ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആഡംബര ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനൊരുങ്ങി കൊച്ചിയിലെ റോയൽ ട്രാവൽസ് ഉടമ റോയി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷമായി ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ബസുകൾ തൂക്കി വിൽക്കുന്നുവെന്ന് ബസുടമ സമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്. അധികം പഴക്കമില്ലാത്ത വാഹനങ്ങളാണ് ഇവർക്കുള്ളത്. എന്നാൽ, നിവൃത്തികേട് കൊണ്ടാണ് വാഹനം വിൽക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
കേരളത്തിലെ എല്ലാ ടൂറിസ്റ്റ് ബസുകളും ലോൺ എടുത്താണ് വാങ്ങിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസുകാർ വീട്ടിലെത്തി തുടങ്ങിയതോടെയാണ് ബസുകൾ വിൽക്കാൻ തീരുമാനിച്ചതെന്നാണ് റോയി പറയുന്നത്. തന്റെ വാഹനങ്ങളിൽ ചിലതിന്റെ ഫിനാൻസ് കഴിഞ്ഞതാണ്. അതിനാൽ ആ ബസുകൾ വിറ്റ് ലോൺ തീർക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനമായി വിൽക്കാൻ ബുദ്ധിമുട്ട് ആയതിനാലാണ് കിലോ 45 രൂപയ്ക്ക് തൂക്കി വിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക്ഡൗൺ ഇളവ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരി ഒന്നിന് ടാക്സും ഇൻഷുറൻസും അടച്ച് വാഹനം നിരത്തുകളിൽ ഇറക്കിയിരുന്നു. എന്നാൽ, വഴി നീളെ പോലീസ് ചെക്കിങ്ങിന്റെ പേരിൽ ബുദ്ധിമുട്ട് നേരിടുകയാണ്. 44,000 രൂപ ടാക്സ് അടച്ച തന്റെ ഒരു ബസിന് ഞായറാഴ്ച ഓടിയെന്ന് കാണിച്ച് കേവളം പോലീസ് 2000 രൂപ പിഴ നൽകി. ഡ്രൈവറിന്റെ കൈവശം പണമില്ലാത്തതിനാൽ യാത്രക്കാരനിൽനിന്ന് ആ പണം വാങ്ങിയാണ് പിഴയൊടുക്കിയതെന്നാണ് റോയി പറയുന്നത്.
മുൻകൂട്ടി നിശ്ചയിക്കുന്ന ടൂറുകൾ നടത്താമെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഓട്ടമെടുത്തത്. ടാക്സിന് പുറമെ, 80,000 രൂപ ഇൻഷുറൻസ് അടച്ചാണ് ഈ ബസുകൾ റോഡിലിറങ്ങുന്നത്. വാഹനങ്ങളുടെ രേഖകൾ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ വാഹൻ സൈറ്റിൽ പരിശോധിക്കാം. ഇതിൽ വാഹനത്തിന്റെ പെർമിറ്റ്, ഇൻഷുറൻസ്, പുക പരിശോധന, ടാക്സ് തുടങ്ങി എല്ലാം അടച്ചതിന്റെ വിവരങ്ങളുണ്ട്. എന്നിട്ടും പോലീസ് ബസിന് പിഴയിടുകയായിരുന്നു.
വാഹനം വിൽക്കുന്നത് പ്രതിഷേധമായി മാത്രമല്ല, ഈ ബസുകൾ വിൽക്കുകയാണെങ്കിൽ തനിക്ക് താത്കാലികമായെങ്കിലും പിടിച്ച് നിൽക്കാൻ സാധിക്കും. വാഹനങ്ങളുടെ ലോൺ അൽപ്പമെങ്കിലും അടയ്ക്കാൻ സാധിക്കുമെന്നും റോയി പറഞ്ഞു. കേരളത്തിലേക്ക് വരാനിരുന്ന യാത്രക്കാർ മുഴുവൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര മാറ്റുകയാണ്. ഇതിനൊപ്പം അനാവശ്യമായ പോലീസ് ചെക്കിങ്ങുകൾ ഉൾപ്പെടെയുള്ള നടപടി കൂടി ഈ മേഖലയെ ബുദ്ധമുട്ടിക്കുകയാണ്. വാഹനം വിൽക്കുന്നതിലൂടെ കടബാധ്യതയെങ്കിലും കുറയുമല്ലോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
റോയൽ ട്രാവൽസിന്റെ പേരിൽ 20 ബസുകൾ ലോക്ക്ഡൗണിന് മുമ്പ് ഉണ്ടായിരുന്നു. എന്നാൽ, 10 വാഹനങ്ങൾ കിട്ടിയ വിലയ്ക്ക് വിറ്റ് ഒഴിവാക്കുകയായിരുന്നു. ഇനിയുള്ള ബസുകൾ കൂടി വിറ്റാൽ മാത്രമേ പിടിച്ച് നിൽക്കാൻ സാധിക്കൂ. എല്ലാം ബസുകളും വിൽക്കാൻ ആഗ്രഹമുണ്ടെങ്കിലും ലോൺ ഉള്ളതിനാൽ അത് സാധിക്കില്ല. 36 മുതൽ 40 ലക്ഷം രൂപ വരെ ലോൺ ഉള്ള ബസുകളാണ് തനിക്കുള്ളതെന്നാണ് റോയി പറയുന്നത്. നിരന്തരമായി പിഴ ഉൾപ്പെടെയുള്ള നടപടികളും വരുന്നതോടെയാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത് ബസുണ്ടായിരുന്നതിൽ പത്ത്ഇ ബസ്സുകൾ ഇതിന് മുൻപ് ഇത്തരത്തിൽ തൂക്കി വിറ്റിരുന്നു. ഇനി പത്ത് ബസുകൾ കൂടി വറ്റാൽ മറ്റ് വണ്ടികളുടെ ഫൈനാൻസ് അടയ്ക്കാനും മറ്റ് ചെലവുകൾ നടത്താനും ഉപകരിക്കുമെന്നാണ് ബസ് ഉടമ പറഞ്ഞത്.
‘രാവിലെ കടക്കാര് വീട്ടിലേക്ക് വരികയാണ്. അൻപത് ലക്ഷത്തിന്റെ വേറെ വണ്ടികളുണ്ട് എനിക്ക്. ഫൈനാൻസിനെടുത്താണ് വണ്ടികൾ വാങ്ങിയത്. ഇപ്പോൾ ഫൈനാൻസുകാർ വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന നടപടികളൊന്നും ഉണ്ടാകുന്നില്ല. ഞങ്ങളുടെ ടാക്‌സ് അവർക്ക് വേണം. ഞായറാഴ്ച ഓടിച്ചുകഴിഞ്ഞാൽ അതിനും വേറെ പണം കൊടുക്കണം. ടൂറിസ്റ്റ് ബസ് ഉടമകൾ ആത്മഹത്യയുടെ വക്കിലാണ്. സർക്കാർ പറഞ്ഞത് കേരളാ ബാങ്കിൽ നിന്ന് രണ്ട് ലക്ഷം രൂപ കിട്ടുമെന്നാണ്. ഇതുവരെ പണം കിട്ടിയില്ല.’- റോയ്‌സൺ പറയുന്നു.
കിലോയ്ക്ക് 45 രൂപ നിരക്കിലാണ് ബസുകൾ വിൽക്കാനൊരുങ്ങുന്നത്. ഇത്തരത്തിൽ വിൽക്കുന്ന നഷ്ടമാണെങ്കിലും കുടുംബത്തിന്റെ സമാധാനത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് ഉടമ പറഞ്ഞു. ഒരു കടമോ, വായ്പയോ നൽകുന്നില്ലെന്നും റോയസൺ പറയുന്നു. ടാക്‌സ് ഇല്ലാതാക്കി, ടൂറിസ്റ്റ് ബസുകൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയാൽ മാത്രമേ ഇനി നിലനിൽപ്പുള്ളുവെന്ന് റോയൽ ട്രാവൽസ് ഉടമ റോയ്‌സൺ ജോസഫ് ചൂണ്ടിക്കാട്ടി.
0 Comments