🇸🇦സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത് 869 പേർ.
✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് ഇപ്പോള്‍ 869 പേരാണ് ഗുരുതരാവസ്ഥയിലുള്ളത് (Critical cases). ആകെ 40,008 കൊവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ ഗുരുതരനിലയിലുള്ളവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ് (Intensive care units) . ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,474 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 4,445 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,75,471 ഉം രോഗമുക്തരുടെ എണ്ണം 6,26,532 ഉം ആയി. ആകെ മരണസംഖ്യ 8,929 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.75 ശതമാനവും മരണനിരക്ക് 1.32 ശതമാനവുമായി.
24 മണിക്കൂറിനിടെ 152,429 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് - 1,564, ജിദ്ദ - 331, ദമ്മാം - 222, ഹുഫൂഫ് - 190, മക്ക - 174, മദീന - 112, അബഹ - 95 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,65,51,105 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,55,03,565 ആദ്യ ഡോസും 2,36,49,575 രണ്ടാം ഡോസും 73,97,965 ബൂസ്റ്റർ ഡോസുമാണ്.
🇦🇪യുഎഇയില്‍ 2545 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,545 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,320 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,90,562 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,38,384 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,74,043 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,234 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 64,341 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇸🇦പ്രീമിയം ഇഖാമയുള്ള വിദേശികൾക്ക് സൗദിയിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാം
✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പ്രീമിയം ഇഖാമ കിട്ടിയ പ്രവാസികൾക്ക് (Expats with Premium Iqama) സവിശേഷ ആനുകൂല്യങ്ങൾ പ്രാബല്യത്തിലായി. സൗദി ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന് പ്രഖ്യാപിച്ച പ്രീമിയം ഇഖാമയുള്ള പ്രവാസികൾക്കുള്ള ആനുകൂല്യങ്ങളാണ് പ്രാബല്യത്തിലായത്. സ്വദേശികൾക്ക് സമാനമായ (Like citizens) എല്ലാ ആനുകൂല്യങ്ങളും പ്രീമിയം റസിഡൻസി നേടുന്ന വിദേശിക്കും ലഭ്യമാകും.
നിബന്ധനകൾക്ക് വിധേയമായി സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനും അനുമതിയുണ്ടാകും. ഹൃസ്വ, ദീർഘ കാലവധികളോടു കൂടിയാണ് പ്രീമിയം ഇഖാമകൾ അനുവദിക്കുക. പ്രീമിയം ഇഖാമ ഹോൾഡർക്ക് മക്ക, മദീന നഗരങ്ങളിലൊഴിച്ച് രാജ്യത്ത് എവിടെയും ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ അനുവാദമുണ്ടാകും. കുടുംബ സമേതം രാജ്യത്ത് തങ്ങുന്നതിനും ബിസിനസ് സംരഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള അനുവാദം, രാജ്യത്തെ വിദ്യഭ്യാസ ആരോഗ്യ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അവകാശം, സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരിക്കപ്പെട്ട തസ്തികകളിലുൾപ്പെടെ ജോലി ചെയ്യുന്നതിനുള്ള അനുവാദം തുടങ്ങിയവയും ലഭ്യമാകും. പ്രീമിയം ഇഖാമക്കുള്ള അപേക്ഷാ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനങ്ങളും പ്രത്യേക ഓഫീസുകളും ആരംഭിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.
🇶🇦കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് ഖത്തറില്‍ 653 പേര്‍ പിടിയിലായി.
✒️ദോഹ: ഖത്തറില്‍(Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 653 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ ഇന്ന് അറിയിച്ചു. ഇവരില്‍ 542 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സാമൂഹിക അകലം പാലിക്കാത്തതിന് 101 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 10 പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. പള്ളികള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
🇸🇦സൗദി അറേബ്യയിൽ പെട്രോൾ ടാങ്കർ മറിഞ്ഞ് മലയാളിക്ക് ഗുരുതര പരിക്ക്.
