ഒരു കൊവിഡ് രോഗിയാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള ഈ രോഗി നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
🇦🇪യുഎഇയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസുകള്‍.
✒️യുഎഇയില്‍(UAE) ഇന്ന് കൊവിഡ് കേസുകളില്‍ കുറവ്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 50 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 75 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 191,313 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.23 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 742,328 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 737,330 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,148 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,850 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇰🇼കഴിഞ്ഞ 10 ദിവസമായി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരണങ്ങളില്ല.
✒️കുവൈത്തില്‍(Kuwait) കൊവിഡ് (covid 19)ബാധിച്ച് കഴിഞ്ഞ 10 ദിവസത്തിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി കുവൈത്തില്‍ പ്രതിദിന കൊവിഡ് കേസുകളിലും കുറവുണ്ടായിട്ടുണ്ട്.
നിലവില്‍ കുവൈത്തിലെ ആരോഗ്യ സാഹചര്യം സാധാരണ നിലയിലാണെന്നുംആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റെം പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറു മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസിനായി മുമ്പോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കുവൈത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയന്തരമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
🇰🇼കൊവിഡ് വകഭേദം; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്.
✒️പുതിയ കൊവിഡ് വകഭേദത്തിന്റെ(Covid 19 variant) പശ്ചാത്തലത്തില്‍ ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത്(Kuwait) വിലക്ക് ഏര്‍പ്പെടുത്തി. സിവില്‍ ഏവിയേഷന്‍ വിഭാഗം ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്ക( South Africa), നമീബിയ(Namibia), ബോട്സ്വാന(Botswana), സിംബാവെ(Zimbabwe), മൊസാംബിക്(Mozambique), ലിസോത്തോ (Lesotho), ഈസ്വാതിനി(Eswatini), സാംബിയ (Zambia), മാലാവി(Malawi) എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ വിമാനങ്ങള്‍ക്കാണ് കുവൈത്തില്‍ വിലക്കുള്ളത്.
കാര്‍ഗോ വിമാനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് എത്തുന്ന സ്വദേശികള്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം. വിമാനത്താവളത്തിലും രാജ്യത്തെത്തി ആറാം ദിവസവും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്കും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് മടങ്ങിയെത്താം.
🇸🇦സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍.
✒️സൗദിയില്‍(Saudi Arabia) മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ ഇ-ബില്ലിംഗ് (E- billing)നിര്‍ബന്ധമായി. പദ്ധതിയുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തില്‍വന്നത്. രണ്ടാം ഘട്ടം 2023 ജനുവരി മുതല്‍ നടപ്പാക്കി തുടങ്ങും. കൈയെഴുത്ത് ഇന്‍വോയ്സുകളും ടെക്സ്റ്റ് എഡിറ്റര്‍, നമ്പര്‍ അനലൈസറുകള്‍ വഴി കംപ്യൂട്ടറൈസ്ഡ് ഇന്‍വോയ്സുകളും ഉപയോഗിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കല്‍ ഇ-ബില്ലിംഗ് നിര്‍ബന്ധമാക്കുന്നു.
ഇ-ബില്ലിംഗ് നടപ്പാക്കാത്തവര്‍ക്കും ഇ-ഇന്‍വോയ്സുകള്‍ സൂക്ഷിക്കാത്തവര്‍ക്കും 5,000 റിയാല്‍ മുതലുള്ള തുക പിഴ ചുമത്തും. ലളിതവല്‍ക്കരിച്ച നികുതി ഇന്‍വോയ്സില്‍ ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്താതിരിക്കല്‍, ഇ-ഇന്‍വോയ്സ് ഇഷ്യു ചെയ്യുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന സാങ്കേതിക തകരാറുകളെ കുറിച്ച് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയെ അറിയിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് ആദ്യ തവണ വാണിംഗ് നോട്ടീസ് നല്‍കും. ഇതിനു ശേഷം മറ്റു ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇ-ഇന്‍വോയ്സില്‍ തിരുത്തലുകള്‍ വരുത്തല്‍, മായ്ക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് പതിനായിരം റിയാല്‍ മുതലുള്ള തുക പിഴ ലഭിക്കും. നിയമ ലംഘനങ്ങളുടെ സ്വഭാവം, ആവര്‍ത്തനം എന്നിവയുടെ അടിസ്ഥാനത്തിലാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തുക. ഇ-ഇന്‍വോയ്സില്‍ ഇന്‍വോയ്സ് നമ്പര്‍, സ്ഥാപനത്തിന്റെ പേര്, വിലാസം, തീയതി, മൂല്യവര്‍ധിത നികുതി രജിസ്ട്രേഷന്‍ നമ്പര്‍, ക്യു.ആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.
