Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇶🇦സിൽവർ ജൂബിലി ഓഫറുമായി ഖത്തർ എയർവേസ്​; ടിക്കറ്റ്​ നിരക്കിൽ വൻ ഇളവുകൾ.

✒️വിമാന യാത്രികർക്ക്​ രാജകീയ ആകാശയാത്ര ഉറപ്പാക്കുന്ന ഖത്തറിന്‍റെ സ്വന്തം ഖത്തർ എയർവേസ്​ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്ക്​ വൻ ഓഫറുകളുമായി രംഗത്ത്​. ജനുവരി 10 മുതൽ ഒരാഴ്ച​വരെ നീണ്ടു നിൽക്കുന്ന പ്രത്യേക ഓഫറിൽ യാത്രാ നിരക്കിൽ 25 ശതമാനം വരെ ഇളവുകളാണ്​​ പ്രഖ്യാപിച്ചിരിക്കുന്നത്​.

ജനുവരി 16 വരെയുള്ള സിൽവർ ജൂബിലി ഓഫർ കാലളവിൽ ബുക്ക്​ ചെയ്യുന്ന ടിക്കറ്റുകളുമായി ഒക്ടോബർ 31 വരെ യാത്രചെയ്യാം. ഖത്തറിൽ നിന്നും ഏഷ്യ, യൂറോപ്​, പശ്​ചിമേഷ്യ, അമേരിക്ക തുടങ്ങി ലോകത്തിന്‍റെ വിവിധഭാഗങ്ങളിലായി 140 കേന്ദ്രങ്ങളിലേക്കാണ്​ ടിക്കറ്റ്​ ബുക്​ ചെയ്യാൻ അവസരമുള്ളത്​. ബിസിനസ്​, ഇകണോമി ക്ലാസുകളിലെ യാത്രാ ഓഫറുകളിൽ സീറ്റ്​ സെലക്ഷൻ, അധിക ബാഗേജ്​ അലവൻസ്​, ഹോട്ടൽ ബുക്കിങ്​, കാർ റെന്‍റൽ തുടങ്ങിയ അവസരങ്ങളും ലഭ്യമാണ്​.

qatarairways.com/25years എന്ന വെബ്​സൈറ്റ്​ വഴിയോ, ഖത്തർ എയർവേസ്​ സെയിൽസ്​ ഓഫീസ്​ വഴിയോ, ട്രാവൽ ഏജന്‍റുമാർ മുഖേനയോ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാം.

​പശ്​ചിമേഷ്യയിലെ നമ്പർ വൺ എയർവേസായി വളർന്ന ഖത്തർ എയർ വേസ്​ 1997ൽ അമീർ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിലാണ്​ പറന്നു തുടങ്ങുന്നത്​. ചുരുങ്ങിയ കാലം കൊണ്ടു തന്നെ അറബ്​ മേഖലയിലെയും ലോകത്തെയും മുൻ നിര എയർലൈൻ കമ്പനിയായി മാറിയാണ്​ ഇപ്പോൾ 25ാം വാർഷികം ആഘോഷിക്കുന്നത്​.

🇦🇪എക്സ്​പോയിലെ സീസൺ ടിക്കറ്റ്​ നിരക്ക്​ 195 ദിർഹമായി കുറച്ചു.

✒️എക്സ്​പോയിലേക്കുള്ള സീസൺ ടിക്കറ്റിന്‍റെ നിരക്ക്​ 195 ദിർഹമായി കുറച്ചു. നേരത്തെ 495 ദിർഹമായിരുന്ന നിരക്കാണ്​ കുറച്ചത്​. ഇതോടെ 195 ദിർഹമിന്‍റെ ടി​ക്കറ്റെടുക്കുന്നവർക്ക്​ മാർച്ച്​ 31 ന്​ എക്സ്​പോ അവസാനിക്കുന്നത്​ വരെ സന്ദർശനം നടത്താം. ഒരു ദിവസം​ പത്ത്​ സ്മാർട്ട്​ ക്യൂ ബുക്കിങും ലഭിക്കും. പവലിയനുകൾക്ക്​ മുൻപിൽ ക്യൂ നിൽക്കാതെ കയറാനുള്ള സംവിധാനമാണ്​ സ്മാർട്ട്​ ക്യൂ. സന്ദർശകർ എക്സ്​പോയുടെ വെബ്​സൈറ്റ്​ വഴിയോ ആപ്പ്​ വഴിയോ ഓരോ പവലിയന്‍റെയും സന്ദർശനത്തിന്​ സ്മാർട്ട്​ ക്യൂവിൽ രജിസ്റ്റർ ചെയ്താൽ ക്യൂ നിൽക്കാതെ അകത്തുകയറാൻ കഴിയും.

