🇸🇦സൗദിയില്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ പിഴ.
✒️രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍(health card) 2000 റിയാല്‍ (ഏകദേശം 40,000 രൂപ) പിഴ (fine) ചുമത്തുമെന്ന് സൗദി (Saudi) നഗര, ഗ്രാമകാര്യ, ഭവന മന്ത്രാലയം. ജീവനക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്നും ജോലി ചെയ്യാന്‍ യോഗ്യനാണെന്നും തെളിയിക്കുന്ന കാര്‍ഡാണിത്. ബലദിയ കാര്‍ഡ് എന്നും അറിയപ്പെടുന്ന ഇത് ക്ലിനിക്കുകളിലെ മെഡിക്കല്‍ ലാബ് പരിശോധനക്ക് ശേഷം രോഗിയല്ലെന്ന് ഉറപ്പാക്കി നഗര സഭയാണ് നല്‍കുന്നത്.
ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഭക്ഷണശാലകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ബാര്‍ബര്‍ ഷോപ്പ് ജീവനക്കാര്‍, പാചകക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ബലദിയ കാര്‍ഡ് നിര്‍ബന്ധമാണ്. ഈ കാര്‍ഡ് ഇല്ലാതെ ജീവനക്കാര്‍ ജോലിയില്‍ തുടര്‍ന്നാല്‍ അതത് സ്ഥാപനമുടകള്‍ക്കെതിരെയാണ് പിഴ ചുമത്തുന്നത്. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലാകും. ഒരു തൊഴിലാളിക്ക് 2000 റിയാല്‍ എന്ന തോതിലാണ് പിഴ. കാര്‍ഷില്ലാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ വര്‍ധിക്കും.
🇶🇦കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 293 പേര്‍ക്കെതിരെ കൂടി നടപടി.
✒️ദോഹ: ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 293 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 224 പേരും മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.
സാമൂഹിക അകലം പാലിക്കാത്തതിന് 53 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 16 പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. പള്ളികള്‍, സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
🇦🇪യുഎഇയില്‍ 2,616 പേര്‍ക്ക് കൂടി കൊവിഡ്, നാലു മരണം.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,616 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 982 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് നാല്് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,00,983 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,93,314 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,55,670 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,181 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 35,463 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🕋മക്കയില്‍ സംസം ജലവിതരണത്തിന് യന്ത്രമനുഷ്യന്‍.
✒️പുണ്യനഗരമായ മക്കയിലെ(Makkah) പള്ളിയില്‍ സംസം ജല(ZamZam water)വിതരണത്തിന് യന്ത്രമനുഷ്യ സംവിധാനം. 10 മിനുട്ടിനുള്ളില്‍ 30 ബോട്ടിലുകള്‍ വിതരണം ചെയ്യാന്‍ കഴിയുന്ന യന്ത്രമനുഷ്യനെയാണ് ആണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. എട്ട് മണിക്കൂറാണ് റോബോട്ട് പ്രവര്‍ത്തിക്കുക.
ഒരു കുപ്പി സംസം വെള്ളം 20 സെക്കന്‍ഡിനുള്ളില്‍ ആവശ്യക്കാരന് നല്‍കും. പള്ളിയുടെ മുഴുവന്‍ ഭാഗങ്ങളിലും കൂടുതല്‍ റോബോട്ടുകളെ സജ്ജീകരിക്കും. സംസം വെള്ളം എല്ലാ ദിവസവും ലബോറട്ടറികളില്‍ പരിശോധിച്ച് സുരക്ഷയും നിലവാരവും ഉറപ്പുവരുത്തുന്നതായി അധികൃതര്‍ അറിയിച്ചു.
🇸🇦സൗദി: പ്രൈമറി സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ജനുവരി 23 മുതൽ അധ്യയനം പുനരാരംഭിക്കും.
✒️രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന മൂന്ന് തരത്തിലുള്ള പ്രവർത്തന രീതികൾ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി. 2022 ജനുവരി 23 മുതൽ രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം ജനുവരി 9-ന് അറിയിച്ചിരുന്നു.
പ്രൈമറി വിദ്യാലയങ്ങൾ തുറക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം 2022 ജനുവരി 11-ന് വൈകീട്ടാണ് അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം ലോ, മീഡിയം, ഹൈ എന്നിങ്ങനെ 3 പ്രവർത്തന രീതികളാണ് രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.
