🇦🇪യുഎഇയില്‍ 2504 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് അഞ്ച് മരണം.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,504 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 965 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 5,63,330 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,30,832 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,70,423 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,224 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 58,185 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇰🇼നഴ്‍സിങ് റിക്രൂട്ട്മെന്റിന് പണം വാങ്ങിയാല്‍ നിയമ നടപടിയെന്ന് ഇന്ത്യന്‍ അംബാസഡര്‍.
✒️കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നഴ്‍സിങ് റിക്രൂട്ട്മെന്റിന് (Nursing recruitment) പണം വാങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി (Indian ambassador in kuwait) സിബി ജോര്‍ജ് പറഞ്ഞു. റിക്രൂട്ട്മെന്റ് സംബന്ധിച്ച സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കരുതിയിരിക്കണം. ഇടനിലക്കാരായി ചമഞ്ഞ് പണം പിടുങ്ങുന്നതിനുള്ള ശ്രമമാണ് പരസ്യങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
എംബസിയുടെ പ്രതിമാസ ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു സ്ഥാനപതി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അത്തരം പരസ്യങ്ങൾ എംബസിയുടെ ശ്രദ്ധയില്‍പെടുത്തണം. ആരോഗ്യ മന്ത്രാലയം നിശ്ചയിക്കുന്ന ശമ്പളത്തിൽ നിന്ന് വിഹിതം ഇടനിലക്കാര്‍ കൈക്കലാക്കുന്ന ഇടപാട് അംഗീകരിക്കാൻ കഴിയില്ല. കരാർ വ്യവസ്ഥയിൽ നഴ്‍സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് എംബസി അംഗീകാരം നൽകാത്തത് അത് കൊണ്ടാണെന്നും സിബി ജോര്‍ജ് വ്യക്തമാക്കി.
ഗള്‍ഫില്‍ ജോലിക്ക് പോകുന്ന നഴ്‍സുമാര്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് അധികം നല്‍കരുതെന്ന് നേരത്തെ തന്നെ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബറില്‍ നടന്ന ഓപ്പണ്‍ ഹൗസിൽ സംസാരിക്കവെയായിരുന്നു ഇത്.
സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് റിക്രൂട്ടിങ് ഏജന്‍സിക്ക് പരമാവധി ഈടാക്കാവുന്ന തുക 30,000 രൂപയാണ്. അതിനേക്കാള്‍ കൂടുതലായി വാങ്ങുന്ന ഒരു രൂപ പോലും തട്ടിപ്പായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികം പണം നല്‍കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അക്കാര്യം എംബസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
🇶🇦ഖത്തർ: COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരുടെ ഐസൊലേഷൻ കാലാവധി ഏഴ് ദിവസമാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിക്കുന്ന വ്യക്തികൾക്ക് നിർബന്ധമാക്കിയിട്ടുള്ള ഐസൊലേഷൻ കാലാവധി ഏഴ് ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ COVID-19 രോഗബാധ സ്ഥിരീകരിക്കുന്ന വ്യക്തികൾക്ക് നിർബന്ധിത ഐസൊലേഷൻ, സിക്ക് ലീവ് എന്നിവയുടെ കാലാവധി ഖത്തറിൽ പത്ത് ദിവസമായിരുന്നു.
2022 ജനുവരി 24-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇതോടെ ഖത്തറിൽ COVID-19 പരിശോധനകളിൽ പോസിറ്റീവ് ആകുകയും, രോഗബാധ സൂചിപ്പിക്കുന്നതിനായി Ehteraz ആപ്പിലെ സ്റ്റാറ്റസ് റെഡ് ആകുകയും ചെയ്യുന്ന വ്യക്തികൾക്ക് 7 ദിവസത്തെ സിക്ക് ലീവിന് അർഹതയുണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇവർ ഏഴാം ദിവസം മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു ആന്റിജൻ പരിശോധന നടത്തേണ്ടതാണ്.
ഈ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരുടെ Ehteraz ആപ്പിലെ സ്റ്റാറ്റസ് ഗ്രീൻ ആയി മാറുന്നതാണ്. ഇവർക്ക് എട്ടാം ദിവസം ഐസൊലേഷൻ അവസാനിപ്പിക്കാവുന്നതും, ജോലിയിൽ തിരികെ പ്രവേശിക്കാവുന്നതുമാണ്.
