Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ ആശ്വാസം; പുതിയ കൊവിഡ് കേസുകളിൽ നേരിയ കുറവ്.

✒️സൗദി അറേബ്യയിൽ (Saudi Arabia) ആശ്വാസം പകർന്ന് പുതിയ കൊവിഡ് കേസുകളിൽ (New covid cases) നേരിയ കുറവ്. 24 മണിക്കൂറിനിടെ 3068 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് (Recovery rates) ഉയർന്നു. നിലവിലെ രോഗികളിൽ 793 പേർ സുഖം പ്രാപിച്ചു. രോഗബാധിതരിൽ രണ്ടുപേർ മരിച്ചതായും (Covid death) സൗദി ആരോഗ്യ മന്ത്രാലയം (Saudi Health Ministry) അറിയിച്ചു. ഇന്ന് രാജ്യത്ത് ആകെ 125,292 കോവിഡ് പി.സി.ആർ പരിശോധനയാണ് നടത്തിയത്. 

ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 575,293 ആയി. ആകെ രോഗമുക്തി കേസുകൾ 545,771 ആണ്. ആകെ മരണസംഖ്യ 8,892 ആയി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20,630 ആയി ഉയർന്നു. ഇതിൽ 134 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 52,413,363 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 25,099,510 എണ്ണം ആദ്യ ഡോസ് ആണ്. 23,318,222 എണ്ണം സെക്കൻഡ് ഡോസും. 3,995,631 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യതലസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണം ആയിരത്തിന് അടുത്തെത്തി. റിയാദ് - 842, ജിദ്ദ - 677, മക്ക - 362, ഹുഫൂഫ് - 109, മദീന - 104, ദമ്മാം - 101 എന്നിങ്ങനെയാണ് വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ.

🇰🇼കുവൈത്ത് ആരോഗ്യ മന്ത്രിക്ക് കൊവിഡ്; കേസുകള്‍ കൂടിയാലും ലോക്ക്ഡൗണ്‍ ഉണ്ടാവില്ല.

✒️കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രി ഖാലിദ് അല്‍ സഈദിന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രി ഇപ്പോള്‍ ഐസൊലേഷനിലാണെന്നും എന്നാല്‍ അദ്ദേഹം ചികിത്സയിലിരിക്കെത്തന്നെ തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് അടുത്തിടെയുണ്ടായ വലിയ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണോ കര്‍ഫ്യൂവോ ഏര്‍പ്പെടുത്താന്‍ പദ്ധതികളൊന്നുമില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ശനിയാഴ്‍ച 2820 പേര്‍ക്കാണ് കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 313 പേര്‍ രോഗമുക്തരാവുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്‍തു. രാജ്യത്ത് ഇപ്പോള്‍ 15,140 കൊവിഡ് രോഗികളുണ്ടെങ്കിലും അവരില്‍ തീവ്ര പരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത് 12 പേര്‍ മാത്രമാണ്. ഇവര്‍ക്ക് പുറമെ 87 പേര്‍ ആശുപത്രി വാര്‍ഡുകളിലുമുണ്ട്.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണെങ്കിലും വിമാനത്താവളങ്ങള്‍ അടച്ചിടാനോ കര്‍ഫ്യുവോ അല്ലെങ്കില്‍ ലോക്ക്ഡൗണോ ഏര്‍പ്പെടുത്താനോ പദ്ധതിയില്ലെന്നാണ് അധികൃതരുടെ നിലപാട്. ലോകമെമ്പാടും ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുവൈത്തിലും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. എന്നാല്‍ രോഗികളില്‍ ഭൂരിപക്ഷത്തിനും കാര്യമായ ലക്ഷണങ്ങളില്ല.

പുതിയ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. രോഗത്തിന്റെ സ്ഥിതി ഗുരുതരമാണെങ്കില്‍ മരണ നിരക്ക് വര്‍ദ്ധിക്കുകയോ തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയോ വേണം. അത്തരമൊരു സാഹചര്യമില്ലാത്തതുകൊണ്ടുതന്നെ കൂടുതല്‍ ആശങ്കയുടെ കാര്യമില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

🇦🇪യുഎഇയില്‍ ഇന്ന് 2655 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,655 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1034 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പുതിയ മരണങ്ങള്‍ (covid deaths) കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,88,572 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,82,866 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,52,120 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,173 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 28,573 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 

🕋ഹജ്ജ് നിയമങ്ങൾ ലംഘിച്ചാൽ വൻതുക പിഴയും ആറുമാസം വരെ തടവുശിക്ഷയും.

