Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇦🇪💢UAE Travel Ban : വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ച് യുഎഇ.

✒️കൊവിഡ്(Covid) കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇ(UAE) പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. 2022 ജനുവരി 10ന് നിരോധനം പ്രാബല്യത്തില്‍ വരും. 

പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവുണ്ട്.

🇦🇪യുഎഇയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം 16,000 കടന്നു.

✒️അബുദാബി: യുഎഇയില്‍ ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. രാജ്യത്ത് ഇന്ന് 2,556 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 908 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,63,616 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,64,493 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,45,963 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,165 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 16,365 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇴🇲കനത്ത മഴയില്‍ ഒമാനില്‍ ആറു മരണം.

✒️കനത്ത മഴയെ (heavy rain)തുടര്‍ന്ന് ഒമാനില്‍(Oman) ആറുപേര്‍ മരിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലും വാദികളിലും വീടുകളിലും കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദികളില്‍ കുടുങ്ങിയ രണ്ടുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. നഖല്‍ വിലായത്തില്‍ വീട്ടില്‍ വെള്ളം കയറിയതോടെ കുടുങ്ങിയ ഒരാളെയും വാദികളില്‍ അകപ്പെട്ട 14 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. മസ്‌കത്തിലെ സീബ് വിലായത്തിലെ വാദിയില്‍ നിന്ന് രണ്ടുപേരെയും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വാദികള്‍ മുറിച്ചു കടക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിക്കുവാനും കടല്‍ പ്രക്ഷുബ്ധമാകുവാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് മൂലം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🇸🇦സൗദി അറേബ്യയിൽ റസ്റ്റോറന്റുകളിലും കഫേകളിലും സാമൂഹിക അകലം നിർബന്ധം.

✒️റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ റസ്റ്റോറന്റ്, കഫേ (Restaurants and cafes) എന്നിവിടങ്ങളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടത് (Social Distancing) നിർബന്ധമാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (Saudi Public Health Authority) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾക്കകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ട്. 

റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം വേണം. ഈ അകലം പാലിക്കാൻ കഴിയാത്ത റസ്റ്റോന്‍റുകളിൽ ഭക്ഷണവിതരണം പാഴ്സൽ മാത്രമായിരിക്കണമെന്നാണ് നിര്‍ദേശം. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. എന്നാൽ ഒരേ ടേബിളിനു ചുറ്റും പത്തിൽ കൂടുതൽ ആളുകൾ ഒന്നിച്ചിരിക്കരുത്. ഒരിടത്തും ആളുകളുടെ കൂട്ടം കൂടൽ ഉണ്ടാവരുത്. 

ഓർഡറുകൾ സ്വീകരിക്കുന്ന സ്ഥലങ്ങളിലും കാത്തിരിപ്പ് സ്ഥലങ്ങളിലും പാഴ്സൽ വിതരണ സ്ഥലത്തുമെല്ലാം ആളുകൾ തമ്മിൽ ഒന്നര മീറ്റർ അകലം ഉണ്ടാവണം. ഭക്ഷണം കഴിക്കാത്ത സമയത്ത് സന്ദർശകരും ജോലിക്കാരും കൃത്യമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിലും ജീവനക്കാര്‍ അകലം പാലിച്ചിരിക്കണം.

🇸🇦ഒരു വർഷത്തിനിടെ തിരിച്ചയച്ചത് 3239 പ്രവാസി ഇന്ത്യാക്കാരെ.

✒️വിവിധ നിയമലംഘനങ്ങൾ നടത്തിയ 3239 ഇന്ത്യാക്കാരെ (Indian Expats) സൗദി അറേബ്യയിൽ നിന്ന് തിരിച്ചയച്ചതായി (Deported from Saudi Arabia) ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‍പോൺസർമാരുടെ കീഴിൽ നിന്ന് ഒളിച്ചോടി ഹുറൂബ് കേസിൽപെട്ടവരും താമസ രേഖ (ഇഖാമ) പുതുക്കാത്തവരുമായ ഇന്ത്യക്കാരെയാണ് റിയാദിലും ജിദ്ദയിലുമായി ഫൈനൽ എക്സിറ്റിൽ (Final Exit) നാട്ടിലേക്ക് അയച്ചത്. 