ഏഴാം ദിവസം നടത്തുന്ന ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർ മൂന്ന് ദിവസത്തേക്ക് കൂടി ഐസൊലേഷനിൽ തുടരേണ്ടതാണ്. ഇവർക്ക് മൂന്ന് ദിവസത്തേക്ക് കൂടി അവധി നൽകുന്നതാണ്. ഇവർക്ക് പതിനൊന്നാം ദിവസം ഐസൊലേഷൻ അവസാനിപ്പിക്കാവുന്നതാണ്. ഇവർ ഐസൊലേഷൻ അവസാനിപ്പിക്കുന്നതിനായി പത്താം ദിനത്തിൽ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ ഏറ്റവും പുതിയ പട്ടിക (2022 ജനുവരി 14-ന് പ്രസിദ്ധീകരിച്ചിട്ടുള്ളത്) താഴെ നൽകിയിട്ടുള്ള വിലാസത്തിൽ നിന്ന് ലഭ്യമാണ്. ഇത്തരം കേന്ദ്രങ്ങളിൽ നടത്തുന്ന റാപിഡ് ആന്റിജൻ ടെസ്റ്റുകൾ ‘Ehteraz’ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
🇸🇦സൗദി: 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്.
✒️രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് സൗദി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ അബ്ദുല്ല അസിരി അറിയിപ്പ് നൽകി. ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്നവർ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് നാല് ആഴ്ച്ചയ്ക്ക് ശേഷം രണ്ടാമതൊരു ഡോസ് കുത്തിവെപ്പ് എടുക്കേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദി ടിവിയിൽ പങ്കെടുത്ത് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുതിർന്നവർക്ക് നൽകുന്ന COVID-19 വാക്സിൻ ഡോസിന്റെ പകുതിയാണ് ഈ പ്രായവിഭാഗക്കാർക്ക് ഒരു ഡോസ് എന്ന രീതിയിൽ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കുട്ടികളിൽ വാക്സിൻ സുരക്ഷിതവും, ഫലപ്രദവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് വാക്സിൻ കുത്തിവെപ്പെടുത്ത അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഗുരുതര പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
🇰🇼കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകുമെന്ന് നിയമ മന്ത്രാലയം.
✒️രാജ്യത്ത് അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് നിയമ മന്ത്രാലയം അറിയിച്ചു. 2022 ജനുവരി 24-ന് വൈകീട്ട് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് നിയമ വകുപ്പ് മന്ത്രി ജമാൽ അൽ ജലാവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൈ സ്‌കൂൾ ഡിഗ്രി അല്ലെങ്കിൽ അതിലും താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തരം പെർമിറ്റുകൾ 250 ദിനാർ ഫീസ് ഈടാക്കിക്കൊണ്ടാണ് അനുവദിക്കുന്നതെന്നും പബ്ലിക് അതോറിറ്റി ഫോർ ലേബർ ഫോഴ്സ് ബോർഡ് ചെയർമാൻ കൂടിയായ അൽ ജലാവി അറിയിച്ചിട്ടുണ്ട്. കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അധികൃതർ അംഗീകരിച്ചിട്ടുള്ള ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ് അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നതിന് നിർബന്ധമാണ്. നിലവിൽ ഒരു വർഷത്തെ കാലയളവിലേക്കാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയിരിക്കുന്നതെന്നും, ഒരു വർഷത്തിന് ശേഷം തൊഴിൽമേഖലയിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ തീരുമാനത്തിൽ മാറ്റം വരുത്താമെന്നും കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളെ നിയമിക്കുന്നത് വിലക്കിയ തീരുമാനത്തിന് നിയമ പരിരക്ഷയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുവൈറ്റ് ലീഗൽ അഡ്വൈസ് ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്മെന്റ് ഈ തീരുമാനം ഒക്ടോബറിൽ റദ്ദ് ചെയ്തിരുന്നു. ഔദ്യോഗിക അംഗീകാരമില്ലാതെയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഈ തീരുമാനം കൈക്കൊണ്ടതെന്നും ലീഗൽ അഡ്വൈസ് ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിരുന്നു.
