Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🎙️എം.എ യൂസഫലിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ലുലു ഗ്രൂപ്പ്.

✒️പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ (Lulu group) എം.എ യൂസഫലിയുടെ (MA Yusuff Ali) ജീവചരിത്രം പുസ്‍തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ഒരു വ്യക്തി എം.എ യൂസഫലിയുടെ ജീവചരിത്രം അറബി ഭാഷയില്‍ (Arabic language) പുസ്‍തകമാക്കി പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചത്.

എം.എ യൂസഫലിയെക്കുറിച്ച് പുസ്‍തകമെഴുതുന്നതിനായി രചയിതാവ് അനുമതി തേടിയിട്ടില്ല. അറബ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ എം.എ യൂസഫലിയെക്കുറിച്ച് അറബി ഭാഷയില്‍ പുസ്‍തകം പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അത് സൂക്ഷ്‍മമായ വിശകലനത്തിന് വിധേയമാക്കപ്പെട്ടേക്കും. അതുകൊണ്ടുതന്നെ പരിശോധനയും വിലയിരുത്തലും അത്യാവശ്യമാണ്. ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ രചയിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുസ്‍തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും നന്ദകുമാര്‍ അറിയിച്ചു.

🇦🇪പൊതു ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍; പുതിയ നിയമവുമായി ദുബൈ.

✒️ദുബൈ: ദുബൈയില്‍(Dubai) പൊതു ആവശ്യങ്ങള്‍ക്കായി സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഭൂമി ഏറ്റെടുക്കുമ്പോള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പുതിയ നിയമം. ഭൂമി ഉടമകള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയിലുള്ള നിയമം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് Sheikh Mohammed bin Rashid Al Maktoum)പ്രഖ്യാപിച്ചത്. 

ഏറ്റെടുക്കുന്ന ഭൂമിയിലെ വസ്തുവിന്റെ ഒരു ഭാഗം മാത്രമാണ് പൊളിക്കുന്നതെങ്കിലും ഉടമയ്ക്ക് ബാക്കി ഭാഗം ആവശ്യമില്ലെങ്കില്‍ മുഴുവന്‍ തുകയും നല്‍കണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നു. ദുബൈ റൂളേഴ്‌സ് കോര്‍ട്ട് ചെയര്‍മാന്‍ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാര തുക നല്‍കണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സമിതിയെ നിയോഗിക്കും. ഇതിലെ അംഗങ്ങളാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളെ കുറിച്ച് തീരുമാനിക്കുക. പുതിയ നിയമം ദുബൈയിലെ എല്ലാ വസ്തുവകകള്‍ക്കും ബാധകമാണ്. സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് സോണുകളിലും ഫ്രീ സോണുകളിലും ഈ നിയമമായിരിക്കും നടപ്പിലാക്കുക.

🇴🇲ഒമാനില്‍ 609 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല.

✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 609 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 91 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇതുവരെ 3,08,870 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,01,174 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,119 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 97.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19് കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 50 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

🇸🇦സൗദി അറേബ്യയില്‍ മരുന്ന് ലഭിക്കാന്‍ വ്യാജ കുറിപ്പടികളുണ്ടാക്കിയ രണ്ട് പേര്‍ അറസ്റ്റില്‍.

✒️റിയാദ്: സൗദി അറേബ്യയില്‍ മരുന്നുകള്‍ ലഭിക്കാനായി വ്യാജ കുറിപ്പടികളുണ്ടാക്കിയ (fake prescription) രണ്ട് പേര്‍ അറസ്റ്റിലായി. രാജ്യത്ത് കര്‍ശന നിയന്ത്രണമുള്ള മരുന്നുകള്‍ (controlled drugs) ലഭിക്കുന്നതിനായാണ് വ്യാജ കുറിപ്പടികളുണ്ടാക്കിയത്. പിടിയിലായ രണ്ട് പേരും സൗദി സ്വദേശികളാണ്.