എംബസി വെൽഫയർ വിങ്ങ് സൗദി കാര്യാലയങ്ങളുമായി ചേർന്ന് നടത്തിയ പ്രവർത്തനഫലമായാണ് ഇത്രയും പേർക്ക് നാട്ടിലേക്ക് മടങ്ങാനായത്. 27,000 ഓളം പേർ ഫൈനൽ എക്സിറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഇവർക്ക് സൗദി ലേബർ, പാസ്‍പോർട്ട് വകുപ്പുകളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് ലഭ്യമാക്കി വരുകയാണ്. നിലവിൽ സൗദി അറേബ്യയിൽ 23 ലക്ഷം ഇന്ത്യക്കാരുണ്ട്. ഈ വർഷം 2205 ഇന്ത്യക്കാരാണ് സൗദിയിൽ മരിച്ചത്. ഇവരിൽ 781 പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മറ്റ് മൃതദേഹങ്ങള്‍ സൗദി അറേബ്യയിൽ തന്നെ സംസ്‍കരിച്ചു. വിവിധ കേസുകളിലായി റിയാദ് ഇന്ത്യൻ എംബസിക്ക് പരിധിയിൽ 719 പേരും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ 604 പേരും സൗദി ജയിലിലുണ്ട്. ഫോട്ടോ: അംബാസർ റിയാദ് ഇന്ത്യൻ എംബസിയിൽ വാർത്താസമ്മേളനം നടത്തുന്നു.

🎙️മടങ്ങിയെത്തിയ പ്രവാസികള്‍ക്കുള്ള സ്വയംതൊഴില്‍ വായ്‍പകള്‍ ഇനി കേരള ബാങ്ക് വഴിയും.


✒️തിരിച്ചെത്തിയ പ്രവാസികള്‍ക്ക് (Returned expats) ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്സ് (Norka Roots) നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്പ കേരള ബാങ്ക് (Kerala Bank) വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിന്‍ മേലാണ് കേരളാ ബാങ്ക് വായ്‍പ വിതരണം ചെയ്യുന്നത്.

രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് വായ്‍പക്ക് അപേക്ഷിക്കാന്‍ അര്‍ഹത. പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡിയും ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‍സിഡിയും ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയിലോ നോര്‍ക്ക റൂട്ട്സിന്റെ 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. കെ.എസ്.എഫ്.ഇ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസി ഭദ്രത വായ്പകള്‍ നല്‍കി വരുന്നുണ്ട്.

🇦🇪പുതുവര്‍ഷത്തില്‍ 44 കോടിയുടെ സമ്മാനവുമായി ബിഗ് ടിക്കറ്റ്; ഓരോ ആഴ്‍ചയും 50 ലക്ഷം വീതം സമ്മാനം.

✒️ഈ ജനുവരിയില്‍ ജീവിതം തന്നെ മാറ്റിമറിക്കപ്പെടാന്‍ സാധ്യതയുള്ള പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ടെറിഫിക് 22 മില്യന്‍ എന്ന് പേരിട്ടിരിക്കുന്ന നറുക്കെടുപ്പില്‍ ഇതാദ്യമായി 2.2 കോടി ദിര്‍ഹമാണ് (44 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടിയുണ്ട്.

ഇതിനെല്ലാം പുറമെ ജനുവരിയില്‍ ഓരോ ആഴ്‍ചയും വിജയികളെ കാത്തിരിക്കുന്നത് രണ്ടര ലക്ഷം ദിര്‍ഹം വീതമാണ് (50 ലക്ഷം ഇന്ത്യന്‍ രൂപ). ഇത് രണ്ടാമത്തെ മാസമാണ് ഗ്രാന്റ് പ്രൈസിന് പുറമെ ബിഗ് ടിക്കറ്റ് ഇങ്ങനെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി സംഘടിപ്പിക്കുന്നത്. ആഴ്‍ചയില്‍ ഓരോരുത്തര്‍ക്ക് വീതം ആകെ നാല് പേര്‍ക്ക് അരക്കോടി രൂപ വീതം ഈ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ സ്വന്തമാക്കാനാവും. ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഈ മാസം ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് രണ്ടര ലക്ഷം ദിര്‍ഹം കൂടി ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ബിഗ് ടിക്കറ്റിന്റെ ഓരോ നറുക്കെടുപ്പിലും കോടീശ്വരന്മാര്‍ സൃഷ്‍ടിക്കപ്പെടുമെന്ന കാര്യം ഉറപ്പാണെന്നും സമ്മാനം മറ്റൊരു സമയത്തേക്ക് മാറ്റി വെയ്‍ക്കുന്ന രീതി ബിഗ് ടിക്കറ്റിനില്ലെന്നും ബിഗ് ടിക്കറ്റ് വക്താവ് അറിയിച്ചു.

