Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റ് ഒന്നിലധികം തവണ ഉപയോഗിച്ചാല്‍ 2,000 റിയാല്‍ പിഴ.

✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ബാര്‍ബര്‍ ഷോപ്പുകളില്‍( barber shops)ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റ് ഒന്നിലധികം തവണ ഉപയോഗിച്ചാല്‍ 2,000 റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവന മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുകയും ഷോപ്പ് ഒരാഴ്ചത്തേക്ക് അടച്ചിടുകയും ചെയ്യും.

രാജ്യത്തെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഈ നിയമം ബാധകമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളില്‍ പാലിക്കേണ്ട നിബന്ധനകള്‍ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പകര്‍ച്ചവ്യാധികളില്‍ നിന്ന് സുരക്ഷിതത്വം തെളിയിക്കാന്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. സ്റ്റെയിന്‍ലെസ് മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മിച്ച അംഗീകൃത നിലവാരമുള്ള ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റുകള്‍, തുണി ടവലുകള്‍ക്ക് പകരം ഉയര്‍ന്ന നിലവാരമുള്ള പേപ്പര്‍ ടവലുകള്‍ തുടങ്ങിയവ മാത്രമേ ഉപയോഗിക്കാവൂ.

🇸🇦സൗദിയില്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ പിഴ.

✒️രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍(health card) 2000 റിയാല്‍ (ഏകദേശം 40,000 രൂപ) പിഴ (fine) ചുമത്തുമെന്ന് സൗദി (Saudi) നഗര, ഗ്രാമകാര്യ, ഭവന മന്ത്രാലയം. ജീവനക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്നും ജോലി ചെയ്യാന്‍ യോഗ്യനാണെന്നും തെളിയിക്കുന്ന കാര്‍ഡാണിത്. ബലദിയ കാര്‍ഡ് എന്നും അറിയപ്പെടുന്ന ഇത് ക്ലിനിക്കുകളിലെ മെഡിക്കല്‍ ലാബ് പരിശോധനക്ക് ശേഷം രോഗിയല്ലെന്ന് ഉറപ്പാക്കി നഗര സഭയാണ് നല്‍കുന്നത്.

ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഭക്ഷണശാലകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ബാര്‍ബര്‍ ഷോപ്പ് ജീവനക്കാര്‍, പാചകക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ബലദിയ കാര്‍ഡ് നിര്‍ബന്ധമാണ്. ഈ കാര്‍ഡ് ഇല്ലാതെ ജീവനക്കാര്‍ ജോലിയില്‍ തുടര്‍ന്നാല്‍ അതത് സ്ഥാപനമുടകള്‍ക്കെതിരെയാണ് പിഴ ചുമത്തുന്നത്. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലാകും. ഒരു തൊഴിലാളിക്ക് 2000 റിയാല്‍ എന്ന തോതിലാണ് പിഴ. കാര്‍ഷില്ലാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ വര്‍ധിക്കും.

🇦🇪യുഎഇയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഉണ്ടാകില്ലെന്ന് മന്ത്രി.


✒️ഒമിക്രോണോ(Omicron) കൊവിഡിന്റെ(Covid 19) മറ്റേതെങ്കിലും വകഭേദമോ മൂലം യുഎഇ ഇനി സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് മടങ്ങില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി അല്‍ സയൂദി പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ ആഘാതം കുറവാണ്. ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് പോലും രാജ്യം ലോക്ക്ഡൗണിലേക്ക് പോയിട്ടില്ല. കാരണം സാമ്പത്തിക മേഖലയും ആരോഗ്യ മേഖലയും സന്തുലിതാവസ്ഥയിലായിരുന്നു. ഇനി വരും ഭാവിയില്‍ കൊവിഡ് വകഭേദങ്ങള്‍ ഉണ്ടായാലും രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് മടങ്ങില്ലെന്ന് മന്ത്രി വിശദമാക്കി. 2021 നിര്‍ണായകവും സമ്പദ് രംഗത്തെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനാത്മകവും പോസിറ്റീവും ആയിരുന്നു. 2022ഉം മികച്ച രീതിയിലാണ് തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🇦🇪അബുദാബിയിലെ സ്‍കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ഒരാഴ്‍ച കൂടി നീട്ടി.