കുറിപ്പടികള്‍ നിര്‍മിച്ച് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്‍തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. റിയാദിലെ താമസ സ്ഥലം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് പൊലീസ് അറിയിച്ചു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

🇸🇦യുവതിയെ ശല്യം ചെയ്‍ത പ്രതിയെ പേരെടുത്ത് അപമാനിക്കാന്‍ കോടതി ഉത്തരവ്.

✒️റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) യുവതിയെ ശല്യം ചെയ്‍തതിന് ശിക്ഷക്കപ്പെട്ട യുവാവിനെ (sexual harrasment) പേരെടുത്തുപറഞ്ഞ് അപമാനിക്കാന്‍ (Naming and shaming) കോടതി ഉത്തരവ്. ജയില്‍ ശിക്ഷയ്‍ക്കും പിഴയ്‍ക്കും പുറമെയാണ് ഇയാളുടെ പേരും മറ്റ് വിവരങ്ങളും പ്രതിയുടെ ചിലവില്‍ തന്നെ പത്രത്തില്‍ പരസ്യം ചെയ്യാന്‍ (News paper advertisement) മദീനയിലെ ക്രിമിനല്‍ കോടതി (Criminal court) ഉത്തരവിട്ടത്. ഇതാദ്യമായാണ് സൗദി അറേബ്യയില്‍ ഇത്തരമൊരു വിധി പ്രസ്‍താവിക്കപ്പെടുന്നത്.

ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളുടെ വിവരങ്ങള്‍ പുറത്തുവിടാനും സമൂഹത്തില്‍ അവരെ അപമാനിതരാക്കാനുമുള്ള നിയമത്തിന് അടുത്തിടെ സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ലൈംഗിക പീഡനം നടത്തുന്നവരുടെ പേരും മറ്റ് വിവരങ്ങളുമെല്ലാം പത്രങ്ങളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും പുറത്തുവിടാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. ഇത് പ്രാബല്യത്തില്‍ വന്നതിന് ശേഷം രാജ്യത്ത് ആദ്യമായി പുറപ്പെടുവിക്കപ്പെടുന്ന കോടതി വിധിയാണ് കഴിഞ്ഞ ദിവസമുണ്ടായത്.

അശ്ലീല പദപ്രയോഗങ്ങളിലൂടെ ഒരു യുവതിയെ ശല്യം ചെയ്‍ത യാസര്‍ അല്‍ മുസ്‍ലിം അല്‍ അറാവി എന്നയാളിന് എട്ട് മാസം ജയില്‍ ശിക്ഷയും 5000 റിയാല്‍ പിഴയുമാണ് കോടതി വിധിച്ചത്. ഇതിന് പുറമെയാണ് പ്രാദേശിക ദിനപ്പത്രങ്ങളില്‍ ഇയാളുടെ വിവരങ്ങള്‍ സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കാന്‍ കൂടി ഉത്തരവിട്ടിരിക്കുന്നത്. 2021 ജനുവരിയിലാണ് രാജ്യത്തെ ലൈംഗിക പീഡനത്തിനെതിരായ നിയമത്തില്‍ പുതിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി നടത്തിയത്. വ്യാജ ലൈംഗിക പരാതികള്‍ ഉന്നയിക്കുന്നവര്‍ക്കെതിരായ വകുപ്പുകളും നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

🇦🇪യുഎഇയില്‍ 2511 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,511 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 795 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,92,415 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,90,698 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,54,688 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,177 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 33,833 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇦🇪സമയത്ത് മുഴുവന്‍ ശമ്പളവും കൊടുക്കണം; സ്വകാര്യ കമ്പനികള്‍ക്ക് മുന്നറിയിപ്പ്.

