Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇰🇼കുവൈത്തില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി.

✒️നിരവധി ലോകരാജ്യങ്ങളില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം (Omicron) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കുവൈത്തില്‍ (Kuwait) ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് (Sheikh Dr. Basel Al-Sabah) പറഞ്ഞു. വൈറസിന്റെ ജനിതക വ്യതിയാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യ മന്ത്രാലയം (Health Ministry) സ്വീകരിച്ചുപോന്ന നടപടികള്‍ പ്രശംസനീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ മുന്‍കരുതലുകളും നിയന്ത്രണ സംവിധാനവുമാണ് രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും ഇടയില്‍ വൈറസ് വ്യാപനം കുറയ്‍ക്കാന്‍ സഹായിച്ചത്. എന്നിരുന്നാലും അടഞ്ഞ സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‍ക് ധരിക്കണം. എത്രയും വേഗം വാക്സിനെടുക്കുകയും ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുകയും ആവശ്യമാവുന്ന സന്ദര്‍ഭങ്ങളില്‍ പി.സി.ആര്‍ പരിശോധന നടത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വാക്സിനേഷന്‍ നിരക്ക് നല്ല നിലയിലാണെങ്കിലും പുതിയ വൈറസ് വ്യാപിക്കുകയാണെങ്കില്‍ രോഗികളുടെ എണ്ണം കൂടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതുകൊണ്ടുതന്നെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് കുവൈത്തിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

🇦🇪യുഎഇയില്‍ ഈ വര്‍ഷം ഇതാദ്യമായി കൊവിഡ് കേസുകള്‍ അന്‍പതില്‍ താഴെയെത്തി.

✒️യുഎഇയില്‍(UAE) ഈ വര്‍ഷം ഇതാദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ അന്‍പതില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചിട്ടുള്ളത്. ചികിത്സയിലായിരുന്ന 70 പേര്‍ ഇന്ന് രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പുതിയതായി നടത്തിയ 3,07,646 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.28 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 742,376 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 737,400 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,149 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,827 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇸🇦ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിയില്‍ ഒന്നാം സ്ഥാനത്തെത്തി ലൂയിസ് ഹാമിൽട്ടൻ.

✒️ലോകത്തേറ്റവും വേഗമേറിയ കാറോട്ട താരത്തെ നിശ്ചയിക്കുന്ന ഫോർമുല വൺ (Formula 1) കാറോട്ട മത്സരത്തിൽ മെഴ്സിഡസ് താരം ലൂയിസ് ഹാമിൽട്ടണ് (Lewis Hamilton) കിരീടം. ജിദ്ദയിൽ ഞായറാഴ്ച രാത്രി സമാപിച്ച സൗദി ഗ്രാൻഡ് പ്രി (Saudi Arabia Grand Prix 2021) മത്സരത്തിലാണ് ലൂയിസ് ഹാമിൽട്ടൺ ഒന്നാം സ്ഥാനത്തേക്ക് കാറോടിച്ചുകയറിയത്. ഹോളണ്ട് താരം മാക്സ് വെർസ്റ്റാപനെയാണ് (Max Verstappen) പരാജയപ്പെടുത്തിയത്. 

സമനിലയിൽ കുതിച്ചുതുടങ്ങിയ ഇരുവരും ഒടുവിൽ ഓടിയെത്തുമ്പോൾ ഹാമിൽട്ടൺ വളരെ മുന്നിലെത്തുകയായിരുന്നു. കിരീടം കൊതിച്ച വെർസ്റ്റാപന്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെട്ടു. ഫിൻലന്റ് താരം വലേരി ബോട്ടാസ് മൂന്നാം സ്ഥാനത്ത് കാറോടിച്ചെത്തി. ആദ്യ മൂന്ന് പരീക്ഷണ റൗണ്ടുകളിലും യോഗ്യതാ മത്സരത്തിലും ഹാമിൽട്ടൺ തന്നെയായിരുന്നു മുന്നിലെത്തിയത്. 

