Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇰🇼ഗാർഹികത്തൊഴിലാളികൾ ആറുമാസത്തിലധികം കുവൈത്തിന്​ പുറത്തായാൽ ഇഖാമ റദ്ദാകും.

✒️ഗാർഹികത്തൊഴിലാളികൾ ആറുമാസത്തിലധികം കുവൈത്തിന്​ പുറത്തായാൽ ഇഖാമ റദ്ദാകുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. കോവിഡ്​ പശ്ചാത്തലത്തിൽ മാനുഷിക പരിഗണന വെച്ച്​ നൽകിയ ഇളവാണ്​ അധികൃതർ അവസാനിപ്പിക്കുന്നത്​. 2021 ഡിസംബർ ഒന്നുമുതലാണ്​ ആറുമാസ കാലയളവ്​ കണക്കാക്കുക. യാത്രാനിയന്ത്രണങ്ങൾ നീങ്ങി കുവൈത്തിലേക്ക്​ വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാലാണ്​ പ്രത്യേക ഇളവ്​ അവസാനിപ്പിക്കുന്നത്​.

അതേസമയം, ആറുമാസത്തിലേറെ കാലം ഗാർഹികത്തൊഴിലാളികൾ കുവൈത്തിന്​ പുറത്താകേണ്ടുന്ന അനിവാര്യ സന്ദർഭങ്ങളിൽ സ്വദേശി സ്​പോൺസർമാർ പ്രത്യേക അപേക്ഷ നൽകണമെന്നും ഒാരോകേസും പ്രത്യേകം പരിഗണിച്ചാണ്​ ഇതിൽ തീരുമാനമെടുക്കുകയെന്നും അധികൃതർ വ്യക്​തമാക്കി. ആറുമാസ കാലയളവിന്​ മുമ്പായി തന്നെ ഇൗ അപേക്ഷ നൽകേണ്ടതുണ്ട്​.

🇸🇦സൗദിയിലെ തൊഴിൽനിയമങ്ങളിൽ മാറ്റം; ശമ്പളം വൈകിയാൽ 3,000 റിയാൽ പിഴ.

✒️ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ച് പിഴ ഈടാക്കുന്ന രീതിക്ക് സൗദിയിൽ തുടക്കമായി. തൊഴിൽ നിയമലംഘനങ്ങൾക്ക് ചെറിയ സ്ഥാപനങ്ങൾക്ക് വലിയ പിഴ ഈടാക്കുന്ന രീതിക്ക് ഇതോടെ മാറ്റമായി. ഓരോ നിയമലംഘനങ്ങൾക്കുമുള്ള പരിഷ്‌കരിച്ച പിഴപ്പട്ടിക തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു. ഇന്ന് മുതലാണ് തൊഴിൽ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിലെ മാറ്റം പ്രാബല്യത്തിൽ വന്നത്. ഒന്നു മുതൽ പത്ത് വരെ ജീവനക്കാരുള്ളത് ചെറു സ്ഥാപനങ്ങൾ. 11 മുതൽ അമ്പത് വരെ ജീവനക്കാരുള്ളത് ഇടത്തരം സ്ഥാപനങ്ങൾ. 51 മുതൽ മുകളിലേക്ക് ജീവനക്കാരുള്ളത് ഉയർന്ന സ്ഥാപനങ്ങൾ എന്നിങ്ങിനെയാണ് തരംതിരിവ്. കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് കുറഞ്ഞ പിഴയാകും ഇനി.

🇶🇦ഖത്തർ: COVID-19 ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.

✒️COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഡിസംബർ 17, വെള്ളിയാഴ്ച്ചയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

വിദേശയാത്രയ്ക്ക് ശേഷം ഖത്തറിൽ മടങ്ങിയെത്തിയ പൗരന്മാരും, പ്രവാസികളുമായ നാല് പേരിലാണ് ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ മൂന്ന് പേർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരാണ്.

