Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ ചില വിദേശ വാർത്തകൾ

🇶🇦അൽഹൊസൻ ആപ്പ്: PCR ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർക്ക് 11 ദിവസങ്ങൾക്ക് ശേഷം സ്വയമേവ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കും.

✒️PCR ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവരുടെ അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ്, രോഗബാധ ആദ്യമായി സ്ഥിരീകരിച്ച ദിനം മുതൽ 11 ദിവസങ്ങൾക്ക് ശേഷം, സ്വയമേവ ഗ്രീൻ സ്റ്റാറ്റസിലേക്ക് തിരികെ മടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്കാണ് ഇപ്രകാരം ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നത്.

അൽഹൊസൻ ആപ്പിൽ നൽകിയിട്ടുള്ള ആപ്പ് സംബന്ധമായ വിവരങ്ങളിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം രോഗബാധിതരാകുന്നവർക്ക് ഗ്രീൻ സ്റ്റാറ്റസ് താഴെ പറയുന്ന രീതിയിലാണ് തിരികെ ലഭിക്കുന്നത്:

രോഗബാധ സ്ഥിരീകരിച്ച് കൊണ്ട് പരിശോധനയിൽ പോസിറ്റീവ് ആകുന്നവർ പത്ത് ദിവസത്തെ ക്വാറന്റീനിൽ തുടരേണ്ടതാണ്.
ഇവർ ആപ്പിലെ സ്റ്റാറ്റസ് സ്വയമേവ ഗ്രീൻ ആകുന്നതിനായി പതിനൊന്നാമത്തെ ദിനം വരെ കാത്തിരിക്കേണ്ടതാണ്.
ഇത്തരത്തിൽ തിരികെ ലഭിക്കുന്ന ഗ്രീൻ സ്റ്റാറ്റസ് 30 ദിവസം വരെ നിലനിൽക്കുന്നതാണ്.
തുടർന്ന് ഇത് നിലനിർത്തുന്നതിനായി അടുത്ത 60 ദിവസത്തെ കാലയളവിൽ ഓരോ 14 ദിവസം തോറും ഒരു PCR ടെസ്റ്റ് വീതം നടത്തേണ്ടതാണ്.
രോഗലക്ഷണങ്ങളൊന്നുമില്ലാത്തവർക്ക് പത്ത് ദിവസത്തെ ക്വാറന്റീൻ കാലാവധി അവസാനിപ്പിക്കുന്നതിന് മുൻപായി ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ:

പത്ത് ദിവസത്തെ ക്വാറന്റീൻ കാലാവധിക്കുള്ളിൽ രോഗം പൂർണ്ണമായും ഭേദമാകുന്നവർക്ക് 24 മണിക്കൂറിനുള്ളിൽ 2 തവണ PCR ടെസ്റ്റ് നടത്തി നെഗറ്റീവ് ലഭിക്കുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ ഗ്രീൻ സ്റ്റാറ്റസ് തിരികെ നേടാവുന്നതാണ്.
ഇത്തരത്തിൽ തിരികെ ലഭിക്കുന്ന ഗ്രീൻ സ്റ്റാറ്റസ് 30 ദിവസം വരെ നിലനിൽക്കുന്നതാണ്.
തുടർന്ന് ഇത് നിലനിർത്തുന്നതിനായി അടുത്ത 60 ദിവസത്തെ കാലയളവിൽ ഓരോ 14 ദിവസം തോറും ഒരു PCR ടെസ്റ്റ് വീതം നടത്തേണ്ടതാണ്.
നേരത്തെ രോഗബാധിതർക്ക് പത്ത് ദിവസത്തെ ക്വാറന്റീൻ കാലാവധി അവസാനിച്ച ശേഷം ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുന്നതിന് 24 മണിക്കൂറിനിടയിൽ PCR പരിശോധനയിൽ രണ്ട് തവണ നെഗറ്റീവ് ഫലം ആവശ്യമായിരുന്നു.

🇰🇼കുവൈറ്റ്: 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളുടെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിച്ചു.

✒️കുവൈറ്റിലെ 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2022 ഫെബ്രുവരി 4 മുതൽ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ പ്രായവിഭാഗക്കാർക്കിടയിലെ വാക്സിനേഷൻ നടപടികൾ വരും ദിനങ്ങളിൽ ആരംഭിക്കുമെന്ന് 2022 ജനുവരി 30-ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരുന്നു.

കുവൈറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 21 ദിവസത്തെ ഇടവേളയിലായി രണ്ട് ഡോസ് ഫൈസർ ബയോഎൻടെക് COVID-19 വാക്സിനാണ് നൽകുന്നത്. ഈ പ്രായവിഭാഗക്കാർക്കിടയിൽ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ ഫലപ്രദവും, സുരക്ഷിതവുമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഈ പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കളോട് മന്ത്രാലയം ജനുവരി 30-ന് ആഹ്വാനം ചെയ്തിരുന്നു.