✒️അബുദാബിയിലെ സ്‍കൂളുകളില്‍ (Abu dhabi Schools) ഒരാഴ്‍ച കൂടി ഓണ്‍ലൈന്‍ പഠനം തുടരാന്‍ (Remote learning) എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി (Abu Dhabi Emergency, Crisis and Disasters Committee) നിര്‍ദേശിച്ചു. രാജ്യത്തെ എല്ലാ പൊതു - സ്വകാര്യ സ്‍കൂളുകള്‍ക്കും ഇത് ബാധകമാണ്. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 21 വരെ എമിറേറ്റില്‍ ഓണ്‍ലൈന്‍ പഠനം തുടരും.

ജനുവരി മൂന്നിന് പുതിയ സ്‍കൂള്‍ ടേം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ആദ്യം രണ്ടാഴ്‍ചയിലേക്ക് ഓണ്‍ലൈന്‍ പഠനം മതിയെന്ന തീരുമാനം അബുദാബി അധികൃതര്‍ കൈക്കൊണ്ടത്. ജനുവരി 17 വരെയാണ് ആദ്യം ഓണ്‍ലൈന്‍ അധ്യയനം നിശ്ചയിച്ചിരുന്നതെങ്കിലും പുതിയ സാഹചര്യത്തില്‍ ജനുവരി 21 വരെ നീട്ടിയിട്ടുണ്ട്. എമിറേറ്റിലെ പൊതു - സ്വകാര്യ സ്‍കൂളുകള്‍ക്ക് പുറമെ യൂണിവേഴ്‍സിറ്റികള്‍, കോളേജുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളിലൊക്കെ പുതിയ തീരുമാനം ബാധകമായിരിക്കും.

പുതിയ സാഹചര്യത്തില്‍ സ്‍കൂളുകളിലേക്ക് കുട്ടികളുടെ മടക്കം സുരക്ഷിതമാക്കാനായി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താനായാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഒപ്പം ജനുവരി 28 വരെ സ്‍കൂളുകളില്‍ നേരിട്ട് ഹാജരാകേണ്ടി വരുന്ന എല്ലാ പരീക്ഷകളും ടെസ്റ്റുകളും മാറ്റിവെയ്‍ക്കാനും എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതത് സമയങ്ങളിലെ രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് തുടര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.

🇴🇲ഒമാനില്‍ 750 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 750 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 171 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇതുവരെ 3,10,338 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,01,458 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,119 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 97.1 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 64 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

🇦🇪യുഎഇയില്‍ 2683 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,683 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1135 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,07,767 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,95,997 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,56,805 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,182 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 37,010 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇦🇪കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റെടുത്തവര്‍ക്ക് വിജയിക്കാന്‍ ഒരു 'സെക്കന്റ് ചാന്‍സ്' കൂടി.

✒️കഴിഞ്ഞ ഒരു വര്‍ഷം നറുക്കെടുപ്പില്‍ പങ്കെടുത്തവര്‍ക്ക് വിജയിക്കാന്‍ ഒരു അവസരം കൂടി പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. സെക്കന്റ് ചാന്‍സ് എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനാണ് ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്‍കരിക്കുകയെന്ന തങ്ങളുടെ ഏറ്റവും പ്രധാന ലക്ഷ്യമാണ് സെക്കന്റ് ചാന്‍സ് ക്യാമ്പയിന്‍ ഒരിക്കല്‍ കൂടി അവതരിപ്പിക്കുന്നതിന് പിന്നിലെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

