Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദി വികസന പദ്ധതി രണ്ടാം ഘട്ടം വലിയ വിജയത്തില്‍: സല്‍മാന്‍ രാജാവ്.

✒️രാജ്യത്തിന്റെ സമഗ്ര വികസനത്തിനുള്ള വിഷന്‍ 2030 (Vision 2030)പദ്ധതി രണ്ടാം ഘട്ടത്തിന്റെ തുടക്കം നേട്ടങ്ങള്‍ വേഗത്തിലാക്കുമെന്നും രാജ്യാഭിവൃദ്ധി മുന്‍നിര്‍ത്തി പരിഷ്‌കരണങ്ങള്‍ തുടരുമെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്(King Salman). വൈവിധ്യപൂര്‍ണവും കരുത്തുറ്റതും ആഗോള മാറ്റങ്ങളെ അഭിമുഖീകരിക്കുന്നതുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്ത് പൗരന്മാരുടെ ശോഭനമായ ഭാവി ഉറപ്പുവരുത്തും.

സുസ്ഥിരത, സമൃദ്ധി, നവീകരണം, ബിസിനസ് നേതൃത്വം എന്നിവയെ പിന്തുണക്കുന്ന, ഭാവിയെ കുറിച്ച കാഴ്ചപ്പാടോടെ കിരീടാവകാശി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തൊഴിവലസരങ്ങള്‍ ലഭ്യമാക്കുകയും മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് ഭീമമായ സംഭാവനകള്‍ നല്‍കുകയും ചെയ്യും. എട്ടാമത് ശൂറാ കൗണ്‍സിലിന്റെ രണ്ടാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ വെര്‍ച്വല്‍ രീതിയില്‍ ഉദ്ഘാടനം ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് സല്‍മാന്‍ രാജാവ് ഇക്കാര്യം പറഞ്ഞത്. സംവാദത്തിന്റെയും സഹകരണത്തിന്റെയും മാര്‍ഗം ഇറാന്‍ അവലംബിക്കണം. ഇറാന്‍ സൗദി അറേബ്യയുടെ അയല്‍ രാജ്യമാണ്.

മേഖലയില്‍ പിന്തുടരുന്ന നിഷേധാത്മക നയങ്ങളും പെരുമാറ്റങ്ങളും ഇറാന്‍ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയില്‍ അസ്ഥിരതയും അരാജകത്വവുമുണ്ടാക്കുന്ന ഇറാെന്റ നയങ്ങളില്‍ സൗദി അറേബ്യക്ക് അങ്ങേയറ്റത്തെ ആശങ്കയുണ്ട്. മേഖലാ രാജ്യങ്ങളില്‍ ഇറാന്‍ വിഭാഗീയ, സായുധ മിലീഷ്യകള്‍ സ്ഥാപിക്കുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു. മേഖലാ രാജ്യങ്ങളില്‍ തങ്ങളുടെ സൈനിക ശേഷി ഇറാന്‍ ചിട്ടയായി വിന്യസിക്കുന്നു. ആണവ പദ്ധതിയുമായും ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമുമായും ബന്ധപ്പെട്ട് ആഗോള സമൂഹവുമായി ഇറാന്‍ സഹകരിക്കുന്നില്ല. യെമനില്‍ ഹൂത്തി ഭീകരര്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നു. യെമന്‍ യുദ്ധം നീണ്ടുപോകാനും യെമനില്‍ ദുരിതങ്ങള്‍ രൂക്ഷമാകാനും ഇതാണ് കാരണം. ഹൂത്തികള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ സൗദി അറേബ്യയുടെയും മേഖലാ രാജ്യങ്ങളുടെയും സുരക്ഷക്ക് ഭീഷണിയാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

🇧🇭ബഹ്‌റൈനില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു.

✒️ബഹ്‌റൈനില്‍(Bahrain) പുതുവര്‍ഷ ദിന(New Year) അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സര്‍ക്കുലര്‍ പുറത്തിറക്കി. ഇതനുസരിച്ച് 2022 ജനുവരി ഒന്ന് ശനിയാഴ്ച വാരാന്ത്യ അവധി ദിനമായതിനാല്‍ പകരം ഞായറാഴ്ച മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

🇦🇪ദുബൈയില്‍ പുതുവര്‍ഷപ്പിറവിക്ക് മൂന്ന് ദിവസം അവധി.