✒️സൗദി അറേബ്യയിൽ (Saudi Arabia) പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് (Tanker accident) മലയാളിക്ക് ഗുരുതരമായി പരിക്കേറ്റു (Injured). സൗദിയുടെ തെക്കേ അതിർത്തി പട്ടണമായ നജ്റാനിലുണ്ടായ (Najran) അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്‍മന്ദിരം വീട്ടില്‍ എം. ഷിഹാബുദ്ധീനെ (47) നജ്‌റാന്‍ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
പെട്രോള്‍ നിറച്ച ടാങ്കറുമായി റിയാദ് പ്രവിശ്യയിലെ സുലയില്‍നിന്ന് നജ്‌റാനിലേക്ക് വരുമ്പോള്‍ ഖരിയ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. ഉടന്‍തന്നെ പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പെട്രോള്‍ മരുഭൂമിയിലേക്ക് തുറന്നു വിട്ടതിന് ശേഷമാണ് വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്. ടയര്‍ പെട്ടിയതാണ് അപകടകാരണമെന്ന് കരുതുന്നു. 20 വര്‍ഷത്തിലേറെയായി പ്രാവാസിയായ ഷിഹാബുദ്ധീന്‍ രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തരിച്ചെത്തിയത്. നജ്‌റാന്‍ കെ.എം.സി.സി സെക്രട്ടറി സലീം ഉപ്പള, ആക്ടിംങ്ങ് പ്രസിഡന്റ് ലുക്മാന്‍ ചേലേമ്പ്ര തുടങ്ങിയവര്‍ ആശുപത്രിയില്‍ സഹായത്തിനായി രംഗത്തുണ്ട്.
🇴🇲ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്‍പിറ്റലിന് പുരസ്കാരം; അഞ്ചാമതും ഒമാനിലെ വിശ്വസ്‍ത ബ്രാന്‍ഡ്.
✒️ആരോഗ്യ, ആതുര സേവന രംഗത്ത് ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാന്‍ഡ് അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം തവണയു സ്വന്തമാക്കി ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്‍പിറ്റൽസ്. ഒമാൻ ഊര്‍ജ, ധാതു മന്ത്രി ഡോ.മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹിയുടെ പക്കൽ നിന്നും ബദർ അൽ സമാ മാനേജിംഗ് ഡയറക്ടര്‍മാരായ അബ്‌ദുല്‍ ലത്തീഫും, ഡോ: മുഹമ്മദ് പി.എയും അവാര്‍ഡ് ഏറ്റുവാങ്ങി.
ബദർ അല്‍ സമാ ചീഫ് മാർക്കറ്റിങ് ഓഫീസർ ദേവസ്യ കെ.ഒ, മാർക്കറ്റിംഗ് മാനേജർ ഷിംജിത് എൻ.കെ , ബ്രാൻഡിങ് മേധാവി ആസിഫ് ഷാ എന്നിവരും സന്നിഹിതരായിരുന്നു. ഉപഭോക്താക്കളുടെ വിശ്വാസം നേടുന്ന ബ്രാന്‍ഡുകള്‍ക്ക് രാജ്യത്തെ മുന്‍നിര പ്രസിദ്ധീകരണ സ്ഥാപനമായ അപെക്‌സ് മീഡിയയാണ് ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാന്‍ഡ് എന്ന അവാര്‍ഡ് നല്‍കുന്നത്. വോട്ടിങിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കുന്നത്.
ഏറെ സന്തോഷം നല്‍കുന്നതാണ് അവാര്‍ഡെന്നും തങ്ങളുടെ ആരോഗ്യം ഞങ്ങളുടെ കൈകളിൽ വിശ്വാസത്തോടെ ഏൽപ്പിച്ച രോഗികൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അവാർഡ് സ്വീകരിച്ച ശേഷം ബദർ അല്‍ സമ മാനേജിംഗ് ഡയറക്ടര്‍മാരായ അബ്‌ദുല്‍ ലത്തീഫും, ഡോ: മുഹമ്മദ് പി.എയും പറഞ്ഞു. ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്‍പിറ്റൽസ് ഒമാനിൽ പ്രവർത്തനമാരംഭിച്ചിട്ട് 20 വര്‍ഷം പിന്നിടുന്ന ഈ അവസരത്തിൽ തുടര്‍ച്ചയായി അഞ്ചാം തവണയും അവാര്‍ഡ് നേടുന്നതിന് വലിയ പ്രത്യേകതയുണ്ടെന്നും ഇരുവരും കൂട്ടിച്ചേർത്തു.
ഇരുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മസ്‍കത്ത് നഗരസഭയുമായും മറ്റു സാമൂഹിക സംഘടനകളുമായി ചേർന്ന് നിരവധി സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് ബദർ അല്‍ സമാ ചീഫ് മാർക്കറ്റിംഗ് ഓഫീസർ കെ.ഒ ദേവസ്യ അവാർഡ് ചടങ്ങിൽ പങ്കെടുക്കവേ മാധ്യമങ്ങളെ അറിയിച്ചു.