രാജ്യത്തെ 97 ശതമാനം വിദ്യാലയങ്ങളും ലോ, മീഡിയം വിഭാഗങ്ങളിൽ ഉൾപ്പെടുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. സൗദിയിലെ മുഴുവൻ മേഖലകളിലെയും പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ, മുൻകരുതൽ നടപടികൾ തുടങ്ങിയ കണക്കിലെടുത്തും, വിദ്യാലയങ്ങളിൽ ലഭ്യമായിട്ടുള്ള സ്ഥലസൗകര്യങ്ങൾ മുതലായവ കണക്കിലെടുത്തുമാണ് ഈ പ്രവർത്തന രീതികൾ നടപ്പിലാക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ ലോ ലെവൽ വിഭാഗത്തിൽപ്പെടുത്തുന്ന വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ ക്ലാസ്സ്‌മുറികളിലും മറ്റും സമ്പൂർണ്ണമായുള്ള സാമൂഹിക അകലം നടപ്പിലാക്കുന്നതാണ്.
മീഡിയം ലെവൽ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ച് കൊണ്ടാണ് സാമൂഹിക അകലം ഉൾപ്പടെ നടപ്പിലാക്കുന്നത്.
ഹൈ ലെവൽ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ച് കൊണ്ടാണ് ക്ലാസ്സ്‌മുറികളിലും, ലാബുകളിലും മറ്റും സാമൂഹിക അകലം ഉൾപ്പടെ നടപ്പിലാക്കുന്നത്.
ഇതിന് പുറമെ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക, മാനസിക തയ്യാറെടുപ്പുകൾ നൽകുന്നതിനുള്ള നടപടികൾ, ആരോഗ്യ സുരക്ഷാ നടപടികൾ പാലിക്കുന്നതിനുള്ള പ്രചാരണ നടപടികൾ, ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനകൾ, സാമൂഹിക അകലം ഉറപ്പ് വരുത്താനാകാത്ത അധ്യയന പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങളും ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
🇧🇭ബഹ്‌റൈൻ: COVID-19 ക്വാറന്റീൻ മാനദണ്ഡങ്ങളിൽ ജനുവരി 13 മുതൽ മാറ്റം വരുത്താൻ തീരുമാനം.
✒️രാജ്യത്തെ COVID-19 ക്വാറന്റീൻ മുൻകരുതൽ മാനദണ്ഡങ്ങളിൽ 2022 ജനുവരി 13, വ്യാഴാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനൈൽ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനം.
ജനുവരി 12-ന് പുലർച്ചെയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം ജനുവരി 13 മുതൽ ബഹ്‌റൈനിൽ COVID-19 ക്വാറന്റീൻ നടപടികൾ താഴെ പറയുന്ന രീതിയിലാണ് നടപ്പിലാക്കുന്നത്:
COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവർക്കുള്ള ക്വാറന്റീൻ നടപടികൾ:
‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഉള്ള രോഗബാധിതർക്ക് രോഗബാധ സ്ഥിരീകരിച്ച തീയതി മുതൽ 7 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്.
‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഇല്ലാത്ത രോഗബാധിതർക്ക് രോഗബാധ സ്ഥിരീകരിച്ച തീയതി മുതൽ 10 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്.
COVID-19 രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ക്വാറന്റീൻ നടപടികൾ:
രോഗബാധിതരുമായി സമ്പർക്കത്തിനിടയായ വ്യക്തികൾക്ക് ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഉണ്ടെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല.
രോഗബാധിതരുമായി സമ്പർക്കത്തിനിടയായ വ്യക്തികൾക്ക് ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഇല്ലെങ്കിൽ, അവർ 7 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്.
രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന ഇത്തരക്കാർ ഏഴാം ദിവസം നിർബന്ധമായും ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
വിദേശത്ത് നിന്ന് ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നടപടികൾ:
ഇത്തരക്കാർക്ക് ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഉണ്ടെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല.
‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് ഇല്ലാത്ത, വിദേശത്ത് നിന്നെത്തുന്നവർക്ക് 7 ദിവസം ക്വാറന്റീൻ നിർബന്ധമാണ്.
ഇവർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ PCR ടെസ്റ്റ് നിർബന്ധമാണ്.
🇶🇦ഖത്തർ: 2022-2023 അധ്യയന വർഷം ഓഗസ്റ്റ് 16 മുതൽ ആരംഭിക്കും.
✒️രാജ്യത്തെ വിദ്യാലയങ്ങളിലെ 2022-2023 അധ്യയന വർഷത്തെ സ്‌കൂൾ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ഖത്തർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി H.E. ബത്തയിന ബിൻത് അലി അൽ ജാബിർ അൽ നുഐമിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
2022 ജനുവരി 10-ന് വൈകീട്ട് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം ഖത്തറിലെ വിദ്യാലയങ്ങളിലെ 2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ താഴെ പറയുന്ന തീയതികളിലാണ് ആരംഭിക്കുന്നത്:
അധ്യാപകർ, സ്‌കൂൾ ജീവനക്കാർ തുടങ്ങിയവർക്ക് 2022-2023 അധ്യയന വർഷം 2022 ഓഗസ്റ്റ് 14 മുതൽ ആരംഭിക്കുന്നതാണ്.