✒️പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് ദുബൈയില്‍ (Dubai) മൂന്ന് ദിവസം അവധി (Three day holiday) ലഭിക്കും. ജനുവരി ഒന്നിന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് ദുബൈ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് വകുപ്പ് (Dubai Government Human Resources Department) അറിയിച്ചു. രാജ്യത്ത് അടുത്ത വര്‍ഷം നിലവില്‍ വരുന്ന പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രകാരം (UAE New Weekend) ജനുവരി മൂന്ന് തിങ്കളാഴ്‍ചയായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി ദിനങ്ങള്‍ പുനഃരാരംഭിക്കുക.

ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരികയാണ്. ആഴ്ചയില്‍ നാലര ദിവസം പ്രവര്‍ത്തനവും മൂന്നര ദിവസം അവധിയുമാണ് പുതിയ രീതി. ഇതനുസരിച്ച് വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളും അവധിയായിരിക്കും. നിരവധി സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ മേഖലയെ മാതൃകയാക്കി പുതിയ അവധി സംവിധാനത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ 31 വെള്ളിയാഴ്‍ചയാണെങ്കിലും അവധി ദിനങ്ങളിലെ മാറ്റം ജനുവരി ഒന്ന് മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ എന്നുള്ളതിനാല്‍, അന്ന് പൊതു അവധിയായിരിക്കും. പുതിയ ക്രമമനുസരിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടി അവധി ലഭിക്കുന്നതോടെ ആകെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ദുബൈയിലെ സര്‍ക്കാര്‍ മേഖലയില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് ലഭ്യമാവുക.

🇸🇦സൗദിയില്‍ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ 11 മലയാളികളടക്കം 27 ഇന്ത്യക്കാര്‍.

✒️റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ ജീസാനിലെ(Jizan) സെന്‍ട്രല്‍ ജയിലില്‍ 11 മലയാളികളടക്കം 27 ഇന്ത്യാക്കാരുണ്ടെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് (Indian Consulate)സംഘം കണ്ടെത്തി. വൈസ് കോണ്‍സല്‍ എസ്.എന്‍. താക്കൂറിന്റെ നേതൃത്വത്തില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് ഇത് മനസിലാക്കിയത്. വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടവരാണ് ഇവര്‍.

മലയാളികള്‍ക്ക് പുറമെ അഞ്ച് ഉത്തര്‍പ്രദേശുകാരും, മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളും, രണ്ട് തമിഴ്‌നാട്ടുകാരും ഓരോരുത്തര്‍ രാജസ്ഥാന്‍, തെലങ്കാന, ത്രിപുര, പഞ്ചാബ്, ബീഹാര്‍, ജാര്‍ഖണ്ഡ് സ്വദേശികളുമാണ് ജയിലില്‍ കഴിയുന്നത്. നിരോധിത ലഹരി ഇലയായ 'ഖാത്' കടത്തിയ കേസിലാണ് കൂടുതല്‍ പേരും. മദ്യ നിര്‍മാണം, വില്‍പന, ഉപയോഗം എന്നീ കുറ്റങ്ങള്‍ക്കും കൊലപാതകം, ഹഷീഷ് കടത്ത്, ഹവാല, സ്ത്രീ പീഡനം, വ്യാജ താമസരേഖ നിര്‍മാണം, നിരോധിത വീഡിയോ ഷെയര്‍ ചെയ്യല്‍ തുടങ്ങിയ കേസുകളിലും ശിക്ഷ അനുഭവിക്കുന്നവര്‍ കൂട്ടത്തിലുണ്ട്. താമസ വിസ നിയമലംഘകരായ 29 ഇന്ത്യാക്കാര്‍ ജീസാന്‍ നാടുകടത്തല്‍ കേന്ദ്രത്തിലുമുണ്ട്.

🇸🇦സൗദിയില്‍ ഷോപ്പിങ്ങിനെത്തുന്നവര്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം.

✒️വീണ്ടും കൊവിഡ്(covid) വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക് (mask)ധാരണവും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കി.

കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ന് (വ്യാഴാഴ്ച) മുതലാണ് ഷോപ്പിങ് മാളുകളിലും മറ്റ് സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കിയത്. രാജ്യത്തെ മുഴുവന്‍ മാളുകളിലും കച്ചവട കേന്ദ്രങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും നിയന്ത്രണം ബാധകമാണ്.

🇸🇦സൗദി അറേബ്യയില്‍ വീണ്ടും മാസ്‍കും സാമൂഹിക അകലവും നിര്‍ബന്ധമാക്കി.

