🇸🇦കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി; 24 മണിക്കൂറില്‍ സൗദിയില്‍ 4,154 നിയമലംഘനങ്ങള്‍.
✒️രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ (covid protocol)വീണ്ടും നിര്‍ബന്ധമാക്കി 24 മണിക്കൂറിനുള്ളില്‍ 4,154 ലംഘനങ്ങള്‍ കണ്ടെത്തിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ കര്‍ശനമാക്കിയ മാസ്‌ക് ധരിക്കല്‍(wearing mask), സാമൂഹിക അകലം പാലിക്കല്‍(social distancing) തുടങ്ങിയ നിയന്ത്രണങ്ങളാണ് ഒരു ദിവസത്തിനുള്ളില്‍ ഇത്രയും ആളുകള്‍ ലംഘിച്ചത്.
റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് (1404). മറ്റുമേഖലകളിലെ കണക്ക് ഇങ്ങനെയാണ്: മദീന (530), മക്ക (490), കിഴക്കന്‍ പ്രവിശ്യ (473), അല്‍-ഖസിം (238), വടക്കന്‍ അതിര്‍ത്തി പ്രദേശം (208), അസീര്‍ (194), ഹാഇല്‍ (165), അല്‍ബാഹ (133), തബൂക്ക് (110), അല്‍ജൗഫ് (82), നജ്റാന്‍ (77), ജിസാന്‍ (55). ആരോഗ്യ പ്രതിരോധ നടപടികളും ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും രാജ്യത്തെ വിദേശി താമസക്കാരോടും ആവര്‍ത്തിച്ചു വ്യക്തമാക്കി. മൂക്കും വായയും മൂടുംവിധം മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതിരിക്കല്‍ നിയമലംഘനമാണെന്നും ആയിരം റിയാല്‍ പിഴയുണ്ടാകുമെന്നും ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
🇦🇪181 ബില്യണ്‍ ദിര്‍ഹത്തിന്റെ ദുബൈ ബജറ്റിന് അംഗീകാരം നല്‍കി ശൈഖ് മുഹമ്മദ്.
✒️2022-2024 വര്‍ഷത്തെ 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിന് (budget)അംഗീകാരം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid Al Maktoum). 2022ലേക്ക് മാത്രം 60 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിനാണ് അംഗീകാരം നല്‍കിയത്.
ദുബൈ ബജറ്റിന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയതായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.
🇸🇦സൗദിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 20 ലക്ഷത്തോളം രൂപ വരെ പിഴ.
✒️കൊവിഡ്(covid) മുന്‍കരുതല്‍ നടപടികളും മാനദണ്ഡങ്ങളും പാലിക്കാത്തവര്‍ക്ക് വന്‍തുക പിഴ(fine) ചുമത്തുമെന്ന് മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. മാസ്‌ക് (mask)ധരിക്കാത്തവര്‍ക്ക് 1,000 റിയാലാണ് പിഴ ചുമത്തുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. പരമാവധി 100,000 റിയാല്‍ വരെ (20 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലവും സൗദിയില്‍ കര്‍ശനമാക്കിയിരുന്നു. 2021 ഡിസംബര്‍ 30 മുതല്‍ രാജ്യത്ത് തുറസായ സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ക്കുള്ളിലുമെല്ലാം ഒരുപോലെ മാസ്‍കും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
🇦🇪പ്രതികൂല കാലാവസ്ഥ; ദുബൈ ഗ്ലോബല്‍ വില്ലേജ് താല്‍ക്കാലികമായി അടച്ചു.
✒️ദുബൈ ഗ്ലോബല്‍ വില്ലേജ് (Dubai Global Village)ഞായറാഴ്ച താല്‍ക്കാലികമായി അടച്ചു. പ്രതികൂലമായ കാലാവസ്ഥയും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളും പരിഗണിച്ചാണ് നടപടി. സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇതെന്ന് പാര്‍ക്കിന്റെ മാനേജ്‌മെന്റ് വ്യക്തമാക്കി. ജനുവരി മൂന്ന് തിങ്കളാഴ്ച വൈകുന്നേരം നാലു മണി മുതല്‍ വീണ്ടും സന്ദര്‍ശകരെ സ്വീകരിക്കുമെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.
