🇰🇼കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിച്ച ശേഷം PCR നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകാൻ ക്യാബിനറ്റ് തീരുമാനം.
✒️വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള വ്യക്തികൾക്ക് ഏതാനം നിബന്ധനകൾക്ക് വിധേയമായിക്കൊണ്ട് ഹോം ക്വാറന്റീൻ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് ക്യാബിനറ്റ് അറിയിച്ചു. 2022 ജനുവരി 17-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം വ്യക്തികൾക്ക് കുവൈറ്റിലേക്ക് പ്രവേശിച്ച ശേഷം നടത്തുന്ന PCR പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന സാഹചര്യത്തിലാണ് ഹോം ക്വാറന്റീൻ ഒഴിവാക്കുന്നതിന് അനുമതി നൽകുന്നത്. ഈ തീരുമാനം 2022 ജനുവരി 18, ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഹമദ് ജാബിർ അൽ അലി അൽ സബാഹ് നേതൃത്വം നൽകുന്ന കൊറോണ വൈറസ് കമ്മിറ്റി പുറത്തിറക്കിയ ഒരു അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം കുവൈറ്റിലേക്ക് പ്രവേശിക്കുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ഉൾപ്പടെ ജനുവരി 18 മുതൽ 7 ദിവസത്തെ ഹോം ക്വാറന്റീൻ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുവൈറ്റിൽ എത്തിയ ശേഷം നടത്തുന്ന PCR പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഈ ക്വാറന്റീൻ ഒഴിവാക്കാവുന്നതാണ്.
🇸🇦സൗദി: കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
✒️രാജ്യത്ത് തെറ്റായ വാർത്തകളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതുസമൂഹത്തിലെ സമാധാനം തകരുന്നതിന് ഇടയാക്കുന്ന എല്ലാത്തരത്തിലുള്ള അസത്യപ്രചാരണങ്ങളും സൗദി അറേബ്യയിൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്യുമെന്നും, ഇവർക്കെതിരെ കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാനടപടികൾ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 2022 ജനുവരി 17-ന് വൈകീട്ടാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വിവരസാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയുന്നതിനുള്ള നിയമങ്ങൾ പ്രകാരവും, ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരവും സൗദിയിൽ സമൂഹമാധ്യമങ്ങളിലുൾപ്പടെ നുണപ്രചാരണങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുന്ന വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. സൗദിയ്ക്കെതിരായി വിദേശരാജ്യങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന സ്രോതസ്സുകൾ പുറത്തിറക്കുന്ന വ്യാജപ്രചാരണങ്ങൾ രാജ്യത്ത് പ്രസിദ്ധീകരിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഇത്തരം വ്യാജപ്രചാരണങ്ങളിൽ ഏർപ്പെടുന്നവർക്ക് 3 ദശലക്ഷം റിയാൽ പിഴയും അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ അധികൃതർ പിടിച്ചെടുക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
അടുത്തിടെ റിയാദ് സീസണിലെ ഒരു സംഗീത പരിപാടി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന കിംവദന്തികൾക്ക് പിറകിൽ വിദേശരാജ്യങ്ങളിലെ സ്രോതസ്സുകളാണ് പ്രവർത്തിച്ചിരുന്നതെന്ന് സൗദി അധികൃതർ കണ്ടെത്തിയിരുന്നു.
🇸🇦സൗദിയിൽ 5,873 പേർക്ക് കൂടി കൊവിഡ്.
✒️സൗദി അറേബ്യയിൽ(Saudi Arabia) പുതുതായി 5873 പേർക്ക് കൂടി കൊവിഡ്(covid 19) സ്ഥിതീകരിച്ചു. 24 മണിക്കൂറിനിടയിൽ നിലവിലെ രോഗബാധിതരിൽ 4,535 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 626,808 ഉം രോഗമുക്തരുടെ എണ്ണം 573,831 ഉം ആണ്. ആകെ മരണസംഖ്യ 8,910 ആയി. ചികിത്സയിലുള്ള 44,067 രോഗികളിൽ 454 പേരുടെ നില ഗുരുതരമാണ്.
ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.54 ശതമാനവും മരണനിരക്ക് 1.42 ശതമാനവുമായി തുടരുന്നു. പുതുതായി റിയാദ് 1,911, ജിദ്ദ 723, മക്ക 384, ഹുഫൂഫ് 168, മദീന 157, തായിഫ് 143, ദമ്മാം 135, അബഹ 134, ജീസാൻ 107 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,297,250 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 25,228,724 ആദ്യ ഡോസും 23,497,379 രണ്ടാം ഡോസും 5,571,147 ബൂസ്റ്റർ ഡോസുമാണ്.
🇸🇦സൗദിയില്‍ ശൈത്യം കടുക്കുന്നു, പല ഭാഗങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച.
✒️സൗദി അറേബ്യയില്‍(Saudi Arabia) ശൈത്യം കടുക്കുന്നു. അതിന്റെ തുടക്കമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച. വടക്കന്‍ അതിര്‍ത്തി പ്രദേശമായ തബൂക്കിലും തുറൈഫിലുമാണ് മഞ്ഞുവീഴ്ച. ഈ മേഖലയിലെ പര്‍വത പ്രദേശങ്ങളെല്ലാം വെള്ള പുതച്ചിരിക്കുകയാണ്. താപനില കുറഞ്ഞ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്. മഞ്ഞ് വീഴ്ച കണ്ട് ആസ്വദിക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്.
തുറൈഫില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കന്‍ മേഖലയില്‍ ഇന്നും നാളെയും വരെ മഞ്ഞുവീഴ്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി തബൂക്കിലെ കാലാവസ്ഥാ വിഭാഗം റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ അല്‍അന്‍സി പറഞ്ഞു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ്. സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി, തബൂക്ക് മേഖലയിലെ ഉയരം കൂടിയ സ്ഥലങ്ങളില്‍ മഞ്ഞു വീഴ്ചയുണ്ടായതായി കാലാവസ്ഥാ നിരീക്ഷകന്‍ അഖില്‍ അല്‍അഖീല്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഉയര്‍ന്ന പ്രദേശങ്ങളിലും തബൂക്ക് മേഖലയുടെ തെക്കന്‍ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥ വിഭാഗം പ്രതീക്ഷിക്കുന്നു.
വടക്കന്‍ ഭാഗങ്ങളിലും ഹാഇല്‍ പ്രവിശ്യയിലെ ഉയരം കൂടിയ ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരാനുള്ള സാധ്യതയുണ്ട്. താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മിക്ക വടക്കന്‍, വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്തും. വടക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ പരമാവധി താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെത്താം.
🇴🇲ഒമാനില്‍ 1,315 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.
✒️ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 1,315 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 240 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ഇതുവരെ 3,14,853 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,02,762 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,122 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 96.2 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 98 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 14 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
🇦🇪യുഎഇയില്‍ 2792 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,792 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1166 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,87,749 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,11,029 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,62,379 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,198 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 46,452 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇶🇦ഖത്തർ ലോകകപ്പ്: ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങും.
✒️ലോകം കാത്തിരിക്കുന്ന വിശ്വമാമാങ്കം ഗാലറിയിലിരുന്ന് കാണാൻ കൊതിക്കുന്നവർക്ക് സന്തോഷ വാർത്ത. 2022 ഖത്തർ ഫുട്ബാൾ ലോകകപ്പിന്‍റെ ടിക്കറ്റ് ബുക്കിങ്ങിന് ബുധനാഴ്ച തുടക്കമാവും. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ടിക്കറ്റ് നിരക്ക്, ടിക്കറ്റ് ബുക്കിങ് ഫോർമാറ്റ് തുടങ്ങിയ വിശദാംശങ്ങൾ ബുധനാഴ്ച പുറത്തുവിടും. ഫിഫ വെബ്സൈറ്റ് വഴിയാവും ടിക്കറ്റ് വിൽപന.
നവംബർ 21നാണ് കാൽപന്ത് ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിശ്വമേളക്ക് ഖത്തറിന്‍റെ മണ്ണിൽ പന്തുരുളുന്നത്. പശ്ചിമേഷ്യയിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിനായി ഖത്തർ എട്ട് വേദികളുടെ നിർമാണങ്ങൾ പൂർത്തിയാക്കി ഒരു വർഷം മുമ്പേ സർവസജ്ജമായി കാത്തിരിപ്പിലാണ്.
ലോകകപ്പിന്‍റെ ട്രയൽ റൺ എന്ന നിലയിൽ നടത്തപ്പെട്ട ഫിഫ അറബ് കപ്പിന് കഴിഞ്ഞ നവംബർ 30 മുതൽ ഡിസംബർ 18 വരെയായിരുന്നു ഖത്തർ വേദിയായത്. 16 അറബ് രാജ്യങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിന് ലോകകപ്പിന്‍റെ ആറ് സ്റ്റേഡിയങ്ങളാണ് വേദിയൊരുക്കിയത്. ആറ് ലക്ഷത്തോളം കാണികളും അറബ് കപ്പ് മത്സരങ്ങൾക്ക് സാക്ഷിയായി.
0 Comments