രാജ്യത്ത് ഒമിക്രോൺ (Omicron) രോഗികൾ 781 ആയി. ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ (Covid 19) കുത്തനെ ഉയരുകയാണ്. രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം വീണ്ടും ഉയർന്നു. 781 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ. 238 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 167 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ.
കഴിഞ്ഞ 24 മണിക്കൂറിൽ 9,195 കോവിഡ് കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 77,002 ആയി. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,347 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,42,51,292 ആയി ഉയർന്നു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രോഗം പടരുകയാണ്. ഇതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.
ഹരിയാനയ്ക്ക് പുറമെ പഞ്ചാബിലും രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. ദില്ലിയിൽ ലെവൽ വൺ നിയന്ത്രണങ്ങൾ നടപ്പിലാക്കി തുടങ്ങി. അവശ്യ സർവ്വീസുകളൊഴികെയുള്ള സേവനങ്ങൾക്കാണ് ലെവൽ വണ്ണിൽ നിയന്ത്രണം ബാധകമാവുക.
ദില്ലിയില്‍ സ്കൂളുകളും കോളജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും ഇരുപതായി കുറച്ചു. ആരാധനാലയങ്ങളിൽ ആൾക്കൂട്ടം പാടില്ല. ഹോട്ടലുകളുടെ പ്രവർത്തനസമയം രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെയാക്കി. 50 ശതമാനം ആളുകൾക്ക് മാത്രമാകും പ്രവേശനം. ബസുകളിലും,മെട്രോകളിലും 50 ശതമാനം യാത്രക്കാരെയെ അനുവദിക്കുകയുള്ളു. കടകൾ, മാളുകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും..
അതേസമയം, രാജ്യത്ത് വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഏകദേശം 143 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. ജനുവരിയിൽ 15-18 വയസ്സുകാർക്കുള്ള വാക്സിൻ 2022 ജനുവരി 3 മുതലും മുൻഗണനാ വിഭാഗക്കാരായ ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സിനു മുകളിൽ പ്രായമുള്ള, മറ്റു ഗുരുതര രോഗമുള്ളവർക്കുമുള്ള കരുതൽ ഡോസ് ജനുവരി 10 മുതലും നൽകി തുടങ്ങും.
0 Comments