ഡിസംബറിലെ പ്രതിവാര നറുക്കെടുപ്പുകളില്‍ സമ്മാനം ലഭിച്ചവരും മാധ്യമ പ്രതിനിധികളുമടക്കം പങ്കെടുത്ത പ്രത്യേക ചടങ്ങില്‍ വെച്ചാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ പുതിയ സമ്മാന പദ്ധതി പ്രഖ്യാപിച്ചത്. പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് ബിഗ് ടിക്കറ്റ് അവതാരകന്‍ റിച്ചാര്‍ഡ് പുതിയ നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവിട്ടു.
ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയാവാന്‍ സാധിച്ചത് വിസ്‍മയകരമായൊരു അനുഭവമായിരുന്നെന്നാണ് കഴിഞ്ഞ മാസത്തെ വിജയികളിലൊരാള്‍ പ്രതികരിച്ചത്. എന്റെയും കുടുംബത്തിന്റെയും ജീവിതം തന്നെ ആ തുക കൊണ്ട് മാറിമറിഞ്ഞു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തുകൊണ്ടേയിരിക്കണമെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. അതിന്റെ കാരണം എനിക്ക് ബോധ്യമുള്ളതുകൊണ്ട് ഞാന്‍ ഇനിയും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരും. സമ്മാനങ്ങള്‍ കൂടുതല്‍ വലുതായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഒരുപാട് പേര്‍ക്ക് വലിയ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും' അദ്ദേഹം പറഞ്ഞു.

500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ജനുവരിയിലെ വലിയ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങി റേഞ്ച് റോവര്‍ ഇവോക് അല്ലെങ്കില്‍ മസെറാട്ടി ഗിബ്ലി കാറും സ്വന്തമാക്കാനാവും. ഒരു ഡ്രീം കാര്‍ ടിക്കറ്റിന്റെ വില 150 ദിര്‍ഹമാണ്. രണ്ട് ടിക്കറ്റകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

ആഴ്‍ചതോറും 2,50,000 ദിര്‍ഹം സമ്മാനം നല്‍കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍

പ്രൊമോഷന്‍ 1 : ജനുവരി ഒന്ന് മുതല്‍ എട്ട് വരെ. നറുക്കെടുപ്പ് ജനുവരി 9 ഞായറാഴ്‍ച
പ്രൊമോഷന്‍ 2: ജനുവരി 9 മുതല്‍ 16 വരെ. നറുക്കെടുപ്പ് ജനുവരി 17 തിങ്കളാഴ്‍ച
പ്രൊമോഷന്‍ 3: ജനുവരി 17 മുതല്‍ 23 വരെ. നറുക്കെടുപ്പ് ജനുവരി 24 തിങ്കളാഴ്‍ച
പ്രൊമോഷന്‍ 4: ജനുവരി 24 മുതല്‍ 31 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 1 ചൊവ്വാഴ്‍ച.
പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.

🇰🇼പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം പുനഃസ്ഥാപിച്ചു.

✒️കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് (Expats driving licence) പുതുക്കാനുള്ള ഓണ്‍ലൈന്‍ ‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവാസികളുടെ ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ശന നിബന്ധനകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ലൈസന്‍സുകള്‍ പുതുക്കുന്നത്.

കുവൈത്തിലെ പ്രവാസികള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ കഴിഞ്ഞ ഏതാനും ആഴ്‍ചകളായി ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധിച്ചിരുന്നില്ല. സ്വദേശികള്‍ക്കും, ഗള്‍ഫ് പൗരന്മാര്‍ക്കും ഹൗസ് ഡ്രൈവര്‍ വിസിയിലുള്ളവര്‍ക്കും മാത്രമായിരുന്നു ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കാന്‍ സാധിച്ചിരുന്നത്. പ്രവാസികളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ ഏകീകരിക്കാനും ലൈസന്‍സിന് ആവശ്യമായ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രം പുതുക്കി നല്‍കാനാവശ്യമായ രീതിയില്‍ ക്രമീകരണങ്ങള്‍ വരുത്തുന്നതിനും വേണ്ടിയായിരുന്നു താത്കാലികമായി സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. നിരവധിപ്പേര്‍ യോഗ്യതകളില്ലാതെ ലൈസന്‍സ് കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ പ്രവാസികള്‍ക്ക് ശമ്പളം, തൊഴില്‍ എന്നിവ ഉള്‍പ്പെടെയുള്ള നിബന്ധനകളുണ്ട്.

🇦🇪നിറങ്ങളില്‍ മുങ്ങി അബുദാബി; പുതുവര്‍ഷത്തില്‍ പിറന്നത് മൂന്ന് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍.

