🇸🇦സൗദിയില്‍ പുതിയ കൊവിഡ് കേസുകള്‍ ഇരുന്നൂറിന് മുകളില്‍.
✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ആശങ്കയ്ക്കിടയാക്കി പുതിയ കൊവിഡ് (Covid )കേസുകള്‍ വീണ്ടും 200ന് മുകളില്‍. പുതുതായി 222 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അതെസമയം രോഗമുക്തി ഉയരുന്നത് ആശ്വാസവുമാകുന്നു. നിലവിലെ രോഗികളില്‍ 106 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം(Saudi Health Ministry) അറിയിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,51,210 ആയി. ആകെ രോഗമുക്തി കേസുകള്‍ 5,30,284 ആണ്. ആെക മരണസംഖ്യ 8,865 ആയി. ഇന്ന് രാജ്യത്ത് ആകെ 32,471,081 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,061 പേരില്‍ 28 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,587,428 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,893,904 എണ്ണം ആദ്യ ഡോസ് ആണ്. 22,971,482 എണ്ണം സെക്കന്‍ഡ് ഡോസും. 1,730,339 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 722,042 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 77, ജിദ്ദ 38, മക്ക 26, ദമ്മാം 19, ഹുഫൂഫ് 12, മദീന 4, തായിഫ് 4, മുബറസ് 3, തബൂക്ക്, അബഹ, ഖോബാര്‍, ദവാദ്മി, യാംബു, ഖത്വീഫ്, അല്‍ഉല, വാദിദവാസിര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും മറ്റ് 23 സ്ഥലങ്ങളില്‍ ഓരോ രോഗികളും.
📲അജ്മാനിലെ ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം.
✒️അജ്മാനിലെ (Ajman)എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് (Green Pass)സംവിധാനം ഏര്‍പ്പെടുത്തും. അജ്മാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലുമായി സഹകരിച്ച് അജ്മാനിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സംഘമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്. ജനുവരി മൂന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജീവനക്കാര്‍ ഓരോ 14 ദിവസത്തിലും നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഏഴു ദിവസം കൂടുമ്പോള്‍ പിസിആര്‍ പരിശോധന നടത്തി അല്‍ ഹൊസ്ന്‍ ആപ്പിലെ സ്റ്റാറ്റസ് പച്ച നിറത്തിലാണെങ്കില്‍ വാക്‌സിനേഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കാം. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല. കൊവിഡ് മഹാമാരിയില്‍ നിന്ന് മുക്തി നേടാനും സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുമുള്ള ദേശീയ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് ഈ തീരുമാനമെന്ന് അജ്മാന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
🇴🇲ഒമാനില്‍ 22 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.
✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 13 പേര്‍ രോഗമുക്തരായി.പുതിയതായി കൊവിഡ് മരണങ്ങളൊന്നും (Covid deaths ) ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാജ്യത്ത് ഇതുവരെ 3,04,896 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,216 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,113 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് രോഗിയെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ എട്ട് കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
🇦🇪യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഇന്ന് 452 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
✒️യുഎഇയില്‍ ഒരു ഇടവേളയ്‍ക്ക് ശേഷം വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്ന് 452 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ 301 പേര്‍ക്കായിരുന്നു രോഗം. ചികിത്സയിലായിരുന്ന 198 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
പുതിയതായി നടത്തിയ 3,96,090 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.7 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,44,890 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,38,983 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,154 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,753 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇧🇭ബഹ്റൈനിലും കൊവിഡ് കേസുകള്‍ കൂടുന്നു; 100 കടന്നത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം.