🇰🇼കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് PCR പരിശോധന നിർബന്ധമാണെന്ന് DGCA.
✒️രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും COVID-19 PCR പരിശോധന നിർബന്ധമാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. 2022 ജനുവരി 26-നാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കുവൈറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ ഉൾപ്പടെ, COVID-19 PCR പരിശോധന നിർബന്ധമാണെന്നാണ് DGCA ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. 2022 ജനുവരി 4 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 നെഗറ്റീവ് PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കുമെന്ന് കുവൈറ്റ് DGCA ജനുവരി 3-ന് അറിയിച്ചിരുന്നു.
🇶🇦ഖത്തർ: 2022 ജനുവരി 29 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
✒️രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ഭാഗമായി 2022 ജനുവരി 29 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. 2022 ജനുവരി 29 മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിന് ജനുവരി 26-ന് ചേർന്ന യോഗത്തിൽ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചിരുന്നു.
മെട്രോ, മെട്രോലിങ്ക്, മെട്രോ എക്സ്പ്രസ്സ്, ലുസൈൽ ട്രാം എന്നീ സേവനങ്ങൾക്ക് ഈ തീരുമാനം ബാധകമാണ്. മെട്രോ സേവനങ്ങളുടെ പ്രവർത്തന ശേഷി ഉയർത്തുന്നതിനുള്ള തീരുമാനം 2022 ജനുവരി 29 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
മെട്രോ സേവനങ്ങൾക്ക് പുറമെ, ബസ് ഉൾപ്പടെ മറ്റു പൊതുഗതാഗത സംവിധാനങ്ങളുടെ ശേഷിയും 75 ശതമാനത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.
🇸🇦സൗദി: ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
✒️രാജ്യത്തെ COVID-19 ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2022 ജനുവരി 27-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഈ മുന്നറിയിപ്പ് ആവർത്തിച്ചത്.
ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്ന പൗരന്മാർ ഉൾപ്പടെയുള്ളവർക്ക് രണ്ട് വർഷം വരെ തടവും, രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇത്തരം നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ നാട് കടത്തപ്പെടുന്ന പ്രവാസികൾക്ക് പിന്നീട് സൗദി അറേബ്യയിലേക്ക് മടങ്ങിവരുന്നതിന് അനുവാദമുണ്ടായിരിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനുള്ള പ്രചാരണ നടപടികളുടെ ഭാഗമായാണ് മന്ത്രാലയം ഈ മുന്നറിയിപ്പ് നൽകിയത്.
🇴🇲ഒമാൻ: പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലാവധി 2022 ഓഗസ്റ്റ് 31 വരെ നീട്ടി.
✒️പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ ഓൺലൈൻ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും, തൊഴിലുടമകൾക്കും കൂടുതൽ സമയം അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 2022 ജനുവരി 27-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ഇത്തരം രേഖകളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് 2022 ഓഗസ്റ്റ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. നേരത്തെ 2022 ജനുവരി 31 വരെയാണ് പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിന് മന്ത്രാലയം സമയമനുവദിച്ചിരുന്നത്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ചിട്ടുള്ള നടപടിക്രമങ്ങളിൽ ഏതാനം ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ ഇത്തരം രേഖകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ മന്ത്രാലയം തൊഴിലുടമകളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
🇶🇦ഖത്തർ: 2022 ജനുവരി 30 മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം.
✒️രാജ്യത്തെ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2022 ജനുവരി 30, ഞായറാഴ്ച്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലെയും മുഴുവൻ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.
ഖത്തർ ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങളാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ 100 ശതമാനം വിദ്യാർത്ഥികളും അധ്യയനത്തിനായി നേരിട്ട് ഹാജരാകുന്ന രീതി 2022 ജനുവരി 30 മുതൽ നടപ്പിലാക്കുന്നതാണ്. COVID-19 മുൻകരുതൽ നടപടികൾക്ക് വിധേയമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും (എല്ലാ ക്‌ളാസുകളിലെയും വിദ്യാർത്ഥികൾക്ക് ബാധകം) ആഴ്ച്ച തോറും ഒരു റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കുന്നതാണ്. ഈ പരിശോധന വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്ന് നടത്തേണ്ടതാണ്. സ്‌കൂളുകളിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള ഈ പരിശോധനാ ഫലം അനുസരിച്ചായിരിക്കും വിദ്യാർത്ഥികൾക്ക് സ്‌കൂൾ കെട്ടിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഈ ആന്റിജൻ പരിശോധന വിദ്യാർത്ഥികൾ വാരാന്ത്യങ്ങളിൽ (ഓരോ ആഴ്ച്ചയും വെള്ളി, അല്ലെങ്കിൽ ശനി ദിവസങ്ങളിൽ) തങ്ങളുടെ വീടുകളിൽ നിന്ന് നടത്തേണ്ടതാണ്.