✒️സൗദി അറേബ്യയില്‍ (Saudi Arabia) എല്ലാ സ്ഥലങ്ങളിലും മാസ്‍കും സാമൂഹിക അകലം പാലിക്കലും (Mask and social distancing) വീണ്ടും നിര്‍ബന്ധമാക്കി. നേരത്തെ രാജ്യത്ത് മാസ്‍ക് ധരിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2021 ഡിസംബര്‍ 30 മുതല്‍ രാജ്യത്ത് തുറസായ സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ക്കുള്ളിലുമെല്ലാം (Indoor and Outdoor) ഒരുപോലെ മാസ്‍കും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയതായാണ് ഔദ്യോഗിക അറിയിപ്പ്. 

വ്യാഴാഴ്‍ച രാവിലെ എഴ് മണി മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കൊവിഡ് വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലുമാണ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. രാജ്യത്ത് നടപ്പാക്കുന്ന കൊവിഡ് നിബന്ധനകള്‍, പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിരന്തരം പുനഃപരിശോധനയ്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

🇦🇪യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ 2,300 കടന്നു.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,366 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 840 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 

പുതിയതായി നടത്തിയ 4,25,682പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 11 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,59,511 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,44,180 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,162 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 13,169 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇶🇦ഖത്തർ: ഡിസംബർ 31 മുതൽ പുതിയ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; മാസ്കുകൾ വീണ്ടും നിർബന്ധമാക്കാൻ തീരുമാനം.

✒️2021 ഡിസംബർ 31, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് പുതിയ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 29-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഡിസംബർ 29-ന് വൈകീട്ട് ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. COVID-19 വ്യാപനം തടയുന്നതിനായി ഡിസംബർ 31 മുതൽ ഖത്തറിൽ താഴെ പറയുന്ന നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്:

രാജ്യത്തെ മുഴുവൻ പൊതു ഇടങ്ങളിലും (ഇൻഡോർ, ഔട്ട്ഡോർ ഉൾപ്പടെ) മാസ്കുകളുടെ ഉപയോഗം വീണ്ടും നിർബന്ധമാക്കുന്നതാണ്. തുറന്ന ഇടങ്ങളിൽ കായിക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
തുറന്ന വേദികളിൽ നടത്തുന്ന സമ്മേളനങ്ങൾ, എക്സിബിഷനുകൾ, മറ്റു പരിപാടികൾ എന്നിവ പരമാവധി 75 ശതമാനം സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്ന രീതിയിൽ സംഘടിപ്പിക്കാൻ അനുമതി നൽകും.
ഇൻഡോർ വേദികളിൽ നടത്തുന്ന സമ്മേളനങ്ങൾ, എക്സിബിഷനുകൾ, മറ്റു പരിപാടികൾ എന്നിവ പരമാവധി 50 ശതമാനം സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്ന രീതിയിൽ സംഘടിപ്പിക്കാൻ അനുമതി നൽകും. ഇത്തരത്തിൽ പങ്കെടുക്കുന്ന 90 ശതമാനം സന്ദർശകരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത സന്ദർശകർക്ക് റാപ്പിഡ് ആന്റിജൻ, അല്ലെങ്കിൽ PCR ടെസ്റ്റ് നിർബന്ധമാണ്.
രാജ്യത്ത് സംഘടിപ്പിക്കുന്ന എല്ലാ തരം സമ്മേളനങ്ങൾ, എക്സിബിഷനുകൾ, മറ്റു പരിപാടികൾ എന്നിവയ്ക്കും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള മുൻ‌കൂർ അനുമതി നിർബന്ധമാണ്.
രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളും, മാനദണ്ഡങ്ങളും കൃത്യമായി എല്ലാ മേഖലകളിലും നടപ്പിലാക്കപ്പടേണ്ടതാണ്.
ഇവ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം മറ്റു സർക്കാർ വിഭാഗങ്ങൾ എന്നിവർ ചേർന്ന് കൈക്കൊള്ളേണ്ടതാണെന്നും ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
2021 ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുന്നതാണ്.

🇴🇲ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കാലാവധി 2022 മാർച്ച് 31 വരെ നീട്ടി.