✒️മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേപ്പോലെ ബഹ്റൈനിലും (Bahrain) ഒരു ഇടവേളയ്‍ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ (Daily covid cases) ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശനിയാഴ്‍ച കൊവിഡ് കേസുകള്‍ 100 കടന്നു. ഞായറാഴ്‍ച കേസുകള്‍ അല്‍പം കുറഞ്ഞെങ്കിലും ശരാശരി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
ശനിയാഴ്‍ച 101 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന് മുമ്പ് സെപ്‍റ്റംബര്‍ 20നായിരുന്നു പ്രതിദിന രോഗബാധ 100 കടന്നത്. അന്ന് 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സെപ്റ്റംബര്‍ മാസത്തിലെ അവസാന 10 ദിവസത്തെ ശരാശരി കൊവിഡ് കേസുകള്‍ 67 ആയിരുന്നെങ്കില്‍ ഒക്ടോബറില്‍ അത് 57 ആയും നവംബറില്‍ 29 ആയും കുറഞ്ഞിരുന്നു. ഇവിടെ നിന്ന് ഡിസംബറിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിദിന ശരാശരി രോഗബാധ 40 കേസുകളായി വര്‍ദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്‍ച 28 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ വെള്ളിയാഴ്‍ച ആയപ്പോള്‍ 52 ആയും ശനിയാഴ്‍ച 101 ആയും വര്‍ദ്ധിച്ചു. ഞായറാഴ്‍ച 89ലേക്ക് കുറഞ്ഞിട്ടുമുണ്ട്. രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ യെല്ലോ സോണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. രാജ്യത്ത് ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
🇰🇼22,427 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍.
✒️കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്ന് 22,427 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2020 ജനുവരി ഒന്ന് മുതല്‍ 2021 സെപ്‍തംബര്‍ 1 വരെയുള്ള കണക്കുകളാണിത്. ഒരു പാര്‍ലമെന്റ് അംഗത്തിന് ചോദ്യത്തിനുള്ള മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഈ കണക്കുകള്‍ പുറത്തുവിട്ടത്.
കുവൈത്ത് അമീറിന്റെ ഉത്തരവ് നമ്പര്‍ 17/1959 പ്രകാരമാണ് നാടുകടത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രവാസികളുടെ താമസം ഉള്‍പ്പെടെയുള്ളവ സംബന്ധമായ നിയമങ്ങളും അതത് സമയങ്ങളിലെ ഉത്തരവുകളും അടിസ്ഥാനമാക്കിയാണ് പരിശോധനകള്‍ നടത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്.
അതേസമയം താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ നടന്നുവരികയാണ്. കൊവിഡ് സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെയ്‍ക്കുകയും നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കുകയും ചെയ്‍തിരുന്നു. ഒന്നിലേറെ തവണ ഇതിനുള്ള സമയം നീട്ടി നല്‍കിയിട്ടും നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വിമാന സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെ ശക്തമായ പരിശോധനയും ആരംഭിക്കുകയായിരുന്നു.
അതേസമയം നിയമ ലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വമേധയാ പിഴയടച്ച് രാജ്യം വിടാനാവും. ഇവര്‍ക്ക് മറ്റൊരു വിസയില്‍ തിരികെ വരികയും ചെയ്യാം. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുവൈത്തില്‍ പിന്നീട് വിലക്കേര്‍പ്പെടുത്തും. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാനും ഇവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വിലക്കുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.
🇴🇲ഒമാനിൽ 15 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം.
✒️ഒമാനില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചതെന്ന് ഒമാന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്‍തു. കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, ഒത്തുചേരലുകള്‍ ഒഴിവാക്കുക, കൈകളുടെ ശുചിത്വം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ഒമാന്‍ ടി.വി പുറത്തിറക്കിയ പ്രസ്‍താവനയിലൂടെ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മാനില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സമയ പരിധി ആറ് മാസത്തില്‍ നിന്ന് മൂന്ന് മാസമാക്കി കഴിഞ്ഞ ദിവസം കുറച്ചിരുന്നു. വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവര്‍ക്ക് ചൊവ്വാഴ്‍ച മുതല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
വാക്സിന്‍ സ്വീകരിച്ച് മാസങ്ങള്‍ കഴിയുന്നതോടെ അതിന്റെ ഫലപ്രാപ്‍തി കുറയുമെന്നും അതുകൊണ്ടുതന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതിയതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന്റെ രോഗലക്ഷണങ്ങള്‍, നിലവിലുള്ള ഡെല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങളുടേതിനാക്കള്‍ കടുത്തതാണോ എന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
🇰🇼കുവൈത്തില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍; പിസിആര്‍ പരിശോധനാ ഫലത്തിന്റെ കാലാവധി 48 മണിക്കൂറാക്കി.
