Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ഡിസംബർ 2 മുതൽ ഡിസംബർ 8 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 15069 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2021 ഡിസംബർ 11-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 7567 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1902 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 5600 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് എൺപതിനായിരത്തിലധികം പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 438 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 29 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 66 ശതമാനം പേർ യെമൻ പൗരന്മാരും, 5 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

🇧🇭ബഹ്‌റൈൻ: COVID-19 ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.

✒️COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഡിസംബർ 11-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് നിന്ന് ബഹ്‌റൈനിലെത്തിയ ഒരു വ്യക്തിയിലാണ് ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇദ്ദേഹം ബഹ്‌റൈനിൽ ആരുമായും സമ്പർക്കത്തിനിടയായിട്ടില്ലെന്നും, ഇദ്ദേഹത്തിന്റെ ആരോഗ്യനില അധികൃതർ നിരീക്ഷിച്ച് വരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ വ്യക്തി നിലവിൽ ക്വാറന്റീനിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വകഭേദം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിന് ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും കൈക്കൊണ്ടതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിവാസികളോട് ബൂസ്റ്റർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാനും, പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

മേഖലയിൽ യു എ ഇ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലും ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

🇦🇪സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അധികമായി ഒരു നമ്പർ പ്ലേറ്റ് ഉപയോഗിക്കാമെന്ന് അബുദാബി പോലീസ്.

✒️നമ്പർ പ്ലേറ്റുകൾ മറയുന്ന രീതിയിൽ വാഹനങ്ങളുടെ പുറകിൽ ഘടിപ്പിക്കുന്ന സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്, ഇത്തരം റാക്കുകളിൽ ഒരു അധിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാനാനുമതി നൽകുന്ന ഒരു പുതിയ പദ്ധതി ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു. ഡിസംബർ 11-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

സൈക്കിൾ, ബൈക്ക് മുതലായവ വെക്കുന്നതിനുള്ള റാക്കുകൾ കൊണ്ടും മറ്റും നമ്പർ പ്ലേറ്റ് മറയ്ക്കുന്നതും, വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതും എമിറേറ്റിൽ നിയമ ലംഘനമായി കണക്കാക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം റാക്കുകളുടെയും, സൈക്കിൾ കാരിയറുകളുടെയും താഴ്ഭാഗത്ത് വാഹനത്തിന്റെ നമ്പർ വ്യക്തമായി കാണുന്നതിനായി ഒരു അധിക നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതിന് അനുമതി നൽകുന്നത്.

റാക്കുകൾ കൊണ്ടും മറ്റും നമ്പർ പ്ലേറ്റ് മറയ്ക്കുന്നതും, വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതും ഉൾപ്പടെയുള്ള ലംഘനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണ്. ഈ പുതിയ സംരംഭത്തിലൂടെ ഇത്തരം സൈക്കിൾ കാരിയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അത്തരം കരിയറുകളിൽ ഒരു അധിക നമ്പർപ്ലേറ്റ് ഘടിപ്പിച്ച് കൊണ്ട് നിയമലംഘനം ഒഴിവാക്കാവുന്നതാണ്.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ മാറ്റങ്ങൾ വരുത്തുന്നതും, നമ്പർ പ്ലേറ്റ് മറച്ച് വെച്ചുകൊണ്ട് വാഹനങ്ങൾ ഉപയോഗിക്കുന്നതും അബുദാബിയിൽ പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ കർശനമായ ശിക്ഷാ നടപടികൾ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

🇦🇪ജനുവരി മുതൽ ദുബായിലെ 10 സ്ഥലങ്ങളിൽ ഇലക്ട്രിക്ക് സ്കൂട്ടർ ഓടിക്കാം.

