🇦🇪അറബ് ലോകത്തെ പ്രതിഭകള്‍ക്കായി വന്‍ പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി.
✒️അറബ് പ്രതിഭകള്‍ക്കായി(Arab geniuses) വന്‍ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Mohammed bin Rashid Al Maktoum). ഭൗതികശാസ്ത്രം, ഗണിതം, കോഡിങ്, ഗവേഷണം, സാമ്പത്തികശാസ്ത്രം തുടങ്ങിയ മേഖലകളിലെ ആയിരം അറബ് പ്രതിഭകളെ സഹായിക്കുന്നതാണ് പദ്ധതി. മാനവ നാഗരികതയുടെ ചരിത്രത്തില്‍ അറബ് ലോകം നല്‍കിയ സംഭാവനകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചത്.
ശൈഖ് മുഹമ്മദ് അധികാരമേറ്റതിന്റെ 16-ാം വാര്‍ഷിക ആഘോഷിക്കുന്ന ജനുവരി നാലിനാണ് 'ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ് ഫണ്ട്' എന്ന് പേരിട്ട പദ്ധതിയുടെ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. സ്ഥാനാരോഹണ ദിനം അടയാളപ്പെടുത്താന്‍ എല്ലാ വര്‍ഷവും അദ്ദേഹം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ട്. 10 കോടി ദിര്‍ഹം വകയിരുത്തിയ പദ്ധതിയില്‍ യുഎഇയ്ക്ക് പുറമെ മറ്റ് അറബ് രാജ്യങ്ങളിലുമുള്ള പ്രതിഭകളെ സഹായിക്കും.
🇸🇦ആശങ്കയേറ്റി സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 2500 കവിഞ്ഞു.
✒️സൗദി അറേബ്യയില്‍(Saudi Arabia) പുതിയ കൊവിഡ്(covid 19) കേസുകള്‍ 2500 കവിഞ്ഞു. 24 മണിക്കൂറിനിടെ 2585 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 375 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാജ്യത്ത് ആകെ 121,722 വിഡ് പി.സി.ആര്‍ പരിശോധനയാണ് നടത്തിയത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 562,437 ആയി. ആകെ രോഗമുക്തി കേസുകള്‍ 543,129 ആണ്. ആകെ മരണസംഖ്യ 8,883 ആയി.
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,425 ആയി ഉയര്‍ന്നു. ഇതില്‍ 96 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 51,622,118 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,058,127 എണ്ണം ആദ്യ ഡോസ് ആണ്. 23,251,135 എണ്ണം സെക്കന്‍ഡ് ഡോസും. 3,312,856 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യതലസ്ഥാനമായ റിയാദിലാണ് പ്രതിദിനരോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്. റിയാദില്‍ മാത്രം 799 പേര്‍ക്കാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്. ജിദ്ദയാണ് രണ്ടാം സ്ഥാനത്ത് (512). മക്കയില്‍ 378 ഉം, മദീനയില്‍ 115 ഉം, ഹുഫൂഫില്‍ 109 ഉം ദമ്മാമില്‍ 107 ഉം മറ്റിടങ്ങളില്‍ അമ്പതില്‍ താഴെയുമാണ് പുതിയ രോഗികള്‍.
🇸🇦കൊവിഡ്; സൗദിയില്‍ ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം.
✒️കൊവിഡ്(covid) വ്യാപനം വീണ്ടും ശക്തിപ്പെട്ടെങ്കിലും സൗദി അറേബ്യയില്‍(Saudi Arabia) ലോക് ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നു ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി. ലോക് ഡൗണ്‍ അടക്കമുള്ള കൊവിഡിന്റെ ആദ്യഘട്ട നടപടികളിലേക്ക് രാജ്യം മടങ്ങിപ്പോകില്ല. കാരണം വാക്സിനേഷനുകളിലൂടെയും ബൂസ്റ്റര്‍ ഡോസിലൂടെയും സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചിരിച്ചിട്ടുണ്ട്.
കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ കഴിയുന്നവരും മരിച്ചവരുമെല്ലാം വാക്സിനുകള്‍ പൂര്‍ത്തിയാക്കാത്തവരാണ്. ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തവര്‍ പൂര്‍ണമായും പ്രതിരോധ ശേഷി നേടിയിട്ടുണ്ട്. അതിനാല്‍ രോഗവ്യാപനം തടയാന്‍ എല്ലാവരും വാക്സിനുകള്‍ പൂര്‍ത്തിയാക്കണം.
ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഫൈസര്‍, മോഡേര്‍നാ എന്നീ വാക്സിനുകള്‍ മാത്രമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. വാക്സിന്‍ ക്ഷാമം രാജ്യത്തില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🇦🇪ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളിക്ക് 50 കോടി; സമ്മാനത്തുക 15 പേരുമായി പങ്കിടും.
✒️അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസായ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണി. അല്‍ ഐനില്‍ താമസിക്കുന്ന 35കാരനായ ഇദ്ദേഹം ഡിസംബര്‍ 30ന് വാങ്ങിയ232976 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൗണ്ടറില്‍ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഉപഭോക്താക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നത് ബിഗ് ടിക്കറ്റ് തുടരുകയാണ് ഇത്തവണത്തെ നറുക്കെടുപ്പിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ബിഗ് ടിക്കറ്റ് നല്‍കിയത്.
നറുക്കെടുപ്പ് വേദിയില്‍ സിറ്റി 1016 നിന്നുള്ള ലോകേഷ് ധര്‍മണി ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിനും ബുഷ്‌റയ്ക്കുമൊപ്പം അതിഥിയായി പങ്കിടുത്തിരുന്നു.
20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയത് ഇന്ത്യക്കാരനായ അശ്വിന്‍ അരവിന്ദാക്ഷന്‍ ആണ്. 390843 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഗ്രാന്‍ഡ് പ്രൈസ് ടിക്കറ്റ് തെരഞ്ഞെടുത്തത്. സമ്മാനാര്‍ഹനായ വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് ഫോണ്‍ വിളിച്ചപ്പോള്‍ തനിക്കിത് വിശ്വസിക്കാനാവുന്നില്ലൊണ് ഗ്രാന്‍ഡ് പ്രൈസ് വിജയിയായ ഹരിദാസന്‍ പ്രതികരിച്ചത്.മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ദീപക് രാംചന്ദ് ഭാട്ടിയയാണ്. ഇദ്ദേഹം വാങ്ങിയ 096192 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഇന്ത്യയില്‍ നിന്നുള്ള തേജസ് ഹാല്‍ബേ വാങ്ങിയ 291978 എന്ന ടിക്കറ്റ് നമ്പരാണ് നാലാം സമ്മാനമായ 90,000 സ്വന്തമാക്കിയത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ദിനേഷ് ഹാര്‍ലേയാണ്. ഇദ്ദേഹം വാങ്ങിയ 029081 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 70,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള സുനില്‍കുമാര്‍ ശശിധരനാണ്. 349235 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.
ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ഇന്ത്യയില്‍ നിന്നുള്ള അശോക് കുമാര്‍ കോനേറു മസെറാതി കാര്‍ സ്വന്തമാക്കി. 012276 എന്ന നമ്പരിലുള്ള ടിക്കറ്റാണ് വിജയിച്ചത്.
ഈ ജനുവരിയില്‍ മറ്റൊരു വലിയ ക്യാഷ് പ്രൈസാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.അടുത്ത നറുക്കെടുപ്പിലെ വിജയികള്‍ക്ക് 2.2 കോടി ദിര്‍ഹമാണ് (44 കോടിയിലേറെ ഇന്ത്യന്‍ രൂപ)ഗ്രാന്‍ഡ് പ്രൈസായി ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും മറ്റ് മൂന്ന് ക്യാഷ് പ്രൈസുകളും നറുക്കെടുപ്പ് വിജയികള്‍ക്ക് ലഭിക്കും. ഇത് കൂടാതെ എല്ലാ ആഴ്ചയിലും 250,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസും നല്‍കുന്നു. ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പ് രണ്ടാം തവണയും നടത്തുകയാണ്. ഇതിലൂടെ എല്ലാ ആഴ്ചയിലും ഓരോ ഉപഭോക്താക്കളെ വീതം ഇലക്ട്രോണിക് ഡ്രോ വഴി തെരഞ്ഞെടുക്കുന്നു. ഇവര്‍ക്ക് ക്യാഷ് പ്രൈസ് ലഭിക്കുന്നതിന് പുറമെ ഇതേ ടിക്കറ്റിലൂടെ ത്‌ന്നെ ഫെബ്രുവരി മൂന്നിന് നടക്കുന്ന 236-ാമത് ലൈവ് നറുക്കെടുപ്പില്‍ പങ്കെടുത്ത് 2.2 കോടി ദിര്‍ഹം വരെ വിജയിക്കാനും അവസരമുണ്ട്. 235-ാമത് നറുക്കെടുപ്പിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.
ആഴ്‍ചതോറും 2,50,000 ദിര്‍ഹം സമ്മാനം നല്‍കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍
പ്രൊമോഷന്‍ 1 : ജനുവരി ഒന്ന് മുതല്‍ എട്ട് വരെ. നറുക്കെടുപ്പ് ജനുവരി 9 ഞായറാഴ്‍ച
പ്രൊമോഷന്‍ 2: ജനുവരി 9 മുതല്‍ 16 വരെ. നറുക്കെടുപ്പ് ജനുവരി 17 തിങ്കളാഴ്‍ച
പ്രൊമോഷന്‍ 3: ജനുവരി 17 മുതല്‍ 23 വരെ. നറുക്കെടുപ്പ് ജനുവരി 24 തിങ്കളാഴ്‍ച
പ്രൊമോഷന്‍ 4: ജനുവരി 24 മുതല്‍ 31 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 1 ചൊവ്വാഴ്‍ച.
പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന എല്ലാ ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ക്കും ടിക്കറ്റ് വാങ്ങുന്നതിന് അടുത്ത ദിവസത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. എല്ലാ ആഴ്ചയിലെയും പ്രതിവാര നറുക്കെടുപ്പില്‍ ഈ ടിക്കറ്റുകള്‍ക്ക് എന്‍ട്രി ലഭിക്കില്ല.
🇰🇼കുവൈറ്റ്: ജനുവരി 4 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാക്കുന്നു.
✒️2022 ജനുവരി 4, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 നെഗറ്റീവ് PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി. ജനുവരി 3-ന് വൈകീട്ടാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 72 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് ഹാജരാകാത്ത യാത്രികരെ കുവൈറ്റിലേക്കുള്ള വിമാനങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് DGCA വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ COVID-19 പ്രതിരോധ നിയന്ത്രണങ്ങൾ കർശനമാക്കാൻ കുവൈറ്റ് ക്യാബിനറ്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുണ്ട്.
🇰🇼കുവൈറ്റ്: COVID-19 പ്രതിരോധം കർശനമാക്കാൻ തീരുമാനം; ഇൻഡോർ ഒത്ത്ചേരലുകൾക്ക് വിലക്കേർപ്പെടുത്തും.
✒️രാജ്യത്തെ COVID-19 പ്രതിരോധ നിയന്ത്രണങ്ങൾ കർശനമാക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ജനുവരി 3-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.
ഈ തീരുമാന പ്രകാരം 2022 ജനുവരി 9, ഞായറാഴ്ച്ച മുതൽ ഏഴ് ആഴ്ച്ചത്തേക്ക് രാജ്യത്ത് ഇൻഡോറിൽ നടക്കുന്ന എല്ലാ സാമൂഹിക ഒത്ത്ചേരലുകൾക്കും വിലക്കേർപ്പെടുത്തുമെന്ന് കുവൈറ്റ് ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്. 2022 ജനുവരി 9 മുതൽ 2022 ഫെബ്രുവരി 28 വരെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും ക്യാബിനറ്റ് അറിയിച്ചിട്ടുണ്ട്.
🇴🇲ഒമാൻ: COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല.
✒️COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ നിർദ്ദേശം നൽകി. COVID-19 വ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ കർശനമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് നൽകിയ ഔദ്യോഗിക അറിയിപ്പിലാണ് മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.
2022 ജനുവരി 3-നാണ് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നിബന്ധനകൾ പാലിക്കാൻ ഒമാനിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്:
രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം അമ്പത് ശതമാനത്തിൽ നിയന്ത്രിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന മുഴുവൻ സന്ദർശകരും മാസ്കുകളുടെ ഉപയോഗം, 2 മീറ്റർ സാമൂഹിക അകലം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപനങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.
ഇത്തരം സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ള ഷോപ്പിംഗ് ട്രോളികൾ, സ്ഥാപനങ്ങളുടെ പരിസരങ്ങൾ മുതലായവ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.
സ്ഥാപനങ്ങൾ സന്ദർശകർക്കായി ഹാൻഡ് സാനിറ്റൈസറുകൾ ഒരുക്കേണ്ടതാണ്.
ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന സന്ദർശകർ രണ്ട് ഡോസ് COVID-19 വാക്സിനെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഇത്തരം സ്ഥാപനങ്ങളിൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാണെങ്കിൽ തിരക്കൊഴിവാക്കുന്നതിനായി അത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കളോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി മന്ത്രാലയം പ്രത്യേക പരിശോധനകൾ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
🇦🇪യു എ ഇ റെസിഡൻസി സ്റ്റാറ്റസ് സംബന്ധിച്ച വ്യാജപ്രചാരണങ്ങളെക്കുറിച്ച് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
✒️യു എ ഇ റെസിഡൻസി സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വർത്തകളെക്കുറിച്ച് ഷാർജ പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി. യു എ ഇ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള വ്യക്തികൾക്ക്, ഷാർജയിലെ ഒരു സർവീസ് കേന്ദ്രത്തിൽ നിന്ന്, ഒരു നിശ്ചിത ഫീസ് അടച്ച് കൊണ്ട്, തങ്ങളുടെ റെസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് സാധിക്കുമെന്നുള്ള തരത്തിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ ഉയർന്ന സാഹചര്യത്തിലാണ് ഷാർജ പോലീസ് ഈ അറിയിപ്പ് നൽകിയത്.
ഇത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, ഈ വാർത്ത പങ്ക് വെക്കരുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രചാരണത്തിന് പിന്നിലെ വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു. എമിറേറ്റിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ജുഡീഷ്യൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
രാജ്യത്ത് വ്യാജവാർത്തകളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
🇶🇦എയർ ബബിൾ കരാർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജനുവരി 11 മുതൽ സൗദി സർവിസുകൾ ആരംഭിക്കും.
✒️സൗദിയുമായുള്ള പുതിയ എയർ ബബ്ൾ കരാറിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജനുവരി 11 മുതൽ സർവിസുകൾ ആരംഭിക്കും. 11 മുതൽ ഫ്ലൈ നാസും ഇൻഡിഗോയുമാണ് സർവിസ് നടത്തുക. ഫ്ലൈ നാസ് റിയാദിലേക്കും ഇൻഡിഗോ ജിദ്ദ, ദമ്മാമിലേക്കുമാണ് സർവിസ്. റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവിസാണ് നടത്തുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 7.30ന് റിയാദിൽ നിന്നെത്തുന്ന വിമാനം 8.30ന് മടങ്ങും. ജിദ്ദ, ദമ്മാം, മദീന, ജിസാൻ, അബഹ, അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് എല്ലാം ഈ സർവിസിന് കണക്ഷൻ വിമാനം ലഭിക്കും.
ജിദ്ദയിലേക്ക് തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 9.30നാണ് ഇൻഡിഗോ സർവിസ്. രാവിലെ 10.40ന് തിരിച്ചെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദമ്മാമിൽ നിന്ന് 7.35ന് എത്തുന്ന വിമാനം 8.35ന് മടങ്ങും. നിലവിൽ ചാർട്ടർ സർവിസുകളാണ് നടത്തുന്നതെന്നും എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവിസുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. സൗദി യാത്രക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കരിപ്പൂരിൽ നിന്ന് ഏറ്റവും തിരക്കേറിയ സൗദി സെക്ടറിൽ വലിയ വിമാനമില്ലാത്തത് വിദേശയാത്രികർക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ, സൗദി എയർലൈൻസ് സർവിസ് നടത്തിയിരുന്നെങ്കിലും വിമാനാപകട പശ്ചാത്തലത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
🇶🇦ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷം;.ഇന്ന് രോഗം സ്ഥിരീകരിച്ചത് 1695 പേര്‍ക്ക്.
✒️ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ഇന്ന് 1695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ വിലയ തിരക്കാണ് അനുഭവപ്പെടുന്നത്.ഒറ്റദിവസം കൊണ്ട് പ്രതിദിന കോവിഡ് രോഗികളില്‍ 500 എണ്ണത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. 8339 കോവിഡ് രോഗികളാണ് ഇപ്പോള്‍ ഖത്തറിലുള്ളത്. രാജ്യത്ത് ഒമിക്രോണ്‍ വകഭേദം വേഗത്തില്‍ പടരുന്നുണ്ടെന്നും വൈറസ് ബാധിതര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കോവിഡ് പരിശോധനയ്ക്കായിവലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ഫലം വൈകുന്നതിനും ഇടയാക്കുന്നുണ്ട്. പ്രവാസികള്‍ അടക്കമുള്ളവരുടെ യാത്രയെയും ഇത് സാരമായിബാധിക്കുന്നുണ്ട്.
🇦🇪ഗോള്‍ഡന്‍ വിസയുണ്ടെങ്കില്‍ ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിന് ക്ലാസ് വേണ്ട.
✒️യുഎഇയില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് (Golden visa holders) ഡ്രൈവിങ് ലൈസന്‍സ് (Driving Licence) എടുക്കാന്‍ ക്ലാസുകള്‍ ആവശ്യമില്ലെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി (Dubai Road Transport Authority). സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കി നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും (Knowledge test and Road test) പാസായാല്‍ ലൈസന്‍സ് ലഭിക്കുമെന്ന് ദുബൈ ആര്‍.ടി.എ ട്വീറ്റ് ചെയ്‍തു.
ഗോള്‍ഡന്‍ വിസയുള്ളവര്‍ തങ്ങളുടെ എമിറേറ്റ്സ് ഐഡിയും നേരത്തെയുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയുമാണ് നല്‍കേണ്ടത്. തുടര്‍ന്ന് നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പൂര്‍ത്തിയാക്കി ലൈസന്‍സ് സ്വന്തമാക്കാനാവും. മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ക്ക് ഇതിനോടകം യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
🇰🇼എംബസി പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ സ്ഥലം മാറുന്നു.
✒️കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ എംബസിയുടെ പുതിയ കോൺസുലർ, പാസ്പോർട്ട്, വിസ ഒൗട്ട്സോഴ്സ് സേവന കേന്ദ്രങ്ങൾ ജനുവരി 11 മുതൽ ശർഖ്, ജലീബ്, ഫഹാഹീൽ എന്നിവിടങ്ങളിലെ പുതിയ സ്ഥലങ്ങളിൽ പ്രവർത്തിക്കും. ശർഖ് ഖാലിദ് ഇബ്നു വലീദ് സ്ട്രീറ്റിൽ ജവാഹറ ടവർ മൂന്നാം നില, ജലീബ് അൽ ശുയൂഖ് ഒലീവ് സൂപ്പർ മാർക്കറ്റ് ബിൽഡിങ്, ഫഹാഹീൽ മക്ക സ്ട്രീറ്റ് അൽ അനൂദ് ഷോപ്പിങ് കോംപ്ലക്സിെൻറ മെസനൈൻ ഫ്ലോർ എന്നിവിടങ്ങളിലാണ് പുതിയ ഒാഫിസുകൾ. പുതിയ കേന്ദ്രങ്ങൾ ജനുവരി പത്തിന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും ജനുവരി 11 മുതൽ സേവനം നൽകിത്തുടങ്ങുകയും ചെയ്യും. ജനുവരി പത്തിന് രാവിലെ പത്തിന് ശർഖ് കേന്ദ്രവും 11ന് ജലീബ് കേന്ദ്രവും 12ന് ഫഹാഹീൽ കേന്ദ്രവും ഉദ്ഘാടനം ചെയ്യും. ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയുമാണ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. എംബസി അറ്റസ്റ്റേഷനും ജനുവരി 11 മുതൽ ഒൗട്സോഴ്സിങ് കേന്ദ്രം വഴിയാണ് നടത്താൻ കഴിയുക. ദഇയ്യയിലെ എംബസി അങ്കണത്തിൽ അറ്റസ്റ്റേഷൻ ഉണ്ടാകില്ല. അതേസമയം മരണ രജിസ്ട്രേഷൻ എംബസി അങ്കണത്തിൽ തന്നെയായിരിക്കും.
0 Comments