പ്രവൃത്തി ദിനങ്ങളിലെ നിരക്ക്​ 45 ദിർഹമായി തുടരും. തിങ്കൾ മുതൽ വെള്ളി വരെയാണ്​ പുതിയ പ്രവൃത്തി ദിനങ്ങൾ. 18 വയസിൽ താഴെയുള്ളവർക്കും 60 വയസിന്​ മുകളിലുള്ളവർക്കും നിശ്​ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും സൗജന്യം തുടരും. മൂന്ന്​ മാസം പിന്നിടുമ്പോൾ 90 ലക്ഷം പേരാണ്​ ​മഹാമേള സന്ദർ​ശിച്ചത്​. നിരക്കുകൾ കുറച്ചതോടെ അടുത്ത മാസങ്ങളിലായി ഇതിനേക്കാൾ ജനം ഒഴുകിയെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

🇰🇼കുവൈറ്റ്: സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തുമെന്ന രീതിയിലുള്ള വാർത്തകൾ വ്യാജമാണെന്ന് സർക്കാർ വ്യക്തമാക്കി.

✒️രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈറ്റ് സർക്കാർ ചൂണ്ടിക്കാട്ടി. കുവൈറ്റ് സർക്കാർ വക്താവ് താരിഖ് അൽ മുസാരം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ 2022 ജനുവരി 9-ന് രാത്രി പുറത്തിറക്കിയ അറിയിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കുവൈറ്റിൽ സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ച സാഹചര്യത്തിലാണ് സർക്കാർ ഇത് സംബന്ധിച്ച വ്യക്തത നൽകിയത്. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാജമായി പ്രചരിച്ച വാർത്തയുടെ ദൃശ്യങ്ങൾ സഹിതം താരിഖ് അൽ മുസാരം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

🕋മക്ക ഹറമിൽ സംസം വിതരണത്തിന്​ റോബോട്ടും.

✒️മക്ക ഹറമിൽ ഇനി സംസം വിതരണത്തിന്​ റോബോട്ടും. ഇരുഹറമുകളിലേയും സേവനങ്ങൾ സാ​ങ്കേതിക വിദ്യയുടെയും നിർമിത ബുദ്ധിയുടെയും വികസനത്തിന്‍റെ വെളിച്ചത്തിലാണ്​​ സംസം വിതരണത്തിന്​ ഇരുഹറം കാര്യാലയം റോബോട്ട്​ വികസിപ്പിച്ചെടുത്തത്​. 'ഡിജിറ്റൽ ലോകത്ത്​ എങ്ങനെ റോൾ മോഡൽ ആകാം' എന്ന പദ്ധതിയുടെ ഭാഗമായാണ്​ ഈ സംവിധാനം സ്ഥാപിച്ചത്​​.

മനുഷ്യ ഇടപെടലില്ലാതെ സംസം വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യുന്നതിനാണ്​ സ്‌മാർട്ട് റോബോട്ട് സാങ്കേതികവിദ്യ ഒരുക്കിയതെന്ന്​ ഇരുഹറം കാര്യാലയ സംസം വാട്ടർ വകുപ്പ്​ അണ്ടർസെക്രട്ടറി ബദർ അൽലുഖ്മാനി പറഞ്ഞു. സംസം വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യുന്നതിലും മുൻകരുതൽ നടപടികൾ പ്രയോഗിക്കുന്നതിലും ഹറമിലെത്തുന്ന തീർഥാടകർക്ക്​ സേവനം നൽകുന്നതിലും നിർമിത ബുദ്ധി ഉപയോഗിക്കുന്നതിന്‍റെ ഭാഗമാണിത്​.

