Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ


🛫ശനിയാഴ്ച മുതൽ കേരളമുൾപ്പടെ 8 ഇന്ത്യൻ എയർപ്പോർട്ടുകളിലേക്ക് വിമാന സർവീസ്.

✒️ഇന്ത്യാ-സൗദി എയർ ബബ്ൾ കരാർ ശനിയാഴ്ച മുതൽ നടപ്പാവും. കേരളത്തിലേക്കുൾപ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്ക് സൗദിയുടെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സർവിസ് ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്നോ, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലേക്കാണ് സർവിസ്. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും സർവിസുണ്ടാവും. സൗദിയിലെത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്‍റീൻ അടക്കമുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും അംബാസഡർ പറഞ്ഞു.

🎙️പ്രവാസി കലാകാരന്മാരുടെ ഹ്രസ്വചിത്രം 'മാര്‍വെല്‍' റിലീസിന് ഒരുങ്ങുന്നു.

✒️മസ്‌കറ്റിലെ(Muscat) പ്രവാസി കലാകാരന്മാര്‍ ഒരുക്കുന്ന ഹ്രസ്വചിത്രം 'മാര്‍വെല്‍' ഇന്ന് റിലീസിന് തയ്യാറാകുന്നു. യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ഹ്രസ്വ ചിത്രം(Short film) 'ബി ബി ജെ മ്യൂസിക്' യൂ ട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ലോകമെങ്ങും തുടരുന്ന കൊവിഡ് മഹാമാരി മൂലം എല്ലാ മേഖലകളും സ്തംഭനാവസ്ഥയില്‍ എത്തി നില്‍ക്കുന്ന സാഹചര്യം, പ്രവാസ ലോകത്തെ അതിസാരമായി ബാധിച്ച പശ്ചാത്തലമാണ് ഈ ഹൃസ്വ ചിത്രത്തിന്റെ ഇതിവൃത്തം. വാക്‌സിന്‍ ലഭിച്ചു തുടങ്ങിയതോടു കൂടി കൊവിഡ് എന്ന മഹാവ്യാധി ഒരു നിയന്ത്രണത്തില്‍ എത്തിയപ്പോഴേക്കും പല പ്രവാസികള്‍ക്കും ജീവന്‍ പൊലിയുകയും ജോലി നഷ്ടപ്പെടുകയും വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിപോകേണ്ടിവരികയും ചെയ്ത സാഹചര്യമാണ് പ്രവാസ ലോകം ഇന്ന് നേരിടുന്ന സാമൂഹിക സാഹചര്യം.

'മാര്‍വെല്‍' എന്ന ഹൃസ്വ ചിത്രം ഇങ്ങനെയുള്ള ഒരു സാമൂഹിക സാഹചര്യമാണ് വരച്ചു കാട്ടുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്നു തകര്‍ന്ന് പകച്ചു നില്‍ക്കുന്ന പ്രവാസികള്‍ക്ക് പ്രതീക്ഷകളുടെ സന്ദേശം സമ്മാനിക്കുന്ന ഒരു കലാസൃഷ്ടിയാണ് 'മാര്‍വാലെന്ന്' സംവിധായകന്‍ റോഫിന്‍ .കെ. ജോണ്‍ പറഞ്ഞു. ആത്മഹത്യ മാത്രമേ ഇനിയും ഏക ആശ്രയമെന്ന് തീരുമാനിച്ചു ജീവിക്കുന്ന പ്രവാസികള്‍ക്കുള്ള ഒരു സന്ദേശമാണ് ഈ ഹൃസ്വ ചിത്രത്തിലൂടെ പ്രേക്ഷകരിലെത്തിക്കുന്നതെന്നും റോഫിന്‍ അഭിപ്രായപ്പെട്ടു.

റോഫിന്‍ കെ ജോണിന്റെ കഥാ ,തിരക്കഥയില്‍ ബിജേഷ് ,ഗീവര്‍ഗീസ് യോഹന്നാന്‍ , ദിനേശ് ,ബെന്‍സണ്‍ , ജോബിന്‍ എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പൂര്‍ണ്ണമായും മസ്‌കറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന 'മാര്‍വെല്‍' എന്ന ഹൃസ്വ ചിത്രത്തിന്റെ നിര്‍മ്മാതാവ് ജാബ്സന്‍ വര്‍ഗീസാണ്.

