Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦ലോക എക്സ്പോ 2030 വേദിയുടെ നറുക്കെടുപ്പ്: ഔദ്യോഗിക നടപടികൾക്ക് സൗദി അറേബ്യ തുടക്കമിട്ടു.

✒️ലോക എക്സ്പോ 2030-യുടെ വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് സൗദി അറേബ്യ തുടക്കമിട്ടു. ലോക എക്സ്പോ 2030 റിയാദിൽ വെച്ച് നടത്തുന്നതിന് സൗദി അറേബ്യ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഇതിന്റെ ഭാഗമായി, ലോക എക്സ്പോ സംഘാടകരായ BIE ഡിസംബർ 14-ന് പാരീസിൽ വെച്ച് നടത്തിയ വിർച്യുൽ ജനറൽ അസംബ്ലി മീറ്റിംഗിൽ സൗദി അറേബ്യ ഔദ്യോഗികമായി പങ്കെടുത്തിട്ടുണ്ട്. ലോക എക്സ്പോ വേദി തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം നിശ്‌ചയിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾക്ക് ഇതോടെ തുടക്കമായി.

റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി സി ഇ ഓ ഫഹദ് അൽ റഷീദാണ് BIE ജനറൽ അസംബ്ലി മീറ്റിംഗിൽ പങ്കെടുത്ത് സൗദി അറേബ്യയുടെ സ്ഥാനാര്‍ത്ഥിത്വം അവതരിപ്പിച്ചത്. സൗദി അറേബ്യയ്ക്ക് പുറമെ റഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറ്റലി, ഉക്രൈൻ എന്നീ രാജ്യങ്ങളും ലോക എക്സ്പോ 2030 വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്.

“മാനവകുലത്തിന്റെ പുരോഗതിക്കായി ആഗോളതലത്തിലെ ഏറ്റവും മികച്ച ആശയങ്ങൾ, ചിന്തകൾ, ചിന്തകർ എന്നിവയെ ഒത്തൊരുമിപ്പിക്കുന്നതിനായാണ് ലോക എക്സ്പോ സംഘടിപ്പിക്കുന്നത്. ലോക എക്സ്പോ മുന്നോട്ട് വെക്കുന്ന ആശയങ്ങൾക്ക് ഏറ്റവും യോജിച്ച വേദിയായിരിക്കും റിയാദ്.”, BIE ജനറൽ അസംബ്ലി മീറ്റിംഗിൽ ഫഹദ് അൽ റഷീദ് വ്യക്തമാക്കി. “സൗദി വിഷൻ 2030-യുടെ പശ്ചാത്തലത്തിൽ നടക്കുന്ന ലോക എക്സ്പോ 2030 ഈ ദർശനത്തിലൂന്നിയുള്ള ഏല്ലാ നേട്ടങ്ങളും എടുത്ത് കാട്ടുന്നതിനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും.”, അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് അദ്ദേഹം BIE അംഗരാജ്യങ്ങളുടെ പ്രതിനിധികൾക്കായി അതിവിശാലമായ മരുഭൂപ്രദേശങ്ങൾ, അസീർ മേഖലയിലെ പച്ചപ്പാർന്ന മലനിരകൾ, ചെങ്കടല്‍ തീരമേഖല, അവിടുത്തെ അസാധാരണമായ പവിഴപ്പുറ്റുകൾ, അൽ ഉല പ്രദേശത്തെ ചരിത്രപ്രധാനമായ ശേഷിപ്പുകൾ എന്നിവ അടങ്ങിയ സൗദി അറേബ്യയുടെ ശ്രേഷ്ടമായ ജൈവവൈവിദ്ധ്യം എടുത്ത് കാട്ടുന്ന ഒരു വിർച്യുൽ ടൂർ അവതരിപ്പിച്ചു.

🇴🇲ഒമാൻ: വിദേശ നിക്ഷേപകർക്കായുള്ള ഇലക്ട്രോണിക് ലൈസൻസിംഗ് സേവനം ആരംഭിച്ചതായി വാണിജ്യ മന്ത്രാലയം.