✒️കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും (All arrivals to Kuwait) യാത്രയ്‍ക്ക് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം (Negative PCR test report). നേരത്തെ 72 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാരുന്നു. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് (Kuwait Cabinet) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഡിസംബര്‍ 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
അടുത്ത ഞായറാഴ്‍ച മുതല്‍ രാജ്യത്ത് എത്തുന്ന എല്ലാവര്‍ക്കും 10 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. എന്നാല്‍ രാജ്യത്തെത്തി 72 മണിക്കൂറെങ്കിലും പിന്നിട്ട ശേഷം നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. ഫലത്തില്‍ മൂന്ന് ദിവസത്തെ ക്വാറന്റീന്‍ എല്ലാവര്‍ക്കും നിര്‍ബന്ധമായിരിക്കും..
യാത്രകള്‍ വളരെ അത്യാവശ്യമെങ്കില്‍ മാത്രം നടത്തണമെന്നും എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒന്‍പത് മാസം പിന്നിട്ടവര്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി 2 അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതിനുള്ള സമയപരിധി കണക്കാക്കുന്നത്.
🇰🇼കുവൈത്തില്‍ ജനുവരി രണ്ടിന് അവധി പ്രഖ്യാപിച്ചു.
✒️കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനുവരി രണ്ട് (January 2) ഞായറാഴ്‍ച അവധി (Public holiday in Kuwait) പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവധി. തിങ്കളാഴ്‍ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് (Kuwait cabinet) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പുതുവര്‍ഷപ്പിറവി ദിനമായ ജനുവരി ഒന്ന് ശനിയാഴ്‍ച ആയതിനാലാണ് തൊട്ടടുത്ത പ്രവൃത്തി ദിവസമായ രണ്ടാം തീയ്യതി അവധി നല്‍കുന്നതെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (Government communication centre) അറിയിച്ചു.
🇦🇪യുഎഇയില്‍ അടുത്ത വര്‍ഷത്തെ ആദ്യ പൊതു അവധി പ്രഖ്യാപിച്ചു.
✒️യുഎഇയില്‍(UAE) 2022ലെ ആദ്യ പൊതു അവധി(Public Holiday) പ്രഖ്യാപിച്ചു. പുതുവത്സര ദിവസമായ(New Year) ജനുവരി ഒന്ന്, ശനിയാഴ്ച യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.
ഡിസംബര്‍ 31 വെള്ളിയാഴ്ച ആയതിനാലും ശനി, ഞായര്‍ ദിവസങ്ങളിലെ പുതിയ അവധി സംവിധാനം അനുസരിച്ചുമാണ് മൂന്ന് ദിവസത്തെ അവധി ലഭിക്കുക. അവധിക്ക് ശേഷം ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഓഫീസുകളില്‍ ഹാജരാകണം. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. സ്വകാര്യ മേഖലയില്‍ ഞായറാഴ്ച കൂടി അവധി നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം അവധി ലഭിക്കും.
🇶🇦ഖത്തർ: ജീവനക്കാരുടെ പാസ്സ്‌പോർട്ട് അനധികൃതമായി പിടിച്ച് വെക്കുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം.
✒️ജീവനക്കാരുടെ പാസ്സ്‌പോർട്ട് അനധികൃതമായി പിടിച്ച് വെക്കുന്ന തൊഴിലുടമകൾക്ക് 25000 റിയാൽ പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റെസിഡൻസി പെർമിറ്റ് കാലാവധി പുതുക്കുന്നതിനും, മറ്റു ഔദ്യോഗിക ആവശ്യങ്ങൾക്കുമായി തൊഴിലുടമകൾ ജീവനക്കാരിൽ നിന്ന് വാങ്ങുന്ന പാസ്സ്പോർട്ടുകൾ, ഇത്തരം നടപടികൾ പൂർത്തിയാക്കിയ ശേഷം ജീവനക്കാർക്ക് തന്നെ കാലതാമസം കൂടാതെ മടക്കി നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും അനുവദിച്ച പൊതുമാപ്പ് കാലാവധിയെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ഒരു വെബിനാറിലാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. പുതിയ റെസിഡൻസി പെർമിറ്റുകൾ നേടുന്നതിനും, നിലവിലുള്ള റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിനും മറ്റുമായി ജീവനക്കാരുടെ പാസ്സ്പോർട്ടുകൾ തൊഴിലുടമകൾക്ക് ആവശ്യപ്പെടാമെങ്കിലും, ഇത്തരം നടപടികൾ പൂർത്തിയാക്കിയ ശേഷം അവ കൈവശം വെക്കരുതെന്നും, ജീവനക്കാർക്ക് അവ മടക്കി നൽകണമെന്നും അധികൃതർ അറിയിച്ചു.