അജയ് സമീര്‍ ടീം ക്യാമറയും സമീര്‍ ലാലു എഡിറ്റിംഗും .പശ്ചാത്തല സംഗീതം സുശോഭ് ഉണ്ണിത്താനും നിര്‍വഹിച്ചിരിക്കുന്ന 23 മിനിറ്റ് നീണ്ട് നില്‍ക്കുന്ന 'മാര്‍വെല്‍' എന്ന ഹൃസ്വ ചിത്രം ഇന്ന് ഒമാന്‍ സമയം വൈകുന്നേരം ആറ് മണിക്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുവാനുള്ള പരിശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

🇦🇪കൊവിഡ് കേസുകള്‍ ഉയരുന്നു; യുഎഇയില്‍ പുതിയ രോഗികള്‍ 2,400 കടന്നു.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,426 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 875 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,61,937 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,45,055 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,164 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 14,718 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇦🇪പുതുവര്‍ഷാഘോഷം; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 3,000 ദിര്‍ഹം പിഴ.

✒️പുതുവര്‍ഷാഘോഷങ്ങളുമായി(New Yera celebrations) ബന്ധപ്പെട്ട് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി ദുബൈ(Dubai). മാസ്‌ക്(mask) ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മറ്റി അറിയിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം കര്‍ശനമാക്കും. അതേസമയം പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് വെടിക്കെട്ട് ആസ്വദിക്കുന്നതിനായി 29 സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

🇦🇪റെക്കോര്‍ഡ് വെടിക്കെട്ട്, ആഘോഷ പരിപാടികള്‍ പുതുവര്‍ഷം 'പൊടിപൊടിക്കാന്‍' യുഎഇ.

✒️2022നെ വരവേല്‍ക്കാന്‍ വിപുലമായ ആഘോഷപരിപാടികളുമായി യുഎഇ(UAE) ഒരുങ്ങി. വിസ്മയിപ്പിക്കുന്ന വെടിക്കെട്ടും(fireworks) സംഗീതവും നൃത്തവും ഉള്‍പ്പെടുന്ന പരിപാടികളുമായി പുതുവര്‍ഷാഘോഷത്തിന്റെ(New Year) ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഒരുക്കിയിട്ടുള്ളത്. ഒപ്പം ജാഗ്രത കൈവിടാതിരിക്കാനുള്ള നിബന്ധനകളും.

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് അഞ്ചിടത്ത് വെടിക്കെട്ടൊരുക്കുന്നുണ്ട്. എക്‌സ്‌പോ 2020 കൂടിയെത്തിയതോടെ ഇത്തവണ യുഎഇയുടെ പുതുവര്‍ഷാഘോഷത്തില്‍ നിരവധി വിദേശ സഞ്ചാരികളും പങ്കുചേരും. വിപുലമായ ആഘോഷങ്ങളാണ് ദുബൈയില്‍ ഒരുക്കിയിട്ടുള്ളത്. ദുബൈയില്‍ 29 സ്ഥലങ്ങളില്‍ വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്. ബുര്‍ജ് ഖലീഫ, ഗ്ലോബല്‍ വില്ലേജ്. എക്‌സ്‌പോ 2020 ദുബൈ, ദുബൈ ഫെസ്റ്റിവല്‍ മാള്‍, അറ്റ്‌ലാന്റിസ് ദ പാം, പാം ബീച്ച്, ലാ മെര്‍, ബ്ലൂ വാട്ടേഴ്‌സ് ഐലന്‍ഡ്, അല്‍ സീഫ്, ജുമൈറ ബീച്ച്-ബുര്‍ജ് അല്‍ അറബ്, ജുമൈറ ഗോള്‍ഫ് എസ്‌റേറ്റ്, ഫോര്‍ സീസണ്‍ റിസോട്ട്, വിസ്റ്റ മേര്‍ ദ പാം, സോഫിടെല്‍ ദ പാം ജുമൈറ, റോയല്‍ മിറാഷ്, നിക്കി ബീച്ച് റിസോര്‍ട്ട്, ഷമ ടൗണ്‍ സ്‌ക്വയര്‍ ദുബൈ, ബല്‍ഗാരി റിസോര്‍ട്ട്, പാം ജുമൈറ, ബാബ് അല്‍ ശംസ്, അറേബ്യന്‍ റേഞ്ചസ് ഗോള്‍ഫ് ക്ലബ്, അഡ്രസ് മോന്‍റ്‍‍ഗോമരി, എമിറേറ്റ്‌സ് ഗോള്‍ഫ് ക്ലബ്, പലാസോ വെര്‍സാസെ, ലെ റോയല്‍ മെറിഡിയന്‍ ബീച്ച് റിസോര്‍ട്ട്, പാര്‍ക് ഹയാത്ത്, സബീല്‍ സാരായ്, ജെ എ ദ റിസോര്‍ട്ട് എന്നിവിടങ്ങളിലാണ് വെടിക്കെട്ടിന് അനുമതി നല്‍കിയിട്ടുള്ളതെന്ന് ദുബൈ സെക്യൂരിറ്റി ഇന്‍ഡസ്ട്രി റെഗുലേറ്ററി ഏജന്‍സി അറിയിച്ചു.

