🇧🇭ബഹ്‌റൈൻ: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
✒️രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 18-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ രജിസ്‌ട്രേഷൻ 2022 ജനുവരി 19, ബുധനാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്. ഈ പ്രായവിഭാഗക്കാർക്ക് നൽകുന്നതിനുള്ള വാക്സിൻ രാജ്യത്തെത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.
ഈ പ്രായവിഭാഗത്തിൽപ്പെടുന്ന തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് താത്പര്യമുള്ള രക്ഷിതാക്കൾക്ക് BeAware ആപ്പിലൂടെയോ, https://healthalert.gov.bh/en/ എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ഈ പ്രായവിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിന് മന്ത്രാലയം രക്ഷിതാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
സിത്ര മാളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് ഈ പ്രായവിഭാഗക്കാർക്ക് വാക്സിൻ നൽകുന്നത്. ഈ പ്രായവിഭാഗക്കാർക്ക് വാക്സിൻ ലഭിക്കുന്നതിന് രക്ഷിതാവിന്റെ അനുവാദം ആവശ്യമാണ്. വാക്സിനെടുക്കാൻ വരുന്ന കുട്ടികൾ നിർബന്ധമായും ഒരു മുതിർന്ന വ്യക്തിയോടൊപ്പമായിരിക്കണം വാക്സിനേഷൻ കേന്ദ്രത്തിലെത്തേണ്ടത്.
രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം 2021 നവംബറിൽ ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു.
🇴🇲ഒമാൻ: സിവിൽ ഏവിയേഷൻ അതോറിറ്റി കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.
✒️2022 ജനുവരി 20, വ്യാഴാഴ്ച്ച മുതൽ രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം അനുഭവപ്പെടുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി. ഇത് ജനുവരി 20 മുതൽ ഏതാനം ദിവസങ്ങൾ നീണ്ട് നിൽക്കുമെന്നും CAA കൂട്ടിച്ചേർത്തു.
ജനുവരി 18-നാണ് ഒമാൻ CAA ഈ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയത്. രാജ്യത്തുടനീളം വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടാമെന്നും, ഇതിനെത്തുടർന്ന് താഴെ പറയുന്ന കാലാവസ്ഥാ പ്രതിഭാസങ്ങൾ അനുഭവപ്പെടാമെന്നും CAA അറിയിപ്പിൽ വ്യക്തമാക്കുന്നു:
ഒമാൻ കടൽ, മുസന്ദം ഗവർണറേറ്റിന്റെ പടിഞ്ഞാറൻ തീരമേഖലകൾ എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുന്നതാണ്. ഈ മേഖലയിൽ പരമാവധി രണ്ട് മുതൽ നാല് മീറ്റർ വരെയുള്ള തിരമാലകൾ അനുഭവപ്പെടാവുന്നതാണ്.
രാജ്യത്തിന്റെ തുറസായ പ്രദേശങ്ങളിലും, മരുഭൂ പ്രദേശങ്ങളിലും, മണൽക്കാറ്റിനെ തുടർന്ന് കാഴ്ച്ച തടസപ്പെടുന്നതിന് സാധ്യതയുണ്ട്.
അന്തരീക്ഷ താപനിലയിൽ അഞ്ച് മുതൽ എട്ട് ഡിഗ്രി വരെ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ CAA നിർദ്ദേശിച്ചിട്ടുണ്ട്. വാഹനങ്ങൾ ഉപയോഗിക്കുന്നവർ, മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധപുലർത്താനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
🇸🇦സൗദി: 2022 ഫെബ്രുവരി മുതൽ തവക്കൽന ആപ്പിലെ സ്റ്റാറ്റസ് നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു.
