ഹയർസെക്കൻഡറി വിഭാഗത്തിൽ ആൺകുട്ടികൾക്കും പ്രവേശനമുള്ള സ്കൂളിലെ പ്ലസ് വൺ ബാച്ചിലാണ് ഒരേയൂണിഫോം നടപ്പാക്കിയത്. 60 ആൺകുട്ടികളടക്കം 260 കുട്ടികളാണ് ക്ലാസിലുള്ളത്. സംസ്ഥാനത്ത് ജൻഡർ ന്യൂട്രൽ യൂണിഫോമുകളെക്കുറിച്ചുള്ള ചർച്ച സജീവമായഘട്ടത്തിലാണ് പി.ടി.എ. ഇത്തരമൊരു തീരുമാനമെടുത്തത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും അഭിപ്രായങ്ങൾകൂടി പരിഗണിച്ചുള്ള നിർദേശങ്ങളാണ് നൽകിയതെന്ന് പ്രിൻസിപ്പൽ ആർ. ഇന്ദു പറഞ്ഞു. ഫുൾക്കൈ താത്പര്യമുള്ളവർക്കും ഓവർകോട്ട് വേണ്ടവർക്കും അതിന് അനുവാദം നൽകിയിട്ടുണ്ട്. ശരീരം ഇറുകിയുള്ള തയ്യൽ ഒഴിവാക്കാനും നിർദേശിച്ചു. ഷാളും മഫ്തയുമടക്കമുള്ള മതപരമായ വേഷങ്ങൾക്കും അനുവാദമുണ്ട്.
ഓൺലൈൻവഴി നടക്കുന്ന പ്രഖ്യാപനച്ചടങ്ങിൽ കെ.എം. സച്ചിൻദേവ് എം.എൽ.എ., പോലീസിൽ യൂണിഫോം തുല്യതയ്ക്കുവേണ്ടി പോരാടിയ തൃശ്ശൂർ വനിതാസെൽ എസ്.ഐ. വിനയ എന്നിവരും പങ്കാളികളാകും. ജില്ലാപഞ്ചായത്ത് അംഗം പി.പി. പ്രേമ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് എന്നിവർ സ്കൂളിലെത്തും.
"രക്ഷിതാക്കളോട് കുട്ടികൾ വിയോജിപ്പ് പറഞ്ഞിട്ടില്ല. ഫോണിൽ പരാതി പറഞ്ഞ ഒരുരക്ഷിതാവിന് പിന്നീട് കാര്യങ്ങൾ ബോധ്യപ്പെട്ടു. കുട്ടികളെല്ലാം ഏറെ സന്തോഷത്തോടെയാണ് മാറ്റത്തെ സ്വീകരിച്ചത്."
ആർ. ഇന്ദു, പ്രിൻസിപ്പൽ
കുട്ടികളുടെ പ്രതികരണം
"പുതിയ യൂണിഫോം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മാറ്റത്തിന്റെ തുടക്കക്കാരായതിൽ സന്തോഷമുണ്ട്."
ശിവനന്ദ, വിദ്യാർഥിനി
"ആൺകുട്ടികളുടെ വേഷമല്ല പാന്റ്സും ഷർട്ടും. സ്ത്രീകളും പുരുഷന്മാരും ധരിക്കാറുണ്ട്. മറ്റേതുവേഷത്തെക്കാളും സൗകര്യപ്രദമായ വേഷമാണിത്."
ലുത്ഫിയ ലുഖ്മാൻ, വിദ്യാർഥിനി
1 Comments
Suuuuuuuuuuuper
ReplyDelete