മൂന്ന് പുതിയ ഗിന്നസ് റെക്കോര്‍ഡുകളാണ് അബുദാബിയില്‍ പുതുവര്‍ഷാഘോഷത്തില്‍ പിറക്കാനിരിക്കുന്നത്. അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ നഗരിയില്‍ 40 മിനിറ്റ് വെടിക്കെട്ടാണ് നടക്കുക. കഴിഞ്ഞ വര്‍ഷം 35 മിനിറ്റ് വെടിക്കെട്ട് നടത്തി ഫെസ്റ്റിവല്‍ രണ്ട് റെക്കോര്‍ഡുകള്‍ നേടിയിരുന്നു. അല്‍ വത്ബയില്‍ വന്‍ ഡ്രോണ്‍ ഷോയും നടക്കും. എമിറാത്തി ഗായകന്‍ ഈദ അല്‍ മിന്‍ഹാലിയും ഇറാഖി താരം അലി സാബിറും ഒന്നിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.

രണ്ട് കരിമരുന്ന് പ്രയോഗങ്ങളാണ് എക്‌സ്‌പോയില്‍ സംഘടിപ്പിക്കുന്നത്. ഡ്രോണ്‍ കൗണ്ട്ഡൗണ്‍ വെടിക്കെട്ടും അല്‍ വസ്‍ല്‍ പ്ലാസയിലെ ബാള്‍ ഡ്രോപ് വെടിക്കെട്ടുമാണ് ഇവ. വൈകുന്നേരം മൂന്നു മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ നീളുന്ന പരിപാടികളാണ് എക്‌സ്‌പോയില്‍ പുതുവര്‍ഷത്തില്‍ ഒരുക്കിയിട്ടുള്ളത്.

🇸🇦സൗദി: മാളുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ ഇടങ്ങളിൽ ഏർപ്പെടുത്തുന്ന സുരക്ഷാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം.

✒️രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ഉൾപ്പടെ വ്യാപിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടുള്ള ഈ തീരുമാനം ഡിസംബർ 30-നാണ് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചത്.

സൗദിയിലെ വാണിജ്യ കേന്ദ്രങ്ങൾ, പരമ്പരാഗത മാർക്കറ്റുകൾ, മാളുകൾ, റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഇടങ്ങൾക്ക് ഈ പുതുക്കിയ നിർദ്ദേശങ്ങൾ ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചിരിക്കുന്നത്:

റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഇടങ്ങളിലെത്തുന്നവർ സമൂഹ അകലം പാലിക്കേണ്ടതാണ്. ഇതിനായി ഇത്തരം സ്ഥാപനങ്ങളിലെ ഉപഭോക്താക്കളിൽ നിന്നുള്ള ഓർഡർ സ്വീകരിക്കുന്നതിനും, ഉപഭോക്താക്കൾ കാത്തിരിക്കുന്നതിനും ഉള്ള ഇടങ്ങളിൽ വ്യക്തികൾ തമ്മിൽ 1.5 മീറ്റർ സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
ഒരേ കുടുംബത്തിൽ നിന്നുള്ളവരെ ഒറ്റ വ്യക്തിയായി കണക്കാക്കുന്നതും, ഇവർക്ക് സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതുമാണ്.
റെസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് ഉപഭോക്താക്കൾക്ക് അനുമതി നൽകിയിട്ടുണ്ട്.
വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് (‘Tawakkalna’ ആപ്പിൽ ഇത് തെളിയിക്കുന്ന സ്റ്റാറ്റസ് നിർബന്ധം) മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കുന്നത് ഒഴിവാക്കുന്നതിന് ഔദ്യോഗിക അനുമതി നേടിയിട്ടുള്ളവർക്ക് (‘Tawakkalna’ ആപ്പിൽ ഇത് തെളിയിക്കുന്ന സ്റ്റാറ്റസ് നിർബന്ധം) മാത്രമാണ് ഇതിൽ ഇളവ് അനുവദിക്കുന്നത്.
എല്ലാ വാണിജ്യ കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്ന ഉപഭോക്താക്കൾ, ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് ഒരു ബാർകോഡ് സ്കാൻ ചെയ്യേണ്ടതാണ്. മാളുകളിലേക്കും മറ്റും പ്രവേശിക്കുന്ന ഉപഭോക്താക്കൾ, സന്ദർശകർ തുടങ്ങിയവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരാണെന്ന് തെളിയിക്കുന്നതിനായാണ് ഈ നടപടി.
ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കുന്ന മുഴുവൻ ഉപഭോക്താക്കളും ഈ സ്കാനിംഗ് നടപടികൾ പൂർത്തിയാക്കുന്നുണ്ടെന്ന് സ്ഥാപനങ്ങളിലെ ജീവനക്കാർ ഉറപ്പ് വരുത്തേണ്ടതാണ്.
രാജ്യത്തെ ചില്ലറവില്പന മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രോസറി ഷോപ്പുകൾ, അലക്കുകമ്പനികൾ, തയ്യൽകടകൾ, ബാർബർഷോപ്പുകൾ തുടങ്ങിയ ചെറിയ കടകളിലെത്തുന്ന ഉപഭോക്താക്കളുടെ വാക്സിനേഷൻ സ്റ്റാറ്റസ് ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ നേരിട്ട് പരിശോധിക്കേണ്ടതാണ്.
ശീഷ ഷോപ്പുകൾക്ക് ഔട്ട്ഡോറിൽ മാത്രമാണ് പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.
രാജ്യത്തെ ഇൻഡോറിലും, ഔട്ട്ഡോറിലുമുള്ള പൊതു ഇടങ്ങളിലെത്തുന്ന മുഴുവൻ വ്യക്തികളും 2021 ഡിസംബർ 30 മുതൽ മാസ്കുകൾ നിർബന്ധമായും ധരിക്കേണ്ടതാണ്.

🇰🇼കുവൈറ്റ്: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്ന PCR പരിശോധനകളുടെ പരമാവധി നിരക്ക് 9 ദിനാറാക്കി നിശ്ചയിക്കാൻ തീരുമാനം.

✒️2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്ന PCR പരിശോധനകളുടെ പരമാവധി നിരക്ക് 9 ദിനാറാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 30-ന് രാത്രിയാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സ്വകാര്യ മേഖലയിൽ PCR പരിശോധനകൾക്ക് ഈടാക്കാവുന്ന നിരക്ക് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം നടത്തിവരുന്ന തുടർച്ചയായ അവലോകനങ്ങളുടെ ഭാഗമായി മെഡിക്കൽ ലൈസൻസിങ്ങ് കമ്മിറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സബ്ഹാൻ മേഖലയിലെ റാപിഡ് പരിശോധനാ കേന്ദ്രത്തിൽ നിന്ന് ഈ പരിശോധന സൗജന്യമായി ലഭ്യമാക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെ 12 പ്രാഥമിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നും ഈ സേവനം മുൻ‌കൂർ ഓൺലൈൻ ബുക്കിംഗ് പ്രകാരം ലഭ്യമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

🇰🇼കുവൈറ്റ്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം പുനരാരംഭിച്ചതായി സൂചന.

✒️കുവൈറ്റിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഈ സംവിധാനത്തിന്റെ പ്രവർത്തനം കഴിഞ്ഞ ഏതാനം ദിവസങ്ങളായി നിർത്തിവെച്ചിരിക്കുകയായിരുന്നു.

കൃത്യമായ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് ഓൺലൈൻ സംവിധാനത്തിലൂടെ അനുമതി നൽകിയിരിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഓൺലൈൻ സംവിധാനം പുനരാരംഭിച്ചതോടെ പ്രവാസികൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ വെബ്‌സൈറ്റിൽ നിന്ന് ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

പ്രവാസികൾ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായുള്ള അപേക്ഷകൾ, അത്തരം രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 6 മാസം മുൻപ് സമർപ്പിക്കണമെന്നും ട്രാഫിക് വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

🇴🇲ഒമാൻ: കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിൽ ജാഗ്രത പാലിക്കാൻ CAA നിർദ്ദേശം.