അനധികൃതമായി വിസ കച്ചവടത്തിൽ ഏർപ്പെടുന്നവർക്ക് 3 വർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്തുന്നതാണ്. തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ് നടപടികൾ, അവയുടെ കാലാവധി അവസാനിച്ച് 90 ദിവസങ്ങൾക്കകം പൂർത്തിയാകാത്ത സ്ഥാപനങ്ങൾക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
🇰🇼കുവൈറ്റ്: ഡിസംബർ 26 മുതൽ വിദേശത്ത് നിന്നെത്തുന്നവർക്ക് പുതിയ പ്രവേശന നിബന്ധനകൾ ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനം.
✒️2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. ഡിസംബർ 20-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
ഈ തീരുമാന പ്രകാരം, 2021 ഡിസംബർ 26 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാക്കുന്നതാണ്:
യാത്രികർ കുവൈറ്റിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. നേരത്തെ 72 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ ഫലങ്ങൾ കുവൈറ്റ് അംഗീകരിച്ചിരുന്നു.
മുഴുവൻ യാത്രികർക്കും കുവൈറ്റിൽ പ്രവേശിച്ച ശേഷം 10 ദിവസത്തെ ഹോം ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്. എന്നാൽ യാത്രികർക്ക് ആവശ്യമെങ്കിൽ, കുവൈറ്റിൽ എത്തി 72 മണിക്കൂർ പൂർത്തിയാക്കിയ ശേഷം നടത്തുന്ന PCR പരിശോധനയിൽ ലഭിക്കുന്ന നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് കൊണ്ട് ഈ ഹോം ക്വാറന്റീൻ അവസാനിപ്പിക്കാമെന്നും ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
അനാവശ്യ യാത്രകൾ ഒഴിവാക്കാൻ കുവൈറ്റ് ക്യാബിനറ്റ് രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
🇴🇲ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി CAA.
✒️വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയുട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി. ഡിസംബർ 20-നാണ് ഒമാൻ CAA ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഒമാനിലെ വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും താഴെ പറയുന്ന നിബന്ധനകൾ ബാധകമാകുന്നതാണ്:
ഒമാനിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി മുഴുവൻ യാത്രികരും PCR ടെസ്റ്റ് നടത്തേണ്ടതാണ്.
മുഴുവൻ യാത്രികരും https://covid19.emushrif.om/ എന്ന വിലാസത്തിൽ പാസ്സഞ്ചർ റെജിസ്ട്രേഷൻ കാർഡ് (Passenger Registration Card) നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഈ റെജിസ്ട്രേഷൻ ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് പൂർത്തിയാക്കേണ്ടതാണ്. യാത്രികർ ഇതിനൊപ്പം തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് (ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകളായിരിക്കണം), നെഗറ്റീവ് PCR സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തേണ്ടതാണ്.
ഒമാനിലെത്തിയ ശേഷം നടപടികൾ പൂർത്തിയാക്കിയിട്ടില്ല എന്ന് സൂചിപ്പിക്കുന്ന കറുത്ത വരകളോട് കൂടിയ ‘പാസ്സഞ്ചർ റെജിസ്ട്രേഷൻ കാർഡ്’ കൈവശമുള്ള യാത്രികർ വിമാനത്താവളത്തിലെ പാസ്സഞ്ചർ റെജിസ്ട്രേഷൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇവരുടെ പ്രവേശന, റെജിസ്ട്രേഷൻ നടപടികൾ ഈ കൗണ്ടറിൽ നിന്ന് പൂർത്തിയാക്കുന്നതാണ്.
എല്ലാ നടപടികളും പൂർത്തിയാക്കിയതായി സൂചിപ്പിക്കുന്ന ‘പാസ്സഞ്ചർ റെജിസ്ട്രേഷൻ കാർഡ്’ കൈവശമുള്ള യാത്രികർക്ക് നേരിട്ട് പാസ്സ്‌പോർട്ട് കൗണ്ടറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
യാത്രികർ തങ്ങളുടെ കൈവശമുള്ള യാത്രാ രേഖകളെല്ലാം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് മുൻപിൽ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ്.