✒️ജനുവരി മുതൽ ദുബായിലെ 10 സ്ഥലങ്ങളിൽ ഇലക്ട്രിക്ക് സ്കൂട്ടർ ഓടിക്കാം. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. 10 ഇടങ്ങളിലാണ് ഇ–സ്കൂട്ടറുകൾക്ക് അനുമതി നൽകുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബ്ലുവാർഡ്, ജുമൈറ ലേക്ക്സ് ടവേഴ്സ്, ദുബായ് ഇന്റർനെന്റ് സിറ്റി, അൽ റിഗ്ഗാ, 2ഡിസംബർ സ്ട്രീറ്റ് (പ്രത്യേക അനുമതി നൽകിയ സ്ഥലങ്ങളിൽ മാത്രം), പാം ജുമൈറ, സിറ്റി വാക്ക്, അൽ ഖ്വാസിസ് ഏരിയയിലെ സുരക്ഷിത റോഡുകൾ, അൽ മൻഖൂൽ, അൽ കരാമ എന്നിവയ്ക്ക് പുറമേ അൽ സലാം, അൽ ഖ്വർദ, മെയ്ദാൻ എന്നിവിടങ്ങളിലെ സൈക്കിൾ ട്രാക്കുകൾ ഒഴികെയുള്ള സ്ഥലങ്ങളിലെ സൈക്കിൾ ട്രാക്കുകൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇ സ്കൂട്ടറുകൾക്ക് അനുമതി നൽകുന്നത്. നിരവധി ആളുകൾ താമസിക്കുന്ന സ്ഥലം, മെട്രോ സ്റ്റേഷനുകളും മറ്റു പൊതുഗതാഗത സൗകര്യങ്ങളും ഉള്ള സ്ഥലം, പ്രത്യേക വികസന പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ഈ പത്തു പ്രദേശങ്ങൾ തിരഞ്ഞെടുത്തതെന്നും അധികൃതർ അറിയിച്ചു.

⚽ഫിഫ അറബ് കപ്പിൽ പോരാട്ടം മുറുകുന്നു; സെമി ഫൈനൽ ലൈനപ്പായി.

✒️ഫിഫ അറബ് കപ്പ് സെമി ഫൈനൽ ലൈനപ്പായി, ആദ്യ സെമിയിൽ ടുണീഷ്യ ഈജിപ്തിനെ നേരിടും. ഖത്തറും അൾജീരിയയും തമ്മിലാണ് രണ്ടാം സെമി, ബുധനാഴ്ചയാണ് മത്സരം. പോരാട്ടം ഈജിപ്തും ടുണീഷ്യയും തമ്മിൽ, അധികസമയത്തേക്ക് നീണ്ട ക്വാർട്ടർ ഫൈനലിൽ ജോർദാനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസമുണ്ട് ഈജിപ്തിന്, ഒമാനെ തോൽപ്പിച്ചാണ് ടുണീഷ്യയുടെ വരവ്. ആരാധകർ കാത്തിരിക്കുന്ന പോരാട്ടം ഖത്തർ -അൾജീരിയ രണ്ടാം സെമി ഫൈനലാണ്. ക്വാർട്ടർ ഫൈനലിലെ ക്ലാസിക് പോരിൽ മൊറോക്കോയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അൾജീരിയ അവസാന നാലിലെത്തിയത്. സ്വന്തം ആരാധകർക്ക് മുന്നിൽ കരുത്താർജിച്ച ഖത്തറാണ് എതിരാളി. ക്വാർട്ടറിൽ യുഎഇയുടെ വല നിറച്ച അഞ്ച് ഗോളുകൾ ആതിഥേയരുടെ മികവിന് സാക്ഷ്യംവഹിക്കുന്നു. മത്സരത്തിന്റെ ആവേശം ടിക്കറ്റ് വിൽപ്പനയിലും പ്രതിഫലിച്ചിട്ടുണ്ട്. സെമി ഫൈനൽ മത്സരങ്ങളുടെ ഏതാണ്ട് മുഴുവൻ ടിക്കറ്റുകളും ഇതിനോടകംതന്നെ വിറ്റഴിഞ്ഞു. ഇതുവരെ 5 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റതായി സുപ്രീംകമ്മിറ്റി അറിയിച്ചു. രണ്ടുലക്ഷം ഫാൻ ഐഡിയും വിതരണം ചെയ്തു.

🇦🇪ബുർജിൽ തെളിഞ്ഞു, ആസ്​റ്ററിന്‍റെ പുതിയ ലോഗോ.