ഇവരെ ക്വാറന്റീൻ ചെയ്തതായും, ഇവർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവർ രോഗമുക്തി നേടി, PCR പരിശോധനയിൽ നെഗറ്റീവ് ആകുന്നത് വരെ ക്വാറന്റീനിൽ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും, താഴെ പറയുന്ന നിർദ്ദേശങ്ങൾ പിന്തുടരാനും ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തിട്ടുണ്ട്:

എത്രയും വേഗം വാക്സിനേഷൻ നടപടികൾ, ബൂസ്റ്റർ കുത്തിവെപ്പ് ഉൾപ്പടെ, പൂർത്തിയാക്കേണ്ടതാണ്.
COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ എത്രയും വേഗം ടെസ്റ്റുകൾ നടത്തേണ്ടതാണ്.
നിലവിൽ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കേണ്ടതാണ്.
രാജ്യത്ത് ഇതുവരെ ഏതാണ്ട് രണ്ട് ലക്ഷത്തോളം പേർ ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. ഇവരിൽ പാര്‍ശ്വഫലങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

മേഖലയിൽ യു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലും ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

🇶🇦ഫിഫ വേൾഡ് കപ്പ് 2022: ഖത്തർ പോസ്റ്റ് മൂന്ന് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

✒️ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിന് മുന്നോടിയായി ഖത്തർ പോസ്റ്റ് മൂന്ന് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഫിഫ ക്ലാസിക് ശ്രേണിയിലുള്ള ഈ സ്റ്റാമ്പുകൾ ഫിഫയും, ഖത്തർ പോസ്റ്റും തമ്മിലേർപ്പെട്ടിട്ടുള്ള പ്രത്യേക കരാറിന്റെ അടിസ്ഥനത്തിൽ പുറത്തിറക്കിയിട്ടുള്ളതാണ്.

ഈ കരാർ പ്രകാരം ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഔദ്യോഗിക സ്റ്റാമ്പുകൾ പുറത്തിറക്കുന്നതിന് ഫിഫ ഖത്തർ പോസ്റ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 2010, 2014, 2018 എന്നീ വർഷങ്ങളിലെ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകളുടെ സ്മരണയിലാണ് ഈ ഫിഫ ക്ലാസിക് ശ്രേണിയിലുള്ള മൂന്ന് സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.

2010 മുതൽ 2018 വരെ നടന്ന മൂന്ന് ഫിഫ ലോകകപ്പ് ടൂർണമെന്റുകളുടെ മുദ്രകൾ ആലേഖനം ചെയ്തിരിക്കുന്ന ഈ സ്റ്റാമ്പുകൾ ഓരോന്നും 6 റിയാൽ മൂല്യമുള്ളതാണ്. മൂന്ന് സ്റ്റാമ്പുകൾ ഉൾപ്പെടുന്ന ഒരു സെറ്റ് 18 റിയാലിനാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.

ഈ സ്റ്റാമ്പുകളുടെ 20000 കോപ്പികളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പുറമെ 3000 ഫസ്റ്റ് ഡേ കവറുകൾ, 2000 ഫോൾഡറുകൾ എന്നിവയും ഇതുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

ഫിഫയും, ഖത്തർ പോസ്റ്റും തമ്മിലേർപ്പെട്ടിട്ടുള്ള കരാറിന്റെ അടിസ്ഥനത്തിൽ 2021 മുതൽ 2022 വരെയുള്ള കാലയളവിൽ ഖത്തർ പോസ്റ്റ് പ്രത്യേക ഫിഫ ലോകകപ്പ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നതാണ്. ലോകകപ്പ് ആരംഭിക്കുന്നതിലേക്ക് നയിക്കുന്ന ദിനങ്ങളിലെ വിവിധ പ്രധാന സംഭവങ്ങൾ ഈ സ്റ്റാമ്പുകളിലൂടെ ആഘോഷിക്കുന്നതിനും, ഇതോടൊപ്പം ഖത്തറിലെ ഫുട്ബോൾ ചരിത്രം സ്റ്റാമ്പുകളിലൂടെ അടയാളപ്പെടുത്തുന്നതിനും ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നു.