✒️ഹജ്ജ് തീർത്ഥാടനവുമായി (Pilgrimage) ബന്ധപ്പെട്ട വിവിധ വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ (Violations) പത്ത് ലക്ഷം രൂപ വരെ പിഴയും ആറുമാസം വരെ തടവുശിക്ഷയും കിട്ടും. വിദേശികളാണെങ്കിൽ (Foreigners) ഈ ശിക്ഷകൾക്ക് ശേഷം നാടുകടത്തുകയും (Deportation) ചെയ്യും. ഹജ്ജ് നിയമലംഘനത്തിന് നിലവിലുണ്ടായിരുന്ന ശിക്ഷകൾ പരിഷ്‍കരിച്ചുകൊണ്ടുള്ള വിശദാംശങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം (MInistry of Interior) കഴിഞ്ഞദിവസം പുറത്തുവിട്ടു. 

തീർഥാടനവുമായി ബന്ധപ്പെട്ട മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ അനുവാദമില്ലാതെ പ്രവേശിക്കുന്നവർക്ക് ഏകദേശം മൂന്ന് ലക്ഷം രൂപയാണ് (15,000 റിയാൽ) പിഴ. മക്ക, മസ്ജിദുൽ ഹറം, മറ്റു പുണ്യ സ്ഥലങ്ങൾ, റുസൈഫയിലെ രണ്ട് ഹറമൈൻ ട്രെയിൻ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ അനധികൃത പ്രവേശനത്തിന് രണ്ട് ലക്ഷം രൂപ (10,000 റിയാൽ) ആണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴകൾ ഇരട്ടിക്കും. മൂന്നാം തവണ ഒന്ന് മുതൽ ആറ് മാസം വരെ തടവുശിക്ഷ കൂടി കിട്ടും. 

ഹജ്ജ് അനുമതി പത്രം ഇല്ലാത്ത തീർഥാടകരെ പുണ്യസ്ഥലത്ത് കൊണ്ടുപോകുന്നവർക്ക് ഏതാണ്ട് പത്ത് ലക്ഷം രൂപ (50,000 റിയാൽ) വരെ പിഴ ചുമത്തും. വാഹനത്തിലുള്ള ആളുകളുടെ എണ്ണത്തിനനുസരിച്ച് പിഴ വർധിക്കും. ഇവർക്ക് ആറ് മാസം വരെ തടവോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ഈ കുറ്റങ്ങൾ ചെയ്യുന്ന വിദേശികളെ സൗദിയിൽ പുനഃപ്രവേശന വിലക്കോടെ നാടുകടത്തും.

🇸🇦സൗദി അറേബ്യയിൽ ക്വാറന്റീൻ ലംഘിച്ചാൽ 20 ലക്ഷം രൂപ പിഴ.

✒️റിയാദ്: സൗദി അറേബ്യയിൽ ക്വാറന്റീൻ നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ (ഏതാണ്ട് 20 ലക്ഷം രൂപ) പിഴയോ അല്ലെങ്കിൽ രണ്ടുവർഷം തടവുശിക്ഷയോ ലഭിക്കും. കൊവിഡ് രോഗം ബാധിച്ചവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആയിട്ടുള്ളവർ ക്വാറന്റീൻ നിയമം ലംഘിച്ചാലാണ് ഈ പിഴയും തടവുശിക്ഷയും. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നിയമലംഘനം ആവർത്തിക്കുന്നതിനനുസരിച്ച് പിഴ ഇരട്ടിയാകും. വിദേശികളാണെങ്കിൽ അവരെ പ്രവേശന നിരോധനം ഏർപ്പെടുത്തി നാടുകടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ബാധിച്ചതിന് ശേഷം സ്വമേധയാ രോഗമുക്തി കണക്കാക്കുന്ന കാലയളവ് സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം കുറച്ചിരുന്നു. നിലവില്‍ വാക്‌സിന് ഡോസുകള്‍ എടുത്തവര്‍ക്ക് രോഗം പിടിപെട്ടാല്‍ ഏഴു ദിവസം കഴിഞ്ഞും വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് രോഗം പിടിപെട്ട് പത്ത് ദിവസം കഴിഞ്ഞും സ്വമേധയ രോഗമുക്തി നേടിയതായി കണക്കാക്കും. ഈ ദിവസങ്ങള്‍ കഴിഞ്ഞാല്‍ പിന്നീട് കൊവിഡ് പരിശോധന നടത്തേണ്ടതില്ല. ഈ കാലയളവ് കഴിഞ്ഞാല്‍ ഇവരുടെ തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ ആയതായി രേഖപ്പെടുത്തും. നേരത്തെ ഇത് എല്ലാവര്‍ക്കും 14 ദിവസങ്ങളായാണ് നിശ്ചയിച്ചിരുന്നത്.

🇸🇦സൗദി: സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും.

