🇰🇼കുവൈത്ത് നാഷണല്‍ ഗാര്‍ഡ്സില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനം.
✒️കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈത്ത് നാഷണല്‍ ഗാര്‍ഡ്സില്‍(Kuwait National Guards) ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നോര്‍ക്ക് റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുവൈത്ത് സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം.
ജനറല്‍ പ്രാക്ടീഷണര്‍, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, യൂറോളജിസ്റ്റ് ( സര്‍ജറി), കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ, എന്‍, ടി, ഡെര്‍മറ്റോളജി, റേഡിയോളജി , റെസ്പിറേറ്ററി മെഡിസിന്‍, അലര്‍ജി സ്പെഷ്യലിസ്റ്റ് , ഡയബറ്റോളജിസ്റ്റ്, ഓഫ്ത്താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്സ്, ഏമര്‍ജന്‍സി മെഡിസിന്‍, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിവയിലാണ് ഡോക്ടര്‍മാരുടെ ഒഴിവുകളുള്ളത്. 1100 മുതല്‍ 1400 വരെ കുവൈറ്റി ദിനാര്‍ ശമ്പളം ലഭിക്കും. വിശദാംശങ്ങള്‍ക്ക് +91 94473 39036 (ഓഫീസ് സമയം) എന്ന നമ്പരില്‍ ബന്ധപ്പെടാം.
ഫാര്‍മസിസ്റ്റ് , ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ഫിസിയോ തെറാപ്പിസ്റ്റ് , ഡയറ്റീഷ്യന്‍, നഴ്സ് എന്നീ കാറ്റഗറികളിലാണ് മറ്റ് ഒഴിവുകള്‍.
ശമ്പളം 500-800 വരെ കുവൈറ്റി ദിനാര്‍. എല്ലാ ഒഴിവുകളിലേക്കും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധമാണ്. ശമ്പളത്തിന് പുറമെ ആകര്‍ഷകമായ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുമെന്ന് നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുംwww.norkaroots.orgഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി 2022 ഫെബ്രുവരി 3.
സംശയങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. വിദേശത്തു നിന്നും മിസ്സ്ഡ് കാള്‍ സര്‍വീസിന് 0091 880 20 12345 എന്ന നമ്പരില്‍ വിളിക്കാം.
ഇമെയില്‍ : rmt5.norka@kerala.gov.in
🇸🇦സൗദിയില്‍ ഇന്നും കൊവിഡ് മുക്തി ഉയര്‍ന്നു.
✒️റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് വ്യാപനം(covid spread) കുറയുകയും രോഗമുക്തരാവുന്നവരുടെ എണ്ണം ഉയരുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,535 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 5,072 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,52,354 ഉം രോഗമുക്തരുടെ എണ്ണം 5,99,834 ഉം ആയി. 8,920 ആയി ആകെ മരണസംഖ്യ. ചികിത്സയിലുള്ള 43,600 രോഗികളില്‍ 655 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.9 ശതമാനവും മരണനിരക്ക് 1.37 ശതമാനവുമായി. 24 മണിക്കൂറിനിടെ 131,762 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.
പുതുതായി റിയാദ് 1,408, ജിദ്ദ 566, മക്ക 199, അബഹ 166, മദീന 157, ദമ്മാം 147, ജിസാന്‍ 91, ഹുഫൂഫ് 75 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,841,337 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,312,053 ആദ്യ ഡോസും 23,533,435 രണ്ടാം ഡോസും 5,995,849 ബൂസ്റ്റര്‍ ഡോസുമാണ്.
🇦🇪യുഎഇയില്‍ 2,813 പേര്‍ക്ക് കൂടി കൊവിഡ്, മൂന്നു മരണം.
✒️അബുദാബി: യുഎഇയില്‍ ഇന്ന് 2,813 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,028 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 5,17,107 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,25,699 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,68,343 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,214 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 55,142 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
🇸🇦സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 13,780 പേര്‍.
✒️സൗദി അറേബ്യയില്‍ (Saudi Arabia) തൊഴില്‍, താമസ നിയമലംഘനങ്ങള്‍ (Residence and labour violations) കണ്ടെത്താനുള്ള പരിശോധനകള്‍ (Raids) ശക്തം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,780 നിയമലംഘകരെ (illegals) പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ജനുവരി 13 മുതല്‍ 19 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ 6,895 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 5,123 പേരെയും പിടികൂടിയത്. 1,762 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 391 പേര്‍. ഇവരില്‍ 30 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 62 ശതമാനം പേര്‍ എത്യോപ്യക്കാരും 8 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 36 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 26 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ 95,650 പേരാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലായി നടപടി കാത്ത് കഴിയുന്നത്. ഇതില്‍ 85,243 പേര്‍ പുരുഷന്മാരും 10,407 പേര്‍ സ്ത്രീകളുമാണ്. 84,072 പേരെ നാടുകടത്തുന്നതിനായി യാത്രാ രേഖകള്‍ ശരിയാക്കാന്‍ അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
🇶🇦കൊവിഡ്: ഖത്തറില്‍ ഇന്ന് 5,000ത്തോളം പേര്‍ രോഗമുക്തരായി.