✒️രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദത്തെത്തുടർന്ന് ഒമാനിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവം അടുത്ത ആഴ്ച്ച പകുതി വരെ നിലനിൽക്കാമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 30-ന് വൈകീട്ട് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) പുറത്തിറക്കിയ പ്രത്യേക അറിയിപ്പ് പ്രകാരം മുസന്ദം, നോർത്ത് അൽ ബത്തീന തുടങ്ങിയ ഗവർണറേറ്റുകളിൽ വരും ദിനങ്ങളിൽ അന്തരീക്ഷം മേഖാവൃതമായിരിക്കുമെന്നും, ശക്തമായ കാറ്റും, ഇടിയോടും കൂടിയ അമ്പത് മുതൽ നൂറ് മില്ലീമീറ്റർ വരെയുള്ള മഴയ്ക്ക് സാധ്യതയുള്ളതായും വ്യക്തമാക്കുന്നു. കനത്ത മഴയിൽ വാദികൾ നിറഞ്ഞ് കവിയുന്നതിനും, താഴ്ന്ന ഇടങ്ങളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും CAA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൗത്ത് അൽ ബത്തീന, മസ്കറ്റ്, ബുറൈമി, അൽ ധഹിറാ, അൽ ധാഖ്ലിയാ, സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ തുടങ്ങിയ ഇടങ്ങളിൽ പത്ത് മുതൽ മുപ്പത് മില്ലീമീറ്റർ വരെയുള്ള മഴയ്ക്ക് സാധ്യതയുള്ളതായും CAA അറിയിച്ചിട്ടുണ്ട്. ഒമാന്റെ തീരപ്രദേശങ്ങളിൽ കടലിൽ രണ്ട് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുന്ന സമയങ്ങളിൽ മുസന്ദം ഗവർണറേറ്റിന്റെ തീരമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും, മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും CAA അറിയിപ്പിൽ വ്യക്തമാക്കുന്നു.

🇴🇲ഒമാൻ: 2022 ജനുവരി 2 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

✒️അറ്റകുറ്റപ്പണികൾക്കായി 2022 ജനുവരി 2 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേ ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2 വരെയാണ് മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഡിസംബർ 30-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ഈ മേഖലയിലെ റോഡുകളിലെ അറ്റകുറ്റപണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഖുറം മേഖലയിൽ നിന്ന് സീബ് ലക്ഷ്യമാക്കി സഞ്ചരിക്കുന്നവർക്ക് അൽ ഖുറമിലെ മീഡിയ ബ്രിഡ്ജ് കഴിഞ്ഞ ഉടനെയാണ് മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗവുമായി സംയുക്തമായാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.

ഈ മേഖലയിലെ റോഡ് അടയാളങ്ങൾ ശ്രദ്ധിക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ഡ്രൈവർമാർക്ക് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

🇦🇪പുതുവർഷം 2022: അബുദാബിയിൽ ടോൾ ഒഴിവാക്കും; വാഹന പാർക്കിംഗ് സൗജന്യം.

✒️ഈ വർഷത്തെ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് 2022 ജനുവരി 1, ശനിയാഴ്ച്ച മുതൽ 2022 ജനുവരി 2, ഞായറാഴ്ച്ച രാവിലെ 7:59 വരെയാണ് പാർക്കിംഗ് സൗജന്യമാക്കിയിരിക്കുന്നത്.

ഈ സമയങ്ങളിൽ അബുദാബിയിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിനായി നൽകിയിട്ടുള്ള ഇടങ്ങളിൽ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്. മുസഫ ഇൻഡസ്ട്രിയൽ മേഖലയിലെ M18 പാർക്കിംഗ് ഏരിയ ഈ കാലയളവിൽ സൗജന്യമാക്കിയതായും ITC അറിയിച്ചിട്ടുണ്ട്.

വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത ഇടങ്ങളിലോ, മറ്റു വാഹനങ്ങളെ തടയുന്ന രീതിയിലോ, ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിലോ വാഹനങ്ങൾ നിർത്തി ഇടരുതെന്നും ITC ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി 9 മുതൽ രാവിലെ 8 വരെ റസിഡന്റ് പാർക്കിങ്ങുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാനും ITC നിർദ്ദേശിച്ചിട്ടുണ്ട്.

പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് 2022 ജനുവരി 1, ശനിയാഴ്ച്ച ഡാർബ് ടോൾ ഒഴിവാക്കുമെന്നും ITC അറിയിച്ചിട്ടുണ്ട്. 2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ രാവിലെ 7 മുതൽ രാവിലെ 9 വരെയും, വൈകീട്ട് 5 മുതൽ 7 വരെയും ടോൾ തിരികെ ഏർപ്പെടുത്തുന്നതാണ്.

പൊതുഗതാഗത്തിനുള്ള ബസുകൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുമെന്നും ITC അറിയിച്ചു. ഫെറി സേവനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതാണ്.