✒️യുഎഇയില്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്തു തന്നെ മുഴുവന്‍ ശമ്പളവും (Wages) ബാങ്ക് അക്കൌണ്ടുകള്‍ വഴി നല്‍കണമെന്ന് സ്വകാര്യ കമ്പനികളെ ഓര്‍മിപ്പിച്ച് അധികൃതര്‍. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് (Ministry of Human Resources and Emiratisation) തിങ്കളാഴ്‍ച ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയത്. ശമ്പളം നല്‍കുന്നതില്‍ വീഴ്‍ച വരുത്തിയാല്‍ കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും (Fine) മുന്നറിയിപ്പില്‍ പറയുന്നു.

രാജ്യത്തെ 'വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം' വഴി നിശ്ചിത തീയ്യതികളില്‍ തന്നെ ശമ്പളം നല്‍കണം. ജോലിയില്‍ തൊഴിലാളികള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതക്ക് പകരമായി കൃത്യസമയത്ത് ശമ്പളം ലഭിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി പറഞ്ഞു. കൃത്യമായ ശമ്പളം കൃത്യമായ തീയ്യതികളില്‍ തന്നെ ലഭിക്കുന്നത് ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൃത്യസമയത്ത് ശമ്പളം കിട്ടുന്നെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് 2009 മുതലാണ് യുഎഇ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം കൊണ്ടുവന്നത്. മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള കമ്പനികളെല്ലാം ഈ സംവിധാനത്തിലൂടെ തന്നെ ശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിനായി യുഎഇയിലെ ബാങ്കില്‍ അക്കൌണ്ട് തുറക്കണം. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിലൂടെ ആയിരിക്കണം തൊഴിലുടമയുടെ അക്കൌണ്ടില്‍ നിന്ന് തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് ശമ്പളത്തുക ട്രാന്‍സ്‍ഫര്‍ ചെയ്യേണ്ടത്.

നിശ്ചിത തീയ്യതി കഴിഞ്ഞ് 10 ദിവസത്തിനകം ശമ്പളം നല്‍കിയില്ലെങ്കില്‍ കമ്പനിക്ക് പിഴ ചുമത്തും. ശമ്പളം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ഓരോ തൊഴിലാളിയുടെയും പേരില്‍ കമ്പനിക്ക് 5000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരവധി തൊഴിലാളികള്‍ക്ക് ഇങ്ങനെ കമ്പനി കൃത്രിമം കാണിച്ചിട്ടുണ്ടെങ്കില്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴത്തുക ഉയരും. തൊഴിലാളിക്ക് നിശ്ചിത തീയ്യതിയില്‍ ശമ്പളം ലഭിച്ചില്ലെങ്കില്‍ കമ്പനിക്ക് 1000 ദിര്‍ഹമാണ് ശിക്ഷ.

തൊഴിലാളിയുടെ പേരില്‍ വ്യാജ സാലറി സ്ലിപ്പ് ഉണ്ടാക്കിയാല്‍ ഓരോ തൊഴിലാളിയുടെയും പേരില്‍ കമ്പനി 5000 ദിര്‍ഹം വീതം പിഴ അടയ്‍ക്കേണ്ടി വരും. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം വഴി ശമ്പളം സംബന്ധിച്ച ഇടപാടുകള്‍ നടത്താത്തവര്‍ക്ക് എല്ലാ ഇടപാടുകളും കൃത്യമാക്കുന്നത് വരെ പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കില്ല. ശമ്പളത്തില്‍ മാറ്റം വരുത്തിയാല്‍ അതും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം വഴിയാണ് നടപ്പാക്കേണ്ടത്. എല്ലാ ജീവനക്കാര്‍ക്കും തങ്ങളുടെ അക്കൌണ്ട് സ്റ്റേറ്റ്‍മെന്റ് ഇ-മെയിലിലൂടെ ലഭിക്കുന്നതിനുള്ള സംവിധാനം ഉപയോഗപ്പെടുത്താമെന്നും അണ്ടര്‍ സെക്രട്ടറി അറിയിച്ചു.

🇦🇪യുഎഇയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കുന്നതിന് കടുത്ത ശിക്ഷ.