🇴🇲ഒമാൻ: COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് ഇടവേള മൂന്ന് മാസമാക്കി കുറച്ചു.
✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകി വരുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകളുടെ ഇടവേള മൂന്ന് മാസമാക്കി കുറച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 20-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
നേരത്തെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ഒമാനിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകിയിരുന്നത്. എന്നാൽ ഈ പുതിയ തീരുമാനത്തോടെ COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് നേടാവുന്നതാണ്.
ഈ തീരുമാനം 2021 ഡിസംബർ 21, ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. COVID-19 വൈറസിന്റെ ഒമിക്രോൺ ഉൾപ്പടെയുള്ള വകഭേദങ്ങൾ ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് എത്രയും വേഗം ഇത് നൽകുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നടപടി.
ആരോഗ്യപരമായ കാരണങ്ങൾ ഉൾപ്പടെ വിവിധ കാരണങ്ങളാൽ രോഗപ്രതിരോധ ശേഷി കുറവുള്ളവർക്ക് കൊറോണ വൈറസിനെതിരായ സംരക്ഷണം നിലനിർത്തുന്നതിന് ബൂസ്റ്റർ ഡോസ് പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
🇰🇼കുവൈറ്റ്: COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ സ്റ്റാറ്റസ് ലഭിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നു.
✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് ലഭിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്ന ഒരു തീരുമാനത്തിന് കുവൈറ്റ് ക്യാബിനറ്റ് അംഗീകാരം നൽകി. ഈ തീരുമാനപ്രകാരം, കുവൈറ്റിൽ നിന്ന് അംഗീകൃത COVID-19 വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള വ്യക്തികൾ, അവർ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ബൂസ്റ്റർ ഡോസ് എടുക്കുന്നത് വരെ അവരെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവരായി കരുതുന്നതാണ്.
2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനപ്രകാരം, ഇവർക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ സ്റ്റാറ്റസ് ലഭിക്കുന്നതിന് മൂന്നാമതൊരു ഡോസ് കുത്തിവെപ്പ് ബൂസ്റ്റർ ഡോസ് എന്ന രീതിയിൽ സ്വീകരിക്കേണ്ടതാണ്. 2021 ഡിസംബർ 20-ന് ചേർന്ന കുവൈറ്റ് ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.
ആഗോളതലത്തിൽ COVID-19 വൈറസിന്റെ ഒമിക്രോൺ ഉൾപ്പടെയുള്ള വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് 2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനും ഇതേ യോഗത്തിൽ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.
🇶🇦ഖത്തർ: റെസിഡൻസി നിയമങ്ങളുടെ ലംഘനങ്ങൾ ഒത്തുതീർപ്പാക്കുന്നതിനുള്ള പൊതുമാപ്പ് കാലാവധി സംബന്ധിച്ച അറിയിപ്പ്.
✒️രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും അനുവദിച്ച പൊതുമാപ്പ് കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി. ഈ പൊതുമാപ്പ് കാലാവധിയെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ഒരു വെബിനാറിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികളുടെ എൻട്രി ആൻഡ് എക്സിറ്റ്, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട ‘2015/ 21’ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ട് ഖത്തറിലെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ തിരുത്തി നേടുന്നതിന് ഈ പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ പൊതുമാപ്പ് കാലാവധിയുടെ പ്രയോജനം ഉപയോഗപ്പെടുത്തുന്നതിനായി ഇതുവരെ ഇരുപതിനായിരത്തിലധികം അപേക്ഷകൾ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാത്തവരും, റെസിഡൻസി പെർമിറ്റുകൾ പുതുക്കാത്തവരുമായ തൊഴിലുടമകൾക്ക് ഒത്തുതീര്‍പ്പ് നടപടികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തുകകളിൽ ഈ പൊതുമാപ്പ് കാലയളവിൽ അമ്പത് ശതമാനം കിഴിവ് അനുവദിക്കുന്നതിനും ഖത്തർ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇത്തരം രേഖകൾ തിരുത്തി നേടുന്നതിനുള്ള അപേക്ഷകൾ പ്രവാസികൾക്കോ, തൊഴിലുടമകൾക്കോ ഈ കാലയളവിൽ സെർച്ച് ആൻഡ് ഫോളോഅപ്പ് ഡിപ്പാർമെന്റിൽ സമർപ്പിക്കാവുന്നതാണ്.