🇦🇪എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയനിലെ കേരള വീക്ക് ആരംഭിച്ചു.

✒️എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ നടക്കുന്ന ‘കേരള വീക്ക്’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ2022 ഫെബ്രുവരി 4, വെള്ളിയാഴ്ച്ച ഉദ്ഘാടനം ചെയ്തു. യു എ ഇ സഹിഷ്‌ണുത, സഹവർത്തിത്വകാര്യ വകുപ്പ് മന്ത്രി H.E ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് ഈ ഉദ്‌ഘാടന ചടങ്ങ് നടന്നത്.

യു എ ഇ ഫോറിൻ ട്രേഡ് മിനിസ്റ്റർ H.E താനി അൽ സെയൂദി, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E സഞ്ജയ് സുധീർ തുടങ്ങിയവർ ഇന്ത്യൻ പവലിയനിൽ നടന്ന ഈ ചടങ്ങിൽ പങ്കെടുത്തു.

യു എ ഇയുമായുള്ള ബന്ധത്തിൽ നിന്ന് കേരളത്തിന് കൂടുതൽ നൂതന സാങ്കേതികവിദ്യകളും, നൂതന വാണിജ്യ ആശയങ്ങളും നേടുന്നതിന് അവസരമുണ്ടെന്ന് ഈ ചടങ്ങിൽ സംസാരിച്ച് കൊണ്ട് ഇന്ത്യൻ അംബാസഡർ H.E സഞ്ജയ് സുധീർ വ്യക്തമാക്കി.

കേരള മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശനം പ്രവാസി മലയാളികൾക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും, ഇത് ഇന്ത്യ യു എ ഇ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അതിശക്തമായ ഒരു ബന്ധം സ്ഥാപിക്കുന്നതിൽ യു എ ഇയും, കേരളവും എന്നും ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നു. വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനൊപ്പം, സാമൂഹിക ബന്ധങ്ങൾ ശക്തമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനും ഞങ്ങൾ ലക്ഷ്യമിടുന്നു. യു എ ഇയിൽ നിന്ന് കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു.”ഈ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ H.E താനി അൽ സെയൂദി അറിയിച്ചു.

നാടിന്‍റെ പ്രൗഢി, പെരുമ, വൈവിധ്യം, നിക്ഷേപ അവസരങ്ങൾ എന്നിവ അടിവരയിടുന്ന ‘കേരള വീക്ക്’ ഫെബ്രുവരി 4 മുതൽ ഫെബ്രുവരി 19 വരെ നീണ്ട് നിൽക്കും. ഇതിന്റെ ഭാഗമായി ഇന്ത്യൻ പവലിയൻ ആംഫിതിയേറ്ററിൽ പ്രത്യേക കലാപരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

🇦🇪ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യു എ ഇ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പിൻവലിക്കുമെന്ന് NCEMA.

✒️സൗത്ത് ആഫ്രിക്ക ഉൾപ്പടെ 12 ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യു എ ഇ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ 2022 ഫെബ്രുവരി 6 മുതൽ ഒഴിവാക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2022 ഫെബ്രുവരി 4-ന് വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.

കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ, കോംഗോ, സൗത്ത് ആഫ്രിക്ക, ബോട്സ്വാന, എസ്വതിനി, ലെസോതോ, മൊസാമ്പിക്‌, നമീബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യു എ ഇ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകളാണ് NCEMA പിൻവലിക്കുന്നത്. ഈ തീരുമാനം 2022 ഫെബ്രുവരി 6-ന് വൈകീട്ട് 6 മണിമുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള (ബൂസ്റ്റർ ഡോസ് ഉൾപ്പടെ) പൗരന്മാർക്ക് മാത്രമാണ് ഈ യാത്രാ വിലക്കുകൾ പിൻവലിക്കുന്ന തീരുമാനം ബാധകമാകുന്നത്. യു എ ഇ ജനറൽ സിവിൽ ഏവിയേഷനുമായി ചേർന്നാണ് NCEMA ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

🇶🇦ഖത്തറിൽ ഇന്ന് 903 പേർക്ക് കോവിഡ്, 746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.

✒️ദോഹ: ഖത്തറിൽ ഇന്ന് 903 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,314 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,29853 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 14,206 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത് 44 പേരാണ്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6276 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

🇸🇦King Salman: സൗദി ഭരണാധികാരി 94 രാജ്യങ്ങളിലേക്ക് സമ്മാനമായി ഈത്തപ്പഴം അയക്കുന്നു.