🇴🇲ഒമാൻ: COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ.
✒️രാജ്യത്ത് COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായ വ്യക്തികൾ പാലിക്കേണ്ടതായ ക്വാറന്റീൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം, ഒമാനിൽ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്ന വാക്സിനെടുക്കാത്ത വ്യക്തികൾക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്. ഇത്തരം വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിലും, രോഗലക്ഷണങ്ങളില്ലാത്ത സാഹചര്യത്തിലും ഈ നിബന്ധന ബാധകമാണ്.
COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്ന വാക്സിനെടുത്തിട്ടുള്ള വ്യക്തികൾക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ ജീവിതം സാധാരണ രീതിയിൽ മുന്നോട്ട് കൊണ്ട് പോകാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. എന്നാൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന, രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ള, വാക്സിനെടുത്തിട്ടുള്ള വ്യക്തികൾ രോഗബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി പരിശോധന നടത്തേണ്ടതാണ്. ഇവർക്ക് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ പത്ത് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർ വീടുകളിൽ 10 ദിവസത്തേക്ക് സ്വയം ഐസൊലേഷനിൽ തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
🇴🇲ഒമാനിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു; ഇന്നും 2000 കടന്ന് കോവിഡ് രോഗികൾ.
✒️ഒമാനിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. ഇന്നും കോവിഡ് കേസുകൾ രണ്ടായിരം കവിഞ്ഞു. അതേസമയം
599 പേര്‍ രോഗമുക്തി നേടി. ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 326,164 ആയി ഉയര്‍ന്നു. 307,003 പേര്‍ ഇതുവരെ രോഗമുക്തി നേടി. 94.1 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 4,130 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 59 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 199 കോവിഡ് രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 26 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
🇦🇪അബുദാബിയിലേക്കു വരുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പുതിയ മാർഗനിർദേശം.
✒️അബുദാബിയിലേക്കു വരുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. സന്ദർശകർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമില്ലെന്നും വിനോദസഞ്ചാര, സാംസ്കാരിക വിഭാഗം (ഡിസിടി) വ്യക്തമാക്കി.ദുബായ്, വടക്കൻ എമറേറ്റുകൾ വഴി അബുദാബിയിൽ പ്രവേശിക്കുന്ന യാത്രക്കാർ അതിർത്തി കവാടങ്ങളിൽ ടൂറിസ്റ്റുകൾക്കുള്ള ഒന്നാമത്തെ ലൈനിൽ എത്തണം.വാക്സീൻ എടുത്തവർ രേഖകളും 14 ദിവസത്തിനകമുള്ള പിസിആർ നെഗറ്റീവ് ഫലം കാണിക്കണം. മാതൃ രാജ്യത്തുനിന്ന് യാത്രയ്ക്ക് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലവും വേണം.
വാക്സീൻ എടുക്കാത്തവർ 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം കാണിച്ചാൽ മതിയാകും.അതിർത്തിയിലെ ഇഡിഇ സ്കാനിങ്ങിൽ രോഗ സൂചനയുണ്ടെങ്കിൽ ഉടൻ സൗജന്യ ആന്റിജൻ ടെസ്റ്റിനു വിധേയമാക്കും.
20 മിനിറ്റിനകം ലഭിക്കുന്ന ഫലം പോസിറ്റീവാണെങ്കിൽ ഹോട്ടലിലോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടിലോ ക്വാറന്റീനിൽ കഴിയണം.വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ വേറെ പരിശോധനകളില്ല.ഗ്രീൻ രാജ്യങ്ങളിൽനിന്ന് വാക്സീൻ എടുക്കാതെ ദുബായ് വഴി അബുദാബിയിേലക്കു വന്നാലും ക്വാറന്റീനില്ല. എന്നാൽ മറ്റു രാജ്യങ്ങളിൽനിന്നാണ് വരുന്നതെങ്കിൽ 10 ദിവസം ക്വാറന്റീനുണ്ട്. മറ്റു എമിറേറ്റുകളിൽ താമസിച്ച കാലയളവും ക്വാറന്റീൻ ആയി കണക്കാക്കും.