✒️രാജ്യത്തെ വിദേശ മൂലധന നിക്ഷേപ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കായി ഒരു ഇലക്ട്രോണിക് ലൈസൻസിംഗ് സേവനം ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. മന്ത്രാലയത്തിന്റെ ഇൻവെസ്റ്റ് ഈസി പോർട്ടലിലൂടെയാണ് ഈ സേവനം നൽകുന്നത്.

ഡിസംബർ 16-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വാണിജ്യ, വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും, നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രാലയത്തിന് കീഴിലെ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ വിഭാഗം അണ്ടർ സെക്രട്ടറി അസീല സലിം അൽ സംസമി വ്യക്തമാക്കി.

ഈ സേവനത്തിലൂടെ നിക്ഷേപകർക്ക് പദ്ധതികളുടെ വിവരം, നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന തുക തുടങ്ങിയ വിവരങ്ങൾ നൽകുന്നതിന് സാധിക്കുമെന്നും, ഇതിലൂടെ രാജ്യത്തിന് ആവശ്യമായ വിദേശ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതും, ഇത്തരം സംരംഭകരെ രാജ്യത്തേക്ക് ക്ഷണിക്കുന്നതിനും സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ’50/2019′ എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2020 ജനുവരി 1 മുതൽ ഒമാനിൽ നിലവിൽ വന്നിട്ടുള്ള വിദേശ മൂലധന നിക്ഷേപ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ പുതിയ പദ്ധതികൾക്ക് ലൈസൻസ് സ്വയം നേടുന്നതിന് ഈ ഓൺലൈൻ സംവിധാനത്തിലൂടെ സാധ്യമാകുന്നതാണ്.

🇶🇦ഖത്തർ ദേശീയദിനാഘോഷം: നാഷണൽ ഡേ പരേഡ് ഡിസംബർ 18-ന് രാവിലെ; കോർണിഷിൽ വൈകീട്ട് കരിമരുന്ന് പ്രദർശനം.

✒️ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാഷണൽ ഡേ പരേഡ് 2021 ഡിസംബർ 18, ശനിയാഴ്ച്ച രാവിലെ കോർണിഷിൽ വെച്ച് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഡിസംബർ 18-ന് രാവിലെ 9 മണിക്കാണ് ഖത്തർ നാഷണൽ ഡേ പരേഡ് സംഘടിപ്പിക്കുന്നത്.

ദേശീയദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സെക്യൂരിറ്റി കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പരേഡിലേക്ക് കഴിഞ്ഞ വർഷത്തെ പോലെ തന്നെ പ്രത്യേക ക്ഷണിതാക്കൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

ഡിസംബർ 16-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഖത്തർ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 18-ന് നടത്തുന്ന ആഘോഷപരിപാടികൾ, പരേഡ് എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, സുരക്ഷാ നടപടികൾ എന്നിവയും ഈ പത്രസമ്മേളനത്തിൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

പരേഡിലേക്കുള്ള പ്രവേശനം ബാർകോഡ് ഉൾപ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ക്ഷണക്കത്തുകൾ ലഭിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ബ്രിഗേഡിയർ ഡോ. അലി ഖാജിം അൽ അത്ബി അറിയിച്ചു. ഏതാണ്ട് പതിനായിരത്തോളം പൊതുജനങ്ങളെ മാത്രമാണ് ഈ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഇവർക്ക് ഡിസംബർ 18-ന് രാവിലെ 7.30 വരെ കോർണിഷിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 18-ന് വൈകീട്ട് ദോഹ കോർണിഷിൽ പ്രത്യേക വെടിക്കെട്ട് സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അറബ് കപ്പ് ഫൈനൽ മത്സരം അവസാനിക്കുന്നതിനൊപ്പമാണ് ഈ കരിമരുന്ന് പ്രദർശനം അരങ്ങേറുന്നത്.

🇶🇦ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഡിസംബർ 19 മുതൽ മാറ്റം വരുത്തുന്നു.