✒️ദോഹ: ഖത്തറില്‍ (Qatar)3,087 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 4,987 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,80,800 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 2,509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 578 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 633 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,20,364 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവില്‍ 38,931 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 22,253 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,281,825 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 5 പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 96 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.
🇦🇪യു എ ഇ: ഡ്രോൺ, ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ എന്നിവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.
✒️രാജ്യത്ത് ഡ്രോണുകളും ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രോണുകളുടെ ഉടമകൾക്കും, പരിശീലകർക്കും, ഇത്തരം പറക്കൽ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്കും ഈ നിരോധനം ബാധകമാണ്.
2022 ജനുവരി 22-ന് വൈകീട്ടാണ് യു എ ഇ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ നിരോധനം എയർ, സെയിൽ സ്പോട്ടുകൾക്കും ബാധകമാണ്. ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷനുമായി ചേർന്നാണ് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഡ്രോണുകൾ, ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിൽ രാജ്യത്ത് അടുത്തിടെ ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ഉപയോക്തൃ പെർമിറ്റുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള മേഖലകളിൽ ഈ കായിക ഇനങ്ങളുടെ പരിശീലനം പരിമിതപ്പെടുത്താതെയും, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്ന മേഖലകളിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്യുന്ന പ്രവണത റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ നിരോധനം.
പൊതുസമൂഹത്തിന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും, സുരക്ഷിതമല്ലാത്ത ദുഷ്പ്രവണതകളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ എന്നിവർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ മാനിക്കാൻ വ്യക്തികളോടും സമൂഹത്തോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തീരുമാനത്തോടെ 2022 ജനുവരി 22 ശനിയാഴ്ച മുതൽ ഇത്തരം എല്ലാത്തരത്തിലുള്ള വിമാന പ്രവർത്തനങ്ങളും നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിരോധനം എത്ര കാലത്തേക്കാണെന്ന് നിലവിൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടില്ല.
ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രീകരണത്തെ ആശ്രയിക്കുന്ന വാണിജ്യപരമോ പരസ്യമോ ആയ പ്രോജക്ടുകൾ, തൊഴിൽ കരാറുകൾ എന്നിവ ഉള്ള സ്ഥാപനങ്ങൾ, ഈ കാലയളവിൽ ഇത്തരം പ്രോജക്റ്റുകളുടെ സമയത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനായി ആവശ്യമായ ഇളവുകളും, പ്രത്യേക പെർമിറ്റുകളും എടുക്കുന്നതിന് പെർമിറ്റ് അധികാരികളുമായി ആശയവിനിമയം നടത്തണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിച്ച് കൊണ്ട് ഈ കാലയളവിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് നിയമപരമായ ബാധ്യതകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
🇦🇪അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്കായി DCT സമഗ്രമായ COVID-19 യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
✒️എമിറേറ്റിലേക്ക് യാത്രചെയ്യുന്ന COVID-19 വാക്സിനെടുത്തവരും, അല്ലാത്തവരുമായ യാത്രക്കാർക്കായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് (DCT) സമഗ്രമായ ഒരു യാത്രാ മാർഗ്ഗനിർദ്ദേശ ഗൈഡ് പുറത്തിറക്കി. ശൈത്യകാലത്തെ തണുത്ത താപനില എമിറേറ്റിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന സാഹചര്യത്തിൽ, അബുദാബിയിലേക്കുള്ള യാത്രകൾ കൂടുതൽ കാര്യക്ഷമവും, സമ്മർദരഹിതവുമാക്കുന്നതിനായാണ് DCT ഈ COVID-19 യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അബുദാബിയിലേക്ക് യാത്രചെയ്യുന്നവർക്ക് ആവശ്യമായ ഏറ്റവും പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങളും, COVID-19 മുൻകരുതൽ നടപടികൾ സംബന്ധിച്ച അറിയിപ്പുകളും https://visitabudhabi.ae/en എന്ന വിലാസത്തിൽ ലഭ്യമാണെന്ന് DCT യാത്രികരെ ഓർമ്മപ്പെടുത്തി. സന്ദർശകർക്ക് നിലവിൽ അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ഏതെങ്കിലും COVID-19 വാക്സിൻ ബൂസ്റ്റർ (മൂന്നാം) ഡോസ് നിർബന്ധമല്ലെന്ന് ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ദുബായിൽ നിന്ന് റോഡ് മാർഗം അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
ദുബായ്/അബുദാബി റോഡ് എൻട്രി പോയിന്റ് വഴി അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കായി, DCT അബുദാബി വലത് വശത്തെ പാത (ലെയിൻ 1) ഒരു സമർപ്പിത ടൂറിസ്റ്റ് പാതയായി നിശ്ചയിച്ചിട്ടുണ്ട്. എമിറേറ്റിലേക്കുള്ള തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കാനും ഏത് വെല്ലുവിളികളും നേരിടാനും ഈ പാതയിൽ ഒരു നിയുക്ത അതിഥി സേവന ഓഫീസും ഉദ്യോഗസ്ഥരുമുണ്ട്.
