🇸🇦പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍.
✒️സൗദി അറേബ്യയില്‍(Saudi Arabia) 'പ്രീമിയം ഇഖാമ' (premium iqama)നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന. ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് സൗദി പൗരന്മാര്‍ക്ക് തുല്യമായ സേവനങ്ങള്‍ ലഭ്യമാകും വിധം പ്രീമിയം ഇഖാമ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നു.
ഇത് സംബന്ധിച്ച കരട് പദ്ധതി പ്രീമിയം ഇഖാമ സെന്റര്‍ പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായത്തിനും നിര്‍ദേശത്തിനുമായി പരസ്യപ്പെടുത്തി. നാഷണല്‍ കോംപറ്റിറ്റീവ്‌നെസ് സെന്ററിന് കീഴിലെ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമിലാണ് പദ്ധതിയുടെ കരട് രേഖ പരസ്യപ്പെടുത്തിയത്. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിക്കാനും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദഗ്ധരെയും പ്രതിഭകളെയും പ്രഗത്ഭരെയും മറ്റും രാജ്യത്തിന് ആവശ്യമുള്ള കാര്യം കണക്കിലെടുത്താണ് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിക്കാനും ഇഖാമ ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും ആലോചിക്കുന്നത്.
🇦🇪യുഎഇയില്‍ പ്രതിദിന കൊവിഡ് നിരക്ക് വീണ്ടും 3000 കടന്നു; ചികിത്സയിലുള്ളവര്‍ അരലക്ഷത്തിലധികം.
✒️യുഎഇയില്‍ ഇന്ന് 3,014 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,067 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 5,04,831 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,16,945 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,64,731 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,204 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 50,010 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇦🇪ഭാഗ്യമുണ്ടെങ്കില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി നേടാന്‍ ഇപ്പോള്‍ അവസരം.
✒️ഈ വാരാന്ത്യത്തില്‍ ഭാഗ്യവാന്മാര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്ന പുതിയ ഓഫറുമായി അബുദാബി ബിഗ് ടിക്കറ്റ്. ജനുവരി 20ന് പുലര്‍ച്ചെ 12.01ന് ആരംഭിച്ച 'വീക്കെന്‍ഡ് ബൊണാന്‍സ', ജനുവരി 22ന് രാത്രി 11.59വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ മറ്റൊരു ഇലക്ട്രോണിക് നറുക്കെടുപ്പില്‍ കൂടി പങ്കാളിയാക്കപ്പെടും.
ഈ 'വീക്കെന്‍ഡ് ബൊണാന്‍സ' നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന 11 ഭാഗ്യവാന്മാര്‍ക്കാണ്, 44 കോടി രൂപ സമ്മാനം നല്‍കുന്ന 236-ാം സീരിസ് നറുക്കെടുപ്പിലേക്കുള്ള രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി ലഭിക്കുക. വിജയികളുടെ പേര് വിവരങ്ങള്‍ ജനുവരി 23ന് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ അറിയിക്കും.
നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ മൂന്നാമൊതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴി നേരിട്ടോ ടിക്കറ്റുകള്‍ എടുക്കാം.
വിജയിയുടെ ജീവിതം തന്നെ മാറ്റി മറിയ്‍ക്കാന്‍ പര്യാപ്‍തമായ 44 കോടി രൂപയാണ് ഫെബ്രുവരി മൂന്നിന് ഒന്നാം സമ്മാനം നല്‍കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകയുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി അന്ന് വിജയികള്‍ക്ക് ലഭിക്കും. നറുക്കെടുപ്പ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. എത്രയും വേഗം ടിക്കറ്റെടുക്കുന്നതുവഴി യുഎഇയിലെ അടുത്ത കോടീശ്വരനാവാനുള്ള അവസരമാണ് ഓരോ ഉപഭോക്താവിനെയും കാത്തിരിക്കുന്നതെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.
🇸🇦സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും.
✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍(Saudization) മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ് ആലുഹമാദ് അറിയിച്ചു. ഈ മേഖലയില്‍ ഇതിനകം 5000 സൗദി യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. സൗദി വിപണിയില്‍ കടുത്ത മത്സരമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റിങ് മേഖലാ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്.
സര്‍ഗവൈഭവമുള്ള സൗദി യുവതീയുവാക്കള്‍ക്കു മാത്രമേ സൗദി അറേബ്യയുടെ സ്വത്വവും സംസ്‌കാരവും പ്രതിഫലിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. മാര്‍ക്കറ്റിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കും. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് മന്ത്രാലയം പരിശീലനങ്ങള്‍ നല്‍കും. മാര്‍ക്കറ്റിംഗ് മേഖലയില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികള്‍ക്കും ഇവരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്കും പിന്തുണയും സഹായവും നല്‍കുന്നുണ്ട്.
സ്വകാര്യ മേഖലക്ക് ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ മന്ത്രാലയം മുന്‍കൈയെടുത്ത് സ്വദേശികള്‍ക്ക് പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന വിദഗ്ധരുടെയും ഈ മേഖലയില്‍ ജോലി തേടുന്നവരുടെയും കണക്കുകള്‍ മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. വിദഗ്ധരും പരിചയ സമ്പന്നരുമായ സ്വദേശികളുടെ കുറവ് മൂലം മാര്‍ക്കറ്റിംഗ് മേഖലയിലെ മുഴുവന്‍ ഉന്നത തസ്തികകളും സൗദിവല്‍ക്കരിക്കുക ദുഷ്‌കരമാണെന്നും സഅദ് ആലുഹമാദ് പറഞ്ഞു.
🇶🇦ഖത്തറിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും.
✒️ദോഹ:കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഖത്തറിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രിസഭായോഗം അറിയിച്ചു. ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്
രാജ്യത്തെ നിലവിലെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ചും അവ നേരിടുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ചും ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി വിശദീകരിച്ചു.
ജനുവരി എട്ട് മുതലാണ് രാജ്യത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. കൊവിഡിന്റെ മൂന്നാം തരംഗം സ്ഥിരീകരച്ചതിന് പിന്നാലെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
🇸🇦സൗദിയിൽ ഇന്ന് 5,591 കോവിഡ് രോഗികൾ: 5,238 പേർക്ക് രോഗമുക്തി.
✒️ജിദ്ദ: സൗദിയില്‍ ഇന്ന് 5,591 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം 5,238 പേർ രോഗമുക്തിയും നേടിയിട്ടുണ്ട് . ഇതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,38,327 ഉം രോഗമുക്തരുടെ എണ്ണം 5,84,050 ഉം ആയി. പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,914 ആയി. നിലവില്‍ 45,363 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 540 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 91.49 ശതമാനവും മരണനിരക്ക് 1.39 ശതമാനവുമാണ്. പുതുതായി റിയാദില്‍ 1,476 ഉം ജിദ്ദയില്‍ 551 ഉം മക്കയില്‍ 295 ഉം ദമ്മാമില്‍ 249 ഉം ഹുഫൂഫില്‍ 213 ഉം മദീനയില്‍ 190 ഉം അബഹയില്‍ 115 ഉം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു.
സൗദി അറേബ്യയില്‍ ഇതുവരെ 5,46,18,144 ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,52,79,841 ആദ്യ ഡോസും 2,35,20,922 രണ്ടാം ഡോസും 58,17,381 ബൂസ്റ്റര്‍ ഡോസുമാണ്.
🇸🇦സൗദിയിലെ പഴയ കൊട്ടാരങ്ങൾ ആഡംബര ഹോട്ടലുകളായി മാറുന്നു.
✒️സൗദി അറേബ്യയിലെ ചരിത്രപരവും സാംസ്കാരികവുമായി അറിയപ്പെട്ട കൊട്ടാരങ്ങൾ വികസിപ്പിച്ച് ആഡംബര ഹോട്ടലുകളായി മാറ്റുന്നു. ഇതിനായി 'ബോട്ടിക് ഗ്രൂപ്പ്' എന്ന സംരംഭം കിരീടാവകാശിയും പൊതുനിക്ഷേപ നിധി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു.
രാജ്യത്തെ ചരിത്രപരവും സാംസ്കാരികവുമായി പ്രസക്തമായ കൊട്ടാരങ്ങളെ പുനരുദ്ധരിക്കാനും വികസിപ്പിക്കാനും ലക്ഷ്വറി ബോട്ടിക് ഹോട്ടലുകളാക്കി മാറ്റാനുമാണ് പദ്ധതിയെന്ന് കിരീടാവകാശി വ്യക്തമാക്കി. രാജ്യത്തിന്റെ ആധികാരിക സംസ്കാരത്തോടൊപ്പം ഊർജസ്വലമായ ദേശീയ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും അസാധാരണവും അതുല്യവുമായ ആതിഥേയ അനുഭവം ഒരുക്കാനുമാണ് ഇത്. സ്വകാര്യ നിക്ഷേപകരുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. പദ്ധതിയുടെ ആദ്യ ഘട്ടം മൂന്ന് ചരിത്ര സ്ഥലങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. ജിദ്ദയിലെ അൽഹംറ പാലസ്, റിയാദിലെ തുവൈഖ് പാലസ്, റെഡ് പാലസ് എന്നിയാണ് ഇപ്പോൾ ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നത്. 33 ലക്ഷ്വറി സ്യൂട്ടുകളും 44 ആഡംബര വില്ലകളും ഉൾപ്പെടെ 77 മുറികൾ ഉൾപ്പെടുന്നതായിരിക്കും ജിദ്ദയിലെ അൽഹംറ പാലസ്. 40 ലക്ഷ്വറി സ്യൂട്ടുകളും 56 ആഡംബര വില്ലകളും ഉൾപ്പെടെ 96 മുറികൾ ഉൾപ്പെടുന്നതായിരിക്കും റിയാദിലെ തുവൈഖ് പാലസ്. 46 ലക്ഷ്വറി സ്യൂട്ടുകളും 25 ആഡംബര അതിഥി മുറികളും ഉൾപ്പെടെ 71 മുറികൾ അടങ്ങുന്നതായിരിക്കും റിയാദിലെ റെഡ് പാലസ്.
രാജ്യത്തിലെ അത്യാഡംബര ആതിഥേയ മേഖലയെ സമ്പുഷ്ടമാക്കുകയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്ന ഒരു പ്രത്യേക ആതിഥ്യ അനുഭവം നൽകുന്നതിന് രാജ്യത്തിന്റെ സാംസ്കാരികവും പൈതൃകപരവുമായ മൂല്യങ്ങളുടെ ആധികാരികതയും ആധുനിക ജീവിതശൈലിയും 'ബൊട്ടിക് ഗ്രൂപ്പ്' സമന്വയിപ്പിക്കും. മികച്ച അന്താരാഷ്ട്ര റസ്റ്റോറൻറുകൾക്കായി കമ്പനി നിരവധി ഓപ്ഷനുകൾ നൽകും.
ഏറ്റവും പുതിയ വിനോദ കേന്ദ്രങ്ങളിൽ വിശ്രമത്തിനുള്ള അന്തരീക്ഷം പ്രദാനം ചെയ്യും. കൂടാതെ ഒരോ അതിഥിക്കും പ്രത്യേക സേവനങ്ങളും നൽകുമെന്നും കിരീടാവകാശി പറഞ്ഞു. കിരീടാവകാശിയുടെ 'ബൊട്ടിക് ഗ്രൂപ്പി'ന്‍റെ പ്രഖ്യാപനം രാജ്യത്തിലെ വാഗ്ദാനമായ മേഖലകൾ വികസിപ്പിക്കുന്നതിൽ പൊതുനിക്ഷേപ നിധിയുടെ പങ്കിന്‍റെ സ്ഥിരീകരണമാണെന്ന് നിധി ഗവർണർ യാസിർ അൽറുമയാൻ പറഞ്ഞു. സൗദി സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണിത്. സൗദി വിപണിയിലെ ടൂറിസം സാധ്യതകൾ വൈവിധ്യവത്കരിക്കുന്നതിനും സഹായിക്കും. വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രമുഖ വിനോദസഞ്ചാര സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ പ്രാദേശികമായും അന്തർദേശീയമായും രാജ്യത്തിന്റെ സ്ഥാനം വർധിപ്പിക്കുമെന്നും സൗദി നിക്ഷേപ നിധി ഗവർണർ പറഞ്ഞു.
0 Comments