✒️COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ള പട്ടികകൾ 2021 ഡിസംബർ 19 മുതൽ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 16-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം റെഡ് പട്ടികയിൽ ഖത്തർ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ 2021 ഡിസംബർ 19-ന് വൈകീട്ട് 6 മണിമുതൽ പ്രാബല്യത്തിൽ വരുമെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ ആഗോളതലത്തിലെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇത്തരം ഒരു തീരുമാനം.

ഗ്രീൻ, റെഡ്, ഹൈ റിസ്ക് രാജ്യങ്ങളുടെ പുതുക്കിയ പട്ടിക താഴെ പറയുന്ന വിലാസങ്ങളിൽ ലഭ്യമാണ്:

ഗ്രീൻ പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/GREEN-LIST-COUNTRIES.pdf

റെഡ് പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/RED-LISTED-COUNTRIES.pdf

ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/HIGH-RISK-LIST-COUNTRIES.pdf

പുതിയതായി പ്രഖ്യാപിച്ച ഗ്രീൻ പട്ടികയിൽ 175 രാജ്യങ്ങളും, റെഡ് പട്ടികയിൽ 23 രാജ്യങ്ങളുമാണുള്ളത്. ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളെയാണ് നിലവിൽ ഖത്തർ എക്സെപ്ഷണൽ റെഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്.

🇴🇲ഒമാൻ: മുപ്പതിനായിരത്തിലധികം പേർ മൂന്നാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു.

✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ മുപ്പതിനായിരത്തിലധികം പേർ മൂന്നാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഡിസംബർ 16-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ 86 ശതമാനം പേർ ഒമാനിൽ ഇതുവരെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. 93 ശതമാനം പേർ ഒരു ഡോസ് കുത്തിവെപ്പെങ്കിലും സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

COVID-19 വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പിന് അർഹതയുള്ള രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാരും, പ്രവാസികളും കാലതാമസം കൂടാതെ ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്മദ് അൽ സൈദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

🇦🇪ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിക്ക് ലഭിച്ചത് രണ്ടു കോടി.

✒️അബുദാബി ബിഗ് ടിക്കറ്റ്(Big Ticket) പുതിയതായി അവതരിപ്പിച്ച പ്രതിവാര നറുക്കെടുപ്പിലെ രണ്ടാമത്തെ വിജയിയെ(winner) പ്രഖ്യാപിച്ചു. റഫീഖ് മുഹമ്മദാണ് വിജയിയായത്. ഇദ്ദേഹത്തിന് 10 ലക്ഷം(രണ്ട് കോടി ഇന്ത്യന്‍ രൂപ)ആണ് സമ്മാനമായി ലഭിച്ചത്. ഡിസംബറില്‍ ബിഗ് ടിക്കറ്റിലൂടെ കോടികള്‍ നേടുന്ന ആറ് പേരില്‍ രണ്ടാമത്തെയാളെയാണ് തെരഞ്ഞെടുത്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പാചകം ചെയ്യുന്ന തിരക്കിനിടെയാണ് റഫീഖിനെ തേടി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്‌റയുടെ ഫോണ്‍ കോള്‍ എത്തുന്നത്. 10 ലക്ഷം ദിര്‍ഹം സമ്മാനമായി നേടിയ വിവരം അവര്‍ റഫീഖിനെ അറിയിച്ചു. പാചകവിദഗ്ധനായ റഫീഖിന് ഈ വിവരം അറിഞ്ഞ് സന്തോഷം അടക്കാനായില്ല. ബുഷ്‌റയുടെ കോളിന് ശേഷം ബിഗ് ടിക്കറ്റ് പ്രതിനിധികളോട് സംസാരിച്ചപ്പോള്‍ റഫീഖ് സന്തോഷം പങ്കുവെച്ചു. 

'10 ലക്ഷം ദിര്‍ഹം എന്നെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്. എന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കും. സമ്മാനത്തുകയില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും'- റഫീഖ് പറഞ്ഞു. ഒമ്പത് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് റഫീഖ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും.

ഈ മാസം ആദ്യമാണ് ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഡിസംബറിലെ എല്ലാ ആഴ്ചയിലും 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന നറുക്കെടുപ്പ് പ്രഖ്യാപിച്ചത്. ദ്യ വിജയിയായി ഹാരുണ്‍ ഷെയ്ഖും ഇപ്പോള്‍ റഫീഖ് മുഹമ്മദും പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചു. 