🇴🇲ഒമാനില്‍ 343 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
✒️ഒമാനില്‍ (Oman) കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 343 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. വ്യാഴാഴ്ച 119 പേര്‍ക്കും വെള്ളിയാഴ്ച 102 പേര്‍ക്കും ശനിയാഴ്ച 122 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 107 പേര്‍ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് പുതിയതായി ഒരാള്‍ കൂടി മരിച്ചു.
രാജ്യത്ത് ഇതുവരെ 3,05,832 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,488 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,117 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.3 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 14 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
🇦🇪യുഎഇയില്‍ ഇന്ന് 2600 പേര്‍ക്ക് കൊവിഡ്; മൂന്ന് മരണം
✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,600 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 890 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,29,564 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,67,093 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,46,853 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,168 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 18,072 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇰🇼2021ല്‍ നാടുകടത്തിയത് 18,221 പ്രവാസികളെ; 7044 പേര്‍ സ്‍ത്രീകള്‍.
✒️2021 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ആകെ 18,221 പ്രവാസികളെ നാടുകടത്തിയായി (Expats deported) കുവൈത്ത് ആഭ്യന്തര മന്ത്രാലയം (Kuwait Interior ministry) അറിയിച്ചു. നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായവര്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യക്കാരുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം നാടുകടത്തപ്പെട്ടവരില്‍ 11,177 പേര്‍ പുരുഷന്മാരും 7,044 പേര്‍ സ്‍ത്രീകളുമാണ്.
കൊവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറക്കുകയും വിമാന യാത്രകള്‍ പുനഃസ്ഥാപിക്കുകയും ചെയ്‍തതിന് പിന്നാലെ കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടങ്ങിയിരുന്നു. കുവൈത്ത് അമീറിന്റെ ഉത്തരവ് നമ്പര്‍ 17/1959 പ്രകാരമാണ് ഇങ്ങനെ പരിശോധന നടത്തി നാടുകടത്തല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. പ്രവാസികളുടെ താമസം ഉള്‍പ്പെടെയുള്ളവ സംബന്ധമായ നിയമങ്ങളും അതത് സമയങ്ങളിലെ ഉത്തരവുകളും അടിസ്ഥാനമാക്കിയാണ് പരിശോധനകള്‍ നടത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്.
അതേസമയം താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുണ്ട്. കൊവിഡ് സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെയ്‍ക്കുകയും നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കുകയും ചെയ്‍തിരുന്നു. ഒന്നിലേറെ തവണ ഇതിനുള്ള സമയം നീട്ടി നല്‍കിയിട്ടും നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വിമാന സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെ ശക്തമായ പരിശോധനയും ആരംഭിക്കുകയായിരുന്നു.
അതേസമയം നിയമ ലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വമേധയാ പിഴയടച്ച് രാജ്യം വിടാനാവും. ഇവര്‍ക്ക് മറ്റൊരു വിസയില്‍ തിരികെ വരികയും ചെയ്യാം. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുവൈത്തില്‍ പിന്നീട് വിലക്കേര്‍പ്പെടുത്തും. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാനും ഇവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വിലക്കുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.
🇰🇼വിദേശ യാത്രകള്‍ മാറ്റിവെയ്‍ക്കാന്‍ നിര്‍ദേശം നല്‍കി കുവൈത്ത് അധികൃതര്‍.