✒️രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് 2021 ഡിസംബർ 31-ന് വർക്ക് ലൈസൻസ് കാലാവധി അവസാനിക്കുന്ന പ്രവാസി തൊഴിലാളികളെ തുടർന്നും നിയമിക്കുന്നതിനായി അനുവദിച്ചിട്ടുള്ള സമയം നീട്ടി നൽകാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള തൊഴിലാളികളുടെ വർക്ക് പെർമിറ്റ് കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകിക്കൊണ്ടാണ് മന്ത്രാലയം ഇക്കാര്യം നടപ്പിലാക്കുന്നത്.

ഡിസംബർ 29-ന് വൈകീട്ടാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. നേരത്തെ ഇത്തരം ലൈസൻസുകളുടെ കാലാവധി മന്ത്രാലയം 2021 ഡിസംബർ 31 വരെ നീട്ടി നൽകിയിരുന്നു.

COVID-19 മഹാമാരി മൂലം ഉടലെടുത്ത ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

🇶🇦കോവിഡ് കേസുകള്‍ 500 കടന്നു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 52 പേരെ; ഖത്തറില്‍ ആശങ്ക.

✒️ദോഹ: ഖത്തറില്‍(Qatar) ഇന്ന് 542 പേര്‍ക്ക് കോവിഡ്(Covid19) സ്ഥിരീകരിച്ചു. 380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 162 പേര്‍ യാത്രക്കാരാണ്. 24 മണിക്കൂറിനിടെ 162 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2,45,348
ആയി.

രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചു. 67 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 617 ആയി. രാജ്യത്ത് നിലവില്‍ 3,822 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 22 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ആറുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 58 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 238 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 11,373 ഡോസ് വാക്സിന്‍ കൂടി നല്‍കി. 2,64,234
ബൂസ്റ്റര്‍ ഡോസ് വാക്സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 51,93,431 ഡോസ് വാക്സിനുകളാണ് ഖത്തറില്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🇰🇼കുവൈത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.

✒️കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് കുവൈത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കോവിഡ് വാക്‌സിനും ബൂസ്റ്റർ ഡോസും നിർബന്ധമായും സ്വീകരിക്കണം. രാജ്യത്തെ വൈറസ് കേസുകളുടെ സ്ഥിതിവിവരക്കണക്കുകളും ഒമിക്റോണിനെതിരെയുള്ള മുന്‍കരുതലുകളും ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് കാബിനറ്റിനെ വിശദീകരിച്ചു. ഇക്കാര്യത്തില്‍ സംരക്ഷണ മാസ്‌ക് ധരിച്ചും മൂന്ന് ഷോട്ട് വാക്സിനേഷനും എടുത്ത് ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കാന്‍ പൗരന്മാരോടും പ്രവാസികളോടും കാബിനറ്റ് അഭ്യര്‍ത്ഥിച്ചു.

🇶🇦12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ വാക്‌സിനെടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം.

✒️രാജ്യത്തെ കോവിഡിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിന്, 12 വയസ്സിന് മുകളിലുള്ള മുഴുവന്‍ വിദ്യാര്‍ഥികളും വാക്‌സിനെടുത്തുവെന്ന് ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ മുന്നോട്ട് വരണമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് എല്ലാ ആഴ്ച്ചയും കോവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പാക്കണം.

അധ്യാപകര്‍ ബൂസ്റ്റര്‍ ഡോസ് എടുത്ത് എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്തണം. സ്‌കൂളും പരിസരവും ആരോഗ്യകരവും സുരക്ഷിതവുമാക്കുന്നതിന് എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

🇴🇲വോഡഫോണ്‍ ഒമാനില്‍ പ്രവര്‍ത്തനം തുടങ്ങി.

✒️രാജ്യ​ത്തെ മൂന്നാം ടെലികോം ഓപറേറ്ററായി വോഡഫോണ്‍ പ്രവര്‍ത്തനം ആരംഭിച്ചു. മസ്‌കത്തിലെ കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സയ്യിദ് അസ്സാന്‍ ബിന്‍ ഖൈസ് ബിന്‍ താരിക് അല്‍ സഈദിന്‍റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ഹലോ ഒമാന്‍ എന്ന ആദ്യ ട്വീറ്റോടെയാണ് സുൽത്താനേറ്റിൽ തങ്ങളുടെ സേവനം ആരംഭിക്കുന്നതായി ഉപഭോക്താക്കളോട് വോഡഫോണ്‍ സംവദിച്ചു തുടങ്ങിയത്.