ഈ രണ്ടുപേര്‍ക്കും ബിഗ് ടിക്കറ്റിന്റെ ട്രെമന്‍ഡസ് 25 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. 50 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഗ്രാന്‍ഡ് പ്രൈസ്. 20 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. മറ്റ് നാല് ക്യാഷ് പ്രൈസുകളും ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്കും സമ്മാനങ്ങള്‍ നേടാം, ഉടന്‍ തന്നെ ബിഗ് ടിക്കറ്റ് വാങ്ങൂ.

ഇപ്പോള്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ 24ന് നടക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കാന്‍ അവസരമുണ്ട്. അതിന് പുറമെ ട്രെമന്‍ഡസ് 25 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പിലും പങ്കെടുക്കാം. 2.5 കോടി ദിര്‍ഹം( 50 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം, 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, മറ്റ് നാല് ക്യാഷ് പ്രൈസുകള്‍ എന്നിവയാണ് ജനുവരി മൂന്നിന് നിങ്ങളെ കാത്തിരിക്കുന്നത്. ബിഗ് ടിക്കറ്റില്‍ വിജയിക്കാനുള്ള അവസരം വര്‍ധിച്ചിരിക്കുകയാണ്. ഒരു ടിക്കറ്റ് വാങ്ങിയാല്‍, രണ്ട് നറുക്കെടുപ്പുകളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ സ്വന്തമാക്കാം. ബിഗ് ടിക്കറ്റിലൂടെ സമ്മാനങ്ങള്‍ ഉറപ്പാക്കാം.

പ്രതിവാര നറുക്കെടുപ്പ് വിവരങ്ങള്‍

10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 1 ഡിസംബര്‍ 1-8 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ ഒമ്പത്(വ്യാഴാഴ്ച)
10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 2 ഡിസംബര്‍ 9-16 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 17 (വെള്ളിയാഴ്ച)
10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 3 ഡിസംബര്‍ 17 -23 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 24(വെള്ളിയാഴ്ച)
10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 4- ഡിസംബര്‍ 24 -31 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ജനുവരി ഒന്ന്(ശനിയാഴ്ച).

🇦🇪യുഎഇയില്‍ ഇന്ന് 234 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

✒️അബുദാബി: യുഎഇയില്‍(UAE) ഇന്ന് 234 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 127 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ 3,32,243 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.62 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,43,586 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,38,387 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,048 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇰🇼ഒരാഴ്‍ചയ്‍ക്കിടെ 503 പ്രവാസികളെ നാടുകടത്തി.

✒️കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടെ 503 താമസ നിയമലംഘകരെ (residence law violators) നാടുകടത്തി. ഡിസംബര്‍ എട്ട് മുതല്‍ 14 വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം (Ministry of Interior) പുറത്തുവിട്ടത്. താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലാവുന്നവരുടെ പേരിലുള്ള തുടര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അവരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കണമെന്നും പരമാവധിപ്പേരുടെ നടപടികള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ നടന്നുവരികയാണ്. കൊവിഡ് സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെയ്‍ക്കുകയും നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കുകയും ചെയ്‍തിരുന്നു. ഒന്നിലേറെ തവണ ഇതിനുള്ള സമയം നീട്ടി നല്‍കിയിട്ടും നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വിമാന സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെ ശക്തമായ പരിശോധനയും ആരംഭിക്കുകയായിരുന്നു.

അതേസമയം നിയമ ലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വമേധയാ പിഴയടച്ച് രാജ്യം വിടാനാവും. ഇവര്‍ക്ക് മറ്റൊരു വിസയില്‍ തിരികെ വരികയും ചെയ്യാം. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുവൈത്തില്‍ പിന്നീട് വിലക്കേര്‍പ്പെടുത്തും. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാനും ഇവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വിലക്കുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.

🇸🇦സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു.