✒️അബുദാബി: യുഎഇയില്‍ (UAE) കൊവിഡ് വ്യാപനം തടയുന്നതിനായി അധികൃതര്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടികളെക്കുറിച്ച് കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുതെന്ന് (rumours or false information) പ്രതിരോധ നടപടികള്‍ ലംഘിക്കരുതെന്നും ഫെഡറൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് പ്രോസിക്യൂഷൻ (Federal Emergency Crisis and Disasters Prosecution) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

 'അൽ ഹുസ്‌ൻ' ആപ്ലിക്കേഷനിൽ നിന്നുള്ള ചില കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചിത്രങ്ങളായും വീഡിയോകളായും പ്രചരിപ്പിക്കുന്നതും അതിനൊപ്പം കമന്റുകളും പാട്ടുകളും ചേര്‍ത്ത് രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികളെ ഇകഴ്‍ത്തിക്കാണിക്കുന്നതും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കൊവിഡ് പ്രതിരോധ നടപടികള്‍ ലംഘിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. യുഎഇയിലെ നിയമപ്രകാരം ശിക്ഷാർഹമായ ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനിൽക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ കിംവദന്തികളും തടയാനുള്ള യുഎഇയിലെ 2021ലെ ഫെഡറല്‍ നിയമം 34 പ്രകാരം ഇവ ശിക്ഷാര്‍ഹമാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തകൾ പങ്കിടുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് പ്രോസിക്യൂഷന്റെ പ്രസ്‍താവന ആവശ്യപ്പെടുന്നു. സമൂഹത്തിലെ എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കുകയും കൊവിഡ് പ്രതിരോധത്തിനായി രാജ്യം നടത്തുന്ന എല്ലാ പ്രയത്‍നങ്ങളെയും പിന്തുണയ്‍ക്കണമെന്നും യുഎഇയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച കുറിപ്പില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

🇰🇼കുവൈറ്റ്: COVID-19 വ്യാപനം തടയുന്നതിനായി പുതിയ പ്രതിരോധ നിർദ്ദേശങ്ങൾ; സർക്കാർ ഓഫീസുകളുടെ പ്രവർത്തനശേഷി 50 ശതമാനമാക്കും.

✒️രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനായി പുതിയ പ്രതിരോധ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും, സുരക്ഷാ മുൻകരുതൽ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. 2022 ജനുവരി 10-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ജനുവരി 10, തിങ്കളാഴ്ച്ച രാത്രിയാണ് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഇക്കാര്യം അറിയിച്ചത്. കുവൈറ്റിൽ പ്രതിദിന COVID-19 രോഗബാധ ഉയരുന്നതും, കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതും കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനം.

ജനുവരി 10-ലെ കുവൈറ്റ് ക്യാബിനറ്റ് യോഗത്തിൽ അറിയിച്ചിരിക്കുന്ന തീരുമാനങ്ങൾ:
സർക്കാർ മേഖലയിലെ സ്ഥാപനങ്ങളിൽ പരമാവധി 50 ശതമാനം ജീവനക്കാർക്കായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഈ തീരുമാനം ജനുവരി 12 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നേരിട്ടെത്തുന്ന ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടതാണ്. സ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കുന്നതിന് ഏറ്റവും കുറഞ്ഞത് ആവശ്യമായി വരുന്ന ജീവനക്കാർ മാത്രം ദിനവും നേരിട്ടെത്തുന്ന രീതിയാണ് നടപ്പിലാക്കേണ്ടത്.
ജനുവരി 12 മുതൽ സ്ഥാപനങ്ങളിലെ കോൺഫെറൻസുകൾ, മീറ്റിംഗുകൾ തുടങ്ങിയവ ഓൺലൈൻ സംവിധാനങ്ങളിലൂടെ നടത്തേണ്ടതാണ്.
നഴ്സറികളിലെ മുഴുവൻ ജീവനക്കാരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.
ജനുവരി 12 മുതൽ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം പരമാവധി അമ്പത് ശതമാനം യാത്രികർ എന്ന രീതിയിൽ നിയന്ത്രിക്കേണ്ടതാണ്.
ബ്യൂട്ടി സലൂൺ, ബാർബർ ഷോപ്, ഹെൽത്ത് ക്ലബ് തുടങ്ങിയ ഇടങ്ങളിലെ സന്ദർശകർ, ജീവനക്കാർ തുടങ്ങിയവർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.
സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കുന്നവർ ഓൺലൈൻ സംവിധാനങ്ങളിലൂടെ മുൻ‌കൂർ അനുമതി നേടിയിരിക്കണം.
ക്വാറന്റീൻ നടപടികൾ പരിശോധിക്കുന്നതിനായി ‘Shlonak’ ആപ്പ് ഉപയോഗിക്കുന്നതാണ്.
നിലവിൽ രാജ്യത്ത് കർഫ്യു ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടില്ല.

രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈറ്റ് സർക്കാർ വക്താവ് താരിഖ് അൽ മുസാരം 2022 ജനുവരി 9-ന് രാത്രി വ്യക്തമാക്കിയിരുന്നു.

🇧🇭ബഹ്‌റൈൻ: 200 മില്ലീലിറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾക്ക് നിരോധനം ഏർപ്പെടുത്തുന്നു.

✒️പാനീയങ്ങൾ, കുടിവെള്ളം എന്നിവ നൽകുന്നതിനായി ഇരുനൂറ് മില്ലീലിറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നതിന് ബഹ്‌റൈൻ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബഹ്‌റൈനിലെ ടെസ്റ്റിംഗ് ആൻഡ് മെട്രോളജി ഡയറക്ടറേറ്റാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഈ തീരുമാനപ്രകാരം ഇത്തരം കുപ്പികളുടെ ഉത്പാദനം, വിതരണം എന്നിവയ്ക്കും, 200 മില്ലീലിറ്ററിൽ താഴെ പാനീയങ്ങൾ അടങ്ങിയ കുപ്പികൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും ഡയറക്ടറേറ്റ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സാധാരണ കുടിവെള്ളം, മിനറൽ വാട്ടർ, സ്പാർക്കിളിങ്ങ് വാട്ടർ, മറ്റു മധുരപാനീയങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള പാനീയങ്ങൾ അടങ്ങിയ എല്ലാ തരം 200 മില്ലീലിറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് കുപ്പികൾക്കും ഈ വിലക്ക് ബാധകമാണ്.

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും, പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇത്തരം ഒരു തീരുമാനം. 2021 നവംബറിൽ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസിന്റെ (COP26 കാലാവസ്ഥാ ഉച്ചകോടി) ഭാഗമായി പ്രഖ്യാപിക്കപ്പെട്ട, പരിസ്ഥിതിയ്ക്ക് ഏറ്റവും ദോഷകരമായ ഏതാനം സാധനങ്ങൾക്ക് 2022 ജൂൺ മാസത്തിന് മുൻപായി വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ബഹ്‌റൈൻ ഈ വിലക്ക് നടപ്പിലാക്കുന്നത്.

🇸🇦അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടവകാശി.

✒️അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടവകാശിയെ തെരഞ്ഞെടുത്തു. റഷ്യ ടുഡേയുടെ വൈബ്സൈറ്റ് സർവ്വേയിലാണ് കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒന്നാമതെത്തിയത്. അൻപത്തിമൂന്ന് ലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയ സർവ്വേയിൽ മുപ്പത്തിയേഴ് ശതമാനം പേർ കിരീടവകാശിയെ പിന്തുണച്ചു. അറബ് ലോകത്ത് ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തിയായി മാറിയവരുടെ പട്ടികയിലാണ് സൗദി കിരീടവകാശി സ്ഥാനം പിടിച്ചത്. റഷ്യ ടുഡേയുടെ വൈബ്സൈറ്റ് നടത്തിയ ഓൺലൈൻ സർവ്വേയിലാണ് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒന്നാമതെത്തിയത്. സർവേയിൽ അറബ് ലോകത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന വ്യക്തിയായാണ് മുഹമ്മദ് ബിൻ സൽമാനെ വോട്ടർമാർ തെരഞ്ഞെടുത്തത്. അൻപത്തിമൂന്ന് ലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയ സർവ്വേയിൽ മുപ്പത്തിയേഴ് ശതമാനം പേർ കിരീടവകാശിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഡിസംബർ പതിനാറിന് ആരംഭിച്ച സർവ്വേ ജനുവരി പത്ത് വരെ നീണ്ട് നിന്നു.