✒️രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതു സ്ഥാപനങ്ങളിലും, സ്വകാര്യ സ്ഥാപനങ്ങളിലും നടക്കുന്ന സമൂഹ അകല നിയമങ്ങളിലെ ലംഘനങ്ങൾക്ക് ഈ ശിക്ഷാ നടപടി ബാധകമാണ്.

രാജ്യത്ത് COVID-19 വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി സൗദിയിൽ പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നവർക്ക് ശാരീരികോഷ്മാവ് പരിശോധന, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിബന്ധനകൾ ബാധകമാണ്.

ഇത്തരം നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും, ഇത്തരത്തിൽ പരമാവധി ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്‌കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.

🇸🇦ഉംറ തീർത്ഥാടനം: 10 ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം.

✒️രണ്ട് തവണ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ആദ്യ തീർത്ഥാടനത്തിന് ശേഷം പത്ത് ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് വീണ്ടും COVID-19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം തിരികെ ഏർപ്പെടുത്തിയിരിക്കുന്നത്. COVID-19 മഹാമാരിയെത്തുടർന്ന് മന്ത്രാലയം കഴിഞ്ഞ വർഷം ഉംറ തീർത്ഥാടനങ്ങൾക്കിടയിൽ ഇത്തരത്തിൽ 14 ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയിരുന്നു.

രോഗവ്യാപനം കുറഞ്ഞതോടെ 2021 ഒക്ടോബർ അവസാനം ഈ നിബന്ധന മന്ത്രലായം ഒഴിവാക്കി നൽകിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത ശേഷം ഉംറ തീർത്ഥാടന ബുക്കിങ്ങിനായി ഇരു തീർത്ഥാടനങ്ങൾക്കിടയിൽ 10 ദിവസത്തെ കാത്തിരുപ്പ് കാലാവധി നിർബന്ധമാക്കാൻ കഴിഞ്ഞ ദിവസം മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

🇶🇦യാത്രക്കാർ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും എത്തിച്ചേരണമെന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ.

✒️രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ എത്തിച്ചേരണമെന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. യാത്രക്കായുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. “പനി, വരണ്ട ചുമ, ശ്വാസതടസ്സം, മണമോ രുചിയോ കുറയൽ, ഇ ലക്ഷണങ്ങളിൽ ഏതെങ്കിലും കാണിക്കുന്നുണ്ടെങ്കിൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (MoPH) ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മുൻകരുതൽ നടപടികൾ എന്നും അധികൃതർ അറിയിച്ചു. എല്ലാ ഓപ്പറേഷൻ ഗേറ്റുകളിലും (നോർത്ത് നോഡ് D3 & E3), ടെർമിനലിലുടനീളവും തെർമൽ സ്ക്രീനിംഗ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന മെഡിക്കൽ ക്ലിനിക്കും ഇവിടെ സജ്ജമായിരിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എയർപോർട്ട് ജീവനക്കാർക്ക് അധിക പരിശീലനം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

🇸🇦ഡോക്ടറുടെ നിർദേശമില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകുന്നതിനെതിരെ സൗദിയിൽ മുന്നറിയിപ്പ്.

✒️ഡോക്ടറുടെ അനുമതി തേടാതെ കുട്ടികൾക്ക് പാരസെറ്റമോൾ മെഡിസിൻ നൽകുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള അസുഖങ്ങളും കോവിഡും വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

പനിക്കും ശരീര വേദനക്കും സാധരണയായി ഉപയോഗിച്ച് വരുന്ന പാരസെറ്റമോൾ മെഡിസിൻ കുട്ടികൾക്ക് നൽകുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം. ഓരോ കുട്ടികൾക്കും അവരുടെ തൂക്കവും മരുന്നിന്റെ സാന്ദ്രതയുമനുസരിച്ച് നൽകേണ്ട ഡോസുകൾ വ്യത്യസ്ഥമായിരിക്കും, അതിനാൽ ആരോഗ്യ വിദഗ്ദരുടെ നിർദേശപ്രകാരം അനുയോജ്യമായ അളവിൽ മാത്രമേ മരുന്ന് ഉപയോഗിക്കാവൂ. അല്ലാത്ത പക്ഷം അമിതമായ അളവിൽ മരുന്ന് ഉപയോഗിക്കുന്നത് മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അതോറിറ്റി വിശദീകരിച്ചു.

🇦🇪ഇ-സ്കൂട്ടർ ഉപയോഗം 16 വയസിന്​ മുകളിലുള്ളവർക്ക്​ മാത്രം; ദുബൈയിൽ നിയമം ഉടൻ.