✒️വിസ്മയിപ്പിക്കുന്ന ആഘോഷ പരിപാടികളുമായാണ് യുഎഇ(UAE) 2022നെ വരവേറ്റത്. എല്ലാ എമിറേറ്റുകളിലും പുതുവര്‍ഷരാവില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അബുദാബിയില്‍(Abu Dhabi) പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മൂന്ന് പുതിയ ഗിന്നസ് റെക്കോര്‍ഡുകളാണ് ( Guinness World Records )പിറന്നത്. 

അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ 40 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ടിലൂടെയാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. മൂന്ന് ഗിന്നസ് റെക്കോര്‍ഡുകളാണ് ഈ വെടിക്കെട്ട് സ്വന്തമാക്കിയത്. വലിപ്പത്തിലും ദൈര്‍ഘ്യത്തിലും ആകൃതിയിലുമാണ് ഈ വെടിക്കെട്ട് റെക്കോര്‍ഡുകള്‍ ഭേദിച്ചത്. 2,022 ഡ്രോണുകള്‍ അവതരിപ്പിച്ച ഇത്തരത്തിലുള്ള ആദ്യ ഷോയും ഇതായിരുന്നു.

കര്‍ശനമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഫെസ്റ്റിവലില്‍ പ്രവേശനത്തിന് കൊവിഡ് പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമായിരുന്നു.

🇶🇦ഖത്തർ: ജനുവരി 2 മുതൽ ഒരാഴ്ച്ച സ്‌കൂളുകളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനം.

✒️2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തെ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ രാജ്യത്തെ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് നേരിട്ടെത്തുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

2021 ഡിസംബർ 31-ന് വൈകീട്ടാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കിന്റർഗാർട്ടനുകൾക്കും, മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.

രാജ്യത്തെ നിലവിലെ COVID-19 വ്യാപന സാഹചര്യങ്ങൾ കണക്കിലെടുത്താണ് സുരക്ഷിതമായ അധ്യയനം ഉറപ്പ് വരുത്തുന്നതിനായി ഇത്തരം ഒരു തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഖത്തർ ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ ഈ കാലയളവിൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതാണ്. ഈ തീരുമാനവുമായി സഹകരിക്കാനും, കുട്ടികൾ ഓൺലൈൻ പഠനം കൃത്യമായി നേടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രാലയം രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു

🇸🇦സൗദി: പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം.

✒️COVID-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി, രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്‌കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മുഴുവൻ പൊതുസമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി മാസ്കുകൾ കൃത്യമായി ഉപയോഗിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്തെ COVID-19 സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ പൊതു ഇടങ്ങളിലും മാസ്കുകളുടെ ഉപയോഗം വീണ്ടും നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം 2021 ഡിസംബർ 29-ന് അറിയിച്ചിരുന്നു. രാജ്യത്തെ ഇൻഡോറിലും, ഔട്ട്ഡോറിലുമുള്ള പൊതു ഇടങ്ങളിൽ 2021 ഡിസംബർ 30 മുതൽ മുഴുവൻ വ്യക്തികൾക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ സാമൂഹിക അകലം സംബന്ധിച്ച നിർദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം കർശനമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മാസ്കുകളുടെ ഉപയോഗത്തിൽ വരുത്തുന്ന വീഴ്ച്ചകൾക്കെതിരെ നിയമനടപടികൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നത് സൗദിയിലെ പകർച്ചവ്യാധികൾ തടയുന്ന നിയമങ്ങൾ പ്രകാരം കുറ്റകരമാണെന്ന് അറിയിച്ച മന്ത്രാലയം, ഇത്തരം ലംഘനങ്ങൾ നടത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് അറിയിച്ചു. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും, ഇത്തരത്തിൽ ഒരു ലക്ഷം റിയാൽ വരെ പിഴ തുകയായി ചുമത്തപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

🇶🇦ഖത്തർ: 2022 ജനുവരി മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.

✒️2022 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2021 ഡിസംബർ 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, രാജ്യത്ത് പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.