വിദ്യാർത്ഥികൾക്ക് 2022-2023 അധ്യയന വർഷം 2022 ഓഗസ്റ്റ് 16 മുതൽ ആരംഭിക്കുന്നതാണ്.
2022-2023 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ 2022 ഡിസംബർ 25-ന് ആരംഭിക്കുന്നതാണ്.
2022-2023 അധ്യയന വർഷത്തെ മധ്യവർഷ ഇടവേള 2022 നവംബർ 20 മുതൽ ഡിസംബർ 22 വരെയായിയിരിക്കും.
സ്‌കൂൾ ജീവനക്കാർക്ക് 2022-2023 അധ്യയന വർഷം അവസാനിക്കുന്നത് മുതൽ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നത് വരെയുള്ള അവധിദിനങ്ങൾ 2023 ജൂൺ 18 മുതൽ ഓഗസ്റ്റ് 17 വരെയായിരിക്കും.
2022-2023 അധ്യയന വർഷത്തെ അവസാനത്തെ പരീക്ഷ 2023 ജൂൺ 6-ന് ആയിരിക്കും.
🇧🇭ബഹ്‌റൈനിൽ 12 മുതല്‍ 17വരെ പ്രായമുള്ള കൗമാരക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാം.
✒️ബഹ്‌റൈനിൽ 12 മുതല്‍ 17 വരെ പ്രായമുള്ള കൗമാരക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാമെന്ന് കോവിഡ് പ്രതിരോധ സമിതി. സിനോഫാം വാക്സിന് രണ്ട് ഡോസ് സ്വീകരിച്ച കൗമാരക്കാര്‍ക്ക് സിനോഫാം അല്ലെങ്കില്‍ ഫൈസര്‍-ബയോഎന്‍ടെക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കും. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസം മുതലാണ് ബൂസ്റ്ററിന് അനുമതി. എന്നാല്‍, ഫൈസര്‍ ബയോടെക് വാക്സിന് സ്വീകരിച്ചവര്‍ക്ക് ആറുമാസം കഴിയുമ്ബോള്‍ ഫൈസര്‍ ബയോടെക് ബൂസ്റ്റര്‍ ഡോസ് മാത്രമേ നല്കാവു. ബൂസ്റ്റര്‍ ഷോട്ട് ലഭിച്ചില്ലെങ്കില്‍ ഈ പ്രായക്കാര്‍ക്കുള്ള ‘ബിഎവെയര്’ ആപ്ലിക്കേഷനില്‍ പച്ച ഷീല്‍ഡ് മഞ്ഞയായി മാറില്ലെന്നും പ്രതിരോധ സമിതി അറിയിച്ചു. ആഗോള മഹാമാരിയെ അഭിസംബോധന ചെയ്യാനും പൊതുജനാരോഗ്യം നിലനിര്‍ത്താനും രാജ്യം സ്വീകരിച്ച നടപടികള്‍ക്ക് അനുസൃതമായാണ് വാക്സിനേഷന് നടപടിക്രമത്തിലും മാറ്റം വരുത്തുന്നതെന്ന് പ്രതിരോധ സമിതി അറിയിച്ചു.
🇴🇲ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും ഓൺലൈനിലേക്ക് മാറുന്നു.
✒️കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും ഓൺലൈനിലേക്ക് മാറുന്നു. മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ നേരത്തെ ഓഫ്‌ലൈൻ ക്ലാസുകൾ ഒഴിവാക്കിയിരുന്നു. അൽ ഗുബ്‌റ ഇന്ത്യൻ സ്‌കൂളിൽ ആദ്യ ദിവസം ഏഴ് മുതൽ 12വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ നടന്നിരുന്നു. എന്നാൽ, എല്ലാ ക്ലാസുകളും ഇപ്പോൾ ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട് . വാദീ കബീർ ഇന്ത്യൻ സ്‌കൂൾ ശൈത്യകാല അവധിക്ക് ശേഷം ഇത് വരെ തുറന്ന് പ്രവർത്തിച്ചിട്ടില്ല. സീബ് ഇന്ത്യൻ സ്‌കൂൾ അവധി കഴിഞ്ഞ് തുറന്നത് മുതൽതന്നെ നേരിട്ടുള്ളക്ലാസുകളും പരീക്ഷയും നടത്തിയിരുന്നു. ഒമാനിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയരാൻ തുടങ്ങിയ സാഹചര്യത്തിൽ എല്ലാ ഇന്ത്യൻ സ്‌കൂളുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനാണ് സാധ്യത. വീണ്ടും ഓൺലൈൻ രീയിയിലേക്ക് മാറിയതോടെ 10, 12 ക്ലാസുകളിലെ പരീക്ഷ സംബന്ധമായ അനിശ്ചിതത്വവും നിലനിൽക്കുന്നുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10,12 ക്ലാസുകളിൽ സി.ബി.എസ്.ഇ പബ്ലിക് പരീക്ഷ നടക്കുമോ എന്നതടക്കമുള്ള നിരവധി ആശങ്കകളാണ് വിദ്യാർഥികൾക്കും രഷിതാക്കൾക്കും അധ്യാപകർക്കുമുള്ളത്.