✒️റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് 94 രാജ്യങ്ങളിലേക്ക് സമ്മാനമായി ഈത്തപ്പഴം അയക്കുന്നു. റമദാന് മുന്നോടിയായാണ് മികച്ച ഈത്തപ്പഴം എത്തിക്കുന്നതെന്ന് സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുൽലത്തീഫ് ആലുശൈഖ് പറഞ്ഞു. ‘ഖാദിമുൽ ഹറമൈൻ ഹദിയ’ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 

ഏറ്റവും ആവശ്യമുള്ള രാജ്യങ്ങളിലെ 10 ലക്ഷത്തിലധികം ആളുകളിൽ അവ വിതരണം വിതരണം ചെയ്യും. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ വഴി ഗുണഭോക്താക്കളിൽ എത്തുന്നതുവരെ ഈന്തപ്പഴത്തിന്റെ ഗുണനിലവാരം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന റഫ്രിജറേറ്റഡ് ട്രക്കുകളിലായിരിക്കും അയയ്ക്കുക. ലോകരാജ്യങ്ങളിലെ എംബസികൾ, അറ്റാഷെകൾ, ഇസ്ലാമിക് സെന്‍ററുകൾ എന്നിവയുമായി ഏകോപിച്ചായിരിക്കും വിതരണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

🇸🇦Saudi Covid Report: സൗദി അറേബ്യയിൽ 3,013 പേർക്ക് കൂടി കൊവിഡ്, മൂന്ന് മരണം.

✒️സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 3,013 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 4,824 പേർ സുഖം പ്രാപിച്ചു. രോഗബാധിതരിൽ മൂന്ന് പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,05,637 ആയി. ആകെ രോഗമുക്തരുടെ എണ്ണം 6,62,819 ആയി ഉയർന്നു. ആകെ മരണസംഖ്യ 8,953 ആയി. 

രാജ്യത്താകെ ചികിത്സയിൽ കഴിയുന്നത് 33,865 പേരാണ്. ഇതിൽ 1,056 പേരാണ് ഗുരുതരനിലയിൽ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.93 ശതമാനവും മരണനിരക്ക് 1.26 ശതമാനവുമായി. 24 മണിക്കൂറിനിടെ 113,246 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. 

റിയാദ് - 1,029, ജിദ്ദ - 237, ഹുഫൂഫ് - 164, ദമ്മാം - 148, മദീന - 90, മക്ക - 81, അബഹ - 73 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,82,60,845 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,56,36,358 ആദ്യ ഡോസും 2,37,74,765 രണ്ടാം ഡോസും 88,49,722 ബൂസ്റ്റർ ഡോസുമാണ്.

🇦🇪സമ്മാനത്തുകയുടെ ഭൂരിഭാഗവും മറ്റുള്ളവർക്കായി മാറ്റിവെച്ച് മഹ്‍സൂസിൽ വിജയിയായ ഇന്ത്യക്കാരൻ.

✒️62-ാമത് നറുക്കെടുപ്പില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയ 13 ഭാഗ്യവാന്മാരുടെ ജീവിതമാണ് മഹ്‍സൂസിലൂടെ മാറിമറിഞ്ഞത്. 13 വിജയികളില്‍ മൂന്ന് പേര്‍ ചേര്‍ന്ന് റാഫിള്‍ ഡ്രോയിലൂടെ 300,000 ദിര്‍ഹം നേടിയപ്പോള്‍, ഗ്രാന്റ് ഡ്രോയില്‍ നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചുവന്ന 10 പേര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുക്കുകയായിരുന്നു. 17, 29, 42, 43, 44 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. 

പല രൂപത്തിലാണ് ഭാഗ്യം ഓരോ വിജയിയെയും കടാക്ഷിച്ചതെങ്കിലും തങ്ങളുടെ ജീവിതം മാറ്റിമറിച്ച വിജയത്തില്‍ 13 പേരും അത്യന്ത്യം സന്തോഷവാന്മാരും ആവേശഭരിതരുമാണ്.