✒️ഇലക്​ട്രിക്​ സ്കൂട്ടർ ഉപയോഗം 16 വയസിന്​ മുകളിലുള്ളവർക്ക്​ മാത്രമായി പരിമിതപ്പെടുത്താനുള്ള നിയമം ഉടൻ പ്രാബല്യത്തിൽവരും. ദുബൈ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി (ആർ.ടി.എ) എക്സിക്യുട്ടീവ്​ ഡയറക്ടർ ഹുസൈ മുഹമ്മദ്​ അൽ ബന്നയാണ്​ ഇക്കാര്യം അറിയിച്ചത്​. മാർച്ചിനുള്ളിൽ നിയമം നടപ്പാക്കും.

ഇ-സ്കൂട്ടുറകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന അഞ്ച്​ സോണുകളിൽ നിയമം നിലവിലുണ്ട്​. മറ്റ്​ മേഖലകളിലേക്കും ഇത്​ വ്യാപിപ്പിക്കും. മുഹമ്മദ്​ ബിൻ റാശിദ്​ ബൊലെവാദ്​, ജുമൈറ ലേക്​ ടവർ, ദുബൈ ഇന്‍റർനാഷനൽ സിറ്റി, സെക്കൻഡ്​ ഡിസംബർ സ്​ട്രീറ്റ്​, അൽ റിഗ്ഗ എന്നിവിടങ്ങളിലാണ്​ നിയമം നേരത്തെ നടപ്പാക്കിയത്​. ഉടൻ പത്ത്​ മേഖലകളിലേക്ക്​ കൂടി ഇ-സ്കൂട്ടർ ​ട്രാക്കുകൾ വ്യാപിപ്പിക്കുന്നുണ്ട്​. പിന്നീട്​ 23 മേഖലകളിലേക്കും എത്തും.

നേരത്തെ 14 വയസായിരുന്നതാണ്​ 16 ആക്കി ഉയർത്തുന്നത്​. നിശ്ചിത ട്രാക്കിലൂടെ മാത്രമെ ഇ-സ്കൂട്ടർ ഓടിക്കാവൂ എന്ന്​ പൊലീസ്​ കർശന നിർദേശം നൽകുന്നു. ഇ-സ്കൂട്ടർ യാത്രികരുടെയും കാൽനടക്കാരുടെയും വാഹനയാത്രികരുടെയും സുരക്ഷ മുൻനിർത്തിയുള്ള നിയമങ്ങളാണ്​ ഒരുക്കുന്നത്​. ഇ-സ്കൂട്ടറുകളുടെ വേഗത പരമാവധി മണിക്കൂറിൽ 20 കിലോമീറ്ററായി നിശ്ചയിക്കും. ഹെഡ്​ലൈറ്റും ടെയ്​ൽ ലൈറ്റും ഉണ്ടായിരിക്കണം.

കാർ ഹോൺ പോലെയോ സൈക്ക്​ൾ ബെൽ പോലെയോ ഉള്ള ഡിവൈസ്​ ഘടിപ്പിച്ചിരിക്കണം. മുമ്പിലെയും പുറകിലെയും വീലുകളിൽ ബ്രേക്കുണ്ടാവണം. യു.എ.ഇയിലെ ഏത്​ കാലാവസ്ഥയിലും ഓടിക്കാൻ കഴിയുന്ന രീതിയിലായിരിക്കണം നിർമാണം. റൈഡർമാർ ഹെൽമറ്റ്​ ധരിക്കണം. നിശ്ചയിച്ചിരിക്കുന്ന പാർക്കിങ്​ ഏരിയകളിൽ മാത്രമെ നിർത്തിയടാവു. കാൽനടയാത്രികരിൽ നിന്നും മറ്റുള്ളവരിൽ നിന്നും നിശ്ചിത അകലം പാലിക്കണം. ബാലൻസ്​ നഷ്ടപ്പെടുന്ന രീതിയിലുള്ള വസ്തുക്കൾ ഇ-സ്കൂട്ടറിൽ കയറ്റരുത്​. ഒരാളിൽ കൂടുതൽ കയറരുത്​.

റോഡിലെ സൂചന ബോർഡുകളിലെ നിർദേശങ്ങൾ പാലിക്കണം. അപകടങ്ങൾ ഉടൻ റിപ്പോർട്ട്​ ചെയ്യണം. ഹെഡ്​ ഫോണോ ഇയർഫോണോ ഉപയോഗിക്കരുത്​. മറ്റുള്ളവരുടെ ജീവന്​ ഭീഷണിയാകുന്ന തരത്തിൽ ഓടിക്കരുത്​. നിശ്ചിത വസ്ത്രങ്ങളും പാദരക്ഷകളുമായിരിക്കണം റൈഡർമാർ ധരിക്കേണ്ടത്​.

Post a Comment

0 Comments