റോബോട്ട് 10 മിനുട്ടിനുള്ളിൽ 30 ബോട്ടിലുകൾ വിതരണം ചെയ്യും. എട്ട് മണിക്കൂറാണ് റോബോട്ട് പ്രവർത്തിക്കുക. ഒരു കുപ്പി സംസം വെള്ളം എടുക്കാൻ 20 സെക്കൻഡ് സാവകാശമുണ്ടാകും. വെള്ളമെടുക്കുന്നിടത്ത്​ ആളുകൾക്ക്​ തിരക്കുകൂട്ടുകയോ കൂട്ടിയിടിക്കുകയോ ചെയ്യേണ്ടിവരില്ല. അവരുടെ ചലനം തടസ്സപ്പെടുകയുമില്ല. പേറ്റൻറും യൂറോപ്യൻ സി.എസ് സർട്ടിഫിക്കറ്റും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ റോബോട്ടിന്​ ലഭിച്ചിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.

ഹറമിന്‍റെ മുഴുവൻ ഭാഗങ്ങളിലും കൂടുതൽ റോബോട്ടുകളെ വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തീർഥാടകർക്കും സന്ദർശകർക്കും സുരക്ഷയുടെയും ഗുണനിലവാരത്തി​ന്‍റെയും ഉയർന്ന നിലവാരം നൽകാൻ ശ്രമിക്കുന്നുണ്ട്​. സംസം ദൈനംദിന സാമ്പിളുകൾ എടുത്ത്​ ലബോറട്ടറികളിൽ പരിശോധിച്ച് സുരക്ഷയും ഉയർന്ന നിലവാരവും ഉറപ്പുവരുത്തുന്നുണ്ട്​. കൂടാതെ വിതരണത്തിന്​ മുമ്പ്​ ബോട്ടിലുകളും പരിശോധിച്ച് സുരക്ഷയും മാലിന്യങ്ങളിൽ നിന്നും രോഗാണുക്കളിൽ നിന്നും മുക്തമാണെന്നും ഉറപ്പാക്കുന്നുണ്ട്​. തീർഥാടകരെ സേവിക്കുന്നതിനായി സാങ്കേതികവിദ്യയുടെ ലോകത്തിലെ പുതിയതെല്ലാം പിന്തുടരുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്​. സംസം ടാപ്പിൽ തൊടാതെ പ്രവർത്തിക്കുന്ന സെൻസറുകൾ സ്ഥാപിക്കുന്ന ജോലിയും നടന്നുവരികയാണെന്ന്​ അണ്ടർ സെക്രട്ടറി പറഞ്ഞു.

🇦🇪യുഎഇയില്‍ 2,562 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

✒️യുഎഇയില്‍ ഇന്ന് 2,562 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 860 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,97,077 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,88,187 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,53,893 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,174 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 32,120 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇸🇦കൊവിഡ് നിയമലംഘനം; സൗദിയില്‍ 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.

✒️റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കൊവിഡ് നിബന്ധനകള്‍ (Covid rules) ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുന്നു. മുനിസിപ്പിലാറ്റികളുടെ നേതൃത്വത്തില്‍ വ്യാപക പരിശോധനകളാണ് (Raids across the country) രാജ്യത്തുടനീളം ഇപ്പോള്‍ നടക്കുന്നത്. ജിദ്ദയില്‍ (Jeddah Municipality) മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ 22 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വ്യാപക പരിശോധനകള്‍ നടത്തുന്നത്. ജിദ്ദ മുനിസിപ്പാലിറ്റി നടത്തിയ 6152 റെയ്‍ഡുകളില്‍ 47 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‍ക് ധരിക്കാതിരിക്കുക, ഉപഭോക്താക്കളുടെ ശരീര താപനില പരിശോധിക്കുന്നതില്‍ വീഴ്‍ച, സ്ഥാപനങ്ങളിലെ ആള്‍ക്കൂട്ടം, തവക്കല്‍ന ആപ്ലിക്കേഷന്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ വീഴ്‍ച വരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

🇶🇦ഖത്തറിൽ പന്ത്രണ്ട് മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നൽകാൻ തീരുമാനം.