ഈ ശ്രേണിയിൽ പെടുന്ന ആദ്യ രണ്ട് സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് 2021 ഏപ്രിൽ 1-ന് പുറത്തിറക്കിയിരുന്നു. ഈ രണ്ട് സ്റ്റാമ്പുകളിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ചിഹ്നമാണ് മുദ്രണം ചെയ്തിട്ടുള്ളത്.

ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം ശ്രേണിയിലെ സ്റ്റാമ്പുകൾ 2021 ജൂലൈ 12-ന് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരുന്നു. 2022 ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ വാസ്‌തുവിദ്യ ഉൾക്കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ള എട്ട് സ്റ്റാമ്പുകളാണ് രണ്ടാം ശ്രേണിയിൽ പുറത്തിറക്കിയിരുന്നത്.

🇰🇼കുവൈറ്റ്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം.

✒️രാജ്യത്തെ മുഴുവൻ പ്രവാസികളുടെയും ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദ് ചെയ്തതായുള്ള രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഡിസംബർ 17-ന് വൈകീട്ടാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഈ അറിയിപ്പ് പുറത്തിറക്കിയത്. മുഴുവൻ പ്രവാസികളുടെയും ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദ് ചെയ്തതായും, ഇത്തരം ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന നടപടികൾ നിർത്തലാക്കിയതായുമുള്ള വാർത്തകൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നത്. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തലാക്കാൻ ട്രാഫിക് വകുപ്പിനോട് ശുപാർശ ചെയ്തുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട കിംവദന്തികൾ സമൂഹ മാധ്യമങ്ങളിൽ സജീവമായത്.

പ്രവാസികളുടെ നിയമ സാധുത ഇല്ലാത്ത ഡ്രൈവിംഗ് ലൈസൻസുകൾക്ക് മാത്രമാണ് വിലക്കേർപ്പെടുത്തുന്നതെന്നും, ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

🇸🇦സൗദി: ജിദ്ദ സെൻട്രൽ പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.

✒️ജിദ്ദ സെൻട്രൽ പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ, പ്രധാന സവിശേഷതകൾ എന്നിവ സൗദി കിരീടാവകാശിയും, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അവതരിപ്പിച്ചു. ജിദ്ദ സെൻട്രൽ ഡെവലപ്മെന്റ് കമ്പനി ചെയർമാൻ കൂടിയാണ് അദ്ദേഹം.

ന്യൂ ജിദ്ദ ഡൗൺടൗൺ എന്ന പേരിൽ മുൻപ് അറിയപ്പെട്ടിരുന്ന ഈ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചതായി ഡിസംബർ 17-ന് സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. 75 ബില്യൺ റിയാൽ മൂല്യമുള്ള ഈ പദ്ധതി ചെങ്കടൽ തീരമേഖലയിൽ ഏതാണ്ട് 5.7 ദശലക്ഷം സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള പ്രദേശത്തിന്റെ വികസനത്തിന് ലക്ഷ്യമിടുന്നു. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപകർ എന്നിവരാണ് ഈ പദ്ധതിയ്ക്കായി പണം മുടക്കുന്നത്.

രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വികസനം എത്തിക്കുക എന്ന സൗദി കിരീടാവകാശി മുന്നോട്ട് വെക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജിദ്ദയുടെ ഹൃദയഭാഗത്തായി ചെങ്കടലിനെ അഭിമുഖീകരിക്കുന്ന രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരിടം വികസിപ്പിക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ജിദ്ദ പട്ടണത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുന്നതിന് ഈ പദ്ധതി സഹായകമാകുമെന്നാണ് കരുതുന്നത്. 2030-ഓടെ സൗദി സമ്പദ്‌ഘടനയിലേക്ക് ഏതാണ്ട് 47 ബില്യൺ റിയാലിന്റെ അധികമൂല്യം സംഭാവന ചെയ്യുന്നതിന് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഓപ്പറ ഹൗസ്, മ്യൂസിയം, സ്പോർട്സ് സ്റ്റേഡിയം, ഓഷ്യനേറിയം തുടങ്ങിയ സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ടൂറിസം, വിനോദമേഖല, സ്പോർട്സ്, സാംസ്‌കാരിക മേഖല തുടങ്ങിയ നിരവധി മേഖലകളുടെ വികസനത്തിനാണ് ഈ പദ്ധതിയിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

🇶🇦ഖത്തറിലെ ട്രാഫിക് പിഴകള്‍ക്ക് ഇന്ന് മുതല്‍ 50 ശതമാനം ഡിസ്‌കൗണ്ട്.