ITC-യുടെ കീഴിലുള്ള കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ 2022 ജനുവരി 2 വരെ അവധിയായിരിക്കും. അവധിക്ക് ശേഷം ഈ കേന്ദ്രങ്ങൾ 2022 ജനുവരി 3, തിങ്കളാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്. ITC-യുടെ എല്ലാ സേവനങ്ങളും https://www.itc.gov.ae/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, customer.care@itc.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയോ, Darb ആപ്പിലൂടെയോ, 800850 എന്ന നമ്പറിലൂടെയോ നേടാവുന്നതാണ്.

🇦🇪ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ്: പദ്ധതിയുടെ കാലാവധി 2022 ജനുവരി 14 വരെ നീട്ടിയതായി അജ്‌മാൻ പോലീസ്.

✒️എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ കാലാവധി 2022 ജനുവരി 14 വരെ നീട്ടിയതായി അജ്‌മാൻ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു. ഡിസംബർ 30-നാണ് അജ്‌മാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ആനുകൂല്യം നവംബർ 21 മുതൽ 2021 ഡിസംബർ 31 വരെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ അറിയിപ്പോടെ 2022 ജനുവരി 14 വരെ ഈ പ്രത്യേക ഇളവോടെ പിഴ തുകകൾ ഒടുക്കുന്നതിന് എമിറേറ്റിലെ ജനങ്ങൾക്ക് അവസരം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം പിഴതുകകൾ 50 ശതമാനം കുറയ്ക്കുന്നതിനും, ട്രാഫിക് പോയിന്റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടികൾ എന്നിവ ഒഴിവാക്കാനും തീരുമാനിച്ചതായി അജ്‌മാൻ പോലീസ് നേരത്തെ അറിയിച്ചിരുന്നു. അജ്മാനിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്ന ഗുരുതര നിയമലംഘനങ്ങൾ ഒഴികെയുള്ള ട്രാഫിക് ലംഘനങ്ങൾക്ക് ഈ ഇളവ് ലഭിക്കുന്നതാണ്.

🚔പുതുവര്‍ഷാഘോഷം; ഷാര്‍ജയില്‍ നിരീക്ഷണത്തിന് 162 പട്രോളിങ് യൂണിറ്റുകള്‍.

✒️പുതുവര്‍ഷ രാവില്‍ റോഡുകള്‍ നിരീക്ഷിക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കുന്നതിനുമായി ഷാര്‍ജയില്‍(Sharjah) 162 പട്രോളിങ്(patrol) യൂണിറ്റുകള്‍. പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ അബ്ദുല്ല മുബാറക് ബിന്‍ അമര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായാണ് പുതുവത്സര രാവിലും പുതുവത്സര ദിനത്തിലും പട്രോളിങ് ശക്തമാക്കുന്നത്. ഷാര്‍ജയിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ ടീം പുറപ്പെടുവിച്ച പ്രതിരോധ നടപടികള്‍ പാലിക്കാന്‍ പൊലീസ് മേധാവി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പരാതികള്‍ സ്വീകരിക്കാനും കൈകാര്യം ചെയ്യാനുമായി ഓപ്പറേഷന്‍ റൂം സജ്ജമാണ്. തിരക്കും അപകടങ്ങളും ഒഴിവാക്കുന്നതിനും പൊലീസ് ഉദ്യോഗസ്ഥരോട് സഹകരിക്കാനും ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

🇶🇦ആശങ്ക ഒഴിയുന്നില്ല ; ഖത്തറിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 741 കൊവിഡ് കേസുകൾ.

✒️ഖത്തറിൽ കോവിഡ് കേസുകളിൽ വൻവർദ്ധനവ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 741 കൊവിഡ് കേസുകൾ. 533 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 162 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. രാജ്യത്ത് ഇന്ന് ഒരു കോവിഡ് മരണംകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 617 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 182 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 245,530 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 256 പേരാണ്. 25 പേരാണ് രാജ്യത്ത് നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,373 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.

🇶🇦ഖത്തർ എനർജി 2022 ജനുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു.

✒️ഖത്തർ എനർജി 2022 ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം പ്രീമിയം പെട്രോളിന് ഡിസംബറിന് സമാനമായി 2 ഖത്തർ റിയാൽ ആയിരിക്കും. ഡിസംബറിലെ പോലെ തന്നെ സൂപ്പർ ഗ്രേഡ് പെട്രോളിന് ഖത്തർ റിയാൽ 2.10 ആയിരിക്കും.