2021ല്‍ ബിഗ് ടിക്കറ്റിന്റെ ക്യാഷ് നറുക്കെടുപ്പില്‍ പങ്കെടുത്ത എല്ലാര്‍ക്കും നന്ദി അറിയിക്കുന്നതിന് കൂടിയാണ് വ്യത്യസ്തമായ ഈ സമ്മാന പദ്ധതി. വിജയികളെ വലിയ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ഉറപ്പുള്ള ക്യാഷ് പ്രൈസുമാണ് കാത്തിരിക്കുന്നത്. 2021 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ബിഗ് ടിക്കറ്റെടുത്തവരെല്ലാം സെക്കന്റ് ചാന്‍സ് സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടും. എല്ലാവരെയും ഉള്‍പ്പെടുത്തി നടത്തുന്ന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ നിന്ന് 10 വിജയികളെയായിരിക്കും തെരഞ്ഞെടുക്കപ്പെടുക.

വിജയികളാവുന്ന പത്ത് പേര്‍ക്ക് രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കും. ഇതിന് പുറമെ ഒരു ഭാഗ്യവാന് 2,50,000 ദിര്‍ഹത്തിന്റെ (അരക്കോടി ഇന്ത്യന്‍ രൂപ) ക്യാഷ് പ്രൈസ് കൂടി ലഭിക്കും. 2022 ജനുവരി 25ന് ആയിരിക്കും സെക്കന്റ് ചാന്‍സ് സമ്മാന പദ്ധതിയുടെ വിജയികളെ ബിഗ് ടിക്കറ്റ് അധികൃതര്‍ പ്രഖ്യാപിക്കുക. വിജയികള്‍ ആരെന്നറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ശ്രദ്ധിക്കണം.

ഇതിന് പുറമെ ഇപ്പോള്‍ ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് എല്ലാ ആഴ്‍ചയും ഉറപ്പുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ടിക്കറ്റിനും 500 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. വിജയിയുടെ ജീവിതം തന്നെ മാറ്റി മറിയ്‍ക്കാന്‍ പര്യാപ്‍തമായ 44 കോടി രൂപയാണ് ഫെബ്രുവരി മൂന്നിന് ഒന്നാം സമ്മാനം നല്‍കുന്നത്. നറുക്കെടുപ്പ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.

പ്രതിവാര നറുക്കെടുപ്പ് നടക്കുന്ന തീയ്യതികള്‍

പ്രൊമോഷന്‍ 1 : ജനുവരി ഒന്ന് മുതല്‍ എട്ട് വരെ. നറുക്കെടുപ്പ് ജനുവരി 9 ഞായറാഴ്‍ച
പ്രൊമോഷന്‍ 2: ജനുവരി 9 മുതല്‍ 16 വരെ. നറുക്കെടുപ്പ് ജനുവരി 17 തിങ്കളാഴ്‍ച
പ്രൊമോഷന്‍ 3: ജനുവരി 17 മുതല്‍ 23 വരെ. നറുക്കെടുപ്പ് ജനുവരി 24 തിങ്കളാഴ്‍ച
പ്രൊമോഷന്‍ 4: ജനുവരി 24 മുതല്‍ 31 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 1 ചൊവ്വാഴ്‍ച.
പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.

🇶🇦പൊതുജനങ്ങള്‍ക്കായി ഒമിക്രോണ്‍ ലക്ഷണങ്ങളും ചികിത്സാ നടപടികളും പ്രഖ്യാപിച്ച് ഖത്തര്‍.

✒️കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ബാധിക്കുന്ന അധികപേര്‍ക്കും ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാവുന്നതെന്നും അത്തരക്കാര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമില്ലെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിതരായാലുണ്ടാകാവുന്ന ചെറിയ, ഇടത്തരം ലക്ഷണങ്ങളും ഗുരുതരമായി ബാധിക്കുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളും വ്യക്തമാക്കി മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഓരോ തരത്തിലുമുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാവുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളും അധികൃതര്‍ വിവരിക്കുന്നുണ്ട്.