ഒരേ തൊഴിലുടമയ്ക്ക് കീഴിൽ തന്നെ ഇത്തരം രേഖകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ അൽ ഷാംയാൽ, അൽ ഖോർ, അൽ ദായേൻ, ഉം സുലാൽ, ദി പേൾ, ഉനൈസ, സൗഖ് വാഖിഫ്, അൽ റയ്യാൻ, ഉം സുനൈമ്, ശഹാനിയ, മിസായിമീർ, വക്ര, ദുഖാൻ എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളിൽ സമർപ്പിക്കാവുന്നതാണ്.
ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് ഇത്തരം രേഖകൾ മാറ്റിക്കൊണ്ട് ഇത്തരം ലംഘനങ്ങൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ ഉം സുലാൽ സർവീസ് സെന്റർ, ഉം സുനൈമ് സർവീസ് സെന്റർ, അൽ വക്ര സർവീസ് സെന്റർ, അൽ റയ്യാൻ സർവീസ് സെന്റർ, മിസായിമീർ തുടങ്ങിയ സേവനകേന്ദ്രങ്ങളിൽ നൽകാവുന്നതാണ്. മേല്പറഞ്ഞ കേന്ദ്രങ്ങളിൽ പൊതുമാപ്പ് കാലയളവിൽ പ്രവർത്തിദിനങ്ങളിൽ ഉച്ചയ്ക്ക് 1 മണിമുതൽ വൈകീട്ട് 6 മണിവരെ ഇത്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
🇶🇦ഖത്തറില്‍ ഈ മൂന്ന് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 10 ദിവസം മാത്രം.
✒️ഖത്തറില്‍ പ്രവാസികള്‍ക്കും വിദേശികള്‍ക്കും ബാധകമായ മൂന്ന് വിഷയങ്ങളില്‍ ഡിസംബര്‍ 31ന് കാലാവധി അവസാനിക്കും. പഴയ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറുന്നതിനുള്ള തിയ്യതി, അനധികൃത താമസക്കാര്‍ക്ക് സ്റ്റാറ്റസ് ശരിപ്പെടത്തുന്നതിനുള്ള തിയ്യതി, ഖത്തരി കമ്പനികള്‍ക്ക് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി എന്നിവയാണ് ഈ വര്‍ഷം അവസാനത്തോട് കൂടി തീരുന്നത്.
പഴയ നോട്ടുകള്‍ മാറാം
ഖത്തറിലെ പഴയ ബാങ്ക് നോട്ടുകള്‍(നാലാമത് എഡിഷന്‍ നോട്ടുകള്‍) ബാങ്കുള്‍ വഴിയോ എടിഎം വഴിയോ മാറുന്നതിനുള്ള കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31ന് അവസാനിക്കും. അതിന് ശേഷം ഈ നോട്ടുകള്‍ രാജ്യത്ത് ഉപയോഗിക്കാനാവില്ല. തുടര്‍ന്നും ഈ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് പിന്നീട് റിസര്‍വ് ബാങ്ക് വഴി(10 വര്‍ഷത്തേക്ക്) മാത്രമേ മാറാന്‍ സാധിക്കൂ
അനധികൃത താമസക്കാര്‍ക്ക് സ്റ്റാറ്റസ് മാറ്റാം
വിസാ കാലാവധി കഴിഞ്ഞോ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാതെയോ മറ്റോ രാജ്യത്ത് അനധികൃതമായി തങ്ങുന്ന പ്രവാസികള്‍ക്ക് പുതിയ വിസയിലേക്ക് മാറുന്നതിനും രാജ്യം വിടുന്നതിനും അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി ഈ മാസം 31 വരെ മാത്രം. ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപാര്‍ട്ട്‌മെന്റ്, വിവിധ സേവന കേന്ദ്രങ്ങള്‍ വഴിയാണ് സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും രാജ്യം വിടുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുക.
ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാം
100 ശതമാനം ഖത്തറി ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് 2020ലെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയവും ഡിസംബര്‍ 31ന് തീരും. കോവിഡ് സാഹചര്യം പരിഗണിച്ചാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നീട്ടിയിരുന്നത്.
🇶🇦ഖത്തറില്‍ കോവിഡ് കേസ് വീണ്ടും ഉയര്‍ന്നു.
✒️ഖത്തറില്‍(Qatar) ഇന്ന് 183 പേര്‍ക്ക് കോവിഡ്(covid19) സ്ഥിരീകരിച്ചു. 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 47 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 148 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,46,897
ആയി.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 614. രാജ്യത്ത് നിലവില്‍ 2,350 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 10 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ രണ്ടുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 15 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 92 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 7,065 ഡോസ് വാക്‌സിന്‍ കൂടി നല്‍കി. 2,10,811
ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 51,25,842 ഡോസ് വാക്‌സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇸🇦സൗദിയില്‍ കോവാക്‌സിന് അംഗീകാരം; ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം.
✒️ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്സിന് സൗദി അംഗീകാരം നല്‍കി. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇപ്പോള്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ശരിയാക്കുന്നതിന് വാക്സിനേഷന്‍ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിലും പ്രവേശന രജിസ്ട്രേഷന്‍ ആപ്പ് ആയ മുഖീമിലും അപ്ലോഡ് ചെയ്യാനാകുമെന്നും എംബസി അറിയിച്ചു.
അതേസമയം, നേരത്തെ സൗദി ഭാഗികമായി കോവാക്സിന് അംഗീകാരം നല്‍കിയിരുന്നു. ഉംറ, ഹജ്ജ് സന്ദര്‍ശനങ്ങള്‍ക്കായി കോവാക്സിന്‍ ഉള്‍പ്പെടെ നാല് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതായി സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നു. കോവാക്സിന് പുറമെ ചൈനയുടെ സിനോഫാം, സിനോവാക്, സ്പുട്നിക് എന്നിവക്കാണ് അംഗീകാരം നല്‍കിയിയത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തന്നെ കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അവരുടെ വിവരങ്ങള്‍ സൗദി ആരോഗ്യ മന്ത്രാലയത്തില്‍ സമര്‍പ്പിക്കാനുള്ള സംവിധാനവും ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു. തവക്കല്‍ന അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രത്യേക ലിങ്കിലും സൗദി പ്രവേശന രജിസ്ട്രേഷന്‍ ആയ മുഖീമിലും കൊവാക്സിന്‍ ഇടം നേടിയിരുന്നു.
🇸🇦സ്വദേശിവത്ക്കരണ പദ്ധതി; സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശി സാന്നിധ്യം 19 ലക്ഷമായി.
✒️സൗദിയിൽ സ്വദേശിവത്ക്കരണ പദ്ധതികൾ ഫലം കാണുന്നതായി റിപ്പോർട്ട്. ഈ വർഷം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 19 ലക്ഷമായി ഉയർന്നു. സ്വദേശിവത്ക്കരണം ഉയർത്തുന്നതിനായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്. ഈ വർഷത്തോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വർധിച്ച് 19 ലക്ഷത്തിലെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യമായാണ് സ്വകാര്യ മേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം ഇത്രയധികം വർധിക്കുന്നത്. സ്വദേശികൾക്ക് തൊഴിലവസരങ്ങളും അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് 'നാഷണൽ ട്രാൻസ്ഫോമേഷൻ പ്രോഗ്രാമിലൂടെയും''വിഷൻ 2030' പദ്ധതിയുടെ ഭാഗമായും നടത്തിയ നിരന്തര ശ്രമങ്ങളിലൂടെയാണ് രാജ്യം ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവക്ക് പുറമെ മെഡിസിൻ, ഫാർമസി, ദന്തചികിത്സ, എൻജിനീയറിങ് പ്രൊഫഷനുകൾ, അക്കൗണ്ടിങ് പ്രൊഫഷനുകൾ തുടങ്ങി നിരവധി മേഖലകളിൽ നടന്ന സ്വദേശിവത്ക്കരണമാണ് ഈ ലക്ഷ്യം കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതെന്നും മന്ത്രാലയം വിശദീകരിച്ചു
0 Comments