✒️ലോകവ്യാപകമായി കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിദേശ യാത്രകള്‍ (Foreign travel) മാറ്റിവെയ്‍ക്കാന്‍ നിര്‍ദേശം നല്‍കി കുവൈത്ത് അധികൃതര്‍. വിദേശകാര്യ മന്ത്രാലയമാണ് (Ministry of foreign affairs) രാജ്യത്തുനിന്ന് യാത്രയ്‍ക്കൊരുങ്ങുന്ന കുവൈത്ത് പൗരന്മാര്‍ക്ക് (Kuwait citizen) ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
ലോകവ്യാപകമായി ഇപ്പോള്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ്, രോഗം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ വിവിധ രാജ്യങ്ങളിലെ ആരോഗ്യ സുരക്ഷാ നിബന്ധനകളിലും മുന്‍കരുതല്‍ നിര്‍ദേശങ്ങളിലും മാറ്റം വരാനും സാധ്യതയുണ്ടെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനോ വിമാനങ്ങള്‍ വൈകാനോ വിമാന യാത്രകള്‍ റദ്ദാക്കപ്പെടാനോ സാധ്യതയുണ്ടെന്നും വിദേശത്ത് ഇത്തരം അവസ്ഥകള്‍ നേരിടേണ്ടി വരുന്നത് ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് യാത്രാ പദ്ധതികള്‍ മാറ്റി വെയ്‍ക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.
🇦🇪പുതുവര്‍ഷത്തിലെ ആദ്യ കോടീശ്വരന്‍; പ്രവാസിയെ ഭാഗ്യം തേടിയെത്തിയത് ഒരു മാസത്തിനിടയിലെ രണ്ടാം ശ്രമത്തില്‍.
✒️പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രവാസിയെ തേടിയെത്തിയത് രണ്ട് കോടിയുടെ ഭാഗ്യം കടാക്ഷിച്ചെന്ന അപ്രതീക്ഷിത ടെലിഫോണ്‍ സന്ദേശം. സൗദി അറേബ്യയിലെ റിയാദില്‍ താമസിക്കുന്ന വെഖാര്‍ ജാഫ്‍രിക്കാണ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നേടിയെന്ന് അറിയിച്ചുകൊണ്ട് അവതാരക ബുഷ്‍റയുടെ ഫോണ്‍കോള്‍ ലഭിച്ചത്. ഡിസംബറില്‍ തനിക്ക് ഭാഗ്യമെത്തുമെന്ന ഉറച്ച വിശ്വാസത്തോടെ നടത്തിയ രണ്ടാം ശ്രമത്തില്‍ അദ്ദേഹം വിജയം കാണുകയായിരുന്നു.
ജനുവരി മൂന്നിന് നടക്കാനിരിക്കുന്ന 50 കോടിയുടെ നറുക്കെടുപ്പിലെ ഗ്രാന്റ് പ്രൈസും പ്രതിവാര നറുക്കെടുപ്പിലെ രണ്ട് കോടിയും പ്രതീക്ഷിച്ച് ഡിസംബര്‍ ആദ്യവാരമാണ് അദ്ദേഹം ടിക്കറ്റെടുത്തത്. എന്നാല്‍ പ്രതിവാര നറുക്കെടുപ്പില്‍ വിജയം കണ്ടില്ല. ഇതോടെ ഡിസംബര്‍ 24ന് വീണ്ടും രണ്ട് ബിഗ് ടിക്കറ്റുകള്‍ കൂടി എടുത്തു. ഈ ടിക്കറ്റുകളിലൂടെ ജനുവരി ഒന്നിന് നടന്ന പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് കോടിയുടെ സമ്മാനം അദ്ദേഹത്തെ തേടിയെത്തി.
'വര്‍ഷം മുഴുവനും നിരവധിപ്പേരുടെ ജീവിതം മാറ്റിമറിക്കുന്ന ബിഗ് ടിക്കറ്റ്, ഇന്ന് എന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. 'ബിഗ് ടിക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സുതാര്യതയാണ്. വിജയികളുടെയും ബിഗ് ടിക്കറ്റിനൊപ്പം നില്‍ക്കുന്ന എല്ലാവരുടെയും ജീവിതത്തില്‍ അത് മാറ്റം കൊണ്ടുവരുന്നുവെന്നും' അദ്ദേഹം ബിഗ് ടിക്കറ്റ് പ്രതിനിധിയോട് സംസാരിക്കവെ അഭിപ്രായപ്പെട്ടു.
