Ticker

6/recent/ticker-posts

Header Ads Widget

എടവണ്ണയിൽ യുവാവിനെ അയൽവാസിയായ സ്ത്രീ തീ കൊളുത്തിക്കൊന്നതോ? അടിമുടി ദുരൂഹത.

മലപ്പുറം എടവണ്ണയിൽ യുവാവിനെ അയൽവാസിയായ സ്ത്രീ വഴിത്തർക്കത്തെത്തുടർന്ന് തീ കൊളുത്തിക്കൊന്നതാണെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച സാജിദ് എന്ന ഷാജിയുടെ തൊട്ടടുത്ത് താമസിക്കുന്ന സാഫിയ, അമ്മ സാറാബി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ആദ്യം യുവാവിന്‍റേത് ആത്മഹത്യയാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതൊരു കൊലപാതകമാണെന്നാണ് നാട്ടുകാർ പറയുന്നത്.

ഇന്നലെ രാത്രിയാണ് ഹോട്ടൽ തൊഴിലാളിയായ സാജിദ് എന്ന ഷാജിയെ (അളിയൻ - 45) തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വീടിന് പിന്നിലായി ഇയാളെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തീ അണച്ചെങ്കിലും രക്ഷിക്കാനായില്ല. 
കേസിൽ പൊലീസ് കാര്യക്ഷമമായി നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സാജിദ് എന്ന ഷാജിയെ മണ്ണെണ്ണയൊഴിച്ച് അയൽവാസിയായ സ്ത്രീ തീ കൊളുത്തുന്നത് കണ്ടെന്ന് തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇത് പൊലീസ് രേഖപ്പെടുത്തിയില്ല. എടവണ്ണ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും, കേസിൽ ലോക്കൽ പൊലീസല്ല, ഉന്നതതല അന്വേഷണം വേണമെന്നും സ്ഥലം സന്ദർശിച്ച പി കെ ബഷീർ എംഎൽഎ ആവശ്യപ്പെട്ടു. കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും പി കെ ബഷീർ പറയുന്നു..
അതേസമയം, പൊലീസിനെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. സാജിദ് എന്ന ഷാജി മരിച്ച വിവരം അറിയിച്ചപ്പോൾ പൊലീസുകാർ അതത്ര ഗൗരവത്തിലെടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ മരിച്ചുവെന്ന വിവരം സ്റ്റേഷനിൽ വാഹനമില്ലെന്നും അവിടെ ആകെ രണ്ട് പൊലീസുകാരേ ഉള്ളൂവെന്നുമാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് മറുപടി കിട്ടിയത്. ഏറെ വൈകി സ്ഥലത്തെത്തിയ പൊലീസാകട്ടെ മരിച്ചയാളുടെ ഭാര്യയോടും മകളോടും നല്ല രീതിയിലല്ല പെരുമാറിയതെന്നും നാട്ടുകാർ പറയുന്നു. മരിച്ചയാളുടെ ഭാര്യയോടും മകളോടും രാത്രിയോടെ തന്നെ പൊലീസ് സ്റ്റേഷനിൽ വന്ന് മൊഴി നൽകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. അതല്ലെങ്കിൽ സ്ഥിതി വഷളാവുമെന്ന് പൊലീസ് അവരെ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ ആരോപിക്കുന്നു.

അതേസമയം, ആരോപണവിധേയരായ കുടുംബത്തോട് പൊലീസ് അനുഭാവപൂർവമായാണ് നേരത്തേയും ഇടപെട്ടിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിന് മുമ്പും വഴിത്തർക്കവുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രശ്നങ്ങളുണ്ടായിരുന്നതാണ്. എന്നാൽ പൊലീസ് സംഭവത്തിൽ കൃത്യമായി ഇടപെടാൻ തയ്യാറായില്ല. 

ആരോപണവിധേയയായ അയൽവാസി സ്ത്രീ കെട്ടിയ മതിൽ നാട്ടുകാർ പൊളിച്ചുനീക്കുകയും ചെയ്തു. റോഡ് കയ്യേറിയാണ് മതിൽ കെട്ടിയതെന്നാരോപിച്ചാണ് മതിൽ പൊളിച്ചത്. സാജിദിന്‍റെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്‍മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

മരിച്ച സാജിന്‍റെ ഭാര്യ റസീനയാണ്. മക്കൾ - അമൽ ഹുദ, റിസ്‍വാൻ, സവാഫ്.

Post a Comment

0 Comments