✒️സൗദി അറേബ്യയിലേക്ക് (Saudi Arabia) വരുമ്പോൾ കൊവിഡ് പി.സി.ആർ പരിശോധന (Covid PCR test) നടത്തണമെന്ന നിബന്ധനയിൽ നിന്ന് ചില വിഭാഗങ്ങളിലുള്ളവരെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ (Saudi Ministry of Interior) അറിയിച്ചു. സ്വദേശി സ്‍ത്രീയെ വിവാഹം ചെയ്‍തിട്ടുള്ള വിദേശി, സ്വദേശി പുരുഷന്റെ വിദേശിയായ ഭാര്യ, അവരുടെ കുട്ടികൾ, മാതാപിതാക്കൾ, വീട്ടുജോലിക്കാർ എന്നിവരെയാണ് പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയത്. 

രാജ്യത്തെ കൊവിഡ് സംഭവവികാസങ്ങൾ വിലയിരുത്തി ആരോഗ്യ വകുപ്പ് സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ആഗോളതലത്തിലെ കൊവിഡ് സാഹചര്യമനുസരിച്ച് എല്ലാ നടപടികളും ആരോഗ്യ വകുപ്പിന്റെ തുടർച്ചയായ വിലയിരുത്തലിന് വിധേയമാണെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

🇸🇦Riyadh Metro : റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും, 92 ശതമാനം ജോലികളും പൂർത്തിയായി.

✒️റിയാദ്: സൗദി (Saudi Arabia) തലസ്ഥാന നഗരത്തിലെ പുതിയ ഗതാഗത സൗകര്യമായി ഒരുങ്ങുന്ന റിയാദ് മെട്രോ (Riyadh Metro) പദ്ധതിയുടെ 92 ശതമാനം നിർമാണ ജോലികളും പൂർത്തിയായി. റിയാദ് നഗരത്തിന്റെ മുക്കുമൂലകളെ തമ്മിൽ കൂട്ടിയിണക്കുന്ന ആറ് ലൈൻ മെട്രോ (Six lane Metro) റെയിലുകളിലൂടെ വൈകാതെ ട്രെയിനുകൾ ഓടിത്തുടങ്ങും. മെട്രോ പദ്ധതിയുടെ മുഴുവൻ നിർമാണ, സിവിൽ ജോലികളും പൂർത്തിയായതായി റിയാദ് റോയൽ കമ്മീഷൻ (Riyadh Royal Commission) ഉപദേഷ്ടാവ് ഹുസാം അൽഖുറശി പറഞ്ഞു. 

റിയാദ് മെട്രോ ട്രെയിൻ പരീക്ഷണ സർവീസിൽ യാത്ര ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്ന ജോലികളാണ് അവശേഷിക്കുന്നത്. റിയാദ് മെട്രോയിലേക്കുള്ള 184 ട്രെയിനുകൾ ഇറക്കുമതി ചെയ്ത് പരീക്ഷണ സർവീസുകൾ നടത്തി, സുരക്ഷിതത്വവും സുസജ്ജതയും ഉറപ്പുവരുത്തിവരികയാണ്. പരീക്ഷണ സർവീസുകൾക്കിടെ മുഴുവൻ ട്രാക്കുകളിലുമായി ആകെ 20 ലക്ഷം കിലോമീറ്റർ ദൂരം ട്രെയിനുകൾ ഓടി. ലോകത്തെ ഏറ്റവും ബൃഹത്തായ ഗതാഗത പദ്ധതികളിൽ ഒന്നായ റിയാദ് മെട്രോയിൽ ആറു ട്രാക്കുകളാണുള്ളത്. 84 സ്റ്റേഷനുകളാണുള്ളത്. 350 കിലോമീറ്റർ നീളത്തിൽ റെയിൽപാത സ്ഥാപിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായ ബസ് റൂട്ട് ശൃംഖല 1,800 കിലോമീറ്റർ കവർ ചെയ്യും. സ്റ്റേഷനുകളുടെ നിർമാണ ജോലികൾ 80 ശതമാനവും പൂർത്തിയായി. പരീക്ഷണ സർവീസുകളിലൂടെ ട്രെയിൻ സർവീസുകൾ നിയന്ത്രിക്കുന്ന കൺട്രോൾ സെന്ററുകളുടെ കാര്യക്ഷമതയും സുസജ്ജതയും പരീക്ഷിച്ചുവരികയാണ്. പദ്ധതിയുടെ ഭാഗമായ ബസുകൾ ഔദ്യോഗിക സർവീസ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്ക ഘട്ടത്തിലാണ്. വൈകാതെ ബസുകൾ യാത്രക്കാരുമായി സർവീസ് നടത്തും. തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും കാർബൺ ബഹിർഗമനം കുറക്കാനും റിയാദ് മെട്രോ പദ്ധതി സഹായിക്കുമെന്നും ഹുസാം അൽഖുറശി പറഞ്ഞു.