വാക്സിനേഷൻ എടുത്ത വിനോദസഞ്ചാരികൾ അവരുടെ പൂർണ്ണമായ (ഇരട്ട) വാക്സിനേഷൻ നിലയുടെ തെളിവ് അവരുടെ മാതൃരാജ്യത്തിന്റെ ഔദ്യോഗിക വാക്സിനേഷൻ സർട്ടിഫിക്കറ്റ് മുഖേന ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഫിസിക്കൽ സർട്ടിഫിക്കറ്റ് വഴിയോ ഹാജരാക്കുകയും കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ലഭിച്ച നെഗറ്റീവ് PCR പരിശോധനാ ഫലമോ നെഗറ്റീവ് 48 മണിക്കൂർ പിസിആർ പരിശോധനയോ ഹാജരാക്കുകയും വേണം. വിനോദസഞ്ചാരികളുടെ സ്വന്തം രാജ്യത്ത് നിന്ന്. വാക്സിനേഷൻ എടുക്കാത്ത സന്ദർശകർക്ക് കഴിഞ്ഞ 96 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് PCR പരിശോധനയിൽ പ്രവേശിക്കാം.
ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്നതും, അല്ലാത്തതുമായ രാജ്യങ്ങളിൽ നിന്നുമുള്ള COVID-19 വാക്സിനെടുത്തവരും, അല്ലാത്തവരുമായ അബുദാബിയിലേക്ക് യാത്രചെയ്യുന്ന സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വ്യക്തവും സംക്ഷിപ്തവുമായ സംഗ്രഹവും ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്:
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തുന്ന വാക്സിനേഷൻ എടുത്ത യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ:
യാത്രികർ ആദ്യപടിയായി, യു എ ഇ നിങ്ങളുടെ വാക്സിൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ലോകാരോഗ്യ സംഘടനയും (WHO) ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (MOHAP) അംഗീകരിച്ച വാക്സിനുകൾ അബുദാബി സ്വീകരിക്കുന്നു.
വാക്സിനേഷൻ എടുത്ത എല്ലാ യാത്രക്കാർക്കും (ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർക്കും) അബുദാബിയിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശനം അനുവദിക്കുന്നതിനായി എല്ലാ ക്വാറന്റൈൻ നടപടിക്രമങ്ങളും എടുത്തുകളഞ്ഞിട്ടുണ്ട്.
യാത്രക്കാർ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA UAE Smart) ആപ്പ് അല്ലെങ്കിൽ ICA വെബ്സൈറ്റിലൂടെ യാത്രാ തീയതിക്ക് 48 മണിക്കൂർ മുമ്പ് ‘രജിസ്റ്റർ അറൈവൽ ഫോം’ പൂരിപ്പിക്കേണ്ടതാണ്. എല്ലാ യാത്രക്കാരും ഈ പ്ലാറ്റ്‌ഫോമുകളിലൂടെ യാത്ര ചെയ്യുന്നതിന് 48 മണിക്കൂർ മുമ്പ് അവരുടെ വാക്സിനേഷൻ (അല്ലെങ്കിൽ വാക്സിനെടുക്കുന്നതിലെ ഇളവ്) സാധൂകരിക്കേണ്ടതുണ്ട്.
ഇതോടൊപ്പം വ്യക്തിഗത വിവരങ്ങൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ, യാത്രാ പദ്ധതി, അബുദാബിയിലെ വിലാസം, വാക്‌സിൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതാണ്. യാത്ര ആരംഭിക്കുന്നതിന് മുൻപായി ഈ അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കേണ്ടതുണ്ട്. അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള മെഡിക്കൽ കമ്മിറ്റിയുടെ ശരാശരി സമയം 48 മണിക്കൂറാണ്.
ഇത്തരത്തിൽ അംഗീകരം ലഭിക്കുന്ന യാത്രികർക്ക് യാത്രയ്ക്ക് തയ്യാറെടുക്കാവുന്നതാണ്. ഇത്തരം യാത്രികർക്ക് യാത്ര ചെയ്യുന്നതിന് മുൻപ് 48 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുള്ള PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്.
തുടർന്ന് യാത്രികർക്ക് അബുദാബിയിലേക്കുള്ള യാത്ര ചെയ്യാവുന്നതാണ്.
അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുമ്പോൾ, യാത്രക്കാർ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതുണ്ട് (12 വയസ്സിന് താഴെയുള്ള കുട്ടികളും ഔദ്യോഗിക ഇളവുകളുള്ള വ്യക്തികൾക്കും ഇത് ഒഴിവാക്കിയിട്ടുണ്ട്.). ഈ PCR ടെസ്റ്റ് ടെർമിനലിൽ സൗജന്യമായും ലഭ്യമാണ്. ഇതിന്റെ ഫലം 90 മിനിറ്റിനുള്ളിൽ ലഭിക്കും. യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഫലങ്ങൾക്കായി അവരുടെ താമസസ്ഥലത്ത് കാത്തിരിക്കാവുന്നതാണ്.
ഒരു ഗ്രീൻ ലിസ്റ്റ് രാജ്യത്തുനിന്നാണ് യാത്രക്കാരൻ വരുന്നതെങ്കിൽ, ആറാം ദിവസം അവർ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതുണ്ട്. ഗ്രീൻ ലിസ്റ്റ് അല്ലാത്ത രാജ്യങ്ങളിൽ നിന്നാണെങ്കിൽ, നാലാം ദിവസവും എട്ടാം ദിവസവും അവർ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതുണ്ട്. ഈ ടെസ്റ്റുകൾ ഒന്നുകിൽ നഗരത്തിലെ ടെസ്റ്റിംഗ് സെന്ററിൽ അല്ലെങ്കിൽ അവരുടെ സൗകര്യത്തിനനുസരിച്ച് അവരുടെ ഹോട്ടൽ താമസസ്ഥലത്ത് നടത്താം.
അബുദാബിയിലെ പൊതു ഇടങ്ങളിലേക്കും, പൊതു ആകർഷണങ്ങളിലേക്കുമുള്ള പ്രവേശനം വാക്സിനേഷൻ എടുത്ത സന്ദർശകർക്ക് മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്. ഈ അനുമതി ലഭിക്കുന്നതിനായി, സന്ദർശകർ അവരുടെ പൂർണ്ണ (ഇരട്ട) വാക്സിനേഷൻ നിലയുടെ തെളിവ് അവരുടെ മാതൃരാജ്യത്തിന്റെ ഔദ്യോഗിക വാക്സിനേഷൻ സർട്ടിഫിക്കറ്റ് വഴിയോ അല്ലെങ്കിൽ അവരുടെ മാതൃരാജ്യത്തെ കോവിഡ് പ്രതികരണ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഹാജരാക്കേണ്ടതുണ്ട്. ഇതോടൊപ്പം കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ലഭിച്ച ഒരു PCR നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കേണ്ടതാണ്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തുന്ന വാക്സിനെടുക്കാത്ത പ്രാദേശിക, അന്തർദേശീയ ഇൻബൗണ്ട് ടൂറിസ്റ്റുകളും ബിസിനസ്സ് സഞ്ചാരികളും പാലിക്കേണ്ട നിർദ്ദേശങ്ങൾ:
ഇവർക്ക് അബുദാബിയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കുന്നതിന് യാത്ര ചെയ്യുന്നതിന് മുൻപ് 48 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുള്ള PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്.
യാത്രക്കാർ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA UAE Smart) ആപ്പ് അല്ലെങ്കിൽ ICA വെബ്സൈറ്റിലൂടെ യാത്രാ തീയതിക്ക് 48 മണിക്കൂർ മുമ്പ് ‘രജിസ്റ്റർ അറൈവൽ ഫോം’ പൂരിപ്പിക്കേണ്ടതാണ്. ഇവർ വ്യക്തിഗത വിവരങ്ങൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ, യാത്രാ വിവരണം, വിലാസം എന്നിവ സമർപ്പിക്കേണ്ടതാണ്. യാത്ര ആരംഭിക്കുന്നതിന് മുൻപായി ഈ അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കേണ്ടതുണ്ട്.
ഇവർക്ക് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുമ്പോൾ, മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതുണ്ട് (12 വയസ്സിന് താഴെയുള്ള കുട്ടികളും ഔദ്യോഗിക ഇളവുകളുള്ള വ്യക്തികൾക്കും ഇത് ഒഴിവാക്കിയിട്ടുണ്ട്.). ഈ PCR ടെസ്റ്റ് ടെർമിനലിൽ സൗജന്യമായി ലഭ്യമാണ്. ഇതിന്റെ ഫലം 90 മിനിറ്റിനുള്ളിൽ ലഭിക്കുന്നതാണ്.
വാക്‌സിനേഷൻ എടുക്കാത്ത യാത്രികൻ ഗ്രീൻ ലിസ്റ്റ് രാജ്യത്തുനിന്നാണ് വരുന്നതെങ്കിൽ, ആറാം ദിവസത്തിലും ഒമ്പതാം ദിവസത്തിലും (എത്തിച്ചേരുന്ന ദിവസം ഒന്നാം ദിവസം എന്ന രീതിയിൽ) അവർ വീണ്ടും PCR പരിശോധന നടത്തേണ്ടതുണ്ട്. ഇവർ ക്വാറന്റൈൻ ചെയ്യേണ്ടതില്ല.