✒️ആസ്​റ്റർ ഡി.എം ഹെൽത്ത്​കെയറി​െൻറ പുതിയ കോർപറേറ്റ്​ ലോഗോ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ്​ ഖലീഫയിൽ തെളിഞ്ഞു. 35ാം വാർഷികം ആഘോഷിക്കുന്നതിന്​ '1987 മുതല്‍ ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍' എന്ന് അടയാളപ്പെടുത്തുന്ന പുതിയ കോര്‍പ്പറേറ്റ് ലോഗോ ഐഡൻറിറ്റിയാണ്​ ബുർജിൽ ​പ്രകാശനം ചെയ്​തത്​. ഇതോടൊപ്പം 'കെയര്‍ ഈസ് ജസ്​റ്റ് ആന്‍ ആസ്​റ്റര്‍ എവേ' എന്ന കാമ്പയി​നും തുടക്കമായി. ഇതി​െൻറ ഭാഗമായി 455 സ്ഥാപനങ്ങളിലൂടെ ആരോഗ്യ സംരക്ഷണം വീട്ടുപടിക്കല്‍ എത്തിക്കും. ആസ്​റ്റർ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ബുർജിലെ ചടങ്ങത്​.

1987-ല്‍ ബർദുബൈയിലെ ​ക്ലിനിക്കായി ആരംഭിച്ച ആസ്​റ്ററി​െൻറ 35ാം വാർഷികമാണിത്​. 27 ആശുപത്രികള്‍, 126 ക്ലിനിക്കുകള്‍, ലാബുകള്‍, 302 ഫാര്‍മസികള്‍ എന്നിവ ഉള്‍പ്പെടുന്ന വമ്പൻ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായി ഉയർന്നു.

യു.എ.ഇ എന്ന രാജ്യത്ത്​ ക്ലിനിക്ക്​ തുടങ്ങിയതാണ്​ ത​െൻറ വിജയരഹസ്യമെന്ന്​ ഡോ. ആസാദ്​ മൂപ്പൻ പറഞ്ഞു. രോഗികളും ഉപഭോക്താക്കളും സ്്ഥാപനത്തിലര്‍പ്പിക്കുന്ന ഉറപ്പിലൂടെയും വിശ്വാസത്തിലൂടെയുമുണ്ടാക്കിയ നേട്ടങ്ങളില്‍ സന്തോഷവാനാണ്​. ഉപഭോക്താക്കളുമായി കൂടുതല്‍ അടുത്തുനില്‍ക്കാന്‍ ഉദ്ദേശിച്ചാണ് 'കെയര്‍ ഈസ് ആന്‍ ആസ്​റ്റര്‍ എവേ' ക്യാംപയിന്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ഭിന്നശേഷിക്കാരായ 150 പേര്‍ക്ക് ജോലി നല്‍കാൻ ആസ്​റ്റര്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

ആസ്​റ്റര്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിന് രോഗികള്‍ക്ക് സൗജന്യവും സബ്സിഡി നിരക്കിലുള്ളതുമായ ചികിത്സ നല്‍കുന്നത് തുടരും. ഇതി​െൻറ ഭാഗമായി ആഫ്രിക്ക, ഇറാഖ്, ഇന്ത്യ എന്നിവിടങ്ങളില്‍ മൂന്ന്​ ആസ്​റ്റര്‍ വോളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയിലെയും ജി.സി.സിയിലെയും ആസ്​റ്റര്‍ ആശുപത്രികളുമായി നേരിട്ടുള്ള ബന്ധത്തിലൂടെ ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് രോഗനിര്‍ണ്ണയവും ചികിത്സയും ലഭ്യമാക്കാന്‍ അവിടെ അഞ്ച്​ ആസ്​റ്റര്‍ വോളണ്ടിയേഴ്‌സ് ടെലിഹെല്‍ത്ത് സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ആസ്​റ്റര്‍ പദ്ധതിയിടുന്നു. ആഫ്രിക്കയിലെ സോമാലിലാന്‍ഡിലേക്കും ഇറാഖിലേക്കുമുള്ള രണ്ട് വാഹനങ്ങളുടെ ലോഞ്ചിങ്ങ് ദുബൈയില്‍ നടന്ന ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലി​െൻറ പ്രതിനിധിയായി പങ്കെടുത്ത കോണ്‍സുല്‍ താദു മാമു, വൈസ് പ്രസിഡൻറ് ഓഫ് സോമാലി ലാന്‍ഡി​െൻറ ഓഫീസ് പ്രതിനിധിയായ ഹുസൈന്‍ അല്‍ ഇഷാഖി, റിപബ്ലിക്ക് ഓഫ് സോമാലി ലാന്‍ഡ് ഹെല്‍ത്ത് ഡവലപ്‌മെൻറ് മന്ത്രാലയ പ്രതിനിധിയായ ഡോ. സഖരിയ ദാഹിര്‍, ഇറാഖി റെഡ് ക്രസൻറ് സൊസൈറ്റി പ്രസിഡൻറ് ഡോ. യാസീന്‍ അല്‍ മമൗരി എന്നിവര്‍ നിര്‍വ്വഹിച്ചു. ദ ബിഗ് ഹേര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മറിയം അല്‍ ഹമ്മാദി, അറബ് ഹോപ് മേക്കേര്‍സ് 2020 വിജയിയായ അഹ്മദ് അല്‍ ഫലാസി, ഗവണ്‍മെൻറ് ഓഫ് ദുബൈയുടെ ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസി​െൻറ ഡോ. ഒമര്‍ അല്‍ സഖാഫ്, ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് ആൻറ് കോര്‍പറേറ്റ് അഫേഴ്‌സ് മേധാവി ടി.ജെ. വില്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