ഡീസൽ വിലയിൽ മാറ്റമില്ല, ഡിസംബറിലെ പോലെ 2.05 ഖത്തർ റിയാൽ ആയിരിക്കും. 2017 സെപ്റ്റംബർ മുതൽ ഖത്തർ എനർജിയാണ് പ്രതിമാസ വില പട്ടിക പ്രഖ്യാപിക്കുന്നത്.

🇸🇦ഒമിക്രോൺ: സൗദിയിൽ കോവിഡ് നിയന്ത്രണത്തിലെ ഇളവുകൾ റദ്ദാക്കി.

✒️സൗദിയിൽ കോവിഡ് പ്രോട്ടോകോളുകളിൽ നൽകിയിരുന്ന ഇളവുകൾ ഇന്നലെ മുതൽ റദ്ദാക്കി. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മാസ്ക്, കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ കണ്ടെത്താൻ രാജ്യത്തൊട്ടാകെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. മക്ക മദീന ഹറമുകളിലും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. സൗദിയിൽ വീണ്ടും കോവിഡ് വ്യാപനത്തിൻ്റെ പുതിയ തരംഗം രൂപപ്പെട്ട പശ്ചാതലത്തിലാണ് പ്രതിരോധനടപടികൾ ശക്തമാക്കിയത്. മാസ്ക് ധരിക്കുന്നതിലുൾപ്പെടെ നേരത്തെ നൽകിയിരുന്ന പല ഇളവുകളും ഇന്നലെ മുതൽ റദ്ദാക്കി. രാജ്യത്ത് പ്രതിദിന കേസുകളിൽ വർധന തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 3,668 പേർക്ക് പുതിയതായി കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ആഗോളതലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണും ഉൾപ്പെടും.

വിവിധ ആശുപത്രികളിലായി അയ്യായിരത്തോളം പേർ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. വരും ദിവസങ്ങളിൽ കേസുകൾ ഇനിയും ഉയരുവാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്രതിരോധ നടപടികൾ കർശനമാക്കിത്. കടകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ തിയേറ്ററുകൾ, റസ്റ്റോറൻ്റുകൾ, കളി സ്ഥലങ്ങൾ, പള്ളികൾ തുടങ്ങി അടച്ചിട്ടതും തുറസ്സായതുമായ മുഴുവൻ സ്ഥലങ്ങളിലും കർശനമായ പ്രതിരോധ നടപടികൾ പാലിക്കേണ്ടതാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.. വീഴ്ച വരുത്തുന്നവരെ കണ്ടെത്താൻ രാജ്യത്തൊട്ടാകെ പരിശോധനയും ശക്തമാക്കി. മക്ക മദീന ഹറമുകളിലും ഇന്നലെ മുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

🇸🇦സൗദിയിൽ ലോക്കൽ റോമിംഗ് സേവനം ആരംഭിച്ചു.

✒️സൗദിയിൽ ലോക്കൽ റോമിംഗ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇരുപത്തി ഒന്നായിരം ഗ്രാമങ്ങളിൽ സേവനം ലഭ്യമാകുമെന്ന് കമ്മ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചു. അഞ്ച് മില്യണ് മൊബൈൽ ഉപഭോക്താക്കൾക്ക് സേവനം സൌജന്യമായി പ്രയോജനപ്പെടുത്താനാകും. സൗദിയിൽ മൊബൈൽ നെറ്റ് വർക്ക് കവറേജ് കുറഞ്ഞ പ്രദേശങ്ങളിൽ, കൂടുതൽ കവറേജുള്ള മറ്റു കമ്പനികളുടെ നെറ്റ് വർക്ക് വഴി ഉപഭോക്താക്കൾക്ക് മൊബൈൽ സേവനം ലഭ്യമാക്കുന്ന പദ്ധതിയാണിത്. സൗദിയിലെ പ്രധാന മൊബൈൽ സേവന ദാതാക്കളായ എസ്.ടി.സി, മൊബൈലി, സൈൻ എന്നീ കമ്പനികൾ ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചത്. മൊബൈൽ നെറ്റ് വർക്ക് കുറവുള്ള രാജ്യത്തെ 21,000 ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും മരുഭൂമികളിലും ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു കരാർ. കരാർ പ്രകാരം തന്നെ പദ്ധതി പൂർത്തീകരിച്ചതായി കമ്മ്യൂണിക്കേഷൻ അതോറിറ്റി ഗവർണ്ണർ മുഹമ്മദ് അൽ തമീമി അറിയിച്ചു. 5 മില്യൺ ഉപഭോക്താക്കൾക്ക് പദ്ധതിയുടെ സേവനം സൗജന്യമായി ഉപയോഗപ്പെടുത്താനാകും. എസ്.ടി.സി, മൊബൈലി, സൈൻ എന്നീ കമ്പനികളുടെ വരിക്കാർക്കാണ് പുതിയ സേവനം പ്രയോജനപ്പെടുക. ഇതിലെ ഏതെങ്കിലും ഒരു ഈ കമ്പനിയുടെ മൊബൈൽ വരിക്കാരന് മൊബൈൽ നെറ്റ് വർക്ക് കവറേജ് കുറവാണെങ്കിൽ മറ്റു കമ്പനികളുടെ നെറ്റ് വർക്ക് വഴി സേവനം ലഭ്യമാകും. ഇതിനായി ഉപഭോക്താവ് പ്രത്യേകമായ ഫീസ് നൽകേണ്ടതില്ല.