തുടർന്ന് വിദ്യാർത്ഥികൾ ഈ പരിശോധയുടെ നെഗറ്റീവ് ഫലം ഒരു നിശ്ചിത ഫോമിൽ രക്ഷിതാവിന്റെ സാക്ഷ്യപ്പെടുത്തലോട് കൂടി ഹാജരാക്കേണ്ടതാണ്. ഈ ഫോം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനങ്ങളിൽ നിന്ന് ലഭ്യമാണ്.
ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്ന വിദ്യാർത്ഥികൾ അടുത്തുള്ള ആരോഗ്യപരിചരണ കേന്ദ്രത്തിൽ നിന്ന് രോഗബാധ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന നടത്തേണ്ടതാണ്. രോഗബാധ സ്ഥിരീകരിക്കുന്ന വിദ്യാർത്ഥികൾ ഐസൊലേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ആരോഗ്യ സ്ഥിതി അനുവദിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കാലയളവിൽ ഓൺലൈൻ പഠനം തുടരാവുന്നതാണ്.
പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശോധനകൾ നടത്തുന്നതിനുള്ള റാപിഡ് ആന്റിജൻ കിറ്റുകൾ സ്കൂളുകൾ വഴി വിതരണം ചെയ്യുന്നതാണ് (ജനുവരി 27 മുതൽ).
🇦🇪അബുദാബി: മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് മുന്നറിയിപ്പ്.
✒️എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 45000-ത്തിലധികം വാഹനങ്ങൾക്കെതിരെ 2021-ൽ നിയമനടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി. 2022 ജനുവരി 27-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അബുദാബിയിലെ റോഡുകളിൽ മുന്നിലെ വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കാതെ അപകടങ്ങൾക്കിടയാകുന്ന രീതിയിൽ തൊട്ടു പിറകിലായി വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് നിയമലംഘനമാണെന്ന് പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി. ഇത്തരം പ്രവർത്തികൾ അപകടങ്ങളിലേക്ക് നയിക്കാമെന്നും, റോഡപകടങ്ങൾക്കിടയാക്കുന്ന പ്രധാന നിയമലംഘനങ്ങളിലൊന്നാണ് ഈ പ്രവർത്തിയെന്നും അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
ഇത്തരം നിയമലംഘനങ്ങൾക്ക് 400 ദിർഹം പിഴ, നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്. ഇതിന് പുറമെ, മുന്നിലെ വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അബുദാബി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി മൂന്ന് മാസത്തിനിടയിൽ 5000 ദിർഹം പിഴ ഒടുക്കേണ്ടിവരുന്നതാണ്. ഈ പിഴ തുക അടച്ച് കൊണ്ട് തിരിച്ചെടുക്കാത്ത വാഹനങ്ങൾ മൂന്ന് മാസത്തെ കാലാവധിയ്ക്ക് ശേഷം ലേലം ചെയ്യുന്നതാണ്.
🇸🇦സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഇനിമുതൽ ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം.
✒️സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഹലാൽ വ്യക്തമാക്കുന്ന ലോഗോയോ അടയാളങ്ങളോ സർട്ടിഫിക്കേഷനായി പരിഗണിക്കില്ല. പകരം അംഗീകൃത ഹലാൽ ഏജൻസികളുടെ സർട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങൾക്ക് മാത്രമായിരിക്കും രാജ്യത്ത് അനുമതി നൽകുക. മാംസ വിഭവങ്ങളും അവയുടെ ഉത്പന്നങ്ങളുമടക്കമുള്ള മുഴുവൻ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. പ്രാദേശികമോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഇത് ബാധകമായിരിക്കും. ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങളുടെ പട്ടിക ഇതിനായി അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ജെലാറ്റിൻ, കൊളാജൻ, വിവിധ തരം ചീസുകൾ നിർമിക്കുന്ന അനിമൽ റെനെറ്റ്, അനിമൽ ഓയിൽ, കൊഴുപ്പ്, തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ജൂലൈ ഒന്ന് മുതൽ നിയമം കർശനമായി പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും അതോറിറ്റി വ്യക്തമാക്കി.
0 Comments