വാക്സിനേഷൻ എടുക്കാത്ത യാത്രികൻ ഗ്രീൻ ലിസ്റ്റ് അല്ലാത്ത രാജ്യങ്ങളിൽ നിന്നാണ് വരുന്നതെങ്കിൽ, അവർ ക്വാറന്റൈൻ നടപടികൾക്ക് വിധേയരാകേണ്ടി വരും. അവരുടെ PCR പരിശോധനയിൽ നിന്ന് നെഗറ്റീവ് ഫലം ആണെങ്കിൽ, അവർക്ക് 10 ദിവസത്തേക്ക് അവരുടെ താമസസ്ഥലത്ത് ക്വാറന്റൈൻ ഏർപ്പെടുത്തുന്നതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ, അവരുടെ 10 ദിവസത്തെ ക്വാറന്റൈൻ കാലയളവിൽ ധരിക്കാൻ റിസ്റ്റ്ബാൻഡ് ഘടിപ്പിക്കുന്നതാണ്. ഇത്തരത്തിൽ പോസിറ്റീവ്, നെഗറ്റീവ് ആകുന്ന യാത്രക്കാർ ഒമ്പതാം ദിവസം SEHA പ്രൈം ടെസ്റ്റിംഗ് ഫെസിലിറ്റിയിൽ രണ്ടാമത്തെ PCR ടെസ്റ്റ് നടത്തേണ്ടതുണ്ട്. യാത്രക്കാരൻ മുമ്പ് പോസിറ്റീവ് ആയിരുന്നെങ്കിൽ ഇപ്പോൾ നെഗറ്റീവ് കാണിക്കുന്നുവെങ്കിൽ, അവർക്ക് അവരുടെ റിസ്റ്റ് ബാൻഡ് നീക്കം ചെയ്യാം.
കൂടാതെ, ഗ്രീൻ ലിസ്റ്റ് അല്ലാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് ഒരു ഗ്രീൻ ലിസ്റ്റ് രാജ്യത്തിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അബുദാബിയിൽ എത്തുന്നതിന് മുമ്പ് ഗ്രീൻ ലിസ്റ്റ് ലൊക്കേഷനിൽ പത്ത് ദിവസത്തിൽ താഴെ സമയം ചെലവഴിച്ചിട്ടുണ്ടെങ്കിൽ, അവർ അബുദാബിയിൽ ക്വാറന്റൈൻ പൂർത്തിയാക്കണം. എന്നിരുന്നാലും, അബുദാബിയിൽ എത്തുന്നതിന് മുമ്പ് ഗ്രീൻ ലിസ്റ്റ് രാജ്യത്ത് ചെലവഴിക്കുന്ന ഏത് സമയവും 10 ദിവസത്തെ ക്വാറന്റൈൻ കാലയളവിൽ കണക്കാക്കും.
വാക്സിനേഷൻ എടുക്കാത്ത വിനോദസഞ്ചാരികൾക്ക് ഹോട്ടൽ താമസ സൗകര്യങ്ങൾ ഒഴികെയുള്ള ആകർഷണങ്ങളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഇവർക്ക് ഹോട്ടലുകൾക്കുള്ളിലെ റെസ്റ്റോറന്റുകളോ മറ്റു സൗകര്യങ്ങളോ ഉപയോഗിക്കാൻ അനുമതിയില്ല.
ദുബായ് അല്ലെങ്കിൽ മറ്റ് എമിറേറ്റുകൾ വഴി അബുദാബിയിൽ പ്രവേശിക്കുന്ന പ്രാദേശിക, അന്തർദേശീയ ഇൻബൗണ്ട് ടൂറിസ്റ്റുകളും ബിസിനസ്സ് സഞ്ചാരികളും പാലിക്കേണ്ട നിർദ്ദേശങ്ങൾ:
ദുബായ് വഴിയോ മറ്റ് എമിറേറ്റുകൾ വഴിയോ അബുദാബിയിലേക്ക് വരുന്ന പൂർണ്ണമായി വാക്സിനേഷൻ എടുത്തതും വാക്സിനേഷൻ എടുക്കാത്തതുമായ അന്താരാഷ്‌ട്ര യാത്രക്കാർ അബുദാബിയിലേക്ക് നേരിട്ട് യാത്രചെയ്യുന്ന വാക്‌സിനേഷൻ എടുത്തതും വാക്സിനേഷൻ എടുക്കാത്തതുമായ അന്താരാഷ്‌ട്ര യാത്രക്കാരുടെ അതേ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിന് പുറമെ ഇവർക്ക് യാത്രാനുമതി ലഭിക്കുന്നതിന് യാത്ര പുറപ്പെടുന്ന രാജ്യത്തേയോ എയർലൈനിനെയോ ആശ്രയിച്ച്, യാത്രക്കാർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നേടിയ PCR നെഗറ്റീവ് ഫലം നിർബന്ധമാണ്.
യാത്രക്കാർ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA UAE Smart) ആപ്പ് അല്ലെങ്കിൽ ICA വെബ്സൈറ്റിലൂടെ യാത്രാ തീയതിക്ക് 48 മണിക്കൂർ മുമ്പ് ‘രജിസ്റ്റർ അറൈവൽ ഫോം’ പൂരിപ്പിക്കേണ്ടതാണ്.
യാത്രികർ യാത്ര പുറപ്പെടുന്ന രാജ്യത്തെ ആശ്രയിച്ച്, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലോ ഷാർജ ഇന്റർനാഷണൽ എയർപോർട്ടിലോ എത്തുമ്പോൾ PCR ടെസ്റ്റ് നടത്തേണ്ടി വന്നേക്കാം. അവർ എയർപോർട്ടിൽ ടെസ്റ്റ് നടത്തിയാൽ, ഫലം ലഭിക്കുന്നതുവരെ അവർ അവരുടെ ഹോട്ടലിൽ തുടരണം. പോസിറ്റീവ് ആണെങ്കിൽ, യാത്രികൻ ഐസൊലേഷന് വിധേയനാകുകയും ദുബായ് ഹെൽത്ത് അതോറിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്.
റോഡ് വഴി അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരെയും എമിറേറ്റിന്റെ എൻട്രി പോയിന്റിലെ EDE മൊബൈൽ സ്കാനിംഗ് ഉപകരണം ഉപയോഗിച്ച് സ്കാൻ ചെയ്യുന്നതാണ്. COVID-19 ലക്ഷണങ്ങളുള്ളവരെ സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് വിധേയരാക്കുന്നതാണ്. ഈ പരിശോധനയുടെ ഫലം 20 മിനിറ്റിനുള്ളിൽ ലഭിക്കും. പരിശോധന പോസിറ്റീവ് ആണെങ്കിൽ, യാത്രക്കാർക്ക് അബുദാബിയിൽ തുടരാവുന്നതാണ്. എന്നാൽ ഇവർ ഒരു ക്വാറന്റൈൻ ഹോട്ടലിലോ, സുഹൃത്തുക്കളുടെയോ, കുടുംബാംഗങ്ങളുടെയോ താമസസ്ഥലങ്ങളിലോ ഐസൊലേറ്റ് ചെയ്യേണ്ടതാണ്.
ഹാജരാക്കേണ്ട രേഖകൾ: വാക്സിനേഷൻ എടുത്ത വിനോദസഞ്ചാരികൾ അവരുടെ മുഴുവൻ (ഇരട്ട) വാക്സിനേഷൻ നിലയുടെ തെളിവ് അവരുടെ മാതൃരാജ്യത്തിന്റെ ഔദ്യോഗിക വാക്സിനേഷൻ സർട്ടിഫിക്കറ്റ് മുഖേന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഫിസിക്കൽ സർട്ടിഫിക്കറ്റ് വഴിയോ ഹാജരാക്കുകയും കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ലഭിച്ച നെഗറ്റീവ് PCR പരിശോധനാ ഫലം ഹാജരാക്കുകയും വേണം. അതേസമയം, വാക്സിനേഷൻ എടുക്കാത്ത വിനോദസഞ്ചാരികൾക്ക് കഴിഞ്ഞ 96 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് PCR പരിശോധനാ ഫലം ഹാജരാക്കി പ്രവേശിക്കാം.
വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് അബുദാബിയിൽ കൂടുതൽ പരിശോധനകളോ ക്വാറന്റൈൻ നടപടികളോ ഉണ്ടാകില്ല. ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നോ ദുബായ് വഴിയോ മറ്റ് എമിറേറ്റുകൾ വഴിയോ വരുന്ന യാത്രക്കാരാണെങ്കിൽ അബുദാബിയിൽ എത്തിയാൽ ക്വാറന്റൈൻ ചെയ്യേണ്ടതില്ല. വാക്സിനേഷൻ എടുക്കാത്ത യാത്രികൻ ഗ്രീൻ ലിസ്റ്റ് ഇതര രാജ്യങ്ങളിൽ നിന്നോ ദുബായ് വഴിയോ മറ്റ് എമിറേറ്റുകൾ വഴിയോ ആണ് വരുന്നതെങ്കിൽ, അവർ അബുദാബിയിൽ എത്തിയാൽ 10 ദിവസം ക്വാറന്റൈൻ ചെയ്യേണ്ടിവരും. അവർ അബുദാബിക്ക് മുമ്പായി ദുബായിലോ മറ്റ് എമിറേറ്റുകളിലോ കുറച്ച് സമയം ചെലവഴിച്ചാൽ, ഈ ദിവസങ്ങൾ 10 ദിവസത്തെ ക്വാറന്റൈൻ എണ്ണത്തിലേക്ക് മാറ്റാം.