✒️2022 ഫെബ്രുവരി 1 മുതൽ തവക്കൽന (Tawakkalna) ആപ്പിൽ COVID-19 വാക്സിനേഷനുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്ന രോഗപ്രതിരോധശേഷി സ്റ്റാറ്റസ് നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി 18-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 2022 ഫെബ്രുവരി 1 മുതൽ Tawakkalna ആപ്പിൽ താഴെ പറയുന്ന രീതിയിലാണ് രോഗപ്രതിരോധശേഷി സ്റ്റാറ്റസ് രേഖപ്പെടുത്തുന്നത്:
COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 8 മാസം പൂർത്തിയാക്കുന്നതോടെ ഈ സ്റ്റാറ്റസ് ‘രോഗപ്രതിരോധശേഷിയില്ല എന്ന രീതിയിലേക്ക്’ മാറുന്നതാണ്.
രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത തീയതി മുതൽ എട്ട് മാസം പൂർത്തിയാക്കുന്നത് വരെ ഈ സ്റ്റാറ്റസ് മാറാതെ നിലനിൽക്കുന്നതാണ്.
2022 ഫെബ്രുവരി 1 മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2022 ഫെബ്രുവരി 1 മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രാലയം 2021 ഡിസംബർ 3-ന് അറിയിച്ചിരുന്നത്.
ഈ പ്രായവിഭാഗത്തിൽപ്പെടുന്ന, രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്കാണ് ഈ തീരുമാനം ബാധകമാക്കുന്നതെന്ന് മന്ത്രാലയം 2021 ഡിസംബർ 3-ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് 2022 ഫെബ്രുവരി 1 മുതൽ രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് എട്ട് മാസം പൂർത്തിയാക്കിയരുടെ തവക്കൽന ആപ്പിലെ സ്റ്റാറ്റസ് മാറുന്നത്.
സൗദിയിലെ COVID-19 സുരക്ഷാ നിയമങ്ങൾ പ്രകാരം വ്യക്തികൾക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും, പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഉൾപ്പടെ വിവിധ കാര്യങ്ങൾക്ക് തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിർബന്ധമാണ്.
🇸🇦കൊവിഡ് വ്യാപനം; സൗദിയില്‍ സ്‌കൂള്‍ അസംബ്ലി ഒഴിവാക്കി.
✒️കൊവിഡ് വ്യാപനം(Covid spread) ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ(Saudi Arabia) സ്‌കൂളുകളില്‍ രാവിലെയുള്ള അസംബ്ലി ഒഴിവാക്കി. സ്‌കൂളിലെത്തിയാല്‍ വിദ്യാര്‍ഥികളെ നേരെ ക്ലാസുകളിലേക്ക് അയക്കണം. ശ്വസന സംബന്ധമായ രോഗലക്ഷണങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് രാവിലെ പരിശോധന നടത്തണം.
സ്‌കൂള്‍ മുറ്റങ്ങള്‍ വ്യത്യസ്ത ഏരിയകളായി തിരിച്ച് ഓരോ ഏരിയയും ഒരു ക്ലാസിന് നീക്കിവെച്ചാണ് പരിശോധനകള്‍ നടത്തേണ്ടത്. വ്യത്യസ്ത ഗ്രൂപ്പുകളിലെ വിദ്യാര്‍ഥികള്‍ പരസ്പരം കൂടിക്കലരുന്നില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തണം. ഓരോ ഗ്രൂപ്പിനു സമീപവും കുപ്പത്തൊട്ടികള്‍ സ്ഥാപിക്കണം. 12 വയസില്‍ കുറവ് പ്രായമുള്ള മുഴുവന്‍ വിദ്യാര്‍ഥികളും വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
🇸🇦സൗദിയില്‍ പത്തര ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു.
✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) മൂന്നര വര്‍ഷത്തിനിടെ പത്തര ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 2018 ജനുവരി മുതല്‍ 2021 അവസാനം വരെയുള്ള കാലത്താണ് ഇത്രയും പ്രവാസികള്‍ക്ക് (expats)തൊഴില്‍ നഷ്ടപ്പെട്ടത്. സ്വദേശി ജീവനക്കാരുടെ എണ്ണം ഉയരുകയും ചെയ്തു. രാജ്യത്തെ ആകെ വിദേശ തൊഴിലാളികളില്‍ 10.12 ശതമാനം പേര്‍ക്കാണ് ഇക്കാലയളവില്‍ ജോലി നഷ്ടപ്പെട്ടത്.