✒️ദോഹ: ഖത്തറില്‍ വാഹനമോടിക്കുന്നവരുടെ പേരില്‍ പലപ്പോഴായി കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ക്ക് ഇന്ന് മുതല്‍ 50 ശതമാനം ഇളവ്. ഖത്തര്‍ ദേശീയ ദിനമായ ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് ഇളവ് ലഭിക്കും. ഈ കാലയളവിനുള്ളില്‍ 50 ശതമാനം തുക അടച്ച് പിഴ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കും. മെത്രാഷ് 2 വഴിയും ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയും പണമടക്കാവുന്നതാണ്.

അടുത്ത വര്‍ഷം മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ പിഴകള്‍ ഒത്തുതീര്‍പ്പാക്കുന്നത്.

🇶🇦ഖത്തറില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്; 197 പേര്‍ സുഖം പ്രാപിച്ചു.

✒️ദോഹ: ഖത്തറില്‍(Qatar) ഇന്ന് 179 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 197 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,43,415 ആയി.

രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 614. രാജ്യത്ത് നിലവില്‍ 2,338 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 10 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചില്ല. 8 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 2,836 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. 1,98,733 ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 51,08,730 ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളിലേക്ക്.

✒️റിയാദ്: സൗദി അറേബ്യയിൽ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 116 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്തെ കൊവിഡ് മുക്തി നിരക്കും ഉയരുന്നുണ്ട്. നിലവിലെ രോഗികളിൽ 96 പേർ ഇന്ന് സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 550,738 ആയി. ആകെ രോഗമുക്തി കേസുകൾ 539,981 ആണ്. അതോടെ ആകെ മരണസംഖ്യ 8,861 ആയി. ഇന്ന് രാജ്യത്ത് ആകെ 32,302,267 കൊവിഡ് പി.സി.ആർ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,896 പേരിൽ 34 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. 

രാജ്യത്താകെ ഇതുവരെ 48,310,963 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,850,501 എണ്ണം ആദ്യ ഡോസ് ആണ്. 22,902,485 എണ്ണം സെക്കൻഡ് ഡോസും. 1,728,640 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 557,977 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 48, ജിദ്ദ - 18, മക്ക - 11, ഹുഫൂഫ് - 11, ദമ്മാം - 6, അൽഖോബാർ - 3, മദീന - 2, ത്വാഇഫ് - 2, യാംബു - 2, മറ്റ് 13 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.

🇸🇦പ്രവാസി നിയമലംഘകരെ കണ്ടെത്താൻ ശക്തമായ റെയ്ഡ് തുടരുന്നു.

✒️താമസ (ഇഖാമ), തൊഴിൽ നിയമങ്ങൾ ലംഘിച്ചും രാജ്യാതിർത്തികൾ വഴി അനധികൃതമായും നുഴഞ്ഞുകയറി എത്തിയും രാജ്യത്ത് കഴിയുന്ന വിദേശികളെ (Illegal expatriates) പിടികൂടാൻ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ (Saudi interior Ministry) ശക്തമായ റെയ്ഡ് തുടരുന്നു. ഒരാഴ്ക്കിടെ 15,088 വിദേശികളാണ് ഇത്തരം പരിശോധനകളില്‍ പിടിയിലായത്. കഴിഞ്ഞ ആഴ്‍ചയിലും പതിനാറായിരത്തോളം ആളുകൾ ഇങ്ങനെ പിടിയിലായിരുന്നു. 