🚔അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു.

✒️നിയമ വിരുദ്ധമായി വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ (Illegal vehicle modification) നടത്തുക വഴി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ പിടിച്ചെടുത്തതായി (Vehicles seized) ഷാര്‍ജ പൊലീസ് (Sharjah Police) അറിയിച്ചു. എഞ്ചിനുകളില്‍ മാറ്റം വരുത്തി അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 505 വാഹനങ്ങളും 104 മോട്ടോര്‍സൈക്കിളുകളുമാണ് പിടിച്ചെടുത്തത്.

നിയമ ലംഘനം അനുസരിച്ചുള്ള ശിക്ഷകള്‍ വാഹന ഉടമകള്‍ക്ക് നല്‍കിയതായി ഷാര്‍ജ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ ഒമര്‍ ബുഗാനിം പറഞ്ഞു. എഞ്ചിനുകളില്‍ മാറ്റം വരുത്തിയ വാഹനങ്ങള്‍ പിടികൂടാന്‍ ഷാര്‍ജ പൊലീസ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളിലും മറ്റും ഇത്തരം വാഹനങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതാക്കാന്‍ പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കൗമാര പ്രായക്കാര്‍ റോഡുകളില്‍ അശ്രദ്ധമായി മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കുന്നതും ആളുകള്‍ക്ക് ശല്യമാക്കുണ്ടാക്കുന്നതും സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന തുടങ്ങിയത്. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകട മരണങ്ങള്‍ കുറയ്‍ക്കാനും അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഷാര്‍ജ പൊലീസ് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🇶🇦ഖത്തറില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

✒️ഖത്തറില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.വിദേശത്ത് നിന്നും എത്തിയ നാല് പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. സ്വദേശികളും വിദേശ പൌരന്‍മാരും വൈറസ് സ്ഥിരീകരിച്ചവരിലുണ്ട്. മൂന്ന് പേര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. ഒരാള്‍ വാക്സിന്‍ എടുത്തിട്ടില്ല. നിലവില്‍ നാല് പേരും ക്വാറന്റൈനിലാണ്. ഗുരുതര രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യമില്ല. നെഗറ്റീവ് ആകുന്നത് വരെ ഇവര്‍ ക്വാറന്റൈനില്‍ തുടരും.

🇸🇦സൗദിയിൽ ഇന്നും പുതിയ കേസുകൾ 80 ലെത്തി, 92 രോഗമുക്തർ.

✒️ഇന്ന് സൗദിയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം 80 ഉം രോഗമുക്തി 92 ഉം റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 550,622 ഉം രോഗമുക്തരുടെ എണ്ണം 539,885 ഉം ആയി. പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,860 ആയി. 1877 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 31 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 31, ജിദ്ദ 14, മക്ക 10, ദമ്മാം 4, മദീന 3, ഹുഫൂഫ് 3, തബൂക്ക് 2, മറ്റ് 13 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 48,280,992 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,842,685 ആദ്യ ഡോസും 22,889,783 രണ്ടാം ഡോസും 548,524 ബൂസ്റ്റർ ഡോസുമാണ്.

🎙️അറബ് മേഖലയിലെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ആളുകളും പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്.

✒️അറബ് ലോകത്തെ(Arab World) 420 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ (population)മൂന്നിലൊന്ന് പേരും പട്ടണിയിലാണെന്ന് യുണൈറ്റഡ് നേഷന്‍സ്(United Nations). യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍(എഫ്എഒ) വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2019നും 2020നും ഇടയ്ക്ക് അറബ് മേഖലയില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ആളുകളുടെ എണ്ണത്തില്‍ 48 ലക്ഷത്തിന്റെ വര്‍ധനവാണുണ്ടായത്. ഇതോടെ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ആളുകള്‍ 6.9 കോടിയായി. ഇത് ജനസംഖ്യയുടെ 16 ശതമാനം വരും. ദീര്‍ഘമായ പ്രതിസന്ധികള്‍, സാമൂഹിക അസ്വസ്ഥതകള്‍, സംഘര്‍ഷങ്ങള്‍, ദാരിദ്ര്യം, അസമത്വം, കാലാവസ്ഥ വ്യതിയാനം, പ്രകൃതി സ്രോതസ്സുകളുടെ ദൗര്‍ലഭ്യം, കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം എന്നിവ ഏല്‍പ്പിച്ച ആഘാതങ്ങള്‍ തുടങ്ങിയവയാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷബാധിത രാജ്യങ്ങളിലും ഇത് നേരിട്ട് ബാധിക്കാത്ത രാജ്യങ്ങളിലും എല്ലാ വരുമാന നിലകളിലുമുള്ള ആളുകളില്‍ പോഷകാഹാരക്കുറവ് വര്‍ധിച്ചിട്ടുണ്ടെന്ന് എഫ്എഒ വ്യക്തമാക്കി.

ഇത് കൂടാതെ ഏകദേശം 141 ദശലക്ഷം ആളുകള്‍ക്ക് 2020ല്‍ ആവശ്യമായ ഭക്ഷണം ലഭിച്ചിട്ടില്ല. 2019നെ അപേക്ഷിച്ച് ഒരു കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. കൊവിഡ് മഹാമാരി ഈ ജനങ്ങളില്‍ മറ്റൊരു വലിയ ആഘാതാമണ് ഏല്‍പ്പിച്ചത്. ഇതോടെ മേഖലയിലെ പോഷകാഹാരക്കുറവുള്ള ആളുകളുടെ 2019നെ അപേക്ഷിച്ച് എണ്ണം 48 ലക്ഷം വര്‍ധിച്ചു.

സംഘര്‍ഷങ്ങളാണ് മേഖലയിലെ പട്ടിണിക്ക് പ്രധാന കാരണമായി തുടരുന്നത്. 5.34 കോടി ജനങ്ങള്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പട്ടിണിയുടെ ദുരിതമനുഭവിക്കുന്നുണ്ട്. സംഘര്‍ഷങ്ങള്‍ ബാധിക്കാത്ത രാജ്യങ്ങളിലേക്കാള്‍ ആറ് മടങ്ങ് കൂടുതലാണിതെന്ന് എഫ്എഒയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലും കിഴക്കന്‍ പ്രദേശങ്ങളുടെയും നോര്‍ത്ത് ആഫ്രിക്കയുടെയും മേഖലാ പ്രതിനിധിയുമായ അബ്ദുള്‍ ഹക്കീം ഇല്‍വാര്‍ പറഞ്ഞു. സംഘര്‍ഷ ബാധിത മേഖലകളായ സൊമാലിയയും യെമനുമാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും ദുരിതമനുഭവിച്ച രാജ്യങ്ങള്‍. ഏകദേശം 60 ശതമാനം സൊമാലിയക്കാര്‍ക്ക് പട്ടിണിയിലായെന്നും 45 ശതമാനത്തിലേറെ യെമനികള്‍ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2020ല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് അനീമിയ ബാധിച്ചത് യെമനിലാണ്. പ്രത്യുല്‍പ്പാദന പ്രായത്തിലുള്ള 61.5 ശതമാനം സ്ത്രീകളെ ഇത് ബാധിച്ചു. കഴിഞ്ഞ 20 വര്‍ഷക്കാലയളവില്‍ അറബ് മേഖലയില്‍ പട്ടിണി 91.1 ശതമാനം കൂടിയതായി എഫ്എഒ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് 'അല്‍ ജസീറ' റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

0 Comments