🇸🇦സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1910 മാത്രം.


✒️സൗദിയിൽ നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,910 മാത്രമായി കുറഞ്ഞു. ഇന്ന് 51 പുതിയ രോഗികളും 68 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 550,240 ഉം രോഗമുക്തരുടെ എണ്ണം 539,477 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,853 ആയി.

ചികിത്സയിലുള്ളവരിൽ 29 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 20 , ജിദ്ദ 9, മദീന 5, ദമ്മാം 3, മക്ക 2, അൽഖോബാർ 2, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 48,056,205 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,777,135 ആദ്യ ഡോസും 22,787,490 രണ്ടാം ഡോസും 491,580 ബൂസ്റ്റർ ഡോസുമാണ്.

🇴🇲മോഷണക്കുറ്റത്തിന് എട്ടു വിദേശികള്‍ ഒമാനില്‍ പിടിയില്‍.

✒️മോഷണക്കുറ്റത്തിന്(theft) എട്ട് ആഫ്രിക്കന്‍ പൗരന്മാരെ മസ്‌കത്ത്(Muscat) ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് പിടികൂടി. ഒരു ബാങ്ക് ഇടപാടുകാരനില്‍ നിന്നും പണം തട്ടി എടുത്തതിനാണ് ആഫ്രിക്കന്‍ പൗരത്വമുള്ള എട്ടംഗ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ നിന്നും വലിയ തുക പിന്‍വലിക്കുന്ന ഉപഭോക്താക്കളെ പിന്തുടര്‍ന്ന് അവരുടെ വാഹനങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

🇦🇪55-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കി 13 ഭാഗ്യശാലികള്‍.

✒️യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 55-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 10 ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 100,000 ദിര്‍ഹം വീതമാണ് നേടിയത്. 2, 5, 19, 44, 48 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. കൂടാതെ, 1,015 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.

മൂന്ന് ഭാഗ്യശാലികളാണ് റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 8781942, 8768744, 8824504 എന്നീ ഐഡികളിലൂടെ യഥാക്രമം മഹേന്ദ്രന്‍, അബ്ദുല്‍ റഹീം, ജോസ്ലിന്‍ എന്നിവര്‍ വിജയികളായി. ആകെ 1,655,250 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 ഡിസംബര്‍ 18 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.

🇴🇲ഒമാനില്‍ മൂന്ന് ദിവസത്തിനിടെ സ്ഥിരീകരിച്ചത് 35 പുതിയ കൊവിഡ് കേസുകള്‍ മാത്രം.

✒️ഒമാനില്‍ (Oman) കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 35 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 30 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). പുതിയതായി കൊവിഡ് മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രാജ്യത്ത് ഇതുവരെ 3,04,714 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,096 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,113 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ ആറ് കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള രണ്ട് രോഗികള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

🇶🇦ഖത്തറില്‍ 158 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️ഖത്തറില്‍ (Qatar) 158 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 134 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 242,215 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 152 പേര്‍ സ്വദേശികളും 6 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 612 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 245,188 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 2,361 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 19,167 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,056,051 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 9 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

Post a Comment

0 Comments