ചെറിയ രോഗലക്ഷണങ്ങള്‍
ചെറിയ പനി, വരണ്ട ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ്, തൊണ്ടയില്‍ മറ്റ് അസ്വസ്ഥതകള്‍, മണവും രുചിയും തിരിച്ചറിയാതാവുക, തലവേദന, ഓക്കാനം, ഛര്‍ദി, വയറിളക്കം, ക്ഷീണം.

ഇത്തരം ലക്ഷണങ്ങളുള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയണം. രോഗലക്ഷണങ്ങള്‍ കുറയ്‍ക്കാന്‍ പാരസെറ്റാമോള്‍ കഴിക്കാമെന്നാണ് അറിയിപ്പ്. ധാരാളം വെള്ളം കുടിക്കുകയും എന്നാല്‍ ദീര്‍ഘനേരം കിടിക്കുന്നത് ഒഴിവാക്കുകയും വേണം. 

സ്വയം പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താവുന്നതാണ്. പോസിറ്റീവാണെങ്കില്‍ അടുത്തുള്ള അംഗീകൃത മെഡിക്കല്‍ സെന്ററില്‍ പോയി ഔദ്യോഗിക കൊവിഡ് പരിശോധന നടത്തി ഇഹ്‍തിറാസ് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് മാറ്റാം. അല്ലെങ്കില്‍ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രത്തെ സമീപിക്കാം.

ഇടത്തരം രോഗലക്ഷണങ്ങള്‍
കടുത്ത പനി, ശക്തമായ ചുമ, വിറയല്‍, പേശി വേദന, പുറം വേദന, ക്ഷീണം, ശരീര വേദന, നടക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, കൃത്രിമ ശ്വാസ സഹായമില്ലാതെ ഓക്സിജന്‍ അളവ് 94 ശതമാനത്തിന് മുകളില്‍.

ഇത്തരം ലക്ഷണങ്ങളുള്ളവരും മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയണം. രോഗലക്ഷണങ്ങള്‍ കുറയ്‍ക്കാന്‍ പാരസെറ്റാമോള്‍ കഴിക്കാം. ധാരാളം വെള്ളം കുടിക്കുകയും എന്നാല്‍ ദീര്‍ഘനേരം കിടിക്കുന്നത് ഒഴിവാക്കുകയും വേണം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളായ ക്യാന്‍സര്‍, ഹൃദ്രോഗം, പ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ 16000 എന്ന നമ്പറില്‍ വിളിച്ച് നിര്‍ദേശം തേടണം.

സ്വയം പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താവുന്നതാണ്. പോസിറ്റീവാണെങ്കില്‍ അടുത്തുള്ള അംഗീകൃത മെഡിക്കല്‍ സെന്ററില്‍ പോയി ഔദ്യോഗിക കൊവിഡ് പരിശോധന നടത്തി ഇഹ്‍തിറാസ് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് മാറ്റാം. അല്ലെങ്കില്‍ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രത്തെ സമീപിക്കാം.

ഗുരുതര രോഗലക്ഷണങ്ങള്‍
നെഞ്ച് വേദന, ചുണ്ടുകളിലും മുഖത്തും നീല നിറം, ബോധക്ഷയം, കടുത്ത ക്ഷീണവും ശരീര വേദനയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, 94 ശതമാനത്തില്‍ താഴെ ഓക്സിജന്‍ നില

ഗുരുതര രോഗ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ചികിത്സ തേടണം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുകയോ ജീവന്‍ അപകടത്തിലാവുന്ന തരത്തിലുള്ള ലക്ഷണങ്ങളുണ്ടെങ്കില്‍ 999 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണം.

🇶🇦ഖത്തറില്‍ 4,206 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️ദോഹ: ഖത്തറില്‍ (Qatar) 4,206 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 963 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,50,570 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 3,838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 368 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 621 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,82,904 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 31,713 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 39,052 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,247,302 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് അഞ്ചുപേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 60 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

🇶🇦കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 293 പേര്‍ക്കെതിരെ കൂടി നടപടി.