ഇഖാമ കാലാവധി കഴിഞ്ഞ 7508 പേരും അതിർത്തിനുഴഞ്ഞുകയറ്റക്കാരായ 5730 പേരും തൊഴിൽ നിയമം ലംഘിച്ച 1850 പേരുമാണ് ഇപ്പോൾ പിടിയിലായത്. രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നതിനിടെ 454 പേരും പിടിയിലായി. ഇതിൽ 59 ശതമാനം എത്യോപ്യക്കാരും 34 ശതമാനം യമനികളും ഏഴ് ശതമാനം പേര്‍ മറ്റ് വിവിധ രാജ്യക്കാരുമാണ്. അതിർത്തി നിയമം ലംഘിച്ച് രാജ്യത്തിന് പുറത്തുകടക്കാൻ ശ്രമിച്ച 21 പേരും പിടിയിലായിട്ടുണ്ട്. വിവിധ നിയമലംഘകർക്ക് താമസ, വാഹന, ജോലി സൗകര്യമൊരുക്കിയ 16 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

നിലവിൽ ഇതുവരെ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്ന മൊത്തം നിയമലംഘകരുടെ എണ്ണം 91551 ആയി. ഇതിൽ 82841 പേര്‍ പുരുഷന്മാരും 8710 സ്ത്രീകളുമാണ്. സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കാൻ ആവശ്യമായ രേഖകൾക്ക് വേണ്ടി അതത് രാജ്യങ്ങളുടെ സൗദിയിലെ എംബസികൾക്ക് കൈമാറിയ മൊത്തം കേസുകൾ 79,863 ആണ്. 2170 പേരുടെ യാത്രാനടപടിക്രമങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. ഉടൻ തന്നെ നാടുകടത്തും. 7663 വരെ ഇതിനകം നാടുകടത്തി. 

🇸🇦വഴിയില്‍ വെച്ച് കാര്‍ കേടായ യുവാവിന് ഗവര്‍ണറുടെ വക പുതിയ കാര്‍ സമ്മാനം.

✒️യാത്രയ്‍ക്കിടയില്‍ വഴിമദ്ധ്യേ കാര്‍ കേടായി വഴിയില്‍ കുടുങ്ങുന്നത് പലരും അനുഭവിച്ചിട്ടുള്ള ഒരു ദുരിതമാണ്. എന്നാല്‍ കേടായ കാറിന് സമീപം നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പുതിയൊരു കാര്‍ തന്നെ സമ്മാനിച്ചാല്‍ എന്തായിരിക്കും മാനസികാവസ്ഥ? അത്തരമൊരു അനുഭവത്തിന് സാക്ഷ്യം വഹിച്ച യുവാവിന്റെ അനുഭവം ഇന്ന് സൗദി അറേബ്യയിലെ (Saudi Arabia) പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയായി.

സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യാ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരനാണ് സ്വദേശി യുവാവിന് പുതിയ കാര്‍ സമ്മാനിച്ചത്. കഴിഞ്ഞ ദിവസം മഹായില്‍ അസീറിലൂടെ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ കടന്നുപോകുന്നതിനിടെയാണ് വഴിയിലൊരു യുവാവ് കേടായ കാറിന് സമീപം നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം അടുത്തെത്തി കാര്യം അന്വേഷിച്ചു.

വിവരം അറിഞ്ഞപ്പോള്‍ ഈ കേടായ കാറല്ലാതെ വേറെ വാഹനം ഉണ്ടോയെന്നായി ഗവര്‍ണറുടെ ചോദ്യം. ഇല്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ യുവാവിനോട് തന്റെ കാറില്‍ കയാറാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. യുവാവിനെയും കൊണ്ട് കാര്‍ ഷോറൂമിലെത്തിയ അദ്ദേഹം പുതിയ വാഹനം വാങ്ങി അദ്ദേഹത്തിന് സമ്മാനിക്കുകയായിരുന്നു. ഫുള്‍ ഓപ്ഷന്‍ ടൊയോട്ട ഹൈലക്സ് പിക്കപ്പാണ് യുവാവിന് അപ്രതീക്ഷിത സമ്മാനമായി ലഭിച്ചത്. 

🇦🇪യുഎഇയില്‍ 266 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.

✒️അബുദാബി: യുഎഇയില്‍(UAE) ഇന്ന് 266 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 118 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആകെ 10.62 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,43,852 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,38,505 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,196 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Post a Comment

0 Comments