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ നേരിട്ടെത്തി വീക്ഷിച്ച ഫൈനൽ റൗണ്ട് മത്സരമാണ് ജിദ്ദ കോർണിഷിലെ ലോകത്തിലെ ഏറ്റവും നീളം കൂടിയ ട്രാക്കിൽ നടന്നത്. സൗദി അറേബ്യ ആദ്യമായാണ് ഫോർമുല വൺ കാറോട്ട മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. അന്താരാഷ്ട്ര ചാമ്പ്യന്മാരടക്കം 20 കാറോട്ട താരങ്ങളാണ് മത്സരത്തിൽ അണിനിരന്നത്. മത്സരം കാണാൻ സ്ത്രീകളും കുട്ടികളുമടക്കം രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിനാളുകൾ കോർണിഷിലേക്ക് ഒഴുകിയെത്തി.

🛫പ്രവാസികള്‍ക്ക് ആശ്വാസം; കൊവാക്സിനും സ്‍പുട്‍നികിനും സൗദി അറേബ്യയിൽ അംഗീകാരം.

✒️ഇന്ത്യയുടെ സ്വന്തം കോവാക്‌സിൻ എടുത്തവർക്ക് ഇനി ആശ്വസിക്കാം. കൊവാക്സിനും (Covaxin) സ്‍പുട്നികും (Sputnik) ഉള്‍പ്പെടെ നാല് കൊവിഡ് വാക്‌സിനുകൾക്ക് (Covid vaccines) കൂടി സൗദി അറേബ്യ (Saudi Arabia) അംഗീകാരം നല്‍കി. ചൈനയുടെ സിനോഫാം (Sinopharm), സിനോവാക് (Sinovac), ഇന്ത്യയുടെ കോവാക്‌സിൻ, റഷ്യയുടെ സ്‍പുട്നിക് വാക്‌സിനുകൾക്ക് ആണ് പുതിയതായി അംഗീകാരം നൽകിയത്. 

അംഗീകാരമുള്ള വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സൗദിയിൽ പ്രവേശിക്കാവുന്നതാണ്. ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ എന്നീ നാല് വാക്‌സിനുകൾക്കാണ് സൗദിയിൽ ഇതുവരെ അംഗീകാരം ഉണ്ടായിരുന്നത്. ഇപ്പൊൾ ആകെ എട്ട് വാക്സിനുകൾക്ക് അംഗീകാരമായി. ഫൈസർ , മോഡേണ, അസ്ട്രാസെനിക്ക വാക്‌സിനുകൾ രണ്ടു ഡോസ് വീതവും ജോണ്‍സന്‍ ആന്റ് ജോന്‍സന്‍ ഒരു ഡോസുമാണ് സ്വീകരിക്കേണ്ടത്. 

സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം നടത്തുന്ന പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം. അംഗീകൃത വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കി സൗദിയിലെത്തുന്ന ഹജ്, ഉംറ തീർഥാടകരും സന്ദർശകരും മൂന്നു ദിവസം ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീൻ പാലിക്കേണ്ടത് നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. സൗദിയിലേക്ക് വരുന്ന എല്ലാവർക്കും പരിഷ്‌കരിച്ച മാനദണ്ഡങ്ങൾ ബാധകമാണെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി പറഞ്ഞു.

🇶🇦'ഗ്രേസ് പീരിഡ്' ഉപയോഗപ്പെടുത്തി ഇതുവരെ അപേക്ഷ നല്‍കിയത് 20,000 പ്രവാസികള്‍.

✒️ഖത്തറില്‍ പ്രവാസികളുടെ താമസം നിയമ വിധേയമാക്കാന്‍ അനുവദിച്ചിരിക്കുന്ന ഗ്രേസ് പീരിഡ് ഉപയോഗപ്പെടുത്തി ഇതുവരെ അപേക്ഷ നല്‍കിയത് ഇരുപതിനായിരത്തിലധികം പേര്‍‍. ഒക്ടോബര്‍ 10ന് ആരംഭിച്ച ഗ്രേസ് പീരിഡ് ഉപയോഗപ്പെടുത്തിയവരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്.

താമസം നിയമവിധേയമാക്കാനായി അടയ്‍ക്കേണ്ട തുകയില്‍ 50 ശതമാനം ഇളവ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡിസംബര്‍ 31 വരെയാണ് ഗ്രേസ് പീരിഡ് ആനുകൂല്യം ലഭ്യമാവുന്നത്. രാജ്യത്തേക്കുള്ള പ്രവാസികളുടെ പ്രവേശനം, മടക്കം, താമസം എന്നിവ സംബന്ധിച്ച 21/2015 നിയമത്തിന്റെ ലംഘനങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഗ്രേസ് പീരിഡിലൂടെ പരിഹരിക്കാനാവുന്നത്. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളെ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഇന്ന് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവെ ക്യാപ്റ്റര്‍ മുഹമ്മദ് അലി അല്‍ റാഷിദ് പറഞ്ഞു.

ഗ്രേസ് പീരിഡ് പ്രഖ്യാപിച്ച 2021 ഒക്ടോബര്‍ 10 ശേഷം നിയമ ലംഘനങ്ങള്‍ നടത്തിയവരില്‍ നിന്നും ഈ തീയ്യതിക്ക് ശേഷം ജോലി സ്ഥലത്തുനിന്ന് ഒളിച്ചോടിയതായി പരാതി ലഭിച്ചവരില്‍ നിന്നും അപേക്ഷ സ്വീകരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ അഞ്ച് സര്‍വീസ് സെന്ററുകളില്‍ ഏതിലെങ്കിലുമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എല്ലാ നിബന്ധനകളും പാലിക്കുന്നവയാണെങ്കില്‍ അഞ്ച് ദിവസത്തിനകം അപേക്ഷയില്‍ തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

🇴🇲ഒമാനില്‍ കൊവിഡ് ചികിത്സയിലുള്ളത് രണ്ട് രോഗികള്‍ മാത്രം.

✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  

രാജ്യത്ത് ഇതുവരെ 3,04,612 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,047 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,113 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് രോഗിയെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ രണ്ട് കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള ഈ രോഗികള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

🇧🇭ബഹ്‌റൈനില്‍ 
പുതിയ കൊവിഡ് കേസുകളില്‍ നാല് പ്രവാസി തൊഴിലാളികളും.

✒️ബഹ്റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 28 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 27 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 277,831 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 276,123 പേര്‍ രോഗമുക്തരായി. ആകെ 7,495,132 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 314 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ അഞ്ച് പേര്‍ ചികിത്സയിലാണ്.

🇴🇲ഒമാൻ: മസ്കറ്റിൽ ഡിസംബർ 7-ന് വൈകീട്ട് വരെ പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ROP.

✒️മസ്‌കറ്റിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഡിസംബർ 5-നാണ് ROP ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ബുർജ് അൽ സഹ്വ റൌണ്ട് എബൌട്ട് മുതൽ മസ്കറ്റ് വിലായത് വരെയുള്ള മേഖലയിൽ ഇരുവശത്തേക്കും രണ്ട് ദിവസത്തേക്ക് പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. ഡിസംബർ 6-ന് രാവിലെ മുതൽ ഡിസംബർ 7-ന് വൈകീട്ട് 7 മണിവരെയാണ് ഈ പാർക്കിംഗ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്.

🇶🇦ഖത്തർ: ദോഹ കോർണിഷ് സ്ട്രീറ്റിൽ ഗതാഗതം പുനരാരംഭിച്ചു.

✒️ദോഹ കോർണിഷ് സ്ട്രീറ്റിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ അവസാനിച്ചതായും, കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം പുനരാരംഭിച്ചതായും ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഡിസംബർ 5-നാണ് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഖത്തറിൽ വെച്ച് നടക്കുന്ന 2021 ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് ഫുട്ബോൾ ആരാധകർക്കായൊരുക്കുന്ന വിവിധ പരിപാടികൾ കണക്കിലെടുത്താണ് 2021 നവംബർ 26 മുതൽ ഡിസംബർ 4 വരെ കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണങ്ങൾ അവസാനിച്ചതായും ഡിസംബർ 5-ന് രാവിലെ 5 മണിമുതൽ കോർണിഷ് സ്ട്രീറ്റ് ഇരുവശത്തേക്കും പൂർണ്ണമായും തുറന്ന് കൊടുക്കുമെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

അൽ ബിദ്ദ പാർക്കിൽ നടക്കുന്ന പതിനൊന്നാമത് ഖത്തർ അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 17 വരെ തുടരുമെന്നും അധികൃതർ അറിയിച്ചു.

🇶🇦ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴയിളവ് ഡിസംബര്‍ 18 മുതല്‍.

✒️ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ ഇളവുകളോട് കൂടി സെറ്റില്‍ ചെയ്യുന്ന പദ്ധതിക്ക് ഡിസംബര്‍ 18 മുതല്‍ തുടക്കമാവും. ഖത്തര്‍ ദേശീയ ദിനമാണ് ഡിസംബര്‍ 18.

പദ്ധതിപ്രകാരം 50 ശതമാനം ഇളവോട് കൂടി ട്രാഫിക് പിഴകള്‍ അടച്ച് തീര്‍ത്ത് തീര്‍പ്പാക്കാം. ഡിസംബര്‍ 18 മുതല്‍ മൂന്ന് മാസത്തേക്കാണ് ഇളവ്. മെത്രാഷ് 2 വഴി പണം അടക്കാം.

ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അടുത്ത വര്‍ഷം മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി ആരംഭിക്കുമെന്നും ട്രാഫിക് ജനറല്‍ ഡറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ശഹ്‌വാനി പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ നടപ്പിലാകുന്ന പുതിയ നടപടിക്രമ പ്രകാരം നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടക്കാത്തവര്‍ക്ക് രണ്ട് മാസം സെറ്റില്‍മെന്റിന് സമയം നല്‍കുകയും തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.

ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അല്‍ ശഹ്‌വാനി ഇക്കാര്യം വ്യക്തമാക്കിയത്.

🇶🇦ഖത്തറില്‍ ഇന്ന് 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്; 24 യാത്രക്കാര്‍.

✒️ഖത്തറില്‍(Qatar) ഇന്ന് 164 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 107 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 244,387
ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 611. രാജ്യത്ത് നിലവില്‍ 2,210 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 10 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചില്ല. 3 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 75 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 7,480 ഡോസ് വാക്സിന്‍ കൂടി നല്‍കി. 1,35,922
ബൂസ്റ്റര്‍ ഡോസ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 50,18,927
ഡോസ് വാക്സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇸🇦തുറസ്സായ സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി സൗദി.

✒️ആളുകള്‍ തടിച്ചുകൂടുന്ന തിരക്കേറിയതും തുറസ്സായതുമായ സ്ഥലങ്ങളിലും പൊതുപരിപാടികള്‍ നടക്കുന്നിടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു. രാജ്യത്ത് കോവിഡ് സംബന്ധമായ ഏറ്റവും പുതിയ സംഭവവികാസങ്ങളെപ്പറ്റി വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന് സൗദി ഇളവ് നല്‍കിയിരുന്നു.

ആരോഗ്യനില പരിശോധിക്കാന്‍ ക്രമീകരണങ്ങളില്ലാത്ത പള്ളികള്‍ പോലുള്ള ഇന്‍ഡോര്‍ ഏരിയകളില്‍ ശാരീരിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തു എന്നത് മാസ്‌ക് ധരിക്കാതിരിക്കാനുള്ള ന്യായീകരണമല്ല.

രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കണമെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.

🇸🇦കോവിഡ്: സൗദിയിൽ രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു, ഇന്ന് 43 പുതിയ രോഗികൾ.

✒️സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്ന് 43 പുതിയ രോഗികളും 26 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 549,955 ഉം രോഗമുക്തരുടെ എണ്ണം 539,082 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 8,845 ആയി.

2028 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 37 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 14, മക്ക: 3, ദഹ്റാൻ 2, മറ്റ് 10 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 47,734,779 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,693,484 ആദ്യ ഡോസും 22,638,713 രണ്ടാം ഡോസും 402,582 ബൂസ്റ്റർ ഡോസുമാണ്.

Post a Comment

0 Comments