Ticker

6/recent/ticker-posts

Header Ads Widget

തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴതുക ഉയര്‍ത്തി; രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം

വയനാട്: കേരളത്തിലും കൊവിഡ് (Covid 19) രോഗവ്യാപന തോത് ഉയരാന്‍ തുടങ്ങിയതോടെ ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നീലഗിരി ജില്ലയിലുള്‍പ്പെടെ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെടുന്നവര്‍ക്കുള്ള പിഴത്തുക ഉയര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍ (Tamilnad Government). മാസ്ക് ധരിച്ചില്ലെങ്കില്‍ അഞ്ഞൂറ് രൂപയായിരിക്കും ഇനിമുതല്‍ പിഴ നല്‍കേണ്ടി വരിക. നേരത്തെ ഇത് 200 രൂപയായിരുന്നു. കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് പിഴ തുക ഉയര്‍ത്തി അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്. 

വെള്ളിയാഴ്ച്ച മുതല്‍ ചൊവ്വ വരെ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. തൊട്ടുമുമ്പ് മൂന്ന് ദിവസം മാത്രമായിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ അഞ്ച് ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ രാത്രികാല കര്‍ഫ്യൂ തുടരും. ഇത് ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ജില്ലാ കലക്ടര്‍ എസ്.പി. അമൃതാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതേ സമയം കൊവിഡ് നിയന്ത്രണ വിധേയമായതോടെ തുറന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒമിക്രോണ്‍ വ്യാപനമുണ്ടെങ്കില്‍ പോലും അടച്ചിടുന്നതിന് കുറിച്ച് ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

ഹോര്‍ട്ടികള്‍ച്ചറല്‍ പാര്‍ക്കുകളും ബോട്ട് ഹൗസുകളും ഉള്‍പ്പെടെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും സമയ നിയന്ത്രണം പ്രഖ്യാപിച്ചുള്ള പ്രവേശനം തുടരും. ഒമ്പതുമുതല്‍ മൂന്നുമണിവരെ മാത്രമാണ് പ്രവര്‍ത്തനം. രണ്ടുഡോസ് വാക്സിനെടുത്ത വിനോദ സഞ്ചാരികളെ മാത്രമേ അനുവദിക്കൂ. വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്നുവെന്നതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്കെല്ലാം നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ രണ്ടു ഡോസ് വാക്‌സിനെടുത്തുവെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

ജില്ലാ അതിര്‍ത്തിയിലെ നാടുകാണി, എരുമാട്, കാക്കനല്ല എന്നിവയുള്‍പ്പെടെ എട്ടു ചെക്ക് പോസ്റ്റുകളില്‍ വാക്‌സിനേഷന്‍ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ആദ്യഡോസ് എടുത്തവരും രണ്ടാഡോസിന് സമയമായവര്‍ക്കും സംസ്ഥാനത്തേക്ക് പ്രവേശനം നല്‍കുന്നതിനാണിത്. ഊട്ടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സാധാരണ സീസണുകളെ അപേക്ഷിച്ച് ആളുകള്‍ എത്തുന്നത് തീര്‍ത്തും കുറവായിരുന്നു. ഒമിക്രോണ്‍ നിയന്ത്രണം കൂടി വന്നതോടെ ചില ദിവസങ്ങളില്‍ സഞ്ചാരികള്‍ ഒട്ടും എത്താത്ത സ്ഥിതിവിശേഷവുമുണ്ട്. ഇക്കാര്യങ്ങള്‍ കൊണ്ടൊക്കെയാണ് സര്‍ക്കാര്‍ കടുന്ന നിയന്ത്രണ നടപടികളിലേക്ക് പോകാതിരിക്കുന്നതെന്നാണ് കണക്ക് കൂട്ടുന്നത്.

Post a Comment

0 Comments