✒️ദോഹ: രാജ്യത്തെ പന്ത്രണ്ട് മുതല്‍ പതിനഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം അംഗീകരിച്ച്‌ ഖത്തര്‍. ഫൈസര്‍ ബയോഎന്‍ടെക് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് നല്‍കാനുള്ള തീരുമാനം അംഗീകരിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോഎന്‍ടെക് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പുകളുടെ ഫലപ്രാപ്തിയും, സുരക്ഷയും സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ഉള്‍പ്പടെ ആഗോളതലത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കിടയില്‍ രോഗബാധയ്ക്കെതിരായ പ്രതിരോധ ശേഷി ഉയര്‍ത്തുന്നതിന് തീരുമാനം സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

2021 മെയ് മാസത്തിലാണ് രാജ്യത്തെ പന്ത്രണ്ട് മുതല്‍ പതിനഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോഎന്‍ടെക് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കാന്‍ ആരംഭിച്ചത്. ഈ കാലയളവില്‍ രാജ്യത്ത് ഈ പ്രായവിഭാഗത്തില്‍പ്പെടുന്ന പത്തില്‍ ഒമ്ബത് കുട്ടികളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയ പന്ത്രണ്ട് മുതല്‍ പതിനഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 4027 7077 എന്ന നമ്ബറില്‍ കുത്തിവെപ്പിനായി മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാം.

🇶🇦ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല.

✒️ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല. ജനുവരി 8 ന് നിലവില്‍ വന്ന പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണിത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ എടുത്ത രക്ഷിതാക്കൾക്കൊപ്പം വന്നാലും മാളുകളിൽ പ്രവേശിക്കാൻ അനുവാദമില്ല. കൊവിഡ് നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ സിറ്റി സെന്റർ, മാൾ ഓഫ് ഖത്തർ, ഹയാത്ത് പ്ലാസ, തവാർ മാൾ തുടങ്ങി രാജ്യത്തുടനീളമുള്ള നിരവധി മാളുകൾ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച അറിയിപ്പുകൾ പുറപ്പെടുവിച്ചു.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾ അനുസരിച്ച്, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാളുകൾക്ക് പുറത്തുള്ള ഹൈപ്പർമാർക്കറ്റുകളിലും കോംപ്ലക്സുകളിലും പ്രവേശിക്കാൻ അനുവാദമുണ്ട്.

കോവിഡ് വന്ന് ഭേദമായ ആളുകളാണെങ്കിൽ ഗോൾഡൻ എഹ്‌തെറാസിന് പകരം ചികിത്സ രേഖകൾ കാണിക്കണം. വാക്‌സിൻ എടുക്കുന്നതിൽ നിന്ന് ഇളവ് ലഭിച്ച ആളുകൾ എഹ്‌തെറാസിന് പകരം പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (എംഒപിഎച്ച്) അല്ലെങ്കിൽ ഹമാൻ മെഡിക്കൽ കോർപ്പറേഷനിൽ നിന്നുള്ള ഇളവ് സർട്ടിഫിക്കറ്റ് കാണിക്കാവുന്നതാണ്.

🇰🇼കോവിഡ് വ്യാപനം; കുവൈത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ.

