Ticker

6/recent/ticker-posts

Header Ads Widget

ഞായറാഴ്ച ലോക്‌ഡൗൺ; അഞ്ച് ജില്ലകളിൽ പൊതുപരിപാടികൾക്ക് വിലക്ക്

തിരുവനന്തപുരം: കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് ജനുവരി 23, 30 തീയതികളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. അവശ്യസർവീസുകൾക്കുമാത്രമാകും അനുമതി. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന്റെയടിസ്ഥാനത്തിൽ ജില്ലകളെ എ, ബി, സി. എന്നു തരംതിരിച്ചായിരിക്കും നിയന്ത്രണം. 10, 11, 12 ക്ലാസുകളും കോളേജ് ക്ലാസുകളും പ്രവർത്തിക്കും. ഈ കാറ്റഗറിയിൽ പെടാത്ത ജില്ലകളിൽ കോവിഡ് നിയന്ത്രണങ്ങൾ പതിവുപോലെ തുടരും.

സ്പെഷൽ സ്കൂളുകളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽമാത്രം അടയ്ക്കും. സെക്രട്ടേറിയറ്റിൽ കോവിഡ് വാർ റൂം പ്രവർത്തിക്കും. ജില്ലകളിൽ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി നിയന്ത്രണങ്ങൾ വരുത്താൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകി.

ജില്ലകളിൽ ഇങ്ങനെ:

കാറ്റഗറി എ

എറണാകുളം, ആലപ്പുഴ, കൊല്ലം

നിബന്ധന: ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ജനുവരി ഒന്നിനേക്കാൾ ഇരട്ടിയാവുക, ഐ.സി.യു.വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുക.

നിയന്ത്രണങ്ങൾ: എല്ലാ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർ.

കാറ്റഗറി ബി

തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട്

നിബന്ധന: ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ. ഐ.സി.യു.വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം ജനുവരി ഒന്നിൽനിന്ന് ഇരട്ടിയാവുക.

നിയന്ത്രണങ്ങൾ: സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതുപരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനിൽ. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ.

കാറ്റഗറി സി

നിലവിൽ ഒരു ജില്ലയുമില്ല.

നിബന്ധന: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ.

നിയന്ത്രണങ്ങൾ: സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനിൽ. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ. സിനിമാ തിയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, ജിമ്മുകൾ അനുവദിക്കില്ല.

ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈനിൽ മാത്രം. റസിഡൻഷ്യൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

മറ്റു ജില്ലകൾ.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം

കോവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം.

സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്‌ലൈനായിത്തന്നെ തുടരും. സ്കൂളുകൾ പൂർണമായി അടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്.

അതേസമയം കേരളത്തിലെ ആശുപത്രികളിൽ ഡിസ്ചാർജ് പോളിസി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവർ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാർജ് പോളിസി പുതുക്കിയത്. നേരിയ രോഗലക്ഷണമുള്ളവർക്ക് ആശുപത്രി വിടുന്നതിന് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗ ലക്ഷണങ്ങളുള്ള രോഗികൾ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് മുതലോ, ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കൊവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടിൽ 7 ദിവസം നിരീക്ഷണത്തിൽ കഴിയുക. അതോടൊപ്പം മൂന്ന് ദിവസം തുടർച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താൽ ഗൃഹ നിരീക്ഷണം അവസാനിപ്പിക്കാം തുടങ്ങിയവയാണ് നിർദേശങ്ങൾ.

Post a Comment

0 Comments