ഉപഭോക്താക്കളിലേക്ക് ആദ്യ ഓഫറും വോഡഫോണ്‍ പ്രഖ്യാപിച്ചു. ഒമ്പത് റിയാലിന് 77 ദിവസത്തേക്ക് 77 ജിബി ഡാറ്റ, 777 ലോക്കല്‍ കാള്‍, 777 ലോക്കല്‍ എസ്.എം.എസുകള്‍ എന്നിവ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,500 പ്രാദേശിക വിതരണക്കാരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു.

🇸🇦സൗദിയിൽ മൂന്ന് തൊഴിൽ മേഖലകളിൽ കൂടി ഇന്ന് സ്വദേശിവൽക്കരണം പ്രാബല്യത്തിൽ.

✒️സൗദിയിൽ മൂന്ന് തൊഴിൽ മേഖലകളിൽ കൂടി ഇന്ന് മുതൽ സ്വദേശിവൽക്കരണം പ്രാബല്യത്തിലായി. കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിങ് സ്‌കൂളുകൾ, എൻജിനീയറിങ് സാങ്കേതിക തൊഴിലുകൾ എന്നീ മേഖലകളിലാണ് ഇന്ന് മുതൽ സൗദിവൽക്കരണം പ്രാബല്യത്തിലായത്. ഈ മേഖലകളിലൂടെ സ്വകാര്യ മേഖലയിൽ നിന്ന് 22,000ൽ അധികം തൊഴിലവസരങ്ങൾ സ്വദേശികൾക്കായി കണ്ടെത്തും. ഈ വർഷം സ്വകാര്യ മേഖലയിൽ നിന്ന് 3,78,000 തൊഴിലവസരങ്ങൾ സ്വദേശികൾക്കായി കണ്ടെത്തുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് മുതൽ മൂന്ന് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിങ് സ്‌കൂളുകൾ, എൻജിനീയറിങ്, സാങ്കേതിക തൊഴിലുകൾ എന്നിവയാണ് ഇന്ന് മുതൽ സൗദിവൽക്കരണം പ്രാബല്യത്തിലാകുന്ന തൊഴിൽ മേഖലകൾ

ഈ മേഖലയിൽ നിയമിതരാവുന്ന സ്വദേശികളുടെ മിനിമം വേതനം അയ്യായിരം റിയാലിൽ കുറയാൻ പാടില്ലെന്നാണ് വ്യവസ്ഥ. കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ നിന്ന് 2000 ത്തിലധികം തൊഴിലവസരങ്ങളും, ഡ്രൈവിങ് സ്‌കൂൾ മേഖലയിൽ നിന്ന് 8000 തൊഴിലവസരങ്ങളും, എൻജിനീയറിങ്, സാങ്കേതിക മേഖലയിൽ നിന്ന് 12,000 തൊഴിലവസരങ്ങളുമാണ് സ്വദേശികൾക്ക് മാത്രമായി പ്രതീക്ഷിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തരംതിരിച്ച പട്ടികയനുസരിച്ച് എഞ്ചിനീയറിങ്, സാങ്കേതിക പ്രൊഫഷനുകൾ എന്ന ഗണത്തിൽപ്പെടുന്ന എല്ലാ പ്രൊഫഷനുകളിലും സൗദിവൽക്കരണം നടപ്പിലാക്കും. ഈ മേഖലയിൽ അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.

🇸🇦സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ അയ്യായിരത്തിനടുത്ത്​; ഇന്ന് 752 പുതിയ രോഗികൾ.

✒️സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ അയ്യായിരത്തിടുത്തു. ഇന്ന് 752 പുതിയ രോഗികളും 226 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,55,417ഉം രോഗമുക്തരുടെ എണ്ണം 5,41,614ഉം ആയി.

 
പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,875 ആയി. രാജ്യത്താകെ നിലവിൽ 4,928 പേർ ചികിത്സയിലുണ്ട്. ഇവരിൽ 49 പേർ ഗുരുതരാവസ്ഥയിലാണ്.

ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.51 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 194 പേർക്കാണ് പുതുതായി റിയാദിൽ രോഗം ബാധിച്ചത്. ജിദ്ദയിൽ 161 ഉം മക്കയിൽ 140 ഉം മദീനയിൽ 26 ഉം ഹുഫൂഫിൽ 22 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു.

സൗദി അറേബ്യയിൽ ഇതുവരെ 5,04,79,784 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,00,285 ആദ്യ ഡോസും 2,31,48,500 രണ്ടാം ഡോസും 23,30,999 ബൂസ്റ്റർ ഡോസുമാണ്.

Post a Comment

0 Comments