✒️കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന ശേഷി അമ്പത് ശതമാനമാക്കി കുറക്കാൻ തീരുമാനം. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പകുതി ജീവനക്കാർ മാത്രം ഒരേ സമയം ഓഫിസിൽ ഉണ്ടാകുന്ന വിധം ജോലി ക്രമീകരിക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിസഭ നിർദേശം നൽകി. സുപ്രീം കൊറോണ എമർജൻസി കമ്മിറ്റി സമർപ്പിച്ച ശിപാർശകൾ വിലയിരുത്തിയ ശേഷമാണു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ഹാജർ നില അമ്പത് ശതമാനമാക്കി കുറക്കാനും യോഗങ്ങളും കോൺഫറൻസുകളും വെർച്ച്വൽ രുപത്തിലേക് മാറ്റാനുമാണ് തീരുമാനം. ഹാജർ പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും കഴിയുന്നത്ര കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കാൻ സ്വകാര്യ സ്ഥാപനങ്ങളോടും അധികൃതർനിർദേശിച്ചു ജോലി നടക്കാൻ ആവശ്യമായ മിനിമം ആളുകളെ വെച്ച് പ്രവർത്തിക്കാനാണ് നിർദേശം.

ജനുവരി 12 ബുധനാഴ്ച മുതലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ആകുക. പബ്ലിക് ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ അമ്പത് ശതമാനത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റരുത്. സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത് ക്ലബുകൾ, എന്നിവിടങ്ങളിൽ ജീവനക്കാരും സന്ദർശകരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാകണം. നഴ്സറികളിൽ ജീവനക്കാർ വാക്സിൻ എടുത്തിരിക്കണമെന്ന് നിബന്ധനക്കൊപ്പം കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മുൻകരുതൽ നടപടികളും ജാഗ്രതയും സ്വീകരിക്കണമെന്നു പ്രത്യേക നിർദേശവും മന്ത്രിസഭ നൽകിയിട്ടുണ്ട്. കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സർക്കാർ സേവനങ്ങൾ പരമാവധി ഓൺലൈൻ വഴി ലഭ്യമാക്കണമെന്നും നേരിട്ട് ഹാജരാകേണ്ട സന്ദർഭങ്ങളിൽ അപ്പോയിന്മെന്റ് സംവിധാനം നടപ്പാക്കണമെന്നും കാബിനറ്റ് യോഗം നിർദേശിച്ചു.

🇴🇲ഒമാനില്‍ പ്രവാസികളടക്കം 229 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരിയുടെ ഉത്തരവ്.

✒️മസ്‌കറ്റ്: ഒമാനില്‍(Oman) വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് മോചനം(pardon) നല്‍കാന്‍ ഉത്തരവിട്ട് ഒമാന്‍ ഭരണാധികാരി(Oman ruler) സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്. 70 വിദേശികള്‍ക്കുള്‍പ്പെടെ 229 തടവുകാര്‍ക്കാണ് ഒമാന്‍ ഭരണാധികാരി മോചനം നല്‍കിയത്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് രാജ്യത്തിന്റെ ഭരണമേറ്റെടുത്തതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.

🇸🇦സൗദി: പ്രൈമറി സ്‌കൂളുകളിൽ ജനുവരി 23 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം.

✒️രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും 2022 ജനുവരി 23 മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2022 ജനുവരി 9-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ പ്രൈമറി, കിന്റർഗാർട്ടൺ തലത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന പഠന രീതി പുനരാരംഭിക്കുന്നതാണ്. ഏതാണ്ട് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൗദിയിലെ പ്രൈമറി, കിന്റർഗാർട്ടൺ തലത്തിലെ വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുന്നത്.

ഇന്റർമീഡിയറ്റ്, സെക്കണ്ടറി തലങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ നേരിട്ടുള്ള പഠനം വിജയകരമായി നടപ്പിലാക്കാനായതും, രാജ്യത്ത് COVID-19 രോഗബാധയ്‌ക്കെതിരായ വാക്സിനേഷൻ നടപടികൾ ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പരമാവധി നടപ്പിലാക്കുന്നതും കണക്കിലെടുത്താണ് ഈ തീരുമാനത്തിന് കാരണമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ആരോഗ്യ കാരണങ്ങളാൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിൽ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക സംവിധാനങ്ങളിലൂടെയുള്ള ഓൺലൈൻ പഠനം തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments