Ticker

6/recent/ticker-posts

Header Ads Widget

മാറാം ഇലക്ട്രിക്കിലേക്ക്; വൈദ്യുതവാഹനം വാങ്ങാന്‍ ടൊവിനോയും


   
'മാറാം ഇലക്ട്രിക് വാഹനങ്ങളിലേക്ക്' എന്ന സന്ദേശവുമായി ഊർജപക്ഷാചരണത്തിന്റെ ഭാഗമായി എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നഗരത്തിൽ ഹരിതയാത്ര സംഘടിപ്പിച്ചു. കേരള സർവകലാശാല ആസ്ഥാനത്തുനിന്നും ആരംഭിച്ച വാഹന റാലി നടൻ ടൊവിനോ തോമസ് ഫ്ളാഗ് ഓഫ് ചെയ്തു.

'മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ പ്രകൃതിയെ സംരക്ഷിക്കുക എന്നത് മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ഇതിനായി കാർബൺരഹിത വൈദ്യുത വാഹനങ്ങളിലേക്കു മാറേണ്ടതുണ്ട്'-ടൊവിനോ പറഞ്ഞു. ഉടൻതന്നെ വൈദ്യുതവാഹനം സ്വന്തമാക്കുമെന്നും ടൊവിനോ വ്യക്തമാക്കി.

എം.എൽ.എ.മാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം, ഇ.എം.സി. ഡയറക്ടർ ഡോ. ആർ.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾ, സ്വകാര്യകമ്പനികൾ, വ്യക്തികൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് റാലി സംഘടിപ്പിച്ചത്. വെള്ളയമ്പലം, കവടിയാർ, പട്ടം, പി.എം.ജി., ബേക്കറി, തമ്പാനൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിച്ചു.

കാർബൺരഹിതമാണെന്നതും ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ല എന്നതും കുറഞ്ഞ ചെലവുമാണ് വൈദ്യുത വാഹനങ്ങളുടെ പ്രത്യേകത. ഈ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഊർജപക്ഷാചരണ പരിപാടിയിലൂടെ എനർജി മാനേജ്മെന്റ് സെന്റർ ലക്ഷ്യമിടുന്നത്.

Post a Comment

0 Comments