🇶🇦ഖത്തറിലെ ബാങ്കുകളിൽ പ്രവേശനത്തിന് അപ്പോയിന്മെന്റ് നിർബന്ധം.

✒️ഖത്തറിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ബാങ്കുകളിലേക്കുള്ള പ്രവേശനത്തിന് മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ തന്നെ പല ബാങ്കുകളിലും അപ്പോയന്റ്മെന്റ് വ്യവസ്ഥ നിലവിലുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ വ്യവസ്ഥ കൂടുതൽ നിര്ബന്ധമാക്കാനാണ് അധികൃതരുടെ തീരുമാനം. ബാങ്കുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപ്പോയ്ൻമെന്റെടുക്കാൻ സാധിക്കും. എന്തെങ്കിലും കാരണവശാല്‍ അപ്പോയന്റ്മെന്റ് ലഭിച്ച സമയത്ത് വരാന്‍ കഴിയില്ലെങ്കില്‍ അപ്പോയന്റ്മെന്റ് കാന്‍സല്‍ ചെയ്യുമെന്ന് ബാങ്കുകൾ വ്യക്തമാക്കി.

🇶🇦ഖത്തറിലേക്ക് വരുന്നവർ ഇഹ്തിറാസില്‍ രജിസ്റ്റർ ചെയ്യുന്നത് പ്രവേശനം എളുപ്പമാക്കും.

✒️ഖത്തറിലേക്കുള്ള യാത്രാ പ്രവേശനം എഹ്‌തെറാസിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ നിലവിൽ നിരവധി നേട്ടങ്ങളുണ്ടെന്ന് എയർപോർട്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽ റുമൈഹി. ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ഹോട്ടൽ ക്വാറന്റൈൻ, പിസിആർ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സബ്മിറ്റ് ചെയ്തുകൊണ്ട് പോർട്ടലിൽ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം. കുട്ടികളോടൊപ്പം വരുന്നവർക്ക് പ്രത്യേകമായി രജിസ്ട്രേഷൻ നിരവധി നേട്ടങ്ങൾ നൽകുന്നുണ്ടെന്നും ഖത്തർ റേഡിയോയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൂടാതെ, 18 വയസ്സിന് മുകളിലുള്ളവർക്ക് ഇ-ഗേറ്റുകൾ ഉപയോഗിക്കാനും ഇതുവഴി സാധിക്കും.

ഖത്തറിലേക്ക് വരുന്ന സന്ദര്‍ശകര്‍ www.ehteraz.gov.qa എന്ന വെബ്സൈറ്റില്‍ പ്രീ-രജിസ്ട്രേഷന്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യുകയും എത്തിച്ചേരുന്നതിന് 3 ദിവസം മുമ്പെങ്കിലും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള പ്രസക്തമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുകയും വേണം. എന്നാല്‍ ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പ്രീ-രജിസ്ട്രേഷന്‍ ഓപ്ഷണലാണ് .
ഇലക്ട്രോണിക് പ്രീ-രജിസ്ട്രേഷന്‍ പ്രക്രിയയില്‍ പി,സി.ആര്‍ പരിശോധന ഫലം ഇനി ആവശ്യമില്ല. പകരം, യാത്രക്കാര്‍ പിസിആര്‍ പരിശോധനാ ഫലത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പ് എയര്‍ലൈനുകള്‍ക്ക് നല്‍കണം.

Post a Comment

0 Comments