ഫിലിപ്പൈന്‍സ് സ്വദേശിയായ 47കാരന്‍ വില്യമിനെ സംബന്ധിച്ചിടത്തോളം ഇത് നാട്ടിലുള്ള തന്റെ മാതാപിതാക്കളെയും സഹോദരനെയും സഹായിക്കാനും സാമ്പത്തിക സുരക്ഷിതത്വമുള്ള സ്വന്തം ഭാവി ഉറപ്പാക്കാനുമുള്ള അവസരമാണ്. "സൂപ്പര്‍ ഹാപ്പിയാണ് ഞാന്‍" - ഉമ്മുല്‍ഖുവൈനില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന വില്യം പറയുന്നു. വലിയ തുകയാണിത്. അതുകൊണ്ടുതന്നെ എന്റെ സ്വപ്‍നഭവനമെന്ന ലക്ഷ്യത്തിലേക്കുള്ള സമ്പാദ്യമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും നല്ല നിക്ഷേപം വിദ്യാഭ്യാസമാണെന്ന് വിശ്വസിക്കുന്ന പാകിസ്ഥാന്‍ സ്വദേശിയായ ഷാഹിദ്, തനിക്ക് സമ്മാനം ലഭിച്ച പണം മക്കളുടെ വിദ്യാഭ്യാസത്തിനായാണ് നീക്കിവെയ്‍ക്കുന്നത്. "മക്കളുടെ മെച്ചപ്പെട്ട ഭാവി സുരക്ഷിതമാക്കാനാണ് നമ്മള്‍ പ്രവാസികള്‍ യുഎഇയിലേക്ക് വരുന്നത്. ഈ വിജയത്തിലൂടെ മഹ്‍സൂസ് അതിനായുള്ള കഷ്‍ടപ്പാട് ലഘൂകരിച്ചുതന്നിരിക്കുന്നു. മക്കള്‍ക്ക് വേണ്ടിയായിരിക്കും പണത്തില്‍ അധികവും ചെലവഴിക്കാന്‍ പോകുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം നിര്‍മാണം നിലച്ചുപോയ എന്റെ സ്വപ്‍ന ഭവനം പൂര്‍ത്തീകരിക്കുന്നതിനായി ബാക്കി പണം നീക്കിവെയ്‍ക്കും" - ദുബൈയില്‍ ട്രക്ക് ഡ്രൈവറായ ഈ 34 വയസുകാരന്‍ പറയുന്നു.

മഹ്‍സൂസില്‍ സ്ഥിരമായി താന്‍ പങ്കെടുത്തിരുന്നു. ബോട്ടില്‍ഡ് വാട്ടറിന്റെ തുകയായ 35 ദിര്‍ഹം നല്ലൊരു കാര്യത്തിനായി ചെലവഴിക്കപ്പെടുമെന്നതിനാല്‍ ആ പണം പാഴായി പോകുമെന്ന തോന്നല്‍ ഉണ്ടായിട്ടില്ല. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന എന്നെ ഇന്ന് മഹ്‍സൂസ് തിരിച്ച് സഹായിച്ചിരിക്കുന്നു - ഷാഹിദ് കൂട്ടിച്ചേര്‍ത്തു.

പരോപകാരത്തെക്കുറിച്ച് ഷാഹിദ് പങ്കുവെച്ച അതേ ആശയം തന്നെയാണ് ബെല്‍ജിയം സ്വദേശിയായ മൈക്കിളിനുമുള്ളത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് അദ്ദേഹം മഹ്‍സൂസില്‍ സ്ഥിരമായി പങ്കെടുത്തിരുന്നത്. "സമ്മാനം ലഭിച്ചെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, അതുകൊണ്ടുതന്നെ സമ്മാനം ലഭിക്കുന്ന തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പോലും എനിക്കിതുവരെ തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ല". ഒരിക്കലും താന്‍ വിജയിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മൈക്കിള്‍ പറഞ്ഞു. ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് 41കാരനായ അദ്ദേഹം.

ഗ്രാന്റ് ഡ്രോയിലൂടെ വിജയം കൈവരിച്ച 51കാരനായ ഇന്ത്യക്കാരന്‍ ജോഥി, തനിക്ക് സമ്മാനമായി ലഭിച്ച 100,000 ദിര്‍ഹത്തിന്റെ ഭൂരിഭാഗവും മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കാനായി തീരുമാനിച്ചിരിക്കുന്നത്. "നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാളാണ് ഞാന്‍. ഈ തുകയും അത് തുടരാന്‍ എന്നെ സഹായിക്കും" - എയര്‍ക്രാഫ്റ്റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന അദ്ദേഹം പറയുന്നു.

മഹ്‍സൂസില്‍ പങ്കെടുത്ത് ഭാഗ്യം പരീക്ഷിക്കണമെന്നാണ് ജോഥി എല്ലാവരോടും ആവശ്യപ്പെടുന്നത്. എപ്പോഴാണ് ഭാഗ്യം നിങ്ങളെ കടാക്ഷിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 ഫെബ്രുവരി 5 ശനിയാഴ്‍ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.
 www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. മഹ്‍സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‍സൂസ് ദേസി ഫേസ്‍ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

Post a Comment

0 Comments