ഡിസംബറിലെ നാല് പ്രതിവാര നറുക്കെടുപ്പുകളിലും വിജയികളായവര്‍ക്ക് ജനുവരി മൂന്നിന് നടക്കാനിരിക്കുന്ന 50 കോടിയുടെ ഗ്രാന്റ് പ്രൈസിനായുള്ള നറുക്കെടുപ്പിലും വിജയിയാവാന്‍ അവസരമുണ്ടാകും. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണത്തിനായി കാത്തിരിക്കുകയാണ് ഭാഗ്യാന്വേഷികള്‍.
🇦🇪യുഎഇയിലെ പ്രധാന റോഡ് താത്കാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്
✒️ഷാര്‍ജ: യുഎഇയില്‍ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്‍ത സാഹചര്യത്തില്‍ ഷാര്‍ജയിലെ മെലീഹ റോഡ് താത്കാലികമായി അടച്ചിടും. ശനിയാഴ്‍ച രാത്രിയാണ് ഷാര്‍ജ പൊലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. മഹാഫില്‍ എരിയയില്‍ നിന്ന് കല്‍ബയിലേക്കും ഫുജൈറയിലേക്കുമുള്ള രണ്ട് ദിശകളിലേയും റോഡ് അടയ്‍ക്കുമെന്നാണ് അറിയിപ്പ്.
കനത്ത മഴയെ തുടര്‍ന്ന് തൊട്ടടുത്ത വാദിയില്‍ നിന്നുള്ള വെള്ളം റോഡില്‍ നിറഞ്ഞതാണ് നിയന്ത്രണത്തിന് കാരണം. പകരം ഷാര്‍ജ - അല്‍ ദൈത് റോഡോ അല്ലെങ്കില്‍ ഖോര്‍ഫകാന്‍ റോഡോ ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്‍ച മുതല്‍ യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്‍തുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ ജബല്‍ ജെയ്‍സിലെ സിപ്‍ലൈന്‍ ഞായറാഴ്‍ചയും അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്. ഷാര്‍ജ, ദുബൈ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
🛫പാസ്പോർട്ട് അപേക്ഷകരിൽ വൻ കുറവ് രേഖപ്പെടുത്തിയതായി ഇന്ത്യൻ വിദേശ മന്ത്രാലയം.
✒️പകുതിയിലധികം കുറവാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകരിൽ COVID-19 മഹാമാരിയുടെ കാലത്ത് രേഖപ്പെടുത്തിയത്.
പ്രധാനമായും വിദേശ ജോലി ആവശ്യാർത്ഥമാണ് ഇന്ത്യക്കാർ പാസ്പോർട്ടിന് അപേക്ഷിക്കുന്നത്. ഇതിൽ തന്നെ ഇത്തരം ഭൂരിഭാഗം അപേക്ഷകളും ഗൾഫ് മേഖലയിലേക്കുള്ള തൊഴിലിനായാണ്. രണ്ടാമതായി, പാസ്പോർട്ട് കരസ്ഥമാക്കുന്നത് കുടുംബവിസിറ്റ്, പഠനം തുടങ്ങിയ കാര്യങ്ങൾക്കാണ്.
