Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന് പുതിയ ലോഗോ ക്ഷണിച്ചു; തെരഞ്ഞെടുക്കുന്ന ലോഗോക്ക് അമ്പതിനായിരം റിയാൽ സമ്മാനം.

✒️സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് പുതിയ ലോഗോ ക്ഷണിച്ചു. പുതിയ ലോഗോ രൂപകല്‍പന ചെയ്യാന്‍ രാജ്യത്തെ ഡിസൈനർമാർക്കിടയിൽ മന്ത്രാലയം മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. ഏറ്റവും മികച്ച ലോഗോ രൂപകല്‍പന ചെയ്യുന്നവര്‍ക്ക് 50,000 റിയാല്‍ സമ്മാനം ലഭിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ ലോഗോയിൽ ഉണ്ടാവേണ്ട നിബന്ധനകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

സൗദി അറേബ്യയുടെ പൊതു ലോഗോ ആയ രണ്ടു വാളുകളും ഈത്തപ്പനയും ലോഗോയിൽ ഉണ്ടായിരിക്കണം. ഹജ്ജിന്റെയും ഉംറയുടെയും പ്രതീകങ്ങൾ ലോഗോ പ്രതിനിധീകരിക്കണം. ലോഗോയിൽ പ്രധാന ഭാഗങ്ങൾ അറബിയും ഇംഗ്ലീഷും സൂചിപ്പിക്കണം. ലോഗോ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടും ദൗത്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലോഗോ ലളിതമായിരിക്കണം. സങ്കീർണ്ണമായ ഘടകങ്ങൾ ലോഗോയിൽ ഉൾക്കൊള്ളാതിരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു.

ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ലക്ഷ്യവും കൃത്യമായ സന്ദേശവും ലോഗോ പ്രതിഫലിപ്പിക്കണം. ഇസ്‌ലാമിക ലോകത്ത് ഹജ്ജിനും ഉംറക്കുമുള്ള സ്ഥാനത്തെ പുതിയ ലോഗോ പ്രതിനിധീകരിക്കണം. ലോഗോയുടെ ഘടന സമതുല്യമായ ജ്യാമിതീയ അളവുകളായിരിക്കണം. അതോടൊപ്പം ലോഗോ വ്യത്യസ്ത അളവുകളിൽ ഉപയോഗിക്കാന്‍ സാധിക്കുന്നതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് അവരുടെ കർമങ്ങൾ സുരക്ഷിതവും എളുപ്പവുമായ രീതിയിൽ അനുഷ്ഠിക്കുന്നതിനും അതിലൂടെ ഉയർന്ന സംതൃപ്തി കൈവരിക്കുന്നതിനും മന്ത്രാലയം ലക്ഷ്യം വെക്കുന്നു. പുതിയ ലോഗോ ഡിസംബര്‍ 21 നു മുമ്പായി icd@haj.gov.sa എന്ന ഇമെയിൽ വിലാസത്തിൽ അയക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

🇶🇦ഖത്തർ: പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും.

✒️ഖത്തർ റിയാലിന്റെ നാലാം ശ്രേണിയിൽപ്പെട്ട പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും. ഖത്തറിലെ വിവിധ ബാങ്കുകൾ ഇത് സംബന്ധിച്ച് ഉപഭോക്താക്കളെ ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പുകൾ SMS സന്ദേശങ്ങളിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും നൽകിത്തുടങ്ങിയിട്ടുണ്ട്.

പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ 2021 ജൂലൈ 1 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. പിന്നീട് ഖത്തർ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഈ കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകുകയായിരുന്നു.

“നിങ്ങളുടെ പക്കലുള്ള നാലാം ശ്രേണിയിൽപ്പെടുന്ന റിയാൽ നോട്ടുകൾ 2021 ഡിസംബർ 31-നകം മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.”, ഖത്തർ നാഷണൽ ബാങ്ക് ഡിസംബർ 8-ന്, ഇത് സംബന്ധിച്ച് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

“ദോഹാ ബാങ്കിന്റെ ബ്രാഞ്ചുകളിലും, ക്യാഷ് ഡെപ്പോസിറ്റ് എടിഎം മെഷീനുകളിലും പഴയ റിയാൽ നോട്ടുകൾ 2021 ഡിസംബർ 31 വരെ സ്വീകരിക്കുന്നതാണ്.”, ഡിസംബർ 6-ന് ദോഹ ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ദോഹ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങളിലൂടെയും ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.