അബുദാബി ആകർഷണങ്ങളിലേക്കുള്ള പ്രവേശനം. വാക്സിനേഷൻ എടുത്ത സന്ദർശകർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന അബുദാബിയിലെ പൊതു ആകർഷണങ്ങളിലേക്ക് പ്രവേശിക്കുന്നതിന്, സന്ദർശകർ അവരുടെ പൂർണ്ണ (ഇരട്ട) വാക്സിനേഷൻ നിലയുടെ തെളിവ് അവരുടെ മാതൃരാജ്യത്തിന്റെ ഔദ്യോഗിക വാക്സിനേഷൻ സർട്ടിഫിക്കറ്റ് വഴിയോ അല്ലെങ്കിൽ അവരുടെ മാതൃരാജ്യമായ കോവിഡ് പ്രതികരണ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഹാജരാക്കേണ്ടതുണ്ട്. ഇതോടൊപ്പം കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ലഭിച്ച PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്.
🇸🇦സൗദിയിൽ പ്രീമിയം ഇഖാമ ഹോൾഡർക്കുള്ള ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ.
✒️സൗദിയിൽ പ്രീമിയം ഇഖാമ ഹോൾഡർക്കുള്ള ആനുകൂല്യങ്ങൾ പ്രാബല്യത്തിലായി. സ്വദേശികൾക്ക് സമാനമായ എല്ലാ ആനുകൂല്യങ്ങളും പ്രീമിയം റസിഡൻസി നേടുന്ന വിദേശിക്കും ലഭ്യമാകും. നിബന്ധനകൾക്ക് വിധേയമായി സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനും അനുമതിയുണ്ടാകും. സൗദി ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന് പ്രഖ്യാപിച്ച പ്രീമിയം ഇഖാമ ഹോൾഡർക്കുള്ള ആനുകൂല്യങ്ങളാണ് പ്രാബല്യത്തിലായത്. ഹൃസ്വ ദീർഘകാലവധികളോട് കൂടിയാണ് പ്രീമിയം ഇഖാമകൾ അനുവദിക്കുക. പ്രീമിയം ഇഖാമ ഹോൾഡർക്ക് മക്ക, മദീന നഗരങ്ങളിലൊഴിച്ച് രാജ്യത്ത് എവിടെയും ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ അനുവാദമുണ്ടാകും. കുടുംബ സമേതം രാജ്യത്ത് തങ്ങുന്നതിനും ബിസിനസ് സംരഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള അനുവാദം, രാജ്യത്തെ വിദ്യഭ്യാസ ആരോഗ്യ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അവകാശം, സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരിക്കപ്പെട്ട തസ്തികകളിലുൾപ്പെടെ ജോലി ചെയ്യുന്നതിനുള്ള അനുവാദം തുടങ്ങിയവയും ലഭ്യമാകും. പ്രീമിയം ഇഖാമക്കുള്ള അപേക്ഷാ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനങ്ങളും പ്രത്യേക ഓഫീസുകളും ആരംഭിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.
📲സ്വന്തമാക്കാം, തിരിച്ചറിയൽ കാർഡുകൾ.
✒️മെച്ചപ്പെട്ടൊരു ജീവിതംതേടി പ്രവാസ ലോകത്തെത്തി ഒറ്റപ്പെട്ടുപോകുന്നവർ നിരവധിയുണ്ട്. എന്തെങ്കിലും പ്രതിസന്ധിഘട്ടം വന്നാൽ ആരുടെ അടുത്ത് സഹായംതേടണമെന്നും അറിയാത്തവരുണ്ട്. ഈ സാഹചര്യത്തിൽ മലയാളികളായ പ്രവാസികളെ സർക്കാറുമായി ചേർത്തുനിർത്തുന്നതിന് നോർക്ക റൂട്ട്സ് ആവിഷ്കരിച്ചതാണ് തിരിച്ചറിയൽ കാർഡ് സംവിധാനം. നോർക്ക് റൂട്ട്സ് മുഖേന ലഭ്യമായ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താൻ തിരിച്ചറിയൽ കാർഡ് പ്രവാസികളെ സഹായിക്കുന്നു. പ്രധാനമായും മൂന്ന് തിരിച്ചറിയൽ കാർഡുകളാണ് നൽകുന്നത്.