ഇന്ത്യൻ വിദേശ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച്, 2017, 2018, 2019 എന്നീ മൂന്ന് വർഷങ്ങളിൽ ശരാശരി ഒരു കോടി പതിമൂന്ന് ലക്ഷത്തോളം അപേക്ഷകരാണ് പാസ്പോർട്ടുകൾക്കായി അപേക്ഷകൾ സമർപ്പിച്ചിരുന്നത്. എന്നാൽ 2020-ൽ ഇത് അമ്പത്തി നാല് ലക്ഷമായി ചുരുങ്ങിയതായും, 2021 നവംബർ അവസാനം വരെ 64 ലക്ഷത്തോളം പേർ മാത്രമാണ് അപേക്ഷിച്ചതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
സ്വതവേ ഇടിയുന്ന ഗൾഫ് തൊഴിൽ ലഭ്യതയുടെ മേൽ COVID-19 മഹാമാരി വരുത്തിയ വലിയ ഭീഷണി തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. 2014 മുതൽ 2021 നവംബർ മാസം വരെ മൊത്തം 8,21,78,560 പാസ്പോർട്ടുകൾ ഇഷ്യൂ ചെയ്തിട്ടുണ്ട്. ഇതിൽ 7,34,06,785 പാസ്പോർട്ടുകൾ ഇന്ത്യയിൽ വെച്ചും 87,71,775 പാസ്പോർട്ടുകൾ വിദേശത്ത് വെച്ചുമാണ് ഇഷ്യൂ ചെയ്തിട്ടുള്ളത്.
കോവിഡ് തീർത്ത പ്രതിസന്ധികൾ അനിശ്ചിതമായി തീരുന്ന ഈ കാലത്ത് പുതിയ മാർഗങ്ങൾ ഉരുത്തിരിഞ്ഞു വരുമെന്ന് പ്രത്യാശിക്കാം.
🇧🇭ബഹ്‌റൈൻ: VAT നിരക്ക് 10 ശതമാനമാക്കി.
✒️രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ബഹ്‌റൈനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ബഹ്‌റൈനിലെ VAT നിരക്ക് 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർന്നിട്ടുണ്ട്.
അവശ്യ ഭക്ഷണ സാധനങ്ങൾ, കെട്ടിടനിർമ്മാണ വസ്തുക്കൾ, ഓയിൽ, ഗ്യാസ്, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം തുടങ്ങി VAT ഒഴിവാക്കിയിട്ടുള്ള മേഖലകൾ പഴയ രീതിയിൽ തന്നെ തുടരുന്നതാണ്.
രാജ്യത്തെ VAT നിരക്ക് 10 ശതമാനമാക്കുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് 2021 ഡിസംബർ 8-ന് അംഗീകാരം നൽകിയിരുന്നു. അഞ്ച് ശതമാനം VAT നിരക്ക് 2022 ജനുവരി 1 മുതൽ പത്ത് ശതമാനത്തിലേക്ക് ഉയർത്തുന്നത് ലക്ഷ്യമിട്ടുള്ള ഒരു കരട് നിയമം 2021 സെപ്റ്റംബറിൽ ബഹ്‌റൈൻ പാർലിമെന്റിൽ അവതരിപ്പിച്ചിരുന്നു. ഈ കരട് ബില്ലിൽ ഡിസംബർ 8-ന് നടന്ന ചർച്ചകളിൽ, രാജ്യത്തെ VAT നിരക്ക് 10 ശതമാനത്തിലേക്ക് ഉയർത്തുന്നതിന് ക്യാബിനറ്റ് അംഗീകാരം നൽകുകയായിരുന്നു.
🇶🇦ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക്.
✒️ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക്, ഇന്ന് 998 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 347 പേര്‍ക്ക് പിഴ ചുമത്തി. ഖത്തറില്‍ കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുകയാണ്. ഇന്ന് പോസിറ്റീവ് ആയ 636 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 362 പേര്‍ യാത്രക്കാരാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രാജ്യത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്ന് 347 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മാസ്ക് ധരിക്കാത്തവര്‍ക്കും ഇഹ്തിറാസ് ആപ്പില്‍ രജിസറ്റര്‍ ചെയ്യാത്തവര്‍ക്കും എതിരെയാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ രാജ്യത്ത് മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു, ഇന്നുമുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനവും ഓണ്‍ലൈനാക്കിയിട്ടുണ്ട്. അതേ സമയം, ഖത്തറടക്കം അഞ്ച് രാജ്യങ്ങളെ അബൂദബി ഗ്രീന്‍ ലിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി.ഇതോടെ ഖത്തറില്‍ നിന്നും അബൂദബിയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടിവരും.
🇸🇦സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തില്‍ ഇടിവ്.