2018 മുതലാണ് സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 400 റിയാലായി ഉയര്‍ത്തിയത്. 2019 ല്‍ 600 റിയാലായും 2020 ല്‍ 800 റിയാലായും ലെവി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ആകെ 93.6 ലക്ഷം വിദേശ തൊഴിലാളികളുണ്ട്. ലെവി ഉയര്‍ത്തുന്നതിനു മുമ്പ് 2017 അവസാനത്തില്‍ വിദേശ തൊഴിലാളികള്‍ 1.042 കോടിയായിരുന്നു. ഇക്കാലയളവില്‍ സൗദി ജീവനക്കാരുടെ എണ്ണം 5.66 ശതമാനമായി വര്‍ധിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആകെ സ്വദേശി ജീവനക്കരുടെ എണ്ണത്തില്‍ 1,79,000 ഓളം പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ആകെ സ്വദേശി ജീവനക്കാര്‍ 33.4 ലക്ഷമാണ്. 2017 അവസാനത്തില്‍ സൗദി ജീവനക്കാര്‍ 31.6 ലക്ഷമായിരുന്നു.
🇴🇲ഒമാനില്‍ 1,619 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം.
✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 1,619 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 350 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഇതുവരെ 3,16,472 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,03,112 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,124 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 95.8 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 121 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 15 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
🇶🇦ഖത്തർ ലോകകപ്പ്: ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇന്ന് മുതൽ ബുക്ക് ചെയ്യാം.
✒️ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്കിംഗ് നടക്കുക. ടിക്കറ്റ് നിരക്ക് അടക്കമുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഫിഫ ഉടൻ പുറത്തുവിടും.
ജനുവരി 19 മുതല്‍ ഫെബ്രുവരി എട്ട് വരെ ആദ്യഘട്ടത്തില്‍ വിസ കാര്‍ഡ് ഉടമകള്‍ക്ക് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്ന് ഖത്തര്‍ നാഷ്ണല്‍ ബാങ്ക്, ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, ദുഖാന്‍ ബാങ്ക് എന്നിവ ട്വീറ്റ് ചെയ്തിട്ടുണ്ട്.
🛫ഖത്തറിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3,816 പേര്‍ക്ക്.
✒️ഖത്തറിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3,816 പേര്‍ക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 3,501 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 72, 85, 89 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 630 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3386 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 26,42,82 ആയി. രാജ്യത്ത് നിലവില്‍ 42,144 രോഗികളാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേരെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 88 ആയി. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,928 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
🇸🇦സൗദിയിൽ പ്രതിദിന കോവിഡ് രോഗികൾ 6000ത്തോട് അടുക്കുന്നു.
✒️സൗദിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6,000ത്തോട് അടുക്കുന്നു. പുതുതായി 5,928 പുതിയ രോഗികളും 4,981 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,32,736 ഉം രോഗമുക്തരുടെ എണ്ണം 5,78,812 ഉം ആയി.
പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,912 ആയി. നിലവിൽ 45,012 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 492 പേരുടെ നില ഗുരുതരമാണ്.
ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 91.47 ശതമാനവും മരണനിരക്ക് 1.40 ശതമാനവുമാണ്. പുതുതായി റിയാദിൽ 1,525 ഉം ജിദ്ദയിൽ 753 ഉം മക്കയിൽ 332 ഉം മദീനയിൽ 281 ഉം ദമ്മാമിൽ 214 ഉം ഹുഫൂഫിൽ 211 ഉം റാബിഖിൽ 122 ഉം പേർക്ക് രോഗം ബാധിച്ചു.
സൗദി അറേബ്യയിൽ ഇതുവരെ 5,44,17,245 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,52,40,141 ആദ്യ ഡോസും 2,35,07,505 രണ്ടാം ഡോസും 56,69,599 ബൂസ്റ്റർ ഡോസുമാണ്.
0 Comments