🇰🇼കുവൈത്തിൽ 4548 പേർക്ക് കോവിഡ്.
✒️കുവൈത്തിൽ പ്രതിദിന കോവിഡ് സ്ഥിരീകരണത്തിൽ ഇന്നും വലിയ വർദ്ധന രേഖപ്പെടുത്തി. 4548 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 28466 ആയി. 12.9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് വാർഡുകളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 200 ആയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം 17 ആയും വർദ്ധിച്ചിട്ടുണ്ട്. ഇന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 741 പേർക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
🔊ലുലുവിൽ നിന്ന് രണ്ട് കോടിയുടെ ക്രമക്കേട് നടത്തി ജീവനക്കാരൻ മുങ്ങി.
✒️തുർക്കി ഇസ്താംബൂളിലെ ലുലു ഗ്രൂപ്പ് ഓഫിസിൽ രണ്ട് കോടി രൂപയുടെ ക്രമക്കേട് നടത്തി മലയാളി ജീവനക്കാരൻ നാട്ടിലേക്ക് മുങ്ങിയതായി പരാതി. തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷിനെതിരെയാണ് ലുലു ഗ്രൂപ്പ് അധികൃതർ പരാതി നൽകിയത്. പത്ത് വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്.
ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം ഡോളറിന്‍റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ കമ്പനിയറിയാതെ നടത്തിയത്. വാർഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് ഇയാളുടെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്ക് വ്യക്തമായ വിവരം ലഭിക്കുന്നത്.
അവധി കഴിഞ്ഞ് തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബൂദബിയിലെ ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിന് വിധേയനാകാൻ ആവശ്യപ്പെട്ടിരുന്നു. അബൂദബിയിലേക്ക് പോകുന്നുവെന്ന പറഞ്ഞ ഇയാൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അനീഷിനെതിരെ ഇസ്താംബുൾ പൊലീസ്, ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.
🇸🇦ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് യാത്രാവിലക്കെന്ന് വ്യാജപ്രചാരണം.
✒️ഇന്ത്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് യാത്രാവിലക്കെന്ന് വ്യാജപ്രചാരണം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇന്ന് രാവിലെ മുതൽ ഈ വ്യാജപ്രചരണം നടക്കുന്നത്. നേരത്തെ കോവിഡ് രൂക്ഷമായിരുന്ന സമയത്ത് സൗദിയിലേക്ക് 20 രാജ്യങ്ങളിൽ നിന്ന് താൽക്കാലിക യാത്രവിലക്ക് ഏർപ്പെടുത്തിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്ന പോസ്റ്ററിൽ പുതിയ തീയതി കൂട്ടിച്ചേർത്തുകൊണ്ടാണ് വ്യാജപ്രചാരണം.
ഇന്ത്യ, പാകിസ്ഥാൻ, യു.എ.ഇ, ഈജിപ്ത് തുടങ്ങി 20 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരത്തെ യാത്രാവിലക്കുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അന്നിറങ്ങിയ അറബി ഭാഷയിലുള്ള പോസ്റ്ററിൽ ഇന്നത്തെ തീയതിയും ഇന്ന് രാത്രി ഒമ്പത് മണിമുതലാണ് വിലക്ക് നിലവിൽ വരുന്നതെന്നും അറബിയിൽ തന്നെ കൂട്ടിച്ചേർത്താണ് ചിലർ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്.
ഈ പോസ്റ്ററിന്‍റെ ഉറവിടം വ്യക്തമല്ലെങ്കിലും കാര്യമറിയാതെ നിരവധി പേരാണ് ഇത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ വാർത്ത ശരിയാണോ എന്നറിയാൻ നിരവധി പ്രവാസികളാണ് മാധ്യമപ്രവർത്തകരെയും മറ്റും ബന്ധപ്പെടുന്നത്. എന്നാൽ ഇത് തീർത്തും തെറ്റായ പ്രചാരണമാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ സൗദിയിൽ കടുത്ത ശിക്ഷ നടപടികൾ നേരിടേണ്ടിവരുമെന്നതിനാൽ ഇത്തരം വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും പ്രവാസികൾ വിട്ടുനിൽക്കണം.
0 Comments