✒️സൗദിയില്‍ നിന്നും വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ ഇടിവ് രേഖപ്പെടുത്തി. നവംബര് മാസത്തിലെ പണമിടാപാടിലാണ് കുറവ് നേരിട്ടത്. ഒക്ടോബറിലെ പണമിടപാടിനെ അപേക്ഷിച്ച് നാല് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സൗദി ദേശീയ ബാങ്കായ സാമ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് വിദേശ പണമിടപാടില്‍ ഇടിവ് രേഖപ്പെടുത്തിയത്. രാജ്യത്തെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന നവംബറില് വിദേശികള് 1297 കോടി റിയാല് അയച്ചതായി സാമയുടെ റിപ്പോര്ട്ട് പറയുന്നു. ഒക്ടോബറിൽ ഇത് 1302 കോടിയായിരുന്നിടത്താണ് കുറവ്. എന്നാൽ മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു ശതമാനം വർധനവും രേഖപ്പെടുത്തി. നവംബറിൽ സ്വദേശികൾ വിവിധ ആവശ്യങ്ങൾക്കായി വിദേശങ്ങളിലേക്ക് അയക്കുന്ന തുകയിൽ ഇത്തവണ വർദ്ധനവ് രേഖപ്പെടുത്തി. 718 കോടി റിയാലാണ് ഈ കാലയളവിലെ റെമിറ്റന്സ്. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 48ശതമാനം അധികമാണ്. തൊട്ട് മുൻപത്തെ മാസത്തെ റെമിറ്റന്സിനെക്കാള് പതിനേഴ് കോടിയുടെ വർധനവും നവംബറിൽ രേഖപ്പെടുത്തിയതായി സാമയുടെ റിപ്പോർട്ട് പറയുന്നു.
🇸🇦സൗദിയിൽ കോവിഡിന്റെ തീവ്രത ഉയരാൻ തുടങ്ങിയിരിക്കുന്നു, ജാഗ്രത വേണം : സൗദി ആരോഗ്യ മന്ത്രാലയം
✒️കോവിഡിന്റെ നിലവിലെ തരംഗം ഏറ്റവും ശക്തമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. കോവിഡ് സംബന്ധിച്ച ഏറ്റവും പുതിയ സംഭവ വികാസങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ആരോഗ്യ വക്താവ് ഇക്കാര്യം പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തികൊണ്ടിരിക്കുന്നു.
ആഗോളതലത്തിൽ കോവിഡ് കേസുകൾ കൂടിയതോടെ സൗദിയിലും പകർച്ചയുടെ തീവ്രത ഉയരാൻ തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മുമ്പത്തെ തരംഗങ്ങളെ അപേക്ഷിച്ച് ഈ തരംഗം ഏറ്റവും ഉയർന്നതാണെന്നും ആരോഗ്യ വക്താവ് പറഞ്ഞു. രാജ്യത്ത് 5.1 കോടിയിലധികം വാക്‌സിനുകൾ നൽകി. 2.31 കോടിയിലധികം ആളുകൾ രണ്ട് ഡോസുകൾ എടുത്തിട്ടുണ്ട്.
ബൂസ്റ്റർ ഡോസ് കോവിഡ് ബാധക്കുള്ള സാധ്യത കുറക്കുകയും ശരീരത്തിനുള്ളിൽ ആൻറിബോഡികൾ വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും വക്താവ് ചൂണ്ടിക്കാട്ടി. ഗുരുതരമായ കേസുകളുടെ വർധനവ് തങ്ങൾ നിരീക്ഷിച്ചുവരികയാണ്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കേസുകൾ മിക്കതും കോവിഡ് വാക്സിനുകൾ പൂർത്തിയാക്കാത്ത ആളുകളിലാണ്. നിലവിൽ ശുപാർശ ചെയ്യുന്ന ബൂസ്റ്റർ ഡോസ് ഒമിക്രൊൺ വകഭേദത്തെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നും ആരോഗ്യ വക്താവ് പറഞ്ഞു.
0 Comments