ഓൺലൈൻ ക്ലാസിൽ നിന്ന് മോചിതരായി കുട്ടികൾ സ്കൂളിലെ ക്ലാസ് മുറികളിലേക്ക് മടങ്ങിയെങ്കിലും അവരെ ഒളിഞ്ഞിരുന്ന് പിന്തുടരുന്നുണ്ട് ഓൺലൈൻ പഠനകാലത്ത് വല വീശിയെറിഞ്ഞവർ. കഴിഞ്ഞ ദിവസം അശ്ശീല വീഡിയോ കോൾ ചെയ്ത് 20 പെൺകുട്ടികളെ പീഡിപ്പിച്ച കട്ടപ്പനയിലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഓൺലൈൻ പഠനകാലത്ത് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ വലയിൽ വീഴ്ത്തിയവരാണ് അവരെ വിടാതെ പിന്തുടരുന്നത്. വീഡിയോകോൾ ചെയ്ത് ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ കരസ്ഥമാക്കി പെൺകുട്ടികളെ വലയിൽ വീഴ്ത്തുകയാണ് ചെയ്യുന്നത്. ആരോടെങ്കിലും പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്താക്കുമെന്ന ഭീഷണിയിൽ നിസ്സഹായരായി പോവുകയാണ് പെൺകുട്ടികൾ.
കോവിഡ് വ്യാപനത്ത തുടർന്ന് ലോക്ഡൗൺ നിലവിൽ വരികയും ക്ലാസുകൾ ഓൺലൈനാവുകയും ചെയ്തതോടെയാണ് ഇത് മുതലാക്കി കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായത്. പഠനത്തിന്റെ പേരിൽ മൊബൈൽ ഫോണും കമ്പ്യൂട്ടറും കുട്ടികൾ യഥേഷ്ടം കൈകാര്യം ചെയ്യുന്നത് മനസിലാക്കിയാണ് സൈബർ കുറ്റവാളികൾ ഇവരെ ചതിക്കുഴിയിലാക്കാൻ വലവിരിക്കുകയായിരുന്നു. ഒരിക്കൽ ഇത്തരക്കാരുമായി ചാറ്റ് ചെയ്ത് പോയാൽ പിന്നെ അവരെ വിടാതെ പിന്തുടരുകയാണ് ചെയ്യുന്നത്.
ചൈൽഡ് പോണോഗ്രഫി പോലുള്ള കുറ്റകൃത്യങ്ങൾ ആഗോളതലത്തിൽ വർധിച്ചതനുസരിച്ച് കേരളത്തിലും ഇന്റർപോളിന്റെ മേൽനോട്ടത്തിൽ ഐ.ബിയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം വീഡിയോകൾ സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നവരെ ഐ.പി അഡ്രസ് പ്രകാരം കൈയ്യോടെ പിടികൂടാനാണ് പോലീസിന്റെ തീരുമാനം. പതിമൂന്നിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് സൈബർ ചതിക്കുഴികളിൽ വീഴുന്നവരിൽ അധികവും
ഇത്തരം കേസുകളിൽ കുട്ടികളുടെ മൊഴി സ്വകാര്യമായി രേഖപ്പെടുത്താൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനിലെ ചതിക്കുഴികളെക്കുറിച്ചും ഇതൊഴിവാക്കേണ്ടതെങ്ങനെയെന്നും പരാതിപ്പെടേണ്ട മാർഗങ്ങളുമെല്ലാം പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെ പലതവണ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും രക്ഷിതാക്കളോ കുട്ടികളോ ശ്രദ്ധിക്കുന്നില്ല. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കൾ കർശനമായി നിരീക്ഷിക്കണമെന്നാണ് പോലീസ് വീണ്ടും നിർദേശിക്കുന്നത്. മാതാപിതാക്കളുടെ നിയന്ത്രണവും പരിശോധനയും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് ആവശ്യമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
പോലീസ് പറയുന്നത്
കുട്ടികൾ കളിക്കുന്ന വീഡിയോ ഗെയിമുകൾ, കാണുന്ന സിനിമകൾ, സന്ദർശിക്കുന്ന വെബ്സൈറ്റുകൾ, അവർ ഇന്റർനെറ്റിൽ തിരയുന്നത്, സാമൂഹികമാധ്യമങ്ങൾ തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കുട്ടികളുടെ മുറിയിൽ വെയ്ക്കാതിരിക്കുക.
പേര്, വിലാസം, ഫോൺ നമ്പർ, ഫോട്ടോ, ഇ-മെയിൽ വിലാസം തുടങ്ങിയവ ഇന്റർനെറ്റിൽ പരസ്യമാക്കരുതെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കണം. ആവശ്യമില്ലെന്ന് തോന്നുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുക. പഠനം കഴിഞ്ഞാൽ കുട്ടികളെ ഒരുപാടുസമയം ഇന്റർനെറ്റിൽ ചെലവഴിക്കാൻ അനുവദിക്കരുത്. പൊതുവായുള്ള ഇന്റർനെറ്റ് കണക്ഷൻ കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകരുത്.
0 Comments