2022 ജനുവരി മാസത്തിലെ ഖത്തറിലെ ഇന്ധന വില:
പ്രീമിയം പെട്രോൾ – ലിറ്ററിന് 2.00 റിയാൽ. (2021 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.00 റിയാൽ)
സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (2021 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (2021 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)

🇶🇦ഖത്തറിലെ ലുസൈല്‍ ട്രാം സര്‍വീസിന്റെ ആദ്യഘട്ടം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

✒️ദോഹ: ഖത്തറിലെ ലുസൈല്‍ ട്രാം സര്‍വീസിന്റെ ആദ്യഘട്ടം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഓറഞ്ച് ലൈനിലെ ആറ് സ്റ്റേഷനുകളിൽ ഇന്ന് സര്‍വീസ് ആരംഭിക്കും. നിലവിലുള്ള ദോഹ മെട്രോ ട്രാവല്‍ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ട്രാമിലും ഉപയോഗിക്കാം. ഭൂനിരപ്പിലും അണ്ടര്‍ഗ്രൗണ്ടിലുമായി 25 സ്റ്റേഷനുകളാണ് ട്രാംമ സര്‍വീസില്‍ ഉള്ളത്. വരും വര്‍ഷം നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് മുന്‍പ് പൊതുഗതാഗതം കൂടുതല്‍ സുഗമമാക്കാനാണ് ഈ പദ്ധതി. ദോഹ മെട്രോയുടെ അതേ സമയക്രമമാണ് ട്രാമും പിന്തുടരുക. ശനി മുതല്‍ ബുധന്‍ വരെ, രാവിലെ ആറ് മുതല്‍ രാത്രി 11 വരെയും, വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 11:59 വരെയും, വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മുതല്‍ രാത്രി 11:59 വരെയുമാവും സര്‍വീസ്. അഞ്ച് മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ലഭ്യമാകും.

🇸🇦🇮🇳സൗദി ഇന്ത്യ എയർബബ്ൾ കരാർ ഇന്ന് മുതൽ.

✒️സൗദി ഇന്ത്യ എയർബബ്ൾ കരാർ ഇന്ന് മുതൽ നടപ്പാവും. കേരളത്തിൽ കോഴിക്കോട്, കൊച്ചി എന്നിവടങ്ങളുൾപ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്കും തിരികെ സൗദിയിലെ നാലു വിമാനത്താവളങ്ങളിലേക്കും വിമാന സർവിസ് (Flight services) ഉടൻ ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് റിയാദിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ പ്രവാസികളുടെ നീണ്ട നാളത്തെ പ്രതീക്ഷകൾക്കും കാത്തിരിപ്പിനും വിരാമമാവും.

കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്നോ, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലേക്കാണ് സർവിസ്. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും സർവിസുണ്ടാവും. വിമാന സർവീസ് എന്ന് മുതൽ ആരംഭിക്കുമെന്ന് സൗദി, ഇന്ത്യ സിവിൽ ഏവിയേഷൻ അതോറിറ്റികൾ ഉടൻ തീരുമാനിക്കും. സൗദിയിലെത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്‍റീൻ അടക്കമുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും അംബാസഡർ വ്യക്തമാക്കി.

🇸🇦സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6,089 ആയി ഉയര്‍ന്നു; 61 പേര്‍ ഗുരുതരാവസ്ഥയില്‍.

✒️സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (Covid)ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6089 ആയി ഉയര്‍ന്നു. ഇതില്‍ 61 പേരുടെ ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. അതെസമയം ഇന്ന് 846 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 262 പേര്‍ സുഖം പ്രാപിച്ചു. 

കൊവിഡ് മൂലമുള്ള ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 557,082 ആയി. ആകെ രോഗമുക്തി കേസുകള്‍ 542,115 ആണ്. ആകെ മരണസംഖ്യ 8,878 ആയി. ഇന്ന് രാജ്യത്ത് ആകെ 33,310,519 കോവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്താകെ ഇതുവരെ 50,987,143 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,020,852 എണ്ണം ആദ്യ ഡോസ് ആണ്. 23,187,139 എണ്ണം സെക്കന്‍ഡ് ഡോസും. 1,918,377 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 2,779,152 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 224, ജിദ്ദ 190, മക്ക 147, ഹുഫൂഫ് 49, ദമ്മാം 33, മദീന 30, തായിഫ് 19, ഖോബാര്‍ 13, ദഹ്‌റാന്‍ 9, മുബറസ് 8, റാബിഖ് 7, യാംബു 7, ബുറൈദ 6, മജ്മഅ 5, ജുബൈല്‍ 5, തുവാല്‍ 4, തബൂക്ക് 4, അബഹ 4, ഉനൈസ 4, സഫ്വ 3, മറ്റ് 20 ഇടങ്ങളില്‍ രണ്ടും 31 സ്ഥലങ്ങളില്‍ ഓരോന്നും വീതം രോഗികള്‍.

Post a Comment

0 Comments