🇰🇼പി.സി.ആർ സമയപരിധി 72 മണിക്കൂർ ആക്കി.
✒️കുവൈത്തിൽ എത്തുന്നവർ 48 മണിക്കൂറിന് ഉള്ളിലെ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണമെന്ന ഉത്തരവിൽ ഇളവ്. ചൊവ്വാഴ്ച മുതൽ 72 മണിക്കൂർ പരിധിയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്ന് കൊറോണ എമർജൻസി സുപ്രീം കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽ ജാറുല്ല അറിയിച്ചു.
🇰🇼ഒത്തുകൂടലുകൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി കുവൈത്ത്.
✒️അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകൾക്കും പൊതുപരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി 28 വരെയാണ് വിലക്കിന് പ്രാബല്യം. ആരോഗ്യ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ തീരുമാനത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്നാണ് നടപടി ശക്തമാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. പ്രതിദിന കേസ് ആയിരത്തിന് അടുത്തെത്തിയത് ഗൗരവമാണ്.
🇴🇲കൊവിഡ് വ്യാപനം; മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഒമാനിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം.
✒️ഒമാനിൽ(Oman) കൊവിഡ് (Covid 19)വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുൻകരുതൽ നടപടികൾ പാലിക്കുവാനും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കുവാനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
🇴🇲ഒമാനിൽ കൊവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.
✒️ഒമാൻ ആരോഗ്യ മന്ത്രാലയം (Oman Health Ministry) അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ ഫലമായി ഇതുവരെ ആര്‍ക്കും എന്തെങ്കിലും പാർശ്വഫലങ്ങളോ (Side effects) ഗുരുതരമായ സങ്കീർണതകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നിർദിഷ്‍ട വാക്സിൻ ഡോസുകൾ പൂർത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെപ്പോലെ ഒമാനിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ 72 മണിക്കൂറിനിടെ 343 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഞായറാഴ്‍ച ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കിയത്. വ്യാഴാഴ്‍ച 119 പേര്‍ക്കും വെള്ളിയാഴ്‍ച 102 പേര്‍ക്കും ശനിയാഴ്‍ച 122 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
🇴🇲ഒമാനില്‍ 176 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല.
✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 176 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 44 പേര്‍ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ഇതുവരെ 3,06,008 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,00,532 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,117 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.2 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 14 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
🇦🇪ഗോള്‍ഡന്‍ വിസയുണ്ടെങ്കില്‍ ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിന് ക്ലാസ് വേണ്ട.
✒️ദുബൈ: യുഎഇയില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് (Golden visa holders) ഡ്രൈവിങ് ലൈസന്‍സ് (Driving Licence) എടുക്കാന്‍ ക്ലാസുകള്‍ ആവശ്യമില്ലെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി (Dubai Road Transport Authority). സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കി നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും (Knowledge test and Road test) പാസായാല്‍ ലൈസന്‍സ് ലഭിക്കുമെന്ന് ദുബൈ ആര്‍.ടി.എ ട്വീറ്റ് ചെയ്‍തു.
ഗോള്‍ഡന്‍ വിസയുള്ളവര്‍ തങ്ങളുടെ എമിറേറ്റ്സ് ഐഡിയും നേരത്തെയുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയുമാണ് നല്‍കേണ്ടത്. തുടര്‍ന്ന് നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പൂര്‍ത്തിയാക്കി ലൈസന്‍സ് സ്വന്തമാക്കാനാവും. മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ക്ക് ഇതിനോടകം യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
ദീര്‍ഘകാല താമസാനുമതിയായ ഗോള്‍ഡന്‍ വിസ 2019 മുതലാണ് യുഎഇ അനുവദിച്ചു തുടങ്ങിയത്. രാജ്യത്ത് സ്വദേശി സ്‍പോണ്‍സറുടെ ആവശ്യമില്ലാതെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സാധിക്കുമെന്നതാണ് ഗോള്‍ഡന്‍ വിസയുടെ സവിശേഷത. ഇതിന് പുറമെ തങ്ങളുടെ ബിസിനസുകളില്‍ പൂര്‍ണ ഉടമസ്ഥാവകാശവും സാധ്യമാണ്. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസകള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വമേധയാ പുതുക്കി നല്‍കും.
2021 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ദുബൈയില്‍ മാത്രം 44,000ല്‍ അധികം പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്. നിക്ഷേപകര്‍, സംരംഭകര്‍, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ശാസ്‍ത്ര - സാങ്കേതിക രംഗത്തെ ഗവേഷകര്‍, പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.
🇶🇦ഭൂരിഭാഗം പേരിലും ഒമിക്രോണ്‍ ഗുരുതരമല്ല; അടിയന്തര ഘട്ടങ്ങളില്‍ മാത്രം 999ല്‍ വിളിക്കണമെന്ന് ഖത്തര്‍ അധികൃതര്‍.
✒️ഖത്തറില്‍ (Qatar) അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം അടിയന്തര ആരോഗ്യ സേവനമായ 999 ഉപയോഗപ്പെടുത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (Hamad Medical Corporation). രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ (Omicron) വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്ന രോഗികള്‍ക്ക് വളരെ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ പ്രകടമാവുന്നുള്ളൂ. ഇവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ ആവശ്യമില്ല. ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതിനാല്‍ ഖത്തറില്‍ ഈ കണ്ടെത്തലുകള്‍ ഏറെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള കൊവിഡ് രോഗികള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ അടിയന്തര സേവന വിഭാഗത്തെ ആശ്രയിക്കരുത്. ചെറിയ ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തി പോസിറ്റീവാകുന്ന ദിവസം മുതല്‍ 10 ദിവസം സ്വയം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും ഹമദ് ജനറല്‍ ഹോസ്‍പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു.
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. അതുപോലെ തന്നെ അത്യാഹിത വിഭാഗങ്ങളിലും കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. അടിയന്തര സാഹചര്യത്തിലുള്ള രോഗികളെ ചികിത്സിക്കാന്‍ ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും സജ്ജമാണ്. എന്നാല്‍ അടിയന്തരമല്ലാത്ത രോഗലക്ഷണങ്ങളുള്ളവര്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണം - അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
അതീവ ഗുരുതരമായ മെഡിക്കല്‍ സാഹചര്യങ്ങളില്‍ മാത്രം 999 എന്ന നമ്പറില്‍ വിളിച്ച് ആംബുലന്‍സ് സഹായം തേടണം. അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലെത്താം. ജീവന്‍ അപകടത്തിലാവുന്ന അത്യാവശ്യ ഘട്ടങ്ങളില്‍ എപ്പോഴും സഹായ സന്നദ്ധമായി ആംബുലന്‍സ് സംഘങ്ങളുണ്ടാകുമെന്നും അത്തരം സാഹചര്യങ്ങളില്‍ 999ല്‍ വിളിക്കാന്‍ മടിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
🇦🇪യുഎഇയില്‍ 2515 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,515 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 862 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,71,384 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,69,608 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,47,715 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,169 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 19,724 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇴🇲ഒമാൻ: ടൂറിസം നികുതി തിരികെ ഏർപ്പെടുത്താൻ തീരുമാനം.
✒️COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെച്ചിരുന്ന ടൂറിസം നികുതി തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ജനുവരി 3-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തെ ടൂറിസം മേഖലയിലെ നാല് ശതമാനം നികുതി ജനുവരി 1 2022 മുതൽ തിരികെ ഏർപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി. COVID-19 മഹാമാരിയെത്തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതിന് ഇത്തരം മേഖലകൾക്ക് സഹായം നൽകുന്നതിനായിട്ടാണ് 2021 ഡിസംബർ അവസാനം വരെ ടൂറിസം മേഖലയിലെ നികുതി താത്‌കാലികമായി ഒഴിവാക്കി നൽകിയിരുന്നത്.
2022 ജനുവരി 1 മുതൽ രാജ്യത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 4% നികുതി ബാധകമാകുമെന്ന് മന്ത്രാലയം അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
🇰🇼കുവൈറ്റ്: 2021-ൽ പതിനെണ്ണായിരത്തിൽ പരം പ്രവാസികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം.
✒️2021-ൽ രാജ്യത്ത് നിന്ന് 18221 പ്രവാസികളെ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2021 ജനുവരി 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിനുള്ളിലാണ് കുവൈറ്റിലെ ഡീപോർട്ടെഷൻ കേന്ദ്രം ഇത്രയും പ്രവാസികൾക്കെതിരെ നാട് കടത്തൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ഇതിൽ 11177 പേർ പുരുഷന്മാരും, 7044 പേർ സ്ത്രീകളുമാണ്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ശരാശരി പ്രതിദിനം അമ്പത് പ്രവാസികളെ വീതം കുവൈറ്റ് നാട് കടത്തിയിട്ടുണ്ട്.
നാട് കടത്തിൽ നടപടി നേരിട്ടതിൽ ഭൂരിഭാഗം പേരും റെസിഡൻസി കാലാവധി അവസാനിച്ചവരാണ്. ശിക്ഷാര്‍ഹമായ പെരുമാറ്റങ്ങൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ, ആത്മഹത്യയ്ക്ക് ശ്രമിച്ചവർ, COVID-19 മഹാമാരി മൂലം ഏർപ്പെടുത്തിയ കർഫ്യൂ നിയന്ത്രണങ്ങൾ മറികടന്നവർ തുടങ്ങിയവരും നാട് കടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു.
അതേസമയം 2021-ൽ ഏതാണ്ട് രണ്ടര ലക്ഷത്തോളം പ്രവാസികൾ സ്വയമേവ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
🇶🇦യാത്ര കഴിഞ്ഞ് ഖത്തറിൽ തിരിച്ചെത്തുന്നവർക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയെന്ന് അധികൃതർ.
✒️യാത്ര കഴിഞ്ഞ് ഖത്തറിൽ തിരിച്ചെത്തുന്നവർക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയെന്ന് അധികൃതർ. പി സി ആർ ഫലം വൈകുന്നതിനെത്തുടർന്നാണ് അധികൃതരുടെ നിർദേശം.
0 Comments