🇶🇦കോവിഡ്: ഖത്തറിൽ സ്‌കൂൾ വിദ്യാഭ്യാസം വീണ്ടും ഓൺലൈനിലേക്ക്.

✒️കോവിഡ്​ കേസുകൾ ഉയരുന്ന പശ്​ചാത്തലത്തിൽ സ്കൂൾ -കിൻഡർഗർട്ടൻ വിദ്യാഭ്യാസം ഞായറാഴ്ച മുതൽ വീണ്ടും ഓൺലൈനിലേക്ക്​. താൽകാലികമായി ഒരാഴ്ചത്തേക്കാണ് പൊതു-സ്വകാര്യമേഖലകളിലെ സ്കൂളുകളുടെയും കിൻഡർഗർട്ടനുകളുടെയും പ്രവർത്തനം ഓൺലൈനിലേക്ക്​ മാറ്റുന്നതെന്ന്​ വിദ്യഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യ കണക്കിലെടുത്താണ്​ തീരുമാനം. ക്ലാസുകൾ ഓൺലൈനിലേക്ക്​ മാറുന്നതിനാൽ വിദ്യാർഥികളുടെ ഹാജർ നിർത്തിവെക്കാനും നിർദേശിച്ചു. അതേസമയം, ജീവനക്കാരും, അധ്യാപകരും സ്കൂളുകളിൽ എത്തണ​മെന്ന്​ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ കോവിഡ്​ കേസുകളുടെ വർധനവിന്‍റെ പശ്​ചത്തലത്തിൽ സുരക്ഷിതവും ആരോഗ്യകരവുമായി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ്​ കുട്ടികളെ സ്കൂളുകളിൽ വരുന്നതിൽ നിന്നും ഒഴിവാക്കി ക്ലാസുകളും പഠനവും ഓൺലൈനിലേക്ക്​ മാറ്റുന്നതെന്ന്​ മന്ത്രാലയം വ്യക്​തമാക്കി. ആരോഗ്യ മന്ത്രാലയവുമായി ചർച്ചനടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ്​ വെള്ളിയാഴ്ച അടിയന്തര തീരുമാനമെടുത്തത്​. വരുന്ന ഒരാഴ്ചയിലെ കോവിഡ്​ തോത്​ വിലയിരുത്തിയാവും ഭാവി തീരുമാനങ്ങൾ. സ്കൂൾ ജീവനക്കാർക്കും, 12ന്​ മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കും ബൂസ്റ്റർ ഡോസ്​ നടപടി ക്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവമാക്കിയിരുന്നു.

🇸🇦സൗദിയിൽ പുതിയ കോവിഡ് രോഗികൾ 800ന് മുകളിൽ.

✒️ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 800 നും മുകളിലെത്തി. ഇന്ന് 819 പുതിയ രോഗികളും 239 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,56,236 ഉം രോഗമുക്തരുടെ എണ്ണം 5,41,853 ഉം ആയി.

പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു . ഇതോടെ ആകെ മരണം 8,877 ആയി. രാജ്യത്താകെ നിലവിൽ 5,506 പേർ ചികിത്സയിലുണ്ട്. ഇവരിൽ 54 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.41 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 234 പേർക്കാണ് പുതുതായി റിയാദിൽ രോഗം ബാധിച്ചത്.

ജിദ്ദയിൽ 178 ഉം മക്കയിൽ 140 ഉം ദമ്മാമിൽ 35 ഉം ഹുഫൂഫിൽ 33 ഉം മദീനയിൽ 26 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,08,20,949 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,13,818 ആദ്യ ഡോസും 2,31,74,750 രണ്ടാം ഡോസും 26,32,381 ബൂസ്റ്റർ ഡോസുമാണ്.

Post a Comment

0 Comments