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്
വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്കായി ആവിഷ്കരിച്ചതാണ് പ്രവാസി തിരിച്ചറിയൽ കാർഡ്. 2008 ആഗസ്റ്റിലാണ് കാർഡിന്റെ വിതരണം ആരംഭിച്ചത്. ഈ വിവിധോദ്ദേശ്യ തിരിച്ചറിയൽ കാർഡിനൊപ്പം പേഴ്സനൽ ആക്സിഡൻറ് ഇൻഷുറൻസ് കവറേജ് എന്ന അധിക ആനുകൂല്യവുമുണ്ട്. അപകടമരണത്തിന് പരമാവധി നാല് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ, അപകടം മൂലം സ്ഥിരമായ/ പൂര്‍ണമായ/ ഭാഗികമായ വൈകല്യത്തിന് രണ്ട് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് ആനുകൂല്യവുമാണ് ലഭിക്കുക. മൂന്നു വര്‍ഷമാണ് ഈ തിരിച്ചറിയൽ കാര്‍ഡിന്റെ കാലാവധി. അതിനുശേഷം പുതുക്കണം. പുതിയ കാർഡിന് അപേക്ഷിക്കുമ്പേൾ 315 രൂപ രജിസ്ട്രേഷൻ ഫീസ് നൽകണം. പുതിയ കാര്‍ഡ് എടുക്കുന്നതിനും പുതുക്കുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
ആർക്ക് അപേക്ഷിക്കാം
കുറഞ്ഞത് ആറുമാസം സാധുതയുള്ള വിസ, പാസ്പോര്‍ട്ട് എന്നിവയോടെ വിദേശത്ത് താമസിക്കുകയോ ജോലിചെയ്യുന്നതോ ആയ പ്രവാസി മലയാളി ആയിരിക്കണം അപേക്ഷകർ. അപേക്ഷകർക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. പാസ്പോര്‍ട്ട്, വിസ എന്നിവയുടെ പ്രസക്തമായ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷ നൽകേണ്ടത്.
വിദ്യാർഥി തിരിച്ചറിയല്‍ കാര്‍ഡ്
വിദേശപഠനത്തിന് പോകുന്ന കേരളീയ വിദ്യാർഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ 2020 ഏപ്രിലിലാണ് ഇത് ആരംഭിച്ചത്. വിദേശത്ത് അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ മലയാളി വിദ്യാർഥികള്‍ക്കും നിലവില്‍ വിദേശത്ത് പഠിക്കുന്നവര്‍ക്കും ഈ കാർഡിനായി അപേക്ഷിക്കാം.
അപേക്ഷകർക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. വിദേശപഠനം നടത്തുന്നത് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍, പഠനത്തിന് പോകുന്നവര്‍ അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ രേഖകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. പേഴ്സനൽ ആക്സിഡൻറ് ഇൻഷുറൻസ് കവറേജ് എന്ന അധിക ആനുകൂല്യം ഈ കാർഡിനൊപ്പവും ലഭിക്കും. അപകടമരണത്തിന് പരമാവധി നാല് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ, അപകടം മൂലം സ്ഥിരമായ/ പൂര്‍ണമായ/ ഭാഗികമായ വൈകല്യത്തിന് രണ്ട് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് ആനുകൂല്യം എന്നിവ ലഭിക്കും. കാർഡുടമകൾക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വിമാന യാത്രാനിരക്കില്‍ ഇളവും ലഭിക്കും. മൂന്നു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. രജിസ്ട്രേഷന് ഫീസായി 315 രൂപ അടക്കണം. കാര്‍ഡ് പുതുക്കുന്നതിനും പുതുതായി അപേക്ഷിക്കുന്നതിനും നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായും ഫീസ് അടക്കാവുന്നതാണ്.
എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്
മറുനാടന്‍ മലയാളികള്‍ക്കുള്ള (ഇതരസംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍) തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ 2012 ജൂണിലാണ് എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് ആരംഭിച്ചത്. നോര്‍ക്ക സഹായപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡായി ഇത് ഉപയോഗിക്കാം. പേഴ്സനൽ ആക്സിഡൻറ് ഇൻഷുറൻസ് കവറേജ് എന്ന അധിക ആനുകൂല്യം ഈ കാർഡിനൊപ്പവും ലഭിക്കുന്നതാണ്. അപകടമരണത്തിന് പരമാവധി നാല് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അപകടത്തെ തുടര്‍ന്നുണ്ടാകുന്ന സ്ഥിരം/പൂര്‍ണ/ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപ വരെ ലഭിക്കും.
മൂന്ന് വർഷമാണ് എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാർഡിന്റെ കാലാവധി. പുതിയ കാർഡിന് അപേക്ഷിക്കുമ്പോൾ 315 രൂപ രജിസ്ട്രേഷന് ഫീസ് നൽകണം. കാര്‍ഡ് പുതുക്കുന്നതിനും പുതുതായി അപേക്ഷിക്കുന്നതിനും ഓണ്‍ലൈനായി ഫീസ് അടക്കാവുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതരസംസ്ഥാനങ്ങളില്‍ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന 18 വയസ്സ് പൂർത്തിയായ മറുനാടന്‍ കേരളീയര്‍ (എൻ.ആർ.കെ) ആയിരിക്കണം അപേക്ഷകർ. സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖ, അതത് സംസ്ഥാനത്തെ താമസത്തിന്റെ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
0 Comments