എൻഐഎക്ക് കടുത്ത തിരിച്ചടി നൽകിക്കൊണ്ട് കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്. തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എൻ.ഐ.എ. കോടതി ശിക്ഷിച്ചിരുന്നത്. എൻഐഎ കോടതി ശിക്ഷാവിധിക്കെതിരേ പ്രതികൾ നൽകിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
പ്രതികൾക്കെതിരേ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അബ്ദുൾ ഹാലിം, അബുബക്കർ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ എൻഐഎ നൽകിയ അപ്പീലും കോടതി തള്ളി.
കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ആകെ 9 പ്രതികളുള്ള കേസിൽ, ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല.
കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലുമായിട്ടായിരുന്നു 2006 മാർച്ചിൽ ഇരട്ട സ്ഫോടനം നടന്നത്.
മാറാട് കലാപത്തിലെ പ്രതികൾക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് ജുഡീഷ്യറിയോടും മറ്റു സംവിധാനങ്ങളോടുമുള്ള പ്രതിഷേധമെന്ന നിലയിൽ പ്രതികൾ സ്‌ഫോടനം ആസൂത്രണം ചെയ്തു എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. കേസിൽ ഒമ്പതു പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ടു പ്രതികളെ എൻഐഎക്ക് പിടി കൂടാനായിട്ടില്ല. ഒരു പ്രതി കശ്മീരിൽ മരിച്ചു. ഏഴാം പ്രതി കേസിൽ മാപ്പു സാക്ഷിയായി. അഞ്ചാം പ്രതിയായ ജലീലിനെ കോടതി വെറുതെ വിട്ടിരുന്നു. വിചാരണ പൂർത്തിയാക്കിയ ശേഷമാണ് മറ്റു രണ്ടു പ്രതികളെ വിട്ടയച്ചത്. തനിക്ക് കേസിൽ നേരിട്ടു വാദിക്കണമെന്ന് ബംഗളൂരു ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അനുവദിക്കുകയും നസീർ ഹൈക്കോടതിയിൽ എത്തുകയും ചെയ്തു. എന്നാൽ പിന്നീട് വാദം അഭിഭാഷകന് വക്കാലത്തു നൽകി. ജയിലിൽ വീഡിയോ കോൺഫറൻസിങ് അനുവദിക്കണമെന്ന നസീറിന്റെ ആവശ്യവും കോടതി അനുവദിച്ചിരുന്നു.
0 Comments