🇸🇦സൗദിയിൽ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ വർധനവ്.
✒️സൗദിയിൽ ഇന്ന് 35 കോവിഡ് രോഗികളും 45 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 549,912 ഉം രോഗമുക്തരുടെ എണ്ണം 539,056 ഉം ആയി.
പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 8,844 ആയി.
2012 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 39 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 9, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 47,664,819 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,675,487 ആദ്യ ഡോസും 22,602,348 രണ്ടാം ഡോസും 386,984 ബൂസ്റ്റർ ഡോസുമാണ്.
🇸🇦സൗദിയിൽ പരിഷ്കരിച്ച 'നിതാഖാത്' പദ്ധതി നടപ്പാക്കി തുടങ്ങി.
✒️സൗദിയിൽ സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും തൊഴിൽ സ്വദേശിവത്കരണത്തിനുള്ള പരിഷ്കരിച്ച നിതാഖാത് (നിതാഖാത് മുത്വവർ) പദ്ധതി നടപ്പാക്കാൻ തുടങ്ങിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളായ യുവതീ യുവാക്കൾ തൊഴിൽ വിപണിയിൽ കൂടുതൽ പങ്കാളികളാകുന്നതിനും ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണയ്ക്കാനുമുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും മന്ത്രാലയം കൈക്കൊണ്ട പദ്ധതികൾക്കും തീരുമാനങ്ങൾക്കും അനുസൃതമായാണ് പരിഷ്കരിച്ച നിതാഖാത് പദ്ധതി ഒരുക്കിയിരിക്കുന്നത്.
ഡിസംബർ ഒന്ന് മുതൽ ഇത് നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ട്. മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ തന്ത്രപരമായ പരിവർത്തന സംരംഭങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണ് നിതാഖാത് പ്രോഗ്രാം. 'നിതാഖാത് മുത്വവറി'ന് നിരവധി സവിശേഷതകളുണ്ട്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ വ്യവസ്ഥാപിതമാക്കുന്നതോടൊപ്പം അടുത്ത മൂന്ന് വർഷത്തേക്ക് സ്വദേശിവത്കരണ രംഗത്ത് വ്യക്തമായ കാഴ്ചപ്പാടും സുതാര്യതയും നൽകുന്നതാണ്. ജീവനക്കാരുടെ എണ്ണവുമായി ബന്ധിപ്പിക്കൽ, ഓരോ സ്ഥാപനത്തിെൻറയും ആവശ്യമായ സ്വദേശിവത്കരണ ശതമാനം, പ്രവർത്തന മേഖലകൾ സമന്വയിപ്പിച്ച് ലളിതമായ രൂപകൽപ്പന, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തൽ എന്നിവ എടുത്തു പറയേണ്ട സവിശേഷതകളാണ്.
കൂടാതെ മന്ത്രാലയം ആരംഭിച്ച മറ്റ് സ്വദേശിവത്കരണ പ്രോഗ്രാമുകളുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. പുതിയ പ്രോഗ്രാമിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3,40,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് പ്രതിക്ഷിക്കുന്നത്. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെയും സ്വകാര്യ മേഖലയിലെ സ്ഥാപന ഉടമകളുടെയും പങ്കാളിത്തത്തോടെയാണ് പുതിയ നിതാഖാത് പ്രോഗ്രാം മാനവ വിഭവശേഷി മന്ത്രാലയം വികസിപ്പിച്ചിരിക്കുന്നത്.
0 Comments