∙ലോകാരോഗ്യ സംഘടനയും യുഎഇ ആരോഗ്യമന്ത്രാലയവും അംഗീകരിച്ച വാക്സീനാണ് എടുത്തതെന്ന് ഉറപ്പാക്കണം.യാത്രയ്ക്ക് 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം വേണം. അബുദാബി എയർപോർട്ടിൽ എത്തിയാൽ സൗജന്യ പിസിആർ ഉണ്ടാകും. 12 വയസ്സിന് താഴെയുളവർക്കും ഇളവുള്ളവർക്കും ടെസ്റ്റ് വേണ്ട. നെഗറ്റീവ് ഫലം വരുംവരെ താമസ സ്ഥലത്ത് കഴിയണം. 90 മിനിറ്റിനകം ഫലം ലഭിക്കും.
∙ഗ്രീൻ പട്ടിക രാജ്യങ്ങളിൽനിന്ന് വരുന്നവർ ആറാം ദിവസവും മറ്റു രാജ്യങ്ങളിൽനിന്നുള്ളവർ 4, 8 ദിവസങ്ങളിലും വീണ്ടും പിസിആർ എടുക്കണം. ഇറങ്ങിയ ദിവസം മുതലാണ് തീയതി കണക്കാക്കുക.
∙അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് സന്ദർശകർ മാതൃരാജ്യത്തെ വാക്സീൻ സർട്ടിഫിക്കറ്റോ മൊബൈൽ ആപിൽ പിസിആർ നെഗറ്റീവ് ഫലമോ കാണിക്കണം.
അബുദാബി എയർപോർട്ടിലെ സൗജന്യ പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ഫലം വരുന്നതുവരെ താമസ സ്ഥലത്ത് കഴിയണം. 90 മിനിറ്റിനകം ഫലം ലഭിക്കും.ഗ്രീൻ രാജ്യങ്ങളിൽനിന്നുള്ളവർ 6, 9 ദിവസങ്ങളിൽ പിസിആർ എടുക്കണം. ക്വാറന്റീനില്ല.മറ്റു രാജ്യങ്ങളിൽ നിന്നു വരുന്ന വാക്സീൻ എടുക്കാത്തവർ 10 ദിവസം ക്വാറന്റീനിൽ കഴിയണം.
∙ പിസിആർ പരിശോധനയിൽ പോസിറ്റീവ് ആയവരെ സ്മാർട് വാച്ച് ധരിപ്പിച്ച് ക്വാറന്റീനിൽ പ്രവേശിപ്പിക്കും.വാക്സീൻ എടുക്കാത്തവർ പോസിറ്റീവായാലും നെഗറ്റീവായാലും 9ാം ദിവസം സേഹ പ്രൈം ടെസ്റ്റിങ് കേന്ദ്രങ്ങളിലെത്തി പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. ഫലം നെഗറ്റീവാണെങ്കിൽ സ്മാർട് വാച്ച് അഴിച്ചുമാറ്റും. വാക്സീൻ എടുക്കാത്തവർക്ക് താമസിക്കുന്ന ഹോട്ടലും അവിടത്തെ റസ്റ്ററന്റും ഒഴികെ പൊതുകേന്ദ്രങ്ങളിലേക്കു പ്രവേശനമില്ല.
🇸🇦സൗദിയിൽ ഇന്ന് 4,541 പുതിയ രോഗികളും 5,212 രോഗമുക്തിയും.
✒️സൗദിയിൽ ഇന്ന് 4,541 പുതിയ രോഗികളും 5,212 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,61,733 ഉം രോഗമുക്തരുടെ എണ്ണം 6,11,342 ഉം ആയി.
പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,924 ആയി. നിലവിൽ 41,467 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 750 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.38 ശതമാനവും മരണനിരക്ക് 1.34 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,523, ജിദ്ദ 603, മദീന 175, ഹുഫൂഫ് 149, ദമ്മാം 148, മക്ക 101.
സൗദി അറേബ്യയിൽ ഇതുവരെ 5,58,29,710 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,54,32,426 ആദ്യ ഡോസും 2,35,98,386 രണ്ടാം ഡോസും 67,98,898 ബൂസ്റ്റർ ഡോസുമാണ്.
0 Comments