✒️ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 293 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 224 പേരും മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

സാമൂഹിക അകലം പാലിക്കാത്തതിന് 53 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 16 പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. പള്ളികള്‍, സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

🇰🇼ക്വാറന്റൈൻ നിബന്ധനയിൽ മാറ്റവുമായി കുവൈത്ത്.

✒️ക്വാറന്റൈൻ നിബന്ധനയിൽ മാറ്റവുമായി കുവൈത്ത്. കോവിഡുമായി ബന്ധപ്പെട്ട ക്വാറന്റീൻ പ്രോട്ടോകോൾ പുതുക്കി. നിലവിൽ ‌വന്ന പ്രോട്ടോകോൾ ‌രാജ്യാന്തര മാനദണ്ഡങ്ങളുമായി സന്തുലനം ഉറപ്പാക്കുന്നതിനാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അൽ സനദ് ‌പറഞ്ഞു.

കോവിഡ് ബാധിച്ചയാളുമായി സമ്പർക്കം പുലർത്തിയവർക്കുള്ള ക്വാറന്റീൻ ഇപ്രകാരമായിരിക്കും. രോഗിയുമായി മൂക്കും വായയും മറയ്ക്കുംവിധമുള്ള മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നേർക്ക് നേർ ഇടപെട്ടവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം. സമ്പർക്കം പുലർത്തിയവർ വാക്സീൻ എടുക്കാത്തവരാണെങ്കിൽ ഏഴാം ദിവസം ‌പിസിആർ പരിശോധനയിൽ നെഗറ്റീവ് ആയാൽ ക്വാറന്റീൻ അവസാനിപ്പിക്കാം.

വാക്സീൻ എടുക്കാത്തവർ 14 ദിവസവും ക്വാറന്റീനിൽ തുടരണം. വാക്സീൻ എടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ 7 ദിവസം ക്വാറന്റീനിൽ കഴിയണം. നേരത്തെ അത് 10 ദിവസമായിരുന്നു. വാക്സീൻ എടുക്കാത്തവർക്ക് ‌രോഗം സ്ഥിരീകരിച്ചാൽ ക്വാറന്റീൻ 10 ദിവസമായിരിക്കും. വാക്സീൻ 2 ഡോസ് സ്വീകരിച്ച് 90 ദിവസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ‌മന്ത്രാലയം നിർദേശിച്ചു.

🇸🇦സൗദി: ജനുവരി 15 വരെ മഴ തുടരാനിടയുണ്ടെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.

✒️2022 ജനുവരി 15 വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും, മഴ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2022 ജനുവരി 13, വ്യാഴാഴ്ച്ച മുതൽ ജനുവരി 15, ശനിയാഴ്ച്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് സൗദി സിവിൽ ഡിഫെൻസ് അറിയിച്ചിരിക്കുന്നത്.

ജനുവരി 12-ന് രാത്രിയാണ് സൗദി സിവിൽ ഡിഫെൻസ് ഈ മുന്നറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, മക്ക, റിയാദ്, മദീന, അസിർ, ഹൈൽ, തബൂക്, അൽ ബാഹ, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോർഡേഴ്സ് പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ഇടിയും, മിന്നലോടും കൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും, സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കാമെന്നും സൗദി സിവിൽ ഡിഫെൻസ് വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 14, 15 തീയതികളിൽ ഏതാനം ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും സിവിൽ ഡിഫെൻസ് അറിയിച്ചു. ഇത് പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും, മഴ വെള്ളത്തിന്റെ കുത്തൊഴുക്കിനും കാരണമാകാമെന്നും അധികൃതർ കൂട്ടിച്ചേർത്തു. തബൂക്കിലെ മലനിരകളിൽ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ജനങ്ങളോട് സിവിൽ ഡിഫെൻസ് വക്താവ് ലെഫ്റ്റനന്റ് കേണൽ മൊഹമ്മദ് അൽ ഹമ്മാദി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ മാധ്യമങ്ങളിലൂടെ സിവിൽ ഡിഫെൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments