Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇸🇦സൗദി അറേബ്യയിൽ ഇന്ന് 3460 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 843 പേർക്ക് രോഗമുക്തി.

✒️റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) 3,460 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ (New covid cases) റിപ്പോർട്ട്‌ ചെയ്തു. നിലവിലെ രോഗബാധിതരിൽ 843 പേർ സുഖം പ്രാപിച്ചു (Covid recoveries). ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,78,753 ഉം രോഗമുക്തരുടെ എണ്ണം 5,46,614 ഉം ആയി. പുതുതായി ഒരു മരണം കൊവിഡ് മൂലമാണെന്ന് (Covid death) സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,893 ആയി. 

നിലവിൽ 23,246 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 141 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്‍തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 94.44 ശതമാനവും മരണനിരക്ക് 1.54 ശതമാനവുമാണ്. റിയാദിൽ പുതിയ രോഗികളുടെ എണ്ണം 1000 കവിഞ്ഞു. ഇന്ന് മാത്രം റിയാദിൽ 1,003 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ജിദ്ദയിൽ 769 ഉം മക്കയിൽ 383 ഉം മദീനയിൽ 149 ഉം ദമ്മാമിൽ 110 ഉം ഹുഫൂഫിൽ 96 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,25,03,569 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,06,273 ആദ്യ ഡോസും 2,33,27,595 രണ്ടാം ഡോസും 40,69,701 ബൂസ്റ്റർ ഡോസുമാണ്.

🇦🇪യുഎഇയില്‍ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള യാത്രാവിലക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍.

✒️കൊവിഡ്(Covid) കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇ (UAE) പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ജനുവരി പത്ത് മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് വാക്‌സിന്‍ (covid vaccine) സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് (UAE citizen) യുഎഇയില്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവുണ്ട്. കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

🇴🇲മലയാളികള്‍ ഉള്‍പ്പെടെ 26 പ്രവാസികള്‍ക്ക് ഒമാനില്‍ ദീര്‍ഘകാല വിസ അനുവദിച്ചു.

✒️മലയാളികള്‍ ഉള്‍പ്പെടെ 26 വിദേശ നിക്ഷേപകര്‍ക്ക് (Foreign investors) ഒമാനിന്‍ ദീര്‍ഘകാല വിസ (Long term residency) അനുവദിച്ചു. വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് (The Ministry of Commerce, Industry and Investment Promotion) ഞായറാഴ്‍ച 10 വര്‍ഷത്തെ ദീര്‍ഘകാല റെസിഡന്‍സി കാര്‍ഡുകള്‍ (Residency cards) വിതരണം ചെയ്‍തത്.

ശാഹി ഫുഡ്സ് ആന്റ് സ്‍പൈസസ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ്, ബാബില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എസ്. മുഹമ്മദ് ബഷീര്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഒമാന്‍ റീജ്യണല്‍ ഹെഡ് കെ. നജീബ് എന്നീ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഞായറാഴ്‍ച ദീര്‍ഘകാല വിസ ലഭിച്ചത്. 

ഒമാന്‍ വാണിജ്യ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ്, വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസില ബിന്‍ത് സലീം അല്‍ സംസാമി എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ദീര്‍ഘകാല വിസ അനുവദിച്ചതില്‍ നിക്ഷേപകര്‍ ഒമാന്‍ അധികൃതര്‍ക്ക് നന്ദി അറിയിച്ചു.

🇦🇪ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസിക്ക് 50 ലക്ഷം സമ്മാനം.

✒️അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 2,50,000 ദിര്‍ഹം (50 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം. ഇന്ത്യക്കാരനായ ജിതേന്ദ്ര ദേവ്‍ജാനിയാണ് ഞായറാഴ്‍ച നടന്ന നറുക്കെടുപ്പില്‍ വിജയിയായത്. ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനായി എടുത്ത 011006 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ പ്രതിവാര നറുക്കെടുപ്പിലെയും വിജയം തേടിയെത്തിയത്

പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായെങ്കിലും ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പിലെ സമ്മാനങ്ങളും അദ്ദേഹത്തിന് സ്വന്തമാക്കാന്‍ അവസരമുണ്ടാകും. 44 കോടിയാണ് (2.2 കോടി ദിര്‍ഹം) അന്ന് വിജയിയെ കാത്തിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടി അന്ന് പ്രഖ്യാപിക്കപ്പെടും. 

പ്രതിവാര നറുക്കെടുപ്പില്‍ വിജയിയാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബിഗ് ടിക്കറ്റ് അവാതരക ബുഷ്‍റയുമായി സംസാരിക്കവെ ജിതേന്ദ്ര ദേവ്‍ജാനി പറഞ്ഞു. സമ്മാനമായി ലഭിക്കുന്ന പണം കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിതേന്ദ്രയെപ്പോലെ ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി അരക്കോടി രൂപ സ്വന്തമാക്കാനായി ഫെബ്രുവരി മൂന്നിലെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റെടുക്കുക മാത്രമാണ് ചെയ്യേണ്ടതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

വിജയിയുടെ ജീവിതം തന്നെ മാറ്റി മറിയ്‍ക്കാന്‍ പര്യാപ്‍തമായ 44 കോടി രൂപയാണ് ഫെബ്രുവരി മൂന്നിന് ഒന്നാം സമ്മാനം നല്‍കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകയുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി അന്ന് വിജയികള്‍ക്ക് ലഭിക്കും. നറുക്കെടുപ്പ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.

പ്രതിവാര നറുക്കെടുപ്പ് നടക്കുന്ന തീയ്യതികള്‍

പ്രൊമോഷന്‍ 1 : ജനുവരി ഒന്ന് മുതല്‍ എട്ട് വരെ. നറുക്കെടുപ്പ് ജനുവരി 9 ഞായറാഴ്‍ച
പ്രൊമോഷന്‍ 2: ജനുവരി 9 മുതല്‍ 16 വരെ. നറുക്കെടുപ്പ് ജനുവരി 17 തിങ്കളാഴ്‍ച
പ്രൊമോഷന്‍ 3: ജനുവരി 17 മുതല്‍ 23 വരെ. നറുക്കെടുപ്പ് ജനുവരി 24 തിങ്കളാഴ്‍ച
പ്രൊമോഷന്‍ 4: ജനുവരി 24 മുതല്‍ 31 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 1 ചൊവ്വാഴ്‍ച.
പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.

🇦🇪യുഎഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു.

✒️അബുദാബി: യുഎഇയില്‍ ഈ മാസം ഇത് രണ്ടാം തവണയും കൊവിഡ് രോഗികളുടെ എണ്ണം 2700 കടന്നു. രാജ്യത്ത് ഇന്ന് 2,759 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 913 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു പുതിയ മരണം (covid deaths) കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,69,401 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,85,625 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,53,033 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,174 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 30,418 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇧🇭ബഹ്‌റൈൻ: ജനുവരി 9 മുതൽ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു; വാക്സിനെടുക്കാത്ത യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ.

✒️2022 ജനുവരി 9, ഞായറാഴ്ച്ച മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് 2022 ജനുവരി 9 മുതൽ താഴെ പറയുന്ന നിബന്ധനകൾ ബാധകമാകുന്നതാണ്:

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ, ബഹ്റൈനിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
യാത്രികർക്ക് ബഹ്‌റൈനിലെത്തിയ ശേഷം ഉടൻ തന്നെ ഒരു PCR പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായി യാത്രികരിൽ നിന്ന് 12 ദിനാർ ഈടാക്കുന്നതാണ്.
വാക്സിനെടുക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും ബഹ്‌റൈനിലെത്തിയ ശേഷം തങ്ങളുടെ വീടുകളിലോ, താമസ ഇടങ്ങളിലോ 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കുന്നതാണ്.

🇶🇦ഖത്തർ: COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകളുടെ പരമാവധി വില നിശ്ചയിച്ചതായി ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്ത് ലഭ്യമായിട്ടുള്ള COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ തീരുമാന പ്രകാരം ഇത്തരം കിറ്റുകൾക്ക് നിശ്ചയിച്ചിട്ടുള്ള പരമാവധി വില രാജ്യത്തെ മുഴുവൻ ഫാർമസികൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയ്ക്ക് ബാധകമാണ്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ ലഭ്യമായിട്ടുള്ള COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന പരമാവധി വില:

‘Roche Diagnostics GmbH’ പുറത്തിറക്കുന്ന COVID-19 റാപിഡ് ഹോം ടെസ്റ്റ് കിറ്റുകളുടെ പരമാവധി വില 35 ഖത്തർ റിയാൽ എന്ന രീതിയിൽ നിയന്ത്രിച്ചിട്ടുണ്ട്.
രാജ്യത്ത് ലഭ്യമായിട്ടുള്ള മറ്റു COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് പരമാവധി 25 റിയാൽ ഈടാക്കാവുന്നതാണ്.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13709 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 5 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2022 ജനുവരി 1-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 7118 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1576 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 5015 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട് എൺപതിനായിരത്തോളം പേർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 365 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 53 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 45 ശതമാനം പേർ യെമൻ പൗരന്മാരും, 2 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

🇰🇼കുവൈറ്റ്: പള്ളികളിലെ COVID-19 സുരക്ഷാ നിബന്ധനകൾ കർശനമാക്കി; വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ.

✒️രാജ്യത്തെ പള്ളികളിൽ COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കൂടുതൽ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കുവൈറ്റിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്നതും, വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കൂടുതൽ പ്രകടമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നടപടി.

പള്ളികളിലും, വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിലും സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ശക്തമായി നടപ്പിലാക്കാനും കുവൈറ്റ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാന പ്രകാരം കുവൈറ്റിലെ പള്ളികളിൽ താഴെ പറയുന്ന നിബന്ധനകൾ കർശനമായി നടപ്പിലാക്കുന്നതാണ്:

പള്ളികളിലെത്തുന്നവർ കൃത്യമായ രീതിയിൽ സാമൂഹിക അകലം പാലിക്കേണ്ടതാണ്.
പള്ളികളിലെത്തുന്നവർ ശരിയായ രീതിയിൽ മാസ്കുകൾ ധരിക്കേണ്ടതാണ്.
വ്യക്തികൾ തമ്മിൽ നേരിട്ടുള്ള സമ്പർക്കങ്ങൾ ഒഴിവാക്കേണ്ടതാണ്.
പ്രാർത്ഥനകൾക്കെത്തുന്നവർ സ്വന്തമായുള്ള നിസ്കാര പായ കൈവശം കരുതേണ്ടതാണ്.
പള്ളികളിൽ പ്രാർത്ഥനകൾ നടത്തുന്ന സമയങ്ങളിൽ പള്ളികളുടെ വാതിൽ, ജനൽ എന്നിവ തുറന്നിടേണ്ടതാണ്.
2022 ജനുവരി 9 മുതൽ വിവാഹ ഉടമ്പടികളുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പരമാവധി ആറ് പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി നൽകുന്നത്.

🇸🇦ഫലം വൈകുന്നു; സൗദിയിൽ നിന്നും യാത്രക്ക് ഒരുങ്ങുന്നവർ കോവിഡ് പരിശോധന നേരത്തെ പൂർത്തിയാക്കണം.

✒️സൗദിയിൽ നിന്നും നാട്ടിൽ അവധിക്ക് പോകുന്നവർക്കും മറ്റുമായി യാത്രക്ക് നിർബന്ധമാക്കിയ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന പരമാവധി നേരത്തെ എടുക്കുന്നത് നല്ലതാണെന്ന് അനുഭവസ്ഥർ. യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ഫലം ഉള്ളവർക്കാണ് യാത്രക്ക് അനുമതിയുള്ളത്.

 
വിമാന ടിക്കറ്റ് എടുത്ത് യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അവസാന മണിക്കൂറുകളിലാണ് പലരും കോവിഡ് പരിശോധന നടത്തുന്നത്. നേരത്തെ പല ക്ലിനിക്കുകളിലും ആശുപത്രികളിലും ആറ് മുതൽ പത്ത് മണിക്കൂറിനകം പരിശോധന ഫലം ലഭ്യമായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഫലം ലഭിക്കാൻ വൈകുന്നുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണവും വർധിച്ചതാണ് ഫലം ലഭിക്കാൻ വൈകുന്നതെന്നാണ് സൂചന.

അതിനാൽ യാത്രക്കൊരുങ്ങുന്നവർ ആർ.ടി.പി.സി.ആർ പരിശോധന അവസാന നിമിഷത്തേക്ക് മാറ്റിവെക്കുമ്പോൾ അവർക്ക് യാത്ര സമയത്തിന് മുമ്പ് പരിശോധന ഫലം ലഭിക്കാതിരിക്കുകയും അത് വഴി യാത്ര മുടങ്ങുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ നിരവധി പേർക്കാണ് യാത്ര മുടങ്ങിയത്.

വിമാനടിക്കറ്റുകൾ പലതും മടക്കി നൽകിയാലും കാശ് തിരിച്ചുകിട്ടാത്തവ (നോൺ റീഫൻഡബിൾ) ആയതുകൊണ്ട് യാത്ര മുടങ്ങുന്നവർക്ക് ടിക്കറ്റിന്റെ തുകയും നഷ്ടപ്പെടുകയാണ്. അതിനാൽ യാത്രക്കൊരുങ്ങുന്നവർ യാത്ര സമയത്തിന്റെ പരമാവധി 72 മണിക്കൂർ (മൂന്ന് ദിവസം) ആരംഭിക്കുന്ന സമയത്ത് തന്നെ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതാണ് നല്ലതെന്ന് ഇത്തരം അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കൊരുങ്ങിയ പലരുടെയും ആർ.ടി.പി.സി.ആർ പരിശോധന ഫലം പോസിറ്റിവ് ആവുകയും യാത്ര മുടങ്ങുകയും ചെയ്തിട്ടുണ്ട്. ബൂസ്റ്റർ ഡോസ് വാക്സിൻ എടുത്ത് അടുത്ത ദിവസങ്ങളിൽ തന്നെ യാത്രക്കൊരുങ്ങി കോവിഡ് പരിശോധന നടത്തിയവർക്കാണ് ഇത്തരത്തിൽ പോസിറ്റീവ് ഫലം കൂടുതലായി കാണിക്കുന്നതെന്നും ബൂസ്റ്റർ ഡോസ് എടുത്ത് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും കഴിഞ്ഞു ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതാണ് നല്ലതെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിന് മറ്റു സ്ഥിരീകരണങ്ങളോ ശാസ്ത്രീയമായ തെളിവുകളോ ഒന്നുമില്ല. എന്തായാലും യാത്രക്കൊരുങ്ങുന്നവർ പരമാവധി കോവിഡ് മുൻകരുതലുകളെടുക്കാൻ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു.

Post a Comment

0 Comments