“ഞങ്ങളുടെ ബ്രാഞ്ചുകളിലും, എടിഎം മെഷീനുകളിലും പഴയ ശ്രേണിയിൽപ്പെടുന്ന ബാങ്ക് നോട്ടുകൾ നിക്ഷേപിക്കുന്നതിനും, മാറ്റിയെടുക്കുന്നതിനും അനുവദിച്ചിട്ടുള്ള സമയപരിധി 2021 ഡിസംബർ 31-ന് അവസാനിക്കുന്നതാണ്.”, അഹ്‍ലി ബാങ്ക് ഡിസംബർ 8-ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തർ ഇസ്ലാമിക് ബാങ്ക്, അൽ ഖലീജി തുടങ്ങിയ മറ്റു ബാങ്കുകളും സമാനമായ അറിയിപ്പുകൾ നൽകിയിട്ടുണ്ട്. 2020 ഡിസംബർ 18-നാണ് ഖത്തർ സെൻട്രൽ ബാങ്ക് ഖത്തർ റിയാലിന്റെ അഞ്ചാം ശ്രേണിയിൽപ്പെട്ട പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയത്.

🇧🇭ബഹ്‌റൈൻ: മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കുന്നതിനുള്ള തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചതായി സൂചന.

✒️രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ബഹ്‌റൈനിൽ ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് ശതമാനം VAT നിരക്ക് 2022 ജനുവരി 1 മുതൽ പത്ത് ശതമാനത്തിലേക്ക് ഉയർത്തുന്നത് ലക്ഷ്യമിട്ടുള്ള ഒരു കരട് നിയമം 2021 സെപ്റ്റംബറിൽ ബഹ്‌റൈൻ പാർലിമെന്റിൽ അവതരിപ്പിച്ചിരുന്നു.

2021 ഡിസംബർ 8-ന് ക്യാബിനറ്റിൽ ഈ കരട് ബില്ലിൽ നടന്ന ചർച്ചകളിൽ, രാജ്യത്തെ VAT നിരക്ക് 10 ശതമാനത്തിലേക്ക് ഉയർത്തുന്നതിന് അംഗീകാരം നൽകിയതായാണ് ഒരു പാർലിമെന്റ് അംഗത്തെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂല്യവർദ്ധിത നികുതി ഉയർത്തുന്നത് പ്രാബല്യത്തിൽ വരുന്ന തീയതിയെക്കുറിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കൊറോണ വൈറസ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ബഹ്‌റൈനിലെ വാണിജ്യ മേഖലയെ പുനർജ്ജീവിപ്പിക്കുന്നതിനും, വരുമാനവർദ്ധനവ് ലക്ഷ്യമിട്ടുമാണ് അധികൃതർ VAT നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള കരട് ബിൽ സെപ്റ്റംബറിൽ അവതരിപ്പിച്ചത്.

🇴🇲🇸🇦ഒമാൻ-സൗദി റോഡ്: എംറ്റി ക്വാർട്ടർ ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ്.

✒️ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ സുരക്ഷാ നടപടികളുടെ ഭാഗമായി റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഡിസംബർ 8-നാണ് ROP ഇക്കാര്യം അറിയിച്ചത്.

പാസ്സ്‌പോർട്ട്, റെസിഡൻസി നടപടികൾ, വാഹനങ്ങളുടെ സുഗമമായ യാത്ര എന്നിവയ്ക്കായി ഈ ചെക്‌പോയിന്റിൽ എല്ലാ നൂതന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ROP വ്യക്തമാക്കി.

എംറ്റി ക്വാർട്ടർ ബോർഡർ ചെക്ക്പോയന്റിലൂടെ കടന്ന് പോകുന്ന യാത്രികർക്ക് കാലതാമസം കൂടാതെ വിസ സേവനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ഒരുക്കിയതായും ROP കൂട്ടിച്ചേർത്തു. ഇതോടൊപ്പം കസ്റ്റംസ് ക്ലിയറൻസ് നടപടികളും ഈ ചെക്‌പോയിന്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് 021 ഡിസംബർ 7, ചൊവ്വാഴ്ച്ച സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. എംറ്റി ക്വാർട്ടർ മരുഭൂമിയിലൂടെയുള്ള ഈ ഹൈവേ സൗദി കിരീടാവകാശി H.R.H. മുഹമ്മദ് ബിൻ സൽമാന്റെ ഒമാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് തുറന്ന് കൊടുത്തത്.

ഈ ഹൈവേയുടെ സൗദി അറേബ്യയയിലേക്ക് പ്രവേശിക്കുന്ന അതിർത്തിയിലും ചെക്ക്പോയിന്റുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഏതാണ്ട് 740 കിലോമീറ്റർ നീളമുള്ള ഈ പാത ഒമാനിലെ ദഹിറ ഗവർണറേറ്റിലെ ഇബ്രി റൌണ്ട് എബൗട്ടിൽ നിന്ന് ആരംഭിച്ച് സൗദിയിലെ അൽ അഹ്‌സ പട്ടണത്തിൽ അവസാനിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ലോകത്ത് തന്നെ ഏറ്റവും ദുഷ്കരമായ ഏതാനം ഭൂപ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്ന് പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നായ റുബഉൽ ഖാലി മരുഭൂമിയിലൂടെ കടന്ന് പോകുന്ന ഈ ഹൈവേ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള കരമാർഗ്ഗമുള്ള യാത്രാ സമയത്തിൽ 16 മണിക്കൂർ കുറവ് വരുത്തുന്നതാണ്. സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി ചെലവുകൾ കുറയ്ക്കുന്നതിനും, കടത്ത്‌കൂലി കുറയ്ക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും സഹായകമാണ്.

🇶🇦ഖത്തറില്‍ പരമാവധി വിലയും ലാഭ നിരക്കും നിശ്ചയിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും.

✒️ഖത്തറില്‍ സാധനങ്ങളുടെ പരമാവധി വിലയും ലാഭ നിരക്കും നിശ്ചയിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. ഇത് സംബന്ധമായി വാണിജ്യ വ്യവസായ മന്ത്രാലയം സമര്‍പ്പിച്ച പ്രമേയം ഖത്തര്‍ മന്ത്രിസഭ അംഗീകരിച്ചു. ഇതിനായി 2011ലെ വ്യപാര വ്യവസായ പ്രമേയം നമ്പര്‍- 169 ഭേദഗതി ചെയ്യും.

പ്രധാനമന്ത്രി ശേയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. ഖത്തര്‍-തുര്‍ക്കി സ്ട്രാറ്റജിക് കമ്മിറ്റിയുടെ ഏഴാമത് സമ്മേളനം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ മന്ത്രിസഭ അഭിനന്ദിച്ചു.

ഖത്തറില്‍ നിലവിലെ കോവിഡ് സാഹചര്യം ആരോഗ്യ മന്ത്രി വിശദീകരിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തുടരാന്‍ യോഗത്തില്‍ തീരുമാനമായി.

🇶🇦ഖത്തറില്‍ ഇന്ന് 159 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി വര്‍ധിച്ചു.

✒️ഖത്തറില്‍(Qatar) ഇന്ന് 159 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 141 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 241,938
ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 2,318 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 13 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 11 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 59 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 8,010 ഡോസ് വാക്സിന്‍ കൂടി നല്‍കി. 154,885
ബൂസ്റ്റര്‍ ഡോസ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 5,043,480
ഡോസ് വാക്സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇸🇦സൗദി കിരീടാവകാശിക്ക് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി.

✒️സൗദി കിരീടാവകാശിയും മന്ത്രിസഭ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് ( Muhammad Bin Salman)യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സായിദ്' (Order of Zayed)സമ്മാനിച്ചു. ഖസര്‍ അല്‍ വതനില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു. 

രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെ ലോക നേതാക്കള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ഓര്‍ഡര്‍ ഓഫ് സായിദ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരമായാണ് പുരസ്‌കാരം സമ്മാനിച്ചത്. ജിസിസി പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സല്‍മാന്‍ രാജാവിന്റെ ആശംസ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കൈമാറി.

🇸🇦സൗഹൃദത്തിന് തിളക്കമേറുന്നു; ഉപരോധത്തിന് ശേഷം സൗദി കിരീടാവകാശി ആദ്യമായി ഖത്തറിലെത്തി.

✒️ഖത്തറിന് മേല്‍ നിന്നിരുന്ന നാല് വര്‍ഷത്തെ ഉപരോധം (blockade of Qatar) അവസാനിച്ചതിന് പിന്നാലെ സൗദി - ഖത്തര്‍ (Saudi - Qatar relations) സൗഹൃദത്തിന് തിളക്കമേറുന്നു. ഉപരോധത്തിന് ശേഷം ആദ്യമായി സൗദി കിരീടാവകാശിയും (saudi crown prince) ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ ഖത്തറിലെത്തി. ഖത്തര്‍ അമീര്‍ (Qatar Emir) ശൈഖ് തമീം ബിന്‍ ഹദമ് അല്‍ ഥാനി നേരിട്ടെത്തി സല്‍മാന്‍ രാജകുമാരനെ സ്വീകരിച്ചു.

ഈ മാസം നടക്കാനിരിക്കുന്ന ഗള്‍ഫ് ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. യുഎഇയും ഒമാനും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത്. 2017ല്‍ സൗദി കിരീടാവകാശിയായി ചുമതയലേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഖത്തര്‍ യാത്ര കൂടിയാണിത്. ദോഹയില്‍ ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മില്‍ കൂടിക്കാഴ്‍ച നടത്തിയെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

🇸🇦സൗദിയില്‍ കൊവിഡ് ബാധിതരില്‍ 72 പേര്‍ കൂടി സുഖം പ്രാപിച്ചു.

✒️സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിതരില്‍ സുഖം പ്രാപിക്കുന്നവരുടെ പ്രതിദിന കണക്കില്‍ ഉയര്‍ച്ച. 24 മണിക്കൂറിനിടെ 72 പേരാണ് രോമുക്തരായതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതെസമയം പുതുതായി 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഒരു മരണം കോവിഡ് മൂലമാണെന്ന് കണ്ടെത്തുകയും ചെയ്തു.

രാജ്യത്ത് ആകെ 31,867,094 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 550,088 ആയി. ഇതില്‍ 539,277 പേരും സുഖം പ്രാപിച്ചു. ആകെ 8,850 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,961 പേരില്‍ 29 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 47,928,781 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,745,011 എണ്ണം ആദ്യ ഡോസ് ആണ്. 22,730,918 എണ്ണം സെക്കന്‍ഡ് ഡോസും. 1,724,957 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 452,852 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 16, ജിദ്ദ 9, മദീന: 3, ദമ്മാം 3, മക്ക 2, മറ്റ് 12 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

🇦🇪ഷാര്‍ജയില്‍ ഇനി ആഴ്ചയില്‍ മൂന്ന് ദിവസം അവധി.

✒️ഷാര്‍ജയില്‍(Sharjah) സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി(three day weekend) പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ(Sheikh Dr Sultan bin Muhammad Al Qasimi) നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. വിലയിരുത്തലുകള്‍ക്ക് ശേഷം ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ്(Executive Council ) തീരുമാനം പ്രഖ്യാപിച്ചത്.

ജനുവരി ഒന്നു മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ജോലി സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെയാക്കി. ഷാര്‍ജയില്‍ വെള്ളിയാഴ്ച കൂടി അവധി നല്‍കി പ്രവൃത്തി ദിവസം നാലാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്നിന് നിലവിൽ വരും. നിലവില്‍ വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്‍ച ഇനി മുതല്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്‍ക്ക് 12 മണി വരെ പ്രവൃത്തി ദിനമായിരിക്കും.

🇦🇪യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളും പുതിയ മാറ്റം ഉള്‍ക്കൊള്ളാന്‍ മന്ത്രിയുടെ ആഹ്വാനം.

✒️യുഎഇയില്‍ പ്രഖ്യാപിച്ച അവധി ദിനങ്ങളുടെ മാറ്റവും പ്രവൃത്തി ദിവസങ്ങളിലെ പരിഷ്‍കാരവും സ്വകാര്യ മേഖലയും ഉപയോഗപ്പെടുത്തണമെന്ന് ആഹ്വാനം. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രിയാണ് സ്വകാര്യ മേഖലയിലെ കമ്പനികളോട് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. 

ബിസിനസ്‍ താത്പര്യങ്ങള്‍ക്ക് അനുഗുണമാവുന്ന തരത്തിലും ജീവനക്കാരുടെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുന്ന രീതിയിലും അവരുടെ കുടുംബജീവിതത്തിന് സഹായമായും പ്രവൃത്തി സമയം ക്രമീകരിക്കണമെന്നാണ് മന്ത്രി ഡോ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ അവാര്‍ കമ്പനികളോട് നിര്‍ദേശിച്ചത്. വെള്ളിയാഴ്‍ച നമസ്‍കാര സമയത്ത് തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ നിര്‍ബന്ധമായും ഇടവേള നല്‍കിയിരിക്കണം. രണ്ടര ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച പുതിയ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കവെയാണ് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രി സ്വകാര്യ മേഖലയെക്കുറിച്ചും പ്രതിപാദിച്ചത്.

അടുത്തിടെ പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആഴ്‍ചയില്‍ ഒരു ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ കമ്പനികള്‍ താത്പര്യപ്പെടുന്നുവെങ്കില്‍ അവധി ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ഏതെങ്കിലും ഒരു പ്രത്യേക ദിവസം തന്നെ അവധി നല്‍കണമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നും തൊഴില്‍ കരാര്‍ അനുസരിച്ച് തൊഴിലുടമയും ജീവനക്കാരും ചേര്‍ന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുകയാണെന്ന് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

🇦🇪യുഎഇയില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പുതിയ മരണങ്ങളില്ല.

✒️യുഎഇയില്‍(UAE) ഇന്ന് 60 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 86 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ 3,20,857 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.38 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 742,567 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 737,656 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,149 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,762 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🎙️രൂപയ്ക്ക് മൂല്യതകർച്ച; നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്‌.

✒️ഇന്ത്യൻ രൂപയുടെ മൂല്യ തകർച്ച പ്രവാസികൾക്ക് നേട്ടമായി. സൗദി റിയാലിന് 19 രൂപ 93 പൈസ വരെയാണ് ഇന്ന് ലഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ടാണ്. സൗദി റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇതോടെ സൗദിയിലെ വിവിധ ബാങ്കുകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഒരു റിയാലിന് 19 രൂപ 70 പൈസ മുതൽ 19 രൂപ 93 പൈസ വരെയാണ് നൽകി കൊണ്ടിരിക്കുന്നത്. രൂപയുടെ മൂല്യ തകർച്ചയും, ശമ്പളം ലഭിക്കുന്ന സമയവും ഒന്നിച്ച് വന്നത് പ്രവാസികൾക്ക് തുണയായി. ബാങ്കുകളിലെല്ലാം ഇന്ത്യൻ പ്രവാസികളുടെ വൻ തിരക്കാണ് കാണപ്പെടുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ പല ബാങ്കുകളും സർവീസ് ചാർജ് ഈടാക്കാതെയാണ് പണമയക്കാൻ സംവിധാനം ഒരുക്കിയത്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചതും, ഓഹരി വിപണിയിലെ തകർച്ചയും ഡോളർ കരുത്താർജ്ജിച്ചതുമാണ് രൂപയുടെ മൂല്യ തകർച്ചക്ക് കാരണം.

Post a Comment

0 Comments